സ്വന്തം ❣️ ഭാഗം 92

രചന: ജിഫ്‌ന നിസാർ

തിരിച്ചുള്ള യാത്രയിൽ പാറു ഒഴികെ മറ്റുള്ളവരെല്ലാം ഉത്സാഹത്തിലാണ്. കളി പറഞ്ഞും ചിരിച്ചും അവരെല്ലാം ആ യാത്ര ആസ്വദിക്കുമ്പോൾ കാരണമറിയാത്തൊരു പിടച്ചിൽ ചങ്കിൽ തുളച്ചു കയറിയത് പോലെ നിശബ്‍ദയായിരുന്നവൾ. സുനിൽ സത്കരിച്ചു വിട്ടത് കൊണ്ട് തന്നെ വിശപ്പില്ല. നേരെ ഡ്രസ്സ്‌ എടുക്കാൻ പോവാനാണ് തീരുമാനം. വർത്താനത്തിനിടയിലും മടിയിൽ.. ഹരിയുടെ നെഞ്ചോട് പറ്റി ചേർന്നിരുന്നുറങ്ങുന്ന ലല്ലു മോളെ നോക്കുമ്പോഴൊക്കെയും പാറുവിന് നെഞ്ചിലെ കനം കൂടി. ഇടയ്ക്കിടെ അവളിൽ താളം പിടിക്കുന്ന ഹരിയുടെ കൈ വിരലുകളിൽ ഒരച്ഛന്റെ സ്നേഹത്തിന്റെ മാന്ത്രികതയുണ്ടോ?

ആ നെഞ്ചിലെ ചൂടിൽ സ്വയം മറന്നുറങ്ങുന്ന തന്റെ കുഞ്ഞിന് പതിവില്ലാത്തൊരു ശാന്തതയുണ്ടോ? കണ്ണുകൾക്കൊപ്പം പാറുവിന്റെ ഹൃദയം കൂടിയാണ് ഉത്തരം തേടുന്നത്. കണ്ണനും സീതയും വല്ലാതെ സന്തോഷിക്കുന്നുണ്ട്. അപ്പോഴൊക്കെയും പാറു ഹരിയുടെ മുഖത്തൊരു നീരസമാണ് തിരഞ്ഞത്. തെളിഞ്ഞ വാനം പോലെ അവന്റെ മുഖവും... ഉള്ളിലേക്ക് തുളച്ചു കയറുന്ന അവന്റെ ചിരിയും പിന്നെയും അവളുടെ നെഞ്ചിടിപ്പ് കൂട്ടി. അറിയാതെ പോലും ഹരിയുടെ നോട്ടമിതു വരെയും തനിക്ക് നേരെ വന്നിട്ടില്ലെന്ന ഓർമ ആശ്വാസത്തിനുമപ്പുറം പാറുവിന് വേവലാതിയാണ് നൽകിയത്.

"ഞാൻ നിന്നേ സ്നേഹിക്കുന്നു.. കാത്തിരിക്കുന്നു "എന്നൊരു നിശ്ചയദാർഢ്യം അവന്റെ മുഖത്തു കാണുമ്പോഴൊക്കെയും താനവനോട് തെറ്റ് ചെയ്യുന്നുണ്ട് എന്നൊരു തോന്നൽ പാർവതിയിൽ ശക്തമായിരുന്നു. സൈഡ് ഗ്ലാസ്സിലേക്ക് തലചായ്ച്ചിരിക്കുന്നവളുടെ മുഖത്തെ വേദനയിൽ പിടഞ്ഞു കൊണ്ടാണ് ഹരിയിരിക്കുന്നതെന്ന് കണ്ണനും സീതയ്ക്കും നല്ലത് പോലെ അറിയാമായിരുന്നു. കണ്ണുകൾ അവൾക് നേരെ നീളുന്നില്ലയെങ്കിലും അവന്റെ ഹൃദയം വളരെ കാലങ്ങൾക്ക് മുന്നേ തന്നെ അവളുമായി കൊരുത്തിട്ടതാണ്. അത് കൊണ്ട് തന്നെ ആ ഹൃദയചൂട് അറിയാൻ ഒരു നോട്ടത്തിന്റെ ആവിശ്യമേ വരുന്നില്ലായിരുന്നു.

ചെറിയൊരു ഉലച്ചിലോടെ കാർ നിന്നപ്പോഴാണ് പാറു ഞെട്ടി തിരിഞ്ഞത്. സീറ്റ് ബെൽറ്റ് ഊരി കണ്ണൻ പുറത്തിറങ്ങിയിരുന്നു. മറുസൈഡിൽ കൂടി അജുവും സീതയും പുറത്തേക്കിറങ്ങി. ഹരി ഒറ്റകൈ കൊണ്ട് സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി ലല്ലുവിനെ തട്ടി വിളിക്കുന്നുണ്ട്. ഞാനെടുത്തോളാമെന്ന് പറയണമെന്നുണ്ടായിരുന്നു പാറുവിന്. ഒരക്ഷരം പോലും അവനോട് മിണ്ടാനാവാതെ നാവിനാരോ വിലങ്ങണിയിച്ചത് പോലെ. ഒരേ സമയം അവൾക്ക് ദേഷ്യവും സങ്കടവും വന്നു. ഇതിനോടകം തന്നെ ഹരി ലല്ലുവിനെ തട്ടി ഉണർത്തി പുറത്തേക്കിറങ്ങിയിരുന്നു.

ഉണർന്നുവെങ്കിലും ഹരിയുടെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് തോളിൽ ചാഞ്ഞു കിടപ്പുണ്ട് ലല്ലു. പാറുവിന് കുറ്റബോധം കൊണ്ട് നെഞ്ച് നീറി. ഡോർ തുറന്നിറങ്ങാതെ അവൾ കാറിനകത്തു തന്നെയിരുന്നു. കരിമ്പ് ജൂസ് കുടിക്കാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു.കാർ നിർത്തിയതിന്റെ കുറച്ചു മാറി ചെറിയൊരു ഷീറ്റ് വലിച്ചു കെട്ടിയ കട. കരിമ്പ് ചതക്കുന്നതിന്റെ ചെവിപൊട്ടുന്ന ശബ്ദത്തിനൊപ്പം... ഉറക്കെ സംസാരിക്കുന്ന കടകാരനോട് കണ്ണൻ എന്തൊക്കെയോ പറയുന്നതും കുറച്ചു മാറി ഇരിക്കാനായി ഇട്ടിരുന്ന കമുങ്ങിന്റെ തടിയിൽ സീതയുടെ അരികിലായ് അവനിരിക്കുന്നതുമെല്ലാം പാറു കാണുന്നുണ്ട്.

കുറച്ചു മാറി ഫോണിലേക്ക് നോക്കി അജുവും ഇരിപ്പുണ്ട്. അവളുടെ കണ്ണുകൾ വീണ്ടും ഹരിയിൽ ഉടക്കി നിന്നു. കടക്കാരൻ എടുത്തു നീട്ടിയ കുപ്പി വെള്ളം വാങ്ങികയാണവൻ. ലല്ലുമോളെ താഴെ നിർത്തുന്നതും കുപ്പി തുറന്നിട്ട്‌ അവളുടെ കയ്യിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതും ലല്ലു മുഖം കഴുകുന്നതും... അതിന് ശേഷം ആ കുപ്പിയിലെ വെള്ളം ലല്ലുവിനെ അവൻ കുടിപ്പിക്കുന്നതുമെല്ലാം പാർവതി പിടച്ചിലോടെ കണ്ടിരുന്നു. കണ്ണന്റെ അരികിലേക്ക് ലല്ലു മോളെ കയറ്റിയിരുത്തി കൊടുത്തു കൊണ്ട് പോക്കറ്റിൽ നിന്നും ടവ്വൽ എടുത്തിട്ട് കുഞ്ഞിന്റെ മുഖം തുടച്ചു കൊടുക്കുന്നുണ്ട്. അങ്ങോട്ട്‌.. അവരുടെ അരികിലേക്ക് ചെല്ലണമെന്നും..

അവർക്കൊപ്പം ചേരണമെന്നും മനസ്സ് കൊണ്ടാഗ്രഹിക്കുന്നുവെങ്കിലും തനിക്കതിനുള്ള ധൈര്യമില്ലെന്ന് പാറു വേദനയോടെ മനസ്സിലാക്കി. അങ്ങനെ ആയി പോയതിൽ ആന്നാദ്യമായി അവൾക്കീ ലോകത്തോട് മുഴുവനും വെറുപ്പ് തോന്നി. തനിക്ക് കുറച്ചു കൂടി ധൈര്യവും മനസ്സുറപ്പും തരാമായിരുന്നുവെന്നവൾ ദൈവത്തിനോട് പരിഭവം പറഞ്ഞു. കടക്കാരൻ എടുത്ത നീട്ടിയ ജൂസ് ഹരിയാണ് അവർക്കെല്ലാം എടുത്തു കൊടുത്തത്. അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് താനെന്നൊരാളെ അവരെല്ലാം മറന്നു പോയോ എന്നൊരു പരിഭവം അവളുടെ കണ്ണ് നനച്ച ആ നിമിഷം തന്നെയാണ് കയ്യിലൊരു ജൂസ് ഗ്ലാസ്സുമായി ഹരി അവൾക്ക് നേരെ നടന്നു വന്നത്.

"ആര് മറന്നാലും നിന്നെ ഞാൻ മറക്കുമോ പാറു "എന്നൊരു ചോദ്യം അവന്റെ കണ്ണുകളിലിരുന്നു കൊണ്ട് തന്നെ പരിഹസിച്ചു ചിരിക്കുന്നത് പോലെ പാർവതിക്ക് തോന്നി. "കുടിക്ക്.." നിറഞ്ഞ ചിരിയോടെ തനിക്ക് മുന്നിലേക്ക് ഗ്ലാസ്‌ നീട്ടിയവനെ അവളൊരു നിമിഷം നോക്കിയിരുന്നു. "വാങ്ങിക്ക് പാറു " തന്നെ നോക്കിയിരിക്കുന്നവളോട് ഹരി ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു. വിറക്കുന്ന കയ്യോടെ പാറു അത് സ്വീകരിച്ചു. "വേറെന്തേങ്കിലും വേണോ? ഉപ്പിലിട്ടത് വല്ലതും?" കുനിഞ്ഞു നിന്ന് കൊണ്ട് ഭാവമാറ്റമൊന്നുമില്ലാതെ ഹരി ചോദിച്ചു. വേണ്ടന്ന് പാറു പെട്ടന്ന് തലയാട്ടി കാണിച്ചു. "എങ്കിൽ കുടിച്ചിട്ട് ഗ്ലാസ്‌ താ.."

ഹരി ആവിശ്യപെട്ടു. "കുടിച്ചിട്ട്.. ഞാൻ.. ഞാൻ കൊണ്ട് വന്നോളാം ഗ്ലാസ്‌. നീ... കുടിച്ചില്ലല്ലോ?" ഒട്ടൊരു പതർച്ചയോടെ ചോദിക്കുന്ന പാറുവിനെ ഒന്ന് നോക്കിയിട്ട് തലയാട്ടി കൊണ്ട് ഹരി തിരിഞ്ഞു നടന്നു. അവർക്കെല്ലാം എടുത്തു കൊടുത്തിട്ടും അവൻ കുടിച്ചില്ലെന്നത് അവൾ ശ്രദ്ധിച്ചിരുന്നു. വെറുതെയൊന്നു തിരിഞ്ഞു നോക്കിയ ഹരിയുടെ കണ്ണുകളുമായി കൊരുത്ത നിമിഷം.. പാറു പിടഞ്ഞു കൊണ്ട് മുഖം കുനിച്ചു. ഒരു കുഞ്ഞു സന്തോഷം ശലഭം പോലെ അവൾക്കുള്ളിൽ നിന്നും ചിറകടിച്ചു പറന്നുയർന്നിരുന്നു. അവന്റെയും അവസ്ഥ അത് തന്നെയായിരുന്നു.... ആ നിമിഷം. ❣️❣️❣️

അത്യാവശ്യം വലിയൊരു ഷോപ്പിന് മുന്നിലാണ് ഹരി കാർ നിർത്തിയത്. ഇപ്രാവശ്യം അവനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. അജുവിനെ ഹരിക്കൊപ്പമിരുത്തി കണ്ണൻ മനഃപൂർവം ബാക്കിൽ സീതയുടെ അരികിലേക്ക് കയറിയിരുന്നു. ഹരിക്ക് കാര്യം മനസിലായിരുന്നു. അവനെയൊന്ന് കണ്ണുരുട്ടി കാണിച്ചെങ്കിലും കണ്ണൻ അതൊന്നും ഗൗനിച്ചതെയില്ല. സീതയ്ക്കും അതൊരു വീർപ്പു മുട്ടലായ് തോന്നിയിരുന്നുവെങ്കിലും കണ്ണൻ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലുണ്ടായിരുന്നത് കൊണ്ട് ഉള്ളിലൊതുക്കി പിടിച്ചിരുന്നു. "പാറുവിന് ഹരിയോട് ഇഷ്ടമുണ്ട്. അതവളുടെ ഓരോ നോട്ടത്തിലും അറിയാനാവും. ആ ഇഷ്ടം കൊണ്ടാണ് അവനെയവൾ ജീവിതത്തിലേക്ക് പോലും വലിച്ചു ചേർക്കാത്തത്.

താൻ കാരണം അവൻ കൂടി അപമാനിക്കപെടരുത് എന്നുള്ളതാണ് അവളുടെ സ്നേഹത്തിനാഴം. ആ ഇഷ്ടം പുറത്ത് ചാടിക്കുക എന്നതാ ഇനിയെന്റെ വാശി. എനിക്കെന്റെ ചെക്കന്റെ സങ്കടം സഹിക്കാൻ വയ്യെടി. അവന് സന്തോഷമാവുന്നതിനു വേണ്ടി.. ഞാൻ.. ഞാനെന്തും ചെയ്യും ലച്ചു.. കാരണം അവന്റെ സ്നേഹം ഉപാദികളില്ലാതെയാണ് " കണ്ണന്റെ വാക്കുകളിൽ ഹരിയോടുള്ള അവന്റെ സ്നേഹം മുഴുവനുമുണ്ടായിരുന്നു. "ഇറങ്ങെടാ " വണ്ടി നിർത്തിയിട്ടും സീതയെ നോക്കിയിരിക്കുന്ന കണ്ണനോട് ഹരി പറഞ്ഞു. "നീ അസൂയ പെട്ടിട്ട് കാര്യമില്ലടാ മോഞ്ഞേ ഹരി. സ്നേഹിക്കാൻ മാത്രം പോരാ. സ്നേഹിക്കപ്പെടാനും ഒരു യോഗവും ഭാഗ്യവും വേണം. നിനക്കതില്ല "

അങ്ങേയറ്റം പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കണ്ണനിറങ്ങിയതും ആ വാക്കുകൾ കൊണ്ട് പിടഞ്ഞത് പാറുവാണ്. എന്ത് പറയണമെന്നറിയാതെ ഹരിയും പകച്ചുപോയി ആ നിമിഷം. "എന്നെ വലിച്ചിറക്കി നീ അവിടിരുന്നു സ്വപ്നം കാണുന്നോടാ.. ഇങ്ങോട്ടിറങ്ങി വാ ഹരി " പുറത്ത് നിന്നും കണ്ണൻ വിളിച്ചു പറഞ്ഞു. ഒരു നെടുവീർപ്പോടെ ഹരി പുറത്തേക്കിറങ്ങി. പാറു ഇരുന്ന സൈഡിലെ ഡോറും തുറന്നു കൊടുത്തു കൊണ്ടാണ് അവൻ കണ്ണന്റെ അരികിലേക്ക് നടന്നത്. ലല്ലു അവനെ കണ്ടയുടനെ അജുവിന്റെ കയ്യിൽ നിന്നും പിടി വിട്ട് കൊണ്ട് അവന്റെ കയ്യിൽ തൂങ്ങി. പാറുവും ഇറങ്ങി വന്നതോടെ അവരോരുമിച്ചാണ് അകത്തേക്ക് കയറിയത്.

വിശാലമായ ആ ഷോപ്പിന്റെ അകത്തു അവരെയും കാത്തെന്നത് പോലെ കൈമൾ മാഷും വരദയുമുണ്ട്. അടുത്ത് തന്നെ ഭദ്രയും കുഞ്ഞിയും. കണ്ണൻ സ്റ്റക്കായത് പോലെ നിന്ന് പോയി അവരെ കണ്ടപ്പോൾ. അജുവിന്റെയും പാറുവിന്റെയും സീതയുടെയും അവസ്ഥ അത് പോലെ തന്നെയാണ്. ഹരി പക്ഷേ ചിരിച്ചു കൊണ്ട് അവരെ നോക്കി. "ഇവരെന്താടാ... ഇവിടെ.?" കണ്ണൻ നെറ്റി ചുളിച്ചു കൊണ്ട് ഹരിയെ നോക്കി. "ഞാൻ നിനക്ക് സ്വന്തമാവുമ്പോൾ എന്റെ കുടുംബം കൂടി നിന്റെ സ്വന്തമല്ലേ കണ്ണാ? പപ്പയും അമ്മയുമില്ലാതെ സങ്കടം നീ പറഞ്ഞു കേട്ടപ്പോൾ പിടഞ്ഞത് ഞാനും കൂടിയാണ്. ദേ നോക്ക്.. നിനക്കിപ്പോ അച്ഛനും അമ്മയുമുണ്ട്.

പോരാത്തതിന് ബോണസായി ഒരു പെങ്ങളെയും അവൾക്കൊരു കുഞ്ഞിനേയും കൂടി ഞാൻ സംഘടിപ്പിച്ചു വെച്ചിട്ടുണ്ട്. രണ്ടാളുകൾ കൂടി വരാനുണ്ട്. അവരിച്ചിരി ലേറ്റാവും. ഇത്രേയുമെ എന്നെ കൊണ്ട് പറ്റൂ. ആരുമില്ലെന്ന് ഇനി നീ സങ്കടം പറയരുത്. എനിക്കത്രയേ വേണ്ടൂ " മുന്നിൽ നിന്നും പറയുന്ന ഹരിയെ നോക്കി കണ്ണൻ അനങ്ങാതെ നിന്ന് പോയി. "ദേ കണ്ണൊക്കെ നിറച്ചു വെറുതെ സെന്റിയായ അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും.അല്ലപിന്നെ.. മനുഷ്യനിവിടെ കഷ്ടപെട്ട് ഓരോന്നു സംഘടിപ്പിക്കുമ്പോ സന്തോഷിക്കുന്നതിനു പകരം.. അവനിരുന്നു കരയുന്നു. അയ്യേ മോശം " ഹരി കണ്ണനെ ചേർത്ത് പിടിച്ചു. സന്തോഷം കൊണ്ടാണ് ആ കണ്ണുകൾ നിറഞ്ഞതെന്ന് അവനും അറിയാമായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story