സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 1

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

തിളച്ച് വന്ന എണ്ണയിലേക്ക് കടുകിട്ട് പൊട്ടിച്ച് അതിലേക്ക് കറിവേപ്പില കൂടി വിതറി കഴിഞ്ഞപ്പോഴാണ് അടുക്കള പടിയിൽ വന്ന് എത്തിനോക്കുന്ന കാവ്യയെ സാവിത്രി കണ്ടത്..... അവളുടെ മുഖത്തേക്ക് ഒന്ന് ദഹിപ്പിച്ചു നോക്കിയപ്പോൾ തന്നെ കാവ്യയ്ക്ക് എന്താണ് നോട്ടത്തിൻറെ അർത്ഥം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..... പെട്ടെന്ന് തന്നെ അമ്മയുടെ അരികിലേക്ക് വന്നു തേങ്ങ തിരുമ്മി കൊണ്ടായിരുന്നു അതിനുള്ള മറുപടി അവൾ നൽകിയത്..... അടുക്കളയിൽ ചോർച്ച ഉള്ള ഭാഗത്ത്‌ ഒരു പാത്രം എടുത്തു വച്ചു സാവിത്രി.... "എത്ര നേരായി ഞാൻ വിളിക്കാന്ന് അറിയോ നിങ്ങളെ രണ്ടുപേരെയും..... നീ എന്തെടുക്കുന്നു കാവ്യയെ..... " എനിക്ക് ഇന്ന് രാവിലെ തന്നെ അത്യാവശ്യമായി നമ്മുടെ സുനന്ദ ചേച്ചിക്ക് ഒരു ബ്ലൗസ് തയ്ച്ച കൊടുക്കണമായിരുന്നു അമ്മേ..... അവര് 11മണിക്ക് എവിടെയോ കല്യാണത്തിന് പോവാ എന്ന് പറഞ്ഞത്..... അത് തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു...... കിച്ചു ആണെങ്കിൽ ഇവിടെ ഇല്ല..... അവൾ പുഴയിൽ തുണി അലക്കാൻ വേണ്ടി പോയിരിക്കുകയാണ്......

"ഈ മഴയത്തു പുഴയിൽ തുണി അലക്കാൻ..... ഞാൻ അങ്ങോട്ട് പോയി കഴിഞ്ഞിട്ട് നിങ്ങൾക്ക് ജോലികളൊക്കെ ചെയ്താൽ എന്താ കുഴപ്പം....? എനിക്കാണെങ്കിൽ വൈകുന്നേരം നേരത്തെ ഇറങ്ങണമെങ്കിൽ രാവിലെ കൃത്യ സമയത്ത് എങ്കിലും ചെല്ലണം...... ഇപ്പോൾ അവിടെ പഠിപ്പിക്കുന്ന സാറന്മാർ എത്തി കഴിഞ്ഞാലും അവിടെ അരി വെക്കാൻ ചെല്ലുന്ന ഞാൻ അവിടെ കൃത്യ സമയത്ത് എത്താൻ പോകുന്നില്ല..... രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം.... ഒരു സഹായത്തിന് രണ്ടെണ്ണത്തിനെയും അടുക്കളയിലേക്ക് കാണില്ല..... "കുറേ തുണിയുണ്ടായിരുന്നു അമ്മേ അതാണ് കിച്ചു പുഴയിലേക്ക് പോയത്.... പിന്നെ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ തയ്ക്കാൻ ഇരുന്നത്.... ഞങ്ങൾ ഉണ്ടാക്കി കൊള്ളാം പതുക്കെ..... അമ്മയ്ക്ക് കഴിക്കാൻ ഉള്ളത് മാത്രം തത്കാലം ഉണ്ടാക്കിയാൽ മതി..... ഞങ്ങൾക്ക് ഉള്ളത് ഞങ്ങൾ ഉണ്ടാക്കാം..... അമ്മ അതിനി ചെയ്യേണ്ട..... " എന്നിട്ട് വേണംകൈ പൊള്ളിച്ചു വയ്ക്കാൻ. രണ്ടാളും കൂടി, ചക്കക്കുരു എടുത്തു മെഴുക്കുപുരട്ടിക്ക് ആയി ചിരണ്ടി കൊണ്ട് അവർ പറഞ്ഞു.... " എല്ലാ ജോലിയും അമ്മയ്ക്ക് തന്നെ ചെയ്യുകയും വേണം, ഞങ്ങൾ ഒന്നും ചെയ്തില്ലെന്ന പരാതി പറയുകയും വേണം.....

രണ്ടുംകൂടി നടക്കില്ല അമ്മേ....! ചിരിയോടെ തേങ്ങയിൽ മുളകുപൊടി ഇട്ടുകൊണ്ട് കാവ്യ പറഞ്ഞപ്പോൾ ഒരു പുഞ്ചിരി സാവിത്രിയുടെ ചുണ്ടിലും തെളിഞ്ഞിരുന്നു..... ഇപ്പോൾ ഈ നാട്ടിലേക്ക് താൻ വന്നിട്ട് വർഷങ്ങൾ ആയിരിക്കുന്നു..... ഭർത്താവായ സത്യനു ഒപ്പം ഒളിച്ചോടിയ ആയിരുന്നു ആദ്യം ഇവിടേക്ക് വന്നത്...... പിന്നീട് സത്യേട്ടൻ പകർന്ന സ്നേഹത്തിൽ ജീവിക്കുകയായിരുന്നു..... തങ്ങൾ ഈ നാട്ടിലേക്ക് വന്ന ശേഷം ആദ്യം തന്നെ സത്യേട്ടൻ ജോലിക്ക് പോകുന്നത് പാലാഴി വീട്ടിലെ ഡ്രൈവറായിരുന്നു..... ആ ജീവിതം തങ്ങൾക്ക് തന്നത് നിറയെ സന്തോഷങ്ങൾ ആയിരുന്നു..... ഒരുപാട് സമ്പാദിക്കാനൊന്നും സാധിച്ചില്ലെങ്കിലും ഒരുപാട് സന്തോഷം ആയിരുന്നു...... അവസാനം പാലാഴി വീട്ടിലെ തന്നെ കാരണവരായ മഹാദേവമേനോനായിരുന്നു തങ്ങൾക്ക് ഈ വീടും സ്ഥലവും എല്ലാം നൽകിയത്...... അത്രയ്ക്ക് വിശ്വസ്തനായിരുന്നു ആ ആ കുടുംബത്തിന് സത്യേട്ടൻ...... അവസാനം ഒരു അപകടത്തിൽ മഹാദേവനും സത്യനും ഒരുമിച്ചായിരുന്നു മരിച്ചതും...... സത്യന്റെ മരണശേഷവും ആ കുടുംബം സഹായങ്ങളുമായി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു......

മഹാദേവമേനോന്റെ മരണശേഷം പാലാഴി വീടിൻറെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തത് മകനായ മഹേശ്വർ ആയിരുന്നു...... സത്യൻ ചേട്ടൻറെ മരണത്തിനുശേഷം അവരുടെ തന്നെ സ്കൂളിലേക്ക് തനിക്ക് ഒരു ജോലി തരപ്പെടുത്തി തന്നത് മഹേശ്വറിന്റെ കാരുണ്യം ആയിരുന്നു.... പ്രായം ഏകദേശം നാല്പതിനോട് അടുത്തിട്ടും ഇതുവരെ കുടുംബത്തിനുവേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിക്കുകയാണ് മഹേശ്വർ...... ആ കുടുംബത്തിന് അച്ഛൻറെ മരണശേഷം യാതൊരു കുറവും അറിയിക്കാതെയാണ് മഹേശ്വർ മുൻപോട്ട് കൊണ്ടുപോകുന്നത്....... രണ്ട് സഹോദരങ്ങളെയും അമ്മയെയും മഹേശ്വറിന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് ആയിരുന്നു മഹാദേവൻ പരലോകം പൂകിയത്...... ഇപ്പോൾ കൃഷ്ണപ്രിയയെ കോളേജിൽ ചേർക്കണം എന്ന് ഉണ്ടെങ്കിൽ മഹേശ്വറിനോട്‌ കുറച്ചു കാശ് ഇന്ന് വൈകുന്നേരം ചോദിക്കണം എന്നുകരുതി ഇരിക്കുകയാണ്....... തന്റെയും വീടിന്റെയും അവസ്ഥകൾ ഒക്കെ അറിയുന്നതുകൊണ്ട് തന്നെ മഹേഷ്വർ ആവശ്യം അറിഞ്ഞു സഹായിക്കും എന്നാണ് വിശ്വാസം...... അല്ലെങ്കിലും ഈ നാട്ടിലുള്ള എല്ലാ പാവങ്ങൾക്ക് ദൈവം ആണല്ലോ മഹേശ്വർ......

തന്റെ മുൻപിൽ കൈനീട്ടുന്നവരെ ഒന്നും നിരാശപ്പെടുത്താറില്ല മഹേശ്വർ...... മഴയത്ത് ഓടിക്കിതച്ച് കുളികഴിഞ്ഞു വരുന്ന കൃഷണപ്രിയയെ ആ നിമിഷം ആണ് അവർ കണ്ടത്, കവികൾ ഒക്കെ വാഴ്ത്തുപോലെ ഉള്ള സൗന്ദര്യം ആണ് കൃഷ്ണപ്രിയക്ക്, എണ്ണ കറുപ്പുള്ള നീളൻ മുടി അവളുടെ നിതംബം മൂടി കിടന്നു, ആ മുടിയിൽ നിന്ന് ഈറൻ മാറിയില്ല...... സാവിത്രി പെട്ടന്ന് ഓടിച്ചെന്ന് ഉമ്മറത്തു നിന്ന് തോർത്ത്‌ എടുത്തുകൊണ്ടുവന്നു.... "മഴ നനയാതടി പെണ്ണെ...!! വിളിച്ചു പറഞ്ഞതിനു ശേഷമാണ് അവളെ അകത്തേക്ക് കയറ്റിയത്, ശേഷം ശ്രദ്ധയോടെ അവളുടെ തലമുടി തോർത്തി കൊടുത്തുകൊണ്ടിരുന്നു..... " മഴ വരുന്ന സമയത്ത് നീ അല്ലാതെ ആരെങ്കിലും കുളിക്കാൻ പോവുമൊ പെണ്ണെ.... ഇതിനോടൊക്കെ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് എനിക്കറിയില്ല...... തുള്ളിക്കൊരുകുടം പോലെയാണ് മഴ പെയ്യുന്നത്..... അതുമാത്രമല്ല ഡാം എങ്ങാനും ആ സമയത്ത് തുറന്നുവിട്ടത് ആണെങ്കിൽ എന്ത് ചെയ്തേനെ...... കരുതലോടെ ഓരോ വാക്കുകളും പറയുമ്പോഴും ശ്രദ്ധയോടെ അവളുടെ തല തോർതുകയായിരുന്നു സാവിത്രി ചെയ്തിരുന്നത്....... "ഇന്ന് ഞാൻ വൈകും എന്നുള്ളത് ഉറപ്പ് ആണ്.... ഇടയ്ക്ക് പരാതി കെട്ടുകൾ പറയുന്നുമുണ്ട്..... "

അമ്മേ ഞാൻ ആദ്യമായിട്ട് ഒന്നുമല്ലല്ലോ പുഴയിൽ കുളിക്കാൻ പോകുന്നതും..... കൃഷ്ണപ്രിയ പറഞ്ഞു..... " കഴിഞ്ഞമാസം ശാന്തിയുടെ മോൾ കുളിക്കാൻ വേണ്ടി പോയതാ...... മഴയത്തു ഡാം തുറന്നു പോകുന്നത് കണ്ടു..... പിന്നീട് മൂന്നു ദിവസം കഴിഞ്ഞിട്ട് പൊങ്ങിയത്...... മണ്ണുവാരിയും കല്ലെടുത്തും ഒക്കെ ഇപ്പൊ പഴയ പുഴ ഒന്നുമല്ല...... നമുക്ക് വിശ്വസിക്കാൻ പറ്റില്ല..... നീ പുഴയിൽ പോയി എന്ന് കേട്ടപ്പോൾ മുതൽ എൻറെ ഉള്ളിൽ ഒരു തീയാ..... ഇനി ഒറ്റയ്ക്ക് ഒന്നും പോകേണ്ട..... കാവ്യ ഉണ്ടെങ്കിൽ പോവുക..... അല്ലെങ്കിൽ കണ്ണനെ വിളിച്ചു കൊണ്ടു പോയാൽ മതി..... സാവിത്രിക്ക് മൂന്ന് മക്കളാണ് കാവ്യ കൃഷ്ണപ്രിയ,കണ്ണൻ,..... കാവ്യ പഠിക്കാൻ അത്ര മിടുക്കി ഒന്നുമായിരുന്നില്ല...... അതുകൊണ്ട് എങ്ങനെയൊക്കെയോ പ്ലസ് ടു രണ്ടുപ്രാവശ്യം ആയിട്ടാണെങ്കിലും എഴുതിയെടുത്തു...... പിന്നീട് പഠന കാര്യമൊന്നും അവള് ചിന്തിച്ചില്ല...... നേരെ പോയി ഒരു തയ്യൽ ക്ലാസിൽ ചേർന്നു...... അതിൽ പിന്നെ അവൾ മികവ് കാണിക്കാൻ തുടങ്ങി...... ഇപ്പോൾ നാട്ടിലെ ഏറ്റവും ഫാഷനായി ചുരിദാറും ബ്ലൗസുമൊക്കെ തയ്ക്കുന്നത് കാവ്യയാണ്...... കുറച്ച് ഓർഡറുകളും ലഭിക്കുന്നുണ്ട്......

എങ്കിലും എങ്ങും പോയി ജോലി ചെയ്യാൻ ഒന്നും സാവിത്രി മക്കളെ അനുവദിക്കില്ല...... വീട്ടിലിരുന്ന് കിട്ടുന്നത് എന്താണെന്നുവെച്ചാൽ അതു മതിയെന്നാണ് സാവിത്രിയുടെ പക്ഷം...... തന്റെ കണ്ണടയുന്നതുവരെ മക്കൾ കഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് അവർ..... വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ പാലാഴിയിലെ കുടുംബ സ്കൂളിലെ കഞ്ഞിവെപ്പ് സാവിത്രിക്ക് ജോലി ആണ്.... കൂട്ടത്തിൽ പഠിക്കാൻ ഏറ്റവും മിടുക്കി കൃഷ്ണപ്രിയാണ്...... പ്ലസ്ടുവിന് 98 ശതമാനം മാർക്കോടെ ആയിരുന്നു അവൾ വിജയിച്ചത്....... ഇപ്പോൾ അവൾക്ക് ടൗണിലുള്ള ഒരു കോളേജിൽ ബിഎസ്സി കെമിസ്ട്രി അഡ്മിഷൻ കിട്ടിയിട്ടുണ്ട്...... പക്ഷേ പുസ്തകങ്ങളും പിറ്റിഎ ഫണ്ടും ഒക്കെയായി നല്ലൊരു തുക തന്നെ വേണം....... അവളെ കൊണ്ടുപോയി ചേർക്കണം എങ്കിൽ അതിനായി തന്റെ ശമ്പളം ഒന്നും തികയില്ല....... അതുകൊണ്ടാണ് മഹാശ്വറിനോട് ഈ തുക ചോദിക്കുവാൻ വേണ്ടി സാവിത്രി തീരുമാനിച്ചിരിക്കുന്നത്...... ഓരോ ചിന്തകളും ഓർത്ത് അവർ പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് മുറിയിലേക്ക് ചെന്നിരുന്നു...... ഒരു സാരി എടുത്ത് പെട്ടെന്ന് തന്നെ പോകാൻ തയ്യാറായി പുറത്തേക്കിറങ്ങിയപ്പോൾ മഴയുടെ അവശേഷിപ്പുകൾ കാണാമായിരുന്നു.....

മാനമിരുണ്ടു മൂടിക്കിടപ്പുണ്ട്, അടുത്ത മഴയ്ക്ക് എന്നത് പോലെ..... സാവിത്രി സാരി എല്ലാം ഉടുത്തു...... അപ്പോഴേക്കും അടുക്കള പെൺകുട്ടികൾ കയ്യടക്കിയിരുന്നു....... കാവ്യ ദോശ ചൂടുകയും കൃഷ്ണപ്രിയ ചമ്മന്തി ഉണ്ടാക്കുകയും ചെയ്യുന്നത് കണ്ടു ചിരിയോടെ അവർക്കരികിലേക്ക് ചെന്നപ്പോഴേക്കും അമ്മയ്ക്ക് വേണ്ടിയുള്ള ദോശയും ചമ്മന്തിയും ആയി പെൺകുട്ടികൾ അരികിലെത്തി.. .. ശേഷം ഇന്നത്തെ ദിവസത്തേക്ക് ഉള്ള നിർദ്ദേശങ്ങൾ ഓരോന്നായി സാവിത്രി അവരോട് പറയാൻ തുടങ്ങി...... " നല്ല മഴയായിരിക്കും നിങ്ങളിപ്പോൾ പുറത്തേക്ക് ഇറങ്ങാൻ പോകണ്ട...... പിന്നെ ചോരുന്നിടത്ത് ഒക്കെ ഒരു പാത്രമെടുത്ത് വെച്ചേക്കണം... ഇല്ലെങ്കിൽ പിന്നെ എല്ലാം ആകെ നനഞ്ഞു നാശമായി പോകും.... മഴ ആണ് എന്നു പറഞ്ഞു കിടന്നുറങ്ങി കളഞ്ഞേക്കരുത്..... എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോണം..... ചോറും സാമ്പാറും മെഴുക്കുപുരട്ടിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്...... രണ്ടുമൂന്ന് മുട്ട ഇരിപ്പുണ്ട് അത് പൊരിച്ചാൽ മതി...... പിന്നെ മാങ്ങ ഉപ്പിലിട്ടത് ഭരണിയിൽ ഇരിപ്പുണ്ട്..... ഞാൻ ഇല്ല എന്ന് പറഞ്ഞു പിള്ളേര് മടിച്ചിരിക്കല്ലേ..... സാവിത്രി മക്കളെ താക്കീത് ചെയ്തു.... " പിന്നെ കണ്ണനെ എങ്ങോട്ടും കളിക്കാൻ ആണെന്ന് പറഞ്ഞു വിട്ടേക്കരുത്....

ഗ്രൗണ്ടിൽ ഒക്കെ വെള്ളം കേറി കിടക്കുവാ ..... നനഞ്ഞു കുളിച്ചേ വരത്തുള്ളു.... പിന്നെ പനിയായി ആശുപത്രിയായി എനിക്ക് വയ്യ...... സാവിത്രിയുടെ വർത്തമാനം കേട്ടപ്പോൾ രണ്ടുപേർക്കും ചിരിയാണ് വന്നത്...... ദിവസവും നൽകുന്ന നിർദ്ദേശങ്ങൾ ആണ് ഇതൊക്കെ.... " അവൻ കട്ടിലിൽ കിടന്നു നല്ല ഉറക്കമാണ്..... ഞങ്ങളായിട്ട് അവനെ വിളിച്ച് ശല്യപ്പെടുത്തുന്നു പോലും ഇല്ല..... അവൻ എഴുന്നേറ്റു വരുമ്പോൾ അമ്മ പറഞ്ഞിട്ടുണ്ട് എന്ന് ഞങ്ങൾ പറഞ്ഞോളാം.... പോരെ.....? ചിരിയോടെ കാവ്യ പറഞ്ഞു.... " ആ ഞാൻ വൈകുന്നേരം ഇത്തിരി നേരത്തെ വരും...... ഒന്നാമത്തെ മഴ...... പെട്ടെന്ന് സന്ധ്യ ആവും..... ഞാൻ വന്നിട്ട് ഒരുങ്ങാൻ നിൽക്കേണ്ട.... കിച്ചു നീ ഞാൻ വരുമ്പോഴേക്കും നീ ഒരുങ്ങിയിരുന്നോണം..... നാളെ നിനക്ക് കോളേജിൽ പോകേണ്ടതല്ലേ....? എന്തൊക്കെയാണ് അത്യാവശ്യം വാങ്ങേണ്ടത് എന്ന് വെച്ച് അതൊക്കെ കവലയിൽ നിന്ന് വാങ്ങാം കേട്ടോ...... അപ്പോഴേക്കും അവൾ തലയാട്ടി സമ്മതിച്ചിരുന്നു......... മഴ വരും മുൻപ് അവർ മെല്ലെ യാത്ര പറഞ്ഞു ഇറങ്ങി..... 🌻🌻🌻🌻🌻

വൈകുന്നേരം കൃത്യമായി ജോലികളെല്ലാം ഒതുക്കിയതിനുശേഷം നേരെ മഹാശ്വേറിന്റെ മുറിയിലേക്കാണ് ചെന്നത്...... അവർ ചെല്ലുമ്പോഴേക്കും മഹേശ്വർ തിരക്കിട്ട എന്തോ ജോലി ലാപ്ടോപ്പിൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു........ കൈകൾ എല്ലാം വൃത്തിക്ക് ഒന്നുകൂടി തുടച്ചതിനുശേഷം മഹേഷ്വറിന്റെ അരികിലേക്ക് ചെന്നു...... പാലാഴി തറവാടിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയിലാണ് മഹേഷ്വറിന്റെ ഇരുപ്പ്...... മഹാദേവന്റെ അതെ ഗൗരവം ആണ് ..... ലൈറ്റ് റോസ് കളർ ഉള്ള ഷർട്ടും അതിനു ചേരുന്ന ലൈറ്റ് റോസ് കരയുള്ള മുണ്ടും ആണ് വേഷം..... തലയിലും താടിയിലും ഒക്കെ അങ്ങിങ്ങായി ചെറിയ വെള്ളി രോമങ്ങൾ എടുത്തു കാണാൻ സാധിക്കും....... ആകപ്പാടെ ഒരു സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ആണ് ആൾക്ക്...... പക്ഷേ സൗന്ദര്യം എടുത്തു പറയേണ്ടത് തന്നെയാണ്..... നാൽപതുകളിൽ ആണ് എങ്കിലും ഒറ്റനോട്ടത്തിൽ മുപ്പത്തിയഞ്ചിൽ കൂടുതൽ പറയില്ല..... " കുഞ്ഞേ....... സാവിത്രി വിളിച്ചപ്പോഴേക്കും മഹേശ്വർ തലയുയർത്തി നോക്കിയിരുന്നു... അയാളുടെ മുഖത്ത് സ്ഥായിയായ ഉണ്ടാകുന്ന പുഞ്ചിരി ആ നിമിഷം ചൊടിയിൽ ഇടംപിടിച്ചിരുന്നു ... സാവിത്രിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "

എന്താ സാവിത്രി ചേച്ചി.. നിറഞ്ഞ പുഞ്ചിരിയോടെ തന്നെ മഹേശ്വർ തിരക്കി..... "ഒന്നുമില്ല കുഞ്ഞേ ഞാൻ പറഞ്ഞില്ലേ, ഇളയവൾ കോളേജിലേക്ക് പഠിക്കാൻ പോവാ...... എനിക്ക് വേറെ നീക്കിയിരിപ്പ് ഒന്നുമില്ല എന്ന് കുഞ്ഞിന് അറിയാമല്ലോ..... മാസാമാസം കിട്ടുന്ന ശമ്പളം അല്ലാതെ എനിക്ക് മറ്റു സമ്പാദ്യം ഒന്നും ഇല്ല...... കുറച്ച് കാശ് ഉണ്ടായിരുന്നെങ്കിൽ...... കുറച്ച് കുറച്ച് ശമ്പളത്തിൽ നിന്നും പിടിച്ചാൽ മതി..... പ്രയാസപ്പെട്ട് ആയിരുന്നു ആയമ്മ അത്രയും പറഞ്ഞ് ഒപ്പിച്ചത്.... " ഇത് ചോദിക്കാൻ ആണോ ചേച്ചി ഇത്രയും ബുദ്ധിമുട്ടിയത്...... ഒന്നുമല്ലെങ്കിലും നാലക്ഷരം പഠിക്കുന്നതിനു വേണ്ടി അല്ലേ സാവിത്രി ചേച്ചി...... കുട്ടികൾ പഠിക്കട്ടെ ... നമുക്ക് ആവശ്യം അത് അല്ലേ.... അവൾ പഠിച്ച് നല്ലൊരു നിലയിലെത്തുകയാണെങ്കിൽ ചേച്ചിക്കും കുടുംബത്തിനും അതൊരു ആശ്വാസം അല്ലേ......? ഇത് ഇപ്പൊൾ ചേച്ചി കണക്കിൽ കൂട്ടുക ഒന്നും വേണ്ട.....! ഡ്രോയർ തുറന്ന് കുറച്ച് കാശ് എടുത്ത് അവരുടെ കൈകളിലേക്ക് വച്ചുകൊണ്ട് മഹേശ്വർ പറഞ്ഞു..... അവരുടെ മനസ്സ് ആ നിമിഷം തന്നെ നിറഞ്ഞിരുന്നു........ ഒപ്പം കണ്ണുകളും...... 🌻🌻🌻🌻

വൈകുന്നേരം പറഞ്ഞതുപോലെ തന്നെ റെഡി ആയി നിന്നിരുന്നു കൃഷ്ണപ്രിയ....... നേരത്തേ പോവാൻ വേണ്ടിയായിരുന്നു സാവിത്രി അങ്ങനെ പറഞ്ഞത് എന്ന് കൃഷ്ണപ്രിയക്ക് അറിയാമായിരുന്നു...... സാവിത്രി വന്ന് ചായ കുടിച്ചതിനുശേഷം ഇരുവരും കവലയിലേക്ക് പോകുന്നതിനായി തീരുമാനിച്ചു... "അമ്മേ ഇതൂടി വച്ചോ.....? തൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു 1200 രൂപ അമ്മയുടെ കൈകളിൽ വച്ചു കൊടുത്തു കൊണ്ട് കാവ്യ പറഞ്ഞു...... ഇത് എന്തിനാണെന്ന് ഭാവത്തിലായിരുന്നു കൃഷ്ണപ്രിയ അവളെ നോക്കിയത്..... " അമ്മയുടെ കയ്യിൽ കാശ് ഒന്നും ഉണ്ടാവില്ലല്ലോ..... നിനക്ക് എന്തെങ്കിലുമൊക്കെ വാങ്ങണ്ടേ...... കോളേജിലേക്ക് അല്ലേ പോകുന്നത്...... സ്കൂളിൽ പഠിക്കുന്ന പോലെ അല്ലല്ലോ ഒരുപാട് കുട്ടികൾ ഒക്കെ ഉണ്ടാവും...... അത്യാവശ്യമുള്ള സാധനങ്ങൾ എങ്കിലും വാങ്ങണ്ടേ അമ്മേ...... ഇത്രയേ എൻറെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ..... കാവ്യയുടെ മറുപടികേട്ടപ്പോൾ രണ്ടുപേർക്കും ഒരുപോലെ വിഷമം ആയിരുന്നു....... "മോളെ അത് നിൻറെ കയ്യിൽ തന്നെ ഇരിക്കട്ടെ...... തത്കാലം, എൻറെ കയ്യിൽ കാശ് ഉണ്ട്....... ആവശ്യം കഴിഞ്ഞാൽ അധികം ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്....... സാവിത്രി സാരിതലപ്പു കൊണ്ട് മുഖം തുടച്ചു പറഞ്ഞു...

"മഹേശ്വർ സർ തന്നോ അമ്മേ.... കാവ്യ ചോദിച്ചു... "തന്നു മോളെ.... ബാക്കി ഉണ്ടെങ്കിൽ അടുത്ത വർഷത്തെ ഇവളുടെ പഠിത്തതിന് വേണ്ടി പോസ്റ്റ്‌ ഓഫീസിൽ ഇടാം.... അത്രയും പറഞ്ഞ് ഇരുവരും കവലയിലേക്ക് തന്നെ തിരിച്ചു..... തിരിച്ചുവന്നപ്പോൾ കണ്ണനും കാവ്യയ്ക്കും വേണ്ടി കുറച്ച് എണ്ണ പലഹാരങ്ങളും വാങ്ങി കൊണ്ടുവന്നു...... കണ്ണൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്.... നാമജപങ്ങള് ഭക്ഷണവും ഒക്കെയായി ആ ദിവസം കടന്നു പോയി...... വലിയ സന്തോഷത്തോടെ ആയിരുന്നു കൃഷ്ണപ്രിയ ഉറങ്ങാൻ കിടന്നിരുന്നത്....... ഒരുപാട് പഠിക്കണം ഒരു ടീച്ചർ ആവണം എന്നൊക്കെ ആയിരുന്നു അവളുടെ ആഗ്രഹം..... പക്ഷേ അച്ഛൻറെ മരണശേഷം ഇനി പഠിക്കാൻ പറ്റുമോ എന്ന് പോലും അവൾക്കു പ്രതീക്ഷയുണ്ടായിരുന്നില്ല...... പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം...... അങ്ങനെയാണെങ്കിൽ പഠിക്കാൻ തനിക്ക് വഴി തുറക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു..... നന്നായി തന്നെ പഠിച്ചു...... പ്രതീക്ഷിച്ചത് പോലെ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി...... പിന്നീട് ഭീഷണിയായി നിന്നത് മറ്റു ചിലവുകളും ഒക്കെ ആയിരുന്നു.. . അത് എങ്ങനെയെങ്കിലും നമുക്ക് നോക്കാം എന്ന് അമ്മ ആത്മവിശ്വാസം നൽകിയതോടെ പഠനം എന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുകയായിരുന്നു..... ഓർമ്മവച്ച കാലം മുതൽ ഈ പട്ടിണിയും പ്രാരാബ്ധവും കണ്ടാണ് വളർന്നത്......

ഒരിക്കലെങ്കിലും അമ്മയെയും വീട്ടുകാരെയും രക്ഷപ്പെടുത്താൻ തനിക്ക് സാധിക്കണമെന്ന് മാത്രമേ ഇന്നോളം പ്രാർത്ഥിച്ചിട്ടുള്ളൂ..... അച്ഛൻറെ ആഗ്രഹം ആയിരുന്നു താൻ ജോലിക്കാരിയായി കാണണം എന്ന്......... പക്ഷേ ആ ആഗ്രഹം സഫലീകരിക്കാതെ ഇടയിൽ വച്ച് അച്ഛൻ അങ്ങുപോയി....... ഇനിയുള്ള ആഗ്രഹം അമ്മയ്ക്ക് നല്ലൊരു ജീവിതം നൽകുക എന്നുള്ളതാണ്...... അമ്മയും അച്ഛനും തങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടത് ഒക്കെ അടുത്തറിഞ്ഞവരാണ്..... അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു...... അപ്പോൾ തന്നെ ഈ നിമിഷം അച്ഛൻ തന്റെ ഒപ്പമുണ്ടാകുമെന്ന് അച്ഛൻറെ അനുഗ്രഹം ഈ നിമിഷം തന്നെ വലയം ചെയ്യും എന്ന് അവൾക്ക് ഉറപ്പായിരുന്നു...... പുതിയൊരു ജീവിതത്തെക്കുറിച്ച് മാത്രമേ അവൾ സ്വപ്നം കണ്ടിരുന്നുള്ളൂ...... പഠിച്ചു ജോലി നേടി കഷ്ടപ്പാടുകൾ ഒക്കെ മാറുന്ന ഒരു ജീവിതം..... അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല നാളെമുതൽ അവളുടെ ജീവിതത്തിൽ പുതിയൊരു തുടക്കം ഉണ്ടാവാൻ പോവുകയാണ് എന്ന്..... അവൾ പോലുമറിയാതെ അവളുടെ ജീവിതം മാറിമറിയാൻ തുടങ്ങുകയാണ് എന്ന്...... കാത്തിരിക്കൂ ....🌻 ക്‌ളീഷെ പ്രണയകഥ ആണുട്ടോ....ഒരു പുതുമയും ഇല്ല ചുമ്മാ എന്റെ ശൈലിയിൽ എഴുതുന്നു എന്ന് മാത്രം.... ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി.

Share this story