സ്വന്തം ❣️ ഭാഗം 94

രചന: ജിഫ്‌ന നിസാർ

സന്തോഷം കൊണ്ട് തന്റെ ഹൃദയമിപ്പോൾ പൊടിഞ്ഞു താഴെ വീഴുമെന്ന് ഹരി ഭയന്ന് പോയിരുന്നു. അത്രമേൽ കൊതിച്ചൊരു കാര്യമാണ്.. സ്നേഹമാണ് അവന്റെ ഇടനെഞ്ചിൽ ചേർന്ന് ആ ഹൃദയമിടിപ്പിനൊപ്പം ഒന്നായ് മിടിക്കുന്നത്. ചുറ്റി പിടിച്ച അവളുടെ കൈകളുടെ മുറുക്കം. ഷർട്ടിന്റെ തടസ്സവും നീക്കി നെഞ്ചിലേക്ക് തൂവുന്ന അവളുടെ മിഴിനീർ തുള്ളികൾ. എല്ലാം കൂടി ഹരി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ചുറ്റുമുയരുന്ന ആരാവങ്ങളൊന്നും തന്നെ അവനും.. അവനോട് അലിഞ്ഞത് പോലെ ചേർന്ന് നിൽക്കുന്ന പാറുവും അറിഞ്ഞതേയില്ലായിരുന്നു. അത് വരെയും അനുഭവിച്ചു തീർത്ത വേദനകളൊക്കെയും ഈ സന്തോഷത്തിന് മുന്നിലെത്ര നിസാരമെന്നവർ മനസ്സിലാക്കി.

"ഇനി വിട്ടേക്കേടാ ഹരി.. നിങ്ങളുടെ എല്ല് പൊടിഞ്ഞു പോകും " കണ്ണ് നിറച്ചു നിൽക്കുന്ന സീതയെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാണ് കണ്ണനത് വിളിച്ചു പറഞ്ഞത്. ഞെട്ടി പിടഞ്ഞു കൊണ്ട് ആദ്യം അകന്ന് മാറിയത് പാറുവാണ്. ഹരിയുടെ മുഖത്തേക്ക് നോക്കാൻ അവളൊക്കൊരു ചമ്മലുണ്ടായിരുന്നുവെങ്കിലും.. കണ്ണിമവെട്ടാതെ ഹരി അവളെ ആവേശത്തോടെ നോക്കി ഹൃദയത്തിൽ നിറച്ചു വെക്കുന്നുണ്ടായിരിന്നു. നിറഞ്ഞ ചിരിയോടെ കൈമൾ മാഷും വരദയും. ഭദ്രയുടെ വിരലിൽ തൂങ്ങി നിൽക്കുന്ന ലല്ലുവിനും കുഞ്ഞിക്കും പോലും നാണം വന്നിരുന്നു. നിമ്മിയെ വിളിച്ചു കൊണ്ട് വന്ന അർജുൻ കണ്മുന്നിൽ കണ്ട കാഴ്ചകളിൽ സ്വയം മറന്ന് നിന്ന് പോയിരുന്നു.

നിറഞ്ഞ കണ്ണുകളോടെ അവൻ നിമ്മിയെയാണ് ആദ്യം നോക്കിയത്. അവളവന്റെ കയ്യിൽ അമർത്തി പിടിച്ചു. അത് വരെയും അവരിലുണ്ടായിരുന്ന ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും ഇരട്ടിയായിരുന്നു പിന്നെ അങ്ങോട്ട്‌... ഓരോ നിമിഷവും. ഇനി ഒന്നിനും വേണ്ടി കാത്തിരിക്കേണ്ട.. കണ്ണൻ കുറിച്ച് വാങ്ങിയ മുഹൂർത്തത്തിൽ തന്നെ പാറു ഹരിക്ക് സ്വന്തമായിക്കോട്ടെ എന്നാ കൈമൾ മാഷിന്റെ തീരുമാനത്തെ അവരെല്ലാം നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിച്ചു. പാറുവിന് കൂടി ഡ്രസ്സ്‌ എടുക്കാൻ അവരെ പറഞ്ഞേൽപ്പിച്ചു കൊണ്ട് കൈമൾ മാഷ് അവിടെ നിന്നിറങ്ങി തിരിച്ചത് വിവാഹത്തിന്റെ ഒരുങ്ങളിലേക്കാണ്.

ഇത്രയും കുറഞ്ഞ സമയം കൊണ്ട് സാധിക്കുമോ എന്ന് പോലും ചിന്തിച്ചു സമയം കളഞ്ഞില്ല. മനസ്സൊരുക്കി ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞാൽ സാധ്യമാവാതൊന്നും തന്നെ ഈ ലോകത്തിലില്ലെന്ന് ഒരു അധ്യാപകൻ കൂടിയായ അയാൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ആർത്തിയോടെ ഹരിയുടെ കണ്ണുകൾ വീണ്ടും വീണ്ടും പാറുവിനെ തഴുകി തലോടി. എത്ര നോക്കിയിട്ടും അവന് മതൊയാവുന്നില്ല. "ഇനി മതിയെടാ പരട്ടെ.. നിന്റെ നോട്ടം കണ്ടിട്ട് ഇനി അവളെങ്ങാനും ഇപ്പൊ കല്യാണം വേണ്ടന്ന് പറയുവോന്നാ എന്റെ പേടി. ആ സാധനനത്തിനെ വിശ്വസിക്കാൻ ആയിട്ടില്ല.. നാളത്തെ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടണം "

കണ്ണൻ പറഞ്ഞത് കേട്ട് ഹരി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അതൊന്നും അവന് വിശ്വസിക്കാനാവാത്ത വിധമൊരു തളർച്ച ഹരിയെ പിടി മുറുക്കിയിരുന്നു. കണ്ണനും ആദിയും സിദ്ധുവും കൂടിയാണ് ഹരിക്കുള്ള ഡ്രസ്സ്‌ കൂടി സെലക്ട് ചെയ്തത്. പാറുവിന്റെ അവസ്ഥയും ഏറെക്കുറെ ഹരിയെ പോലെ തന്നെയായിരുന്നു. തനിക്കെവിടെ നിന്നുമാണ് അത്രയും ധൈര്യം കിട്ടിയെന്ന് അവൾക്കപ്പോഴും മനസ്സിലായില്ല. ഒന്നറിയാം.. അവനില്ലാതെ വയ്യിനി.. ആ സ്നേഹം.. കരുതൽ.. അതിലെല്ലാമാണ് തന്റെ ജീവിതം.. ഹരിയുടെ ഓരോ നോട്ടത്തിലും ഉള്ളിലൊരു പൂക്കാലം വസന്തമൊരുക്കുന്നുണ്ട്. അവന് മുന്നിൽ മാത്രം വിരിഞ്ഞു സൗരഭ്യം വിടർത്തുന്നൊരു പൂവായി പാറുവും.

കണ്ണനും ആദിയും സിദ്ധുവും മത്സരിച്ച് കളിയാക്കുന്നുണ്ട്. നേർത്തൊരു ചിരിയോടെ അപ്പോഴെല്ലാം ഹരിയുടെ മിഴികൾ പാറുവിലേക്ക് നീളും. വരദയും ഭദ്രയും കൂടി സ്നേഹം കൊണ്ടവളെ വരിഞ്ഞു മുറുക്കുന്നുണ്ട്. വല്ലാത്തൊരു നിർവൃതിയോടെ ഹരി.. അതിനെല്ലാം സാക്ഷിയായിരുന്നു. ❣️❣️❣️ ടെൻഷനോടെയാണ് കണ്ണനും ഹരിയും റിമിയുടെ നേരെ നോക്കിയത്. "എന്റെയും സീതയുടെയും വിവാഹമാണ് മറ്റന്നാൾ രാവിലെ.." കണ്ണന്റെ വെളിപ്പെടുത്തൽ കേട്ടതും അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നവൾ... അവടെയുണ്ടായിരുന്ന എല്ലാവരുടെയും നെഞ്ചിടിപ്പു കൂട്ടി.

മിത്തുവും ജോണും അങ്ങേയറ്റം ടെൻഷനോടെയാണ് അവളെ നോക്കുന്നതെന്ന് ഹരിക്ക് തോന്നി. ഹരി മിത്തുവിന്റെ കയ്യിൽ അമർത്തി പിടിച്ചു. അവനതൊന്നും അറിയാത്തത് പോലെ.. "കൺഗ്രജുലേഷൻ കണ്ണൻ " നേർത്തൊരു ചിരിയോടെ പറയുന്ന റിമി. അവർക്കുള്ളിൽ കത്തി പടർന്നിരുന്ന തീയിലേക്ക് വെള്ളം കോരി ഒഴിച്ചത് പോലെ. റിമിയൊരുപാട് മാറി പോയെന്നു പറയുമ്പോൾ അതവളുടെ സംസാരത്തിനെയും കാര്യമായി ബാധിച്ചിരുന്നു. ഒരു നിമിഷം പോലും തനിച്ചാക്കാതെ ജോണും മിത്തുവും അവൾക്ക് കൂട്ടിരുന്നു വെങ്കിലും മൗനം കൊണ്ടൊരു പടചട്ട നിർമ്മിച്ചു സ്വയം അതിനുള്ളിലേക്ക് ഒതുങ്ങി പോയിരുന്നു റിമി.

സീതയെ നോക്കി റിമി കൈ നീട്ടി. ആ കൈ പിടിച്ചു കൊണ്ട് ചിരിയോടെ സീത അവളുടെ അരികിലേക്കിരുന്നു. "ഹാപ്പിയല്ലേ?" റിമി ചിരിയോടെ അവളുടെ കവിളിൽ തട്ടി. "ഹാപ്പയായും.. മറ്റന്നാൾ പഴയ പോലെ പ്രസരിപ്പോടെ.. അതിലുപരി ഹൃദയം നിറയെ എന്നോടും കണ്ണേട്ടനോടുമുള്ള സ്നേഹത്തോടെ, നിന്റെ അനുഗ്രഹത്തോടെ എനിക്ക് കണ്ണെട്ടന്റെ സ്വന്തമായി തീരാൻ കഴിഞ്ഞാൽ.." സീത റിമിയുടെ കയ്യിൽ അമർത്തി പിടിച്ചു. "നീ വരില്ലേ? ഞാൻ കാത്തിരിക്കും " റിമിയുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. ഉള്ളിലെ പിടച്ചിൽ പുറത്ത് ചാടാതിരിക്കാൻ അവൾ ചുണ്ടുകൾ കൂട്ടി പിടിച്ചു. "സത്യമായിട്ടും സന്തോഷം കൊണ്ടാണ് സീതേ..

നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോയി. മറ്റൊന്നും.. ഒന്നും എന്റെ മനസ്സിലിപ്പോൾ അവശേഷിക്കുന്നില്ല. നിറഞ്ഞ സന്തോഷത്തോടെ തന്നെ നിങ്ങളെ അനുഗ്രഹിക്കാൻ കണ്ണന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി.. അവന്റെ പെണ്ണിന്റെ കൂടപ്പിറപ്പായി ഞാൻ വരും.." റിമി പറഞ്ഞു. സീതയുടെ നോട്ടം കണ്ണന്റെയും ഹരിയുടെയും നേരെ നീണ്ടു. നെഞ്ചിൽ അവളൊരു കരച്ചിൽ തടഞ്ഞു വെച്ചിട്ടുണ്ടെന്ന് ആ നോട്ടം കൊണ്ട് തന്നെ രണ്ടു പേർക്കും മനസ്സിലായി. ലല്ലുമോളെ ഒതുക്കി പിടിച്ചു കൊണ്ട് അതെല്ലാം നോക്കി പാറുവും ചുവരിൽ ചാരി നിൽക്കുന്നുണ്ട്. നിമ്മിയെ കൊണ്ട് വിടാൻ പോയ അജുവിന്റെ കൂടെ വരദയെയും ഭദ്രയെയും കുഞ്ഞിയെയും കൂടി പറഞ്ഞു വിട്ടിരുന്നു.

സിദ്ധുവും ആദിയും അവിടെ നിന്ന് തന്നെ മടങ്ങി പോയിരുന്നു. അജു കണ്ണന്റെ കൂടെ പോവുന്നതിനു മുന്നേ അവനെയും കൂട്ടി തന്റെ വീട്ടിലേക്ക് ഒന്ന് വരുന്നുണ്ടെന്ന് കണ്ണനും ഹരിയും നിമ്മിക്ക് വാക്ക് കൊടുത്തിരുന്നു. തെളിഞ്ഞ ആകാശം പോലെ വിടരുന്ന ചിരിയിൽ അവരോടുള്ള നിറഞ്ഞ നന്ദിയും സ്നേഹവും അജുവും നിമ്മിയും കരുതി വെച്ചിട്ടുണ്ട്. "നാളെ വൈകിട്ട് ടിക്കറ്റ് എടുത്തു വെച്ചിട്ടുണ്ട് "ജോൺ ആശങ്കയോടെ കണ്ണനെ നോക്കി. "അത് ക്യാൻസൽ ചെയ്തേക്കാം അങ്കിൾ. കണ്ണന്റെ ജീവിതത്തിലെ ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയൊരു ദിവസം.. നിങ്ങളെല്ലാം അവന്റെ കൂടെ വേണ്ടേ..? അവനത് സന്തോഷമായിരിക്കും.."

ഹരിയുടെ വാക്കുകൾക്ക് ജോൺ ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു. "താനൊന്ന് വന്നേ... " ബാക്കിയുള്ളവരെല്ലാം മറ്റുള്ള വിശേഷങ്ങളിലേക്ക് കടന്നൊരു നിമിഷം.. മിത്തുവിന്റെ തോളിൽ തട്ടി കൊണ്ട് ഹരി പുറത്തേക്ക് നടന്നു. ആ വിളിയിൽ കണ്ണന്റെ നെറ്റി ചുളിഞ്ഞു പോയിരുന്നു. അനേകം ചോദ്യങ്ങൾ ഒറ്റ നോട്ടം കൊണ്ട് ഹരിക്ക് നേരെ നീണ്ടു. ഹരി ഒന്ന് കണ്ണടച്ച് കാണിക്കുക മാത്രം ചെയ്തു കൊണ്ട് പുറത്തേക്ക് നടന്നു. അവനൊപ്പം മിത്തുവും. "എന്താ ഹരി..?" നീണ്ട വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഹരിയുടെ അരികിൽ ചെന്ന് നിന്നിട്ട് മിത്തു ചോദിച്ചു. ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.

"തുറന്നു പറയാതെ... ഇനിയും എത്ര കാലം നീയിങ്ങനെ പിടഞ്ഞു തീരാനാണ് മിത്തു?" തികച്ചും ശാന്തമായ ചോദ്യം. മിത്തു പകച്ചുപോയി.. ഹരിയുടെ നേരെ തുറിച്ചു നോക്കി. "ഹരി..." അവന്റെ സ്വരം വിറച്ചു. "തുറന്നു പറയാത്തൊരു ഇഷ്ടതിന്റെ ഭാരവും പേറി വർഷങ്ങൾ സ്വയം വേദനിച്ചു ജീവിച്ച ഹരി പ്രസാദിനു നിന്നേ മനസ്സിലാവും മിത്തു. നിനക്ക് റിമിയോടുള്ള സ്നേഹവും മനസ്സിലാവും " നേർത്തൊരു ചിരിയോടെ ഹരിയുടെ തുറന്നുള്ള ചോദ്യം. മിത്തു അവന് മുന്നിൽ നിന്നും വിയർത്തു. അവന്റെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ പാറി നടന്നു. "പറയണം... റിമി ഒരിക്കലും അറിയാതെ പോവരുത് നിന്റെ സ്നേഹം. തുറന്നു പറഞ്ഞില്ലല്ലോ എന്നാ കാരണം കൊണ്ട് നിനക്കവൾ നഷ്ടപെടരുത് മിത്തു

ആ കുറ്റബോധം കൊണ്ട് നീ വേദനിക്കാൻ ഇട വരരുത്.സമയമെടുത്താലും അവൾക്ക് നിന്റെ സ്നേഹം ഒരിക്കൽ മനസ്സിലാവും. നിന്നെ അംഗീകരിക്കും. അത് വരെയും യാതൊരു തരത്തിലും അവളെ ഫോഴ്‌സ് ചെയ്യിക്കാതെ കാത്തിരിക്കാൻ നീ റെഡിയാവുമെങ്കിൽ... റിമി മരിയ മിഥുന് സ്വന്തമാവുന്ന ഒരു ദിവസം വരും " ഹരിയുടെ കൈകൾ മിത്തുവിന്റെ തോളിൽ അമർന്നു. മിത്തു നിറഞ്ഞ കണ്ണോടെ അവനെ നോക്കി. "അവളോടൊപ്പം നിന്നെ കണ്ട അന്ന് മുതൽ ഇങ്ങനൊരു സംശയം എനിക്കുണ്ടായിരുന്നു. പോകെ പോകെ അത്.. അതെന്റെ തോന്നൽ മാത്രമല്ലെന്ന് മനസിലായി. റിമിയുടെ കാര്യത്തിൽ നിനക്ക് ദേഷ്യമല്ലായിരുന്നു.

പകരം ഏറ്റവും പ്രിയപ്പെട്ട ഒരാൾ തെറ്റ് ചെയ്യുമ്പോൾ നമ്മക്ക് തോന്നുന്ന നിസ്സഹായ അവസ്ഥയും സങ്കടവുമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്. അവിടെ നിന്നാണ് മിഥുൻ എന്നാ കാമുകനെ ഞാൻ അറിഞ്ഞു തുടങ്ങിയതും " ഹരിയുടെ വാക്കുകൾക്കു മുന്നിൽ മിത്തുവിന്റെ മുഖം കുനിഞ്ഞു. ഡാ.. പിന്നിൽ നിന്നും കണ്ണന്റെ ആവിശ്വസനീയത നിറഞ്ഞ വിളി കേട്ടാണ് ഹരിക്കൊപ്പം മിത്തു കൂടി തിരിഞ്ഞു നോക്കിയത്. മിത്തുവിനെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന കണ്ണനെയും അവന്റെ നോട്ടത്തിൽ പതറി നിൽക്കുന്ന മിത്തുവിനെയും ഹരി മാറി മാറി നോക്കി. "ഞാനും നീയും... ബെസ്റ്റ് ഫ്രണ്ട്സ് അല്ലായിരുന്നോ മിഥുനെ? ഒരുപാട് കൂട്ടുകാർക്കിടയിലും നീ എനിക്ക് സ്പെഷ്യൽ അല്ലായിരുന്നോ?

നിന്നോട് പറയാതെ ഞാനെന്തേങ്കിലും രഹസ്യം കൊണ്ട് നടന്നിട്ടുണ്ടോ?" കണ്ണന്റെ തുടരേയുള്ള ചോദ്യങ്ങളിലൊക്കെയും പിന്നെയും നീയെന്തേ നിന്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞില്ല എന്നുള്ള പരിഭവമായിരുന്നു. മിത്തു ഒന്ന് ചിരിച്ചു.. "നിനക്കെന്നല്ല കണ്ണാ... എനിക്കല്ലാതെ ആർക്കുമറിയില്ല എന്റേയീ ഇഷ്ടം.. അതിന്റെ ആഴം.." മിത്തു പതിയെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു. "എന്ന് മുതലാണ് റിമി മരിയ ഒരു പ്രണയമായി എന്റെ ഉള്ളിലേക്ക് കയറി കൂടിയതെന്ന് പോലും എനിക്കറിയില്ല. പക്ഷേ എനിക്കവളെ ഇഷ്ടമായിരുന്നു. ഇഷ്ടം ന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണനോടാണ് അവൾക്കിഷ്ടമെന്നറിഞ്ഞിട്ടും ഉപേക്ഷിച്ചു കളയാൻ കഴിയാത്ത അത്രയുമിഷ്ടം."

മിത്തു അകലേക്ക്‌ നോക്കിയാണ് പറയുന്നത്. "ചേർത്ത് പിടിക്കാൻ കഴിഞ്ഞില്ലങ്കിലും അകന്ന് പോവുകയാണോ അവളെന്നോർക്കുമ്പോൾ വേദനിക്കാൻ പാകത്തിന് അവളെന്റെ ആരോ ആയി മാറിയിരുന്നത്രയും ഇഷ്ടം. അവൾ ചെയ്തു കൂട്ടുന്ന തെറ്റുകൾ തിരുത്തി കൊടുത്തത് ദേഷ്യത്തോടെയായിരുന്നില്ല.. എന്റെ.. എന്റെതാണെന്ന് കരുതി തന്നെയായിരുന്നു. നിന്റെ അരികിലേക്ക് അവളെന്നെ കൂട്ട് വിളിച്ചപ്പോൾ പോലും ഞാനിറങ്ങി ചെന്നത്... അവളുടെ സന്തോഷം മാത്രം ആഗ്രഹിച്ച് കൊണ്ടായിരിന്നു.. കാരണം... കാരണം റിമി മരിയ എനിക്കെന്റെ ജീവനാണ്.. ജീവിതമാണ് " നിറഞ്ഞ കണ്ണോടെ.. ചുണ്ടിൽ തുളുമ്പുന്ന ചിരിയോടെ അവരുടെ നേരെ തിരിഞ്ഞ മിഥുന് അവരന്നു വരെയും കാണാത്തത്രയും ആർദ്രമായൊരു ഭാവമുണ്ടായിരുന്നു. കണ്ണന് പിന്നെ അവനോടൊന്നും പറയാനുണ്ടായിരുന്നില്ല.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story