സ്വന്തം ❣️ ഭാഗം 97

രചന: ജിഫ്‌ന നിസാർ

കരഞ്ഞില്ലെങ്കിൽ കൂടിയും സീതയുടെ വിങ്ങുന്ന മുഖം പിടിച്ചു താഴ്ത്തി പാറു നെറ്റിയിൽ ചുണ്ട് ചേർത്തു. പോയിട്ട് വരാമെന്നവൾ കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു. പാറു നിറഞ്ഞ കണ്ണോടെ പതിയെ തലയാട്ടി. "ചിറ്റ എവിടെ പോകുവാ..? നമ്മക്കും പോവാം അമ്മേ.." സീത കണ്ണനൊപ്പം പടിയിറങ്ങി പോവുന്നത് കണ്ടിട്ടാണ് ലല്ലുമോൾ പാറുവിന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ഉറക്കെ പറഞ്ഞത്. പാറു അവളോടെന്ത് മറുപടി പറയണമെന്നറിയാതെ പതറി പോയിരുന്നു. ഇനി ഇതാണ് മോളെ നമ്മുടെ വീടെന്ന് പറയാൻ അപ്പോഴും അവളുടെ മനസ്സിന് ധൈര്യം കിട്ടിയിട്ടില്ല.

അനങ്ങാതെ നിൽക്കുന്ന പാറുവിനെ നോക്കി കൊണ്ട് ലല്ലു പതിയെ കരയാൻ ആരാഭിച്ചു കഴിഞ്ഞിരുന്നു. മനപ്രയാസവും ക്ഷീണവും വെപ്രാളവും കൊണ്ട് ആകെ തളർന്നു പോയ പാറു അവളെ ചേർത്ത് പിടിച്ചു കൊണ്ട് നിന്ന് പോയി. "എന്തേ... എന്തിനാ പാറു ലല്ലു കരയുന്നേ?" എങ്ങു നിന്നോ ഓടി പിടഞ്ഞു വന്നു കൊണ്ട് ഹരി ചോദിച്ചു. പാറു ഉത്തരം പറയാതെ നിന്നിട്ടും ഹരി മോളെ എടുത്തുയർത്തി. "എന്താടാ?" വാത്സല്യത്തോടെ ആ കവിളുകൾ തുടച്ചു കൊടുത്തു കൊണ്ട് ഹരി ലാലൂവിനോട് തന്നെ ചോദിച്ചു. "ചിറ്റ പോകുന്നു.. നിക്കും പോണം.. വീട്ടിൽ ചിറ്റക്ക് ഒറ്റയ്ക്ക് പേടിയാവൂലെ അങ്കിളെ?" ഇടറി കൊണ്ട് പറയുന്ന കുഞ്ഞിനെ അടക്കി പിടിച്ചു കൊണ്ട് ഹരി പാറുവിനെ നോക്കി. ആ നെറുകയിൽ ജ്വലിക്കുന്ന സിന്ദൂരതിന്റെ അവകാശി..

അത് താനാണല്ലോ എന്നാ ഓർമ,അതവനിൽ അൽപ്പം അഹങ്കാരം നിറച്ചിരുന്നു. "വാ പാറു.." ലല്ലുമോളെ എടുത്തു കൊണ്ട് തന്നെ ഹരി സീതയുടെയും കണ്ണന്റെയും അരികിലേക്ക് ചെന്നു. കൈമൾ മാഷിനോടും വരദയോടും യാത്ര പറയുകയാണ് രണ്ടാളും. സമയം ഉച്ചയോട് അടുത്തിരുന്നു. ഇനി വൈകിട്ട് മൂന്നു മണി മുതൽ റിസിപ്‌ഷൻ ആരംഭിക്കും. അതിന് മുന്നേ ശ്രീ നിലയത്തിലേക്ക് പുറപ്പെടാൻ ഇറങ്ങിയതാണ് അവർ. ശ്രീ നിലയത്തിൽ നിന്നും അവർക്കൊപ്പം ഹരിയുടെ കല്യാണം കൂടാൻ എത്തിയവരെല്ലാം കുറച്ചു മുന്നേ മടങ്ങി പോയിരുന്നു.

ആദിയും സിദ്ധുവും കണ്ണനും സീതയും മാത്രം അവശേഷിക്കുന്നൊള്ളു. "അജു..." തനിക്കരികിൽ തല കുനിച്ചു നിൽക്കുന്ന അജുവിനെ സീത കെട്ടിപിടിച്ചു. "പോയിട്ട് വാ സീതേച്ചി.." നെഞ്ചിൽ ഒരു കരച്ചിലുറക്കെ ചിറകടിച്ചുയർന്നിട്ടും അജു ചിരിച്ചു കൊണ്ട് സീതയെ ചേർത്ത് പിടിച്ചു. ഇന്ന് രാത്രിയിലെ റിസിപ്‌ഷൻ തീരുന്നത്തോടെ... മിത്തുവിനും റിമിക്കും ജോണിനുമൊപ്പം അവനും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കേറും. പിറ്റേന്ന് വൈകിട്ട് തന്നെ കണ്ണനും ടിക്കറ്റ് റെഡിയാക്കി വെച്ചിട്ടുണ്ട്.

ഒരു ദിവസം ശ്രീ നിലയത്തിൽ നിലക്കണമെന്നത് മുത്തശ്ശിയുടെ ആഗ്രഹമായിരുന്നു. അത് തള്ളി കളയാൻ തോന്നിയില്ല. "എന്തിനാ ചിറ്റേടെ പൊന്നു കരയുന്നത്?" തൊട്ട് പിന്നിൽ ഹരിയുടെ കയ്യിലിരിക്കുന്ന ലല്ലു മോളെ നോക്കി സീത ചോദിച്ചു. "അവൾ കരഞ്ഞു കൊണ്ട് സീതയുടെ കയ്യിലേക്ക് ചാഞ്ഞു "നമ്മക്ക് നമ്മടെ വീട്ടിൽ പോവണ്ടേ ചിറ്റേ?" സീതയുടെ കവിളിൽ തൊട്ട് കൊണ്ട് ലല്ലു ചോദിച്ചു. സീതയുടെ കണ്ണുകൾ ഹരിക്ക് നേരെ നീണ്ടു.

"ഇനി ഇതാണ് ന്റെ മോളുടെ വീട് " സീത പതിയെ പറഞ്ഞു. ലല്ലുവിന്റെ മുഖം ചുളിഞ്ഞു. "ഇത്.. ഇത് അങ്കിളിന്റെ വീടല്ലേ?" ലല്ലുവിനു സംശയം തീരുന്നില്ല. "അങ്കിൾ അല്ല ലല്ലുസേ... അച്ഛൻ " ഹരിയുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് കണ്ണൻ പറയുമ്പോൾ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു കയറിയത് പോലെ ഹരി പിടഞ്ഞു.. അച്ഛൻ.. അവന്റെ നാവുകൾ പതിയെ ഉരുവിട്ട് നോക്കി. കണ്ണുകൾ പാറുവിനെ തിരിഞ്ഞു. തൊട്ട് പിന്നിലുണ്ട്. എപ്പോഴത്തെയും പോലെ നിറഞ്ഞ കണ്ണുകൾ മറക്കാൻ തല കുനിച്ചു കൊണ്ട് നിൽക്കുന്നു. ഇനിയെന്നാണ് ദൈവമേ ഈ മുഖത്തൊന്നു ചിരി കാണുന്നത്? ഈ കണ്ണ് നിറയുമ്പോൾ പിടയുന്നതും നോവുന്നതും തനിക്ക് കൂടിയല്ലേ..?

ഹരിയുടെ ഹൃദയം പരിഭവം പറഞ്ഞു. "ഇത്..."ലല്ലുവിന്റെ കൈകൾ ഹരിക്ക് നേരെ നീണ്ടു. ലല്ലു അപ്പോഴും കണ്ണൻ പറഞ്ഞ വാക്കിന്റെ ആഴത്തിലാണ്. "അച്ഛനാണ്. ലല്ലുമോളുടെ മോളുടെ അച്ഛനാണ് " ഹരി സീതയുടെ കയ്യിൽ നിന്നും അവളെ വാരിയെടുത്ത് കൊണ്ട് നെഞ്ചിൽ ചേർത്തു. "അമ്മയല്ലേ പറഞ്ഞത്.. അച്ഛൻ ഒരീസം.. ലല്ലുനെ കാണാൻ വരും ന്ന്.. ആ അച്ഛൻ... ഇതാണോ അമ്മേ?" ഹരിയുടെ അരികിൽ നിൽക്കുന്ന പാറുവിന് നേരെ ലല്ലുവിന്റെ നോട്ടവും ചോദ്യവും കൂർത്തു. പാറു ഞെട്ടി കൊണ്ട് മുഖം ഉയർത്തി. അവൾക്കെന്ത് ഉത്തരം പറയണമെന്നറിയില്ലായിരുന്നു. ഹരിയുടെ നെഞ്ചും പിടയുന്നുണ്ട്.

"അമ്മ പറഞ്ഞു കൊടുക്കുന്നതാണ് പാറു മക്കൾക്ക് അച്ഛൻ. ഇവിടിപ്പോ ലല്ലു മോൾക് ഒരു ഉത്തരം കൊടുക്കേണ്ടത് നീയെന്നെ അമ്മയാണ്. നീ കൊടുക്കുന്ന ഉത്തരത്തിനെ ആശ്രയിച്ചിരിക്കും ഇനി നിങ്ങളുടെ ജീവിതം. അത് മറക്കരുത് " കണ്ണൻ ഓർമിപ്പിച്ചു. പാറുവിന്റെ കണ്ണുകൾ വീണ്ടും ഹരിയുടെ നേരെ തിരിഞ്ഞു. നേർത്തൊരു ചിരിയോടെ തന്റെ കുഞ്ഞിനെ പൊതിഞ്ഞ കൈകൾക്ക് ഒരച്ഛന്റെ കരുത്തുണ്ട്.. ചേർത്ത് പിടിച്ച ആ നെഞ്ചിൽ ഒരച്ഛന്റെ വാത്സല്യമുണ്ട്. അന്നും ഇന്നും തന്റെ പൊന്ന് മോൾക്ക് വേണ്ടി.. താൻ പറയാതെ തന്നെ ഓരോന്നു ചെയ്യുന്നവനിൽ ഒരച്ഛനില്ലെന്നു എങ്ങനെ പറയും? അമ്മേ.. പറ അമ്മേ "

വീണ്ടും ലല്ലുവിന്റെ വിളി. "ആഹ്.. അച്ഛൻ... അച്ഛനാണ്. എന്റെ മോളുടെ അച്ഛനാണ് " പറഞ്ഞു കഴിഞ്ഞതും മുഖം പൊതിഞ്ഞു പിടിച്ചു കരയുന്നവളെ ഹരി വേദനയോടെ അതിലുപരി ആ അംഗീകാരം നൽകിയ സന്തോഷത്തോടെ നോക്കി. "ഇനി കരഞ്ഞത് മതിയെടി ചേച്ചി. നിന്നെ സ്നേഹിക്കുന്നു എന്നാ ഒറ്റ കാരണം കൊണ്ട് നിന്റെ കണ്ണ്നീരെല്ലാം പൊള്ളിക്കുന്നത് എന്റെ കൂട്ടുകാരനെയാണ്. അതെനിക്ക് സഹിക്കാനാവുന്നില്ല " സീതയുടെ സ്വരം ഇടറി. ലല്ലുമോളെ താഴെ ഇറക്കാതെ തന്നെ ഹരി സീതയെ കൂടി ചേർത്ത് പിടിച്ചു. ഒരക്ഷരം മിണ്ടാതെ.. മൗനം കൊണ്ട് രണ്ടു പേരും വാചാലമായി. കഴിഞ്ഞു പോയ പല നല്ല നിമിഷങ്ങളും കണ്മുന്നിൽ ഓടി വന്നിരുന്നു.

സന്തോഷത്തോടെ പോയിട്ട് വാ..ഇനി പോയിട്ട് റെഡിയാവാനുള്ളതല്ലേ?" ഒടുവിൽ ഹരി സീതയിലെ പിടി അയച്ചു കൊണ്ട് പറഞ്ഞു. "പോട്ടെ ഹരി.." ഹരിയെ കെട്ടിപിടിച്ചു കൊണ്ട് കണ്ണൻ യാത്ര ചോദിച്ചു. അവർക്കിടയിൽ ഞെരിയാൻ തുടങ്ങുന്ന ലല്ലുവിനെ അജു വാങ്ങിയെടുത്തു. ഹൃദയം കൊണ്ടെന്ന പോലുള്ള ഒരു പുണരൽ. ഒന്ന് രണ്ട് നിമിഷത്തിന് ശേഷമാണ് ഹരിയും കണ്ണനും അകന്ന് മാറിയത്. രണ്ടു പേരുടെയും കലങ്ങി ചുവന്ന കണ്ണുകൾ.. തമ്മിലുള്ള ബന്ധതിന്റെ ആഴമായിരുന്നു. ഹരിയാണ് സീതക്ക് ഡോർ തുറന്നു കൊടുത്തത്. അവനെ ഒന്ന് കൂടി നോക്കിയിട്ട് വീണ്ടും അവൾ യാത്ര പറഞ്ഞു. "നീ കൂടി വാ അജു "

കണ്ണൻ കാറിലേക്ക് കയറും മുന്നേ അജുവിനെ കൂടി ക്ഷണിച്ചു. "ഇല്ല കണ്ണേട്ടാ... എനിക്ക് വീട്ടിൽ പോണം. കൊണ്ട് പോകാനുള്ളത് പാക്ക് ചെയ്യാനുണ്ട്. വൈകിട്ട് ഓടിറ്റൊറിയത്തിൽ എത്തി കൊള്ളാം " അജു ചിരിച്ചു കൊണ്ട് പറഞ്ഞു. "നിമ്മിയെ പോയി കൂട്ടാൻ മറക്കണ്ട കേട്ടോ" കണ്ണൻ ഓർമിപ്പിച്ചു. നിമ്മിയെ വീട്ടിലേക്ക് ക്ഷണിക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവളോട് വൈകിട്ട് റിസിപ്‌ഷനിൽ എത്താൻ പറഞ്ഞിട്ടുണ്ട്. അജു തലയാട്ടി സമ്മതിച്ചു. "സങ്കടമൊക്കെ എടുത്തു ദൂരെ കളയെന്റെ പാറു നീ ഇനിയെങ്കിലും. നീ ആഗ്രഹിക്കുന്നതിലും കൂടുതൽ നിന്നെ സ്നേഹിക്കാൻ നിന്റെ ചെക്കൻ റെഡിയാണ്. വീണ്ടും വീണ്ടും കണ്ണ് നിറച്ചിട്ട് അവനെ കൂടി നീ സങ്കടപെടുത്തരുത്.

നിനക്ക് വേണ്ടി സങ്കടം അതിന്റെ എക്സ്ട്രീം ലെവൽ വരെയും അനുഭവിച്ചു തീർത്തവനാണ്.. ഇനിയും... അവനോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ.. കഴിഞ്ഞു പോയതെല്ലാം നീ മറക്കണം. ഒരു ബാധ്യതയുടെയും നൂലിനറ്റം കൊണ്ട് നിന്നെ കെട്ടിയിട്ടിട്ടില്ല. നീ ഇനി ഹരിയുടെ സ്വന്തമാണ്. ആ ഓർമ വേണം.." കാറിലേക്ക് കയറും മുന്നേ കണ്ണൻ പാറുവിനെ നോക്കി പറഞ്ഞു. അവളൊന്നും മിണ്ടാതെ അവനെ നോക്കി നേർത്തൊരു ചിരിയോടെ നിന്നു. മറുപടി പ്രതീക്ഷിക്കുന്നുമില്ലെന്നത് പോലെ കണ്ണൻ കാറിലേക്ക് കയറി. പോയാലോ "

സീതയെ നോക്കി ചോദിച്ചു. വീണ്ടും അവളുടെ മിഴികൾ പുറത്തുള്ള പ്രിയപ്പെട്ടവർക്ക് നേരെ ആർത്തിയോടെ നീണ്ടു. അവരെല്ലാം കൈ വീശി കാണിക്കുന്നത് ഡോറിലേക്ക് ചേർന്നിരുന്നു കൊണ്ട് കൺനിറയെ കണ്ടു. കണ്ണന്റെ കാറിന്റെ തൊട്ട് പിറകെ തന്നെ ആദിയും സിദ്ധുവും കൂടി യാത്ര പറഞ്ഞു പോയിരുന്നു. വാ... അവരുടെ കാർ കണ്ണിൽ നിന്നും മറഞ്ഞതിനു ശേഷമാണ് ഹരി പിൻതിരിഞ്ഞു നടന്നത്. ലല്ലുവിനെ അവൻ വിരൽ തുമ്പിൽ ചേർത്ത് പിടിച്ചു. നേരത്തെ നടന്ന വെളിപ്പെടുത്തലിന്റെ പകപ്പ് ആ കുഞ്ഞി കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു. അവൾക്കത് മനസ്സിലാവാൻ സമയമെടുക്കും എന്നറിയാവുന്നത് കൊണ്ട് തന്നെ ഹരി പിന്നെയൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല.

"ഹരിയേട്ടാ... പിന്നിൽ നിന്നും അജു വിളിച്ചത് കേട്ടു ഹരി തിരിഞ്ഞു നോക്കി. "ഞാനിനി എന്നാ... അങ്ങോട്ട്‌..?" സഹിക്കാൻ വയ്യാത്തൊരു ഒറ്റപെടലിന്റെ നോവ് അവന്റെ മുഖത്തു ഹരി പിടിച്ചെടുത്തു. "എങ്ങോട്ട്?" ഹരിയുടെ ചോദ്യം കേട്ട് അജു ഒരു വിളറിയ ചിരിയോടെ മുഖം കുനിച്ചു. "ചേച്ചിമാർ രണ്ടാളും കല്യാണം കഴിഞ്ഞു പോയപ്പോ നീ ഒറ്റകാവുകയല്ല അജു ചെയ്തത്. നിനക്ക് രണ്ടു ഏട്ടന്മാരെ കൂടി കിട്ടിയിരിക്കുന്നു. അവരുടെ കുടുംബത്തിലും ഇനി ഒരാളാണ്..നീയും " ഹരി തിരിഞ്ഞു ചെന്നിട്ട് അജുവിനെ ചേർത്ത് പിടിച്ചു. കണ്ണുകൾ നിറഞ്ഞത് കൊണ്ട് തന്നെ അജു മുഖം ഉയർത്തി നോക്കിയില്ല. "ഇപ്പൊ നീ എങ്ങോട്ടും പോകുന്നില്ല.

രാത്രിയില്ലല്ലേ ഫ്ലൈറ്റ്? ഓടിറ്റോറിയത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മുക്കിച്ചിരി നേരത്തെ പോയിട്ട് നിന്റെ പാക്കിങ് ചെയ്യാം. അല്ലാതെ നിന്നെയിപ്പോ അങ്ങോട്ട്‌ ഒറ്റക്ക് വിട്ടാൽ പാക്കിങ് നടക്കില്ല. അവടെ ചെന്നിരുന്നു കരഞ്ഞു വിളിച്ചു കുളമാക്കും നീ. അത് കൊണ്ട് ഇപ്പൊ നീ എന്റെ കൂടെ വാ " അവന്റെ മനസ്സറിഞ്ഞത് പോലെ ഹരി പറഞ്ഞു. "പാറു... അവനേം വിളിച്ചിട്ട് വാ " അജുവിനെ നോക്കി വേദനയോടെ നിൽക്കുന്ന പാറുവിനോട് ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

വീണ്ടും ലല്ലുവിനെ കൈ പിടിച്ചു കൊണ്ട് ഹരി മുന്നിൽ നടന്നു. തിരക്കിലലിയുന്നതിന് മുന്നേ ഹരിയെ പിടിച്ചു പാറുവിന്റെ അരികിൽ നിർത്തി കൊണ്ട് വരദ ആരതിയുഴിഞ്ഞു.. ഏഴ് തിരിയിട്ട നിലവിളക്ക് കൈകളിൽ ഏറ്റു വാങ്ങുമ്പോൾ പാറു വീണ്ടും വിറച്ചു. ഹരിയുടെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു. ഒരു കയ്യിൽ ലല്ലു മോളും ഭദ്രമായിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story