സ്വന്തം ❣️ ഭാഗം 77

രചന: ജിഫ്‌ന നിസാർ


അവരെ പ്രതീക്ഷിച്ചെന്നത് പോലെ ഉമ്മറത്തു നിരന്നിരിക്കുന്നവരെ കണ്ടിട്ട് സീത ആശങ്കയോടെ കണ്ണനെ നോക്കി.

അവന്റെ മുഖത്തൊരു ഗൂഡമായ ചിരിയുണ്ട്.

അതിനർത്ഥമാണ് എത്ര ആലോചിച്ചു നോക്കിയിട്ടും അവൾക്ക് മനസ്സിലാവാഞ്ഞതും.

"എന്ത് നോക്കിയിരിക്കുവാ.. ഇറങ്ങി വാ. കാത്തിരിക്കുന്നവരെ കണ്ടില്ലേ നീ? നമ്മുക്ക് വേണ്ടിയാണ് അവരുടെ വിലപ്പെട്ട സമയം പോകുന്നത്. പെട്ടന്ന് വാ "

സീറ്റ് ബെൽറ്റ് ഊരി മാറ്റി അതേ ചിരിയോടെ ഉമ്മറത്തിരിക്കുന്നവരെ നോക്കി കണ്ണൻ പറഞ്ഞു.

"വഴക്കുണ്ടാക്കല്ലേ.."

സീത അവനെ നോക്കി.
"ഏയ്.. ഇത് വഴക്കിലൊന്നും നിൽക്കില്ലെടി "

അവൻ അവൾക്ക് നേരെ ഒന്ന് കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.
കണ്ണനിറങ്ങി കഴിഞ്ഞിട്ടാണ് സീതയിറങ്ങിയത്.

വാ.. പിന്നിലെ ഡോർ തുറന്നിട്ട് ബാഗ് വലിച്ചെടുത്തു കൊണ്ട് കണ്ണൻ സീതയുടെ നേരെ കൈ നീട്ടി.

ഒട്ടൊരു പതർച്ചയോടെയാണ് സീത അവന്റെ കൈ പിടിച്ചത്..

"അവിടെ നിക്ക്.. നീ ഒറ്റക്കിങ്ങോട്ട് കയറിയാ മതി "

സ്റ്റെപ്പിലേക്ക് കാലെടുത്തു വെക്കും മുന്നേ പ്രധാപ വർമ്മയുടെ കല്പന.

കണ്ണൻ മുഖം ചെരിച്ചു കൊണ്ട് സീതയെ നോക്കി.
ചിരിച്ചു കൊണ്ടവൻ കണ്ണടച്ച് കാണിച്ചു.

വീണ്ടും പടി കയറാൻ നിൽക്കുന്നവന് മുന്നിലേക്ക് രവിവർമ്മയും ജിതിനും.. മനോജും കയറി നിന്നു.

"ഞാനെന്റെ പെണ്ണിനെ കൊണ്ട് ഇവിടെ വരെ വന്നിട്ടുണ്ടെങ്കിൽ അകത്തോട്ടും കയറും. അതൊന്നും തടയാൻ തത്കാലം നിങ്ങൾ വിചാരിച്ച നടക്കില്ല മക്കളെ "

കണ്ണൻ പരിഹാസത്തോടെ പറഞ്ഞു.

പിന്നിലെ സ്ത്രീജനങ്ങളുടെ അടക്കം മുഖം ദേഷ്യം കൊണ്ട് ചുവന്നു വിങ്ങിയിട്ടുണ്ട്.

ആട്ടിൻ കൂട്ടങ്ങളെ തമ്മിലടിപ്പിച്ചു കൊന്ന് തിന്നാൻ തക്കം പാർത്തു നിൽക്കുന്ന ചെന്നായയെ പോലെ കാർത്തിക്ക് ഒരരികിൽ മാറി നിൽപ്പുണ്ട്.

കണ്ണന്റെ കണ്ണുകൾ കുറുകി അവനെ നോക്കുമ്പോൾ.

"കയറിക്കോ.. പക്ഷേ.. നീ ഒറ്റയ്ക്ക്. ഇവളെ ഇവിടെ കയറ്റുന്ന പ്രശ്നമില്ല "

ജിതിൻ സീതയെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.

"അത് പറയാൻ നീ ആരാടാ?"
കണ്ണൻ അവനരുകിലേക്ക് ഒരടി കൂടി നീങ്ങി.

സീത അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.

"ജിതിനെ..."
പിന്നിൽ നിന്നും സുധീഷിന്റെ മുറുകിയ സ്വരം.

"വെറുതെ ഷോ കാണിക്കാതെ നീ അകത്തു കയറി പോടാ.. നിന്നെ പോലെ തന്നെ കണ്ണനും ഇവിടെ തുല്യ അവകാശമുണ്ട് "

സുധീഷ് മകനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"ഹാ.. നിങ്ങളൊന്നു മിണ്ടാതിരി.. ഒരുമാതിരി നനഞ്ഞ പടക്കം പോലെ. ഇത് എങ്ങനെ തീർക്കണമെന്നെനിക്കറിയാം "
ജിതിൻ പരിഹാസത്തോടെ മുരണ്ടു.

തനിക്കവനെ തിരുത്താനാവില്ലെന്ന് സുധീഷിന് മനസ്സിലായി.

അച്ഛനെക്കാൾ അവന് പ്രിയം.. വെട്ടൊന്ന് മുറി രണ്ട് എന്ന് പറഞ്ഞു നടക്കുന്ന വല്ല്യച്ചൻമാരെയാണ്.

അവരാണ് അവനെ ഇന്നീ നിലയിലേക്ക് എത്തിച്ചതും.

പൊതുവെ സമാധാനപ്രിയനായ താൻ അവന്റെ മുന്നിൽ ഉശിരില്ലാത്തവനും.. ഒന്നിനും കൊള്ളാത്തവനുമാണ്.

അയാളിലെ അച്ഛൻ വ്രണപെട്ട മനസ്സോടെ മുഖം കുനിച്ചു.. തിരിഞ്ഞു നടന്നു..
മറ്റുള്ളവരുടെ കണ്ണിൽ പരിഹാസമായിരുന്നുവെങ്കിലും കണ്ണനും സീതയും അയാളെ സഹതാപത്തോടെ നോക്കി.

"ഇറങ്ങെടാ വെളിയിൽ..."
രവി വർമ്മയാണ് ഇപ്രാവശ്യം അലറുന്നത്.
കണ്ണന് പക്ഷേ കൂസലൊന്നുമില്ല.

അവൻ കയ്യിലുള്ള ബാഗ് താഴെ വെച്ചിട്ട് ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു പേപ്പർ വലിച്ചെടുത്തു.

കൂടി നിൽക്കുന്നവരുടെ കണ്ണിലെല്ലാം ചോദ്യങ്ങൾ വിടർന്നു.

"എന്താടാ അത്?"
പ്രധാപ് വർമ്മ അവന്റെ നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു.
"ഹാ.. കിടന്നു പിടക്കാതെ വല്ല്യമ്മാമ.. ഞാൻ പറയല്ലേ.."
അവൻ ചിരിച്ചു കൊണ്ട് അയാളെ നോക്കി.

ചുറ്റും ഒന്ന് നോക്കിയിട്ട് അയാൾ നീട്ടിയ കൈ പിൻവലിച്ചു.

"ദേ.. ഈ ചോദ്യം നിങ്ങൾക്കെല്ലാവർക്കുമില്ലേ?"
കണ്ണനും ചുറ്റും നോക്കി.

"നിന്ന് പ്രസംഗം നടത്താതെ കാര്യം പറയെടാ "
മനോജ്‌ ദേഷ്യത്തോടെ മുരണ്ടു.

"നിന്നോടും കൂടിയാടാ ഞാൻ പറഞ്ഞത്. കിടന്നു പിടക്കല്ലെന്ന് "
കണ്ണന്റെ ചിരി മാഞ്ഞു.

മനോജ്‌ അടി കിട്ടിയത് പോലെ വിളറി.

"കോടതിയിൽ നിന്നുള്ള ഉത്തരവ് ആണ് ഈ കുഞ്ഞു കടലാസിൽ..വലിയൊരു അവകാശമായി നിറഞ്ഞു നിൽക്കുന്നത്."
അവൻ കയ്യിലുള്ള പേപ്പർ ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

"ശ്രീ നിലയത്തിലെ സ്വത്തു വകകളിൽ ദേവയാനിയുടെ ഒരേയൊരു മകനായ.. കിരൺ വർമ്മക്ക് എല്ലാവിധ അവകാശങ്ങളും ഉണ്ടെന്ന് വളരെ വ്യക്തമായി പറയുന്ന രേഖ "

മുഖത്തൊരു ചിരിയോടെ കണ്ണനത് പറയുമ്പോൾ കേട്ടവരെല്ലാം അവനെ പകച്ചു നോക്കി.

പേടിച്ചത് സംഭവിച്ചു കഴിഞ്ഞോ എന്നൊരു പേടി ആ കൂടി നിൽക്കുന്ന ഓരോ കണ്ണുകളിലും നിഴലിട്ട് നിൽക്കുന്നത് കണ്ണൻ കണ്ടു.

അവനൊരു സംതൃപ്തി തോന്നി..

"പറഞ്ഞതല്ലേ ഞാൻ.. നേടുമെന്ന് പറഞ്ഞ അത് നേടിയിട്ടേ തിരികെ പോകൂ എന്ന് "

അവൻ നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ചുറ്റും നോക്കി.

"അങ്ങനെ നീ വെറുതെയൊരു പേപ്പർ പൊക്കി പിടിച്ചു നിന്നത് കൊണ്ടായോ? ഇങ്ങ് തന്നേ സത്യമാണോ എന്ന് നോക്കട്ടെ "

കാർത്തിക്ക് മുന്നോട്ടു വന്നിട്ട് കൈ നീട്ടി.

"അത് പരിശോധന നടത്താൻ നീ ഇവിടുത്തെ ആരാടാ..? ശ്രീ നിലയത്തിലെ വെറുമൊരു ആശ്രിതയുടെ മകൻ.. നീ എന്റെ മുന്നിൽ നിൽക്കാൻ പോലുമില്ല "

ഉള്ളിലുള്ള രോഷമത്രയും കാർത്തിക്കിനെ നോക്കുമ്പോൾ കണ്ണന്റെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്നു.രാജിയുടെ മുഖം വിളറി..

കണ്ണനെ കൊ..ന്ന് കളയാനുള്ള ദേഷ്യത്തോടെ രാജിയവനെ തുറിച്ചു നോക്കി.

കയ്യിലുള്ള പേപ്പർ അവൻ പ്രധാപ് വർമ്മയ്ക്ക് നേരെ നീട്ടി.

അയാളത് വാങ്ങുന്നതും നിമിഷങ്ങൾ കൊണ്ട് ആ മുഖം വിളറി വെളുക്കുന്നതും നോക്കി കണ്ണൻ നിന്നു.

സീത വല്ലാത്തൊരു വീർപ്പു മുട്ടലോടെയാണ് അവർക്കരികിൽ നിൽക്കുന്നത്.

അവരിൽ നിന്നുമിറങ്ങിയോടി... മുത്തശ്ശിയുടെ മുറിയിലെത്തി ചേരാൻ അവൾക്കുള്ളം തുടിച്ചു..

ദയനീയമായി നോക്കുന്ന പ്രധാപ വർമ്മയുടെ കണ്ണുകൾ തന്നെ മറ്റുള്ളവർക്ക് വേണ്ടുന്ന മറുപടി കൊടുത്തിരുന്നു.

"ഇനിയാർക്കും തടസ്സമൊന്നും പറയാനില്ലല്ലോ?"
കണ്ണൻ പ്രധാപ വർമ്മയുടെ കയ്യിലെ പേപ്പർ വാങ്ങി വീണ്ടും പോക്കറ്റിൽ തിരുകി..

"ഞാനുള്ളടത്ത് തന്നെ ഇനിയെന്റെ  പെണ്ണുമുണ്ടാവും. അത് തടയാൻ ആരെങ്കിലും എന്റെ മുന്നിൽ വന്ന..."

അവന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞു..

"പിന്നെ മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാനുണ്ട്. നാളെയോ മറ്റന്നാളോ... കുടുംബക്ഷേത്രത്തിൽ നിന്നും കിരൺ വർമ സീതാ ലക്ഷ്മിയെ ഒന്ന് കൂടി താലി കെട്ടി സ്വന്തമാക്കും. എന്തിനെന്നറിയുവോ?"

ചുറ്റും പകച്ചു നിൽക്കുന്ന മുഖങ്ങൾ നൽകിയ ലഹരിയിൽ കണ്ണൻ ചിരിയോടെ വിളിച്ചു ചോദിച്ചു.

അവന്റെ കൈകൾ സീതയെ പൊതിഞ്ഞു.

"എനിക്കോ ഇവൾക്കോ വേണ്ടിയല്ല. നിങ്ങൾക്ക് വേണ്ടി. വെറുതെയിട്ടൊരു മാലയിൽ സീതാ ലക്ഷ്മിയെ എന്നോട് ചേർത്ത് വെക്കാനാവില്ലെന്നുള്ള നിങ്ങളുടെ ബാലിശമായ ആഗ്രഹം... അത് ഞാനങ്ങു തീർത്തു തരുന്നു.. എന്നോടിത്രേം സ്നേഹമുള്ള നിങ്ങളോട് ഇത്രയെങ്കിലും ഞാനും ചെയ്യണ്ടേ?"

അവന്റെ സ്വരത്തിൽ വീണ്ടും പരിഹാസം തുളുമ്പി.

"സീതാ ഇന്നത്തെ ദിവസം ഇവിടുണ്ടാവും..നിങ്ങളുടെ ഭാഷയിൽ പറഞ്ഞ പഴയയാ വേലക്കാരിയായിട്ടല്ല. ശ്രീ നിലയത്തിലെ കിരൺ വർമ്മയുടെ പെണ്ണായിട്ട്.. ആ പരിഗണനയിൽ വേണം അവൾക്ക് മുന്നിൽ ചെന്നു നിൽക്കാൻ.."

ഓർമിപ്പിക്കും പോലെ കണ്ണൻ പറഞ്ഞു.

ഇരുണ്ട മുഖങ്ങളെല്ലാം അതോടെ ഒന്ന് കൂടി ഇരുണ്ടു കൂടി..

സീതയുടെ കയ്യിൽ പിടിച്ചു കൊണ്ടാണ് കണ്ണൻ തിരിച്ചു നടന്നത്.

"അല്ല.. എന്റെയൊരു കൂട്ടുകാരിയെ ഇവിടെ ഇട്ടിട്ട് പോയിരുന്നല്ലോ ഞാൻ.. എന്നോടുള്ള വാശിക്ക് നിങ്ങളെല്ലാം കൂടി തല്ലി കൊന്നോ അവളെ..? കാണുന്നില്ലല്ലോ ഇവിടെ.. ഞാൻ വന്നത് അറിഞ്ഞില്ലേയിനി?"

ഉത്തരം കിട്ടില്ലെന്ന്‌ ഉറപ്പുള്ളത് പോലെ ആ ചോദ്യത്തോടെ കണ്ണൻ അകത്തേക്ക് നടന്നു..

"കണ്ണേട്ടാ..."
കൈ പിടിച്ചു ഗൗരവത്തിൽ നടക്കുന്നവനെ സീത തോണ്ടി വിളിച്ചു.

"മ്മ്.."
അവളെ നോക്കാതെ അവനൊന്നു മൂളി.

"കണ്ണേട്ടാ..."
അവൻ നോക്കുന്നില്ലെന്ന് കണ്ടു സീത വീണ്ടും വിളിച്ചു.

"ന്താടി "
അവൻ കണ്ണുരുട്ടി കൊണ്ടവളെ നോക്കി.

സീത മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.

"കാര്യം പറ ദുർഗാ ലക്ഷ്മി?" കണ്ണൻ അവളെ വലിച്ചടുപ്പിച്ചു

"അവരോട് പറഞ്ഞതൊക്കെ സത്യമാണോ?"

സീത ചോദിച്ചു.

"അത്രേം വിവരവും കുരുട്ടു ബുദ്ധിയുമുള്ള അവര് വിശ്വസിച്ചു.. പിന്നെ നിനക്കെന്താ അങ്ങനൊരു സംശയം?"
കണ്ണൻ നടത്തം നിർത്തി അവളെ നോക്കി.

അല്ല.. ഞാൻ വെറുതെ.. "
അവന്റെ കൂർത്ത നോട്ടത്തിൽ സീതയൊന്നു പതറി.

"ഓഓഓ.. സീതാ ലക്ഷ്മിക്ക് എന്നെ വിശ്വാസമില്ലല്ലോ അല്ലേ?"
കണ്ണന്റെ ചുണ്ട് കോടി..

"അങ്ങനൊന്നും ഞാൻ കരുതിയിട്ടില്ല..."
സീത മങ്ങിയ മുഖത്തോടെ പറഞ്ഞു.

"പിന്നെങ്ങനാ നീ കരുതിയിരിക്കുന്നത്.. അത് പറ?"
കണ്ണൻ അവൾക്കറികിലേക്ക് നീങ്ങി വന്നു.

സീത മിണ്ടുന്നില്ല...

"പറ.. പിന്നെങ്ങനാ എന്റെ പെണ്ണ് കരുതിയത്?"
കണ്ണൻ വീണ്ടും ചോദിച്ച് അവളെ ഭിത്തിയിൽ കൈ കൊണ്ട് ലോക്ക് ചെയ്തു.

"എന്റെ പിണക്കം.. നിന്നെ സങ്കടപെടുത്തിയോ?"

കണ്ണൻ വിരൽ കൊണ്ടവളുടെ മുഖത്തുഴിഞ്ഞു കൊണ്ട് ചോദിച്ചു..

"എന്റെ.. എന്റെ ജീവൻ പോയത് പോലായിരുന്നു.. കണ്ണേട്ടനോട് എനിക്കത്രേം ഇഷ്ടമുണ്ടായിരുന്നു എന്നെനിക്കപ്പോഴാണ് മനസ്സിലായതും "
സീതയുടെ മുഖത്തു നിറയെ പ്രണയം വിങ്ങി..

"നിനക്കേറെയെന്നെ അത്യാവശ്യമുള്ള നേരത്ത് എനിക്ക് നിന്റെയരികിൽ ഉണ്ടാവാൻ കഴിഞ്ഞില്ല.. ആ കുറ്റബോധം കൊണ്ട് നീറി പിടഞ്ഞു ഓടി വന്ന എന്നോട് നീ പറഞ്ഞ വാക്കുകൾ.. അതെത്ര ഭീകരമായിരുന്നു എന്നോർക്കുന്നുണ്ടോ നീ?"
അന്നത്തെ അതേ വേദന അപ്പോഴും അവന്റെ വാക്കുകളിൽ  കനം തൂങ്ങി.

"അന്നത്തെ എന്റെ അവസ്ഥ...."
സീത പറഞ്ഞു തുടങ്ങും മുന്നേ കണ്ണൻ അവളുടെ വാ പൊതിഞ്ഞു പിടിച്ചു.
"വേദന നൽകുന്ന ഓർമകൾ വീണ്ടും വീണ്ടും അയവിറക്കി കൊണ്ടിരിക്കല്ലേ ലച്ചു..."

അലിവോടെ ശബ്ദം..

ലച്ചു എന്നുള്ള വിളി..

സീത അവനിലേക്ക് ചാഞ്ഞു...

"എത്രയൊക്കെ പിണങ്ങിയാലും... വേദനിച്ചാലും.. നിന്റെ മുഖം കാണാതെ... സ്വരം കേൾക്കാതെ എനിക്കൊരു ദിവസം പോലും തള്ളി നീക്കാനാവില്ല..മറ്റാർക്കും വിട്ട് കൊടുക്കാൻ കഴിയാത്ത എന്റെ ഭ്രാന്ത് പോലെ... അത്രമേൽ നിന്നോടുള്ള ഇഷ്ടമെന്റെ ഹൃദയത്തിൽ പറ്റി പിടിച്ചിരിക്കുന്നു..."

കണ്ണന്റെ പ്രണയം തുളുമ്പുന്ന വാക്കുകൾ കാതോട് ചേർന്നപ്പോൾ സീത കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടവനെ ചുറ്റി പിടിച്ചു..

"നീ തരുന്ന വേദനയിൽ നിന്ന് കൊണ്ട് പോലും നിന്നെ പ്രണയിക്കും ഞാൻ..."

കണ്ണൻ അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു..

ആളൊഴിഞ്ഞ ഇടനാഴിയിൽ...സീതയൊരു പൂച്ചയെ പോലെ അവന്റെ നെഞ്ചിൻ ചൂടിൽ ഒളിച്ചു...

                            ❣️❣️❣️❣️

പാതി തുറന്ന വാതിൽ പാളി വലിച്ചടച്ചു കൊണ്ട് റിമി ബെഡിൽ പോയിരുന്നു കിതച്ചു.

കണ്ണന്റെ കൈക്കുള്ളിൽ സർവ്വവും മറന്ന് ഒതുങ്ങി നിൽക്കുന്ന സീതയുടെ ചിത്രം..ഇനിയും ഇങ്ങനൊരു കാഴ്ച കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

അവളുടെ പല്ലുകൾ ഞെരിഞ്ഞു..

കൈകൾ ആത്മസംഘർഷം കൊണ്ട് കിടക്കവിരിയിൽ മുറുകി..

ദേഷ്യവും പകയും കൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു..കണ്മുന്നിൽ കാണുന്ന സകലതും തച്ചുടക്കാൻ മോഹം തോന്നി 

ഉള്ളിൽ നിന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ആ കാഴ്ചയവളെ ചുട്ട് പൊള്ളിച്ചു.

കണ്ണൻ വന്നെന്നറിഞ്ഞും മനഃപൂർവം ആ മുന്നിലേക്ക് പോയില്ല.

അവനെതിരെ പടക്കുള്ള ആളുകളെ സജ്ജമാക്കി പെട്ടന്ന് അവിടെ നിന്നും വലിഞ്ഞതാണ്.

സംശയങ്ങൾ ഒന്നും തോന്നാൻ പാടില്ലല്ലോ?

സീത അവനോടൊന്നും പറഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്.

ഇല്ലെങ്കിൽ അതറിഞ്ഞ നിമിഷം അവൻ നേരെയിങ്ങോട്ട് ഓടി വന്നേനെ.

പ്രാണനാഥന്റെ ജീവൻ വെച്ചിട്ട് കളിക്കാൻ സീതാ ലക്ഷ്മിയൊരു വിഡ്ഢിയല്ലെന്നാണ് കരുതിയത്..

ഇതിപ്പോ അവനൊപ്പം അവൾ കൂടി ഇനിയും ഈ പടി കടന്ന് ഒരിക്കൽ കൂടി വരുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചിട്ടില്ല.

വീണ്ടും അവളുടെ പല്ല് ഞെരിഞ്ഞു..

ഹേയ്.. റിമി.. "

പിന്നിൽ നിന്നും കണ്ണന്റെ വിളി..

ഞൊടിയിട കൊണ്ട് അവളുടെ മുഖത്തെ ഭാവം മാറി..

വിടർന്നു ചിരിച്ചു കൊണ്ട് റിമി കണ്ണന് നേരെ തിരിഞ്ഞു..

"കണ്ണൻ... നീ... വാട്ട് എ സർപ്രൈസ് "

അവൾ അത്ഭുതം കൂറി നിൽക്കുന്നത് സീത പുച്ഛത്തോടെ നോക്കി.

"യാ... തന്നെയൊന്നു ഞെട്ടിക്കാം എന്ന് കരുതി "

കണ്ണനും ചിരിച്ചു കൊണ്ട് പറഞ്ഞു.

"സീതയെ എവിടുന്ന് കിട്ടി?"
എത്ര മൃദുവായി ചോദിച്ചിട്ടും അപ്പോൾ മാത്രം റിമിയുടെ ശബ്ദം പരുക്കമായി..

"ഞാനുള്ളടത്തെല്ലാം ഇനി അവളും ഉണ്ടാവും റിമി.. ഇവളെന്റെ എല്ലാമല്ലേ.. എന്റെ പ്രാണൻ "

റിമിക്ക് മുന്നിൽ വെച്ചു തന്നെ കണ്ണൻ സീതയെ നെഞ്ചിൽ ചേർത്ത് പിടിച്ചു..

കനലെരിയുന്ന കണ്ണോടെ തുറിച്ചു നോക്കുന്ന റിമിയുടെ നേരെ സീത വെല്ലുവിളിയോടെ നോക്കി.

അത് കൂടി ആയതോടെ റിമിയുടെ നിയന്ത്രണം നഷ്ടപെടുന്നുണ്ട്.

എന്നിട്ടും ചിരിയുടെ മേൽമൂടിയണിഞ്ഞു കൊണ്ടവൾ.. അവരെ നോക്കി.

"രണ്ടു ദിവസം കൂടി... അതിനുള്ളിൽ.. ഇവളെ ഞാൻ ലീഗലി.. എന്നോട് ചേർക്കും."

പ്രണയം തുടിക്കുന്ന കണ്ണന്റെ വാക്കുകൾ.. റിമിയുടെ ഉള്ളിൽ പ്രകമ്പനം കൊണ്ടു..

"നീ അത് കഴിഞ്ഞു പോയ മതി കേട്ടോ..."

കണ്ണൻ അവളെ നോക്കി ചിരിച്ചു.
"തീർച്ചയായും എല്ലാം തീർത്തിട്ട് നിനക്കൊപ്പം തന്നെ ഞാനിനി മടങ്ങുന്നൊള്ളു..."

റിമി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.

കൗശലം കൊണ്ട് തിളങ്ങുന്ന അവളുടെ കണ്ണുകൾക്ക് ഉള്ളിൽ തിളച്ചു മറിയുന്ന പകയുടെ കനലുകൾ എടുത്തു കാണിക്കാനാവുന്നുണ്ട്..

"ഒക്കെ.. ഞാനൊന്ന് പോയി ഫ്രഷ് ആവട്ടെ.."

കണ്ണൻ റിമിയെ നോക്കി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story