സ്വന്തം ❣️ ഭാഗം 74

രചന: ജിഫ്‌ന നിസാർ

മുഖം അടച്ചു കിട്ടിയ അടിയും കൂടി താങ്ങാനുള്ള ശേഷി അഭയ്ക്ക് ഉണ്ടായിരുന്നില്ല.

അവൻ വീണ്ടും നിലത്തേക്ക് തന്നെ വീണു.
മുന്നിൽ വീര്യത്തോടെ നിൽക്കുന്ന സീതയെ അപ്പോഴവൻ നോക്കിയത് ഭയത്തോടെയാണ്.

അവൾക്കിരുവശവും കണ്ണനും ഹരി കൈ കെട്ടി നിൽപ്പുണ്ട്.

"ഇപ്പൊ കിട്ടിയ അടി എന്തിനെന്നറിയോ നിനക്ക്?"
സീതയുടെ വാക്കുകൾ ചതഞ്ഞരഞ്ഞു കൊണ്ടാണ് വെളിയിൽ വന്നത്.

അഭയ് ഉണ്ടന്നോ ഇല്ലന്നോ പറയാതെ തളർന്നു കിടന്നു.

"കാമത്തോടെ നീ എന്നെ ചേച്ചി എന്ന് വിളിച്ചതിന്. അന്നേരം ഓങ്ങി വെച്ചതാ ഞാനിത്.."
അവൾ ചിരിച്ചു..

"നിങ്ങളെന്നെയല്ല.. ഞാൻ നിങ്ങളെയാണ് ട്രാപ്പ് ചെയ്തു പിടിച്ചത്. കാരണം ഒരിക്കലും... ഒരിക്കലും നിങ്ങൾ തേടി വരാത്ത രീതിയിൽ എന്റെ അനിയനെ നിങ്ങളുടെ പിടിയിൽ നിന്നും രക്ഷപെടുത്തിയെടുക്കുക എന്നതെന്റെ കടമയായിരുന്നു. ഞാനത് ഭംഗിയായി ചെയ്തു "
സീത മനോഹരമായി ചിരിച്ചു.

"ആരുമില്ലെന്ന് കരുതിയല്ലേ നീയൊക്കെ എന്നെയും ഇവനെയും തടഞ്ഞു വെച്ചത്.. അർജുന് രണ്ട് ഏട്ടൻമാരുണ്ടെടാ.. അതെന്തേ നീ ഓർക്കാഞ്ഞത്.അതിനുള്ള ശിക്ഷയായി കൂട്ടിക്കോ.."

സീത ഇരു വശങ്ങളിലേക്കും നോക്കി.

അത് വരെയും ചിരിച്ചു കൊണ്ട് നിന്നിരുന്ന കണ്ണൻ അവൾ നോക്കുന്നത് കണ്ടപ്പോൾ പെട്ടന്ന് ഗൗരവത്തിന്റെ മുഖമൂടി എടുത്തണിഞ്ഞു.

പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ഹരിയും കണ്ണനും പരസ്പരം നോക്കി.

"നിങ്ങൾക്കുള്ള വണ്ടിയാ.. അനിയന്മാർ പോവാൻ റെഡിയായിക്കോ "
ഹരി പരിഹാസത്തോടെ പറഞ്ഞു.

അകത്തേക്ക് ഇരച്ചു കയറി വന്ന പോലീസുക്കാർ.. അഭയിനെയും കൂട്ടാളികളെയും പൊറുക്കിയെടുത്ത് വണ്ടിയിൽ കയറ്റി.

"താങ്ക്സ്.."
നന്ദിയോടെ എസ് ഐ സാജിർ ഹരിക്ക് നേരെ കൈ നീട്ടി..

"ഇതൊക്കെ വെറും വാലുകളാ സാറേ. ഒറിജിനൽ ഇപ്പോഴും സേഫ് ആണ്."
കൈ നീട്ടുന്നതിനിടെ തന്നെ ഹരി അയാളെ ഓർമ പെടുത്തി.

"അറിയാടോ. ഇവന്മാരെ തന്നെ സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ ജാമ്യം കൊടുക്കണം എന്നുള്ള വിളി വരും. നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ പിടിപാടുണ്ട് ഇവർക്ക്. ചുമ്മാതാണോ ഇത്ര വേഗത്തിൽ ലഹരിയിങ്ങനെ മനുഷ്യനെയും ലോകത്തെയും വിഴുങ്ങി കൊണ്ടിരിക്കുന്നത് "

സാജിർ നിരാശയിലാണ് പറയുന്നത്.

"ഞാൻ പിന്നെ.. പൊതുവെ ചെയ്യുന്നൊരു കാര്യമുണ്ട്. ഇങ്ങനെയുള്ളവരെ കയ്യിൽ കിട്ടിയ ആ സ്പോട്ടിൽ എന്റെ ഫോണ് സൈലന്റ് ആക്കിയിടും. സ്റ്റേഷനിൽ കൊണ്ട് പോയി കൈ തരിപ്പ് തീരുവോളം അങ്ങ് തല്ലി തീർക്കും. ചുമ്മാതെ അല്ലാട്ടോ. തെറ്റ് ചെയ്തു എന്നെനിക്ക് ബോധ്യമായാൽ മാത്രം. എന്നിട്ടേ ഫോൺ സൈലന്റ് മൂഡ് മാറ്റുകയൊള്ളു. അത്രയെങ്കിലും ചെയ്യണ്ടേ ഞാൻ. എനിക്കുമുണ്ട് വളർന്നു വരുന്ന രണ്ടു മക്കൾ. ഒരച്ഛന്റെ മനസ്സോടെ അത്രയെങ്കിലും ചെയ്യാനായി എന്നാശ്വാസിക്കാമല്ലോ "
സാജിർ പറഞ്ഞത് കേട്ട് ഹരിയും കണ്ണനും ചിരിയോടെ പരസ്പരം നോക്കി.

"എനിവേ... ഒരിക്കൽ കൂടി താങ്ക്സ്.."
സാജിർ യാത്ര പറഞ്ഞു പോയി.

വേച്ചു കൊണ്ട് നടക്കുന്ന അർജുനെ താങ്ങി പിടിച്ചത് കണ്ണനാണ്.

അവനെ പിടിക്കാൻ കൈ നീട്ടിയ സീത കണ്ണന്റെ രൂക്ഷമായ നോട്ടം കണ്ടിട്ട് കൈ പിൻവലിച്ചു.

അവന്റെയാ അവഗണനയിൽ അവൾക്കുള്ളം പൊടിയുന്ന വേദന തോന്നുന്നുണ്ട്.

പക്ഷേ പ്രതികരിക്കാൻ തനിക്കർഹതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവളതെല്ലാം സഹിക്കുന്നത്.

സത്യങ്ങളെല്ലാം അവനെ അറിയിക്കണമോ വേണ്ടയോ എന്നുള്ള ചിന്ത അപ്പോഴും അവൾക്കുള്ളിൽ പിടിവലിനടത്തുന്നുണ്ട്.

അവർ പുറത്ത് കടന്നപ്പോഴേക്കും ഹരി കാർ തിരിച്ചു നിർത്തിയിരുന്നു.

"മുന്നിലേക്ക് ഇരുത്തിക്കോ കണ്ണാ. അവനാകെ ഉടഞ്ഞു പോയിരിക്കുവാ "
പിറകിലെ ഡോർ അജുവിനായി തുറന്നു കൊടുക്കുന്ന കണ്ണനെ നോക്കി ഹരി പറഞ്ഞു.

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ട് ഹരി തന്നെ കൈ നീട്ടി മുന്നിലെ ഡോർ തുറന്നു കൊടുത്തു.ചാരി കിടക്കാൻ പാകത്തിന് സീറ്റ് അൽപ്പം ചെരിച്ചു കൊടുത്തു.

സീതക്കൊപ്പം കണ്ണനും പുറകിലാണ് കയറിയത്.

ഡോർ അടച്ചു കഴിഞ്ഞു അവൻ സീറ്റിലേക്ക് ചാരി കണ്ണടച്ച് പിടിച്ചു കിടന്നു.

ഇടക്കിടെ സീത അവന്റെ നേരെ വേദനയോടെ നോക്കുന്നുണ്ട്.

അവൾക്ക് അസഹനീയമാണ് അവന്റെയാ മൗനം..
അതവളെ കൊല്ലാതെ കൊല്ലുന്നത് പോലെ..

"ആദ്യം.. ഹോസ്പിറ്റലിൽ പോവാം. ല്ലെടാ?"
ഹരി പിറകിലേക്ക് നോക്കി ചോദിച്ചു.

"മ്മ് "
ഒന്ന് മൂളി കൊണ്ട് കണ്ണൻ എഴുന്നേറ്റു നേരെ ഇരുന്നു.

അപ്പോഴും അവളെ നോക്കുന്നില്ല. മനഃപൂർവം സൈഡിൽ മിന്നി മായുന്ന കാഴ്ചകളിൽ നോട്ടം കൊരുത്തിട്ടു.

സീറ്റിൽ വെച്ച അവന്റെ കൈകൾക്ക് മേലെ സീത പതിയെ തൊട്ടത് ഇനിയും മിണ്ടാതെയിരുന്നാൽ താൻ ശ്വാസം മുട്ടി മരിച്ചു പോകും എന്ന തോന്നലിലാണ്.

രൂക്ഷമായൊരു നോട്ടമാണ് അവൾക്കുത്തരം കിട്ടിയത്.

സോറി... അങ്ങേയറ്റം വേദനയോടെ അവൾ കണ്ണനെ നോക്കി പറഞ്ഞു.

അവനൊന്നു ചുണ്ട് കോട്ടി കൊണ്ട് മുഖം തിരിച്ചു.

ഹൃദയഭാരം ഒന്നുകൂടി കൂടിയത് പോലെ തോന്നി സീതയ്ക്ക്.

വിങ്ങലോടെ അവളും പുറത്തേക്ക് മിഴി നട്ടു.

ഇത്തിരി നേരത്തെ.. ഈ അവഗണന പോലും സഹിക്കാൻ വയ്യാത്ത താനാണോ ഇവനെ വിട്ട് കൊടുക്കാൻ തീരുമാനമെടുത്തതെന്ന് അവൾക്ക് അത്ഭുതം തോന്നി.

ആത്മാവിൽ അലിഞ്ഞു ചേർന്നവനെ.. എന്തിന്റെ പേരിലായായാലും മാറ്റി നിർത്താൻ ശ്രമിച്ചത് തെറ്റ് തന്നെയായിരുന്നു.

ഹൃദയമന്ത്രം പോലെ തന്നെ കൊണ്ട് നടന്ന ഇവനെ പോലെയുള്ള ഒരുവനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വലിയൊരു തെറ്റ്.

തഴുകി മറയുന്ന കാറ്റിന്റെ കുളിരിൽ കണ്ണുകളച്ചു കൊണ്ട് സീതയും സീറ്റിലേക്ക് ചാരി.

ഹോസ്പിറ്റലിൽ കൊമ്പൗണ്ടിലേക്ക് ഹരി കാർ ഓടിച്ചു കയറ്റി.

"ഇറങ്ങെടാ.."
അർജുനോട് പറഞ്ഞിട്ട് ഹരി സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് ഇറങ്ങി.

"നീ ഇവിടിരിക്ക് കണ്ണാ.. ഇത് അത്ര വലിയ കേസൊന്നും അല്ലല്ലോ. ഞാൻ പോയിട്ട് വരാം "

സീതക്ക് വേണ്ടിയാണ് ഹരി അത് പറഞ്ഞതെന്ന് കണ്ണന് ഉറപ്പുണ്ടായിരുന്നു.
കണ്ണൻ അവനെയൊന്ന് കൂർപ്പിച്ചു നോക്കി.

ഹരി കണ്ണടച്ച് ചിരിച്ചു.

"ഓ.. നീ ഇവിടിരിക്ക് ഹരി. ഞാൻ കൊണ്ട് പോയിക്കൊള്ളാം അവനെ.നീയാണ് ഇപ്പൊ ചിലരുടെ വിശ്വസ്ഥൻ.. നമ്മൾ ചതിക്കും.. വിശ്വസിക്കാൻ കൊള്ളൂല. അത്കൊണ്ട് കൂട്ടിരിക്കാനും രക്ഷപെടുത്തി കൊണ്ട് വരാനും നീയാണ് കൂടുതൽ ബെറ്റർ "

കണ്ണൻ ഡോർ വലിച്ചു തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി.

സീത നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ മുഖം തിരിച്ചു.

അർജുന്റെ അടുത്തേക്ക് പോവാനിറങ്ങും മുന്നേ ഹരിയെ വിളിച്ചിരുന്നു..ഒറ്റക്ക് ചെന്നു കയറി കൊടുക്കുന്നത് വിഡ്ഢിത്തമാണെന്ന് നന്നായി അറിയാമായിരുന്നു.
അവൻ പിറകെ വരുമെന്ന് ഉറപ്പുണ്ടായിട്ട് തന്നെയാണ് അവർക്ക് മുന്നിൽ ചിരിച്ചു കൊണ്ട് കയറി ചെന്നതും.

ആ കൂടെ കണ്ണനും ഉണ്ടാവുമെന്ന് മനസ്സ് പറഞ്ഞിരുന്നു.
കാരണം  എല്ലാം..പറയാതെ അറിയാനാവുന്നവനാണ്.

എന്നിട്ടും ഹരിയെ വിളിച്ചതെന്തിന് എന്ന് ചോദിച്ചാൽ അവൾക്കുത്തരമുണ്ടാവില്ല.

അതിന്റെക്കൂടി ചേർത്തുള്ള പറച്ചിലാണ് കണ്ണനെന്നു അവൾക്കറിയാം.

"മതിയെടാ.. അവൾക്ക് നല്ല സങ്കടമുണ്ട് "
പുറത്തേക്കിറങ്ങിയ കണ്ണനെ നോക്കി ഹരി പതിയെ പറഞ്ഞു.

"അപ്പൊ എന്റെ സങ്കടത്തിന് നിന്റെ മുന്നിൽ യാതൊരു വിലയുമില്ല. അല്ലേടാ?"
കണ്ണൻ മുഖം ചുളിച്ചു.

"അങ്ങനല്ല കണ്ണാ.. എന്തെങ്കിലും ന്യായമായ ഒരു കാരണമില്ലാതെ അവളെങ്ങനെ ചെയ്യില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ..?പിന്നെന്തിനാടാ അതിനോട്.. കണ്ടിട്ട് സഹിക്കുന്നില്ല. അവൾക്ക് നല്ല സങ്കടണ്ട് കണ്ണാ "
ഹരി അവന്റെ തോളിൽ തട്ടി..

"മ്മ്.. കൂട്ടുകാരൻ ചെല്ല്.. ചെന്നിട്ട് അളിയന് മരുന്ന് വാങ്ങി വായോ. ഞാൻ ഇവിടെ തന്നെയുണ്ട് "
കണ്ണൻ ഹരിയെ നോക്കി പറഞ്ഞു.

"ഇപ്പൊ വരാടി "കാറിനകത്തിരുന്ന 
സീതയെ  കുനിഞ്ഞു നോക്കി കൊണ്ട് ഹരി പറഞ്ഞു.

"ഞാനും വരണോ ഹരി?"
അവൾ ചോദിച്ചു.

"വേണ്ടടി.. ഇതിപ്പോ തീരും. ഞാൻ മതി "
അതും പറഞ്ഞിട്ട് അർജുനെ ചേർത്ത് പിടിച്ചു കൊണ്ട് ഹരി പോയി.

കണ്ണൻ അപ്പോഴും വാശിക്കാരൻ കുട്ടിയെ പോലെ കാറിന്റെ പുറത്ത് തന്നെ നിന്നു.
അൽപ്പം കഴിഞ്ഞു സീത ഡോർ തുറന്നിറങ്ങി ചെല്ലുന്നത് അറിഞ്ഞിട്ടും അവനതേ നിൽപ്പ് തന്നെ തുടർന്നു.

സീത ചെന്നിട്ട് അവന്റെ അരികിൽ നിന്നു.

"എന്നോട്.. എന്നോട് എന്തെങ്കിലും പറയ്‌ കണ്ണേട്ടാ. എനിക്ക് സങ്കടം കൊണ്ട് ശ്വാസം മുട്ടുന്നു "

വിങ്ങലോടെ സീത പറഞ്ഞത് കേട്ട് ഹൃദയം പിടച്ചിട്ടും കണ്ണൻ അനങ്ങിയില്ല.

അവൾ അവന്റെ കയ്യിൽ പിടിച്ചു.

കണ്ണൻ കൈ കുടഞ്ഞു മാറ്റി കൊണ്ട് നെഞ്ചിൽ ചേർത്ത് കെട്ടി ഗൗരവത്തോടെ നിന്നു.

"പ്ലീസ്.. പ്ലീസ് കണ്ണേട്ടാ.. എനിക്കിത് സഹിക്കാൻ വയ്യ "
അവളിപ്പോ കരയുമെന്നായിട്ടുണ്ട്.
കണ്ണൻ മുഖം തിരിച്ചു നോക്കി.

നോട്ടം ഇടഞ്ഞ നിമിഷം രണ്ടു പേരിലും സ്നേഹം ഇരമ്പി.

"ഞാൻ.. ഞാനെല്ലാം പറയാം "
സീത അവനെ നോക്കി.

"വേണ്ട.."
കണ്ണൻ പെട്ടന്ന് ഉത്തരം പറഞ്ഞു.

സീതയുടെ കണ്ണുകൾ നിറഞ്ഞു.

അവൻ പതിയെ നടന്നു കൊണ്ട് കുറച്ചു മാറി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മരചുവട്ടിൽ പോയി നിന്നു.

ഗേറ്റിൽ നിന്നും കുറച്ചു മാറിയാണ് അത്.
ഹോസ്പിറ്റലിന്റെ ബഹളങ്ങളൊന്നും അങ്ങോട്ട്‌ എത്തുന്നില്ല.

നേരിയ വെളിച്ചം മാത്രം..

ഹൃദയനൊമ്പരത്തോടെ സീത വീണ്ടും അവനരികിൽ ചെന്ന് നിന്നു.

പുറം തിരിഞ്ഞു നിൽക്കുന്ന അവനെ പിന്നിൽ നിന്നും ഇറുക്കി പിടിച്ചു.

"സോറി.. സോറി."

പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു.

തിരിഞ്ഞു നിന്നിട്ട് അവളെ നെഞ്ചിൽ വലിച്ചു ചേർക്കാനുള്ള കൊതി കണ്ണൻ വളരെ പണിപ്പെട്ടു കൊണ്ടാണ് ഒതുക്കിയത്.

"ഞാനെല്ലാം പറയാം കണ്ണേട്ടാ.. എന്നോട്..എന്നോട് മിണ്ടാതിരിക്കല്ലേ. അത്.. അതെനിക്ക് സഹിക്കാൻ വയ്യ "

അവൾ അവന്റെ മുഖം പിടിച്ചു തിരിച്ചു.

"ഇതിനുത്തരം ഞാൻ പറഞ്ഞു കഴിഞ്ഞു.."
കണ്ണൻ ഗൗരവം വിടാതെ തന്നെ പറഞ്ഞു.
സീതയുടെ മുഖം വീണ്ടും കുനിഞ്ഞു.

"ഇനി നീ പറയാതെ തന്നെ അത് കണ്ടു പിടിക്കും ഞാൻ. അതെന്റെ വാശിയാണ് എന്ന് തന്നെ കൂട്ടിക്കോ. ഹൃദയം നിറയെ ഞാൻ കൊണ്ട് നടന്നിട്ടും.. എന്നെ കാണണ്ടന്നു പറഞ്ഞു.. നിനക്ക്.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു.. എന്നോടൊന്നും പറയാനില്ലെന്ന് പറഞ്ഞു.. അതിനുള്ള... അതിനുള്ള മറുപടിയായി ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ.. ഏഹ് "

ആ സ്വരത്തിലും നിറഞ്ഞതത്രയും നോവ് തന്നെ ആയിരുന്നു.
അത് തിരിച്ചറിഞ്ഞ നിമിഷം സീത വീണ്ടും ഉലഞ്ഞു പോയി.

"ഈ ജീവന് വേണ്ടിയല്ലേ.. ഞാനെന്റെ ജീവൻ ഉപേക്ഷിച്ചു കളയാൻ തീരുമാനമെടുത്തത് "
അവളുടെ ഹൃദയം അലമുറയിട്ടു.

അസഹിഷ്ണുത നിറഞ്ഞ നിമിഷങ്ങളിൽ.. രണ്ടു പേരും ഉള്ള് കൊണ്ട് വേദനിക്കുയായിരുന്നു.

അൽപ്പം കൂടി കഴിഞ്ഞു ഹരി വരുമ്പോഴും അതേ നിൽപ്പ് തന്നെ ആയിരുന്നു രണ്ടും.

"ഡാ.."
കാറിന്റെ അരികെ നിന്നും ഹരി വിളിച്ചതും കണ്ണനും സീതയും ഒന്നു പരസ്പരം നോക്കിയിട്ട് അങ്ങോട്ട് നടന്നു.

"എന്തായെടാ.."

കണ്ണൻ ചോദിച്ചു.

"കുഴപ്പമില്ല.. മരുന്ന് തന്നിട്ടുണ്ട് "

അർജുൻ അപ്പോഴേക്കും മുന്നിലേക്ക് കയറിയിരുന്നു.

മരുന്നും ചീട്ടും ഹരി സീതയെ ഏല്പിക്കുന്ന നേരം കൊണ്ട് കണ്ണൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഒരു നെടുവീർപ്പോടെ ഹരി സീതക്ക് പിറകെ കയറിയിരുന്നു.

                             ❣️❣️❣️❣️

തിരികെ വീട്ടിലെത്തുമ്പോൾ ആർദ്ധരാത്രി ആയിരുന്നു.

ഹരി പറഞ്ഞതനുസരിച്ചു വരദ പാറുവിന് കൂട്ട് വന്നിരുന്നു.

"നീ വരുന്നില്ലേ കണ്ണാ.?"
വീട്ടുപടിക്കൽ എത്തിയിട്ടും കാറിൽ നിന്നും ഇറങ്ങാതിരിക്കുന്ന കണ്ണനെ നോക്കി ഹരി ചോദിച്ചു.

"ഇല്ലെടാ.. ഞാൻ പോവാണ് "
അവൻ താല്പര്യമില്ലാത്തത് പോലെ പറഞ്ഞു.

"ഇന്ന് ഭാര്യ വീട്ടില് കൂടിക്കോടാ "
ഹരി ഒരാക്കി ചിരിയോടെ പറഞ്ഞു.

അർജുൻ പതിയെ ഒതുക്കുകൾ കയറി പോയിരുന്നു.

"ഓഓഓ.. ആദ്യം ഭാര്യ ആക്കണോ വേണ്ടയോന്നൊരു തീരുമാനം എടുക്കട്ടെ. വിശ്വാസമില്ലാത്തവരോടൊപ്പം ജീവിക്കുന്നത് ട്രെയിനിന് തല വെച്ചു കൊടുക്കുന്നത് പോലെയാണ് ഹരി "

അവൻ സീതയെ ഒന്നു പാളി നോക്കി കൊണ്ട് പറഞ്ഞു.

"ജാഡ കാണിക്കാതെ ഇറങ്ങി വാടാ. ഇപ്പൊ നീ ഓടി പിടഞ്ഞു അങ്ങോട്ട്‌ പോയിട്ട് എന്തോ കാണിക്കാനാ. മാത്രമല്ല. ഇന്ന് തന്നെ ഇവരെ ഇവിടെ ഒറ്റക്ക് വിടാനും വയ്യ. എനിക്കാണേൽ അച്ഛൻ.. ഒറ്റക്കാണ് വീട്ടില്. അമ്മയെ കൊണ്ട് വിടണം. പ്രായമുള്ള ആളല്ലേ. ഒറ്റക്ക് കിടത്താൻ ആവില്ലല്ലോ "
ഹരി അവന്റെ ഭാഗത്തെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു.

കണ്ണനൊരു കള്ളച്ചിരി ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച കൊണ്ട് പതിയെ പുറത്തേക്കിറങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story