സ്വന്തം ❣️ ഭാഗം 88

രചന: ജിഫ്‌ന നിസാർ

 "പോയിട്ട് പെട്ടന്നിങ്ങോട്ട് വന്നേക്കണേ.. ന്റെ കണ്ണന്റെ പെണ്ണായിട്ട്.മുത്തശ്ശി കാത്തിരിക്കും." യാത്ര പറയാൻ ചെല്ലുമ്പോൾ മുത്തശ്ശി സീതയുടെ കൈ പിടിച്ചു അരികിലിരുത്തി കൊണ്ട് പറഞ്ഞു. മ്മ് " അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. "പറഞ്ഞതൊന്നും മറക്കല്ലേ ട്ടൊ കണ്ണാ" മുത്തശ്ശി കണ്ണനെ കൂടി ഓർമപെടുത്തി. "ഏയ്.. അത് ഞാൻ മറക്കുവോ മുത്തശ്ശി?" സീതയെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു. "എങ്കിൽലിനി പോയിക്കോ മക്കളെ. ഇപ്പൊ തന്നെ നേരം ഒത്തിരി വൈകി.." മുത്തശ്ശി പറഞ്ഞത് കേട്ട് സീത കണ്ണനെ കൂർപ്പിച്ചു നോക്കി. "ഉറങ്ങി പോകുന്നതൊക്കെ ഒരു തെറ്റാണോ? എന്തോന്നെടി "

അവനും പതിയെ മുത്തശ്ശി കേൾക്കാതെ അവളെ നോക്കി പറഞ്ഞു. "ഈ ഒറ്റ ഉറക്കം കാരണം എനിക്കെന്തോരും കാര്യങ്ങളാ നഷ്ടമായേതെന്ന് നിനക്കറിയോടി ചീതാ ലക്ഷ്മി " വീണ്ടും കണ്ണൻ പറയുന്നത് കേൾക്കെ അവളുടെ മുഖം ചുവന്നു. "എന്താണ്.. രണ്ടും കൂടി..? നിങ്ങളുടെ തല്ല് പിടി തീർന്നില്ലേയിനിം?" അവരുടെ പിറുപിറുക്കൽ കേട്ടിട്ടാണ് മുത്തശ്ശിയത് ചോദിച്ചത്. "ഈ ചീതാ ലക്ഷ്മി ശെരിയല്ല മുത്തശ്ശി. ഇവൾക്ക് തല്ല് പിടിച്ചാ മതിയാവില്ല " കണ്ണനൊരു കള്ളചിരിയോടെ പറയുന്നത് കേട്ടിട്ട് സീത അവനെ മിഴിച്ചു നോക്കി. "പോടാ അവിടുന്ന്.. ന്റെ കുട്ടി അങ്ങനൊന്നും ചെയ്യൂല. എനിക്കറിയാത്തതൊന്നുമല്ലല്ലോ നിന്റെ ചീതാ ലക്ഷ്മിയെ "

കണ്ണന്റെ ചെവി പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. നിന്റെ സീതാ ലക്ഷ്മി.. സീതയാ വാക്കുകളിൽ കുരുങ്ങി പോയിരുന്നു. എന്ത് സുഖമാണ് കേൾക്കാൻ.. അവളുടെ കണ്ണുകൾ കണ്ണന് നേരെ നീണ്ടു. "എന്റെ സീതാ ലക്ഷ്മിയും ഞാനും പോയിട്ടോ ന്നാ " അവളുടെ ഉള്ളറിഞ്ഞത് പോലെ കണ്ണനത് പറഞ്ഞിട്ട് അവളെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി കണ്ണനും സീതയും വരുന്നതും കാത്തെന്ന പോലെ.. ഉമ്മറത്തു നിറഞ്ഞ ശ്രീ നിലയത്തിലെ പ്രമാണിമാരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ മുന്നോട്ടു നടന്നു. ഹോസ്പിറ്റലിൽ മനസ്സ് മരവിച്ചു കിടക്കുന്നോരുവളുടെ രൂപം..

അവരുടെ മുഖം കണ്ടമാത്രയിൽ വീണ്ടും വീണ്ടും അവനുള്ളിലേക്ക് വന്നിട്ട് നോവിച്ചു. കണ്ണന്റെ കൈകൾ സീതയുടെ കയ്യിൽ മുറുകി. ചെറിയൊരു ബാക്ക് ബാഗിൽ അവന്റെ കുറച്ചു ഡ്രസ്സ്‌ കൂടി എടുത്തിട്ടുണ്ട്. റിമിക്ക് ബാഗ്ലൂരിലേക്ക് തിരിച്ചു പോവാനാവും വരെയും മിത്തുവിനോപ്പം ഹോട്ടൽ റൂമിൽ തന്നെ കഴിയാനായിരുന്നു കണ്ണന്റെ തീരുമാനം. അവന്റെ മാനസികവസ്ഥ അറിയാവുന്നത് കൊണ്ടാവാം മുത്തശ്ശിയും ആ തീരുമാനത്തിൽ എതിർപ്പൊന്നും പറഞ്ഞില്ല. "മോനെ.." അവന്റ അവഗണനയിൽ ആദ്യം ശബ്ദമുയർന്നത് മൂത്ത കാരണവർക്ക് തന്നെയാണ്. ആ വിളി നൽകിയ അസഹിഷ്ണുതയിൽ കണ്ണന്റെ പല്ലുകൾ ഞെരിഞ്ഞു.

കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുന്നവനെ സീത വല്ലായ്മയോടെ നോക്കി. തിരിഞ്ഞു നോക്കിയ കണ്ണന്റെ നോട്ടത്തിൽ പ്രധാപ് വർമ്മയടക്കമുള്ളവരുടെ തല കുനിയുന്നത് സീതയൊരു നിർവൃതിയോടെ നോക്കി. അവർ തുപ്പിയ തീ പുക ശ്വാസിച്ചു പിടഞ്ഞ ഓരോ ദിനങ്ങളും അവൾക്കുള്ളിൽ തികട്ടി വന്നു. "കഴിഞ്ഞു പോയതെല്ലാം ക്ഷമിക്കണം.." വളരെ പ്രയാസപെട്ടു കൊണ്ടാണ് രവിവർമ്മയത് പറഞ്ഞത്. "കഴിഞ്ഞു പോയതെല്ലാം പെട്ടന്ന് മറന്നിട്ടു നിങ്ങളെ പോലെ ഇളിച്ചു കാണിച്ച് യാതൊരു ഉളിപ്പുമില്ലാതെയിങ്ങനെ മുന്നിൽ വന്നു നിൽക്കാൻ ഞാൻ നിങ്ങളിൽ പെട്ടവനല്ല.. ശ്രീ നിലയത്തിലുള്ളവർ എന്റെ ആരുമല്ല.." ഉറക്കെ പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് കണ്ണൻ പറഞ്ഞത്. വികാരക്ഷോഭം കൊണ്ടവന്റെ മുഖം ചുവന്നു...

വലിഞ്ഞു മുറുകി. പിന്നെയാർക്കും ചോദ്യങ്ങളില്ല. വിളറി വെളുത്ത മുഖത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവരെ കണ്ണനും സംതൃപ്തിയോടെയാണ് നോക്കിയത്. "എന്താണ്... നിങ്ങളുടെ ആവിശ്യം? അത് പറ..ഇത്രേം സ്നേഹം ശ്രീ നിലയത്തിലെ പ്രമാണിമാർക്ക് എന്നോട് തോന്നിയത് വെറുതെയാവില്ലല്ലോ? അപ്പൊ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പെട്ടന്ന് ആയിക്കോട്ടെ. എനിക്ക് പോയിട്ട് ധൃതിയുള്ളതാ " ചുമലിൽ കിടന്ന ബാഗ് ഊരി കണ്ണൻ സീതയെ ഏല്പിച്ചിട്ട് അവർക്ക് മുന്നിൽ പോയി കൈ കെട്ടി നിന്നു. അവനോടത് പറയണോ വേണ്ടയോ എന്നുള്ള സന്ദേഹം അപ്പോഴും അവരുടെ മുഖങ്ങളിൽ കല്ലിച്ചു കിടന്നിരുന്നു.

സുധഷ് വർമ്മയും ഭാര്യയും അവർക്കിടയിൽ നിന്നും മാറിയിരിക്കുന്നത് കണ്ണൻ ശ്രദ്ധിച്ചിരുന്നു. "എനിക്ക് പോവാൻ ധൃതിയുണ്ട് " അവരുടെ മൗനം കണ്ടിട്ട് കയ്യിലെ വാച്ചിലേക്ക് നോക്കി കണ്ണൻ ഒരു വട്ടം കൂടി ഓർമിപ്പിച്ചു. "അല്ല.. ജിതിനും മനോജും.. അവര്..." ഉള്ളിലുള്ളത് കണ്ണന് മുന്നിൽ അവതരിപ്പിക്കാൻ അവർക്കൊരു ജാള്യതയുണ്ട്. അതവന് നന്നായി മനസ്സിലായതുമാണ്. "എന്ത്?" കണ്ണൻ അവർ പറഞ്ഞത് മനസ്സിലായില്ലെന്നത് പോലെ വീണ്ടും ചോദിച്ചു. "കാർത്തിക്കിനൊപ്പം കൂടിയിട്ടാണ്.. ജിതുവും മനുവും.. അവർക്കങ്ങനെ ചെയ്യാനുള്ള മനകട്ടിയൊന്നും.." കണ്ണന്റെ രൂക്ഷമായ നോട്ടത്തിൽ.. സാവിത്രി പറയാൻ വന്നത് വിഴുങ്ങി..

"ഇത് നിങ്ങളുടെ മകളല്ലേ " സാവിത്രിയുടെ മറവിൽ നിൽക്കുന്ന അവരുടെ മകളെ.. കണ്ണൻ വലിച്ചു മാറ്റി കൊണ്ട് ചോദിച്ചു. "അല്ലേ?" അവരൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാണ് കണ്ണൻ കടുപ്പത്തിൽ വീണ്ടും ചോദിച്ചത്. "മ്മ്.." സാവിത്രി വല്ലായ്മയോടെ ഒന്ന് മൂളി. അവന്റെ ചോദ്യത്തിന്റെ പൊരുൾ അവിടെല്ലാർക്കും മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ അവരാരും മിണ്ടുന്നില്ല. "ഇത് പോലൊരു പെണ്ണാണ്.. ആ ഹോസ്പിറ്റലിൽ മരണം കാത്ത് കിടന്നിട്ടുള്ളത്. നിങ്ങളിപ്പോ പറഞ്ഞ നിങ്ങളുടെ മാന്യൻമാരായ മക്കൾ കാരണം. അതറിയില്ലേ? അതോ മറന്നെന്ന് നടിക്കുന്നതോ?" അവന്റെ മുഖത്തെ ദേഷ്യം..

സീതയ്ക്ക് പോലും ഭയം തോന്നി തുടങ്ങിയിരുന്നു. "നിങ്ങളുടെ മക്കൾക്കൊപ്പം കൂടി എന്നോരോറ്റ തെറ്റ് ചെയ്തത് കൊണ്ട്.. അവൾക്കവളുടെ ജീവൻ തന്നെ നഷ്ടപെടേണ്ടതായിരുന്നു.. അറിഞ്ഞില്ലേ ഇവിടാരും? കണ്ടില്ലല്ലോ അങ്ങോട്ട്?" അവന്റെ നോട്ടത്തിൽ പോലും തീ പാറി. ഒറ്റ ദിവസം കൊണ്ട് അവൻ അനുഭവിച്ചു തീർത്ത വേദനയെല്ലാമുണ്ടായിരുന്നു അവന്റെ മുഖത്തു നിറയെ. "ആ കുറ്റം... ദൈവത്തിന്റെ ഇടപെടൽ പോലെ.. ഇത്രയും പെട്ടന്ന് സത്യം തെളിഞ്ഞില്ലായിരിന്നുവെങ്കിൽ നിങ്ങളിപ്പോ പറഞ്ഞ മാന്യൻമാരായ മക്കളും നിങ്ങളും ചേർന്ന് അതെന്റെ തലയിൽ കെട്ടി വെക്കില്ലായിരുന്നോ?" കണ്ണന്റെ നോട്ടം ചുറ്റും പരതി. ആർക്കും ഒന്നും പറയാനില്ല..

അവനോടൊന്നും ചോദിക്കാനുമില്ല. നാവിറങ്ങി പോയ പോലെ മുന്നിൽ നിൽക്കുന്നവരെ കണ്ണൻ പുച്ഛത്തോടെ നോക്കി. "മരണം വരെയും മറക്കില്ല ഞാനത്.. " കണ്ണൻ പറഞ്ഞു. "അവരെ ഞാൻ രക്ഷപെടുത്തി കൊണ്ട് വരാൻ സഹായം ചോദിക്കാനായിരിക്കും ഒത്തിരി തിരക്കുകൾക്കിടയിലും ശ്രീ നിലയത്തിലെ മാന്യൻമാർ എന്നെ കാത്തിരുന്നത്. അല്ലേ?" കണ്ണൻ പരിഹാസത്തോടെ ചോദിച്ചു. ആണെന്നോ അല്ലെന്നോ പറയാതെ അവർ അതേ നിൽപ്പ് തുടർന്നു. "എങ്കിൽ കേട്ടോ.. എന്റെ സഹായമുണ്ടാവും.. അത് നിങ്ങളുടെ മക്കളെ രക്ഷപെടുത്തിയെടുക്കാനല്ല.ചെയ്തു പോയ തെറ്റിന് നിയമം നൽകുന്ന ഏറ്റവും വലിയ ശിക്ഷ അവർക്ക് വാങ്ങി കൊടുക്കാൻ.."

അവൻ ചൂണ്ടിയാ വിരൽ തുമ്പിൽ പോലും ദേഷ്യമുണ്ടായിരുന്നു. "വാ " അവിടെ നിൽക്കുന്ന ഓരോ നിമിഷത്തിലും തനിക്കുള്ളിൽ ദേഷ്യം തിളച്ചു മറിയുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് സീതയുടെ കയ്യിൽ നിന്നും ബാഗ് പിടിച്ചു വാങ്ങിയിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ ശ്രീ നിലയത്തിന്റെ പടികളിറങ്ങി.. ❣️❣️❣️ ഇല ചീന്തിലെ ചന്ദനമെടുത്തു കൊണ്ട് പാറു ലല്ലുവിന്റെ നെറ്റിയിൽ കുറി വരച്ചു കൊടുത്തു. തൊട്ടടുത്ത നിമിഷം ലല്ലുവിനോപ്പം കുസൃതിയോടെ കുനിഞ്ഞു നിൽക്കുന്ന ഹരിയെ അവൾ പകച്ചു നോക്കി. "പ്ലീസ്... പറയാതെ ഉള്ളിലൊതുക്കിയ അനേകം ആഗ്രഹങ്ങളിലൊന്നാണ് ഇതും " ആർദ്രമായി പറയുന്ന ഹരി. പാറു എന്ത് ചെയ്യണമെന്നറിയാതെ അൽപ്പം കൂടി അതേ നിൽപ്പ് തുടർന്നു.

"അങ്കിളിനും പൊട്ടു തൊട്ട് കൊടുക്ക് അമ്മേ " ലല്ലുമോളവന് കട്ടക്ക് സപ്പോർട്ട് ആണ്. പാറുവിന്റെ നിൽപ്പ് കണ്ടിട്ട് നിരാശയോടെ... എങ്കിലും കണ്ണടച്ച് അവളെ നോക്കിയൊന്ന് ചിരിച്ചിട്ട് ഹരി നിവർന്നു നിൽക്കും മുന്നേ പാറു കൈകൾ നീട്ടി അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി നൽകിയിരുന്നു. സന്തോഷം കൊണ്ട് ഹൃദയമിപ്പോൾ പൊട്ടി പുറത്ത് ചാടുമോ എന്ന് പോലും ഹരി പേടിച്ചിരുന്നു. നെറ്റിയിലെ ഇത്തിരി തണുപ്പങ്ങ് അലിഞ്ഞു ചെല്ലുന്നത് ഹൃദയത്തിനാഴങ്ങകളിലേക്കാണ് എന്നവന് തോന്നി. സായാഹ്നത്തിന്റെ മുഴുവൻ ഭംഗിയുമിപ്പോൾ തന്റെ ഹൃദയതിലാണെന്ന് തോന്നും വിധം ഹരിയൊരു നിർവൃതിയെ പേറി...

കൈ വിരൽ തുമ്പിൽ തൂങ്ങി ലല്ലു മോളും.. തൊട്ട് പിറകിലവന്റെ പെണ്ണും. സ്വപ്നം കാണുന്നത് പോലെ... ഒരിക്കലും നടക്കില്ലെന്നു അവനൊരുപാട് പേടിച്ച സ്വപ്നം. തന്റെ ഓരോ നോട്ടത്തിലും പിടയുന്ന പെണ്ണിനെ കാണുമ്പോഴെല്ലാം അവനും പൂത്തുലഞ്ഞു.. അവൾക്കായ് മാത്രം അവനുള്ളമൊരു ഗസലിന്റെ നേർത്ത രാഗം പൊഴിച്ചു.. ഒരു ജന്മം മുഴുവനും പറഞ്ഞാലും തീരാത്തത്രയും സ്നേഹമവന്റെ മനസ്സിൽ വിങ്ങി.. ഹരിയുടെ ചുണ്ടിലെ നനുത്ത ചിരിയിലേക്ക് നോക്കുമ്പോഴൊക്കെയും..

അത് വരെയുമറിയാത്തൊരു പ്രണയത്തിന്റെ ഗന്ധം... ആർദ്രത.. അതെല്ലാം പാറുവിനും അറിയാനാവുന്നുണ്ട്. ആ നിഴലിൽ.. അവന്റെ സ്നേഹത്തിനാഴങ്ങളിൽ ഇടക്കെപ്പഴോ അവളും സ്വയംമറന്നില്ലാതാവുന്നുണ്ട്. ഇത് പോലൊരു നോട്ടത്തിലലിയാനും.. സ്പർശനത്തിലുണരാനും താനും കൊതിച്ചിരുന്നില്ലേ? ഗീരീഷിന്റെ കടുത്ത സമീപനം... തന്നിലുണർത്താത്ത അനുഭൂതിയെ ഹരിയൊരു നോട്ടം കൊണ്ട് തൊട്ടുണർത്തുന്നു... പ്രണയത്തിന്റെ മായജാലത്തിലലഞ്ഞു സ്വയം മറന്ന പാറു കോർത്തു പിടിച്ച തന്റെ വിരലിലേക്ക് ഹരി അത്ഭുതത്തോടെ നോക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story