സ്വന്തം ❣️ ഭാഗം 76

രചന: ജിഫ്‌ന നിസാർ

തൊട്ടരികിലെ മുറിയിൽ കണ്ണനുണ്ടെന്ന ഓർമയവളെ ഒരേ സമയം സമാധാനപെടുത്തുകയും ആശങ്കപെടുത്തുകയും ചെയ്യുന്നുണ്ട്.

എഴുന്നേറ്റു പോയി ആ അരികിൽ ഇരിക്കണമെന്നുണ്ട്.

പക്ഷേ പാറുവിന്റെ അരികിൽ നിന്നും പോവാൻ വയ്യ.

തീയിൽ കിടക്കുന്നത് പോലെ അരികിൽ കിടന്നു കൊണ്ടവൾ ഉരുകി തീരുന്നത് തത്കാലം സീത കണ്ടില്ലെന്ന് നടിച്ചു.

അവൾ ആ ഉള്ളുരുക്കത്തിൽ നിന്നുമൊരു തീരുമാനമെടുക്കണം.

ലല്ലു മോളെ നഷ്ടപെടുമെന്ന പേടി കൊണ്ടെങ്കിലും ഹരിക്കൊപ്പം ചേരാൻ അവൾക്കാവണം.

കേവലമിത്തിരി ആശ്വാസവാക്കുകൾ അവൾക്കുള്ളിലേക്ക് പകർന്നു കൊടുക്കുമ്പോൾ.. കാലങ്ങളായി അവളെ സ്നേഹിച്ചെന്ന കാരണം കൊണ്ട് നീറുന്ന ഹരിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുമത്.

അതിനിയും വയ്യ.

ഇപ്പൊയിത്തിരി വേദനിച്ചാലും ഹരിയുടെ അരികിൽ അവൾക്കൊരിക്കലും വേദനിച്ചു കൊണ്ട് കണ്ണു നിറക്കേണ്ടി വരില്ലെന്നത് ഉറപ്പാണ്.

ചിന്തകളുടെ ഭാരം.. അന്നത്തെ ഉറക്കത്തെ അപഹരിച്ചു കൊണ്ട് പോയിരുന്നു.

അത് കൊണ്ട് തന്നെ അന്ന് പതിവിലും നേരത്തെ ചാടി എഴുന്നേറ്റു.

നേർത്ത വെളിച്ചം മാത്രം..

മുറ്റത്തേക്കിറങ്ങുമ്പോൾ കുളിർന്നു പോയിരുന്നു.

മനസ്സ് പതിവില്ലാത്തൊരു ആശ്വാസം പേറുന്നു.

ഫ്രഷ് ആയതിനു ശേഷം ആദ്യം ചെന്നു നിന്നത് അച്ഛന്റെ ചിതക്കരികിലാണ്.

മൗനം കൊണ്ട് ഒട്ടനേകം കാര്യങ്ങൾ വിളിച്ചു പറഞ്ഞതും ഹൃദയമാണ്.

കൈ കൂപ്പി നിൽക്കുമ്പോൾ തഴുകി തലോടി കടന്ന് പോകുന്ന കാറ്റിനും അന്ന് വരെയും അനുഭവിചിട്ടില്ലാത്ത അച്ഛന്റെ സ്നേഹമാണ്.. കരുതലാണ്.

നേർത്തൊരു ചൂട് ശരീരത്തിലേക്ക് പടർന്നു..
പൊതിഞ്ഞു പിടിച്ച കൈകൾ..
അത് സ്വന്തം പ്രാണന്റെയാണെന്ന് തിരിച്ചറിയാൻ വെളിച്ചം വേണമെന്നേയില്ലായിരുന്നു.

തിരിഞ്ഞു നിൽക്കും മുന്നേ അവൻ മുഖം തോളിലേക്ക്  കുത്തി വെച്ചിട്ട് കൂടുതൽ ചേർത്ത് പിടിച്ചു.

അച്ഛന് കൊടുക്കുന്ന വാക്തനം പോലെ..

കണ്ണടച്ച് കൊണ്ട് നിൽക്കുമ്പോൾ എന്റേതെന്ന ചിന്ത ഉള്ളിൽ കനം തൂങ്ങി.

അവൻ തന്നെയാണ് തോളിൽ പിടിച്ചു കൊണ്ട് പിൻവശത്തേക്ക് നടന്നതും.

ശാന്തമായ മുഖത്തേക്ക് സീത വെറുതെയൊന്നു നോക്കി.

തെളിഞ്ഞ ആകാശം പോലെ..
വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ അലകളൊന്നുമില്ല.

"ഫ്രഷ് ആവണ്ടേ?"
സീത ചോദിച്ചു.

കൈ എത്തിച്ചു കൊണ്ടവൾ പേസ്റ്റ് അവന് നേരെ നീട്ടി.

"അതൊക്കെ ഞാൻ തപ്പി എടുത്തിരുന്നു "

പുറത്തേക്ക് തള്ളി നിൽക്കുന്ന തിണ്ണയിലേക്ക് ഇരുന്നു കൊണ്ട് കണ്ണൻ പറഞ്ഞു.

"എങ്കിൽ ഞാൻ ചായയെടുത്തിട്ട് വരാം "

അവനെ കടന്ന് സീത അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
പക്ഷേ അതിന് മുന്നേ കണ്ണൻ അവളെ വലിച്ചു മടിയിലേക്കിരുത്തി.

സീത പകച്ചുപോയി.

"ഇന്നെന്താണ്... ഞാൻ തൊട്ടപ്പോ വിറയാലൊന്നുമുണ്ടായില്ലല്ലോ?"
കണ്ണൻ പതിയെ കാതിൽ ചോദിച്ചു.

അവൾ ഉത്തരം പറയാതെ അവനെ മിഴിച്ചു നോക്കി.

"അല്ലെങ്കിൽ ഈ വിരൽ തുമ്പിൽ ഒന്ന് തൊട്ടാൽ പോലും പൂത്തു വിടരുന്ന എന്റെ പെണ്ണിനിന്ന് എത്ര നേരമാണ് യാതൊരു പരവേശവുമിലാതെ എന്നോട് ചേർന്നു നിന്നത്. "
കണ്ണൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

"ഞാൻ പിണങ്ങും എന്നോർത്തിട്ടാണോ..?അതോ എന്നെ വിശ്വാസമുണ്ടെന്ന് തെളിയിക്കാനോ.? ഉത്തരം പറയെന്റെ ചീതാ ലക്ഷ്മി..."

അവന്റെ പതിഞ്ഞ ശബ്ദം.

ചുറ്റി പിടിച്ചിരിക്കുന്ന മുറുക്കമുള്ള കരങ്ങൾ..

തന്നോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്ന ഹൃദയമിടിപ്പ്.

സീതയുടെ ഉള്ളം പ്രണയം ഇരമ്പി.

"രണ്ടുമല്ല.. ഇയാളില്ലാതെ.. എനിക്കിനി വയ്യ. ഞാൻ.. ഞാൻ മരിച്ചു പോകും "

പറഞ്ഞതും സീതായവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

പെട്ടന്നുള്ള അവളുടെയാ പ്രവർത്തിയിൽ കണ്ണൻ പിടഞ്ഞു കൊണ്ടവളെ കൂടുതൽ അമർത്തി പിടിച്ചു.

ഞാനും... "അവന്റെ വാക്കുകളുടെ കുളിര് കാതോട് ചേർന്നതും സീത വേഗം മുഖം ഉയർത്തി.

വാക്കുകളുടെ മേമ്പൊടിയില്ലാതെ... പ്രകൃതി പോലും അവരുടേയാ പ്രണയത്തിനു കുളിര് പകർന്നു.

വിരഹത്തിന്റെ പരിഭവങ്ങളെല്ലാം ചേർത്ത് പിടിക്കലുകൾ കൊണ്ട് അലിയിച്ചു കളഞ്ഞു.ഹൃദയതാളം പോലും ശാന്തമാണ്. അവളെതിർപ്പ് പറയില്ലെന്ന് ഉറപ്പുണ്ടായിട്ടും ഒരു ചുംബനം കൊണ്ട് പോലും ആ നിമിഷങ്ങളുടെ മനോഹാരിത കളയാൻ കണ്ണന് തോന്നിയില്ല.
പ്രണയം മാത്രം പേറി ഹൃദയം വീർപ്പു മുട്ടി 

"ചേച്ചി വരും.."
സീത ഓർമ്മിപ്പിച്ചപ്പോൾ കണ്ണൻ അവളിൽ നിന്നും കൈ എടുത്തു മാറ്റി.

സീത അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു.

"ചായ എടുത്തിട്ട് വരാം "

അവൾ പറഞ്ഞു.
കണ്ണൻ തലയാട്ടി കൊണ്ട് അവിടെ തന്നെയിരുന്നു.

                       ❣️❣️❣️❣️

"അടുത്ത ആഴ്ചയോടെ എക്സാം തീരില്ലേ?"

കഴിച്ചു കൊണ്ടിരിക്കുന്നപ്പോഴാണ് കണ്ണൻ അജുവിനോട് ചോദിച്ചത്

"മ്മ് "
അവൻ കണ്ണനെ നോക്കി.

"നിനക്ക് വേണ്ടിയൊരു ജോലി ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്. തത്കാലം പിടിച്ചു നിൽക്കാൻ അത് മതിയാവും. റിസൾട് വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. ഇനി നീ നാട്ടിൽ നിൽക്കുന്നത് സേഫ് അല്ല. നിന്റെ കൂടെയുള്ള വെറും ലോക്കൽസാണ് പിടിയിലായിട്ടുള്ളത്. വമ്പൻമാരിപ്പോഴും പാമ്പിന്റെ പകയോടെ പുറത്തുണ്ടാവും.ഇനി നീ ഇവിടെ നിൽക്കണ്ട..ഹരിയും അത് തന്നെയാണ് പറഞ്ഞത് "

കണ്ണൻ പറഞ്ഞത് കേട്ട് പാറുവിന്റെയും സീതയുടെയും അജുവിന്റെയും മുഖം മങ്ങി.

"ഡോണ്ട് വറി... ഞാനൊന്ന് സൂചിപ്പിച്ചു എന്ന് മാത്രം. ഒരു യാത്രക്ക് ഒരുങ്ങിയിരിക്കാൻ വേണ്ടി. ഞാൻ പോകുമ്പോൾ എന്റെ കൂടെ വന്നേക്കണം "

കഴിച്ചു കഴിഞ്ഞു കണ്ണൻ എഴുന്നേറ്റു.

ശ്രീ നിലയത്തിലേക്ക് പോകാൻ വേണ്ടി അവൻ റെഡിയായിട്ടുണ്ട്.

ഹരി വരുമെന്ന് പറഞ്ഞിട്ടുണ്ട്. അവന് വേണ്ടിയുള്ള കാത്തിരിപ്പാണ്.

"മുത്തശ്ശിയാണ്.. നിന്നെ അന്വേഷിക്കുന്നു "
അടുക്കളയിൽ ചായ കുടിച്ച് കൊണ്ടിരിക്കുന്ന സീതയുടെ അരികിലെക്ക് ചെന്നിട്ട് കണ്ണൻ ഫോൺ നീട്ടി.

പതിഞ്ഞൊരു ചിരിയോടെ അവൾ ഫോൺ വാങ്ങിച്ചു.

"കുട്ട്യേ... മറന്നോ നീയെന്നെ?"

അവശത നിറഞ്ഞ വാക്കുകൾക്കിടയിലും വാത്സല്യം തുളുമ്പി നിൽക്കുന്നു.

സീതയുടെ ഹൃദയം പിടച്ചു.

"ഞാൻ മറക്കുവോ മുത്തശ്ശി? "

അവൾക്ക് സങ്കടം വന്നിരുന്നു.

"എനിക്ക് നിന്നെ കാണാൻ തോന്നുന്നു.. വരുവോ കണ്ണന്റെ കൂടെ..? ഇനി ചിലപ്പോൾ വിളിക്കാൻ മുത്തശ്ശി ഉണ്ടായില്ലെങ്കിലോ?"
ഉൾകിടിലെത്തോടെയാണ് അവളാ വാക്കുകൾ കേട്ടത്.

"ഞാൻ വരാം മുത്തശ്ശി "

കൂടുതലൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല... അവൾക്കാ വാക്ക് കൊടുക്കാൻ.

"ഞാൻ കാത്തിരിക്കും."
അവരുടെ പ്രതീക്ഷ നിറഞ്ഞ വാക്കുകൾ അവൾക്കുള്ളിൽ വീണ്ടും സങ്കടമാണ് നൽകിയത്.

"മുത്തശ്ശിക്കെന്നെ കാണാണമെന്ന് "

ഫോൺ വെച്ചതും അരികിലിരുന്ന പാറുവിനോട് സീത പറഞ്ഞു.

"പോയിട്ട് വാ "
അവളും ചിരിച്ചു കൊണ്ട് പറഞ്ഞു.

ഫോൺ തിരികെ കൊടുക്കാൻ ചെന്നപ്പോൾ കണ്ണൻ മുറിയിലാണ്.

"ഞാനും.. ഞാനും കൂടി വന്നാലോ?"
ഫോൺ അവന് നേരെ നീട്ടി കൊണ്ട് സീത ചോദിച്ചു.
കണ്ണന്റെ നെറ്റി ചുളിഞ്ഞു.

"മുത്തശ്ശിക്കെന്നെ കാണണമെന്ന് "
സീത പറഞ്ഞു.

"മ്മ്.. പെട്ടന്ന് റെഡിയാവ് എന്നാ. ഹരിയിപ്പോ വരും "
അവൻ പറഞ്ഞത് കേട്ട് സീത ധൃതിയിൽ തിരിഞ്ഞു നടന്നു..

കണ്ണന്റെ ചുണ്ടിൽ... ഒരു ചിരിയുണ്ടായിരുന്നുവപ്പോൾ..

                            ❣️❣️❣️❣️

പത്തു മിനിറ്റ് കൊണ്ട് ഹരി വരുമ്പോഴേക്കും സീതയും റെഡിയായി കഴിഞ്ഞിരുന്നു.

"ഇവളും വരുന്നുണ്ടോ?"

ഹരി ഒരുങ്ങിയിറങ്ങിയ സീതയെ നോക്കി കണ്ണനോട് ചോദിച്ചു.

"അവൾക്കിനി ഞാനില്ലാതെ വയ്യെന്ന് "
കണ്ണൻ അൽപ്പം നാണം അഭിനയിച്ച് കൊണ്ട് പറഞ്ഞത് കേട്ട് ഹരി ഒന്ന് തലകുലുക്കി.

മ്മ്.. ഞാൻ വിശ്വസിച്ചു.. "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"നിനക്ക് അസൂയ ആണെടാ തെണ്ടി.."
അവന്റെയാ ഭാവം കണ്ടിട്ട് കണ്ണൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

ഹരി ചിരി അമർത്തി കൊണ്ട് അവനെ നോക്കി.

"മുത്തശ്ശി കാണണം ന്ന് പറഞ്ഞു ഹരി. ഞാനൊന്ന് പോയിട്ട് വരാം "

അവളുടെ വാക്കുകൾ കേട്ടിട്ട് ഹരി കണ്ണനെയാണ് നോക്കിയത്.
അവൻ തിരിച്ചും..

"പോയിട്ട് വാ എന്ന.. "

കാറിന്റെ കീ ഹരി കണ്ണന് നേരെ നീട്ടി.

"നീയിനി എങ്ങനെ പോകും?"

"അത് സാരമില്ല.. നീ വിട്ടോ"

ഹരി കണ്ണന്റെ തോളിൽ തട്ടി.

ഒരുവട്ടം കൂടി യാത്ര പറഞ്ഞിട്ട് കണ്ണൻ പോവാനിറങ്ങി.

ലല്ലു മോൾക്ക് നല്ല സങ്കടമുണ്ടായിരുന്നു.

അങ്കിൾ ഉടനെ വരണം എന്നവനെ കൊണ്ട് വാക്ക് വാങ്ങിച്ചിട്ടാണ് അവൾ കണ്ണന്റെ കയ്യിൽ നിന്നും താഴെയിറങ്ങിയത്.

അവർ ഇറങ്ങി പോയതും അജു അകത്തേക്ക് തന്നെ പോയി.

"പോട്ടെ..."
ഹരിയും പാറുവിനെ നോക്കി യാത്ര പറഞ്ഞു കൊണ്ട് പോവാനിറങ്ങി.

ഹരി...

പാറു എന്തോ പറയാനുള്ളത് പോലെ വിളിച്ചു.

ഹരി തിരിഞ്ഞു നിന്ന് കൊണ്ടവളെ നോക്കി..

"എന്തേ...?"

"കണ്ണൻ... കണ്ണൻ ഇന്നലെ പറഞ്ഞു.. ഗിരീഷേട്ടൻ... നിങ്ങൾ കണ്ടെന്ന് .."

അവളുടെ വിറച്ച സ്വരം..
ലല്ലുവിന്റെ മേൽ മുറുകുന്ന കൈകൾ..

ഹരിയുടെ ഹൃദയം നൊന്തു.അവളിലെ അമ്മയെ ഓർത്തിട്ട്.

"പേടിക്കേണ്ട... ഞാനില്ലേ.. എന്റെ മോൾക്കൊരു പോറൽ പോലുമേൽക്കാതെ ഞാൻ നോക്കികൊള്ളാം "

ഹരി അവൾക്കടുത്തു വന്നിട്ട് ലല്ലുവിന്റെ കവിളിൽ തലോടി.

അവനരികിൽ വന്നതും ലല്ലു ആ കൈകളിലേക്ക് ചാഞ്ഞിരുന്നു.

"എനിക്ക്... എനിക്ക് ഓർക്കുമ്പോൾ തന്നെ വിറക്കുന്നു ഹരി. എന്തും ചെയ്യാൻ മടിയില്ലാത്തവനാ.. ചോദിക്കാനും പറയാനും എനിക്കാരുമില്ലെന്ന് അയാൾക്കറിയാം ഹരി.. ഞാനിനി എന്ത് ചെയ്യും?"
കരഞ്ഞു കൊണ്ട് പാർവതി അവനെ നോക്കി..

"അപ്പൊ.. അപ്പൊ പിന്നെ ഞാനാരാ പാറു..?എന്റെ സ്നേഹത്തിനിപ്പോഴും നിനക്ക് മുന്നിൽ യാതൊരു വിലയുമില്ലന്നോ?"

അത്യന്തികം വേദനയോടെ ഹരിയുടെ ചോദ്യം..

"ആളും ആരാവങ്ങളും.. മുഹൂർത്തവും ഒന്നും.. ഒന്നും വേണ്ട.. എന്റെ കൂടെ വാ.. നിന്റെ നിഴൽ വെട്ടത്തു പോലും ആരും വരില്ല.. ഇതെന്റെ വാക്കാണ്.. വർഷങ്ങളായി ഞാൻ കാത്ത് സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എന്റെ പ്രണയത്തിന്റെ ഉറപ്പാണ് "

ഹരി അവളുടെ നേരെ നോക്കി പറഞ്ഞു.

നെഞ്ചിലേക്ക് ചേർത്ത് പിടിക്കണമെന്നും ആ ഹൃദയമിടിപ്പ് നേരെയാവും വരെയും പ്രണയത്തിന്റെ ചൂട് പകർന്നു കൊടുക്കണമെന്നും ഉള്ളിലുള്ള അടങ്ങാത്ത മോഹത്തെ അവൻ കടിച്ചു പിടിച്ചു..

"നിനക്കിഷ്ടമല്ലാത്ത ഒന്നിനും.. ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല പാറു "

അവളുടെ മൗനം കണ്ടിട്ടായിരുന്നു ഹരി അപ്പോഴങ്ങനെ പറഞ്ഞതും..

ലല്ലു അപ്പോഴും അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു കിടന്നു...

                            ❣️❣️❣️❣️

റിമി ഇപ്പോഴും അവിടെതന്നെയുണ്ടെന്നുള്ള ഓർമ ശ്രീനിലയത്തിലേക്ക് അടുക്കുതോറും സീതയുടെ ഹൃദയമിടിപ്പ് കൂട്ടി.

തന്നെയും കണ്ണേട്ടനൊപ്പം കാണുമ്പോൾ അവളെങ്ങനെ റിയാക്ട് ചെയ്യുമെന്നും.. കണ്ണേട്ടൻ അതെങ്ങനെ നേരിടും എന്നൊക്കെയോർത്തിട്ട് അവൾക്കൊരു സമാധാനവുമില്ലായിരുന്നു.

കാണാൻ തോന്നുന്നു എന്ന നാരായണി മുത്തശ്ശിയുടെ ആഗ്രഹതിനപ്പുറം അപ്പോഴൊന്നും ഓർത്തിരുന്നില്ല.

പക്ഷേ.. ഇപ്പൊ.. ചെയ്തത് ഒരു അബദ്ധമായോ എന്നൊരു തോന്നൽ.

തല ചെരിച്ചു കണ്ണനെ നോക്കി.

വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം ഉള്ളിലെ ആശങ്ക കൂട്ടി.

ഒറ്റയ്ക്കാവുമ്പോഴുള്ള കുസൃതികളൊന്നുമില്ല..

പ്രണയം തുടിക്കുന്ന നോട്ടങ്ങളോ... വാക്കുകളോയില്ല.

"കണ്ണേട്ടാ... "

സീത മെല്ലെ വിളിച്ചു നോക്കി..

"മ്മ്.."
ഒന്ന് നോക്കി കൊണ്ട് മൂളി..

"ഞാൻ.. ഞാൻ ഇന്ന് പോരണ്ടായിരുന്നുവല്ലേ?"

അവൾ വല്ലായ്മയോടെ ചോദിച്ചു.

"അതെന്തായിപ്പോ പെട്ടന്ന് അങ്ങനൊരു തോന്നൽ?"
അവന്റെ നെറ്റി ചുളിഞ്ഞു.

സീത ഒന്നും മിണ്ടിയില്ല..

"മുത്തശ്ശി അത്രയും ആഗ്രഹിച്ചു വിളിച്ചതല്ലേ ലച്ചു?  ചെന്നില്ലങ്കിൽ ആൾക്ക് അതൊരു സങ്കടമാവില്ലേ?"
അവൻ വീണ്ടും ചോദിച്ചു.

"അത് കൊണ്ട് തന്നെയാണ് ഞാനും..."
സീത പതിയെ പറഞ്ഞു.

"ഡോണ്ട് വറി... ഞാനില്ലേ?"
അവന്റെ കൈകൾ അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചു.

"അത് തന്നെയാണ് എന്റെ പേടിയും.."

സീത മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story