സ്വന്തം ❣️ ഭാഗം 8

swantham

രചന: ജിഫ്‌ന നിസാർ


"ഇനിയാ ജോലി ഇവിടെയെവിടേലും നോക്കിക്കൂടെ കണ്ണാ നിനക്ക്?"

മടിയിൽ കിടക്കുന്ന അവന്റെ തലയിൽ തലോടി മുത്തശ്ശി ചോദിച്ചു.

"അതിനെനിക്കിവിടെയാരാണുള്ളത് മുത്തശ്ശീ?"

കണ്ണൻ അവരെ നോക്കാതെതന്നെ ചോദിച്ചു.

മുടിയിൽ തലോടുന്ന ആ കൈകൾ ഒന്ന് വിറച്ചു.

"ഇവർക്കെന്താ എന്നോടിത്ര വിരോധം? അതാണ്‌ എനിക്കിപ്പോഴും മനസ്സിലാവാത്തത്. പപ്പയോ അമ്മയോ ഞാനോ.. ഞങ്ങളിലാരും ഇവരോട് തെറ്റൊന്നും ചെയ്തിട്ടില്ല. ഇക്കാലമത്രയും സ്വത്തിനെ കുറിച്ചോ അവകാശത്തെ കുറിച്ചോ വെറുതെപോലും ഒരന്വേഷണവും നടത്തിയിട്ടില്ല. പിന്നെങ്ങനെയാവും ശത്രുവായി പ്രഖ്യാപിച്ചത്?"

കണ്ണൻ മുത്തശ്ശിയെ ഒന്ന് നോക്കി.

അവരുടെ ചുളിവ് വീണ മുഖത്തും സങ്കടമായിരുന്നു അവനപ്പോൾ കണ്ടത്.

"എനിക്കറിയില്ല മോനേ നിന്നോടെന്ത് പറയണമെന്ന്"

ആ കൈകൾ കണ്ണനെ തലോടി.

"വല്ല്യ സ്നേഹമായിരുന്നു ഏട്ടന്മാർക്ക് ദേവയോട്. നിന്റെ പപ്പയെ ഇഷ്ടമാണെന്ന് ഇവിടെ വന്നു പറഞ്ഞപ്പോഴും ജാതിയോ മതമോ സ്വത്തോ ഒന്നുമല്ല അവര് നോക്കിയത്. ദേവയുടെ സന്തോഷമാണ്. അച്ഛനില്ലാത്ത കുഞ്ഞല്ലേ. അവളുടെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമായിരുന്നു"

മധുരമുള്ള കുറെയേറെ ഓർമകൾ മുത്തശ്ശി കണ്ണന് മുന്നിൽ കുടഞ്ഞിട്ട് കൊടുത്തു.

അവൻ അതിൽനിന്നും സ്വന്തം അമ്മയുടെ സന്തോഷം മാത്രം പെറുക്കിക്കൂട്ടിയെടുത്തു.

പിന്നീടെപ്പോഴോ അവരെല്ലാം സ്വന്തം കുടുംബം.. സ്വന്തം കുട്ടികൾ.. അവർക്ക് വേണ്ടിയുള്ള ജീവിതം എന്നീ തിരക്കുകളിലേക്ക് മാറി. നിന്റമ്മ പോലും"

മുത്തശ്ശി വീണ്ടും കണ്ണനെ നോക്കി.

"എനിക്ക് മനസ്സിലാവും മുത്തശ്ശി. പപ്പയും അമ്മയുമുണ്ടായിരുന്നപ്പോൾ ഒരിക്കൽ പോലും ഇങ്ങോട്ട് വരണമെന്നോ ഇവരുടെ സ്നേഹം നേടണമെന്നോ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ആ തോന്നൽ ഇന്നുമില്ല കേട്ടോ. എനിക്കാരുമില്ലെന്ന് തോന്നിയിട്ടും ഇവരെന്റെ ബന്ധങ്ങളാണ് എന്നൊരു ഫീൽ ഇന്നുവരെയും എനിക്ക് തോന്നിയിട്ടില്ല"

കണ്ണൻ പതിയെ എഴുന്നേറ്റതിന് ശേഷം, കിടക്കയിൽ നിന്നും കാൽ തൂക്കിയിട്ട് കൈ കുത്തിയിരുന്നു.

"ഇവരോടൊന്നും വഴക്കിന് പോവല്ലേ കുഞ്ഞേ നീ. നിനക്ക് സ്വന്തമെന്ന് പറയാൻ മുത്തശ്ശിയില്ലേ കണ്ണാ"

വേവലാതിയോടെ നാരായണി മുത്തശ്ശി അവന്റെ കവിളിൽ തലോടി.
കണ്ണൻ ആ കൈകൾ പിടിച്ചിട്ട് അതിലൊരു ഉമ്മ കൊടുത്തു.

"മുത്തശ്ശിയുടെ സീതാലക്ഷ്മിക്ക് എന്നോട് ദേഷ്യമാണ്. അല്ലേ?"

കണ്ണൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

മുത്തശ്ശി അവനെ നോക്കി കണ്ണുരുട്ടി.

"എന്തിനാടാ ചെക്കാ നീയതിനെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്. ഏഹ്.."

മുത്തശ്ശി അവന്റെ തോളിൽ ചെറിയൊരു അടി കൊടുത്തു.

"ഒരു രസം.."

കണ്ണ് ചിമ്മി ചിരിക്കുമ്പോൾ കണ്ണന് അത് വരെയും ഉണ്ടായിരുന്ന ഭാവമായിരുന്നില്ല.

അവന്റെ മുഖത്ത് പ്രണയം നിറഞ്ഞു നിന്നിരുന്നു.

"ഞാനിവിടെ വന്നത് ഷെയർ വാങ്ങി പോവാനൊന്നുമല്ല മുത്തശ്ശി. അതെല്ലാം അവരോട് അപ്പോഴത്തെ വാശിക്ക് പറഞ്ഞതല്ലേ. എനിക്ക് വേണ്ടത് അവളെയാണ്. ദുർഗാലക്ഷ്മിയെ. അവൾക്ക് വേണ്ടിയാണ് ഞാൻ വന്നത്"

മുത്തശ്ശിയുടെ കൈകളെടുത്ത്,അതിൽ തലോടിക്കൊണ്ടാണ് കണ്ണൻ പറയുന്നത്.

"എനിക്ക് മനസ്സിലാവും കണ്ണാ നിന്നെ. പക്ഷേ വെറുതെപോലും സീതയ്ക്ക് നീ സങ്കടപ്പെടാനുള്ള ഒരു കാരണമാവരുത്. ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് സഹിക്കുന്നവളാ ആ കുട്ടി. മനസ്സ് കരഞ്ഞാലും അതിന്റെ മുഖത്തൊരു ചിരിയേ കാണാനാവൂ. അങ്ങനെ ചെയ്യാനേ സീത പഠിച്ചിട്ടുള്ളു"

മുത്തശ്ശിയുടെ കണ്ണിൽ സീതയോടുള്ള സ്നേഹമുണ്ട്,വാത്സല്യമുണ്ട്.
കണ്ണൻ ഒന്നും മിണ്ടാതെ മുത്തശ്ശി പറയുന്നത് കേട്ടിരുന്നു.

"തണലാവേണ്ടവർതന്നെ പൊരിവെയിലിലേക്ക് ഇറക്കി വിട്ടതാണ് അവളെ. അവളുടെ സ്വപ്നങ്ങളെല്ലാം പാതിയിൽ വീണു പോയിട്ടും അവളെ തളർത്താനായിട്ടില്ല. സങ്കടങ്ങളെ കുറിച്ച് ചോദിച്ചാ അവൾക്കൊരു വർത്താനണ്ട്. സങ്കടങ്ങള് പങ്ക് വെക്കാനുള്ളതല്ലത്രേ. സന്തോഷങ്ങളെയാണ് പങ്ക് വെക്കേണ്ടതെന്ന്. അതിന്റെ നീറ്റലിൽ ഒറ്റക്ക് പിടയാനാണ് അവൾക്കിഷ്ടമെന്ന്"

മുത്തശ്ശി ചിരിച്ചുകൊണ്ടാണ് പറയുന്നത്. കണ്ണന്റെ മനസ്സിലപ്പോൾ സീതയുടെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു.

"ജീവിതം തന്നെ അവൾക്ക് മുന്നിലെ വെല്ലുവിളിയാണ് കണ്ണാ. അങ്ങനെയുള്ളവൾ അത്ര പെട്ടന്നൊന്നും നിന്റെ ഇഷ്ടം അംഗീകരിച്ച് തരുമെന്ന് നീ വെറുതെ മോഹിക്കരുത്. അതിന്റെ പേരിൽ അവളെ നിർബന്ധിക്കരുത്, ബുദ്ധിമുട്ടിക്കരുത്. നിനക്കവളോട് ശെരിക്കും സ്നേഹമുണ്ടെങ്കിൽ നീ അവളുടെ മനസ്സൊരുങ്ങും വരെയും കാത്തിരിക്കണം. അതും സ്നേഹമാണ് മോനെ"

കണ്ണൻ ചിരിച്ചു കൊണ്ട് തലയാട്ടി.

                         ❣️❣️❣️❣️❣️

ഹരിയോട് സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലാണ് അർജുൻ കയറി വന്നത്.

സീതയുടെ മുഖം പെട്ടന്ന് തന്നെ കടുത്തു പോയിരുന്നു. അത് ശ്രദ്ധയിൽപെട്ടിട്ടും ഹരിയപ്പോൾ ഒന്നും ചോദിച്ചതോ പറഞ്ഞതോയില്ല.

"ഹരിയേട്ടനെപ്പോ വന്നു?"

ഹരിയുടെ തൊട്ടരികിലിരിക്കുന്ന സീതയെ അർജുനോ അവനെ സീതയോ നോക്കുന്നുണ്ടായിരുന്നില്ല.

"ഞാനിന്നലെ വന്നെടാ. ഇവിടേക്ക് എത്തിയിട്ട് കുറച്ച്നേരമായി"

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

അർജുൻ തലയാട്ടി.

"എങ്ങനെ പോകുന്നു നിന്റെ പഠനം. നന്നായി പഠിക്കുന്നില്ലേ? അതോ കോളേജിൽ രാഷ്ട്രീയം കളിച്ചു നടപ്പാണോ കുട്ടി സഖാവ്"

ഹരിയത് ചോദിക്കുമ്പോൾ അർജുന്റെ കണ്ണുകൾ ദേഷ്യത്തോടെ സീതയുടെ നേരെയാണ് നീണ്ടത്.

അതറിഞ്ഞിട്ടും സീത അവനെ നോക്കാതെ ചായ കുടിക്കുന്നത് തുടർന്നു.

"ഞാൻ പഠിക്കാൻ തന്നെയാണ് പോവുന്നത്. എനിക്കറിയാം"

കടുപ്പത്തിൽ അത്രയും പറഞ്ഞുകൊണ്ട് അർജുൻ അകത്തേക്ക് കയറിപ്പോയി.

ഹരി ഒരു നെടുവീർപ്പോടെ സീതയെ നോക്കി.

അവൻ കുറച്ചുകൂടി അവളോട് ചേർന്നിരുന്നു.

"നീ വെറുതെ ടെൻഷനാവല്ലേ സീതേ. ഞാൻ സംസാരിക്കാം അജുവിനോട്. അവന് പറഞ്ഞാൽ മനസ്സിലാവും"

തോളിൽ ചേർത്ത് പിടിച്ചു തട്ടിക്കൊണ്ട് അവനത് പറഞ്ഞപ്പോൾ സീത തല വിലങ്ങനെയാട്ടി.

"നീ തളർന്നു പോവല്ലേടി. ഇതിനേക്കാൾ വല്ല്യ പ്രശ്നങ്ങൾ വന്നിട്ടും പിടിച്ചു നിന്നവൾക്കാണോ ഈ ചീള് കേസ്. ഞാനേറ്റടി പെണ്ണേ. നീ പറയാതെതന്നെ അവന്റെ കാര്യം ഞാനറിഞ്ഞു. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അങ്ങനൊരു ചോദ്യം അവനോട് ചോദിച്ചതും. ഞാൻ പോവുന്നുണ്ട് അവന്റെകൂടെ കോളേജിൽ"

ഹരി അത് പറയുമ്പോൾ സീത അവന്റെ നേരെയൊന്ന് നോക്കി.

"എനിക്കറിയാം നിന്റെ മനസ്സ്. സീതാലക്ഷ്മിയങ്ങനെ ആരുമില്ലാത്തവളാണോ? ഹരിപ്രസാദിന്റെ ചങ്കാണ്. അപ്പൊപ്പിന്നെ ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് നീ പറഞ്ഞിട്ട് വേണോ ഞാനറിയാൻ. അറിഞ്ഞപ്പോൾ അതിന് വേണ്ടിത്തന്നെയാണ് ലീവെടുത്ത് പോന്നതും"

ഹരി അളുടെ തലയിൽ തന്റെ തല മുട്ടിച്ചു.

"എനിക്ക് മാത്രമെന്താ ഹരി എപ്പോഴുമിങ്ങനെ?"

സീതയുടെ സ്വരം നേർത്തു.

"എങ്ങനെ.. പിന്നേ.. നീയൊരു ദുരന്തനായിക. ഒന്നു പോയെടി അവിടുന്ന്. ആർക്കാടി പ്രശ്നങ്ങളില്ലാത്തത്. എല്ലാർക്കുമുണ്ട്. പക്ഷേ ഒരേ പ്രശ്നമാവില്ലെന്ന് മാത്രം"
ഹരി പറഞ്ഞിട്ടും സീതയുടെ മുഖം അൽപ്പംപോലും തെളിഞ്ഞിട്ടില്ല.

"പോസിറ്റീവായ് എടുത്താലും നെഗറ്റീവായി എടുത്താലും പ്രശ്നങ്ങൾ വരും. അപ്പോൾ പിന്നെ പോസിറ്റീവായി എടുക്കാനാണ് എന്റെ തീരുമാനമെന്ന് പറഞ്ഞിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. അവളിപ്പോ എവിടെയാണാവോ?"

ഹരി സീതയെ നോക്കാതെ പറഞ്ഞു.

അൽപ്പം കഴിഞ്ഞ് ഇടംകണ്ണാലെ അവളെ നോക്കുമ്പോൾ സീതയുടെ ചുണ്ടിലൊരു ചിരിയുണ്ട്.

വളരെ മനോഹരമായൊരു ചിരി.

"അവനൊരുപാട് മാറിപ്പോയി ഹരി" ഹരിയെ നോക്കി സീത പറഞ്ഞു.
വീണ്ടും അവളിൽ പഴയഭാവം തന്നെ തിരികെ വന്നിരുന്നു.

"മാറ്റങ്ങൾ നല്ലതല്ലേടി പൊട്ടീ. പക്ഷേ നല്ല രീതിയിലാവണം ആ മാറ്റങ്ങൾ"
ഹരി കണ്ണടച്ച് കാണിച്ചു.

"ധൈര്യമായിട്ടിരിക്ക് സീതേ. നീ കൂടി തളർന്നു പോയാ ഈ വീടിന്റെ താളം പിഴച്ചു പോവുമെന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ നിനക്ക്. ഞാനുണ്ട് കൂടെ"

ഹരി അവളുടെ കൈ പിടിച്ചു.

"അജൂന്റെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട് ഹരി. ഇത് വരെയുള്ള പ്രശ്നങ്ങളെ നേരിട്ടത് പോലെയല്ല. എന്റെ പ്രതീക്ഷയല്ലേ... അവന്റെ കയ്യിൽ പിടിച്ചു നിൽക്കാനാവും എന്നുള്ള എന്റെ വിശ്വാസമല്ലേ ഇല്ലാതായിപ്പോവുന്നത്. അവന്കൂടി വേണ്ടിയിട്ടല്ലേ ഞാൻ... എനിക്കിത് എല്ലാംക്കൂടി സഹിക്കാൻ വയ്യെടാ. ശ്വാസം മുട്ടുന്നു"

സീത അവനെ നോക്കാതെയാണ് പറയുന്നത്. പക്ഷേ, ആ പിടയുന്ന ഹൃദയമറിയാൻ ഹരിക്ക് അവളുടെ മുഖം കാണണമെന്നേ ഇല്ലായിരുന്നു.

അവനവളുടെ കൈകളിൽ കൂടുതൽ മുറുക്കി പിടിച്ചു.

"ഞാനൊന്ന് പുറത്ത് പോവുകയാണ്. വരാനിത്തിരി വൈകും"
പിറകിൽ നിന്നും അർജുന്റെ ശബ്ദം കേട്ടാണ് സീതയും ഹരിയും തിരിഞ്ഞ് നോക്കിയത്.

ഒരു ബനിയൻ കഴുത്തിലൂടെ വലിച്ചിറക്കി മുറ്റത്തേക്കിറങ്ങുന്ന അർജുന്റെ മുഖത്തിന് അപ്പോഴും വല്ലാത്ത കനമുണ്ട്.

സീതയുടെ മുഖവും വലിഞ്ഞു മുറുകി.

ഹരി അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.

"എങ്കിൽ നിൽക്കെടാ. ഞാനും വരുന്നുണ്ട്"

ഹരിയും എഴുന്നേറ്റു.

"പോയിട്ട് വരാടി" അവൻ പറയുമ്പോൾ സീത തലയാട്ടി.

"പാറൂ..." അകത്തേക്ക് നോക്കി ഹരി ഉറക്കെ വിളിച്ചു.

ലല്ലു മോളാണ് ആദ്യം ഓടിയിറങ്ങി വന്നത്.

"നിന്റെ അമ്മയെന്ത്യേ മോളെ?" ഹരി കുനിഞ്ഞ് നിന്നിട്ട് ലല്ലുവിന്റെ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചു.

"നീ പോവാനായോടാ?" ലല്ലു ഉത്തരം പറയും മുന്നേ പാർവതി ചോദ്യത്തോടെ ഇറങ്ങി വന്നു.

"മ്മ്... ഇനി പിന്നെ വരാം. പോട്ടെ"

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.

സീതയെ നോക്കിയപ്പോൾ, അവളുടെ ശ്രദ്ധ മുഴുവനും ഹരി, യാത്ര പറയുന്നതും നോക്കി നിൽക്കുന്ന അർജുന്റെ നേരെയാണ്.

അവന്റെ മുഖത്തെ അസഹിഷ്ണുത അവളുടെ നെറ്റി ചുളിക്കുന്നു.

ഹരിയേട്ടായെന്നും വിളിച്ച് ആ പുറകിൽ നിന്നും മാറാത്ത ചെക്കനായിരുന്നു.
ഇന്നവന് രണ്ടു വാക്ക് തികച്ചും മിണ്ടാൻ നേരമില്ല.

"ഇനി ഇവിടിരുന്ന് ആലോചിച്ചു കൂട്ടിയത് മതിയെടി. എണീറ്റ് അകത്തു പോ"

സീതയെ നോക്കി ഹരി വീണ്ടും പറഞ്ഞു. അവളൊന്നും പറയാതെ അവനെ നോക്കിയിരുന്നു.

"നാളെ കാണാം"

കാത്തുനിന്ന് മടുത്തത് പോലെ ഇറങ്ങിനടന്ന അർജുന്റെ നേരെ ധൃതിയിൽ നടക്കുന്നതിനിടെ ഹരി വിളിച്ചു പറഞ്ഞു.

                     ❣️❣️❣️❣️❣️

"രണ്ടിനോടുംകൂടിയാ എനിക്ക് പറയാനുള്ളത്. എനിക്ക് വേണ്ടി ഇവിടാരോടും നിങ്ങൾ തല്ല് പിടിക്കരുത്. ഞാൻ പോയാലും നിങ്ങൾക്കിവിടെ നിൽക്കാനുള്ളതാ. അത് മറക്കരുത്"

കണ്ണൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞിട്ടും ആദിക്കും സിദ്ധുവിനും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല.

"അവരോട് വിളിച്ചു പറഞ്ഞത് പോലെ സ്വത്ത് മോഹിച്ചൊന്നും വന്നതല്ല ഞാൻ"

കണ്ണൻ വീണ്ടും രണ്ടാളെയും മാറിമാറി നോക്കുന്നുണ്ട്.

"പിന്നെന്തിനാ നീ ഇപ്പൊ ഇത്രേം കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത്. ഇവിടാരെ കാണാനാ?"

ആദി ഒരു കള്ളച്ചിരിയോടെ കണ്ണനെ നോക്കി ചോദിച്ചു.

കണ്ണൻ ആദിയെ തുറിച്ചു നോക്കി.

"എനിക്ക് പറയാൻ സൗകര്യമില്ലെങ്കിലോ?"

കണ്ണനും തിരിച്ചു ചോദിച്ചു.

"ഓ.. അല്ലെങ്കിലും അതിപ്പോ നീ പറഞ്ഞിട്ട് വേണമല്ലോ ഞങ്ങൾക്കറിയാൻ. രാമൻ സീതയെ തേടിവന്നതാണെന്ന്"

സിദ്ധു ചിരിച്ചുകൊണ്ട് പറയുമ്പോൾ ആ ചിരി പതിയെ കണ്ണനിലേക്കും പടർന്നു.

"അതിനി എന്നാടാ അവളൊന്ന് തിരിച്ചറിയുന്നേ?"
കണ്ണന്റെ സ്വരം ആർദ്രമായി.

"എന്റെ അഭിപ്രായത്തിൽ അതിന് വേണ്ടി നീ വെറുതെ നിന്റെ വിലപ്പെട്ട സമയം കളയേണ്ടന്നാണ്. കാരണം അവളൊരിക്കലും ഇത് പോലൊരു ബന്ധം അംഗീകരിച്ച് തരുമെന്ന് എനിക്ക് തോന്നുന്നില്ല "

കണ്ണന് സങ്കടമാവുമെന്ന് കരുതിതന്നെയാണ് സിദ്ധുവത് പറഞ്ഞത്.

പക്ഷേ, കണ്ണന്റെ ചിരി അൽപ്പംപോലും മാഞ്ഞിട്ടില്ല.

പകരം, അവളുടെ ഓർമ്മയിൽ ആ ചിരിക്ക് കൂടുതൽ മനോഹാരിതയേറി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story