സ്വന്തം ❣️ ഭാഗം 9

swantham

രചന: ജിഫ്‌ന നിസാർ

ലല്ലു മോൾക്ക് ഹോംവർക്ക് പറഞ്ഞുകൊടുത്തുകൊണ്ട് സീത ഹാളിലാണ്.

ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിന് നേരെ നീളുന്നുണ്ട്.

വൈകുന്നേരം ഹരിയുടെ കൂടെയിറങ്ങിപ്പോയ ഒരുവൻ ഇന്നേരംവരെയും തിരികെ വന്നിട്ടില്ല.

മനസ്സിൽ വല്ലാത്തൊരു പിടിവലി നടക്കുന്നുണ്ട്.

ഹരി അവനോട് സംസാരിക്കാം എന്ന് പറഞ്ഞത്, ആശ്വാസം പകരുന്നുവെങ്കിലും..കാരണമറിയാത്തൊരു വിങ്ങലുണ്ട് ഉള്ള് നിറയെ.

"ചിറ്റയെന്താ ആലോചിച്ചിരിക്കുന്നേ. ഞാനിത് എഴുതിത്തീർന്നു"
ലല്ലുമോളാണ്. സീതയുടെ കണ്ണുകൾ അവൾക്ക് നേരെയായി.

"വെരി ഗുഡ്. എന്റെ ലല്ലൂസ് ഗുഡ്ഗേൾ ആണല്ലോ. ഇനി പോയിട്ട് അമ്മയോട് ചോറ് തരാൻ പറ. എഴുതി തീർന്നല്ലോ"

ലല്ലുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് സീത പറഞ്ഞു.
ലല്ലുവിന്റെ കുഞ്ഞിമുഖം നിറയെ സന്തോഷമാണ്.

അവൾ തലയാട്ടിക്കൊണ്ട് സീതയെ നോക്കി.

പിന്നെ ചാടിയിറങ്ങിക്കൊണ്ട് അടുക്കളയിലേക്ക് ഓടിപ്പോയി.

മേശയിൽ നിരന്നു കിടന്നിരുന്ന അവളുടെ പുസ്തകങ്ങളെല്ലാം, സീത ഒതുക്കി ബാഗിൽ വച്ചുകൊണ്ട് വീണ്ടും ക്ലോക്കിന് നേരെ നോക്കി.

സമയം എട്ടുമണി കഴിഞ്ഞു.

ഇവനിനിയും വരാത്തതെന്തേ ആവോ? നാളെ കോളേജുള്ളതാണ്. വന്നപ്പോൾ എറിഞ്ഞുപോയ ബാഗ് അവിടെത്തന്നെ കിടപ്പുണ്ട്.

വല്ലതും രണ്ടക്ഷരം പഠിക്കാനുള്ള സമയം മുഴുവനും കവലയിൽ പോയിരുന്ന്, തള്ളിമറിച്ചാൽ ഇവനെന്താണ് പരീക്ഷക്ക് എഴുതിവയ്ക്കാൻ പോവുന്നത്.

അവസാനവർഷമാണ്. ആ ചിന്തയെങ്കിലും വേണ്ടേ.

സീതയ്ക്ക് ദേഷ്യം വരുന്നുണ്ട്.

അവൾ കൈകൾ മേശയിൽവച്ച് അതിലേക്ക്  ചാരിക്കിടന്നു.

ആ കിടപ്പിൽ ഉറങ്ങിപോയിരുന്നോ.?

ചെവി പൊട്ടുംപോലെയുള്ള ശബ്ദം കേട്ടാണ് ചാടിയെഴുന്നേറ്റത്.

ഇട്ടിരുന്ന ടീഷർട്ടും തല മുടി മുഴുവനും നനഞ്ഞു കുളിച്ചുകൊണ്ട് അർജുൻ വന്ന് വാതിലടച്ച ശബ്ദമാണ് കേട്ടത്.

അപ്പോഴും അയവുവരാത്ത അവന്റെ മുഖം. സീത അവനെ ചുഴിഞ്ഞു നോക്കി.

മഴ പെയ്യുന്നുണ്ടോ പുറത്ത്. ഇവനിത്രയും നനയാൻ.

സീതയെ ഒന്ന് നോക്കുകകൂടി ചെയ്യാതെ കസേരയിൽ കിടന്നിരുന്ന തോർത്തെടുത്ത് തല തുടച്ചുകൊണ്ട് അർജുൻ നേരെ അടുക്കളയിലേക്കാണ് പോയത്.
അവൾ വീണ്ടും അവിടെത്തന്നെ ഇരുന്നു.

ആരോടോ ഉള്ള ദേഷ്യമായി, അവന്റെ ഓരോ പ്രവർത്തികളും വലിയ ശബ്ദങ്ങളായി നിലവിളിച്ചു തീരുന്നുണ്ട്.

അങ്ങോട്ട്‌ ചെന്നിട്ട് അവന്റെ തലക്കിട്ടൊന്നു കൊടുക്കണം.. എന്നിട്ട് ഒരു ചവിട്ട് കൊടുത്തു പുറത്തേക്ക് വലിച്ചിടണം... എന്നൊക്കെ തോന്നിയത്, സീത വളരെ പണിപ്പെട്ട് അമർത്തി.

അവനിങ്ങോട്ട് വരട്ടെ. അങ്ങനങ്ങ് വിട്ട് കൊടുക്കാനാവില്ലല്ലോ..

അടുക്കളയിൽ നിന്നും പാർവ്വതിയെന്തോ ചോദിക്കുന്നതും അതിന് അർജുൻ ഉത്തരം പറയുന്നതുമെല്ലാം കാതോർത്തുകൊണ്ട് സീത അവിടടെയിരുന്നു.

പതിവിലും കൂടുതൽ സമയമെടുത്താണ് അർജുൻ പിന്നെ തിരികെ വന്നത്.

അപ്പോഴും സീതയെ നോക്കുന്നില്ല.

ബാഗോ ബുക്കോ തിരഞ്ഞ് നോക്കാതെ, കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.

"നിനക്ക് നാളെ കോളേജില്ലേ അജു?"

പരമാവധി ശബ്ദം ശാന്തമാക്കിയാണ് സീത ചോദിച്ചത്.

"മ്മ്.." കനപ്പിച്ചൊരു മൂളൽ.

അതാണുത്തരം.

"പഠിക്കാനൊന്നുമില്ലേ?"

വീണ്ടും സീത ചോദിച്ചു.

"എനിക്ക് നല്ല ക്ഷീണം. ഒന്ന് കിടക്കട്ടെ" അലസമായ ഒരുത്തരം.

"വന്ന് കയറി ഒരു ഗ്ലാസ്‌ ചായയും കുടിച്ച് നീ ധൃതിയിലിറങ്ങിപ്പോയത് കൂലിപണിക്കൊന്നുമല്ലല്ലോ? ഇത്രേം ക്ഷീണം തോന്നാൻ"

സീത അവന്റെ നേരെ നോക്കി ഉറക്കെ ചോദിച്ചു.

"സീതേച്ചിക്കിപ്പോ എന്താ വേണ്ടത്? ആദ്യം അത് പറ. ചുമ്മാ നിന്ന് അതുമിതും പറയാതെ" അർജുൻ സീതയെ നോക്കാതെയാണ് പറയുന്നത്.

"ഞാൻ പറയുന്നതാണോടാ പ്രശ്നം? നീ ചെയ്യുന്നതെല്ലാം പിന്നെ നല്ലതാണല്ലോ? വളരെ വളരെ നല്ല കാര്യങ്ങൾ.."

സീതയുടെ ശബ്ദത്തിലെ ശാന്തത കൈവിട്ട് തുടങ്ങിയിരിക്കുന്നു.

ആ മുഖത്തും ദേഷ്യമാണ്.

"ഞാനിവിടെ എന്ത് ചെയ്തെന്നാ ഈ പറയുന്നത്. ഇന്ന് ഹരിയേട്ടനും ഏതാണ്ടൊക്കെ വിളിച്ചുപറഞ്ഞു എന്നെ. ഞാൻ ചെയ്യുന്ന തെറ്റെന്താ? ആദ്യം നിങ്ങൾ അതൊന്ന് പറഞ്ഞു താ. അല്ലാതെയിങ്ങനെ വല്ലോരോടും എന്റെ കുറ്റം മാത്രം പറഞ്ഞു നടക്കാതെ. മോശമായിപ്പോയി സീതേച്ചി. നിങ്ങളിൽ നിന്നും ഞാനത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല"

അർജുൻ സീതയുടെ മുന്നിൽ വന്നുനിന്നിട്ട് കിതച്ചുകൊണ്ട് പറഞ്ഞു.

സീതയുടെ മുഖത്തൊരു പുച്ഛച്ചിരിയുണ്ടായിരുന്നു അവന്റെ സംസാരം കേട്ടപ്പോൾ.

"നീ ഒരുപാട് മാറിപ്പോയിരിക്കുന്നു അർജുൻ. അതുകൊണ്ട് തന്നെ ഞാനിപ്പോ എത്ര വിളിച്ചു പറഞ്ഞാലും ആ തെറ്റുകൾ നിനക്ക് മനസ്സിലാവാൻ പോണില്ല. ഹരി എന്ന് മുതലാടാ നിനക്ക് വല്ലോരുമാവുന്നേ?..

നിനക്കവൻ പ്രിയപ്പെട്ടവനായിരുന്നു. നിന്റെ ഒരുപാട് ആവശ്യങ്ങൾ അവനെക്കൊണ്ട് നീ നേടിയിട്ടുണ്ട്. അതെല്ലാം നിനക്ക് മറക്കാനായേക്കും. ഞാനത് മറക്കില്ല. അതെന്നല്ല.. ഒന്നും അത്ര പെട്ടെന്നൊന്നും സീത മറക്കില്ല. നിന്റെ മനസ്സിൽ നീയിപ്പോ വല്ല്യ ആരൊക്കെയോ ആണ്" സീത പറഞ്ഞു.

അർജുന്റെ മുഖത്ത് അപ്പോഴും നിസ്സംഗതയാണ്.

"അതൊക്കെയവിടെ നിൽക്കട്ടെ. ഈ വീടിനുള്ളിൽ എന്ത് വേണമെങ്കിലും നടക്കും.. ഞങ്ങളെന്തും സഹിക്കുമെന്നുള്ള നിന്റെയാ മനോഭാവമുണ്ടല്ലോ. അത് മടക്കിയെടുത്ത് ആ റോഡിലെറിഞ്ഞിട്ട് വേണം ഇങ്ങോട്ട് കയറാൻ. മര്യാദക്കാണെങ്കിൽ എന്റെ അനിയനാണ്. അല്ലെങ്കിൽ തൂക്കിയെടുത്ത് വെളിയിൽ കളയാനും എനിക്കൊരു മടിയുമില്ല. അറിയാലോ നിനക്കെന്നെ"

സീത അവന്റെ അരികിൽ പോയി നിന്നു. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു പോയി.

"ഇത്തിരി ഭക്ഷണം തരുന്നതിന്റെ അഹങ്കാരമാവും സീതേച്ചിയിപ്പോ വിളിച്ചു പറയുന്നത്" അർജുൻ ചുണ്ട് കോട്ടി.

"അത് നീ നിന്റെയിഷ്ടം പോലെ കരുതിക്കോ. എനിക്ക് യാതൊരുവിധ പ്രശ്നവുമില്ല. ഉണ്ണാനും ഉടുക്കാനും തന്നതിന്റെ കണക്ക് ഇന്നുവരെയും ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇപ്പൊ പറയുന്നത്.. പത്ത് വയസ്സ് മുതൽ നിനക്കമ്മക്കൂടിയായിരുന്നു ഈ ഞാനും എന്നുള്ള അവകാശത്തോടെത്തന്നെയാണ്. ഈ പരിപാടി ഇവിടെ നടക്കില്ല. നടക്കില്ലെന്നു പറയുമ്പോൾ.. ഒരിക്കലും നടക്കില്ല.. മരിക്കേണ്ടി വന്നാൽ പോലും ഞാനത് അനുവദിച്ചു തരില്ല"

ദേഷ്യം കൊണ്ട് ചുവന്നുപോയ സീതയുടെ മുഖത്തേക്ക് നോക്കാൻ അർജുന് നല്ല പേടിയുണ്ടായിരുന്നു.

അവൻ തിരിഞ്ഞു നിന്നിട്ട്, കിടക്കാനുള്ള പായ വിരിക്കുന്ന തിരക്കഭിനയിച്ചു.

"കഴിഞ്ഞ സെമസ്റ്ററിലെ നിന്റെ ഫീസ് അടച്ച കടം ഇന്നും വീടിയിട്ടില്ല മുഴുവനും"

വീണ്ടും സീത പറഞ്ഞു.

അർജുൻ അവളെ നോക്കിയില്ല.

പക്ഷേ പായ നിലത്തിട്ട് വേഗം പോയി ബാഗ് എടുത്തിട്ട് കസേര വലിച്ചിട്ടിരുന്നു.

സീതയെ നോക്കാതെതന്നെ പുസ്തകങ്ങൾ ഓരോന്നും എടുത്തുവച്ചിട്ട് എഴുതാൻ തുടങ്ങി.

അവനെ ഒന്നുകൂടി നോക്കിയിട്ട് സീത അടുക്കളയിലേക്ക് നടന്നു.

ലല്ലുമോൾക്ക് ഭക്ഷണം കൊടുത്തുകൊണ്ട് പാർവതിയിരിപ്പുണ്ട്.
സീത ചെന്നപ്പോൾ പാർവ്വതി അവളെ വിഷമത്തോടെ നോക്കി.

സീത ചിരിച്ചുകൊണ്ട് ഒന്ന് കണ്ണടച്ചു കാണിച്ചു.

അകത്തെ മുറിയിൽ നിന്നും അപ്പോഴും കല്യാണിയമ്മയുടെ മുറുമുറുപ്പ് കേട്ടിരുന്നു.

സീത മനഃപൂർവ്വം അതിലേക്ക് ചെവി കൊടുത്തില്ല.

അത്രമാത്രം കലങ്ങിപ്പോയിരുന്നു അവളുടെ മനസ്സ്.

               ❣️❣️❣️❣️❣️

മുത്തശ്ശിയുടെ മുറിയിൽ കണ്ണനുണ്ടാവുമോ എന്നൊരു സംശയമുണ്ടായിരുന്നു സീതയ്ക്ക്.

പേടികൊണ്ടൊന്നുമല്ല.... അവന്റെയാ ചൊറിച്ചിൽ.. അതാണ്‌ സഹിക്കാൻ വയ്യാത്തത്.

അവൾക്ക് അതോർക്കുമ്പോൾതന്നെ ദേഷ്യം വരുന്നുണ്ട്.

ഇന്നല്പം വൈകിയാണ് വീട്ടിൽ നിന്നുമിറങ്ങിയത് തന്നെ.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ മനസ്സിൽ മുഴുവനും അജുവിനെ കുറിച്ചാണ് ഓർത്തത്.

എത്രയെത്ര സ്വപ്നങ്ങൾ കണ്ടിരുന്നു സീതാലക്ഷ്മിയും. നടക്കില്ലെന്നുറപ്പുണ്ടായിട്ടും സ്വപ്നങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു.

അജുവിന്റെ പ്രായത്തിലാണ് താനും ജീവിതത്തോട് തോൽക്കാൻ വയ്യെന്ന് വാശി പിടിച്ചിട്ട് ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വലിച്ചെറിഞ്ഞ് ജോലി തേടിയിറങ്ങിയത്.

ഓർക്കുമ്പോൾ പോലും ഉള്ള് പൊള്ളിക്കുന്ന ആ അനുഭവങ്ങളെ മറന്നിട്ടില്ലയിന്നും.
ചിലതെല്ലാം മറന്നെന്ന് അഭിനയിക്കാനേ കഴിയൂ.

ഓർമ്മയുടെ നേർത്തൊരു ചാറ്റൽമഴ കിട്ടിയാൽ പോലും തഴച്ച് വളരാൻ പാകത്തിന് ഉള്ളിലെവിടെയോ പറ്റിപ്പിടിച്ചു കിടപ്പുണ്ടാവും അവയോരോന്നും.

മുൻവശത്തുകൂടിത്തന്നെ കയറിപ്പോകുമ്പോൾ അവിടെയുണ്ടായിരുന്ന പല മുഖങ്ങൾക്കും അസംതൃപ്തിയുടെ കറുപ്പ് പടരുന്നത്, സീത മനഃപൂർവ്വം നോക്കിയില്ല.

മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നപ്പോൾ അവർ കിടപ്പാണ്.

"എന്തേ മുത്തശ്ശീ.. വയ്യേ?" വേവലാതിയോടെ നേരെ അവരുടെ അടുത്തേക്ക് ചെന്നിട്ട് നെറ്റിയിൽ തൊട്ടു നോക്കി.

"പനിയൊന്നുമില്ലല്ലോ. പിന്നെന്താ?"

സീത വീണ്ടും ചോദിച്ചു.

"എനിക്കറിയില്ല കുട്ട്യേ. ആകെക്കൂടി ഒരു സുഖമില്ലായ്മ. ജലദോഷമാണെന്ന് തോന്നുന്നു. തലയൊക്കെ വേദനിക്കുന്നു"

അടഞ്ഞുപോയ ശബ്ദത്തിൽ മുത്തശ്ശിയത് പറഞ്ഞത് ശരിവയ്ക്കുംപോലെ അതിന് പുറകെയവർ മൂന്നുനാല് പ്രാവശ്യം തുമ്മി.

"സാരമില്ല ട്ടോ. എഴുന്നേറ്റേ. വല്ലതും കഴിച്ചിട്ട് നമ്മൾക്ക് മരുന്ന് കുടിച്ചു നോക്കാം. എന്നിട്ടും കുറവില്ലേൽ ഡോക്ടറെ വിളിക്കാം"

സീത തോളിൽ കിടന്ന ബാഗ് ഊരി മേശയിൽ വച്ചു, വീണ്ടും മുത്തശ്ശിയുടെ അരികിലെത്തി.

പതിയെ ഒന്ന് താങ്ങിക്കൊടുത്തു.

അവരുടെ കാര്യങ്ങളിൽ മുഴുകിപ്പോയപ്പോൾ അത് വരെയുമുള്ളത് സീത മറന്നു പോയിരുന്നു.

ചായയും കൊടുത്ത്,  മുത്തശ്ശിക്കുള്ള മരുന്നുമെടുത്തുകൊടുത്തു കൊണ്ടിരുന്നപ്പോഴാണ് ചൂളം വിളിയോടെ കണ്ണൻ കയറി വന്നത്.

അത് വരെയും സീതയിലുണ്ടായിരുന്ന ശാന്തത  ആ ഒരൊറ്റ നിമിഷം കൊണ്ടുതന്നെ ഇല്ലാതായിപ്പോയിരുന്നു.

പകരം അന്നേരം വരെയും മനസ്സിൽ നിന്നും മനഃപൂർവ്വം പടിയിറക്കിവിട്ട പലതും തിക്കിത്തിരക്കി ധൃതിയിൽ ഓടി വന്നു.

"എന്ത് പറ്റി മുത്തശ്ശി. വയ്യേ?"

കണ്ണനും ധൃതിയിൽ പോയി മുത്തശ്ശിയുടെ നെറ്റിയിൽ കൈവച്ചു നോക്കുന്നുണ്ട്.

"ഒന്നുല്ലടാ. ചെറിയൊരു ജലദോഷം. മരുന്ന് കഴിച്ചിട്ടുണ്ട്"

മുത്തശ്ശി അവന്റെ കവിളിൽ കൈ ചേർത്തുവച്ചു.

ഇളം ചൂടുള്ള ആ കൈയ്യിൽ കണ്ണനും കൈ ചേർത്തുപിടിച്ചു.

മരുന്ന് ബോക്സിൽ ഗുളികൾ ഇട്ട് അടച്ചു വയ്ക്കുന്ന സീതയെ കണ്ണൻ പാളി നോക്കി.

അവളതൊന്നും ശ്രദ്ധിക്കുന്നില്ല. ചെയ്യുന്ന ജോലിയിലാണ് ശ്രദ്ധ മുഴുവനും.

"ഇന്നലെ വരെയും യാതൊരു പ്രശ്നവുമില്ലായിരുന്നല്ലോ? പെട്ടന്ന് എന്തായിപ്പോൾ ഒരു ജലദോഷം? നിങ്ങളുടെ ഹോം നേഴ്സ് തീരെ പോരാട്ടോ മുത്തശ്ശി. യാതൊരു ശ്രദ്ധയുമില്ല. ഉത്തരവാദിത്വവുമില്ല. ഇങ്ങനാണേൽ ആളെ മാറ്റി പുതിയ ആളെ വെക്കേണ്ടി വരുമല്ലോ"

കണ്ണൻ സീതയെ ഒളിഞ്ഞു നോക്കിക്കൊണ്ടാണ് പറയുന്നത്.

മുത്തശ്ശി അവനെ നോക്കി കണ്ണുരുട്ടി കാണിക്കുന്നത് അവൻ ചിരിച്ചുകൊണ്ട് നേരിട്ടു.

സീത അവന്റെ നേരെ നോക്കി. കണ്ണൻ അൽപ്പം ജാഡയിട്ട്, മുത്തശ്ശിയെ അന്ന് കാണും പോലെ നോക്കിയിരുന്നു.

"ഇപ്പൊത്തന്നെ അന്വേഷണം തുടങ്ങിക്കോ. എങ്കിലെനിക്ക് പെട്ടെന്ന് വെച്ചൊഴിയാമല്ലോ?"

സീത അവിടെത്തന്നെ നിന്ന് വിളിച്ചു പറഞ്ഞിട്ട് മരുന്ന് ബോക്സ്‌ അലമാരയിൽ എടുത്തുവച്ചു.

"അപ്പോൾ നീയെന്ത് ചെയ്യും ദുർഗാലക്ഷ്മീ?"

അവളുടെ മറുപടി കേട്ട്, ഒന്ന് ഞെട്ടിപ്പോയെങ്കിലും കണ്ണൻ വീണ്ടും ചോദിച്ചു.

"അത് കിണ്ണനറിയേണ്ട കാര്യമല്ലല്ലോ.? എന്റെ കാര്യം നോക്കാൻ എനിക്കറിയാം. അത് വിട്. ഇവിടിപ്പോ നിങ്ങടെ മുത്തശ്ശിയെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും നോക്കാൻ ഒരാളെയാണ് ആവിശ്യം. അത് തിരഞ്ഞു കണ്ട് പിടിക്കാദ്യം"

കണ്ണനെ നോക്കി അസ്സലായി ഒന്ന് പുച്ഛിച്ചുകൊണ്ട് സീത പുറത്തേക്കിറങ്ങിപ്പോയി.

"നിന്റെയൊരു കാര്യം... കഷ്ടണ്ട് കണ്ണാ. ആ കുട്ടിക്ക് സങ്കടായിക്കാണും. എത്ര നന്നായാണ് അവളെന്നെ നോക്കുന്നത്. എന്റെ മക്കള് പോലും എന്നെയിപ്പോ തിരിഞ്ഞു നോക്കാറില്ല. എന്നിട്ടും, ഇപ്പൊഴും ഇത്ര നന്നായി ഞാനിരിക്കുന്നുവെങ്കിൽ.. അതവളുടെ കഴിവാണ്. എനിക്ക് തരുന്ന സ്നേഹമാണ്. എന്നിട്ടാണ് നീ അവളോട് പറഞ്ഞത്.. ശ്രദ്ധയില്ല, ഉത്തരവാദിത്വമില്ല എന്നൊക്കെ. അതിനെത്ര നൊന്ത് കാണും"

മുത്തശ്ശിക്ക് സങ്കടം തീരുന്നില്ല.

കണ്ണന് പക്ഷേ ചിരിയാണ്.

"ആ സ്നേഹം എനിക്കുകൂടി വേണം മുത്തശ്ശി. ആ ശ്രദ്ധ എനിക്കുകൂടി പകർന്ന് തരാൻ പറ മുത്തശ്ശിയുടെ ദുർഗാ ലക്ഷ്മിയോട്" സീത പോയ വഴിയേ നോക്കി കണ്ണൻ അർദ്രമായി പറഞ്ഞു.

മുത്തശ്ശി അവനെ നോക്കി ചിരിച്ചുകൊണ്ട് തല കുലുക്കി.

"അവള് പിണങ്ങട്ടെ മുത്തശ്ശി.. ദേഷ്യം കാണിക്കട്ടെ. ദേഷ്യം കാണിക്കാനെങ്കിലും അവളെന്നെ ഓർക്കട്ടെ. എന്നോട് യാതൊരുവിധ വികാരങ്ങളും ഇല്ലാതിരിക്കുന്നതിലും നല്ലതല്ലേ മുത്തശ്ശീ..  ഇത്തിരി ദേഷ്യമെങ്കിലും ഉണ്ടാവുന്നത്. ഒടുവിൽ എല്ലാത്തിനുമപ്പുറം ആ മനസ്സിൽ എന്നോടുള്ള ഇഷ്ടം നിറയട്ടെ. അന്നീ പറയുന്നതിനും വേദനിപ്പിക്കുന്നതിനും എന്റെ പ്രണയംകൊണ്ട് ഞാൻ പരിഹാരം ചെയ്തോളാം. അതുവരെയും അവളെന്നെ വെറുക്കാണെങ്കിലും ഓർത്തിരിക്കാൻ എനിക്ക് വേറെ മാർഗ്ഗമില്ലല്ലോ. അതുകൊണ്ട് റിയലി സോറി.. ഇക്കാര്യത്തിൽ മുത്തശ്ശി ക്ഷമിച്ചേ പറ്റൂ"

കണ്ണൻ അവരുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

"അവള് നിന്നെ വെളിയിലെടുത്ത് കളയും കണ്ണാ. നിനക്കറിയില്ല ആ പെണ്ണിനെ"
മുത്തശ്ശി അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഒന്നുണ്ടാവില്ല. നിങ്ങള് നോക്കിക്കോ"

കണ്ണന് യാതൊരു കൂസലുമില്ലായിരുന്നു.

"ഞാനേ.. ആ ദുർഗാ ലക്ഷ്മിയെ പോയിട്ട് സീതാ ലക്ഷ്മിയാക്കി വിടാംട്ടോ. മുത്തശ്ശി കിടന്നോ"

മുത്തശ്ശിയെ പിടിച്ചു കിടത്തിക്കൊണ്ട് കണ്ണൻ പുറത്തേക്കിറങ്ങി.

ആ മുറിയിൽ നിന്നിറങ്ങുമ്പോൾ നീളൻ വരാന്തയാണ്.

ഏറ്റവും അറ്റത്തെ ഉരുളൻ തൂണിൽ ചാരി, മുന്നിലെ കവുങ്ങിൻ തോട്ടത്തിലേക്ക് നോക്കി നിൽക്കുന്ന സീതയെ കണ്ണൻ സ്നേഹത്തോടെ നോക്കി.

പിണങ്ങി നിൽക്കുന്ന കുട്ടിയെപ്പോലെ..
അവന് അവളോട് വാത്സല്യമാണ് തോന്നിയത്.

അവനും അവളുടെ അരികിലേക്ക് ചെന്നു.
സീത ചാരി നിൽക്കുന്ന തൂണിന്റെ മറുഭാഗത്ത്,  അവൾ നിൽക്കുന്ന പോലെ നെഞ്ചിൽ കൈകെട്ടി കണ്ണനും നിന്നു.

സീതയുടെ മുഖം ഒന്നൂടെ വീർക്കുന്നതും, ദേഷ്യംകൊണ്ട് ചുവക്കുന്നതും കണ്ണൻ കണ്ടിരുന്നു.

അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. എത്ര ചെവിയോർത്തു നിന്നിട്ടും അതെന്താണെന്ന് അവന് കേൾക്കാനായില്ല.

"നിന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ ദുർഗാലക്ഷ്മീ. പുതിയ ഹോം നഴ്സ് ആയിട്ടെടുക്കാൻ. ഒറ്റ കണ്ടീഷനേയുള്ളൂ. വയ്യാത്ത ആളെവിട്ട് കുഞ്ഞുങ്ങളെപ്പോലെ പിണങ്ങിപ്പോവുന്ന ആളായിരിക്കരുത്" കണ്ണൻ സീതയെ നോക്കി വളരെ കാര്യമായിത്തന്നെ ചോദിച്ചു.

"താനവിടെ ഉള്ളത് കൊണ്ടല്ലേ ഞാനിറങ്ങിപ്പോന്നത്" അവൾ അവന്റെ നേരെ തുറിച്ചു നോക്കി.

"അതിന് നീയിറങ്ങിപ്പോന്നതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ. ഇനിയൊരു ഹോംനേഴ്സിനെ തേടുമ്പോൾ ഉണ്ടാവേണ്ട ക്വാളിറ്റിയാണ് ദുർഗാലക്ഷ്മി ഞാൻ പറഞ്ഞത്"

അത് പറയുമ്പോൾ കണ്ണന് കുറുമ്പായിരുന്നു.

സീതയെ ദേഷ്യത്തിന്റെ കൊടുമുടി കയറ്റുന്ന ഭാവത്തിൽ അവനങ്ങനെ മുന്നിൽ ചിരിച്ചു നിന്നു.

"സത്യത്തിൽ... എന്താടോ തന്റെ പ്രശ്നം? വെറുതെ എന്റെ പുറകെ നടന്ന് ചൊറിയാൻ താൻ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ.. ഏഹ്?" സീത കണ്ണന്റെ മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു.

അവനപ്പോഴും ചിരിച്ചു.

"ഇത്രയും ദേഷ്യം കാണിക്കാൻ ഇന്നെന്താ ദുർഗാലക്ഷ്മീ നിന്റെ സങ്കടം?"

അവനും സീതയുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

അവൾ ഒരുനിമിഷം ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു; അവനും.

സീതയാണ് ആദ്യം നോട്ടം മാറ്റിയത്. കണ്ണനപ്പോഴും കുസൃതിയോടെ തൂണിൽ ചാരി നിന്നിട്ട് അവളെത്തന്നെ നോക്കി.

"താനന്ന് വന്നപ്പോൾ ഇവരുടെ മുന്നിൽ ഷോ കാണിക്കാൻ വേണ്ടി എന്റെ കഴുത്തിലിട്ടൊരു കുരുക്കില്ലേ. അതിന്റെ അവകാശമാണോ മുത്തശ്ശീടെ കിണ്ണൻ ഈ കാണിക്കുന്നത്?"

സീതയുടെ നോട്ടവും ചോദ്യവും കണ്ണന് നേരെ ചെന്നു.

അവന്റെ ചിരി പതിയെ മാഞ്ഞു.

"അതങ്ങ് അഴിച്ചു തന്നാൽ മുത്തശ്ശീടെ കിണ്ണന്റെ പ്രശ്നം തീരുമല്ലോ അല്ലേ? ഞാനും നോക്കിയിരുപ്പായിരുന്നു. തരത്തിൽ കിട്ടുമ്പോൾ അഴിച്ചു തരാന്ന് കരുതി"

സീത ചിരിച്ചുകൊണ്ടവനെ നോക്കി.

കണ്ണന്റെ മുഖത്ത് നിറയെ ഗൗരവമാണ് അപ്പോഴുള്ളത്.

"എനിക്കിനിയത് വേണ്ട. അഴിച്ചു വാങ്ങാനല്ല, കിരൺ അത് നിനക്ക് നൽകിയത്"

കണ്ണന്റെ സ്വരം വല്ലാതെ മുറുകി.

സീത വീണ്ടും ചിരിച്ചു.

"വേണ്ടേ.. ഇതായിപ്പോ നന്നായേ .. ഇയാളുടെ മാലയല്ലേ. അന്ന് നടന്നതെന്താണെന്ന് എല്ലാവർക്കും ബോധ്യമായില്ലേ. മുത്തശ്ശീടെ കിണ്ണൻ വരുമ്പോൾ നേരിട്ട് തരാമല്ലോ എന്നുകരുതിയാണ് ഇത്രയും നാളത് ഞാൻ സൂക്ഷിച്ചുകൊണ്ട് നടന്നത്. ഇനിയത് തിരിച്ചു വാങ്ങിയേ പറ്റൂ. എനിക്കതിന്റെയാവിശ്യമില്ല"

സീതയും കടുപ്പത്തിൽ തന്നെ പറഞ്ഞു.

"മാത്രമല്ല. മുത്തശ്ശിയെ നോക്കാൻ പുതിയ ആളെ തപ്പിനടക്കുന്ന സ്ഥിതിക്ക് എനിക്ക് എപ്പൊ വേണമെങ്കിലും തിരിച്ച് പോവേണ്ടി വരില്ലേ. പിന്നെയെങ്ങനെ ഞാനിത് തിരികെ തരും?"

സീത കഴുത്തിൽ കിടക്കുന്ന മാല ഊരിയെടുക്കാൻ വേണ്ടി കൈ ഉയർത്തി.

"നിനക്കെന്താ മലയാളത്തിൽ പറഞ്ഞാ മനസ്സിലാവില്ലേ. അതെപ്പൊ തിരിച്ചു വാങ്ങണമെന്ന് എനിക്ക് ശരിക്കറിയാം. നിന്റെ സമ്മതം ചോദിച്ചിട്ടല്ലല്ലോ ഞാൻ നിനക്കത് നൽകിയത്. അപ്പോൾപിന്നെ അതെന്റെ മാത്രം അവകാശമാണ്. ഊരിയെടുക്കാൻ വേണ്ടി അതിലെങ്ങാനും തൊട്ടാ, നിന്റെയാ കൈ ഞാൻ വെട്ടും. പറഞ്ഞില്ലെന്ന് വേണ്ട"

കണ്ണൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ടപ്പോൾ സീത ശരിയ്ക്കും ഞെട്ടിപ്പോയിരുന്നു.
അതുവരെയും കുസൃതിച്ചിരിയോടെ നിന്ന അവൻ, എത്ര പെട്ടന്നാണ് ഭാവം മാറിയത്.

എന്നാലും ഈ കിണ്ണനിത് എന്തിനാവോ ഇത്രയും ദേഷ്യം കാണിക്കുന്നത്?

അന്നവിടെ നടന്നൊരു ചതിയുടെ ഫലമായി അവനങ്ങനെ ചെയ്യേണ്ടി വന്നു. പക്ഷേ നടന്നതെല്ലാം വ്യക്തമായ സ്ഥിതിക്ക് ഇത് തിരികെ വാങ്ങുകയല്ലേ വേണ്ടത്.

മൂന്നോ നാലോ പവൻ വരുന്ന അവന്റെ മാല ഒരു ഭാരം പോലാണ് കഴുത്തിൽ തൂങ്ങിക്കിടക്കുന്നത്. അർഹതയില്ലാത്തത് സ്വീകരിച്ചെന്ന കുറ്റബോധം വേറെയും.

സീതയ്ക്ക് വല്ലാതെ വീർപ്പുമുട്ടി.

ആ മാലയൂരി അവനെ ഏൽപ്പിക്കണമെന്ന് തന്നെയാണ് അപ്പോഴും അവളുടെ മനസ്സിൽ. അവൻ വരാനായി കാത്തിരുന്നത് അതിന് വേണ്ടിയാണ്.

അത് ഈ കിണ്ണനോട് പറയാൻ അവൾക്കെന്തോ പേടിതോന്നിയപ്പോൾ.
അത്ര മാത്രം കലിപ്പിടേണ്ട കാര്യമെന്താണ് എന്നത് മാത്രം മനസ്സിലാവുന്നില്ല.

"ഇനി ഒരിക്കൽ കൂടി എന്നോടിത് പറഞ്ഞ് വന്നാ... നീ വിവരമറിയും. മറക്കേണ്ട"

സീതയുടെ നേരെ വിരൽ ചൂണ്ടി, അങ്ങനെ പറഞ്ഞ് ദേഷ്യത്തോടെ നടന്നു പോകുന്ന അവനെ സീത പകച്ചുനോക്കി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story