സ്വന്തം ❣️ ഭാഗം 70

swantham

രചന: ജിഫ്‌ന നിസാർ

"ചെല്ല്.. കുഞ്ഞിന് വിശക്കുന്നുണ്ട്. ചെന്നു കഴിക്ക്.."

ഹരി സ്നേഹത്തോടെ പാറുവിനെ നോക്കി.

"പേടിക്കേണ്ട. ഞാൻ എങ്ങും പോണില്ല. ഇവിടെ തന്നെയുണ്ട്."

അവളുടെ വിറയൽ ഒതുങ്ങിയിട്ടില്ല.

ലല്ലു മോളെ വലിച്ചെടുത്തു കൊണ്ട് പാറു അകത്തേക്ക് നടന്നു.

"നീയും ചെല്ല് അജു.."
തിണ്ണയിൽ ഇരുന്ന ഭക്ഷണപൊതി അവന് നേരെ നീട്ടി ഹരി പറഞ്ഞു.

"സീതേച്ചി.."
ചുവരിൽ ചാരി ആ ലോകത്തൊന്നുമല്ലാത്തത് പോലിരിക്കുന്ന സീതയെ ചൂണ്ടി അജു.. ഹരിയെ നോക്കി.

"സീതേച്ചി ഇപ്പൊ വരും. നീ ചെന്ന് പാറുവിനും മോൾക്കും എടുത്തു കൊടുക്ക് അജു "
ഹരി അവനെ ആശ്വാസിപ്പിച്ചു.

ഒന്ന് കൂടി സീതയെ നോക്കിയിട്ട് അജു അകത്തേക്ക് കയറി പോയി.

"ഡീ.."
ഹരി സീതയുടെ കവിളിൽ തട്ടി.
ഐസ് പോലെ മരവിച്ചിരിക്കുന്നു.. ആ കവിളുകൾ.

"എഴുന്നേറ്റ് വന്നേ. വല്ലതും കഴിക്കണ്ടേ.. സമയം ഒരുപാട് ആയി. ഇങ്ങനെ ഇരുന്നത് കൊണ്ട് പ്രശ്നം തീരില്ലല്ലോ?"

ഹരി അവളുടെ അരികിൽ ഇരുന്നു..

"ഹരി... എന്റെ ചേച്ചി... അവള്... എനിക്കറിയില്ല ഹരി.. എന്താ ഞാൻ ചെയ്യണ്ടേ?"

സീതയുടെ കണ്ണുകൾ നിറഞ്ഞു.

"അവള് നിന്റെ ചേച്ചി മാത്രം ആണോടി. എന്റെ... എന്റെ പ്രാണൻ കൂടിയല്ലേ? ഗിരീഷ് എന്നൊരു ആഭാസന് ഇനിയും ഞാനെന്റെ പെണ്ണിനെ എറിഞ്ഞു കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
ഹരി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.

"അതെനിക് വിട്ടേക്ക്. എന്റെ പെണ്ണിനേയും കുഞ്ഞിനേം സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്യാൻ എനിക്കറിയാം. അതോർത്തു നീ പേടിക്കുകയെ വേണ്ട "

ഹരി ഉറപ്പ് പറഞ്ഞിട്ടും.. തുറന്നു പറയാനാവാത്ത ഒരു അദ്ധ്യായം അവൾക്കുള്ളിൽ വീർപ്പുമുട്ടി.

"നീ എന്തേ കണ്ണൻ വിളിച്ചിട്ട് എടുത്തില്ലേ.? അവനെന്നെ വിളിച്ചിരുന്നു. ഇവിടെത്തിയിട്ട് വിളിക്കാൻ പറഞ്ഞിരുന്നു "
ഹരി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.

ആ പേര് കേട്ടതും സീത വീണ്ടും നടുങ്ങി.

"അവനിപ്പോയുള്ളത് എന്റെ തട്ടകത്തിലാണ്. അവന് ചുറ്റും മരണം പതിയിരിക്കുന്നുണ്ട് "

റിമിയുടെ വാക്കുകൾ സീതയുടെ ഉള്ളിൽ വന്നലച്ചു.

"വേണ്ട... വേണ്ട ഹരി. വിളിക്കണ്ട "
സീത ഹരിയുടെ കയ്യിൽ പിടിച്ചു.

'എന്താടി.. എന്ത് പറ്റി? "
അവളുടെ മുഖത്തെ പേടി കണ്ടിട്ട് ഹരിയുടെ നെറ്റി ചുളിഞ്ഞു.

"ഒന്നുല്ല... ഒന്നും പറയണ്ട ഹരി. അല്ലേൽ തന്നെ കണ്ണേട്ടൻ അവിടെ.. വേണ്ട ഹരി.. വേണ്ട "
അപ്പോഴേക്കും സീത കരഞ്ഞു തുടങ്ങി.

"ശെരി.. വിളിക്കുന്നില്ല. നീ കരയല്ലേ "
ഹരി ഫോൺ ഓഫ് ചെയ്തു വീണ്ടും പോകറ്റിലേക്കിട്ട് കൊണ്ട് അവളെ നോക്കി.

"ഗിരീഷ്.. ഒറ്റക്കാണോ വന്നത്?"
പെട്ടന്നുള്ള ഹരിയുടെ ചോദ്യം.

സീത ഒന്ന് പകച്ചു.

"അല്ല.. വേറെ.. വേറെയും രണ്ടു പേര് ഉണ്ടായിരുന്നു "
സീത പറഞ്ഞത് കേട്ട് ഹരി ഒന്ന് അമർത്തി മൂളി.

പെട്ടന്നാണ് സീതയുടെ ഫോണിൽ സംസാരിച്ചു കൊണ്ട് അജു അങ്ങോട്ട്‌ വന്നത്.

"കണ്ണേട്ടനാണ്.."
അജു നീട്ടിയ ഫോണിലേക്ക് സീത തുറിച്ചു നോക്കി.
തന്റെ ശബ്ദം കേൾക്കാൻ കൊതിയോടെ.. മറുവശമിരിക്കുന്ന കണ്ണന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി.

അവൾ നിസ്സഹായതയോടെ ഹരി നോക്കി.
അവനൊന്നു കണ്ണുരുട്ടി കാണിച്ചു.

"സംസാരിക്ക് സീതേ "
ഹരി തന്നെ ആ ഫോൺ വാങ്ങിയിട്ട് അവളുടെ കയ്യിൽ ഏല്പിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

അജുവും അവനൊപ്പം ചെന്നു.

സീത വിറയലോടെ തന്നെ ഫോൺ കാതിൽ ചേർത്ത് വെച്ചു.

"നിനക്ക്.. നിനക്കെന്നോടൊന്നും പറയാനില്ലേ ലച്ചു.."
ഹൃദയവേദനയോടെ അവന്റെ ചോദ്യം.

സീത നിയന്ത്രണം വിട്ട് കരഞ്ഞു പോയിരുന്നു.

അവനോടെന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു..

"അജു പറഞ്ഞു.. ഗിരീഷ് വന്നത്. പേടിക്കേണ്ട.. അതോർത്തു ടെൻഷനും വേണ്ട. ഗിരീഷ് ഇനിയാ പടി കടന്ന് വരില്ലെന്ന് ഞാൻ ഉറപ്പ് തരാം "
കണ്ണന്റെ പതിഞ്ഞ സ്വരം.

സീത ഒരക്ഷരം മിണ്ടാതെ കേട്ടിരുന്നു.

അവൾക്കുള്ളിലെ മുറിവുകൾ ഒന്നിച്ചു വിങ്ങി..
അവനോടൊന്നും പറയാനാവാതെ ശ്വാസം വിങ്ങി..

മാറ്റി നിർത്താൻ വയ്യ.. മറന്നു കളയാൻ ഒട്ടും വയ്യ..

പിന്നേയുള്ളത് മരണമാണ്.

അതോടെ എല്ലാം തീരുമെങ്കിൽ... അതിനും തയ്യാറാണ്..
സീതയുടെ ഹൃദയം കേണു.

"എന്നോടെന്തെങ്കിലും പറ ലച്ചു.. എനിക്ക്
.. എനിക്ക് ശ്വാസം മുട്ടുന്നെടി ...വിളിച്ചു കിട്ടാഞ്ഞാപ്പോ.. ഞാൻ "
കണ്ണന്റെ ദയനീയമായ സ്വരം.

ഉള്ളം പിടച്ചു.. പക്ഷേ അവനോടെന്തെങ്കിലും പറയാൻ അപ്പോഴും അവൾ അശക്തയായിരുന്നു.

"ഞാൻ... നിന്റെ കൂടെ നിൽക്കാൻ കഴിയാത്തത് കൊണ്ട് നിനക്കെന്നോട് വെറുപ്പായോ ലച്ചു..?"

ഇനിയും ആ വാക്കുകൾ കേട്ട് നിന്നാൽ ഹൃദയം നിലച്ചു താൻ മരിച്ചു പോയേക്കും എന്നവൾക്ക് തോന്നി.

ഒരുവാക്ക് മിണ്ടാതെ ഫോൺ കട്ട് ചെയ്തപ്പോൾ... പ്രിയപ്പെട്ടവന്റെ നോവുന്ന ഹൃദയം അവളെ ഒരുപാട് വേദനിപ്പിച്ചു.

"എന്നോട് ക്ഷമിക്കണം.. എനിക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല.."
സീത തളർച്ചയോടെ ചുവരിലേക്ക് ചാരി.

                         ❣️❣️❣️

"പാറു..."

മുന്നിലിരിക്കുന്ന ഭക്ഷണപാത്രത്തിൽ കൈ വെച്ചു കൊണ്ട് അവളെതോ ഓർമയിലാണ്.
ഹരിയുടെ വിളി കേട്ട് വിറച്ചു കൊണ്ട് ലല്ലുവിനെ ഇറുക്കി പിടിച്ചു.
ഹരി വേദനയോടെ അവളെ നോക്കി.

കൊണ്ട് വന്ന ഭക്ഷണം അത് പോലെ തന്നെയുണ്ട്.

"മോളെയിങ്ങ് താ..ഞാൻ കൊടുത്തോളാം. കളിച്ചിരിക്കാതെ നീ കഴിക്കാൻ നോക്ക് "
ലല്ലുവിനെ പിടിച്ചു വാങ്ങി കൊണ്ട് ഹരി കസേരയിൽ ഇരുന്നു.

പാർവതി ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കി.

"പറഞ്ഞില്ലേ ഞാൻ... വിട്ടേക്ക്. ഇനിയും ഒരിക്കൽ കൂടി ഗിരീഷ് ഈ വീട്ടിലേക്ക് വന്നു നിന്നെയും മോളെയും പേടിപ്പിക്കില്ല.. ഞാൻ ഏറ്റു.."
അവളെ നോക്കി ഹരി പറഞ്ഞു.

എന്നിട്ടും തെളിയാത്ത മുഖം..

"നിനക്കെന്നെ വിശ്വാസമില്ലേ പാറു..?"
ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.

അതിനും അവളൊന്നും മിണ്ടിയില്ല.

"ഹരിയെന്ന കാമുകനെ നീ വിശ്വസിക്കണം എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഹരി എന്ന നിന്റെയാ പഴയ കൂട്ടുകാരനെ നിനക്ക് വിശ്വാസമായിരുന്നു.. ഒരുപാട്. ഇപ്പൊ.. ഇപ്പൊ അതിലൊരിത്തിരി കൂടി ബാക്കിയില്ലേടി "

അവന്റെ ചോദ്യം..

പാറുവിന്റെ മുഖം അൽപ്പം തെളിഞ്ഞു.അവൾ അവനെ നോക്കി പതിയെ തലയാട്ടി.

ഹരിക്ക് ആശ്വാസം തോന്നി.

"എങ്കിൽ വേഗം കഴിക്ക്..."
ലല്ലു മോൾക്ക് വായിൽ വെച്ചു കൊടുക്കുന്നതിനിടെ ഹരി പറഞ്ഞു.

"എന്താടാ...?"
ലല്ലു സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ഹരി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു വാത്സല്യത്തോടെ ചോദിച്ചു.

അവളൊന്നും മിണ്ടാതെ അവനെ നോക്കി.

"പേടിക്കേണ്ട ട്ടോ.. ഇനിയാരും എന്റെ മോളെ ഒന്നും ചെയ്യില്ല.. അങ്കിൾ ഉണ്ടാവും.."
അവനാ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.

"വേഗം കഴിക്ക്.. മോൾക്ക് തന്നു കഴിഞ്ഞു വേണം നമ്മുടെ അമ്മയ്ക്ക് കൊടുക്കാൻ. കണ്ടില്ലേ.. വെറുതെ നോക്കി ഇരിക്കുന്നത് "
ഹരി അൽപ്പം കുസൃതിയോട് പറയുന്നത് കേട്ടിട്ട്... പാർവതി ധൃതിയിൽ വാരി കഴിക്കാൻ തുടങ്ങിയിരുന്നു..

                            ❣️❣️❣️

"മിത്തു... എനിക്കുടനെ നാട്ടിൽ പോണം "

പെട്ടന്നുള്ള കണ്ണന്റെ ആവിശ്യം കേട്ടിട്ട് മിഥുൻ നെറ്റി ചുളിച്ചു.

"എന്താടാ...? എന്തെങ്കിലും.. പ്രശ്നം "
അവൻ എഴുന്നേറ്റു കൊണ്ട് ചോദിച്ചു..

"ആ.. പ്രശ്നം... പ്രശ്നമുണ്ട്. എനിക്ക് പോണം മിത്തു.. എത്രയും പെട്ടന്ന്.."

കണ്ണൻ സെറ്റിയിലേക്കിരുന്നു..

"എടാ.. പെട്ടന്ന് എന്നൊക്കെ പറയുമ്പോൾ.. ഹോസ്പിറ്റലിൽ എന്തുത്തരം പറയും. അവരുടെ എഗ്രിമെന്റ്..."

മിത്തു പറയാൻ മടിച്ചു കൊണ്ടവനെ നോക്കി.
അത്രമാത്രം തകർന്നിരിക്കുന്ന കണ്ണനോട് ഒന്നും പറയാനും തോന്നുന്നില്ലായിരുന്നു എന്നതാണ് സത്യം.

"എനിക്കുള്ള സമ്പാദ്യം മുഴുവനും കൊടുക്കും ഞാൻ, ഇവർക്ക് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞാൽ. കാരണം എനിക്കിപ്പോ പോകേണ്ടത് അത്യാവശ്യമാണ്."
കണ്ണൻ ഉറപ്പോടെ പറഞ്ഞു.

"ഇവർക്ക് എന്നെപോലെ ഒരു നൂറാളെ വേണമെങ്കിലും കിട്ടും മിത്തു. അത് പോലെ തന്നെ എനിക്കും..ഈ ലോകത്ത് എവിടെ വേണമെങ്കിലും എന്റെയീ ജോലി തന്നെ തിരിച്ചു പിടിക്കാം.. പക്ഷേ.. എന്റെ.. എന്റെ പെണ്ണിനിപ്പോ എന്നെ ആവിശ്യമുണ്ട്. അവൾക്കരികിലെ എന്റെ കുറവ് നികത്താൻ ഈ ലോകത്തിലെ ഒന്നിനും കഴിയില്ല. അത്രമാത്രം തകർന്ന് പോയിട്ടുണ്ട് എന്റെ..."

കണ്ണന്റെ സ്വരം ഇടറി..

പ്രതീക്ഷിച്ചതിലും വലുതാണ് പ്രശ്നമെന്ന് മിഥുന് തോന്നി.

"നെഞ്ച് പൊടിഞ് ഒറ്റക്ക് നേരിട്ടൊരു നോവിന്റെ കഥ അവളെനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അന്നവൾക്ക് ആരും കൂട്ടിനുണ്ടായിരുന്നില്ലെന്നു പറഞ്ഞു വേദനിച്ചിട്ടുണ്ട്.. ഇന്നിപ്പോ.. ഞാൻ ജീവനോടെ ഉണ്ടാവുമ്പോൾ.. എല്ലാം അറിഞ്ഞിട്ടും അവളെ ഞാനെങ്ങനെ തനിച്ചാക്കും .. എനിക്ക് പോണം മിത്തു.. അതിന് വേണ്ടി എന്തും സഹിക്കാൻ ഞാൻ ഒരുക്കമാണ്.. കാരണം നാളെ ഒരിക്കൽ ഇന്നനുഭവിച്ച നോവിനെ കുറിച്ചോർക്കുമ്പോൾ എനിക്കവളുടെ മുന്നിൽ കുറ്റബോധം പേറി നിൽക്കാൻ വയ്യെടാ..എന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ടാണ് ആ വേദന അവൾ നേരിട്ടതെന്ന് അഭിമാനത്തോടെ അവൾക്ക് പറയാൻ... ഞാൻ.. ഞാനാ കൂടെ വേണം "

കണ്ണന്റെ മിഴികൾ കലങ്ങി..

അവനോട് എന്ത് പറയണം എന്നറിയാതെ മിത്തു കുഴഞ്ഞു..

"ഞാൻ വിളിച്ചിട്ടും.. അവൾക്കൊന്നും പറയാൻ വയ്യെടാ..അത്രമാത്രം വേദനിച്ചിട്ടാണ്.. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ എന്നോട് മിണ്ടാതിരിക്കാൻ അവൾക്കാവില്ല.."

അവനോട് പറയാൻ കഴിയാത്ത ഒരു വേവലാതി മിഥുനെ ശ്വാസം മുട്ടിച്ചു അപ്പോഴും.

"നീ ടെൻഷനാവല്ലേ കണ്ണാ.. പോവാം.. ഉടനെ തന്നെ പോവാം. നീ ആദ്യം ഹോസ്പിറ്റലിൽ പോയെന്നു സംസാരിക്ക്.. ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം."

മിഥുൻ അവന്റെ തോളിൽ തട്ടി.

കണ്ണൻ മുഖം അമർത്തി തുടച്ചു കൊണ്ട് എഴുന്നേറ്റു.

"ഇന്ന് വൈകിട്ട് എനിക്കൊരു ടിക്കറ്റ് വേണം മിത്തു. ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം "

കണ്ണൻ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.

അവന്റെ പെണ്ണിനരികിൽ എത്തിയാൽ മാത്രം അല്ലയോടുങ്ങുന്ന ഒരു കടൽ അവനുള്ളിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു അപ്പോഴും...

                         ❣️❣️❣️

"ശെരിയാണോ ഡാഡി?"
റിമിയുടെ സ്വരത്തിൽ അൽപ്പം നിരാശയുണ്ടായിരുന്നു.

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇവിടെ എല്ലാം സെറ്റാക്കി തിരികെ പോവാനായിരുന്നു അവളുടെ പ്ലാൻ.

കണ്ണനെ സീത തള്ളി പറയും എന്നത് ഉറപ്പാണ്.

കാരണം മറ്റെല്ലാത്തിനെയും നിസ്സാരമായി കണ്ടാലും കണ്ണന്റെ ജീവനെ മുൻ നിർത്തി വാശി കാണിക്കാൻ സീതാ ലക്ഷ്മിക്ക് കഴിയില്ലെന്ന് അവൾക്കുറപ്പായിരുന്നു.

അത്രയും സ്നേഹമുണ്ടെന്ന് ആ മുഖത്തു വിരിഞ്ഞ വേദന സാക്ഷിയാണ്.

ആ ഓർമയിൽ പോലും റിമിയുടെ മുഖത്തൊരു ക്രൂരത നിറഞ്ഞ ചിരി പടർന്നു.

"ഹോസ്പിറ്റലിൽ നിന്നും എനിക്ക് കിട്ടിയ ഇൻഫർമേഷനാണ്. അതൊരിക്കലും തെറ്റാവാൻ വഴിയില്ല."
ജോൺ ഗൗരവത്തോടെ പറഞ്ഞു.

"ഇന്നലത്തെ പ്രശ്നം അവൾ വിളിച്ചറിയിച്ചു കാണും. അതാണ്‌ പെട്ടന്നുള്ള അവന്റെയീ തീരുമാനം."

റിമി പറഞ്ഞു.

"യെസ്.. അത് തന്നെയാവും. കാരണം എനിക്ക് വേണ്ടി ഹോസ്പിറ്റലിൽ നിന്നും അവരവനെ പരമാവധി ഫോഴ്സ് ചെയ്യാൻ ശ്രമിച്ചിട്ടും.. അതിലൊന്നും അവൻ കുലുങ്ങിയിട്ടില്ല. ജീവനുണ്ടെങ്കിൽ പോകും എന്നാ പറഞ്ഞതെന്ന് "

ജോൺ പറയുന്നത് കേട്ടു റിമിയുടെ പല്ലുകൾ ഞെരിഞ്ഞു.

"അവൻ വരട്ടെ..."
റിമി ചിരിച്ചു.. ക്രൂരമായി തന്നെ.

"സീതാ ലക്ഷ്മിക്ക് അവനെ വേണ്ടന്ന് അവന്റെ മുഖത്തു നോക്കി പറയാൻ അവനിവിടെ വേണം ഡാഡി.."
അവൾ പറഞ്ഞു.

"സൂക്ഷിച്ചു വേണം.. കണ്ണൻ.. അവനെല്ലാം അറിഞ്ഞാൽ.."

ജോണിന്റെ സ്വരത്തിൽ ആശങ്കയുണ്ടായിരുന്നു.

"ഡോണ്ട് വറി ഡാഡി. ഇത് വരെയും യാതൊരു സംശയവുമില്ലാതെ ഞാൻ കൊണ്ടെത്തിച്ചില്ലേ..? എനിക്കറിയാം ഇനിയെന്ത് വേണമെന്ന്."

റിമിയുടെ ശബ്ദം കടുത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story