സ്വന്തം ❣️ ഭാഗം 78

swantham

രചന: ജിഫ്‌ന നിസാർ

"എന്തേ?"

റിമികരികിൽ നിന്നും ഇറങ്ങി വന്നയുടനെ സീത തുറിച്ചു നോക്കുന്നത് കണ്ണൻ ചോദിച്ചു.

"എനിക്കൊരു കാര്യം പറയാൻ..."

സീത പാതിയിൽ നിർത്തി അവനെ നോക്കി.

"നിനക്കൊരു കാര്യം പറയാൻ ഇനിയെന്റെ ആയുസ്സ് മുഴുവനും ഞാൻ കൂടെയുണ്ടാകും . ഇപ്പൊ നീ മുത്തശ്ശിയെ കാണാൻ നടക്കെടി  ചീതാ ലക്ഷ്മി "
സീതയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് കണ്ണൻ പറഞ്ഞു..

അവനോടത് എങ്ങനെ പറയേണ്ടത് എന്നറിയാതെ സീതക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു.

കണ്ണൻ നല്ല സന്തോഷതിലാണെന്ന് ആ മുഖം കണ്ടാലേ അറിയാം.

പറയണം.. എല്ലാം അവനറിയണം.. വരട്ടെ.. പറ്റുന്നൊരു സമയം ഒത്തു വരാതിരിക്കില്ല..

അവനൊപ്പം മുത്തശ്ശിയുടെ മുറിയിലേക്ക് നടക്കുമ്പോൾ സീത സ്വയം ആശ്വസിച്ചു..

                          ❣️❣️❣️

"കൊല്ലും ഞാനവളെ "

കാർത്തിക്കിനെ നോക്കി റിമി മുരണ്ടു.
അവളുടെയാ മുഖം കണ്ടിട്ട്... അതിൽ നിറഞ്ഞു നിൽക്കുന്ന പകയും ദേഷ്യവും കണ്ടിട്ട് സീതയെ ഈ നിമിഷം കയ്യിൽ കിട്ടിയാൽ...മുന്നും പിന്നും നോക്കാതെ അവളത് ചെയ്യുമെന്ന് ഉറപ്പായിരുന്നു.

"താനിങ്ങനെ ടെൻഷനാവാതെ.. അവളിവിടെ തന്നെ ഉണ്ടല്ലോ.. നമ്മുക്കൊരു അവസരം കിട്ടാതിരിക്കില്ല "

കാർത്തിക്ക് താടി ഉഴിഞ്ഞു.

"ആഹാ... അത് തന്നെയാണ് എന്റെ മനസ്സിലും.. ഇനിയീ ശ്രീ നിലയം വിട്ട് പുറത്ത് പോകുന്നത് സീതാ ലക്ഷ്മിയുടെ ശവമായിരിക്കും.. പാതി ജീവനുള്ള ശവമായിരിക്കും.ആണെന്ന് ഓർക്കുമ്പോൾ പോലും ഭയം കൊണ്ടവൾ വിറക്കണം.. അവളുടെ സ്വന്തം എന്ന് അഹങ്കാരത്തിൽ പറഞ്ഞു നടക്കുന്ന കണ്ണനെ പോലും അവൾ വെറുക്കണം.. അറപ്പോടെ ആൺ വർഗത്തെ മുഴുവനും നോക്കണം... അതിനുള്ള ജീവൻ മാത്രം അവളിൽ ബാക്കി വെച്ചേക്കണേ... എനിക്കത് കാണണം.. കണ്ട് കണ്ട് എന്റെ മനസ്സിലെ തീ കൊടുത്തിയിട്ട് വേണം എനിക്കിവിടെ നിന്നും മടങ്ങി പോവാൻ "

റിമി കിതച്ചു കൊണ്ട് പകയോടെ കാർത്തിക്കിനെ നോക്കി.

അവന്റെ മുഖത്തും ക്രൂരത നിറഞ്ഞൊരു ചിരിയുണ്ട്.

"ആരെ വേണമെങ്കിലും നീ സഹായത്തിനു വിളിച്ചോ. എത്ര കാശ് വേണമെങ്കിലും ഞാൻ തരും.. ഇതൊരു കേസാവും എന്ന് പോലും പേടിക്കേണ്ട.. അതിൽ നിന്നൊക്കെ പുഷ്പം പോലെ നിന്നെ ഞാനിറക്കി കൊണ്ട് വരും.. ഞാനാ പറയുന്നത്.റിമിക്ക് വാക്ക് ഒന്നേയുള്ളൂ "

റിമിയുടെ കൈകൾ കാർത്തിക്കിന്റെ തോളിൽ മുറുകി.

അവളുടെ കണ്ണുകൾ കുറുകി.

കണ്ണന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന സീതയുടെ രൂപം അവളെ തീ പിടിപ്പിച്ചു കൊണ്ടേയിരുന്നു...ഓരോ നിമിഷവും.

                         ❣️❣️❣️❣️

മോളെ.....

മുത്തശ്ശി  ചിരിയോടെ.. നിറഞ്ഞ കണ്ണുകളോടെ സീതയെ ചുറ്റി പിടിച്ചു.

അവർപഴയതിലും ഒരുപാട് അവശയാണെന്ന് സീതക്ക് തോന്നി.

കണ്ണുകളിലെ ആ പഴയ ചൈതന്യം നഷ്ടപെട്ടിരിക്കുന്നു.

തിളക്കമുള്ള ചിരി.. ആത്മാവ് നഷ്ടപെട്ടത് പോലെ നിർജീവമായിരിക്കുന്നു..

വിറയാർന്ന കൈകൾ കൊണ്ടവർ... കണ്ണന്റെ കവിളിൽ തലോടി. അവന്റെ കൈകളും അവരുടെ കൈകൾക്ക് മേൽ മുറുകി.

ഹൃദയമപ്പോഴും വാചാലമായിരുന്നു.

പുതിയ ഹോം നേഴ്സ് സുജ മുറിയുടെ ഒരു സൈഡിൽ മാറി നിൽപ്പുണ്ട്.

ഒരു ചിരിയോ നോട്ടമോ ഇല്ലാത്ത പ്രതിമ പോലെ.

"മുത്തശ്ശിയെ നന്നായിട്ട് നോക്കണം. ആൾക്ക് വേണ്ടതൊന്നും ഒരു കുറവും ഉണ്ടാവാൻ പാടില്ല. അതിന് വേണ്ടത് എത്രയെന്നു ചോദിച്ച മതി.ഞാൻ തരും "
കണ്ണൻ ഓർമിപ്പിക്കും പോലെ സുജയെ നോക്കി പറഞ്ഞു..

ഒന്ന് തലയാട്ടി എന്നതിനപ്പുറം അതിനും ഉത്തരമില്ലായിരുന്നു.

"മുത്തശ്ശിക്ക് ബുദ്ധിമുട്ട് വല്ലതുമുണ്ടോ?"

അവരുടെ മുഖത്തെ നിസംഗത കണ്ടിട്ടാണ് സീത ചോദിച്ചു.

"നീയില്ലല്ലോ മോളെ "

അവരുടെ മറുപടി..

സീതയുടെ ഹൃദയം പിടഞ്ഞു.അവളുടെ നോട്ടം കണ്ണന് നേരെ നീണ്ടു.
അവനൊന്നു കണ്ണടച്ച് കാണിച്ചു.

അവരുടെ ആ വാക്കിൽ ഉണ്ടായിരുന്നു സീത അവർക്കെത്ര പ്രിയപ്പെട്ടവളായിരുന്നു എന്നത്.

"ആര് പറഞ്ഞു ഞാനില്ലെന്ന്. എപ്പോ കാണാൻ തോന്നിയാലും ഞാൻ ഓടി വരുമല്ലോ.."
സീത ആശ്വസിപ്പിക്കുന്നത് പോലെ അവരുടെ കയ്യിൽ തലോടി.

"ഇന്ന് മുഴുവനും ഈ ചീതാ ലക്ഷ്മി മുത്തശ്ശിയുടെ കൂടെയുണ്ടാകും.അത് പോരെ?"

കണ്ണൻ അവരുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

ആ കണ്ണിൽ ഞെടിയിട കൊണ്ട് ഒരു സൂര്യനുദിച്ചിരുന്നു..

"നിങ്ങളുടെ സന്തോഷം കണ്ണ് നിറയെ കാണുന്നതിലും വലിയൊരു സന്തോഷം എനിക്കിനി വരാനില്ല കുട്ടികളെ.."
മുത്തശ്ശി സീതയുടെ കയ്യിൽ പിടിച്ചു.

"എങ്കിൽ ആ സന്തോഷം ഇരട്ടിയാവും ഇനി.."
കണ്ണനും സീതയുടെ അരികിൽ വന്നിരുന്നു.

"നീ കാര്യം പറയെടാ ചെക്കാ "

മുത്തശ്ശി അവന്റെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു.

"ഇവിടെ.. നമ്മുടെ കുടുംബക്ഷേത്രത്തിൽ വെച്ചിട്ട് ഞാനിവളെ എന്റേതാക്കാൻ പോകുവാ മുത്തശ്ശി.. നാളെയോ മറ്റന്നാളോ.."സീതയുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് കണ്ണൻ പറഞ്ഞത് കേട്ട് മുത്തശ്ശിയുടെ കണ്ണുകൾ വിടർന്നു.

"സന്തോഷായി.. ഇനിയെന്റെ മോളുടെ സങ്കടം കാണണ്ടല്ലോ എനിക്ക്. നിന്റെ കൂടെ എന്റെ കുട്ടി സമാധാനയിട്ട് ജീവിക്കും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്റെ മക്കളെ "

അത്യാധികം സന്തോഷത്തോടെ മുത്തശ്ശി രണ്ടു പേരെയും തഴുകി..

"നാടടച്ചു ക്ഷണിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അതിന് അനുകൂലമല്ല.ഇനിയും സീതയെ ഇവിടെ ഒറ്റയ്ക്ക് നിർത്തി പോവാനും വയ്യെനിക്ക്. മതിയായി "

കണ്ണന്റെ കൈകൾ സീതയിൽ മുറുകി.

"ഒന്നും വേണ്ട.. നീയും ഇവളും ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോ അതൊരു ആഘോഷമക്കാൻ ശ്രദ്ധിക്കണം. അല്ലാതെ കല്യാണത്തിന് കുറേ അനാവശ്യ ആഘോഷങ്ങളെ കൂട്ടി കെട്ടിയത് കൊണ്ടായില്ല കണ്ണാ..ശെരിക്കുമുള്ള ആഘോഷം.. ലഹരി.. അതെല്ലാം തമ്മിൽ സ്നേഹിച്ചും ബഹുമാനിച്ചും കഴിയുന്നവർക്കുള്ളതാ. അത് നേടിയെടുക്കാൻ പരിശ്രമിക്കണം രണ്ടാളും. കേട്ടോ?"

പരസ്പരം ഒന്ന് നോക്കിയിട്ട് സീതയും കണ്ണനും ചിരിയോടെ തലകുലുക്കി.

പെട്ടന്നാണ് കണ്ണന്റെ ഫോൺ ബെല്ലടിച്ചത്.

"ഞാൻ റൂമിൽ ഉണ്ടാവും "

സീതയോട് പറഞ്ഞിട്ട് കണ്ണൻ ഫോൺ കാതോട് ചേർത്തിട്ട് പുറത്തേക്ക് നടന്നു.

പറഞ്ഞാൽ തീരാത്തത്രയും വിശേഷങ്ങളോടെ സീതയും മുത്തശ്ശിയും വീണ്ടും അവരുടെ ലോകത്തിലേക്ക് ചേക്കേറിയപ്പോഴും... അതേ നിസംഗതയോടെ സുജ നിൽപ്പുണ്ടായിരുന്നു.

അന്ന് അവരുടെ കാര്യങ്ങളൊക്കെയും സീതയാണ് ചെയ്തു കൊടുത്തത്.

ഇന്ന് ഞാൻ ചെയ്യട്ടെ എന്നുള്ള സീതയുടെ ചോദ്യം.. മുത്തശ്ശിയുടെ അതിനുള്ള താല്പര്യം..സുജ അതും ഒരാശ്വാസമെന്നത് പോലെ ഒഴിഞ്ഞു മാറി.

                        ❣️❣️❣️❣️

"ഹാ.. നീയിങ്ങനെ ടെൻഷനടിക്കല്ലേ മിത്തു. പേടിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ഞാൻ?"

കണ്ണൻ പറഞ്ഞത് കേട്ടിട്ടും മറുവശം മിത്തുവിന്റെ ആധി മാറിയിട്ടില്ല.

ഒടുവിൽ കണ്ണനൊരുപാട് പറഞ്ഞിട്ടാണ് അവനാ ഫോൺ കട്ട് ചെയ്തത്.

കണ്ണൻ ഫോൺ ഓഫ് ചെയ്തു കൊണ്ട് പോക്കറ്റിലിട്ടു.

അവന്റെ മുറിയിലാണ്.

കിടക്കയിൽ ആദിയും സിദ്ധുവും അവനെ നോക്കി ഇരിപ്പുണ്ട്.

"മിത്തുവാണ്. അവനവിടെ യാതൊരു സമാധാനവുമില്ല. ലീവ് ചോദിച്ചിട്ടുണ്ട്. കിട്ടിയ ആ സ്പോട്ടിൽ ആള് ഇവിടെത്തും. അത്രേം ടെൻഷനിലാണ് "

കണ്ണൻ ചിരിയോടെ അവരെ നോക്കി പറഞ്ഞു.

"ഇനിയെന്താ കണ്ണാ നിന്റെ പ്ലാൻ?"
ആദിയാണ് ചോദിച്ചത്.

"നീ പറയുന്ന എന്തിനും ഞങ്ങൾ റെഡിയാണ്. തെറ്റായി നീ ഒന്നും ചെയ്യില്ലെന്ന് പൂർണ്ണമായ വിശ്വാസവുമുണ്ട് "

ആദിയുടെ ചോദ്യത്തിനൊപ്പം തന്നെ സിദ്ധു പറഞ്ഞു.

"കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ചത് പോലെ തന്നെ."കണ്ണൻ മുറിയിലൂടെ നടന്നു കൊണ്ട് പറഞ്ഞു.

ആദിയും സിദ്ധുവും കണ്ണനെ നോക്കി.

അവന്റെ മുഖത്തൊരു ചിരിയുണ്ട്.

വളർത്തണോ കൊല്ലണോ എന്നറിയാത്തവിധമൊരു ചിരി.

"ശാന്തനായ കിരൺവർമ്മയെ മാത്രം കണ്ട് ശീലിച്ചവർക്ക് മുന്നിൽ.. എന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു വെച്ചൊരു മുഖം കൂടിയുണ്ടെന്ന് മനസിലാക്കി കൊടുക്കണ്ടേ ആദി.. വേണ്ടെടാ?"

കണ്ണന്റെ മുഖം വലിഞ്ഞു മുറുകി.

വേണമെന്നോ വേണ്ടന്നോ പറയാതെ ആദിയും സിദ്ധുവും പരസ്പരം നോക്കി.

"പക്ഷേ കണ്ണാ..."

സിദ്ധുവിന്റെ സ്വരത്തിൽ ആശങ്കയാണ്.

"ഹാ... ഡോണ്ട് വറി സിദ്ധു. എനിക്ക് മനസ്സിലാവും നിന്റെ മനസ്സ്. എനിക്ക് ദോഷം വരുന്ന ഒന്നിനും നീയും ഇവനും കൂട്ട് നിൽക്കില്ലെന്നും അറിയാം. പക്ഷേ... ഇപ്പൊ നിങ്ങളും ഹരിയും എന്റെ കൂടെയുണ്ടല്ലോ എന്നതാ എന്റെ ധൈര്യം "

കണ്ണൻ അവരുടെ നേരെ നോക്കി.

"സൂക്ഷിക്കണം കണ്ണാ.. എന്തിനും മടിക്കാത്തവരാ "
ആദി വീണ്ടും മുന്നറിയിപ്പ് പോലെ പറഞ്ഞു.

"അറിയാം... പക്ഷേ നമ്മുക്കെല്ലാം അറിയാമെന്നുള്ളത് അവർക്കറിയത്തിടത്തോളം നമ്മൾ സേഫ് ആണ് "

കണ്ണന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി.

"നമ്മുക്ക് തോന്നിയ ചെറിയൊരു സംശയത്തിന്റെ തുമ്പിൽ നിന്നും അവർക്കൊരു നേരിയ സംശയം പോലുമില്ലാതെ നമ്മളിത്രേം കണ്ടു പിടിച്ചില്ലെടാ.."കണ്ണന്റെ മുഖതുള്ള ചിരിയിൽ ആത്മ വിശ്വാസം ആവോളമുണ്ടായിരുന്നു.

"ഇനി കളത്തിലിറങ്ങി കളിക്കാൻ പോണത് നമ്മളാണ്.. അവരിനി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ "

കൈകൾ കൂട്ടി തിരുമ്പി കൊണ്ട് കണ്ണൻ പറഞ്ഞു.

                           ❣️❣️❣️❣️

ഊണ് മേശയിലെ കല്യാണചർച്ചകൾ പുരോഗമിക്കുമ്പോൾ അത് കേൾക്കുന്നവർക്കെല്ലാം കാഞ്ഞിരം രുചിക്കുന്ന ഭാവം.

കണ്ണനത് മനഃപൂർവം പറയുന്നതാണെന്ന് അവർക്കെല്ലാമറിയാം.

പക്ഷേ ഒന്നും മിണ്ടാതെയിരുന്നു.

അവരുടെയെല്ലാം കണ്ണുകൾ പ്രതീക്ഷയോടെ റിമിയുടെ നേരെയാണ്.

അവൾക്ക് മാത്രം ഈയൊരു ചക്രവ്യൂഹത്തിൽ നിന്നും രക്ഷപെടുത്തിഎടുക്കാനായെക്കും എന്നൊരു തോന്നൽ അവരിൽ ശക്തമാണ്.

റിമിയുടെ കല്ലിച്ച മുഖത്തെക്ക് നോക്കി ഒന്നും ചോദിക്കാനും വയ്യ.

കഴിച്ചെഴുന്നേറ്റ് പോകും വരെയും കണ്ണൻ പതിവില്ലാതെ സന്തോഷത്തിലാണ് എന്നവർക്ക് മനസ്സിലായി.

അതവർക്ക് കൂടുതൽ അസ്വസ്ത പകർന്നു കൊടുത്തു.

"വൈകുന്നേരം റെഡിയായി നിൽക്കണേ ആദി.."
കൈ കഴുകി പോകും മുന്നേ കണ്ണൻ ഓർമിപ്പിച്ചു.

ഒക്കെ ടാ "

ആദി കൈ വിരൽ ഉയർത്തി കാണിച്ചു.

"എങ്ങോട്ടാ ആദി യാത്ര?"
പ്രധാപ് വർമ്മയുടേതാണ് ചോദ്യം.

"കണ്ണന്റെ ഒരു സുഹൃത്തിനെ കാണാൻ.. രാത്രിയിലെ തിരിച്ചു വരൂ. ഇവിടുന്ന് മൂന്നാലു മണിക്കൂർ നേരത്തെ യാത്രയുണ്ട് "

കഴിച്ചു കഴിഞ്.. മുന്നിലുള്ള ഗ്ലാസ്സിൽ നിന്നും വെള്ളമെടുത്തു കുടിക്കുന്നതിനിടെ ആദി മറുപടി പറഞ്ഞു.

കഴുകൻമാരെ പോലെ ചില കൂർത്ത നോട്ടങ്ങൾ തമ്മിലിടഞ്ഞു അന്നേരം..

ക്രൂരഭാവത്തിൽ ചിരികൾ വീണു പൊലിഞ്ഞു.
                         
                         ❣️❣️❣️❣️

"ഞങ്ങളിനി എന്തൊക്കെ പറഞ്ഞാലും.. എത്രയൊക്കെ ഇടഞ്ഞു നിന്നാലും അവൻ നിന്നെ സ്വീകരിക്കും."

സാവിത്രി പറയുന്നത് കേട്ട് സീതയുടെ ചുണ്ടിൽ പുച്ഛമാണ്.

പക്ഷേ അവളൊന്നും മിണ്ടിയില്ല.

"നിന്നെയെ സ്വീകരിക്കു എന്ന് പറ ഏട്ടത്തി "

ഭാമയും സാവിത്രിയോട് ചേർന്നു നിന്നിട്ട് പറഞ്ഞു.

"അതേ.. അത് കൊണ്ട് ഇനി വാശിക്കും ദേഷ്യത്തിനും ഒന്നും ഞങ്ങളില്ല. ശ്രീ നിലയത്തിലെ കിരൺ വർമ്മയുടെ പെണ്ണാണ് നീ. ആ നിലയും വിലയും നിനക്കുണ്ടാവും "

സാവിത്രി പറഞ്ഞു.

സീത മുത്തശ്ശിയെയാണ് നോക്കിയത്.
ആ മുഖത്തും നിറയെ സന്തോഷമാണ്.

"പറഞ്ഞതും ചെയ്തതുമൊന്നും മനസ്സിൽ വെച്ചേക്കല്ലേ മോളെ.. ഇനി മുതൽ നീ ഞങ്ങളിൽ ഒരാളാണ് "

ഭാമ പറഞ്ഞത് കേട്ട് സീത ഒന്ന് തലയാട്ടി.

അതിനുമപ്പുറം അവരൊടെന്തേങ്കിലും പറയാൻ അവൾക്ക് തോന്നിയതുമില്ല.

ഇവരീ പറയുന്നതും ചെയ്യുന്നതുമൊന്നും അത്ര പെട്ടന്ന് വിശ്വാസം വരുന്നില്ല.

അത് കൊണ്ട് തന്നെ ഇവരെ പോലെ പെട്ടന്ന് എല്ലാം മറക്കാനും പൊറുക്കാനും പറ്റുമെന്നും തോന്നുന്നില്ല.

സീത മിണ്ടുന്നില്ലെന്ന് കണ്ടിട്ടും വീണ്ടും അവരെന്തൊക്കെയോ സ്നേഹപ്രകടനം നടത്തുന്നത് സഹിച്ചു കൊണ്ട് അസഹ്യതയോടെ സീത നിന്നു.

                             ❣️❣️❣️❣️

"നിന്റെ തീരുമാനം പോലെ ചെയ്യ് "

കണ്ണൻ പറഞ്ഞത് കേട്ടിട്ട് പ്രതീക്ഷയോടെ നോക്കുന്ന മുത്തശ്ശി.
സീത പ്രതിസന്ധിയിൽ പെട്ടത് പോലെ വലഞ്ഞു.

മുത്തശ്ശിയുടെ പുതിയ ഹോം നേഴ്സ്.. അവരുടെ കുഞ്ഞിന് വയ്യെന്നും പറഞ്ഞു ഓടിയിറങ്ങി പോയതും...അന്നത്തെ ദിവസം സീതയോട് മുത്തശ്ശിയുടെ കൂടെ നിൽക്കാൻ ആവിശ്യപെടുന്നതും, എതിർക്കാനും അംഗീകരിക്കാനും കഴിയാത്ത വിധം സീത കുഴഞ്ഞു.

"നീ എന്ത് തീരുമാനമെടുത്താലും ഞാനത് അംഗീകരിക്കും ലച്ചു. കൂടെ നിൽക്കും."

അവളുടെ ധർമ്മസങ്കടം മനസിലാക്കിയത് പോലെ കണ്ണൻ പറഞ്ഞു.

"ഞാൻ... എന്നാ ഇവിടെ നിൽക്കാം അല്ലേ.."

ഒടുവിൽ സീത തീരുമാനം പറഞ്ഞത് മുത്തശ്ശിയുടെ കണ്ണിലെ തിളക്കം കണ്ടിട്ടായിരുന്നു.

"ഒക്കെ.. അങ്ങനെയെങ്കിൽ അങ്ങനെ. എനിക്കെന്തായാലും ഇന്നൊരു യാത്രയുണ്ട്. എത്താൻ ഇത്തിരി വൈകും.. "
കണ്ണൻ അവളുടെ കവിളിൽ തട്ടി.

"എവിടെ പോണ്?"
സീത അവനെ നോക്കി.

"എന്റെ ഒരു ഫ്രണ്ട്.. അവനൊരു ആക്സിഡന്റ്. ഇന്ന് ഞാൻ ചെല്ലുമെന്ന് പറഞ്ഞിട്ടുണ്ട് "

"ഒറ്റക്കാണോ പോണത്?"
സീതയുടെ ഉള്ളിൽ ഭയം

അവനത് അവളുടെ കണ്ണിലും കണ്ടിരുന്നു.

"അല്ല.. ആദിയും സിദ്ധുവും. പിന്നെ ഹരിയും "
കണ്ണൻ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.

"ഹരിയും വരുന്നുണ്ടോ?"
സീത അതിശയത്തോടെ ചോദിച്ചു.

"മ്മ്.. വരുന്നോ ന്ന് ചോദിച്ചു ഞാൻ. അവൻ ഉണ്ടെന്നും പറഞ്ഞു "

കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"പെട്ടന്ന് വരില്ലേ?"
സീത വീണ്ടും ചോദിച്ചു.

"പേടിയുണ്ടോ?"
കണ്ണൻ തിരിച്ചു ചോദിച്ചു.

"മ്മ്ഹ്ഹ് "
സീത തലയാട്ടി കാണിച്ചു.

"നേരത്തെ വരാൻ നോക്കട്ടെ ട്ടോ "
അവൻ അവളെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

"പോയിട്ട് വരാ ട്ടോ മുത്തശ്ശി "

യാത്ര പറഞ്ഞ് കൊണ്ട് കണ്ണൻ തിരിഞ്ഞു.

"കണ്ണേട്ടാ...."
സീത വീണ്ടും പിന്നിൽ നിന്ന് പറഞ്ഞു.

"എനിക്കറിയാം.. നിനക്കെന്നോട് എന്തോ പറയാനുണ്ടന്നല്ലേ..? ഒരു കാര്യം ചെയ്യാം. ഞാൻ തിരിച്ചു വന്നിട്ട് നീ പറയുന്നത് കേട്ടിരിക്കാം... നേരം പുലരുവോളം. പോരെ?"

കണ്ണൻ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.

തമ്മിൽ കണ്ണുകൾ കൊരുത്തിട്ടതു കൊണ്ട് തന്നെ ചുറ്റും നടക്കുന്നത്... അവിടെയുള്ളവർ തിരക്കഥയെഴുതിയ നല്ലൊരു നാടകമാണെന്നും.. അവരെല്ലാം അതിലെ ഓരോ നല്ല കഥാപാത്രങ്ങൾ ആണെന്നോ അവരുടെ ശ്രദ്ധയിൽ പെട്ടതുമില്ല......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story