സ്വന്തം ❣️ ഭാഗം 96

swantham

രചന: ജിഫ്‌ന നിസാർ

റെഡ്ചില്ലി കളറുള്ള സാരിയിൽ സീത ജ്വലിച്ചു നിന്നപ്പോൾ.. സിമ്പിളായിട്ടുള്ളൊരു സെറ്റ്സാരിയാണ് പാറുവിനെ സുന്ദരിയാക്കിയത്. വിളറി വെളുത്തു പോയതെങ്കിലും സുന്ദരമായ മുഖത്തു ഭയമോ ആശങ്കയോയെന്ന് വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവം. പാറുവിന്റെ കുറവ് കൂടി നികത്താനെന്നത് പോലെ ലല്ലു മോൾ കാര്യമായി തന്നെ ഒരുങ്ങിയിട്ടുണ്ട്. സീതക്കും പാറുവിനും വേണ്ടി ബ്യൂട്ടിഷ്യനെ കണ്ണൻ ഏർപാട് ചെയ്തിരുന്നുവെങ്കിലും തനിക്കത് വേണ്ടാന്നുള്ളത് പാറുവിന്റെ തീരുമാനം അൽപ്പം കടുത്തതായിരുന്നു. അവളുടെ ശീലമറിയാവുന്നത് കൊണ്ട് തന്നെ സീതയോ അജുവോ നിർബന്ധിച്ചു പറഞ്ഞതുമില്ല.

മേക്കപ്പിനെ കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു സീതയ്ക്കും. ജനിച്ചിട്ട് ഇന്ന് വരെയും പൗഡർ അല്ലാത്തൊരു വസ്തുവും ഉപയോഗിച്ചിട്ടില്ലന്നതിനാൽ, ആ പരിപാടി സീതയ്ക്കും വല്ല്യ താല്പര്യമായി തോന്നിയില്ല. അത് കൊണ്ട് തന്നെ സിമ്പിളായി മതിയെന്ന് വീണ്ടും വീണ്ടും പറയാൻ അവൾ മറന്നതുമില്ല. ഈ കുറവുകളെല്ലാം നികത്തിയാണ് ലല്ലുമോൾ ഒരുങ്ങിയിറങ്ങിയത്. ബേബി പിങ്ക് ലോങ് ഉടുപ്പിൽ ഒരു മാലാഖയെ പോലെ... അവളെ ഒരുക്കിയെടുത്തിരുന്നു. പാറുവിന് അവളെ നോക്കുമ്പോളൊക്കെയും കണ്ണുകൾ നീറി. തന്റെ മോൾ സന്തോഷിക്കുകയാണ്. എന്താണ് നടക്കുന്ന ആഘോഷമെന്ന് പോലും അറിയില്ലെങ്കിലും അവൾ സന്തോഷത്തിന്റെ കൊടുമുടിയിലാണ്.

ഇനിയവൾക്ക് വേദനിക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്. ആരുമില്ലെന്നോർത്തും സങ്കടപെടേണ്ടി വരില്ല. അതിനുള്ള അവസരം ഹരിയോ അവന്റെ വീട്ടുകാരോ വരുത്തില്ലെന്നുമറിയാം. പക്ഷേ ലോകത്തൊരു കുഞ്ഞിനും ഇത് പോലെയുള്ള ഒരു ചടങ്ങിന് സാക്ഷിയാവേണ്ടുന്ന അവസ്ഥ കൊടുക്കല്ലേ ദൈവമേ എന്ന് മൂകമായ പ്രാർത്ഥനയിലായിരുന്നു പാറു അവളെ നോക്കുമ്പോഴൊക്കെയും. കണ്ണൻ രണ്ടു പേർക്കുമിടാൻ ഇത്തിരി ആഭരണങ്ങളെല്ലാം കൊടുത്തിരുന്നുവെങ്കിലും അതിലേക്കും പാറുവിന്റെ കണ്ണുകൾ നീണ്ടില്ല. കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ആ കുഞ്ഞു മാല മാത്രമായിരുന്നു അവളിൽ ആകെയുള്ള അലങ്കാരം.

ഒടുവിൽ സീത ഒരുപാട് നിർബന്ധിച്ചു പറഞ്ഞപ്പോഴാണ് രണ്ടു കയ്യിലും ഓരോ വള കൂടി എടുത്തണിഞ്ഞത്. അതോടെ ഒരുക്കവും തീർന്നു. അച്ഛന്റെ മാലയിട്ട് വെച്ച ഫോട്ടോയിലേക്ക് നോക്കി കൈ കൂപ്പി നിൽക്കുമ്പോൾ പാറുവിനും സീതയ്ക്കുമൊപ്പം അജുവിന്റെ കണ്ണ് കൂടി നിറഞ്ഞിരുന്നു. ഫോട്ടോ ആയിട്ട് പോലും അമ്മയുടെ സാന്നിധ്യമില്ലെന്നത് ആ ദിവസം അവരെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നുവെങ്കിലും മൂന്ന് പേരും പരസ്പരം ഒന്നും പറഞ്ഞില്ല. "ഇനി പോയാലോ വല്യേച്ചി?" ഹൃദയഭാരം കൂടിയ അവസ്ഥയിൽ നിന്നും തിരിഞ്ഞു നടന്നു കൊണ്ട് അജുവാണ് ചോദിച്ചത്. കണ്ണന്റെ കാർ അവനെ ഏല്പിച്ചിരുന്നു. സീതയെയും പാറുവിനെയും കൂട്ടി നേരെ ശ്രീ നിലയത്തിലേക്ക് എത്താനാണ് പറഞ്ഞിരിക്കുന്നത്.

സാധാരണ ചെക്കന്റെ വീട്ടിൽ കല്യാണത്തിന് വേദിയൊരുങ്ങുന്നത് അത്ര പതിവുള്ള കാര്യമല്ലാഞ്ഞിട്ട് കൂടിയും കണ്ണന്റെയും ഹരിയുടെ തീരുമാനം ഉറച്ചതായിരുന്നു. അതിന് സഹിക്കേണ്ടി വരുന്നതെല്ലാം നേരിടാൻ അവരോരുക്കമായിരുന്നു. കണ്ണന് മുത്തശ്ശിക്ക് വേണ്ടി ആ ചടങ്ങ് ശ്രീ നിലയത്തിന്റെ മുറ്റത്തു തന്നെ നടത്തേണ്ടി വന്നപ്പോൾ ഹരിയും അവന്റെ കൂടെ നിൽക്കുകയായിരുന്നു ഹൃദയം ഭാരത്തോടെ തന്നെ പാറുവും സീതയും ഒന്ന് പരസ്പരം നോക്കി. വേദന തിങ്ങിയാ മുഖത്തോടെ പാറു നീട്ടി പിടിച്ച കൈയ്യിലേക്ക് സീത പറ്റി പിടിച്ചു ചേർന്നു നിന്നു. അമ്മയാണ്.. അവളുടെ പതിമൂന്ന് വയസ്സ് മുതൽ തനിക്കവൾ അമ്മ കൂടിയാണ്..

സീതയുടെ ഉള്ളം അലമുറയിട്ടു. പക്ഷേ കരഞ്ഞില്ല. അത് പാറുവിനെ കൂടി തളർത്തി കളയുമെന്ന് ഉറപ്പായിരുന്നു. സാധാരണ കരച്ചിൽ കണ്ടാൽ ഉലഞ്ഞു പോകാറുള്ള ലല്ലുമോളന്ന് പോവാനുള്ള ധൃതി പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു തീർക്കുന്നുണ്ട്. "പോവാം ചേച്ചി.." സീത തന്നെയാണ് പാറുവിൽ നിന്നും അകന്ന് മാറി കൊണ്ട് ആദ്യം പറഞ്ഞത്. മെല്ലെ തലയാട്ടി സമ്മതിച്ചു കൊണ്ട് അടുക്കള വാതിൽ അടക്കാൻ പാറു നടന്നു പോകുന്നത് സീത വേദനയോടെ നോക്കി നിന്നു. അവളുടെ ലോകം ഏറെക്കുറെ ആ അടുക്കളചുവരിനുള്ളിൽ തന്നെ ആയിരുന്നുവല്ലോ? വാതിൽ അടച്ചു തിരിഞ്ഞിട്ട് പാറു വീണ്ടും ഒന്നൂടെ നോക്കി നിന്നതിനു ശേഷമാണ് തിരികെ വന്നത്.

താഴെ നിന്നും കാറിന്റെ ഹോൺ കേൾക്കുന്നുണ്ട്. അജുവിനൊപ്പം ലല്ലു കൂടി പോയിരുന്നു. ഉമ്മറ വാതിൽ പൂട്ടിയിറങ്ങിയതും പാറുവാണ്. സീതയവളെ കാത്ത് കൊണ്ട് മുറ്റത്തേക്കിറങ്ങി നിന്നിരുന്നു. ഒരുമിച്ച് താഴേക്കിറങ്ങി ചെല്ലുമ്പോൾ ലല്ലു കൂർപ്പിച്ചു നോക്കുന്നത് കണ്ടു. വൈകി പോയത് കൊണ്ടായിരിക്കും. ദുഃഖം തളം കെട്ടിയ കണ്ണോടെ അജു മുന്നിലേക്ക് നോക്കിയിരുന്നു. സഹോദരിമാർക്കൊരു ജീവിതം കിട്ടുന്നതിന്റെ സന്തോഷം ഒരുവശത്തു ആകാശത്തോളം ഉയരങ്ങളിൽ ഉണ്ടന്നിരിക്കെ തന്നെ.. ഇനി അവർക്കൊപ്പം തനിക്ക് കഴിയാനാവില്ലല്ലോ എന്നതൊരു കുഞ്ഞു സങ്കടമായി അവനുള്ളം നീറി പുകഞ്ഞു.

ലല്ലു ഗമയിൽ അജുവിനൊപ്പം മുന്നിലിരിക്കുന്നത് കൊണ്ട് തന്നെ സീതയും പാറുവും പിൻസീറ്റിലാണ് കയറിയത്. അവർ കയറിയെന്ന് പിന്നിലേക്ക് നോക്കി ഉറപ്പിച്ചിട്ടാണ് അജു കാർ മുന്നോട്ടെടുത്തത്. പാതയോരങ്ങളെ പിന്നോട്ട് നീക്കി കൊണ്ട് മുന്നോട്ടു കുത്തിക്കുമ്പോൾ രണ്ടു പേരിലും വീണ്ടും വെപ്രാളം നിറയുന്നുണ്ടായിരിന്നു. പരസ്പരം അത് അറിയിക്കാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്മുണ്ടായിരുന്നു.. ❣️❣️❣️ "കാണുന്നില്ലല്ലോ കണ്ണാ? " ഹരിയുടെ കണ്ണുകൾ വീണ്ടും ശ്രീ നിലയത്തിന്റെ പടിപുരയോളം നീണ്ടു. "വരുമെടാ.. ആവുന്നേയൊള്ളു " കയ്യിലുള്ള വാച്ചിലേക്ക് നോക്കി കണ്ണൻ അവനെ ആശ്വാസിപ്പിച്ചു.

എന്നിട്ടും ഹരിയുടെ മുഖം തെളിഞ്ഞിട്ടില്ല. പാറുവിന്റെ കഴുത്തിലൊരു താലി ചാർത്തി അവളെ സ്വന്തമാക്കും വരെയും ആ മനസ്സിലെ സംഘർഷം പൂർണ്ണമായും വിട്ടേഴിഞ്ഞു പോവില്ലെന്നത് അറിയാവുന്നത് കൊണ്ട് തന്നെ കണ്ണൻ പിന്നെയൊന്നും പറയാൻ നിന്നില്ല. മുഹൂർത്തമാവാൻ ഇനിയും സമയമുണ്ട്. അവന്റെ കണ്ണുകൾ വീണ്ടും മണ്ഡപത്തിന് നേരെ നീണ്ടു. അതിന് മുന്നിൽ നിരത്തിയിട്ട കസേരകളിൽ ശ്രീ നിലയത്തിലെ ഒട്ടുമിക്ക പേരുമുണ്ടായിരുന്നു. തലയോടുപ്പോടെ... അതിനേക്കാൾ ആവേശത്തോടെയിരിക്കുന്ന നാരായണി മുത്തശ്ശിയിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നിരുന്നു. സീതയെ തനിക് തന്ന ദൈവത്തിനൊപ്പം തന്നെ സ്ഥാനം മുത്തശ്ശിക്കുമുണ്ടെന്ന് കണ്ണന് തോന്നി.

തനിക്കൊപ്പം അവളെ ചേർത്ത് വെക്കാൻ അവരത്ര മാത്രം കൊതിച്ചിരുന്നു. എത്രയെത്ര പ്രാർത്ഥനകൾ ആ പേരിൽ ദൈവത്തിലെക്കെത്തിയിരിക്കും? പ്രധാപ് വർമ്മയും രവി വർമ്മയും സുധിഷ് വർമ്മയും ഓടി തളർന്നിട്ടും വാശിയോടെ വീണ്ടും വീണ്ടും ഓരോന്നു ചെയ്തു കൊണ്ട് ഓടി നടക്കുന്നുണ്ട്. കണ്ണന് അവരോട് സഹതാപം തോന്നി. എന്നിട്ടും പക്ഷേ പുറമെ കാണിച്ചില്ല. ഗൗരവതിന്റെ നേർത്ത പടചട്ട കൊണ്ട് ഉള്ളിലെ സന്തോഷവും സമാധാനവും മറച്ചു പിടിച്ചു. ടാ.. എത്തി " ഹരി ആവേശത്തിൽ പറഞ്ഞത് കേട്ടപ്പോഴാണ് കണ്ണന്റെ കണ്ണുകൾ വീണ്ടും പിൻവലിഞ്ഞത്. ആദ്യം ഡോർ തുറന്നിറങ്ങിയത് അജുവാണ്. ഹരി ധൃതിയിൽ അങ്ങോട്ട്‌ ചെല്ലുന്നത് കണ്ടിരുന്നു.

സീതയുടെ കൈ പിടിച്ചു കൊണ്ടിറക്കിയതും അവനാണ്. നോട്ടങ്ങളിടഞ്ഞ നേരം കണ്ണന് ശ്വാസം മുട്ടി. അത്രമാത്രം സുന്ദരിയായി അവൻ സീതയെ കണ്ടിട്ടേയില്ലായിരുന്നു. സീതയുടെയും അവസ്ഥ ഏറെക്കുറെ അങ്ങനെ തന്നെയാണ്. അത് വരെയും സംഭരിച്ച ധൈര്യമൊന്നും പോരാതെ വന്നു. കണ്ണൻ കണ്ണ് കൊണ്ട് ക്ഷണിച്ചപ്പോൾ സീത പതിയെ മുന്നോട് ചുവടുകൾ വെച്ചു. ഹരിയുടെ അവസ്ഥ അതിനേക്കാൾ കേമമായിരുന്നു. വിളറി വെളുത്ത പാറുവിന്റെ മുഖത്തേക്ക് അവന്റെ നോട്ടം ഇടതടവില്ലാതെ ഓടി ചെല്ലും. അപ്പോഴൊക്കെയും ഒരു കുടം മഞ്ഞിൽ അവനൊന്നായി പുതഞ്ഞത് പോലെ കുളിർന്നു. തന്റെ ഉള്ളം തണുപ്പിച്ച മഴയും..

ഉള്ള് പൊള്ളിച്ച വേനലുമായൊരുവളാണ് മുന്നിൽ. ആർഭാടങ്ങളോട്ടുമില്ലാതെ തന്റെ സ്വന്തമാകുവാൻ. വാരിയണച്ചു നെഞ്ചിൽ ചേർക്കാനുള്ള തൃഷ്ണ ഹരി പ്രയാസപെട്ടു കൊണ്ടാണ് അടക്കിയത്. അപ്പോഴേക്കും പാറു വിറച്ചു തുടങ്ങിയിരുന്നു. ഹരിക്കതു കണ്ടിട്ട് ചിരി വരുന്നുണ്ട്. "ഇപ്പഴേ വിറച്ചു വീഴല്ലേ ന്റെ പാറു നീ. ഞാനൊരുപാട് കൊതിച്ചു കിട്ടിയ അവസരമാണ് " അവളുടെ നേരെ നോക്കി ചിരിയോടെ ഹരി പറഞ്ഞതും പാറുവിന്റെ മുഖം കൂടുതൽ കുനിഞ്ഞു. ബാ... അവളെ വിളിച്ച് കൊണ്ടവൻ മുന്നോട്ട് നടന്നു. ❣️❣️❣️ മുത്തശ്ശിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ സീതയുടെ കണ്ണ് നനഞ്ഞു. അരികിൽ നിന്നിരുന്ന കണ്ണൻ അവളെ ചേർത്ത് പിടിച്ചു.

"നന്നായി വരും " പതിവിലേറെ ഉത്സാഹത്തിൽ മനസ്സറിഞ്ഞു കൊണ്ടാണ് നാരായണി മുത്തശ്ശി അവളുടെ നെറുകയിൽ കൈ ചേർത്തത്. "റിമി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞിരുന്നു ലച്ചു. വൈകിട്ട് ഫങ്ക്ഷന് തീർച്ചയായും വരും " സീതയുടെ കണ്ണുകൾ തിരയുന്നത് റിമിയെ ആണെന്ന് മനസിലാക്കിയിട്ടു തന്നെയാണ് കണ്ണൻ അത് പറഞ്ഞത്. റിമിയുടെ ആ ആവിശ്യത്തെ അംഗീകരിക്കാതിരിക്കാൻ അവനും കയ്യില്ലായിരുന്നു. കാരണം അത് ന്യായമാണ്. ഇവിടെവെച്ചാണ് അവൾ ഓർക്കാൻ പോലും ഇഷ്ടപെടാത്ത പലതും അനുഭവിക്കേണ്ടി വന്നത്. "കുട്ടികൾ ഇവിടെ വന്നിരിക്ക് കേട്ടോ. മുഹൂർത്തസമയം ആവാറായി " മണ്ഡപത്തിൽ നിന്നും പൂജാരി വിളിച്ചു പറഞ്ഞത് കേട്ട് സീത പിടച്ചിലോടെ കണ്ണനെയൊന്നു മുഖം ഉയർത്തി നോക്കി.

അവനൊന്നു കണ്ണടച്ച് കാണിച്ചു. ആ കൈകളിൽ ചേർന്ന് നിന്ന് കൊണ്ട് തന്നെയാണ് സീത മണ്ഡപത്തിലേക്ക് കയറിയതും. തിരക്കുകളിൽ നിന്നും ഊർന്നു ചാടി അരികിൽ വന്നു നിൽക്കുന്നുണ്ട് ശ്രീ നിലയത്തിലേ കാരണവാർമാരെല്ലാം. കെട്ടു മേളം ഉയരുന്നതും.. പ്രധാപ് വർമ്മയെടുത്ത് നീട്ടിയ താലി കണ്ണൻ കൈ നീട്ടി വാങ്ങുന്നതുമെല്ലാം സീത ഉൾപ്പുളകത്തോടെ കാണുന്നുണ്ട്. തൊട്ടരികിൽ നിൽക്കുന്ന ഹരിയെ അവൾ മുഖം ചെരിച്ചു നോക്കി.

ഹൃദയം നിറച്ചൊരു ചിരിയോടെ നിൽക്കുന്നവന് അടുത്തായി പാറുവും അജുവും.. ഹരിയുടെ കയ്യിൽ തൂങ്ങി ലല്ലു മോളും. സീതയുടെ കണ്ണുകൾ വീണ്ടും കണ്ണനിൽ ഉടക്കി. "കെട്ടിക്കോളൂ കുട്ട്യേ" കെട്ടു മേളം ശക്തമായി മുട്ടുകുന്നതിനിടെ ആരോ പറയുന്നത് കേട്ടു.അതിനൊപ്പം തന്നെ ആദിയും സിദ്ധുവും ആർപ്പ് വിളിക്കുന്നതും കയ്യടിക്കുന്നതും കേൾക്കാം. അവർക്കൊപ്പം വേറെയും കുറേ പേര് ചേർന്നിട്ടുണ്ട്.. സീതയുടെ കണ്ണുകളിലേക്ക് നോട്ടം കൊരുത്തു കൊണ്ട് തന്നെയാണ് ഹരിയുടെ കൈകൾ അവളിലേക്ക് നീണ്ടത്. തന്നേ തോൽപ്പിക്കാനെന്നത് പോലൊരു ചിരി അവന്റെ മുഖത്തുണ്ട്.

ആ കൈകളുടെ തണുപ്പ് കഴുത്തിൽ പതിഞ്ഞ നിമിഷം സീത വിറച്ചു പോയിരുന്നു. അരികിലേക്ക് ചേർന്നിരിക്കുന്നവന്റെ ശ്വാസം അവളെ കൂടുതൽ പരവേശതിലാക്കി. "ഇത്രേം വിറക്കാൻ നമ്മളിതു സെക്കന്റ് ടെം അല്ലേന്റെ ലച്ചു..?" മാല കെട്ടി മുറുക്കുന്നതിനൊപ്പം തന്നെ കാതിൽ പറയുന്നവൻ.. സീതയുടെ ചുണ്ടുകൾ അവന് നേരെ കൂർത്തു. "കൊതിപ്പിക്കാതെടി പെണ്ണേ.. ഇത്രേം ആളുണ്ടന്നോന്നും ഞാൻ നോക്കില്ല കേട്ടോ?" കണ്ണന്റെ മുഖത്തെ കുസൃതി.. സീത മുഖം കുനിച്ചു. വിഭവസമൃദമായ സദ്യതന്നെ ഒരുക്കിയിരുന്നു. വൈകിട്ട് റിസിപ്‌ഷൻ ഒള്ളത് കൊണ്ട് തന്നെ ഫോട്ടോയെടുപ്പ് പോലുള്ള കലാപരിപാടികളിൽ അൽപ്പം കുറവുണ്ട്. ❣️❣️❣️❣️

ഹരിയുടെ വീട്ടിലെയും ഒരുക്കങ്ങൾ ഒട്ടും മോശമായിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് അറേൻജ് ചെയ്തതിന്റെ പാകപിഴകളൊന്നുമില്ല. ശ്രീ നിലയത്തിൽ നിന്നും ഭക്ഷണവും കഴിച്ചിട്ടാണ് അവരിങ്ങിയത്. പതിനെന്നരക്കാണ് ഹരിക്കും പാറുവിനും മുഹൂർത്തം കുറിച്ച് കിട്ടിയത്. കണ്ണനും സീതക്കുമൊപ്പമാണ് പാറു വന്നത്. കൈമൾ മാഷും വരദയും ഭദ്രയും കണ്ണന്റെയും സീതയുടെയും താലി കെട്ട് കഴിഞ്ഞയുടനെ തിരികെ പോയിരുന്നു. അവരുടെ വീട്ടിലും ധാരാളം അതിഥികൾ ഉണ്ടായിരുന്നുവല്ലോ.. അവർക്ക് പിറകെ ഹരിയും. പാറുവിനെ ഞാൻ എത്തിച്ചു കൊള്ളാമെന്ന് കണ്ണൻ തന്നെയാണ് ആവിശ്യപെട്ടത്. തലയാട്ടി സമ്മതിച്ചു കൊടുക്കുമ്പോ കണ്ണുകൾ അറിയാതെ തന്നെ പാറുവിൽ കുരുങ്ങി.

"ഇനി സ്വന്തമായിട്ട് വായിൽ നോക്കിയ പോരെടാ?" സീതയുടെ ചോദ്യം കേട്ട് ചമ്മി പോയത് അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്താണ് അവൻ ഒതുക്കി പിടിച്ചത്. ❣️❣️❣️ ഹരിയുടെ വീടിന്റെ മുന്നിൽ ചെന്നിറങ്ങിയ നിമിഷം മുതൽ പാറു വിറച്ചു തുടങ്ങിയിട്ടുണ്ട്. സീതയുടെ കൈകളിൽ അവളുടെ പിടി മുറുകി. ഗേറ്റിലേക്ക് കേറിയതും വീണ്ടും ആ പിടി മുറുകി. ഒരുവേള ടെൻഷൻ സഹിക്കാൻ വയ്യാതെ അവൾ തിരിഞ്ഞോടി കളയുമോ എന്ന് പോലും സീത ഭയന്ന് പോയിരുന്നു. കണ്ണന്റെ കയ്യും പിടിച്ചു കൊണ്ടാണ് ലല്ലുമോൾ നടക്കുന്നത്. സീതയുടെ എതിർവശം നിന്നിട്ട് അജു കൂടി ചേർത്ത് പിടിച്ചതോടെ പാറു ദയനീയമായി അവരെ നോക്കി.

മണ്ഡലപത്തിലിരുന്ന് കൊണ്ട് പാറു വരുന്നത് കാണെ ഹരിയുടെ ഹൃദയം മിടിക്കാൻ കൂടി മറന്നെന്ന പോലെ നിശ്ചലമായി പോയിരുന്നു. അവളിലേക്ക് മാത്രം ചുരുങ്ങി പോയ മനസ്സും ചിന്തകളും. ശബ്ദമുഖരിതമായിടത്തു പെട്ടന്നാണ് ഒരു മൗനം പടർന്നു പിടിച്ചത്. പാറു നടന്നു വരുന്നത് കാണെ എല്ലാ കണ്ണുകളിലും അത്ഭുതവും അമ്പരപ്പും നിറയുന്നുണ്ട്. അവളാണ് ഹരിയുടെ പെണ്ണെന്നു അപ്പോൾ മാത്രം അറിയുന്നവരുടെ ചുളിയുന്ന മുഖം.. പുച്ഛം വിളിച്ചോതുന്ന കണ്ണുകൾ. ഹരി അതൊന്നും അറിയുന്നില്ല. മാഷിനോ വരദക്കോ ഭദ്രക്കോ അതൊന്നും ഒരു പ്രശ്നവുമായിരുന്നില്ല. മണ്ഡലപത്തിൽ അവൾക്ക് വേണ്ടി കാത്തിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിൽ അലിഞ്ഞു ചേർന്നു പോകാവുന്ന പരിഭവങ്ങൾ മാത്രം. തല പാടെ കുനിഞ്ഞു കൊണ്ട് നടന്നു വരുന്ന പാറുവിന് നേരെ ഭദ്ര കൂടി ചെന്നു.

ഹരിയുടെ അരികിലേക്ക് അവളെ പിടിച്ചു കയറ്റുമ്പോൾ ഹരി നീട്ടിയ കൈകളിലേക്ക് പാറു ഭയത്തോടെ നോക്കി. "പേടിക്കേണ്ട.. നിന്റെ കൂട്ടുകാരൻ ഹരിയാണ് " കണ്ണ് ചിമ്മി കൊണ്ട് അവൻ അവൾക്ക് മാത്രം കേൾക്കാൻ പറഞ്ഞു. വിറക്കുന്ന ആ കൈകളെ അവൻ മുറുകെ പിടിച്ചു. "ടെൻഷനാവണ്ട " അലിവോടെ അവൻ വീണ്ടും പറഞ്ഞു. എന്നിട്ടും തീരാത്ത പരിഭ്രമത്തോടെയിരിക്കുന്നവൾക്ക് നേരെ അവനൊരു പേപ്പർ എടുത്തു നീട്ടി. പാറുവിന്റെ മുഖത്തിനൊപ്പം അവിടെ കൂടിയ പലരുടെയും മുഖം ചുളിഞ്ഞു. കണ്ണന്റെ മുഖത്തു മാത്രം നല്ലൊരു ചിരിയുണ്ടായിരുന്നു. "ഗിരീഷിന്റെ ഭാര്യയെ ഞാൻ കല്യാണം കഴിക്കുന്നില്ല പാറു..

എനിക്കെന്റെ പെണ്ണിനെ മതി... എന്റെ മാത്രമായിട്ട് " സ്വകാര്യം പോലെ പറയുന്നവന്റെ കണ്ണുകളിൽ പ്രണയം പെയ്യുന്നുണ്ട്. അവളെ ഒന്നാകെ നനച്ചു കളയാൻ പാകത്തിന്. "ഒപ്പിട് പാറു. ഗിരീഷ് ഒപ്പിട്ടു തന്നതാണ്. ഇനി നിന്നിൽ യാതൊരു അവകാശവുമില്ല. പൂർണ്ണമായി പാർവതി... ഹരിക്ക് സ്വന്തം.. എന്നും എപ്പോഴും " അവൻ തന്നെ പേപ്പർ വാങ്ങി നിവർത്തി പേനയും അവൾക്ക് നേരെ നീട്ടി. പാറു സീതയെയും അജുവിനെയും ഒന്ന് നോക്കി. അവരും കണ്ണുകൾ കൊണ്ട് അവൾക് ധൈര്യം കൊടുത്തു. കണ്ണന്റെ അരികിൽ നിൽക്കുന്ന ലല്ലുമോളിൽ അവളുടെ മിഴികൾ ഉടക്കി നിന്നു. ആ ഹൃദയവേദന മുഖത്തു കണ്ടത് കൊണ്ടായിരുന്നു ഹരി ലല്ലുവിനെ വലിച്ചു നീക്കി മടിയിലേക്ക് ഇരുത്തിയത്.

നിറഞ്ഞ കണ്ണോടെ... വിറക്കുന്ന കയ്യോടെ പാറു ഒപ്പിട്ട് കൊടുത്ത പേപ്പർ ഹരി വാങ്ങി കണ്ണനെ ഏല്പിച്ചു. കെട്ട് മേളം ഉയർന്നു. അതിനൊപ്പം പാറുവിന്റെ നെഞ്ചിടിപ്പും.. കൈമൾ മാഷ് എടുത്തു നൽകിയ താലി വാങ്ങി ഹരി ഒരു നിമിഷം പാറുവിനെ സൂക്ഷിച്ചു നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു.ഓർമകളിൽ ഒരു വസന്തമായി തീർന്നവൾ.. പ്രതീക്ഷവറ്റിയ... മരുഭൂമിയിൽ കുളിർ മഴ പോലെ പെയ്തിറങ്ങിയ തന്റെ പ്രണയം.. പ്രാണൻ.. സ്വന്തമാവാൻ പോകുന്നു. ആ ഒരു നിമിഷത്തിന് വേണ്ടി അവനെത്ര മാത്രം കൊതിച്ചിട്ടുണ്ടെന്നും... അതിന് പിന്നിൽ അവനെത്ര ഉരുകിതീർന്നിട്ടുണ്ടെന്നും കണ്ടു നിൽക്കുന്നവർക്ക് ആ മുഖത്തു നിന്നും വ്യക്തമായി അറിയാം. ലല്ലുവിനെ മടിയിലിരുത്തി കൊണ്ട് തന്നെയാണ് പാറുവിന്റെ കഴുത്തിലേക്ക് ഹരിയാ താലി ചേർത്ത് വെച്ചതും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story