സ്വന്തം ❣️ ഭാഗം 75

രചന: ജിഫ്‌ന നിസാർ

"ന്താടി.. നിന്റെ മുഖം ഇങ്ങനെ?"
വരദയുമായി പോവാനിറങ്ങിയ ഹരി സീതയെ നോക്കി പതിയെ ചോദിച്ചു.

അവളുടെ കണ്ണുകൾ തിണ്ണയിൽ ലല്ലു മോളെയും മടിയിൽ വെച്ചിരിക്കുന്ന കണ്ണന്റെ നേരെ നീണ്ടു.
അവളോടെന്തോ കൊഞ്ചി പറഞ്ഞു ചിരിക്കുകയാണവൻ.

"കണ്ണേട്ടൻ.. കണ്ണേട്ടന് ഇവിടെയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ആവുമോ ഹരി? വേണ്ടായിരുന്നു. ആൾക്ക് ബുദ്ധിമുട്ടായി കാണും "
സീത വിഷമത്തോടെ പറയുന്നത് കേട്ട് ഹരി നടുവിന് കൈ കുത്തി നിന്നിട്ട് അവളെ നോക്കി.

"അല്ല.. വല്ല്യ വീട്ടിലൊക്കെ നിന്നിട്ട്.."

അവന്റെ നോട്ടം കണ്ടിട്ട് സീത വിക്കി.

"അവൻ വല്ല്യ വീട്ടിലെ ചെക്കനാണെന്ന് നിനക്കറിയാൻ പാടില്ലായിരുന്നോ?"
അവന്റെ സ്വരം കൂർത്തു.

"മ്മ് "
സീതയുടെ മുഖം കുനിഞ്ഞു.

"അതറിഞ്ഞിട്ട് തന്നെയല്ലേ നീ അവനെ സ്നേഹിച്ചതും അവന്റെ മാല കഴുത്തിലിട്ട് നടന്നതും?"
സീത വിളറി കൊണ്ട് അവനെ നോക്കി അതേയെന്ന് തലയാട്ടി.

അവളുടെയാ ഭാവം കണ്ടിട്ട് ഹരിക്ക് തന്നെ ചിരി വരുന്നുണ്ട്.

"അപ്പൊ ആ ബുദ്ധിമുട്ട് അവനങ്ങു സഹിച്ചോളും. നീ വെറുതെ അതോർത്തു ബുദ്ധിമുട്ടാവേണ്ട. കേട്ടോടി?"
സീതയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് ഹരി പറഞ്ഞു.

സീത വീണ്ടും കണ്ണനെ പാളി നോക്കി.

"ആ പിണക്കം.. അത് ന്യായമാണ് സീതേ. അവനത്രേം സ്നേഹിച്ചിട്ട്.. നിന്നെ പൊതിഞ്ഞു പിടിച്ചിട്ട്.. നീ അങ്ങനൊക്കെ പറഞ്ഞു കേൾക്കേണ്ടി വന്നപ്പോ... വേണ്ടായിരുന്നു. നിനക്ക് വേണ്ടിയാണ് അവൻ ബാംഗ്ലൂർ വിട്ട് വന്നത്. നിനക്ക് വേണ്ടിയാണ് അവനീ കുഴപ്പങ്ങളെല്ലാം തലയിൽ എടുത്തു വെച്ചത്.. എന്നിട്ടും പകരം കിട്ടിയത്.. അതാണവനെ വേദനിപ്പിക്കുന്നത്.."
ഹരി പറഞ്ഞത് കേട്ട്.. സീതയുടെ കണ്ണു നിറഞ്ഞു.

"ഹരി.. ഞാൻ "

ആ അവസ്ഥ അവനെയെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നതായിരുന്നു അവളുടെ മനസ്സിൽ.

"സാരമില്ല.. എല്ലാം ശെരിയാകും. എനിക്ക് മനസ്സിലാവും നിന്നെ. നിന്റെ അവസ്ഥയെ. അവനും അറിയാം. പിന്നെ ആ പിണക്കം.. അത് നീ കാര്യമാക്കേണ്ട. അവനത്രേം നിന്നെ സ്നേഹിക്കുന്നുണ്ട്. അങ്ങനെ കരുതിയ മതി. നീയൊന്നു കൊഞ്ചിച്ച തീരാവുന്ന ആയുസ്സെ അതിനുള്ളു. അവന് നീയെന്നാൽ അവന്റെയെല്ലാം എന്ന് കൂടിയാണ്. നിനക്കൊപ്പം നിന്റെ പരിമിതികളെ കൂടി സ്നേഹിച്ചവനാണ് കണ്ണൻ. അവനെ നീ വേദനിപ്പിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്ന പോലെ അവനും വിശ്വസിക്കുന്നുണ്ട്. നീ മാറ്റി നിർത്തിയ ഒരു കുഞ്ഞു പരിഭവം.. അതിനി വളർത്തി വലുതാക്കരുത് നീയും അവനും.. മനസ്സിലായോ?"
ഹരി അവളുടെ കവിളിൽ തട്ടി.

"പോട്ടെ.. അമ്മ കാത്ത് നിന്ന് മടുത്തു "
ഹരി ചിരിയോടെ സീതയുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

സീത തലയാട്ടി.

"കണ്ണാ.. പോയി ട്ടോ "

ഹരി കൈ ഉയർത്തി കൊണ്ട് പറഞ്ഞു.

"ശെരിയെടാ..."
കണ്ണനും വിളിച്ചു പറഞ്ഞു.

"ലല്ലൂസ്..."
ഹരി അവളെ നോക്കി കയ്യിലൊരു ഉമ്മ കൊടുത്തു.

അത് കണ്ടിട്ട് അവളും.

പാർവതിക്ക് വേണ്ടി അവന്റെ കണ്ണുകൾ ആകെയൊന്ന് പരതിയെങ്കിലും അവളെ അവിടെയെങ്ങും കണ്ടു കിട്ടിയില്ല.

അടുക്കളയിൽ ആവും.

ഹരി പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഇറങ്ങി പോയി.

ഒരു നിമിഷം കൂടി അവിടെ തന്നെ നിന്നിട്ട് സീത പതിയെ ഉമ്മറത്തേക്ക് കയറി.
അടുത്ത് പോയി നിന്നിട്ടും കണ്ണൻ ലല്ലു മോൾക്ക് ഫോണിൽ എന്തോ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു..

അവളെ നോക്കുന്നത് കൂടിയില്ല.

സീതയുടെ ചുണ്ടുകൾ പരിഭവം കൊണ്ട് കൂർത്തു.
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.

കടകണ്ണ് കൊണ്ട് അവളെ നോക്കിയ കണ്ണൻ ആ ഭാവം കണ്ടിട്ട് അമർത്തി ചിരിച്ചു..

                        ❣️❣️❣️❣️

"കഞ്ഞിയോക്കെ കുടിക്കുവോടി?"
പാറു അടുക്കള സ്ലാബിൽ ചാരി പരിഭ്രമത്തോടെ സീതയെ നോക്കി.

"പിന്നെന്താ ചേച്ചി.. അങ്ങേരും മനുഷ്യൻ തന്നെയല്ലേ?"
അവളും മേശയിലേക്ക് ചാരി നഖം കടിച്ചു.

പാറുവിനോട് അങ്ങനെ പറഞ്ഞുവെങ്കിലും അവനതൊരു ബുദ്ധിമുട്ടാവുമോ എന്നുള്ള വല്ലായ്മ സീതയിലുമുണ്ട്.

"അജു കിടന്നോടി ചേച്ചി?"
സീത ചോദിച്ചു.

"ഉവ്വ്.. അവന് മരുന്നൊക്കെ കഴിക്കാനുള്ളതല്ലേ? ഞാനിച്ചിരി കഞ്ഞി എടുത്തു കൊടുത്തു. അത് കുടിച്ചിട്ട് അവൻ കിടന്നു."

പാർവതി മറുപടി പറഞ്ഞു.

"നിനക്ക്.. നിനക്ക് പേടിയില്ലായിരിന്നോ സീതേ ഒറ്റയ്ക്ക് പോവാൻ?"

ഹരി എല്ലാം വരദയോട് പറയുന്നത് കേട്ടിട്ട് തന്നെ പാറുവിന്റെ ശരീരം തളർന്നു പോയത് പോലെയായിരുന്നു.
"എന്തിന് ചേച്ചി.. ഭയത്തോടെ ഏതൊരു കാര്യത്തെയും സമീപിച്ച ആ കാര്യം കൂടി നമ്മളെ ഭയപെടുത്താൻ നോക്കും."
സീത നിസ്സാരതയോടെ പറഞ്ഞു.

"പിന്നെ... എനിക്കുറപ്പുണ്ടായിരുന്നു. ഈ ലോകത്ത് ജീവനോടെയുണ്ടെങ്കിൽ ഹരിയും കണ്ണേട്ടനും വരുമെന്ന്. എന്നെ രക്ഷപെടുത്തി കൊണ്ട് പോരുമെന്നും."

സ്വന്തം സൗഹൃദത്തിലും പ്രണയത്തിലുമുള്ള വിശ്വാസം സീതയുടെ കണ്ണിൽ തെളിഞ്ഞു.

പെട്ടന്നാണ് ലല്ലു അങ്ങോട്ട്‌ വന്നിട്ട് സീതയെ തോണ്ടിയത്.

"എന്താ ലല്ലുസേ?"
സീത അവൾക്കൊപ്പം കുനിഞ്ഞു.

"അങ്കിളിന് വിശക്കുന്നു ന്ന് "

ലല്ലു വല്ല്യ ഗൗരവത്തോടെ പറഞ്ഞു.
അവളുടെ ഭാവം കണ്ടിട്ട് സീതയ്ക്കും പാറുവിനും ചിരി വന്നിരുന്നു.

"നിന്റെ അങ്കിൾ പറഞ്ഞിട്ടാണോ ടി ഈ മോന്തയിങ്ങനെ കലിപ്പിച്ചു പിടിച്ചിരിക്കുന്നത്?"
സീത അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.

ലല്ലുമോൾ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് വീണ്ടും ഉമ്മറത്തേക്ക് തന്നെ നടന്നു.

സീത ചിരിയോടെ പാറുവിനെ നോക്കി.

"കഞ്ഞി കൊടുക്കാം. ല്ലേടി?"
പാറു വീണ്ടും ആശങ്കയോടെ ചോദിച്ചു.

"ആ ചേച്ചി. അല്ലാതിപ്പോ ഈ നേരത്ത് വേറെ എന്ത് കിട്ടും?"
സീത റാക്കിൽ നിന്നൊരു പാത്രം വലിച്ചെടുത്തു കൊണ്ട് പാറുവിന്റെ നേരെ നീട്ടി.

കഞ്ഞിയും പയറും.. പിന്നെ ആ നേരം കൊണ്ട് പാർവതി ധൃതിയിൽ ഉണ്ടാക്കിയെടുത്തൊരു ചമ്മന്തിയും രണ്ടു പപ്പടവും.

ഹാളിലെ മേശയിൽ ഇതെല്ലാം എടുത്തു വെച്ചിട്ട് സീത പോയി കണ്ണനെ വിളിച്ചു.

അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ.. അവൻ ലല്ലുവിനെയും പിടിച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു.

അവിടെ തന്നെയുള്ള വാഷ്ബേസിനിൽ നിന്നും കൈ കഴുകി കണ്ണൻ കഴിക്കാനിരുന്നു.

"കഞ്ഞിയാണ് കണ്ണാ. ഇഷ്ടവുമോ എന്നറിയില്ല. ഇന്നൊന്നും ഉണ്ടാക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നല്ലോ?"

പാറു വല്ലായ്മയോടെ കണ്ണനെ നോക്കി.

"എനിക്കിഷ്ടാണ് പാറു കഞ്ഞി. എനിക്കെന്റെ അമ്മ ഉണ്ടാക്കി തരുമായിരുന്നു. അമ്മ പോയതോടെ എന്റെ ഇഷ്ടങ്ങളും പോയി.."
കണ്ണൻ ചെറിയൊരു ചിരിയോടെ പറഞ്ഞത് കേട്ട് സീതയുടെയും പാറുവിന്റെയും മുഖം മങ്ങി.

"അജു കിടന്നോ?"
കണ്ണൻ ചോദിച്ചു.

"ഉവ്വ്.. അവന് നല്ല ക്ഷീണണ്ട് "
പാറു അവന് മുന്നിലെ പാത്രത്തിൽ കഞ്ഞി പകർന്നു.

"വല്ലോം കഴിച്ചോ അവൻ?"കണ്ണൻ വീണ്ടും ചോദിച്ചു.

"മ്മ് "

"മരുന്ന് കഴിച്ചോ?"

"മ്മ്.. "

"നിങ്ങൾ കഴിച്ചോ? "

"ഇല്ല.. കഴിക്കണം "
ചുവരിൽ ചാരി കൈ കെട്ടി നിൽക്കുന്ന സീതയെ ഒന്ന് പാളി നോക്കി പാറു.

കണ്ണൻ അവളെ നോക്കുന്നേയില്ലായിരിന്നു.

"എങ്കിൽ.. ഇവിടെ തന്നെ ഇരുന്നൂടെ. ഇനി എപ്പഴാ. ഇപ്പൊ തന്നെ ഒത്തിരി വൈകി "
കണ്ണൻ വീണ്ടും ചോദിച്ചു.

"നീ കഴിക്ക് കണ്ണാ. ഞങ്ങൾ കഴിച്ചോളാം "
പാറു ചിരിയോടെ പറഞ്ഞു.

"എങ്കിൽ പോയിട്ട് കഴിക്ക് രണ്ടും. എനിക്ക് വേണ്ടത് ഞാൻ എടുത്തു കഴിച്ചോളാം "
കണ്ണൻ പറഞ്ഞു.

വീണ്ടും അവിടെ നിന്ന അവരെ അവൻ നിർബന്ധിച്ചു കഴിക്കാൻ പറഞ്ഞു വിട്ടു.

ലല്ലു അവനൊപ്പം തന്നെ അവിടെ പറ്റി കൂടി.

"അങ്കിളിന് കുളിക്കണം "
സീതയും പാറുവും അടുക്കളയിൽ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിൽക്കൽ അതേ ഗൗരവത്തോടെ ലല്ലു വീണ്ടും പ്രത്യക്ഷപെട്ടത്.

"അവളും അവളുടെയൊരു പരട്ട അങ്കിളും. രണ്ടിനേം കൂടി എടുത്തു ചവിട്ടി കൂട്ടും ഞാൻ. കേട്ടോടി?"
സീത ലല്ലുവിന് നേരെ കണ്ണുരുട്ടി.

"വേഗം വേണം. അങ്കിൾ കാത്ത് നിൽക്കുവാ"

യാതൊരു കൂസലും കൂടാതെ ലല്ലു അത് പറഞ്ഞിട്ട് തിരികെ നടന്നു.

സീത അവളെ കൂർപ്പിച്ചു നോക്കുന്നത് കണ്ടിട്ട് പാറു അടക്കി ചിരിച്ചു.

"ചെല്ല്.."
സീതയെ നോക്കി പാറു പറഞ്ഞു.

സീത കൈ കഴുകി കൊണ്ട് ഉമ്മറത്തേക്ക് നടന്നു.

"പിറക് വശത്താണ് ബാത്ത്റൂം "

അവന് പിന്നിൽ വന്നു നിന്നിട്ട് സീത പറഞ്ഞു.

കണ്ണൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിലുള്ള തോർത്ത്‌ അവന്റെ നേരെ നീട്ടി.

സീത തന്നെയാണ് മുറ്റത്തേക്കിറങ്ങി ആദ്യം നടന്നത്.

അവൾക്ക് പിറകെ അമർത്തി പിടിച്ച ചിരിയോടെ കണ്ണനും.

അടുക്കളവശത്തുള്ള ബാത്റൂമിലേക്ക് കണ്ണൻ കയറി പോയിട്ടാണ് സീത അകത്തേക്ക് കയറിയത്.

അർജുൻ സുധാകരന്റെ മുറിയിലാണ് കിടന്നത്.

പാറു അമ്മമ്മയുടെ മുറിയിലേക്കും പോയി.

സീത അവരുടെ മുറിയിലെ കിടക്കവിരിയെല്ലാം മാറ്റി വിരിച്ചിട്ട് ഉമ്മറത്തെ തിണ്ണയിലിരുന്ന കണ്ണന്റെ ബാഗ് കൂടി അവിടെ കൊണ്ട് വന്നു വെച്ചു.

അവന്റെ മൗനം പടർത്തിയ നിരാശ അവളെ ചുഴിഞ്ഞു നിൽക്കുന്നുണ്ട്.

ഇനി എന്ത് പറഞ്ഞിട്ടാണ് ഈ പിണക്കമൊന്നു മാറ്റുന്നതെന്ന് ഓർത്തു കൊണ്ടവൾ പുറത്തേക്ക് നടന്നു.

കണ്ണൻ കുളിച്ചു കഴിഞ്ഞു വരുമ്പോൾ.. ഹാളിലെ മേശ തുടച്ചു കൊണ്ട് പാറു നിൽക്കുന്നുണ്ട്.

അവനെ കണ്ടിട്ട് അവളൊന്നു ചിരിച്ചു.

"ലല്ലു ഉറങ്ങിയോ പാറു "

കണ്ണൻ ചോദിച്ചു.

"മ്മ്.. ഇന്ന് ഇത്രേം നേരം ഇരുന്നത് തന്നെ നിന്റെ കൂടെയായിട്ടാ "
പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.

"ദേ.. ആ മുറിയിൽ കിടന്നോ. സൗകര്യങ്ങളൊക്കെ കുറവാണ് ട്ടോ "

കണ്ണൻ വീണ്ടും എത്തി നോക്കുന്നത് കണ്ടിട്ടാണ് പാർവതി അവന് വേണ്ടി ഒരുക്കിയ മുറിലേക്ക് ചൂണ്ടി പറഞ്ഞത്.

"ഇതേ സൗകര്യത്തിൽ തന്നെയല്ലേ നിങ്ങളിത്രേം കാലം ജീവിച്ചത്.. നോ പ്രോബ്ലം "
അവൻ കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.

"ഹരിയുടെ കാര്യത്തിൽ.. ഇനിയുമൊരു തീരുമാനം.. അത് വൈകിക്കുന്നത് റിസ്ക് ആണ് ട്ടോ "

പെട്ടന്നുള്ള കണ്ണന്റെ സംസാരത്തിന് മുന്നിൽ പാറു പകച്ചു നിന്നു.

അവൾ അവന് നേരെ..നോക്കി.

"ഇന്ന്... ഗിരീഷിനെ കണ്ടിരുന്നു "
കണ്ണന്റെ വാക്കുകൾ.

പാറു വിറച്ചു കൊണ്ട് മേശയിലേക്ക് ചാരി.

"അവന്റെ നോട്ടം ലല്ലു മോളിലാണ്. അവളിൽ കൂടി നിന്നെ കൂടെ കൂട്ടാൻ. അവന്റെ സെക്കന്റ്‌ മേരേജിൽ കുട്ടികൾ ഇല്ല. സ്വന്തം കുഞ്ഞ് ഉണ്ടാവുമ്പോൾ ഇനി വേറെ ഒന്നിനെ ദത്ത് എടുക്കുന്നത് എന്തിന് എന്നാ അവന്റെ ചോദ്യം.."

കണ്ണന്റെ വെളിപെടുത്തലിനു മുന്നിൽ പാറു നടുങ്ങി പോയിരുന്നു.

"ഇപ്പോഴത്തെ അവസ്ഥയിൽ അവനത് എളുപ്പമാണ്. നീയും കുഞ്ഞും തനിച്ചാണ്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് എത്രയും പെട്ടന്ന് നീ ഹരിയുടെ കൂടെ ചേരണം. ബാക്കിയുള്ളതൊക്കെ നമ്മുക്ക് നേരിടാം. മോളെ അമ്മ കൂടെയില്ലാതെ ഈ പ്രായത്തിൽ എന്തായാലും അച്ഛനൊപ്പം വിടില്ല."

കണ്ണൻ പറയുന്ന ഓരോ വാക്കുകളും പാറുവിന്റെ ഉള്ളിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചു.

അവൾ ഭയത്തോടെ അവനെ നോക്കി.

"പേടിക്കേണ്ട..ഒന്ന് കരുതിയിരുക്കാൻ ഞാൻ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. ഒന്നും ഉണ്ടാവില്ല. ഞങ്ങളൊക്കെയില്ലേ?"

കണ്ണൻ അലിവോടെ അവളെ നോക്കി.

"എന്റെ.. എന്റെ മോള്.."

പാറു വിങ്ങി.

"മോൾക്കൊന്നും വരില്ല. ജീവനുള്ളടത്തോളം കാലം ഹരി അതിന് സമ്മതിക്കുകയുമില്ല. ലല്ലുമോൾ അവന്റെ കുഞ്ഞാണ്. ഇനി അങ്ങനെ മതി ലല്ലു മോൾക്കുള്ള മേൽവിലാസം "

കണ്ണൻ ഉറപ്പോടെ പറഞ്ഞു.

പാറു ഒന്നും പറയാതെ മുഖം കുനിച്ചു.

അടുക്കളവാതിൽക്കൽ കയിലൊരു ജെഗ്ഗുമായി നിൽക്കുന്ന സീതയെ നോക്കി ചുണ്ടോന്ന് കോട്ടി കൊണ്ടാണ് കണ്ണൻ അകത്തേക്ക് കയറിയത്.

അവൾക്കന്നേരം അവന്റെ തലക്കൊന്ന് കൊടുക്കാനാണ് തോന്നിയത്.

ഇങ്ങനുണ്ടോ ഒരു പിണക്കം..?

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ടാണ് അകത്തേക്ക് ചെന്നതും.

കട്ടിലിൽ നീണ്ടു നിവർന്നു കിടന്നവൻ അവൾ ചെന്നതറിഞ്ഞു കണ്ണുകൾ ഇറുക്കിയടച്ചു.

സീത കയ്യിലുള്ള ജഗ് ജനൽ പടിയിൽ വെച്ച് കൊണ്ട് അവന് നേരെ തിരിഞ്ഞു.

കള്ളഉറക്കം നടിക്കുവാ..
അവൾ പല്ല് കടിച്ചു..

'കണ്ണേട്ടാ.. സീത പതിയെ വിളിച്ചു.

"മ്മ് "

കണ്ണു തുറക്കാതെ അവനൊന്നു മൂളി.

"ഇങ്ങനെ മോന്ത വീർപ്പിച്ചു നടക്കുന്നത് കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ. എന്റെ കണ്ണേട്ടന് ആ പഞ്ചാരകുഞ്ചു ഭാവം തന്നെയാണ് കൂടുതൽ മാച്ചു ചെയ്യുന്നത് "

അവൾ പറഞ്ഞത് കേട്ടിട്ട് അവനൊന്നു കലിപ്പിച്ചു നോക്കി.

"നിന്ന് കിണുങ്ങാതെ പോയി കിടക്കെടി "
അവൻ പല്ല് കടിച്ചു.

സീതയുടെ മുഖം വാടി.

"അപ്പൊ.. അത്രേം ആഴണ്ടല്ലേ.. എന്നോടുള്ള ദേഷ്യത്തിന് "
അവൾ സങ്കടത്തോടെ ചോദിച്ചു.

'ഉഫ്... ഇവളെന്നെ വഴി തെറ്റിച്ചേ അടങ്ങൂ 'മനുഷ്യൻ കടിച്ചു പിടിച്ചിരിക്കുന്നത് എങ്ങനെന്ന് ഈ ദുർഗാ ലക്ഷ്മിക്ക് അറിയുവോ..

കണ്ണൻ എഴുന്നേറ്റിരുന്നു.

"ഞാനെല്ലാം പറയാം ന്ന് പറഞ്ഞില്ലേ.. അപ്പോഴത്തെ എന്റെ മാനസികവസ്ഥ അങ്ങനായിരുന്നു. അത് കൊണ്ട് പറഞ്ഞു പോയതാ.."
സീത വീണ്ടും അവനെ നോക്കി.

കണ്ണനവളെയൊന്നു അടക്കി പിടിക്കാൻ തോന്നി.
പരിഭവം തീരുവോളം അവളിൽ ചുംബനങ്ങൾ വർഷിക്കുവാൻ തോന്നി..

ഇപ്പൊ ആ തോന്നലുകൾ ഒന്നും അത്ര നല്ലതല്ലെന്നും അവന് തോന്നി..

തത്കാലം ഈ പിണക്കം അതിനൊരു മറയാവട്ടെ ന്റെ ദുർഗാ ലക്ഷ്മി..

ചുണ്ടിൽ ഊറി കൂടിയ ചിരി അവൻ വളരെ കഷ്ടപെട്ടു കൊണ്ട് കടിച്ചമർത്തി.

"എനിക്കൊരു ദേഷ്യവുമില്ല. ഇപ്പൊ പോയി കിടന്നോ.. നാളെ രാവിലെ സംസാരിക്കാം. ഞാനുണ്ടാകും ഇവിടെ.. അത് പോരെ?"
അവൻ അലിവോടെ പറഞ്ഞു.

സീതയുടെ മുഖം പൂനിലാവ് പോലെ തിളങ്ങി.

ആ വാക്കുകൾ മതിയായിരുന്നു അവൾക്കുള്ളം തണുപ്പിക്കാൻ..

"ചെല്ല്.. ചേച്ചിയും അജുവും ഉള്ളതല്ലേ.."
കണ്ണൻ വീണ്ടും ഓർമ്മിപ്പിച്ചു.

അവളെ പറഞ്ഞു വിടാൻ തോന്നിയിരുന്നില്ല.
പക്ഷേ.. ഇതിപ്പോ അത്യാവശ്യമാണ്.
ചെയ്തു തീർക്കാൻ ഇച്ചിരി കാര്യങ്ങൾ കൂടിയുണ്ട്.

'അത് തീർത്തിട്ടേ.. നിന്നെ ഞാൻ എന്നോട് ചേർക്കൂ '

അവനുള്ളം മന്ത്രിച്ചു.

"എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്കണേ "

മുറിയുടെ വാതിൽ ചാരി നിന്നിട്ട് സീത ഓർമിപ്പിച്ചു.

അവൻ ഒന്ന് തലയാട്ടി കൊണ്ട് വീണ്ടും കണ്ണടച്ചു കിടന്നു.

തൊട്ടരികിൽ അവളുണ്ടെന്ന ഓർമ ഹൃദയതാളം തെറ്റിക്കുന്നുണ്ട്.

പക്ഷേ കാത്തിരുന്നേ മതിയാവൂ.

അവൻ തലയിണയിലേക്ക് മുഖം പൂഴ്ത്തി.
പെട്ടന്നാണ് അവന്റ ഫോൺ ബെല്ലടിച്ചത്.

ഹരിയാണ്..
കണ്ണന് ചിരി വന്നു അത് കണ്ടപ്പോൾ.
അതേ ചിരിയോടെ തന്നെയാണ് അവനാ ഫോൺ അറ്റന്റ് ചെയ്തതും.

"എന്താടാ.. നിനക്കൊരു ചിരി?"
ഫോൺ എടുത്തയുടൻ ഹരി ചോദിച്ചു.

"എനിക്കെന്താ.. ചിരിച്ചൂടെ?"
കണ്ണനും മറു ചോദ്യമെറിഞ്ഞു.

"നിനക്കൊരു കള്ളലക്ഷണം ഉണ്ടല്ലോ ടാ കള്ള കണ്ണാ "

ഹരിയുടെ മുഖം ഓർത്തപ്പോൾ കണ്ണന്റെ ചിരി ഒന്നൂടെ കൂടി.

"നിന്നോടാരായിപ്പോ വിളിക്കാൻ പറഞ്ഞത്?"
കണ്ണൻ കള്ളത്തരത്തോടെ ചോദിച്ചു.

"സത്യം പറഞ്ഞോ.. നിനക്ക് എന്തായിരുന്നു അവിടെ പണി?"
ഹരിയുടെ സ്വരം കൂർത്തു.

"പോടാ.. അതൊക്കെ നിന്നോട് പറയാൻ.. എനിക്കല്പം ചമ്മലുണ്ട് "
കണ്ണൻ ചിരി അമർത്തി.

"മോഞ്ഞേ... അത് സീതാ ലക്ഷ്മിയാണ്. നിന്റെ ഒരു വിളച്ചിലും നടക്കില്ല "
ഹരിയുടെ പുച്ഛം.

"മോഞ്ഞേ... ഇത് കണ്ണനാണ്.. നീ ഇപ്പൊ പറഞ്ഞു ചീതാ ലക്ഷ്മി എന്റെ ഭാര്യയും.. പോരെ..?"

കണ്ണനും വിട്ട് കൊടുത്തില്ല.

"നിന്റെ ആഗ്രഹം കൊള്ളാം.. പോട്ടെടാ മോനെ.. സമയം ആയിട്ടില്ല "

ഹരിയാണ് ഇപ്രാവശ്യം ചിരിച്ചത്.

കണ്ണനും പിടി വിട്ട് ചിരിച്ചു പോയി.

"അവൾ ഗെറ്റ് ഔട്ട്‌ അടിച്ചോ.. അതോ നീ അവളെ ഗെറ്റ് ഔട്ട്‌ അടിച്ചോ.. എന്താ ഉണ്ടായേ?"
ഹരി ചോദിച്ചു.

"രണ്ടുമല്ല..ഈ പിണക്കം ഇപ്പൊ ഒരു മറയാണ് ഹരി. തത്കാലം ഇതിങ്ങനെ പോട്ടെ.."
കണ്ണൻ പറഞ്ഞു.

"അതൊക്കെ പോട്ടെ.. നീ പാറുവിനോട് സംസാരിച്ചോ?"
അവൻ ആകാംഷയോടെ ചോദിച്ചു..

"ഓ.. എന്താ ശുഷ്‌കാന്തി.. ഇത് മുന്നേ കാണിച്ചിരുന്നുവെങ്കിൽ.. പെണ്ണിപ്പോ വീട്ടിലിരുന്നേനെ.. അപ്പൊ വെറുതെ ഇല്ലാത്ത ഓരോരോ ന്യായം പറഞ്ഞിട്ടല്ലേ?"

കണ്ണൻ കളിയാക്കി..

"മര്യാദക്ക് അവളെന്താ പറഞ്ഞതെന്ന് പറയെടാ.."
ഹരി വീണ്ടും മുൾമുനയിൽ എന്നത് പോലെ ചോദിച്ചു.

"അതോർത്തു കൊണ്ട് ഇനി നീ ടെൻഷൻ ആവേണ്ട. അതെല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ സെറ്റാക്കി വെച്ചിട്ടുണ്ട് ഞാൻ. ഇനിയൊരു മുഹൂർത്തം നോക്കിയാ മതിയാവും "

കണ്ണൻ പറഞ്ഞത് കേട്ട് ഹരി ഒരു നിമിഷം മൗനമായി.

"ഹലോ.. ഹരി.. കാമുകന്റെ റിലെ പോയോ "
കണ്ണൻ ചിരിയോടെ വിളിച്ചു ചോദിച്ചു.

"ഇല്ലെടാ.. പറ "
ഹരി പറഞ്ഞു..

"ഹാ.. ഇനി പറയാനൊന്നും ഇല്ല. മോൻ വെച്ചിട്ട് പോയെ. എനിക്കൊന്നുറങ്ങണം. രണ്ടു ദിവസമായി.. ഞാൻ ഉറങ്ങിയിട്ട് "
കണ്ണൻ ഓർമിപ്പിച്ചു.

"ഓഓഓ.. ആയിക്കോട്ടെ. തത്കാലം മോൻ അവളെയും സ്വപ്നം കണ്ടു കിടന്നുറങ്ങിക്കോ ട്ടാ"

ഹരി വീണ്ടും ചിരിയോടെ പറഞ്ഞു.

"വേണമെന്ന് കരുതിയിരുന്നേ.. ഇന്ന് ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുമായിരുന്നു.. അവളെന്റെ കാമുകിയല്ലടെയ്.. എന്റെ ഭാര്യയാണ്.. ഞാൻ ആഗ്രഹിച്ചു താലിയിട്ട് സ്വീകരിച്ച എന്റെ സ്വന്തം.. കൊല്ലങ്ങളോളം ആത്മാർത്ഥ പ്രണയത്തെ മനസിലിട്ട് പൂട്ടി കൊണ്ട് നടക്കാൻ ഇത് ഹരിയല്ല ട്ടാ.. കണ്ണനാണ് "

അവനും ചിരിയോടെ ഓർമിപ്പിച്ചു..

ഹരിയുടെ പതിഞ്ഞ ചിരി കേട്ട് കൊണ്ട് തന്നെയാണ് കണ്ണൻ ആ ഫോൺ കോൾ അവസാനിപ്പിച്ചതും.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story