സ്വന്തം ❣️ ഭാഗം 87

രചന: ജിഫ്‌ന നിസാർ

ശ്രീ നിലയത്തിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ മനം മടുപ്പിക്കുന്നൊരു മൗനം തളം കെട്ടി നിൽപ്പുണ്ട്. ആർത്തി കൊണ്ടും സ്വർത്ഥത കൊണ്ടും സന്തോഷവും സമാധാനവും അന്യം നിന്ന് പോയ അകത്തളങ്ങൾ. പേരും പെരുമയുമല്ല.. ഇട്ടു മൂടാനുള്ള സ്വത്തോ.. വീമ്പ് പറയാനുള്ള ആഡംബരമോ അല്ല ജീവിതത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ടുറപ്പിക്കുന്നത് പോലെ..മൂകമായൊരു വിഷാദം അവിടമിൽ പടർന്നു പിടിച്ചിട്ടുണ്ട്. "എന്തൊക്കെയാ മോനെ ഇവിടെ നടക്കുന്നെ?" കണ്ണനെ കണ്ടയുടനെ മുത്തശ്ശി അവന്റെ കയ്യിൽ പിടിച്ചു. സീതയെയും കൂട്ടി മുത്തശ്ശിയെ കാണാനെത്തിയതായിരുന്നു അവൻ.

റിമിയെ കൊണ്ടിറങ്ങി പോയതിൽ പിന്നെ തിരികെ വന്നിട്ടില്ല. ആദിയും സിദ്ധുവും പറഞ്ഞിട്ട് ഇവിടുത്തെ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നു. കണ്ണവരെ നെഞ്ചോടു ചേർത്തിരുത്തി. അവശത നിറഞ്ഞ ആ ദേഹം അവന്റെ ചുമലിൽ ചാഞ്ഞു കിടന്നു. വേദനനയോടെ സീതയും ആ കാഴ്ച നോക്കി നിന്നു. അസുഖങ്ങൾ കൊണ്ടുള്ള അവശതക്ക് പുറമെ, മനസ്സുലക്കുന്ന അനുഭവങ്ങൾ കൂടിയവരെ തളർത്തി കളഞ്ഞിരിന്നു.

എത്രയൊക്കെ വീര്യത്തോടെ ശ്രീ നിലയത്തിലുള്ളവർക്ക് മുന്നിൽ പിടിച്ചു നിന്നാലും.. തന്റെ കുടുംബത്തിന്റെ അവസ്ഥയിൽ ആ വൃദ്ധയും നീറുന്നുണ്ടായിരുന്നു. താനിരിക്കെ തന്നെ ഇവരിങ്ങനെയാണെങ്കിൽ.. തന്റെ കണ്ണടഞ്ഞാൽ സ്വന്തം കൂടപ്പിറപ്പുകൾ തമ്മിൽ സ്വത്തിന് വേണ്ടി തമ്മിൽ തല്ലി ചാവുന്ന കാലവും വിദൂരമല്ലന്ന് അവർക്കറിയാം.അതൊരു പേടിയായി അവർക്കുള്ളിൽ അവശേഷിക്കുന്നുണ്ട്. "ഒന്നുല്ല മുത്തശ്ശി.. മുത്തശ്ശി അതൊന്നുമോർത്ത് വേദനിക്കരുത് " കണ്ണൻ അവരെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.

"എല്ലാ ദുരന്തങ്ങളും കൂടി ശ്രീ നിലയത്തിൽ കുഴഞ്ഞു മറിഞ്ഞു കിടപ്പായിരുന്നു. അതെല്ലാമൊന്നു കലങ്ങി തെളിയണ്ടേ? എന്നുമിങ്ങനെ കടിച്ചു കീറാനും തമ്മിൽ തല്ലാനും മാത്രം നടന്നാ പോരല്ലോ? അതിനെല്ലാം ദൈവമായിട്ട് കൊണ്ട് തന്നൊരു അവസരമായിട്ട് കൂട്ടിയ മതി " കണ്ണൻ പറഞ്ഞത് കേട്ട് അവരൊന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. "ആ കുട്ടിക്കെങ്ങനെയുണ്ട്?" ഇത്തിരി നേരത്തെ മൗനത്തിന് ശേഷം മുഖമുയർത്തി കണ്ണനെ നോക്കി ചോദിച്ചു.

സീതയും കണ്ണന് നേരെയാണ് നോക്കി നിൽക്കുന്നത്. അവന്റെ മുഖം മങ്ങി. "വല്ല്യ കഷ്ടമാണ് മുത്തശ്ശി. അവളാകെ തകർന്ന് പോയി " അവനത് പറയുമ്പോൾ ആ വാക്കിന് അൽപ്പം കുറ്റബോധത്തിന്റെ കനമുണ്ടെന്ന് തോന്നി സീതയ്ക്ക്. ആ കുറ്റബോധം അവനെയൊരുപാട് വേട്ടയാടുന്നുണ്ട്.അതിലവനൊരുപാട് വേദനിക്കുന്നുമുണ്ടെന്ന് അവൾക്ക് തോന്നി. "പാവം..." അത് വരെയുമുള്ളത് മറന്നിട്ട് മുത്തശ്ശിയും റിമിയുടെ അവസ്ഥയിൽ വേദനിച്ചു.

"എത്രയും പെട്ടന്ന്.. ഇവളുടെ കഴുത്തിലൊരു താലി കെട്ടി സ്വന്തമാക്കണം നീ. അതിനിനി വൈകികൂടാ " മുത്തശ്ശി ഗൗരവത്തോടെ കണ്ണനെ നോക്കി പറഞ്ഞു. അവനൊന്നും മിണ്ടാതെ സീതയെ നോക്കി. "കേൾക്കുന്നുണ്ടോ കണ്ണാ നീയ്..?" മിണ്ടാതിരിക്കുന്ന കണ്ണന്റെ കയ്യിലൊരു തല്ല് കൊടുത്തു കൊണ്ട് മുത്തശ്ശി വീണ്ടും ചോദിച്ചു. "ഞാനും അതാഗ്രഹിക്കുന്നുണ്ട് മുത്തശ്ശി. പക്ഷേ.." അവന്റെ നോട്ടവും സീതയുടെ നേരെയാണ്. അവളാകട്ടെ, ആ നോട്ടം തനിക്ക് നേരെ നീളുമെന്ന് ഉറപ്പുള്ളത് കൊണ്ട് മുഖം കുനിച്ചു.

"അന്നിവിടെ വന്നിട്ട് പറഞ്ഞില്ലേ നീ.. കുടുംബക്ഷേത്രത്തിൽ വെച്ച് ഇവളുടെ കൈ പിടിക്കണമെന്ന്.? കാര്യങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ. പക്ഷേ ആളും ആരാവങ്ങളും മുഴുവനും അറിഞ്ഞിട്ട് തന്നെ ശ്രീ നിലയത്തിലെ കൊച്ചു മോന്റെ വിവാഹം നടക്കണം. അതിന് വേണ്ടുന്ന ഏർപാട് ചെയ്യാൻ നോക്കണം നീ. മനസ്സിലാവുന്നുണ്ടോ?" മുത്തശ്ശി രണ്ടും കല്പിച്ചാണെന്ന് കണ്ണന് മനസിലായി. സീതയുടെയും പാറുവിന്റെയും ഇപ്പോഴത്തെ അവസ്ഥയിൽ വലിയൊരു ഫങ്ക്ഷൻ നടക്കുമോ എന്നൊരു കാര്യത്തിൽ അവന് വല്ല്യ തീർച്ചയില്ലായിരുന്നു.

പക്ഷേ മുത്തശ്ശിയോടത് പറഞ്ഞില്ല. മുത്തശ്ശിയോട് തലയാട്ടി സമ്മതിച്ചു കൊണ്ടവൻ ചിരിച്ചു. പിന്നെയും അൽപ്പനേരം കൂടി അവിടിരുന്നു സംസാരിച്ചത്തിന് ശേഷമാണ് കണ്ണനിറങ്ങി പോയത്. സീത പിന്നെയും കുറച്ചു നേരം കൂടി മുത്തശ്ശിയുടെ മുറിയിൽ തന്നെയിരുന്നു. പിറകിൽ നിൽക്കുന്നവരുടെ പത്തി താഴ്ന്നെന്ന് മനസ്സിലായത്തോടെ സുജയിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് തോന്നി സീതക്കവളുടെ സമീപനം കണ്ടപ്പോൾ. സംസാരത്തിന് പോലും ഒരു മയം വന്നിരിക്കുന്നു.

മുത്തശ്ശിയോട് നല്ല ഭയവുമുണ്ടെന്ന് സീത മനസ്സിലാക്കി. സുജ കേൾക്കാതെ മുത്തശ്ശിയോട് അവളത് ചോദിച്ചു. കണ്ണിറുക്കി ചിരിച്ചു കൊണ്ട് മുത്തശ്ശി അവളെ ചേർത്ത് പിടിച്ചു. ❣️❣️❣️ സീത ചെല്ലുമ്പോൾ കണ്ണൻ അവന്റെ റൂമിൽ കണ്ണടച്ച് കിടക്കുന്നുണ്ട്. അവൾക്ക് അവന്റെ അവസ്ഥയിൽ നല്ല സങ്കടമുണ്ടായുയരുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടുന്നതിന്റെ നോവും വേവും അവളോളം ആർക്കറിയാം! ഒറ്റ ദിവസം കൊണ്ട് അവൻ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് നടന്നത്.

അതവനെ ഒരുപാട് തളർത്തി കളഞ്ഞിട്ടുണ്ട് "കണ്ണേട്ടാ..." പതിയെ വിളിക്കുമ്പോൾ കണ്ണ് തുറക്കാതെ തന്നെ അവനൊന്നു മൂളി. "പോവണ്ടേ...?" അവനരികിൽ ഇരുന്നിട്ട് സീത ചോദിച്ചു. "പോവണോ?" അവളെയും അരികിലേക്ക് വലിച്ചു കിടത്തി കൊണ്ടവൻ ചെരിഞ്ഞു കിടന്നു ചോദിച്ചു. സീത ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടവനെ നോക്കി. അവനരികിൽ കിടക്കുബോൾ ഉള്ള് തുള്ളുന്നത് ചിരി കൊണ്ടവൾ മറച്ചു പിടിച്ചിരുന്നു. "നമ്മക്ക് കല്യാണം കഴിക്കണ്ടേടി?"

അവൻ അവളുടെ മുഖത്തു മുഴുവനും വിരൽ കൊണ്ടു ചിത്രം വരക്കുന്നതിനിടെ ചോദിച്ചു. വലിഞ്ഞു മുറുകുന്ന ഞരമ്പുകളിൽ തീ പിടിക്കുന്നുണ്ട്.. എന്നിട്ടും സീത അനങ്ങിയില്ല. "മനസ്സറിഞ്ഞു ഒരു ചരട് കെട്ടിയ പോലും സ്വന്തം ഭാര്യയാണെന്ന് വിശ്വാസമുള്ളവനാ എന്റെ ചെക്കൻ. അങ്ങനെ നോക്കുമ്പോ കെട്ടൊക്കെ എന്നേ കഴിഞ്ഞു.." സീത അവനെ നോക്കി കണ്ണിറുക്കി. ഒരു കൈ തലക്കടിയിലേക്ക് വെച്ച് മറു കൈ കൊണ്ടവൻ അവളെ നെഞ്ചിലേക്കണച്ചു പിടിച്ചു.

ഒന്നും മിണ്ടാതെ അവളുടെ തോളിലവന്റെ കൈകൾ താളമിടുന്നതും ആസ്വദിച്ചു കൊണ്ടവൾ കണ്ണടച്ച് കിടന്നു. നേർത്ത ശ്വാസം അവനുറങ്ങിയെന്ന് തെളിയിക്കുമ്പോൾ.. സീത കൂടുതൽ കണ്ണനിലേക്ക് പറ്റി ചേർന്നു കിടന്നു. കൈകൾ വിടർത്തിയവനെ ചുറ്റി പിടിച്ചു കിടന്നിട്ടും അവൾക്കുറങ്ങാനായില്ല. മുത്തശ്ശി പറഞ്ഞു വിവാഹകാര്യത്തിലുടക്കി പോയിരുന്നു അവളുടെ മനസ്സ് മുഴുവനും. ഹരിക്കെന്തായാലും സന്തോഷമായിരിക്കും. അവനും കാത്തു കാത്തിരിപ്പല്ലേ..

പാറുവിന്റെ കാര്യമാണ്.. അതാലോചിക്കുമ്പോഴാണ് മനസ്സിൽ വീണ്ടും നിരാശ നിറയുന്നത്. ഹരിയോടിത്തിരി സിമ്പതിയൊക്കെ തോന്നി തുടങ്ങിയെന്നത് നേര് തന്നെ. പക്ഷേ പെട്ടന്നൊരു വിവാഹമെന്നൊക്കെ പറയുമ്പോൾ.. അസ്വസ്തയോടെ സീതയൊന്നു അനങ്ങിയതും കണ്ണന്റെ കൈകൾ ആ ഉറക്കത്തിലും അവളുടെ മേൽ മുറുകി. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനവന്റെ നെഞ്ചിലേക്ക് പതുങ്ങി.. ❣️❣️❣️❣️

സീത കണ്ണന്റെ കൂടെ വരുമെന്ന് പറയാൻ വേണ്ടി അവളുടെ വീടിന്റെ മുന്നിൽ ഹരി ബൈക്ക് നിർത്തിയിറങ്ങിയ അതേ നിമിഷമാണ് ലല്ലുവിന്റെ കയ്യും പിടിച്ചു പാറു ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി വന്നതും. ലല്ലുവിനോടെന്തോ പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൾ നടന്നു വരുന്നത്. സെറ്റും മുണ്ടുമെടുത്ത്.. വിടർത്തിയിട്ട മുടിയിഴകളുമായി വല്ലാത്തൊരു ഐശ്വര്യത്തിൽ നിൽക്കുന്നവളെ ഹരി കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി..

ലല്ലു മോൾ ഹരിയെ കണ്ട നിമിഷം തന്നെ പാറുവിന്റെ കൈ വിട്ടു കൊണ്ട് അവനരികിലേക്ക് ഓടിയെത്തി. അങ്കിൾ " അവന്റെ മുന്നിൽ വന്നു നിന്ന് ലല്ലു വിളിച്ചിട്ടും പാറുവിൽ ഉടക്കി പോയ മിഴികളും മനസ്സുമായി ഹരി മറ്റേതോ ലോകത്തായിരുന്നു. അങ്കിൾ " ഇപ്രാവശ്യം കൈ എത്തുന്ന ഹരിയുടെ കാൽ തുടയിൽ കുറുമ്പോടെ അടിച്ചു കൊണ്ട് ലല്ലു വീണ്ടും വിളിക്കുമ്പോൾ അവൻ ഞെട്ടി പോയി. ആഹാ.. ആരായിത്.. അങ്കിളിന്റെ ചുന്ദരി പെണ്ണല്ലേ? "

ഹരിയവളെ പൊക്കിയെടുത്തു കൊണ്ട് ബൈക്കിന്റെ മുന്നിലിരുത്തി. "ഞാൻ വിളിച്ചിട്ട് മിണ്ടിയില്ലല്ലോ. പോ.. ഞാനും മിണ്ടൂല " ലല്ലു അവനോട് പിണങ്ങിയ പോലെ മുഖം വീർപ്പിച്ചു പിടിച്ചു. "അയ്യോ.. അങ്ങനൊന്നും പറയാതെ.. എന്റെ പൊന്ന് മോള് പിണങ്ങിയ എനിക്ക് സങ്കടം വരുവേ.." ഹരി അവളുടെ കുഞ്ഞി കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. ലല്ലുവിന് ചിരി വന്നിരുന്നു അവന്റെയാ കൊഞ്ചൽ കേട്ടപ്പോൾ. ഹരിക്ക് പാറുവിനെ നോക്കാനൊരു ചമ്മൽ തോന്നിയിരുന്നു.

അവളുടെയും സ്ഥിതി അത് തന്നെ. "സീത കണ്ണന്റെ കൂടെ ശ്രീ നിലയത്തിലേക്ക് പോയി. വൈകിട്ട് വരും " പാറുവിനെ നോക്കി ഹരി പറഞ്ഞു. നേർത്തൊരു ചിരിയോടെ പാറു തലയാട്ടി. "എവിടെ പോകുവാ.. അമ്മയും മോളും?" ലല്ലുവിനെ ഇറുക്കി പിടിച്ചു കൊണ്ട് ഹരി ചോദിച്ചു. ചോദ്യം പാറുവിന്റെ നേരെ നോക്കി കൊണ്ടായിരുന്നു. "അമ്പലത്തിൽ പോകുവാ അങ്കിൾ " പിണക്കം മറന്നു കൊണ്ട് ലല്ലുവാണ് ഉത്തരം പറഞ്ഞത്. "ആഹാ. കൊള്ളാലോ. അങ്കിളിനെ കൂടി കൊണ്ട് പോകുവോ?"

പാറു വിനെ നോക്കിയൊരു കള്ളചിരിയോടെ ഹരി ചോദിച്ചു. "കൊണ്ടൊവോ അമ്മേ..?" ലല്ലു പെട്ടന്ന് പാറുവിനോട് ചോദിച്ചു. അവൾ എന്തുത്തരം പറയുമെന്ന ആധിയോടെ ലല്ലുവിനെ നോക്കി കണ്ണുരുട്ടി. ഹരിക്ക് ചിരി വന്നു അവളുടെ ഭാവങ്ങൾ കണ്ടപ്പോൾ. "അങ്കിൾ പാവല്ലേ അമ്മേ. ഒറ്റയ്ക്കു പോവാൻ പേടിയായിട്ടാ. ല്ലേ അങ്കിളെ?" പാറുവിനെ നോക്കി ദയനീയമായി ലല്ലു ചോദിക്കുന്നതിനിടെ ഹരിയെ തോണ്ടി കൊണ്ട് ലല്ലു കണ്ണടച്ച് കാണിച്ചു. അവളുടെ അതേ ഭാവത്തിൽ ഹരിയും പാറുവിനെ നോക്കി. അവൾ ആകെ കെണിയിൽ പെട്ടത് പോലെ കുഴഞ്ഞു. "പ്ലീസ് അമ്മാ.. അങ്കിൾ വന്നോട്ടെ അമ്മേ " ലല്ലു കൊഞ്ചുന്നത് നിർത്തിയിട്ടില്ല.

"ഞാൻ.. ഞാനാക്കി തരട്ടെ പാറു, അമ്പലത്തിലേക്ക്?" ഹരി ചോദിച്ചത് കേട്ടിട്ട് പാറു അവനെ നോക്കി. "പ്ലീസ്.. എന്റെ.. എന്റെ ഒരാഗ്രഹമാണ്. പക്ഷേ തനിക്കിഷ്ടമല്ലെങ്കിൽ വേണ്ട കേട്ടോ. ഞാൻ നിർബന്ധിക്കില്ല." ആ ഒരവസരത്തിന് അങ്ങേയറ്റം കൊതിയുണ്ടായിട്ടും അതവളെ വേദനിപ്പിക്കുമോ എന്നൊരു ഭയത്തോടെ ഹരി പറഞ്ഞു. ഒരു നിമിഷം കൂടി അറച്ചു നിന്നിട്ട് പാറു വന്നവന്റെ പിറകിൽ കയറി. ഹരിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി. അവനൊരിക്കലും നടക്കില്ലെന്നു കരുതിയൊരു സ്വപ്നം പൂവണിഞ്ഞ സന്തോഷം..

അതവനെ ശ്വാസം മുട്ടിച്ചു. ലല്ലു ആഹ്ലാദത്തോടെ ഉറക്കെ കൈ കൊട്ടി ചിരിക്കുന്നുണ്ട്. തന്നെയാകെ പൊതിഞ്ഞൊരു കുളിരിൽ വിറച്ചു കൊണ്ടാണ് ഹരി ബൈക്ക് സ്റ്റാർട്ട് ചെയ്തതും വളരെ പതിയെ അത് മുന്നോട്ടെടുത്തതും. എത്രയൊക്കെ അടക്കി പിടിച്ചിട്ടും മിററിൽ കൂടി കള്ളനെ പോലെ ഹരിയുടെ കണ്ണുകൾ പാറുവിനെ തഴുകി തലോടി. ഓരോ നോട്ടത്തിലും പിടഞ്ഞു കൊണ്ട് പിന്നിലേക്ക് മായുന്ന പാറുവിന്റെ മുഖം അവനുള്ളിൽ ആഹ്ലാദമാണ് നൽകിയത്.

ഒരിക്കലും തീരരുതെന്ന് അവനത്ര മാത്രം കൊതിച്ചു പോയൊരു യാത്ര..താൻ വിളിച്ചത് കൊണ്ടാണ് അവൾ കൂടെ വന്നതെന്ന ഓർമയവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. മറ്റാർക്കും പകരമാവാത്ത എന്തോ ഒരു സ്പെഷ്യലുണ്ടല്ലോ ഹരിക്കവളിൽ.. വാക്കുകളുടെ ഭംഗിയിൽ പറഞ്ഞാൽ അവന്റെ സന്തോഷത്തിന്റെ അവസാനവാക്ക്.. അതവളിലല്ലേ? എണ്ണമില്ലാത്തത്ര രാവുകളിൽ കണ്ടു കൊതിച്ച സ്വപ്നമല്ലേ?

ആയിരം കഥകൾക്കുള്ളിൽ നിറച്ചാലും തീരാത്ത പ്രണയമില്ലേ അവനിൽ അവൾക്കായ്... ഹരിയുടെ ഉള്ളം പ്രണയം കൊണ്ടു വീർപ്പുമുട്ടി. അവനിലേക്ക് നിഴൽ പോലും വീഴരുതെന്ന് വാശിയുള്ളത് പോലെ അകന്ന് മാറിയിരിക്കുന്ന പാറുവിന്റെ മനസ്സിലും പഞ്ചാരി മേളമായിരുന്നു. ഹരിക്കും പാറുവിനുമുണ്ടായ മാറ്റങ്ങളൊന്നുമറിയാതെ മുന്നിലെ ഓരോ കാഴ്ചകളിലും മിഴികളുടക്കി ആർത്തു ചിരിക്കുന്ന ലല്ലു മോൾ... അവളായിരുന്നു ആ യാത്ര ഏറ്റവും കൂടുതൽ ആസ്വദിച്ചതും.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story