സ്വന്തം ❣️ ഭാഗം 98

swantham

രചന: ജിഫ്‌ന നിസാർ

"സീതാ ലക്ഷ്മി സ്ട്രോങ്ങല്ലേ?" മുഖം കുനിച്ചിരിക്കുന്ന സീതയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു. കരയുന്നില്ലവൾ. പക്ഷേ ഉള്ളിലൊരു പെരുമഴക്കാലം ഒളിപ്പിച്ചു പിടിച്ചിരിക്കുന്നുണ്ട്. അതവന് ആ മുഖത്തു നിന്നും അറിയാം. "എനിക്കറിയാം... സങ്കടമുണ്ടാവും. അജു നമ്മുക്കൊപ്പം തന്നെ ഉണ്ടാവുമല്ലോ? പിന്നെ പാറു.. അവളെ ഈ ലോകത്ത് ഹരിയെ പോലെ സ്നേഹിക്കാൻ വേറെയൊരാൾക്കും കഴിയില്ലെന്ന് ഹരിയുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ.. ല്ലേ?"

കണ്ണന്റെ കൈകൾ സീതയുടെ വിരലിൽ മുറുകി. "നിനക്ക് വിട്ട് പോരുന്നതിനെ കുറിച്ച് സങ്കടപെടാൻ രണ്ടു കൂടപ്പിറപ്പുകളെങ്കിലുമുണ്ട്. കണ്ണേട്ടന് നീയല്ലേ ആകെയുള്ളത്? ആ നിന്റെ മുഖത്തു കാണുന്ന സങ്കടം എന്നെയെത്ര നോവിക്കുന്നുണ്ടെന്നു അറിയുന്നുണ്ടോ ലച്ചു നീ?" കണ്ണന്റെ ആർദ്രമായ സ്വരം. സീതയുടെ ഉള്ളം പിടഞ്ഞു. "എനിക്ക്... എനിക്കതിനു സങ്കടമൊന്നുമില്ല കണ്ണേട്ടാ.. കണ്ണേട്ടൻ കൂടെയുണ്ടാവുമ്പോൾ ഒരു സങ്കടത്തിനും എന്നെ സ്പർശിക്കാൻ കൂടി കഴിയില്ലെന്ന് പറഞ്ഞിട്ടില്ലേ ഞാൻ?"

മുഖത്തേക്കൊരു ചിരിയെ വലിച്ചു ചേർത്ത് കൊണ്ട് പറയുന്നവളുടെ കവിളിൽ തട്ടി കണ്ണൻ. "ഇന്നൊരു ദിവസം ശ്രീ നിലയത്തിൽ അഡ്ജസ്റ്റ് ചെയ്തേക്കണം ലച്ചു നീ. എനിക്കറിയാം നിനക്കത് അങ്ങേയറ്റം നീരസമുണ്ടാക്കുന്ന കാര്യമായിരിക്കുമെന്ന്. പക്ഷേ.. മുത്തശ്ശിയെ ധിക്കരിക്കാൻ വയ്യല്ലോ? അത്രേം ആഗ്രഹത്തോടെ പറയുന്നത് തട്ടി കളയുന്നതെങ്ങനെ?" കണ്ണൻ ആശങ്കയോടെ സീതയെ നോക്കി. "എനിക്കൊരു പ്രശ്നവുമില്ലെന്റെ കണ്ണേട്ടാ. നമ്മൾ ഒരുമിച്ച് നിൽക്കുന്ന എവിടെയും എനിക്ക് സ്വർഗമാണ് " സീത അവനെ നോക്കി. "ശെരിക്കുമുള്ളൊരു സ്വർഗം നിനക്കായ് ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്..

അങ്ങ് ബാംഗ്ലൂരിൽ. നീയും ഞാനും മാത്രമുള്ളൊരു സ്വർഗം. പരസ്പരം സ്നേഹിക്കാനായി നമ്മൾക്ക് മാത്രമുള്ളൊരു സ്വർഗം " കണ്ണൻ അവളെ നോക്കി പറഞ്ഞു. സീതയുടെ മുഖം ചുവന്നു തുടങ്ങി. കണ്ണൻ ചിരിയോടെ അവളെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ടാണ് ഡ്രൈവ് ചെയ്യുന്നത്.. ഹൃദയം നിറഞ്ഞ സന്തോഷം രണ്ട് പേരിലും തെളിഞ്ഞു കാണാമായിരുന്നു. പത്തു മിനിറ്റ് കൊണ്ട് തന്നെ അവർ ശ്രീ നിലയത്തിലെത്തി ചേർന്നു. ആരതിയുഴിഞ്ഞു കൈ പിടിച്ചു കയറ്റാൻ നിൽക്കുന്നവരെ കണ്ടിട്ട് സീത കണ്ണനെയൊന്നു തല ചെരിച്ചു നോക്കി. "ശെരിക്കും മാനസ്സാന്തരം വന്നിട്ട് തന്നെയാണോ... അതോ ഇതിന് പിന്നിലും വല്ല കുരുക്കും കരുതി വെച്ചിട്ടുണ്ടോ...

എന്തോ ഒന്നുമറിയില്ല. ശ്രീ നിലയത്തിലുള്ളവർക്ക് നല്ല മാറ്റമുണ്ട്. അത് അനുഭവിച്ചറിയാനും പറ്റുന്നുണ്ട്.എന്തായാലും കണ്ണുമടച്ചു വിശ്വസത്തിലെടുക്കേണ്ട.അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാ " കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കണ്ണൻ മുന്നറിയിപ്പ് നൽകി. സീത ഒന്നും പറയാതെ ഒന്നു ചിരിച്ചു. "ഇറങ്ങി വാ" ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി കണ്ണൻ സീതക്ക് നേരെ കൈ നീട്ടി. സാരിയും ഒതുക്കി പിടിച്ചു അവനൊപ്പം പതിയെ മുന്നോട്ട് നടന്നു. ഉമ്മറത്ത് താലം കൊണ്ട് നിൽക്കുന്നത് സാവിത്രിയാണ്.

ഭാമയുടെ കയ്യിലാണ് നിലവിളക്ക്. സീത മുഖമുയർത്തി നോക്കിയപ്പോൾ രണ്ടു പേരും ചിരിച്ചു കൊണ്ടവളെ നോക്കി. ആ ചിരിയിൽ പോലും സീത അസ്വസ്ഥയായിരുന്നു. അവരിൽ നിന്നും പൊഴിഞ്ഞു വീണ വാക്കുകളുടെ വിഷം അവളെയപ്പോഴും നോവിച്ചു. പക്ഷേ മുഖത്തേക്ക് ആ വേദനയെ കടത്തി വിട്ടില്ല. സ്വന്തം ജീവനെ പോലെ പൊതിഞ്ഞു പിടിച്ചു കൊണ്ട് നിൽക്കുന്നവന് തന്റെ വിരൽ തുമ്പോന്ന് വിറച്ചാൽ പോലും സങ്കടമാണെന്ന് അവൾക്കറിയാമല്ലോ..

കൂട്ടത്തിൽ രാജിയുടെ മുഖം കൂടി സീത കണ്ടിരുന്നു. യാതൊരു വികാരവുമില്ല. സ്ഥായിഭാവമായ പുച്ഛം പോലും ഇന്ന് കാണുന്നില്ല. ആരതിയുഴിഞ്ഞു.. ഭാമ നീട്ടിയ നിലവിളക്ക് വാങ്ങി സീത വലതു കാൽ വെച്ച് കൊണ്ട് അകത്തേക്ക് കയറി. വർഷങ്ങളോളം കയറിയിറങ്ങി പോയിടങ്ങളിൽ കൂടി നടക്കുമ്പോൾ അവളുടെ നിഴൽ പോലെ കൂടെ കണ്ണനുമുണ്ടായിരുന്നു. അന്ന് വരെയും കണ്ടിട്ടില്ലാത്ത പൂജ മുറിയിലേക്ക് കണ്ണനവളെ കൈ പിടിച്ചു കയറ്റി.

കയ്യിലുള്ള വിളക്ക് അവിടെ വെച്ചിട്ട് കൈ കൂപ്പി നിൽക്കുമ്പോൾ... ഇനിയെന്താണ് ദൈവത്തിനോട് ആവിശ്യപെടേണ്ടതെന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു. ആയുസ്സുള്ളടത്തോളം കാലം പരസ്പരം സ്നേഹിച്ചു ജീവിക്കാൻ കഴിയണേ എന്നൊരു പ്രാർത്ഥനാമന്ത്രം മാത്രം ഉള്ളിൽ കരുതി വെച്ചു. ചുണ്ടിലൂറി കൂടിയ ചിരിയോടെ പരസ്പരം നോക്കി. "വാ.. മുത്തശ്ശിയുടെ അരികിലേക്ക് പോവാം " കണ്ണൻ വീണ്ടും അവളുടെ കൈ പിടിച്ചു. മുത്തശ്ശി മുറിയിലായിരുന്നു.

പതിവില്ലാതെ മുറ്റത്തേക്കൊക്കെ ഇറങ്ങി നടന്നത് കൊണ്ട് തന്നെ അവരന്നു നന്നേ അവശയായിരുന്നു. കണ്ണനും സീതയും ചെല്ലുമ്പോൾ ഇനിയും മടങ്ങി പോവാത്ത ബന്ധുക്കളിൽ ചിലർ മുത്തശ്ശിയുടെ മുറിയിലുമുണ്ടായിരുന്നു. കിടക്കുകയായിരുന്ന മുത്തശ്ശി കണ്ണനെയും സീതയെയും കണ്ടയുടനെ ആയാസപെട്ട് കൊണ്ട് തന്നെ എഴുന്നേറ്റു. "മുത്തശ്ശി...സീതയവരുടെ അരികിൽ പോയിരുന്നു. "സന്തോഷയില്ലേ ന്റെ മോൾക്ക്.. ഏഹ്. ഈ മുഖത്തെ നീറുന്ന സങ്കടം ഇനി എനിക്ക് കാണേണ്ടി വരരുത്.. കേട്ടോ മോനെ? " സീതയോടാണ് പറഞ്ഞു തുടങ്ങിയതെങ്കിലും മുത്തശ്ശി പറഞ്ഞു നിർത്തിയത് കണ്ണനോടാണ്.

അവനും ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു. "എങ്കിൽ പോയിട്ട് ഈ ഉടുപ്പുകളൊക്ക അഴിച്ചു മാറ്റി കുറച്ചു നേരം റസ്റ്റ്‌ എടുക്ക്. വൈകിട്ട് പോകേണ്ടതല്ലേ " സീതയുടെ കവിളിൽ വാത്സല്യത്തോടെ കൈ ചേർത്ത് കൊണ്ട് മുത്തശ്ശി പറഞ്ഞു. സീത തലകുലുക്കി. അത്രത്തോളം അവളും മടുത്തു പോയിരുന്നു ആ വേഷത്തിൽ. തലയിൽ കനം തൂങ്ങിയത് പോലെ മുല്ലപൂവും.. കുട്ടിയെ വിളിച്ചോണ്ട് പോ കണ്ണാ " മുത്തശ്ശി ആവിശ്യപെട്ടതും കണ്ണൻ സീതയെ ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി. "പോയിട്ട് വായോ " വീണ്ടും മുത്തശ്ശി പറഞ്ഞത് കേട്ടിട്ട് സീത ചിരിയോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. "നീ പോയിട്ട് ഫ്രഷ് ആയിട്ട് നിൽക്." പുറത്തേക്കിറങ്ങി കാത്ത് നിൽക്കുന്ന കണ്ണൻ അവൾ അരികിലെത്തിയതും പറഞ്ഞു.

സീത തലയാട്ടി കൊണ്ട് മുന്നോട്ടു നടന്നു. "ശോ.. അങ്ങനല്ലെടി. കണ്ണേട്ടനും കൂടി വാ എന്ന് പറഞ്ഞു വിളിക്കണ്ടേ നീ എന്നെ.." നടന്നു തുടങ്ങിയ അവൾക്ക് മുന്നിലേക്ക് കയറി നിന്ന് കൊണ്ട് കണ്ണനൊരു കള്ളചിരിയോടെ പറഞ്ഞു. സീത അവനെ നോക്കി കണ്ണുരുട്ടി. "അല്ല.. അങ്ങനെയൊക്കെ ഞാൻ കൊതിച്ചിരുന്നു എന്ന് പറഞ്ഞതാ " കണ്ണൻ അവളെ നോക്കി. "ആഹാ.. എന്നാലേ അതിന്റെ യാതൊരു ആവിശ്യവുമില്ല. ഇതേയ്.. എനിക്കൊറ്റക്ക് ചെയ്യാവുന്നതേയൊള്ളു "

സീത വിരൽ കൊണ്ടവന്റെ നെഞ്ചിൽ കുത്തി കൊണ്ട് പറഞ്ഞു. 'എന്നാലും.. കണ്ണേട്ടൻ ഹെല്പ് ചെയ്യുമ്പോ.. നിനക്കതൊരു സന്തോഷമല്ലെടി? " അവനൊന്നു കൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് ആ മുടിയിഴകളിൽ തഴുകി കൊണ്ട് പറഞ്ഞു. "റിയലി സോറി ഡോക്ടറെ " സീത ചിരിയോടെ അവനിൽ നിന്നും മാറി നിന്നു. 'ഓഓഓ.. ഇങ്ങനൊരു സാധനം. ഇതിനെ കൊണ്ട്.. ഞാനെങ്ങനെയാണ് ദൈവമേ..? " പാതിയിൽ നിർത്തി കണ്ണൻ കണ്ണുകൾ മേലേക്കുയർത്തി നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ടവളെ നോക്കി. സീത ചിരി കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി. "പോയിട്ട് വരാ ട്ടാ "

തന്നെ നോക്കി നിൽക്കുന്ന കണ്ണനോട് പറഞ്ഞിട്ട് സീത കണ്ണന്റെ മുറിയിലേക്ക് നടന്നു. ഒരു ചിരിയോടെ കണ്ണനും തിരിഞ്ഞു നടന്ന് പോയി. ❣️❣️❣️ "ഡ്രസ്സ്‌ ഒക്കെയൊന്ന് മാറ്റിയിട്ടേക്ക് കേട്ടോ ഏട്ടത്തി " ഭദ്ര ചിരിയോടെ പറഞ്ഞു. പാറു അവളെ നോക്കി തലയാട്ടി. "ഏട്ടത്തിക്ക് വേണ്ടതെല്ലാം അതിനകത്തുണ്ട്. എന്തെങ്കിലും സഹായം വേണമെന്നുണ്ടങ്കിൽ വിളിച്ച മതിട്ടോ. ഞാൻ പുറത്തുണ്ട് " പാറുവിനെ ഹരിയുടെ മുറിയിലാക്കി തിരിച്ചിറങ്ങി പോകും മുന്നേ ഭദ്ര ഓർമിപ്പിച്ചു. "ഭദ്രെ..."

അവളിറങ്ങും മുന്നേ പാറു പെട്ടന്ന് വിളിച്ചു. "ന്തേ ഏട്ടത്തി..?" ഭദ്ര തിരിഞ്ഞു നിന്നു. "ലല്ലു മോള്..." പാറു വിമ്മിഷ്ടത്തോടെയാണ് ചോദിച്ചത്. "കുഞ്ഞീടെ കൂടെ എന്റെ മുറിയിലുണ്ട്. ഏട്ടത്തി ഫ്രഷ് ആയിക്കോളു.. അവളെ ഞാൻ കുളിപ്പിച്ച് വിടാം." ചിരിയോടെ പറഞ്ഞിട്ട് ഭദ്രയിറങ്ങി പോയിരുന്നു. വാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് പാറു ആദ്യം മുറിയിലൂടെ ആകെയൊന്ന് കണ്ണോടിച്ചു. ഹരിയുടെ മുറി.. നല്ല വൃത്തിയോടെ അടുക്കി വെച്ചിട്ടുണ്ട്. മുന്നേയൊരിക്കൽ ഈ മുറിയിലേക്ക് വന്നിരുന്നു.

അന്ന് പക്ഷേ ഹരിയുടെ കൂട്ടുകാരിയായിട്ടായിരുന്നു. ഭദ്രയുടെ കല്യാണത്തിനാണെന്ന് തോന്നുന്നു. തന്റെ കല്യാണം കഴിഞ്ഞയുടനെ തന്നെ ആയിരുന്നു അതും. ഗുരീഷേട്ടൻ എന്തോ കാരണം പറഞ്ഞൊഴിഞ്ഞു. ഒടുവിൽ ഒറ്റക്കാണ് വന്നത്. വന്നില്ലെങ്കിൽ എനിക്കിങ്ങനെയൊരു കൂട്ടുകാരിയില്ലെന്നു കല്യാണം വിളിക്കാൻ ഗിരീഷിന്റെ വീട്ടിലേക്ക് വന്നിരുന്ന ഹരി ആരും കേൾക്കാതെ ഭീക്ഷണി പെടുത്തിയതെല്ലാം അവൾക്കോർമ്മ വന്നു. അന്ന് ഗിരീഷേട്ടൻ നൽകിയ അടിയൊക്കെയും ഹരിയുടെ പേരിലുള്ളതായിരുന്നു. ഇന്ന് അതേ ഹരിയുടെ ഭാര്യയായിരിക്കുന്നു. പാറു നെഞ്ചിൽ ചേർന്നു കിടക്കുന്ന താലി പതിയെ കയ്യിലെടുത്തു. ദേഹമൊന്നാകെ കടന്ന് പോയൊരു തണുപ്പിൽ അവൾ വിറച്ചു.

ജീവിതം തന്നെ എങ്ങോട്ടെല്ലാമാണ് കൈ പിടിച്ചു കൊണ്ട് പോകുന്നത്.. അൽപ്പനേരം കൂടി ഓർമകളുടെ തടവറയിലെ തടവുകാരിയായിരുന്നവൾ. പിന്നെ പതിയെ എഴുന്നേറ്റു കൊണ്ട് ഷെൽഫ് തുറന്നു.. വൃത്തിയായി മടക്കി വെച്ചിരിക്കുന്ന ഡ്രസ്സുകളെ നോക്കി നിന്നു. അതിൽ നിന്നൊരു ഷിഫോൺ സാരി വലിച്ചെടുത്തു കൊണ്ട് ബാത്റൂമിലേക്ക് നടന്നു. കുളിച്ചു കഴിഞ്ഞു വന്നു ഉടുത്തിരുന്ന സെറ്റ് സാരി കുടഞ്ഞു മടക്കി ബെഡിന്റെ ഒരു അരികിൽ വെച്ചു.

എവിടെയെങ്കിലും ഒരു വിടർത്തി വിരിച്ചിടണം.. ഭദ്രയോട് ചോദിക്കണം. മുടിയൊന്ന് ചീകിയൊതുക്കി തോർത്ത്‌ ചുറ്റി കെട്ടി വെച്ചു. അൽപ്പം മാഞ്ഞു പോയ സിന്ദൂരചുവപ്പ് ഒന്നുകൂടി വരച്ചു ചേർക്കുമ്പോൾ ഹൃദയം പിടച്ചു. അതിനിടയിൽ വാതിലിൽ മുട്ടുന്നത് കേട്ടു. ഹരിയായിരിക്കുമോ എന്നയോർമ മിന്നൽ പോലാണ് ഉള്ളിലൂടെ മിന്നി മാഞ്ഞത്. ഇതവന്റെ വീടാണെന്നും താനിപ്പോൾ നിൽക്കുന്നത് അവന്റെ മുറിയിലാണെന്നും ഓർമ വന്ന നിമിഷം വീണ്ടും തളർന്നു പോയി. വാതിലിൽ മുട്ടുന്നത് അൽപ്പം ശക്തിയായിട്ടുണ്ട്. "അമ്മേ..." പുറത്ത് നിന്നും ലല്ലുവിന്റെ വിളി.. പാറുവിന് ആശ്വാസം തോന്നി. അവൾ വേഗം വാതിൽ തുറന്നു

. "അമ്മയെന്താ വാതിൽ തുറക്കാഞ്ഞേ?" ലല്ലു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉറക്കെ ചോദിച്ചു. അവളുടെ ശബ്ദമുയർന്നതും.. പാറു ഭയത്തോടെ ചുറ്റും നോക്കി. ആരെങ്കിലും കേട്ട് കാണുമോ എന്നാ ചിന്ത അവളുടെ ഉള്ളിലെ ഭയം കൂട്ടി. ലല്ലുവിന് പിറകെ.. കുഞ്ഞിയുമുണ്ട്. അവളുടെ കയ്യിലൊരു ഉടുപ്പ് വാരി പിടിച്ചു നിൽക്കുന്നു. ലല്ലുമോൾ ഒരു തോർത്താണ് എടുത്തിട്ടുള്ളത്. രണ്ടു പേരും കുളിച്ചിട്ടുണ്ട്. "ഏട്ടത്തി ഒരുക്കിയ മതിന്നും പറഞ്ഞു ഇറങ്ങി ഓടിയതാ പെണ്ണ് "

അവരുടെ പിറകെ വന്ന ഭദ്ര പറഞ്ഞു. "ആണോ.. ന്നാ വാ " പാറു ചിരിച്ചു കൊണ്ട് കുഞ്ഞിയെയും ലല്ലുവിനെയും അകത്തേക്ക് കയറ്റി. "ലല്ലുമോൾക്കും ഇത് പോലുള്ള ഒരു ഉടുപ്പ് ഷെൽഫിലുണ്ട്. അതിട്ടു കൊടുക്കണേ ഏട്ടത്തി " തിരിഞ്ഞു നടക്കും നേരം ഭദ്ര ഓർമിപ്പിച്ചു. ❣️❣️❣️ മുടിയിലെ സ്ലൈഡ്മായി സീത മൽപ്പിടുത്തത്തിലായിരുന്നു. അതിനിടയിലാണ് വാതിൽ തട്ടുന്നത് കേട്ടത്. ഒട്ടൊരു ശങ്കയോടെയാണ് അവൾ പോയി വാതിൽ തുറന്നത്. പ്രതീക്ഷിച്ചത് പോലെ കാണ്ണനല്ലായിരുന്നു. "കണ്ണേട്ടൻ പറഞ്ഞു വിട്ടതാ. ചേച്ചിക്കൊരു ഹെല്പ് ചെയ്യാൻ " കൂട്ടത്തിൽ നിന്നും അർഷയാണ് പറഞ്ഞത്. കണ്മുന്നിൽ നേർക്ക് നേർ വന്നാലും മിണ്ടാതെ...

മുഖത്തൊരു ലോഡ് പുച്ഛവുമായി പോകുന്നവളായിരുന്നു. സീത ആദ്യം അതാണ്‌ ഓർത്തത്. "അകത്തേക്ക് വാ " ചിരിയോടെ തന്നെ അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു. അവരെല്ലാം കൂടിയാണ് സീതയെ അലങ്കാരങ്ങളിൽ നിന്നും രക്ഷപെടുത്തിയെടുത്തത്. തമ്മിലുള്ള അകലത്തിന്റെ നേർത്ത പാളിയും അവിടെ പൊഴിഞ്ഞു വീണിരുന്നു. പെട്ടന്ന് തന്നെ സീതയെ അവരിൽ ഒരാളായി അംഗീകരിച്ചും കഴിഞ്ഞിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story