സ്വന്തം ❣️ ഭാഗം 72

swantham

രചന: ജിഫ്‌ന നിസാർ

"ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും കരഞ്ഞോണ്ടിരുന്നാ..അതിനെ നേരം കാണൂ പാറു.."

കണ്ണും നിറച്ചു മുന്നിൽ ഇരിക്കുന്നവളോട് ഹരി അലിവോടെ പറഞ്ഞു.

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്നു.

അവനെത്തിയ ഉടനെ ലല്ലു അവന്റെ കയ്യിലേക്ക് ചാടി കയറി.

രണ്ടു ദിവസസത്തെ അനുഭവങ്ങൾ കൊണ്ട് കുഞ് വല്ലാതെ പേടിച്ചിട്ടുണ്ടെന്ന് തോന്നി ഹരിക്ക്.
അവന്റെ കൈകൾ അവളെ പൊതിഞ്ഞു കൊണ്ട് പതിയെ പുറത്ത് തലോടി.

"എനിക്കറിയാം സങ്കടണ്ടാവും. പക്ഷേ കുറച്ചു കൂടി ബോൾഡായി നിൽക്കാൻ നീ പഠിക്കണം പാറു. കണ്ണീർ കാണുന്നത് ലഹരി യുള്ളവർക്ക് മുന്നിൽ കരയാതെ പിടിച്ചു നിൽക്കുന്നതും ഒരു വിപ്ലവമാണ് പെണ്ണേ "

അവൻ അരുമയോടെ പറഞ്ഞു.

അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി..

"അജു..."

"അവനൊന്നും വരില്ല. അതിനല്ലേ ഞാനും കണ്ണനും പോകുന്നത്. ആദ്യം ഈ കരച്ചിലൊന്ന് നിർത്തിക്കോ നീ.. കണ്ടിട്ടെനിക്ക് സഹിക്കുന്നില്ലെടി "
ഹരി വേദനയോടെ മുഖം തിരിച്ചു.

                      ❣️❣️❣️❣️

"നീ പറയില്ലെന്ന് ഉറപ്പാണോ? "

മുഖം കുനിഞ്ഞു നിൽക്കുന്നവളുടെ ഇരു തോളിലും പിടിച്ചുലച്ചു കൊണ്ട് കണ്ണൻ ചോദിച്ചു.

"പറയാനൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ?"

മൂർച്ചയുള്ള സീതയുടെ സ്വരം.

"നീ പറയേണ്ടടി. പക്ഷേ കണ്ട് പിടിക്കേണ്ടത് എന്റെ ആവിശ്യമായി പോയില്ലേ?"

കണ്ണൻ അവളെ ചെറുതായി പിന്നിലേക്ക് തള്ളി.

"അല്ലെങ്കിലും എനിക്കിത് തന്നെ കിട്ടണം. സ്നേഹം പിറകെ നടന്നു വാങ്ങി എടുത്തത് ഞാനല്ലേ?  ഹൃദയം നിറച്ചു കൊണ്ട് നടന്നതും ഞാനല്ലേ? അപ്പൊ എനിക്കിത് തന്നെ കിട്ടണം.. ഞാനിത് അർഹിക്കുന്നതാണ് "

വേദന നിറഞ്ഞ അവന്റെ സ്വരം കാതിൽ പതിഞ്ഞ നിമിഷം വിറച്ചു പോയത് ഹൃദയമായിരുന്നു.

എന്നിട്ടും മുഖം ഉയർത്തി നോക്കിയില്ല മനഃപൂർവം.
കാരണം കണ്ണുകളിൽ കാന്തമൊളിപ്പിച്ചു പിടിച്ചവനാണ്.

അറിയാതെ തന്നെ ആകർഷിച്ചു പോകും.

അതിനിയും വയ്യ.
മുൾമുനയിൽ പ്രാണന്റെ ജീവനാണ്.

ആ ഓർമ പോലും പൊള്ളിച്ചു കൊണ്ട് കടന്ന് പോകുന്നു.

"സ്നേഹിക്കുന്നവർ തമ്മിൽ ഏറ്റവും കൂടുതൽ വേണ്ടത് വിശ്വാസമാണ്. നിനക്കത് എന്നോട് തോന്നുന്നില്ല എങ്കിൽ തീർച്ചയായും അതെന്റെ പരാജയം തന്നെയാണ് സീതേ.."

അവളെ കൂടുതൽ പരീക്ഷിക്കപെടുക എന്നൊരു ഉദ്ദേശം കൂടിയുണ്ട് അവനിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഓരോ വാക്കുകൾക്കും.

സങ്കടം ഭാവിച്ചു പറയുമ്പോഴും കണ്ണുകളിൽ അവളോടുള്ള പ്രണയം കത്തി നിൽക്കുന്നുണ്ട്.

അതിലാണ് സീത തടഞ്ഞു വീഴുന്നതും എന്നറിയാവുന്നത് പോലെ..

"നീ വിശ്വാസിച്ചാലും ഇല്ലേലും നിന്റെ അഭാവം തീർത്ത ആ മുറിവ് ഇപ്പോഴും എന്റെ ഇടനെഞ്ചിലുണ്ട്. കാത്തിരിക്കും എന്നുള്ള നിന്റെ വാക്കുകളിൽ ഞാൻ ആശ്വാസം കൊണ്ടിരുന്നു.. ഇനിയിപ്പോ അത് വേണ്ടല്ലോ? നിനക്കിനി എന്നെ കാണണ്ടല്ലോ? നിനക്കെന്നോടൊന്നും പറയാനില്ലല്ലോ?"

അത്യധികം വേദന അവന്റെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നു.

"ഒന്ന് നിർത്തുന്നുണ്ടോ കണ്ണേട്ടാ നിങ്ങള് "

സീത പെടുന്നനെ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു..

"എനിക്കിനിയും ഇത് കേട്ടു നിൽക്കാൻ വയ്യ.. ഇങ്ങനൊന്നും പറയല്ലേ "

അവൾ അവന് മുന്നിൽ കേണു.

"അതേ.. നിനക്ക് വേദനിക്കും.. നിനക്ക് സങ്കടം വരും. എല്ലാം നിനക്ക് മാത്രം. ഞാനെന്താടി   ഇരുമ്പ് വല്ലതുമാണോ?"
അവന്റെ വാക്കുകൾ കൂർത്തു.

സീത ഒന്നും മിണ്ടാതെ പിന്നിലേക്ക് നീങ്ങി.

"ഹൃദയം പിടഞ്ഞു കൊണ്ടാ നിന്നെ കാണാൻ ഞാനോടി വന്നത്. പെട്ടന്നുള്ള യാത്രയായത് കൊണ്ട് തന്നെ അവിടെ ഇനിയെന്നെ കാത്തിരിക്കുന്നത് എന്താണെന്ന് പോലും എനിക്കറിയില്ല. അതിലൊട്ടും എനിക്ക് പേടിയുമില്ല. നിന്നെക്കാൾ വലുതായി പിന്നിലുപേക്ഷിച്ചു പോന്ന ഒന്നും എന്നെ വേദനിപ്പിക്കുന്നുമില്ല. എല്ലാം.. എല്ലാം നേരിടാൻ ഒരുങ്ങി തന്നെയാണ് ഞാൻ നിന്നെ സ്നേഹിച്ചത്.."
കണ്ണൻ കിതച്ചു.

"എന്നിട്ടും.. എന്നിട്ടും നീ എന്നോട് പറഞ്ഞതെന്താ..? നിന്നെ കാണരുതെന്ന്.. നിനക്കെന്നോട് ഒന്നും പറയാനില്ലെന്ന്.. നിനക്ക്.. നിനക്കെന്നെ ഇഷ്ടമല്ലെന്ന്. അല്ലേ.. അങ്ങനല്ലേ സീതാ ലക്ഷ്മി? "

കണ്ണന്റെ സ്വരം കൂർത്തു.

സീത അവനോടെന്ത് പറയണം എന്നറിയാതെ പതറി പോയി.

റിമിയെ അവൾക്ക് പേടിയായിരുന്നു.
കാരണം റിമിക്ക് മുറിവേറ്റത് സ്നേഹം കൊണ്ടാണ്. അതിനെ പേടിക്കണം..
വന്യമായ ഭാവം കൈ കൊള്ളാനാവും അതിനിഷ്ടം..

വരും വരായ്കളൊന്നും ഓർക്കാതെ,സുനാമി പോലെ കണ്മുന്നിൽ കാണുന്നതെല്ലാം ചുഴറ്റി ഏറിയപ്പെടും.

കഠിനമായൊരു ശത്രുതയും പേറി.. അവരങ്ങനെ ഒരു അവസരം കാത്ത് കഴുകനെ പോലെ ചുറ്റി തിരിയും.

കൊത്തി കീറാൻ ആസക്തി നിറഞ്ഞൊരു മനസ്സവരിൽ ഭദ്രമായിരിക്കും.

റിമി ചിരിക്ക് പിന്നിൽ ചതി ഒളിപ്പിക്കാൻ പഠിച്ചവളാണ്.
നിഴൽ പോലെ ചേർന്നു നടന്നിട്ട് പിന്നിൽ നിന്നും കുത്താൻ അസാമാന്യ കഴിവുള്ളവൾ.

അവളെ പേടിച്ചേ മതിയാവൂ.

സീത തളർച്ചയോടെ ചുവരിൽ ചാരി.

ഇതിനേക്കാൾ വലിയ പ്രതിസന്ധികളിൽ തളർന്നിട്ടില്ല.

തോറ്റു തോറ്റു പണ്ടാരമടങ്ങിയിട്ടും ഒരു തുള്ളി കണ്ണുനീർ പൊഴിച്ചിട്ടില്ല.

സീത ലക്ഷ്മി തോറ്റു പോയെന്ന് ആരും പറഞ്ഞിട്ടുമില്ല.

അന്നൊന്നും.. കണ്മുന്നിൽ തലക്ക് മുകളിൽ കെട്ടി തൂക്കിയ വാൾ പോലെ പ്രിയപ്പെട്ടവന്റെ ജീവൻ ഉണ്ടായിരുന്നില്ലല്ലോ!

പൊരുതി നേടാനുള്ള വീര്യം ഇപ്പോഴുമുണ്ട്.

പക്ഷേ.. പേടിയാണ്. നഷ്ടപെടുമെന്ന തോന്നൽ പോലും ശ്വാസം മുട്ടിക്കുന്ന ഇവനെ അറിഞ്ഞു കൊണ്ടെങ്ങനെ..

വയ്യ..

അവളുടെ ഭാവങ്ങൾ സൂക്ഷിച്ചു നോക്കി കൊണ്ട് കണ്ണൻ നിൽപ്പുണ്ട്.
അവൻ വാച്ചിലേക്ക് നോക്കി.

സമയം പോകുന്നു.

ഇനിയും ഇങ്ങനെ നിൽക്കാൻ വയ്യ.

അർജുനെ തേടി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

എവിടെ നിന്നും തുടങ്ങും എന്നതിനെ കുറിച്ചൊരു രൂപവുമില്ല.

കല്ല് പോലെ ഉറച്ചു നിൽക്കുന്ന ഇവൾക്കുള്ളിൽ എന്തോ ഒന്നുണ്ട്.

അത് പറയാതിരിക്കാൻ അവൾക്ക് അവരുടേതായ ഒരു കാരണവും ഉണ്ടാവും.

ഇല്ലെങ്കിൽ... ഇത്രയും നേരം തനിക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല.

"എത്രയൊക്കെ പറഞ്ഞാലും നിന്റെ മനസ്സ് നീ എനിക്ക് മുന്നിൽ തുറക്കില്ലെങ്കിൽ.. ഇനിയും ഞാൻ അതിന് വേണ്ടി ശ്രമിക്കുന്നത് കൊണ്ട് അർഥമില്ല.നീ ഇപ്പൊ എനിക്ക് നൽകുന്ന ഈ വേദന എനിക്ക് അസഹനീയമാണ്. ആ വേദനയോടെ തന്നെ നിന്നെ ഞാൻ ഇനിയും പ്രണയിക്കും. വിശ്വാസമില്ലാതായി പോയത് നിനക്കാണ്.ഏതാവസ്ഥയിലും ചേർത്ത് നിർത്തുമെന്ന ഉടമ്പടി തെറ്റിച്ചതും നീയാണ്."

അവന്റെ സ്വരം നേർത്തു..

"അർജുൻ എവിടെ ആയിരുന്നാലും ഞാനും ഹരിയും കൂടി തേടി കണ്ടു പിടിക്കും.. അതെന്റെ കൂടി ആവിശ്യമാണ്.നിന്റെ മനസ്സിൽ ഒന്നുമില്ലെന്ന് നീ പറഞ്ഞ നുണ.. തത്കാലം അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം.എവിയെയോ ഇരുന്ന ആരോ ആയിരുന്ന നീ എന്നിലേക്ക് വന്നു ചേരുമെന്നോ.. എന്റെ ശ്വാസം പോലെ ആത്മാവിൽ അലിഞ്ഞു ചേരുമെന്നോ ഞാനൊരിക്കലും കരുതിയിട്ടില്ല. പക്ഷേ.. ഇനി.. ഇനി എനിക്കാവില്ല.. സത്യമായും എനിക്കാവില്ല..നിന്നെ വേണ്ടന്ന് വെക്കാൻ."

സീത വീർപ്പു മുട്ടലോടെ അവന് മുന്നിൽ ശ്വാസം പിടിച്ചു നിന്നു.

"തിരികെ വന്നത് നിനക്ക് വേണ്ടിയാണ്. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും നിനക്കൊപ്പം ഉണ്ടാവും.. ഇനി കളത്തിലിറങ്ങുന്നതും നിനക്ക് വേണ്ടിയാണ്.."

കണ്ണൻ ഒരു നെടു വീർപ്പോടെ അവളെ നോക്കിയിട്ട് തിരികെ നടന്നു.

പോവരുത് എന്ന് ഹൃദയം അലറി വിളിക്കുന്നതറിഞ്ഞിട്ടും അവനെ തടയാൻ കഴിയാതെ സീത അതേ നിൽപ്പ് തുടർന്നു.

അവൻ പറഞ്ഞിട്ട് പോയ വാക്കുകൾ ഒക്കെയും മുൾചീളുകൾ പോലെ ഹൃദയത്തിൽ കോറി വരച്ചു..
അസഹനീയമായ വേദന...

സീത നിലത്തേക്ക് കുഴഞ്ഞിരുന്നു..

                         ❣️❣️❣️❣️

ശരീരം ഒടിഞ്ഞു നുറുങ്ങിയത് പോലെ തോന്നി ഗീരീഷിന്.

മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്നവൻ.. അവന് പിന്നിൽ അതേ ഭാവത്തിൽ..മറ്റൊരുത്തൻ.

ജനിച്ചിട്ട് ഇന്നേരം വരെയും ഇവന്മാരെ കണ്ടിട്ട് കൂടിയില്ല.

എന്നിട്ടും എന്തോ ശത്രുതയുള്ളത് പോലാണ് മുന്നിൽ നിൽക്കുന്നവൻ ദേഹത്തു കയറി ഇറങ്ങിയത്.

എന്തിനെന്നോ ഏതിനെന്നോ അറിയാതെ പട്ടിയെ പോലെ തല്ല് വാങ്ങേണ്ടി വന്ന തന്റെ ഗതികേട്..

ഗിരീഷിന് അവന്റെ നേരെ കുതിച്ചു ചാടി നാല് കൊടുക്കണം എന്നുണ്ടായിരുന്നു.

പക്ഷേ.. തല ചെരിച്ചൊന്ന് നോക്കാൻ കൂടി വയ്യ.

"ഇനി മതിയെടാ ഹരി.. നമ്മുടെ ചോദ്യത്തിനുത്തരം പറയാൻ അവന് ജീവൻ വേണ്ടേ..?"
താഴെ വീണു കിടക്കുന്ന ഗിരീഷിന് നേരെ വീണ്ടും കയ്യൊങ്ങി നിൽക്കുന്ന ഹരിയെ നോക്കി കണ്ണൻ പറഞ്ഞു.

ഹരിയെ വട്ടം പിടിച്ചു കൊണ്ട് പിന്നിലേക്ക് മാറ്റി നിർത്തി.

ഇല്ലെങ്കിൽ കലി കയറി ഗിരീഷിനെയവൻ കൊന്ന് കളയാനും മടിക്കെല്ലെന്ന് തോന്നി കണ്ണന്.

"ഇവനെയൊക്കെ കൊല്ലുകയാണ് വേണ്ടത്. ചെറ്റ.. ഒരിക്കൽ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് കളഞ്ഞവൾക്ക് മുന്നിലേക്ക് നാണം കെട്ട് കയറി ചെന്നത്.. അവളെ മോഹിച്ചോ.. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ ലാളിക്കാനോ അല്ലെന്ന് നൂറു വട്ടം ഉറപ്പല്ലേ? പറയെടാ.. ആര് പറഞ്ഞിട്ടാ... എന്ത് തന്നിട്ടാ.. നീ വീണ്ടും എന്റെ പെണ്ണിന്റെ മനസ്സിൽ ഭയം വാരി വിതറാൻ അങ്ങോട്ട്‌ പോയത്.. മര്യാദക്ക് പറഞ്ഞില്ലെങ്കിൽ.. ഇവിടെയിട്ട് ചുടും നിന്നെ ഞാൻ "

കണ്ണന്റെ പിടിയിൽ നിന്നും ഹരി കുതറി മാറാൻ ശ്രമിക്കുന്നുണ്ട്.
ഗിരീഷിന് നേരെ അവൻ വിരൽ ചൂണ്ടി ദേഷ്യം കൊണ്ട് ജ്വലിക്കുന്നുണ്ട്.

"അവൻ പറയും.. നീ ഒന്നടങ്ങു ഹരി.."
കണ്ണൻ അവനെ പിടിച്ചൊതുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

"ജീവൻ വേണമെന്നുണ്ടങ്കിൽ സത്യം പറഞ്ഞിട്ട് എഴുന്നേറ്റു പോടോ "
അവശനായി കിടക്കുന്ന ഗിരീഷിനെ നോക്കി കണ്ണൻ വെറുപ്പോടെ പറഞ്ഞു.

"എന്റെ പൊന്ന് സാറുമ്മാരെ.. അവന്മാർ ആരാണെന്നോ  അവരുടെ ഉദ്ദേശം എന്താണെന്നോ സത്യമായും എനിക്കറിയില്ല. പാർവതിയുടെ വീട്ടിൽ പോയിട്ട് അവരെയൊന്നു പേടിപ്പിച്ചു പോരണം എന്നായിരുന്നു അവരുടെ ആവിശ്യം. ഞാൻ പ്രതീക്ഷിച്ചതിലും കാശ് അവരെനിക്ക് ഓഫർ ചെയ്തു... അത് കൊണ്ടാണ് ഞാൻ "

കണ്ണന് പിറകിൽ നിന്നും ഹരിയുടെ തുറിച്ചു നോട്ടം കണ്ടപ്പോൾ ഗിരീഷ് പറയുന്നത് പാതിയിൽ നിർത്തി.

"ഒരിക്കൽ നീ ഉപേക്ഷിച്ചു കളഞ്ഞതാണ്. യാതൊരു കുറ്റവും ചെയ്യാതെ ഒരുപാട് വേദനിച്ചവളെ വീണ്ടും കാശ് വാങ്ങി പേടിപ്പിക്കാൻ നീ പോയി അല്ലേടാ "
കണ്ണനെ തള്ളി മാറ്റി കൊണ്ട് ഹരി വീണ്ടും ഗിരീഷിനു നേരെ പാഞ്ഞു കയറി.

ലല്ലു മോളെയും പറ്റി പിടിച്ചു വിറച്ചു നിൽക്കുന്ന പ്രാണനായവളുടെ ഭയം നിറഞ്ഞ മുഖം ഓർമയിൽ എത്തിയപ്പോഴൊക്കെയും ഹരി ഭ്രാന്ത് പിടിച്ചത് പോലായിരുന്നു..

"എടാ.. അവൻ ചത്തു പോകും ഹരി.. മതിയാക്ക് ഇനി "
കണ്ണൻ വീണ്ടും ഹരിയെ പിടിച്ചു.

"ഇനി.. ഇനി നിന്റെ നിഴൽ പോലും എന്റെ കുഞ്ഞിനേയും പെണ്ണിനേയും പേടിപ്പിച്ചു എന്ന് ഞാനറിഞ്ഞ... പിന്നെ നീ ഇല്ലെടാ "
ഹരി അവന് നേരെ ചീറി.

"അവരെത്ര പേരുണ്ടായിരുന്നു?"
കണ്ണൻ ചോദിച്ചു.

"മൂന്നു പേര്.."
ഗിരീഷ് വിറച്ചു കൊണ്ട് പറഞ്ഞു.

"അവരുടെ പേര് വല്ലതും കേട്ട ഓർമയുണ്ടോ? "

കണ്ണൻ വീണ്ടും ചോദിച്ചു.

"ഇല്ല.. കൂട്ടത്തിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു. സംസാരിച്ചത് മുഴുവനും അവളാണ് "
ഗിരീഷ് പറയുന്നത് കേട്ട്.. ഹരിയും കണ്ണനും പരസ്പരം നോക്കി.

" എഴുന്നേറ്റു പോടോ "

കണ്ണന്റെ ആക്ഞ്ഞ കേട്ടതും വേച്ചും വിറച്ചും കൊണ്ട് ഗിരീഷ് അരങ്ങോഴിഞ്ഞു കൊടുത്തു.

"ഇനി.. ഇനി എന്ത് ചെയ്യും ഹരി.. അവന്റെ സംസാരം കേട്ടിട്ട് ആ പറഞ്ഞതൊന്നും നുണയാവാൻ സാധ്യതയില്ല "

അടുത്തുള്ള തൂണിലേക്ക് ചാരി നിൽക്കുന്ന ഹരിയെ നോക്കി കണ്ണൻ ആകുലയോടെ ചോദിച്ചു.

"എന്നാലും.. എന്നാലും അത് ആരായിരിക്കും കണ്ണാ? നിനക്കാരെയെങ്കിലും സംശയം ഉണ്ടോടാ? "
സ്വന്തം മനസ്സിൽ ഊറി കൂടിയ സംശയം മറച്ചു വെച്ചു കൊണ്ട് ഹരി ചോദിച്ചു.

കണ്ണൻ ഒരു നിമിഷം ഒന്നും മിണ്ടാതെ അവനെ നോക്കി. ശേഷം ഉണ്ടെന്ന രീതിയിൽ തലയാട്ടി.

അടുത്ത നിമിഷം ഹരിയുടെ ഫോൺ ബെല്ലടിച്ചു..

                           ❣️❣️❣️❣️

"എങ്ങോട്ടാ പോണതെന്ന് പറഞ്ഞിട്ട് പോ സീതേ.."

തിരക്കിട്ട് ഇറങ്ങി പോകുന്നവളുടെ കയ്യിൽ പിടിച്ചു നിർത്തി പാറു.

"ഞാൻ വന്നിട്ട് പറയാം ചേച്ചി.."
സീത അവളുടെ കൈകൾ വിടുവിച്ചു കൊണ്ട്

'ഞാനും.. ഞാനും കൂടി വരാടി. എനിക്ക് പേടിയാവുന്നു "

പാറുവിന്റെ മുഖം ദയനീയമായി.
ലല്ലു അവളെ ഇറുക്കി പിടിച്ചു നിൽപ്പുണ്ട്.
ആ കുഞ്ഞി കണ്ണിലും ഭയമാണ് മുന്നിട്ട് നിൽക്കുന്നത്.

"പേടിക്കേണ്ട.. ആരും ഒന്നും ചെയ്യില്ല. ഞാൻ.. ഞാനുടനെ വരും "
സീത കല്ലിച്ച മുഖത്തോടെ പാറുവിനെ ആശ്വസിപ്പിച്ചു.

അവളുടെ കൈ വിട്ട് കൊണ്ട് സീത മുറ്റത്തേക്ക് ഇറങ്ങി.

"ഹരിയെ നിരാശപെടുത്തരുത് കേട്ടോ.. നിനക്കും മോൾക്കും അവനൊള്ളു ഇനിയൊരു തുണ.."
തിരിഞ്ഞു നിന്നിട്ട് സീത ഓർമ്മിപ്പിച്ചു.

അവൾ പറഞ്ഞതിന്റെ പൊരുൾ തേടി പാറു ഒരു നിമിഷം നിശ്ചലയായി നിന്ന് പോയി. ഓടി ഇറങ്ങി വരും മുന്നേ സീത മുറ്റം കടന്ന് ഇടവഴിയിലേക്ക് കടന്നിരിന്നു.

"അനിയനെ പാതി ജീവനോടെയെങ്കിലും വേണമെങ്കിൽ.. പറയുന്നിടത്തേക്ക് നീ ഒറ്റക്ക് വരിക.."

കാതിൽ അപ്പോഴും ആ സ്വരം മുഴങ്ങി കേൾക്കുന്നുണ്ട്.

"ആരെ വേണമെങ്കിലും നിനക്കിത് അറിയിക്കാം. പക്ഷേ വരുമ്പോൾ അനിയന്റെ ജീവനില്ലാത്ത ശരീരം ഏറ്റെടുത്തു കൊണ്ട് പോവേണ്ടി വരും. അത് മറക്കണ്ട "

വീണ്ടും വീണ്ടും ആ വാക്കുകൾ സീതയുടെ കാതിൽ മുഴങ്ങി.

അവളുടെ മുഖം കൂടുതൽ കടുത്തു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story