സ്വന്തം ❣️ ഭാഗം 80

രചന: ജിഫ്‌ന നിസാർ

"പറഞ്ഞത് പോലെ നീ അവസാനിപ്പിച്ചു കളഞ്ഞു. അല്ലേടാ?"

ധൃതിപിടിച്ചു റിമിയെ കൈകളിൽ കോരിയെടുത്തു കൊണ്ട് കാറിന് നേർക്ക് ഓടുമ്പോഴായിരുന്നു പിന്നിൽ നിന്നും പ്രധാപ് വർമ്മയുടെ കൂർത്ത ചോദ്യം.

കണ്ണന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി.

കൈകളിൽ മരണത്തിനും ജീവനുമിടയിലുള്ള റിമി..
ഒപ്പം ഓടി എത്തുന്നവർക്ക് കടിച്ചു കുടയാനാണ് അപ്പോഴും താല്പര്യം.

"കണ്ണാ... അവർക്കുള്ള മറുപടി നമ്മുക്ക് പിന്നെ കൊടുക്കാം.. ഇപ്പൊ നീ വാ.. വന്നു കയറെടാ "

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഹരി കണ്ണന് വേണ്ടി കാറിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തു.

മടിച്ചു നിൽക്കാതെ അവൻ റിമിയുമായി ഉള്ളിലേക്ക് കയറുമ്പോൾ മറു സൈഡിൽ നിന്നും സീതയും അവനൊപ്പം കയറി.

ഹരിക്ക് അരികിലേക്ക് ആദിയാണ് കയറിയത്.

"മുത്തശ്ശിയെ ശ്രദ്ധിക്കണേ സിദ്ധു "
കാറിൽ ഇരുന്നു കൊണ്ട് തന്നെ കണ്ണൻ വിളിച്ചു പറഞ്ഞു.

ഹരി പരമാവധി സ്പീഡിലാണ് വണ്ടിയോടിക്കുന്നത്.

ബെഡ് ഷീറ്റിൽ ചുറ്റി പൊതിഞ്ഞു പിടിച്ചിരിക്കുന്ന റിമിയുടെ മുഖം നിറയെ ചതഞ്ഞു നീര് വന്നിരുന്നു.

ചോര കല്ലിച്ച ചുണ്ടുകളിൽ പല്ലുകൾ ആഴ്‌ന്നിറങ്ങിയ അനേകം പാടുകൾ.

പാതി അടഞ്ഞ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ നീർ തുള്ളികൾ കൺപീലിയിൽ തടഞ്ഞു നിൽക്കുന്നു.

അത്യധികം വേദനയോടെ കണ്ണൻ അവളെ നോക്കി.

തന്നെ അവളെങ്ങനെ കണ്ടിരുന്നു എന്നതല്ല... തനിക്കവൾ കുഞ്ഞു നാൾ മുതലുള്ള കൂട്ടുകാരിയാണ് എന്നയോർമ അവനെ കുത്തി നോവിച്ചു.

സീതയുടെ കൈകളും റിമിയെ ചേർത്ത് പിടിച്ചിട്ടുണ്ട്.

തടയാൻ ആവാത്തവിധം കവിളിലേക്ക് പടർന്നിറങ്ങുന്ന കണ്ണുനീർ.. റിമിയിലെ പെണ്ണിനെ ഓർത്താണ് വിങ്ങിയത്.

അവളെത്ര വേദന സഹിച്ചു കാണും എന്നോർക്കുമ്പോൾ, ഇത്തിരി നേരം മുന്നേ ഇതേ അവസ്ഥയിൽ തന്നെ കാണാൻ ആഗ്രഹിച്ചവളാണ് റിമിയെന്ന് സീത മനഃപൂർവം മറന്നു പോയിരുന്നു.

വിരലിലെ നഖം കടിച്ചു കൊണ്ട് ആദി ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.

ഇനിയെന്തെല്ലാം കാണേണ്ടി വരുമെന്നുള്ള ആകുലത ആ കണ്ണുകളിൽ വ്യക്തമാണ്.

കാരണം കണ്ണനിന്നലെ വിളിച്ചു പറഞ്ഞ വാക്കുകൾ.. അതിന്റ തീവ്രത അതെല്ലാം അവനെ പ്രതി സ്ഥാനത്തേക്ക് കൈ പിടിച്ചു കൊണ്ട് പോവാൻ ശക്തമായ തെളിവുകളാണ് എന്നത് തീർച്ച..

പരസ്പരം ഒരാശ്വാസവാക്ക് പോലും പറയാനാവാത്ത വിധം തളർന്നു തൂങ്ങി പോയിരുന്നു അവരെല്ലാം.

കണ്ണന്റെ കാതിലപ്പോഴും പ്രതാപിന്റെ ചോദ്യം മുഴങ്ങുന്നുണ്ട്.. അശരീരി പോലെ.

                              ❣️❣️❣️

ഇരുപത് മിനിറ്റ് കൊണ്ട് ഹരി ഹോസ്പിറ്റലിൽ എത്തിച്ചു.

ഒരു ഡോക്ടർ ആയിരുന്നിട്ട് കൂടി കണ്ണൻ തളർന്നിരുന്നപ്പോൾ അവന്റ കുറവ് നികത്താൻ വേണ്ടി ഓടി പിടഞ്ഞതൊക്കെയും ഹരിയാണ്.

ICU വിന് മുന്നിലെ കസേരയിൽ തല കുനിച്ചിരിക്കുന്നവനൊപ്പം സീതയും ഹൃദയഭാരത്തോടെ കൂട്ടിരുന്നു.

റിമിയെ പരിശോധന നടത്തിയ ശേഷം ഡോക്ടർ അവരെ മുറിയിലേക്ക് വിളിപ്പിച്ചു.
ആദിയെ സീതയുടെ അരികിൽ ഇരുത്തിയിട്ട് കണ്ണനും ഹരിയും കൂടിയാണ് ഡോക്ടറെ കാണാൻ പോയത്.

"ഇത്രേം ക്രൂരമായൊരു റേപ്പ് വിക്ടീമിനെ ഞാൻ എന്റെ സർവീസിൽ ഇത് വരെയും കണ്ടിട്ടില്ല.."

ഡോക്ടർ സധാനന്ദന്റെ വാക്കുകളിൽ ഉണ്ടായിരുന്നു റിമി അനുഭവിച്ച വേദനകളുടെ ആഴം.

"പോലീസിൽ ഇൻഫോർമേഷൻ ചെയ്യേണ്ടി വരും. റേപ്പ് അറ്റംപ്റ്റ്. അതും വളരെ ക്രൂരമായിട്ട്. ആ കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരവുമാണ്. ഇരുപത്തി നാല് മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല"

ഡോക്ടറെ കടുപ്പമുള്ള വാക്കുകൾ.
കണ്ണന് ശ്വാസം മുട്ടി.

പോലീസ്.. കേസ്.. ഇനിയങ്ങോട്ട് അവളുടെ ഭാവി..അതിനെല്ലാം പുറമെ ഒരേയൊരു മോളുടെ ഇപ്പോഴുള്ള അവസ്ഥയിൽ മകളെ പ്രാണനെ പോലെ സ്നേഹിക്കുന്ന.. സ്നേഹം മൂത്തു ഭ്രാന്തായി മാറിയ റിമിയുടെ ഡാഡി.. മമ്മ.

ഒറ്റ നിമിഷം കൊണ്ട് അനേകം ചിന്തകൾ കണ്ണന്റെ തലക്കുള്ളിൽ പുളഞ്ഞു.

ഹരിയുടെ കൈകൾ അവന്റെ തോളിൽ അമർന്നു.

എത്രയൊക്കെ പറഞ്ഞിട്ടും പോലീസിസിൽ അറിയിക്കാതെ താൻ ചികിത്സയുമായി സഹകരിക്കില്ലെന്നുള്ള ഡോക്ടറുടെ വാശി... ഹരി ഒരുപാട് ബുദ്ധിമുട്ടിയാണ് ഇല്ലാതെയാക്കിയത്.റിമി കണ്ണ് തുറക്കും വരെയെങ്കിലും ക്ഷമിക്കണം എന്നുള്ള ഹരിയുടെ ആവിശ്യം മനസ്സില്ലാ മനസ്സോടെയാണ് അയാൾ അംഗീകരിച്ചത്.

മരവിപ്പോടെയാണ് കണ്ണൻ ഹരിക്കൊപ്പം പുറത്തേക്ക് നടന്നത്.

അസഹനീയമായ മൗനം..

നെടുവീർപ്പുകൾ..
എന്തും സംഭവിക്കാം എന്നുള്ള ഭയം..

ഇനിയും മുന്നിൽ കാത്തിരിക്കുന്നത് എന്തെന്നുള്ള ആശങ്ക..

ആത്മസംഘർഷം നിറഞ്ഞ കുറച്ചു മണിക്കൂറുകൾ.

ശ്രീ നിലയത്തിൽ നിന്നും ആരും അവളെ അനേഷിച്ചു വന്നില്ല. ഒന്ന് ഫോൺ വിളിച്ചു ചോദിച്ചത് കൂടിയില്ലെന്ന് അവരെല്ലാം ഓർത്തു.

അവർക്കും കൂടി വേണ്ടിയാണ് അവളീ കളികളെല്ലാം കളിച്ചത്.

സിദ്ധു മാത്രം ഇടക്കിടെ വിളിക്കുന്നുണ്ട്.

"ഇവിടിങ്ങനെ ഇരുന്നിട്ടെന്താ സീതേ? നിന്നെ ഞാൻ വീട്ടിലാക്കി തരട്ടെ?"
ഹരി ചോദിച്ചു.

സീത വേണ്ടന്ന് തലയാട്ടി.

അവളുടെ കണ്ണുകളപ്പോഴും കസേരയിൽ ചുവരിലേക്ക് തല ചേർത്ത് കണ്ണടച്ചിരിക്കുന്നവന്റെ നേരെയായിരുന്നു.

തീ തിന്നിങ്ങനെയിരിക്കുമ്പോൾ തനിച്ചാക്കി പോകുന്നതെങ്ങനെ..?

കൂട്ടിരിക്കുക എന്നതിൽ കവിഞ്ഞൊന്നും ചെയ്യാനാവില്ലയെങ്കിലും... പോവാൻ തോന്നുന്നില്ല.

അതറിഞ്ഞത് പോലെ ഹരി പിന്നൊന്നും ചോദിച്ചതുമില്ല.

വിശപ്പോ ദാഹമോ അറിയുന്നില്ലയെങ്കിലും ആദി പോയിട്ട് ഒരു കുപ്പി വെള്ളവും ഒരു ബ്രെഡ്‌ പേക്കും കൊണ്ട് വന്നു.

തളർന്നു വീഴാതിരിക്കാൻ മാത്രം അവരെല്ലാം അതിൽ നിന്ന് ഓരോ കഷ്ണം എടുത്തു കഴിച്ചു.

തലേന്ന് രാത്രി താങ്ങൾ അറിയാതെ ഇത്രേം ക്രൂരത നിറഞ്ഞൊരു സംഗതി അവിടെങ്ങനെ നടന്നു എന്ന് മാത്രം ആർക്കും മനസ്സിലായില്ല.സീതയെ ഇന്നലെ രാത്രി റിമി അപായപെടുത്തുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിട്ടാണ് ഒരു നിഴൽ പോലെ അവളെ വീക്ഷിച്ചു നടന്നത്.

യാത്ര പോകുന്നുവെന്നൊരു കള്ളകഥയുണ്ടാക്കി ശ്രീ നിലയത്തിൽ തന്നെ ഉണ്ടായിരുന്നു.ഹരിയും എത്തി ചേർന്നിരുന്നു.

ആർക്കും യാതൊരു സംശയവും തോന്നാതെ കാറിൽ ആദിയും സിദ്ധുവും മാത്രം കയറി പോയി.

മുത്തശ്ശിയുടെ മുറിയിൽ ജിതിൻ ആദ്യം തന്നെ കയറി ഒളിച്ചിരുന്നിരുന്നു.
അവനാണ് സീത ഭദ്രമായി അടച്ച വാതിൽ തുറന്നു കൊടുത്തത്.

കയ്യിലുള്ള ക്ളോറോ ഫോം മണുപ്പിച്ചിട്ട് സീതയെ കസേരയിൽ ചേർത്ത് കെട്ടിയത് കാർത്തിക്കാണെന്ന് ആദ്യ അടിയിൽ തന്നെ അവൻ സമ്മതിച്ചു തന്നിരുന്നു.

റിമിയോട് വെറുപ്പുണ്ടായിരുന്നു എന്നതു സത്യം തന്നെ.

പക്ഷേ കൊന്ന് കളയാൻ മാത്രം ക്രൂരത തനിക്കുള്ളിൽ ഇല്ലായിരുന്നുവല്ലോ?

സീതയെ സ്വന്തം മുറിയിലാക്കി അതിന് മുന്നിലെ ഇടനാഴിയിൽ ഒരു ബ്ലാങ്കറ്റ് വിരിച്ചു കിടന്നത്.. ശ്രീ നിലയത്തി ഉള്ളവർ,അവരെയൊട്ടും വിശ്വസമില്ലാഞ്ഞിട്ട് തന്നെയാണ്.

ഹരിയും അന്നവർക്കൊപ്പം അവടെ തങ്ങി.

അതിനിടയിൽ ഇങ്ങനൊന്നും നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

സീതയോടല്ലേ ദേഷ്യം..?റിമി ഇവിടെ ഉള്ളവർക്ക് പ്രിയപ്പെട്ടവളല്ലേ. ?അവൾക്കെതിരെ തിരിയില്ലെന്നൊരു തോന്നൽ.

പക്ഷേ... നടന്നതൊരു ചതിയാണ്!

കുടുങ്ങേണ്ടത് കണ്ണാനാണെന്ന് വളരെ വ്യക്തമായി പ്ലാൻ ചെയ്തു നടന്ന ചതി.

സത്യത്തിൽ നടന്നതെന്തെന്ന് അറിയണമെങ്കിൽ.. റിമി തന്നെ കണ്ണ് തുറക്കണം.

തനിക്ക് നേരിട്ട ദുരന്തത്തിന് കാരണമായവർക്ക് നേരെ അവൾ തന്നെ വിരൽ ചൂണ്ടി കാണിക്കണം.

കണ്ണൻ വല്ലാതെ വിയർത്തു..

പിടി തരാതെ മനസ്സിൽ അനേകം അശുഭ ചിന്തകൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

"ഡാ.."

ഹരി അവന്റെ തോളിൽ തട്ടി വിളിക്കും.

കണ്ണൻ ഹരിയെ തല ചെരിച്ചു നോക്കി.

"റിമിയുടെ... റിമിയുടെ ഡാഡിയെ അറിയിക്കേണ്ട?"

ഹരിയുടെ ചോദ്യത്തിന് മുന്നിൽ കണ്ണൻ പകച്ചുപോയി.

സീത നോവോടെ അവനെ നോക്കി.

"പറയാതിരിക്കുന്നതല്ലേ ടാ കൂടുതൽ അപകടം?"
ഹരി വീണ്ടും പറഞ്ഞു.

"അയാളോട് ഞാൻ എന്ത് പറയും ഹരി? അകത്തു ജീവനോട് മല്ലിട്ട് കിടക്കുന്നവളിലാണ് അയാളുടെ ജീവനും ജീവിതവും. അങ്ങനെയുള്ള ഒരാൾ.. ഇതറിയുമ്പോൾ.. എനിക്കറിയില്ല ഹരി.. എന്ത് വേണമെന്ന് "
കണ്ണൻ വീണ്ടും കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരുന്നു.

"എന്നെ വിശ്വസിച്ചു കൊണ്ടല്ലേ അയാൾ ഇങ്ങോട്ട് മകളെ വിട്ടത്? എന്നിട്ടിപ്പോ അവൾക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് നടന്നത്.അയാൾ ചോദിച്ച ഞാൻ.. ഞാനെന്ത് ഉത്തരം പറയും ഹരി? "

കലങ്ങി ചുവന്ന കണ്ണന്റെ മിഴികൾ.

"അതിനു.. നീയല്ല.. അയാളുടെ മകളാണ് നിന്നെ ചതിച്ചത്. അതിനുള്ള സമ്മാനമാവും അവൾക്ക് കിട്ടിയതും."

ഹരിയുടെ സ്വരം മുറുകി.

"അതൊന്നും അയാൾക്ക് പറഞ്ഞ മനസ്സിലാവില്ല ഹരി. മകളിപ്പോ പകലെന്ന് പറഞ്ഞ അതേയെന്ന് അയാളും സമ്മതിച്ചു കൊടുക്കും. അത് പോലുള്ള ഒരാളോട്..."
കണ്ണൻ നെറ്റി തടവി.

"അഹ്.. അത് പോലെ വളർത്തിയ അപ്പൊ മക്കളിങ്ങനെയിരിക്കും "

ഹരി പുച്ഛത്തോടെ പറഞ്ഞു.

"എന്തായാലും നീ വിളിച്ചു കാര്യം പറഞ്ഞേക്ക്. ഇല്ലെങ്കിൽ അത് കൂടുതൽ കുഴപ്പമുണ്ടാക്കും. ബാക്കി നമ്മക്ക് വരുന്നിടത്തു വെച്ചു കാണാം. നീ ടെൻഷനാവുന്നത് എന്തിനാ? നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? ധൈര്യമായിരിക്ക് "

ഹരി കണ്ണന്റെ തോളിൽ തട്ടി.

അവനൊരു നെടുവീർപ്പോടെ അതേയിരിപ്പ് തുടർന്നു.

                             ❣️❣️❣️

വൈകുന്നേരമായിട്ടും റിമിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമുണ്ടായില്ല.

പ്രതീക്ഷകൾ തീർത്തും അസ്തമിക്കുന്നത് പോലെ അവരെല്ലാം ഒന്ന് കൂടി തളർന്നിരുന്നു.

എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല.
ഒടുവിൽ കണ്ണനിൽ നിന്നും റിമിയുടെ ഡാഡി ജോണിന്റെ നമ്പറിൽ വിളിച്ചത് ഹരിയാണ്.

അവൻ പറയുന്നത് കേൾക്കാനുള്ള ക്ഷമപോലുമില്ലാതെ ഫോണിൽ കൂടി അയാൾ അലറുകയായിരിന്നു.
"വിടില്ല ഞാനൊരുത്തനെയും "
ആ വാക്കുകൾ ഹരിയുടെ ഹൃദയത്തിൽ പ്രകമ്പനം കൊണ്ടു.

ചെറിയൊരു അപകടം.. അത് മാത്രം പറഞ്ഞിട്ടാണ് ഇങ്ങനെ.

ഇനിയയാൾ കാര്യങ്ങൾ പൂർണമായും അറിയുമ്പോൾ എന്തായിരിക്കും അവസ്ഥയെന്നോർക്കുമ്പോൾ ഹരിക്കും ടെൻഷനുണ്ടായിരിന്നു.

ഹോസ്പിറ്റലിന്റെ പേരും സ്ഥലവും പറഞ്ഞു കൊടുത്തു കൊണ്ട് ഹരി ആ സംഭാഷണം അവസാനിപ്പിച്ചു.

എത്താവുന്നതിന്റെ പരമാവധി സ്പീഡിൽ അയാൾ ഇവിടെ പറന്നിറങ്ങുമെന്ന് കണ്ണനും ഉറപ്പായിരുന്നു.

കയ്യിലൊരു ബോംബും വെച്ചിട്ടാണ് ശ്രീ നിലയത്തിലുള്ളവർ മൗനമായിരിക്കുന്നത് എന്നതും അവന്റെ പരവേശം കൂട്ടി.

ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അരക്ഷിതാവസ്ഥ.

പരസ്പരം നോക്കി അവരെല്ലാം പരിഭ്രമം ഉള്ളിൽ തന്നെ ഒതുക്കി.

ഓരോ പ്രാവശ്യവും ICU വിന്റെ വാതിൽ തുറന്നടയുന്നത് പ്രതീക്ഷയോടെ നോക്കും.

ഒടുവിൽ നിരാശയിൽ മുഖം കുനിക്കും.

ഹൃദയമൊരു അനാവശ്യ ഭയത്തെയും പേറി ശ്വാസം മുട്ടിക്കുന്നു.

അത് സത്യമാണെന്ന് തെളിഞ്ഞത്..ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് കാർത്തിക്കിനൊപ്പം നടന്നു വരുന്ന പോലീസുക്കാരെ കണ്ടപ്പോഴാണ്.

ശ്വാസം വിലങ്ങിയത് പോലെ കണ്ണനാണ് ആദ്യം ചാടി എഴുന്നേറ്റത്.
നടന്നു വരുന്നത് തനിക്കുള്ള കെണിയാണേന്ന് ഹൃദയമവനെ ഓർമിപ്പിച്ചു.

സീതയവന്റെ കയ്യിൽ മുറുകെ പിടിച്ചു.
ഭയം കൊണ്ടവൾ വിറക്കുന്നുണ്ട്.

ചതിയാണ്..
കണ്ണൻ റിമിയോടെന്നല്ല, ലോകത്തിലെ ഒരു പെണ്ണിനോടും അങ്ങനൊന്നും ചെയ്യില്ലന്നുമറിയാം.
പക്ഷേ.. എതിരെ നിൽക്കുന്നവർ കണ്ണനെ പരമാവധി ചുറ്റിക്കാൻ തന്നെയാണ് തീരുമാനമെടുക്കാൻ സാധ്യത കൂടുതല്ലെന്ന് അവൾക്കും നല്ലത് പോലെയറിയാം.

ഹരിയുടെയുടെയും ആദിയുടെയും മുഖത്ത് നിറഞ്ഞു നിൽക്കുന്നതും ടെൻഷനാണെന്നത് സീതയുടെ ഹൃദയമിടിപ്പ് പിന്നെയും കൂട്ടി.

"പേടിക്കേണ്ട... ഒന്നുമുണ്ടാവില്ല "
യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും കണ്ണനവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
"എസ് ഐ സെബാൻ "
മുന്നിൽ വന്നയാൾ കണ്ണനെ നോക്കി പറഞ്ഞു.
അവൻ ഒന്ന് തലയാട്ടി.
അയാൾക്ക് പിന്നിൽ വേറെയും രണ്ടു പേരുണ്ട്.

"നീയാണോ കിരൺ വർമ്മ?"
തൊട്ടടുത്തു വന്നിട്ട് പോലീസ് ഓഫീസർ ചോദിച്ചു.

"അതേ "
കണ്ണൻ അയാളെ നോക്കി പറഞ്ഞു.

"യുവർ അണ്ടർ അറസ്റ്റ് "

അയാളുടെ മുറുക്കമുള്ള സ്വരം.

"എന്തിന് സാറേ? എന്താ അവൻ ചെയ്ത കുറ്റം?"
ഹരി കണ്ണന്റെ അരികിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.

"നീയെതാ?"
ഹരിക്ക് നേരെയും അയാളുടെ നോട്ടം കൂർത്തു.

"ഹരിപ്രസാദ്. ഇവന്റെ ഫ്രണ്ടാണ് "

ഹരി പറഞ്ഞു.

"എങ്കിൽ ഫ്രണ്ട് ഷോ കാണിക്കാതെ കുറച്ചങ്ങോട്ട് നീങ്ങി നിന്നേ "

പോലീസ് കാരനും അയാൾക്കൊപ്പം വന്നവർക്കും വാല് പോലെ പിന്നിൽ നിൽക്കുന്ന കാർത്തിക്കിനും പുച്ഛമാണ്.

"എനിക്ക് ചോദിക്കാമല്ലോ സാറേ.. എന്താ ഞാൻ ചെയ്ത കുറ്റമെന്ന്?"

കണ്ണൻ ചോദിച്ചു.

"നിനക്കറിയില്ല അല്ലേടാ?"
സെബാന്റെ ശബ്ദം വീണ്ടും ഉയർന്നു.

"ഇല്ല. അത് കൊണ്ടല്ലേ ചോദിച്ചത്?"
കണ്ണൻ കൂസലില്ലാതെ മറുപടി പറഞ്ഞു.

പോലീസിനെ കണ്ടത് കൊണ്ട് തന്നെ ചുറ്റും വലിയൊരു ആൾക്കൂട്ടം രൂപപെട്ടിരുന്നു.

പലരുടെ കയ്യിലെയും ഫോണിലെ ക്യാമറ കണ്ണുകൾ കൂടി ആ രംഗം ഒപ്പിയെടുക്കാൻ ധൃതി കാണിക്കുന്നുണ്ട്.

"അകത്തു കിടക്കുന്നവള് ജീവനോടെ പുറത്തേക്ക് വരാതിരിക്കാനാണോടാ നീയൊക്കെയിവിടെ കാവൽ നിൽക്കുന്നത്?"
സെബാൻ കണ്ണന്റെ ഷർട്ടിൽ പിടിച്ചുലച്ചു.

"ഞാനൊരു ഡോക്ടറാണ് സാറേ "
അവനും അയാളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

"ഓ.. അത് കൊണ്ടാണോ ഒരു പെണ്ണിനെ നിന്റെ ആഗ്രഹം തീർത്തിട്ട് കൊല്ലാനാക്കിയത്?"
തീർത്തും പരിഹാസത്തോടെ സെബാന്റെ ചോദ്യം.

പ്രതീക്ഷച്ചതായിട്ട് കൂടി കണ്ണനൊന്ന് ഉലഞ്ഞു.ആ ചോദ്യത്തിനു മുന്നിൽ.

ഹരി അവന്റെ തോളിൽ തട്ടി.

"ഞാനത് ചെയ്തിട്ടില്ല സാറേ "
കണ്ണൻ വലിഞ്ഞു മുറുകിയ മുഖത്തോടെ സെബാനെ നോക്കി.

"നീയും റിമിയും ഇന്നലെ വഴക്കുണ്ടായില്ലേ?"
സെബാൻ കണ്ണനെ ചുഴിഞ്ഞു നോക്കി.

"യെസ്.. പക്ഷേ ഞങ്ങളെല്ലാം പറഞ്ഞു തീർത്തതാണ് "

"അത് നീ പറയുന്ന കള്ളം മാത്രമാണ് ഡോക്ടറെ "
സെബാൻ അവന് ചുറ്റും നടന്നു.

"അവളെ കൊന്നുകളയുമെന്ന് നീ ഭീക്ഷണി പെടുത്തിയതിനു നിന്റെ ഫാമിലി മുഴുവനും സാക്ഷിയാണല്ലോ ഡോക്ടറെ "

കണ്ണനൊന്നും മിണ്ടിയില്ല.

"സത്യത്തിൽ എന്താ സംഭവിച്ചത്? തുറന്നു പറയുന്നതാണ് നിനക്കും എനിക്കും നല്ലത് "
അയാൾ കണ്ണനെ ഓർമിപ്പിച്ചു.

"ഞങ്ങൾ വഴക്കുണ്ടാക്കി. അത് സത്യമാണ്. അതെല്ലാം പറഞ്ഞു തീർത്തിട്ടാണ് ഞാൻ ഇന്നലെ അവടെ നിന്നും പോയതും. പിന്നെ.. പിന്നെ അവിടെന്താണ് നടന്നതെന്ന് എനിക്കറിയില്ല സാറേ. റിമി കണ്ണ് തുറക്കണം.. സത്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ "
കണ്ണൻ അയാളെ നോക്കി പറഞ്ഞു.

ഇതിനോടകം തന്നെ ചുറ്റും കൂടിയവരുടെ കണ്ണിൽ കണ്ണനോടുള്ള ദേഷ്യം നിറയുന്നത് സീത വിറയലോടെ കണ്ടിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story