സ്വന്തം ❣️ ഭാഗം 95

രചന: ജിഫ്‌ന നിസാർ

ഒറ്റ ദിവസം കൊണ്ട് ഒരാൾക്കൊരു പ്രണയകാലം മുഴുവനും ഒറ്റയ്ക്ക് ആസ്വദിക്കാനാവുമോ? സംശയമുള്ളവരാരും പാർവതിയെ കണ്ടിട്ടുണ്ടാവില്ല. ഹരി പറഞ്ഞിട്ട് പോയ വാക്കുകളും പകർന്നിട്ട് പോയ സ്നേഹവും അവളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോയിരുന്നു. പ്രണയതിന്റെ മാസ്മരിക ലോകം. ഒരു വർഷത്തോളം ഒരുത്തന്റെ ഭാര്യയായിരുന്നിട്ടും അവന്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയിട്ടും അവന് നേടി കൊടുക്കാൻ കഴിയാത്ത സ്വർഗം.... ഹരി കുറച്ചു വാക്കുകൾ കൊണ്ടവൾക്ക് മുന്നിൽ തുറന്നു കൊടുത്തു. അവിടെ മൊത്തം നിറഞ്ഞു നിൽക്കുന്നത് ഹരിയാണ്.

അവനിൽ നിന്നും തിരിഞ്ഞോടാൻ പ്രേരിപ്പിക്കുന്ന അതേ മനസ്സ് തന്നെയാണ് അവന്റെ നോട്ടങ്ങളും വാക്കുകളുമില്ലാതെ തളർന്നു തൂങ്ങിയതെന്ന് പാറു അത്ഭുതത്തോടെയാണ് ഓർത്തത്. രാത്രിയിലാണ് റിമിയുടെ അരികിൽ നിന്നും തിരികെ എത്തിയത്. അജു വീട്ടിൽ എത്തിയിരുന്നു,അവരത്തുന്നതിന് മുന്നേ തന്നെ. കണ്ണനും ഹരിയും വീട്ടിലോട്ട് കയറിയിട്ടില്ല. ഒറ്റക്കൊരു കല്യാണം നടത്തുന്നതിന്റെ ടെൻഷൻ കണ്ണന്റെ കണ്ണിൽ അവനെത്ര ഒളിപ്പിച്ചു പിടിക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കിടെ തല പൊക്കി കാണിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് നടത്തേണ്ട കല്യാണതിന്റെ ഒരുക്കങ്ങളെ കുറിച്ചാണ് ഹരിയുടെ വേവലാതി മുഴുവനും. ❣️❣️❣️

സീതയെയും പാറുവിനെയും ഇറക്കി ആദ്യം ഹരിയുടെ വീട്ടിലേക്കാണ് കണ്ണനും ഹരിയും പോയത് ഇത്തിരി നേരം കൊണ്ട് തന്നെ ഒരു കല്യാണവീടിന്റെ പരിവേഷം കൈ വന്നിരുന്നു അവിടമാകെ. നേരത്തെ പറഞ്ഞില്ലെന്നുള്ള പരിഭവം ഉണ്ടാവുമെങ്കിലും കൈമൾ മാഷ് ഒരു കാര്യം ആവിശ്യപെട്ടാൽ അത് തള്ളി കളയാൻ മാത്രം വിരോധമുള്ളവരാരും ആ നാട്ടിലോ അയാളുടെ കുടുംബത്തിലോ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്നിൽ കാർ നിർത്തി കണ്ണൻ ഇറങ്ങിയിട്ടും ഹരി വീടിന്റെ നേരെ നോക്കി നിർവൃതിയോടെ അതേയിരുപ്പ് തുടർന്നു.

ഓർക്കുമ്പോൾ തന്നെ അവനെയൊരു കുളിര് പൊതിഞ്ഞു നിന്നിരുന്നു. എത്രയോ വർഷത്തെ നെഞ്ച് നീറുന്ന വേദനക്കുള്ള പരിഹാരമാണ് ഇവിടമിൽ ഒരുങ്ങുന്നത്. തൂവൽ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് പോലെ ഹൃദയമാകെ ഒരു തിടുക്കം. ഉറക്കമില്ലാത്ത രാത്രികളിൽ.. ഒരു ഭ്രാന്തനെ പോലെ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്.. പാറുവിനോട് ഉള്ളിലുള്ള ഇഷ്ടം പറയുന്നതും.. അവളുടെയും തന്റെ വീട്ടുകാരുടെയും അനുഗ്രഹത്തോടെയും നിറഞ്ഞ മനസോടെയും ആ കഴുത്തിൽ താലി ചാർത്തുന്നതും. ചിന്തകൾക്കൊടുവിൽ ഹൃദയം നുറുങ്ങിയ വേദന..

കവിളിൽ കൂടി പടർന്നോഴുകി പരക്കും. അങ്ങനെയങ്ങനെ.. എത്രയോ തവണ. അതെല്ലാം പൂവണിയാൻ പോകുന്നു എന്നാ ഓർമകൾക്ക് പോലും വല്ലാത്ത ഭംഗിയുണ്ടല്ലോ.. ഡാ.. " കണ്ണൻ തട്ടി വിളിക്കിമ്പോഴാണ് ബോധത്തിലേക്ക് തിരികെ വന്നത്. "ഇങ്ങോട്ട് ഇറങ്ങെടാ കള്ളകാമുകാ.. എനിക്ക് വീട്ടിലോട്ട് പോവാനുള്ളതാ. " കണ്ണൻ ഹരി ഇരിക്കുന്ന ഭാഗത്തെ ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു. "ഇന്ന് ഇവിടെ കൂടിയാലോ ഡാ?" ചോദിച്ചു കൊണ്ട് ഹരി ഇറങ്ങി ഡോർ അടച്ചു. "മുത്തശ്ശി ശ്രീ നിലയത്തിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചത് നീയും കേട്ടതല്ലേ ഹരി? പോവാതെ പറ്റില്ല." കണ്ണൻ കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.

"അവിടെ പോയിട്ട് ഇനി അവരോടൊന്നും കൊമ്പു കോർക്കാൻ നിൽക്കരുത്. അവരൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല. അതൊട്ട് പ്രതീക്ഷിക്കുകയും വേണ്ട.നാളത്തെ ഒരു ദിവസം കൂടി കഴിഞ്ഞ നീ ഇവിടെ നിന്നും പോകില്ലേ.? നിനക്ക് നിന്റെ വഴി.. അവർക്ക് അവരുടെ വഴി. കേട്ടില്ലേ...?" പിന്നിലെ ടിക്കി തുറന്നിട്ട്‌ കവറുകൾ പുറത്തേക്ക് വലിച്ചെടുക്കതിനിടെ ഹരി ഓർമിപ്പിച്ചു. കണ്ണൻ അലസമായി ഒന്ന് മൂളുക മാത്രം ചെയ്തു. രണ്ടാളും കൂടിയാണ് കവറുകൾ പൊറുക്കിയെടുത്ത് അകത്തേക്ക് ചെന്നത്. മാഷും വരദയും സ്നേഹത്തോടെ കണ്ണനെ ചേർത്ത് പിടിച്ചു. കുഞ്ഞി ഓടി വന്നിട്ട് അവനെ ചുറ്റി പിടിച്ചു. കണ്ണൻ അവളെ വാരിയെടുത്ത് മടിയിലിരുത്തി.

അവിടെയുള്ളവരോടെല്ലാം മാഷും വരദയും ഹരിയുടെ കൂട്ടുകാരനെ പരിചയപെടുത്തുന്നുണ്ട്. ഒന്ന് മുഖം കാണിച്ച് പെട്ടന്നിറങ്ങാൻ നിന്നവനെ സ്നേഹം കൊണ്ട് സത്കരിച്ചു മനസ്സ് നിറച്ചാണ് അവർ യാത്രയാക്കിയത്. ❣️❣️❣️ ഹരിയെ അവന്റെ വീട്ടിലാക്കി കണ്ണൻ നേരെ പോയത് ശ്രീ നിലയത്തിലേക്കാണ്. മുത്തശ്ശി അവനെ വിളിച്ചിട്ട് അങ്ങോട്ട്‌ ചെല്ലണമെന്ന് ആവിശ്യപെട്ടിരുന്നു. അങ്ങോട്ടൊരു തിരിച്ചു പോക്ക് മനസ്സ് കൊണ്ട് അവനാഗ്രഹിച്ചിരുന്നില്ലയെങ്കിലും മുത്തശ്ശി വിളിക്കുമ്പോൾ പോവാതിരിക്കാനാവില്ല. അതവർക്കും അറിയാം.

നേരം ഒരുപാട് വൈകിയത് കൊണ്ട് തന്നെ ശ്രീ നിലയത്തിലെ പ്രമാണിമാരെല്ലാം ഉറക്കം പിടിച്ചു കാണുമെന്നും ആ മുഖങ്ങളിലെ നീരസം ദർശിക്കേണ്ടതില്ലെന്നും അവനിൽ ഒരു ആശ്വാസമുണ്ടായിരുന്നു. പോർച്ചിലേക്ക് കാർ ഓടിച്ചു കയറ്റുന്നതിനിടെ തന്നെ ആരെയോ സ്വീകരിക്കാനെന്നത് പോലെ മലർക്കേ തുറന്നു വെച്ച ഉമ്മറവാതിൽ കണ്ടതും കണ്ണന്റെ നെറ്റി ചുളിഞ്ഞു. "ഇതുങ്ങൾക്കൊന്നും ഉറക്കവുമില്ലേ ദൈവമേ? "

പിറുപിറുത്തു കൊണ്ടാണ് കണ്ണൻ കാറിന്റെ ഡോർ തുറന്നിറങ്ങിയത്. വാതിൽ തുറന്നു കിടപ്പുണ്ടെങ്കിലും കയറി ചെല്ലുമ്പോൾ ഹാളിലോ ആ പരിസരത്തോ ആരെയും കാണാത്തതിന്റെ ആശ്വാസം കണ്ണന്റെ മുഖത്തുണ്ടായിരുന്നു. മുന്നോട്ട് വെക്കുന്ന ഓരോ അടിയിലും അവന് റിമിയെ ഓർമ വന്നു. മുഖത്തുള്ള ശാന്തത മാഞ്ഞു.. പകരം വലിഞ്ഞു മുറുകി. നേരെ മുത്തശ്ശിയുടെ അരികിക്കാണ് ചെന്നത്. അവരുറങ്ങി കാണുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നുവെങ്കിലും വിളിച്ചിട്ട് വരാൻ ആവിശ്യപെട്ടത് കൊണ്ട് തന്നെ തന്നേ കാത്ത് അവരുണ്ടാവും എന്നൊരു തോന്നലിൽ കണ്ണൻ അങ്ങോട്ട് തന്നെ നടന്നു.

പക്ഷേ വാതിൽ കടന്ന് കയറി ചെന്നവന് മുന്നിൽ ശ്രീ നിലയത്തിലെ പ്രജകളെല്ലാം മുത്തശ്ശിയുടെ ചുറ്റും നിരന്നിരിക്കുന്ന കാഴ്ച അത്ഭുതത്തിനുമപ്പുറം ആശങ്കയാണ് നൽകിയത്. ഇരട്ട മുഖമുള്ളവരാണ്. ഇനിയും വിശ്വസിച്ചു വഞ്ചിക്കപെടാൻ വയ്യ. "കണ്ണാ.. വാ മോനെ " വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന കാണ്ണന് നേരെ നോക്കി മുത്തശ്ശി സ്നേഹത്തോടെ കൈ നീട്ടി. അവിടെയുള്ളവരുടെയെല്ലാം കണ്ണുകൾ തന്നിലാണെന്നുള്ള ഓർമ കണ്ണനെ അസ്വസ്തപെടുത്തുന്നുണ്ട്. "വാ..." വീണ്ടും അവിടെ തന്നെ നിൽക്കുന്നവനെ മുത്തശ്ശി ചിരിച്ചു കൊണ്ട് അരികിലേക്ക് ക്ഷണിച്ചു. തന്നെ നോക്കുന്ന ആർക്കു നേരെയും നോട്ടം നീളാതെ കണ്ണൻ മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു.

"വല്ലോം കഴിച്ചോ നീയ്?" ചുളിഞ്ഞ കൈകൾ കൊണ്ട് തലോടി ആദ്യം അന്വേഷിച്ചത് അതായിരുന്നു. കണ്ണൻ ചിരിയോടെ തലയാട്ടി. അസുഖകരമായൊരു മൗനം അവിടമിലാകെ ചുറ്റി തിരിയുന്നുണ്ടായിരുന്നു. ആരാദ്യം ഭേദിക്കും എന്നറിയാൻ വേണ്ടി മനഃപൂർവം തളം കെട്ടി നിൽക്കുന്നത് പോലെ. ഉള്ളിലെ ദേഷ്യം കൊണ്ട് കണ്ണനവരോട് യാതൊന്നും പറയാനുണ്ടായിരിന്നില്ലായെങ്കിൽ.. ഉള്ളുലയുന്ന കുറ്റബോധവും വേദനയും മറ്റുള്ളവരെ അവനോട് മിണ്ടുന്നതിൽ നിന്നും പിറകോട്ടു വലിച്ച് കൊണ്ടിരിക്കുന്നു.

"എന്തായി കണ്ണാ കാര്യങ്ങളൊക്കെ?" മുത്തശ്ശി തന്നെയാണ് മൗനമുടച്ചത്. "ഏറെക്കുറെ സെറ്റാണ് മുത്തശ്ശി. ബാക്കിയുള്ളത് നാളെ റെഡിയാക്കണം. എല്ലാത്തിനും ഓടാൻ ഞാൻ ഒറ്റക്കല്ലേ..?" കുറ്റപ്പെടുത്തലിന്റെ ധ്വനിയുണ്ടായിരുന്നു കണ്ണനത് പറയുമ്പോൾ. "എങ്കിൽ നാളെ മുതൽ നിനക്കൊപ്പം നിന്റെ മാമന്മാർ കൂടി ഉണ്ടാവും " വല്ലാത്തൊരു ആവേശത്തിലാണ് മുത്തശ്ശിയത് പറഞ്ഞതെങ്കിലും കണ്ണന്റെ മുഖത്തു നിറഞ്ഞത് പുച്ഛമായിരുന്നു. "ചെയ്തു പോയതൊന്നും നിനക്കത്ര പെട്ടന്ന് മറന്നു കളയാനാവില്ലെന്ന് മുത്തശ്ശിക്കും അറിയാം കണ്ണാ. പക്ഷേ ചെയ്തു കൂട്ടിയ തെറ്റ് തിരുത്താൻ ഇവർക്ക് നീ ഒരവസരം കൂടി കൊടുക്കണം

" ക്ഷമിക്കണം മുത്തശ്ശി " ശാന്തമായി പറഞ്ഞു കൊണ്ട് കണ്ണൻ എഴുന്നേറ്റു. "മുത്തശ്ശി കാണണം എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ഇങ്ങോട്ട് കടന്നു വന്നത്. നാളെ കഴിഞ്ഞു നടക്കാൻ പോകുന്നത് എന്റെ ജീവിതത്തിൽ ഏറ്റവും ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഒരു കാര്യമാണെന്ന് മുത്തശ്ശിക്കും അറിയാമല്ലോ?" ചുറ്റും ഒന്ന് ഓടി നടന്നതിനു ശേഷം കണ്ണന്റെ കണ്ണുകൾ മുത്തശ്ശിയിൽ തടഞ്ഞു നിന്നു. "എനിക്കിവരെ വിശ്വസമില്ല മുത്തശ്ശി. ചെയ്തു തന്ന ഉപകാരങ്ങളൊന്നും ഞാനൊരിക്കലും മറക്കുകയുമില്ല " കണ്ണൻ കടുപ്പത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു. "മുത്തശ്ശിക്ക് എന്നെയോ സീതായെയോ കാണാൻ ആഗ്രഹിക്കുന്ന നിമിഷം യാതൊരു മടിയും വിചാരിക്കാതെ വിളിച്ചോളണം. ജീവനോടെ ഉണ്ടെങ്കിൽ ഞാൻ വന്നിരിക്കും " അത് കൂടി പറഞ്ഞു കൊണ്ട് കണ്ണൻ തിരിഞ്ഞു നടന്നിരുന്നു. "മോനെ.."

സ്നേഹം ചാലിച്ച മാന്ത്രികത നിറഞ്ഞ ഒറ്റ വിളിയിൽ കണ്ണന്റെ കാലുകളുടെ ചലനം നിലച്ചു. തിരിഞ്ഞ് നോക്കിയില്ലയെങ്കിലും അവൻ അനങ്ങാതെ നിന്ന് പോയി. "നീ പറഞ്ഞ ഓരോ വാക്കും കേൾക്കാൻ ഞങ്ങൾ അർഹരാണ്. അതിനാൽ തന്നെയും അതിലൊന്നിനും നിന്നോട് പരിഭവമില്ല. എനിക്കെന്നല്ല.. ഇവിടാർക്കും " അവിടെ കൂടിയ എല്ലാവരുടെയും മനസാണ് അപ്പോൾ പ്രധാപ് വർമ്മയിൽ ഉണ്ടായിരുന്നത്. "തെറ്റുകൾ തിരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരവസരം. അതാണ്‌ ആവിശ്യപെടുന്നത്. നീ തോൽക്കുകയല്ല. ഞങ്ങൾക്ക് മുന്നിൽ ഒരുപാട് വലുതാവുകയാണ് കണ്ണാ.. അങ്ങനെ ചെയ്യുമ്പോൾ " കണ്ണന്റെ തോളിൽ പ്രധാപ് വർമ്മയുടെ കൈകൾ മുറുകി.

സ്നേഹത്തോടെ നോക്കുന്ന വല്യമ്മാമയെ കണ്ണൻ അപ്പോഴും സംശയത്തിന്റെ മുനയോടെയാണ് സ്വീകരിച്ചത്. തിരിച്ചൊന്നും പറയാതെ മുത്തശ്ശിയെ ഒന്ന് കൂടി നോക്കിയതിനു ശേഷം കണ്ണനിറങ്ങി പോയി. അവനൊട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു പിന്നിടുള്ള പുലരി മുതൽ കണ്ടു തുടങ്ങിയത്. വീട്ടിലൊരു കല്യാണമേളമോരുങ്ങി. ശ്രീ നിലയത്തിലെ വിശാലമായ മുറ്റത്തു വെയിൽ ഉദിച്ചുയരും മുന്നേ ഉയർന്ന മണ്ഡപം. ടൗണിലുള്ള ഒരു ഹോട്ടൽ റിസിപിപ്‌ഷൻ പറഞ്ഞു വെച്ചിരുന്ന കണ്ണൻ സ്വന്തം തറവാട്ടു മുറ്റത്തെ കല്യാണഒരുക്കങ്ങളിലെ തകൃതിയിലേക്ക് നോക്കി നിന്ന് പോയി.

വല്യമ്മാമ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞങ്കിൽ കൂടിയും ഇത്രയും സഹകരണമൊന്നും അവനും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണത്തിനെന്ന പോലെ.. ഉത്സാഹത്തിൽ ഓരോന്നിനും ഓടുന്നവരെ നോക്കി കണ്ണൻ നിർവൃതിയോടെ നോക്കി. തന്നേക്കാൾ അതിൽ സന്തോഷം ആദിക്കും സിദ്ധുവിനും ആണെന്ന് തോന്നി കണ്ണന്. രണ്ടും കൂടി നിലത്തൊന്നുമല്ല. ഇതിനിടയിൽ ഹരി രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. ശ്രീ നിലയത്തിലുള്ളവരുടെ മാറ്റം കണ്ണൻ പറഞ്ഞിട്ടും അവനങ്ങോട്ട് ദാഹിക്കാത്ത പോലെ.ശ്രദ്ധിക്കണേ.. സൂക്ഷിക്കണേ എന്ന് പലയാവർത്തി പറഞ്ഞു. ഇന്നലെ രാവിലെ മുതൽ നല്ല അലച്ചിലുണ്ടായിരുന്നത് കൊണ്ട് തന്നെ രാത്രി കിടന്നയുടൻ ഉറങ്ങി പോയിരുന്നു.

സീതയെ വിളിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും ക്ഷീണം കൊണ്ട് അതിനൊന്നും നിന്നില്ല. രാവിലെ എഴുന്നേറ്റു വരുമ്പോൾ തന്നെയും മുറ്റം മുതൽ അകത്തളങ്ങൾ വരെയും ബഹളമയമാണ്. പണവും പ്രധാപവും പറഞ്ഞു മാറ്റി നിർത്തിയവരെയെല്ലാം ശ്രീ നിലയത്തിലെ കൊച്ചു മോന്റെ കല്യാണത്തിന് ക്ഷണിക്കാൻ അവരാരും മറന്നിട്ടില്ല. ❣️❣️❣️ പാതിരാത്രി എപ്പഴോ ഉറക്കം ഞെട്ടി പാറു എഴുന്നേൽക്കുമ്പോൾ അവളെ ചുറ്റി പിടിച്ചു കൊണ്ട് ഒരു സൈഡിൽ ലല്ലുവും മറു സൈഡിൽ അജുവും കിടക്കുന്നുണ്ട്. ഇന്നൊരു ദിവസം കൂടിയേ വല്യേച്ചി നമ്മളിങ്ങനെ കിടക്കൂ. ഇനി കുറേ കാലം വേണ്ടി വന്നേക്കും എന്ന് പറഞ്ഞു കൊണ്ട് അരികിൽ ചേർന്ന് കിടന്നതാണ് അജു.

കണ്ണനൊപ്പം അവനും കൂടി പോകുന്നുണ്ടല്ലോ. നാളെ വെളുക്കുന്നത്തോടെ തന്റെ ജീവിതം തന്നെ മാറി മറിയും. ആ ഓർമയിൽ തന്നെ അവളുടെ ഉള്ളം തുടിച്ചു. ഹരിയുടെ പ്രണയാദ്രമായ മുഖം ഉള്ളിൽ മിന്നി. അവളിലെ കാമുകി തരളിതയായി. തല ചെരിച്ചു നോക്കുമ്പോൾ സീതയും നല്ല ഉറക്കത്തിലാണ്. ഈ പെണ്ണിന് പേടിയൊന്നും ഇല്ലേന്നാവോ? പിന്നെയുറക്കം വരാഞ്ഞതും പാറു മുടി വാരി പിടിച്ചു കെട്ടി കൊണ്ട് എഴുന്നേറ്റു. കല്യാണം വീടിന്റെ മേളങ്ങളൊന്നുമില്ല. ആകെയുള്ളത് സുനിൽ മാമയും കുടുംബവുമാണ്. അവരങ്ങു അമ്പലത്തിൽ വരാം എന്നാണ് പറഞ്ഞത്. പാറുവിന്റെ കാര്യം കൂടി അജു വിളിച്ചു പറഞ്ഞിരുന്നു.

ആദ്യം ശ്രീ നിലയത്തിൽ വെച്ച് കണ്ണൻ സീതയ്ക്ക് താലി ചാർത്തും. അതിന് ശേഷം ഹരി പാറുവിനെ സ്വന്തമാക്കും. അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നേരിയ ഇരുട്ട് തന്നെയാണ്. നേരം വെളുത്തിട്ടില്ല. അവരുടെ ഉറക്കം ശല്യപെടുത്തേണ്ട എന്ന് കരുതി പാറു പുറത്തേക്കിറങ്ങി. ഹാളിലെ ലൈറ്റ് ഇട്ടു കൊണ്ട് അവൾ മേശയിൽ തല വെച്ച് കിടന്നു. ഉള്ളിലൂടെ ഇളകി മറിയുന്ന കടലിലെ ഓളങ്ങൾ അവളിൽ പ്രകമ്പനം കൊള്ളിച്ചു. വർഷങ്ങൾക്ക് മുന്നേ യാതൊരു വികാരവുമില്ലാതെ ആർക്കൊക്കെയോ വേണ്ടി ഗിരീഷിന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്ത അവളെ ഓർത്തെടുക്കാൻ ശ്രമിച്ചു. അവൻ ഉപേക്ഷിച്ചു കളഞ്ഞതോടെ ഇനിയൊരു ജീവിതം മുന്നിലെല്ലെന്നു മനസ്സ് കൊണ്ട് എന്നോ ഉറപ്പിച്ചതായിരുന്നു.

അവൾക്കാ നിമിഷം ഹരിയെ വിളിക്കണമെന്ന തോന്നൽ അതി ശക്തമായി. തുടിക്കുന്ന ഹൃദയത്തോടെ.. തിരികെ മുറിയിലേക്ക് ചെന്നു. സീതയുടെ ഫോൺ തപ്പിയെടുത്തു തിരികെ ഇറങ്ങി പോരുന്നവൾക്ക് ഒരു കള്ളന്റെ ഭാവങ്ങൾ കൈ വന്നിരുന്നു. ആ നേരം വിളിക്കുന്നതിലെ അനൗച്ചിത്യമോ.. വിളിച്ചാൽ അവനോടെന്ത് പറയുമെന്നോ അവളോർത്തില്ല. ആ സ്വരമൊന്നു കേട്ടാൽ മാത്രം ശാന്തമാവുന്ന ഹൃദയമിടിപ്പവളെ പരമാവധി പ്രോത്സാഹിപ്പിച്ചു. ഒന്നോ രണ്ടോ ബെല്ല് മാത്രം. പ്രസന്നമായ ഹരിയുടെ സ്വരം. "നിനക്കുറക്കമൊന്നുമില്ലേ പെണ്ണേ?" സീതയാണെന്ന് കരുതി കാണും. പാറു ശ്വാസം പിടിച്ചു നിന്നു പോയി. ഹലോ " വീണ്ടും ചോദിക്കുന്നവന്റെ സ്വരത്തിൽ അൽപ്പം വെപ്രാളമുണ്ടോ.?

എന്നിട്ടും പാറു മിണ്ടിയില്ല. 'ഹേയ്... പാറു.. നീയാണോ? " അവളുത്തരം കൊടുത്തില്ലയെങ്കിലും ഹൃദയം ഹൃദയത്തെ തൊടുന്നത് പോലെ ഹരി അവളെ അറിഞ്ഞിരുന്നു. "എന്തേ... എന്തെങ്കിലും പ്രശ്നമുണ്ടോ?" അതായിരുന്നു അവന്റെ ഭയം മുഴുവനും. "പാറു.." വീണ്ടും വിളിക്കുന്നു. "ഒന്നും... ഒന്നുല്ല. ഞാൻ വെറുതെ.." വാക്കുകൾ പൊറുക്കി കൂട്ടി പറഞ്ഞപ്പോഴേക്കും ആ തണുപ്പുള്ള പുലർച്ചെ പോലും പാറു വിയർത്തു പോയിരുന്നു. ഹരിയുടെ ഒരു ദീർഘനിശ്വാസം കേട്ടിരുന്നു. "എന്തേ.. ഉറങ്ങിയില്ലേ പാറു?" എത്ര പെട്ടന്നാണ് അവന്റെ ശബ്ദത്തിൽ പ്രണയം കയറി കൂടിയത്. പാറു അതിശയത്തോടെ ഓർത്തു. "ഇല്ല.."

നേർത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് പാറു മേശയിലേക്ക് കവിൾ ചേർത്ത് വെച്ച് കിടന്നു. "പേടിച്ചിട്ടാണോ..? " ഹരിയുടെ നേർത്ത സ്വരം. പാറു ഒന്നും മിണ്ടിയില്ല. "നാളെ... ഇങ്ങോട്ട് വരുന്നതിനെ കുറിച്ചൊർത്തിട്ടാണോ?" ഹരി കുറച്ചു കൂടി വ്യക്തമായി ചോദിച്ചു. "ഹരിയെന്ന കൂട്ടുകാരന്റെ അരികിലേക്ക് വാ പാറു നീ ആദ്യം. നീ ആഗ്രഹിക്കുന്നത് വരെയും നിന്നെ ഭയപെടുത്തുന്ന ആ ഭർത്താവ് പുറത്ത് വരില്ല. അത് പോരെ?" ഹരിയുടെ ചിരിയോടെയുള്ള സംസാരം. ഉള്ളിലെ സംഘർഷം നീങ്ങി... പകരമവിടെ പുതിയ പൂക്കൾ വിരിയുന്നു. അവന് വേണ്ടി മാത്രം സൗരഭ്യം വിടർത്തുന്ന പൂക്കൾ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story