സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 11

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആ മുഖത്തെ ആകുലതകൾ കുറച്ച് അകലുന്നതായി അവൻ അറിയുന്നുണ്ടായിരുന്നു........ വീണ്ടുമൊരു കൗതുകത്തോടെ അതിലേറെ പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു...... മറ്റൊന്നിനു വേണ്ടി ആയിരുന്നില്ല, അവളുടെ സമ്മതം എന്ന മറുപടിക്ക് വേണ്ടി മാത്രം.... " എന്ത് കാരണം കൊണ്ടാണ് സാർ ഞാൻ സാറിനെ ഇഷ്ടമല്ല എന്ന് പറയുന്നത്......? പ്രണയമെന്നോ അല്ലെങ്കിൽ അതിനുമപ്പുറം എന്തെന്ന് ഒന്നുമറിയാത്ത ഒരു തരം ഇഷ്ടമാണ് എനിക്ക് സാറിനോട് ഉള്ളത്........എൻറെ കൗമാരസ്വപ്നങ്ങൾ ചിറകടിച്ചുയർന്ന കാലം മുതൽ എൻറെ മനസ്സിൽ ആരാധിച്ചിരുന്ന ഒരാൾ, ഞാൻ ഏറെ ആഗ്രഹിച്ച ഒരു ചോദ്യം എന്നോട് ചോദിക്കുമ്പോൾ ഞാൻ എന്താ മറുപടി പറയുന്നത്.....? പക്ഷേ....... " സ്റ്റോപ്പ്‌.....!! നമുക്കിടയിൽ ഈ പക്ഷെയുടെ ആവശ്യമില്ല കൃഷ്ണപ്രിയ....... കൈയ്യ് ഉയർത്തി അവൻ തടഞ്ഞു.... " ഇപ്പോൾ എൻറെ മുൻപിൽ താൻ തുറന്നു കാണിച്ചത് തൻറെ മനസ്സാണ്..... അതിനപ്പുറം ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം മറ്റൊന്നും ലഭിക്കാനില്ല...... ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിന്റെ സ്നേഹത്തിനോളം ഒരു പുരുഷനെ കീഴ്പ്പെടുത്താൻ ഈ ലോകത്തിൽ മറ്റൊന്നിനും സാധിക്കില്ല....... ഒരു പെണ്ണിൻറെ സ്നേഹത്താൽ കീഴ്പ്പെടാത്ത ഒരു പുരുഷ മനസ്സും ഇന്നോളം ഈ ലോകത്തിൽ പിറവി എടുത്തിട്ടില്ല........

തൻറെ പ്രണയം സത്യം ആയിരുന്നു, അതുകൊണ്ടാണ് ആദ്യകാഴ്ചയിൽ തന്നെ എനിക്ക് അത്‌ മനസ്സിലാക്കാൻ സാധിച്ചതും........ പെട്ടെന്ന് അപ്പുറത്തെ ഏതോ ഒരു കോളേജിൽ നിന്നും ഒരു ഗാനം കേട്ടിരുന്നു...... 🎶പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...🎶 ചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മിഴികളും അവനെ അഭിമുഖീകരിക്കാൻ ആവാതെ താഴ്ന്ന് പോയിരുന്നു....... " തനിക്കും പേടി ആയിരുന്നു പറയാൻ അല്ലേ.....? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു...... " ആയിരുന്നു എന്ന് അല്ല സർ, ഇപ്പോഴും എനിക്ക് പേടിയാണ്...... സാറിനോട് ഇങ്ങനെ പറയുമ്പോഴും ഇതിനെപ്പറ്റി ആലോചിക്കുമ്പോൾ, ഒരിക്കലും ഒരിക്കലും ഒരു സാധ്യതയുമില്ലാത്ത ഒരു കാര്യം...... അതിന് വേണ്ടി ഞാൻ സ്വപ്നങ്ങൾ കാണുന്നത് ശരിയല്ല എന്ന് ഇപ്പോഴും മനസ്സിലിരുന്ന് പറയാ...... അവളുടെ കണ്ണിൽ പോലും ഭയം ഓളം വെട്ടി.... " ആ ടോപ്പിക്ക് വിടു കൃഷ്ണപ്രിയ....!!എനിക്ക് തന്നെ ഇഷ്ട്ടം ആയി ...

. അവന്റെ ആ വാക്കിൽ അവളുടെ ഹൃദയം ഒന്ന് തുടിച്ചു.... എൻറെ സ്നേഹത്തിൽ തനിക്ക് വിശ്വാസ കുറവുണ്ടോ.....? ഞാൻ തന്നെ പറ്റിക്കും എന്നൊരു ഭയം തന്നിൽ ഉണ്ടോ......?ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയണം........ അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു ... " അയ്യോ സാറെന്നെ പറ്റിക്കും എന്ന് ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല, അങ്ങനെയല്ല .... അരുതാത്തത് എന്തോ കേട്ടപോലെ അവൾ പറഞ്ഞു... " അങ്ങനെ അല്ലെങ്കിൽ മറ്റൊരു ചിന്തകളും ആകുലതകളും തന്നെ അലട്ടണ്ട ആവശ്യമില്ല ........ ഈ നിമിഷം മുതൽ ചിതയിൽ എരിയുന്ന നിമിഷം വരെ എൻറെ മനസ്സിൽ എൻറെ പെണ്ണ് താൻ മാത്രമായിരിക്കും....... മറ്റാരും ഇനി എൻറെ ജീവിതത്തിലേക്ക് വരില്ല, അവളുടെ കരങ്ങളിൽ പിടിച്ച് അവൻ ഉറപ്പു നൽകിയപ്പോൾ ഒരു നിമിഷം അവൾ പിടഞ്ഞു പോയിരുന്നു....... സ്വപ്നമാണോ സത്യമാണോ എന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം അവൾ....... " ഹാപ്പി.....?? പുരികം ഉയർത്തി അവൻ ചോദിച്ചപ്പോൾ അറിയാതെ തലയനക്കി പോയവൾ.... " സമയം ഒരുപാടായി നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ......?എനിക്ക് നല്ല വിശപ്പ്..... വയർ തടവി അവൻ പറഞ്ഞപ്പോഴാണ് അവൾ യാഥാർത്ഥ്യത്തിലേക്ക് വന്നത്.....

" എനിക്ക് ഒന്നും വേണ്ട, സാർ കഴിച്ചോളൂ....... എന്നെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി..... " ഇനി അങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ലല്ലോ...... അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴും അവളുടെ ഉള്ളിൽ ഒരു വല്ലാത്ത ഭയം കൂടിയിരുന്നു ....... താൻ ഏറെ ആഗ്രഹിച്ച ഒരു കാര്യം താൻ പോലും പ്രതീക്ഷിക്കാതെ തന്റെ കയ്യിൽ വന്ന സന്തോഷവും അവളുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു...... ഡ്രൈവിങ്ങിൽ ആണ് അവൻറെ ശ്രദ്ധ, ഇടയ്ക്കിടെ പാളി അവൾ അവനെ നോക്കുന്നുണ്ടായിരുന്നു...... വല്ലാത്ത തീക്ഷ്ണതയുള്ള കണ്ണുകൾ ആണ് അവൻറെ, ആ കണ്ണുകൾ ഒരു കാന്തം പോലെ തന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നത് ആയി അവൾക്ക് തോന്നിയിരുന്നു....... നല്ല ഭംഗിയുള്ള പുരികങ്ങളും നീണ്ട മൂക്കും ഒരു സൗന്ദര്യം തന്നെയാണ്...... " കൃഷ്ണപ്രിയ എന്നെ സ്കാൻ ചെയ്യുകയാണോ .....? കൊങ്കണ്ണ് പിടിക്കും, നേരെ നോക്കിക്കോളൂ...... തൻറെ സൗന്ദര്യത്തിന് ഞാൻ പോരാ എന്ന് തോന്നുന്നുണ്ടോ.......? തമാശയോടെ അവളെ ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അത്‌ പറഞ്ഞപ്പോഴേക്കും അവൾക്ക് വല്ലാത്ത ജാള്യത തോന്നിയിരുന്നു........

ആ നിമിഷമാണ് താൻ ഈ നിമിഷം വരെ അവനെ നോക്കിയിരിക്കുകയായിരുന്നു എന്ന് അവൾ ഓർത്തത്..... " ഞാൻ വെറുതെ..... അവൾ ചമ്മൽ മറച്ചു പറഞ്ഞു... "അതിനെന്താ വ്യക്തമായി നോക്കിക്കോളു, മാര്യേജ് എന്നൊക്കെ പറയുമ്പോൾ ലൈഫ് ലോങ്ങ്‌ ഉള്ള റിലേഷൻ ആണ്, അതിൽ പാർട്ണറുടെ ബാഹ്യസൗന്ദര്യവും ഒരു ഇമ്പോർടന്റ്റ്‌ ഫാക്ട് ആണ്.. ഒരു ചൈനീസ് റസ്റ്റോറൻറ് മുൻപിൽ അവൻ വണ്ടി നിർത്തിയപ്പോൾ അവൾ പകച്ച് അവനെ നോക്കി...... " ഭക്ഷണം കഴിക്കണ്ടേ.....?? അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൻ പറഞ്ഞു..... അവൻ തന്നെ അവൾക്ക് ഡോർ തുറന്നു കൊടുത്തിരുന്നു......അവൾക്ക് ഒരു വല്ലാത്ത ഭയം തോന്നി, ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ...... അവനെ അനുഗമിക്കുപ്പോൾ പോലും അവൾക്ക് വല്ലാത്തൊരു ഭയം തോന്നിയിരുന്നു....... ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു ഹോട്ടലിലേക്ക് താൻ കയറുന്നത് തന്നെ, അങ്ങനെ പുറത്തുനിന്നും അച്ഛൻ മരിച്ചതിനുശേഷം ഭക്ഷണം കഴിച്ചിട്ട് കൂടിയില്ല...... അവളുടെ അങ്കലാപ്പും ഭയവും പരിഭ്രമം നിറഞ്ഞ കണ്ണുകളും ഒക്കെ കണ്ടിട്ടാവണം അവൻറെ കൈകൾ പെട്ടെന്ന് തന്നെ അവളുടെ കൈകളിൽ കൊർത്തിരുന്നു...... തന്നോട് ചേർത്തു തന്നെയാണ് അവൻ അവളെയും കൊണ്ട് റസ്റ്റോറന്റിൽ കയറിയത്..... ഒരു നിമിഷം കൈകൾ വിടണോ എന്ന് സംശയം തോന്നി അവൾക്ക്, എങ്കിലും അവളുടെ ഉപബോധമനസ്സ് അത് ആഗ്രഹിച്ചിരുന്നില്ല......

ബുദ്ധി പറഞ്ഞുവെങ്കിലും മനസ്സ് കേട്ടിരുന്നില്ല എന്നതായിരുന്നു സത്യം, രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന ഒരു കോർണറിലേക്ക് ഇരുന്ന് കഴിഞ്ഞപ്പോഴേക്കും, ഒരു വെയിറ്റർ കൊണ്ടുവന്ന് മെനു കാർഡ് നൽകി...... അവൻ അതിലേക്ക് കണ്ണുകൾ ഓടിച്ച് അലസമായി അവളോട് ചോദിച്ചു..... " തനിക്ക് എന്താണ് ഇഷ്ടപ്പെട്ട ആഹാരം.......? എന്തു മറുപടി പറയണമെന്നറിയാതെ അവൾ ദയനീയമായി അവനെ നോക്കുകയായിരുന്നു ചെയ്തിരുന്നത്...... " ഞാനങ്ങനെ പുറത്തുനിന്നും ഭക്ഷണം കഴിച്ചിട്ടില്ല...... അതുകൊണ്ട് എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല....... പണ്ട് അച്ഛൻ ഉണ്ടായിരുന്ന കാലത്ത് പുറത്തുനിന്നും വാങ്ങുമായിരുന്നു...... നമ്മുടെ രാഘവേട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും ഇറച്ചിക്കറിയും ഒക്കെ വാങ്ങിയിട്ട് വരും, ഞങ്ങളെല്ലാവരുംകൂടി അത് കഴിക്കും..... അല്ലാതെ അങ്ങനെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചു എനിക്ക് പരിചയം ഇല്ല........ അതുകൊണ്ട് എനിക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല...... നിഷ്കളങ്കമായി പറയുന്നവളെ നോക്കിയപ്പോൾ അവന് വാത്സല്യമാണ് തോന്നിയത്..... " പൊറോട്ടയും ഇറച്ചിയും ഒന്നും ഇവിടെ കിട്ടില്ല...... ഇത് ചൈനീസ് റസ്റ്റോറൻറ് ആണ്, മറ്റെന്തെങ്കിലും പറയാം.......

തൽക്കാലം എനിക്കിഷ്ടപ്പെട്ടത് പറയാം ...... അവൻ പറഞ്ഞു... അവൾ തലയാട്ടി..... അവൻ തന്നെ രണ്ട് ചിക്കൻ ന്യൂഡിൽസ് പറഞ്ഞിരുന്നു...... റസ്റ്റോറന്റിലെ അലങ്കാര കാഴ്ചകളിലേക്കും ലൈറ്റുകളിലേക്കും ഒക്കെയായി അവളുടെ ശ്രദ്ധ...... അവളുടെ കൗതുകത്തോടെ ഉള്ള നോട്ടം കണ്ടപ്പോൾ തന്നെ അവൾ ഇങ്ങനെ ഒരു സ്ഥലത്ത് ആദ്യമായാണ് എന്ന് അവന് മനസ്സിലായിരുന്നു..... ഒരു നിമിഷം അവന് ചെറിയ സഹതാപം തോന്നിയിരുന്നു...... പെട്ടെന്ന് മാനസിയുടെ കാര്യമാണ് അവന് ഓർമ വന്നത്, പുറത്തെവിടെയെങ്കിലും പോകണം എന്ന് പറയുമ്പോൾ തന്നെ താനോ ചേട്ടനോ അവളെയും കൊണ്ട് വിലകൂടിയ ഏതെങ്കിലും ഒരു റസ്റ്റോറൻറ് പോയി അവൾക്കിഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കും...... പക്ഷേ ഇങ്ങനെ ചിലരും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടല്ലോ എന്നോർത്തപ്പോൾ അവന് സങ്കടം തോന്നി....... അവൾ പറഞ്ഞതുപോലെ അവളുടെ അച്ഛൻ ഉണ്ടായിരുന്ന കാലത്ത് അവൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെ വാങ്ങി കൊടുത്തിരുന്നു...... അച്ഛൻ ഇപ്പോൾ ഇല്ല..... ഇങ്ങനെയുള്ള ചില സ്ഥലങ്ങൾ ഉണ്ടെന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് അവൾ ചെന്നുപെട്ടു......

അവന് വല്ലാത്ത സഹതാപം അവളോട് തോന്നിയിരുന്നു, കുറച്ച് സമയം അവളുടെ മുഖത്തേക്ക് തന്നെ താടി കയ്യിൽ ഊന്നി അവൻ നോക്കിയിരുന്നു...... അപ്പോഴേക്കും ഭക്ഷണവും എത്തിയിരുന്നു, സ്പൂണും ഫോർക്കും ഒന്നും വെച്ച് കഴിക്കുവാൻ അവൾക്ക് അറിയില്ല എന്ന് അവന് അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു...... അവൻറെ മുഖത്തേക്ക് നോക്കുന്നവളുടെ മുഖത്ത് എന്തോ സംശയം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ അവളുടെ മുഖത്തേക്ക് എന്ത് എന്ന അർത്ഥത്തിൽ നോക്കി...... " അല്ല കൈകഴുകാൻ..... " എടോ ഇത് സ്പൂൺ ഉപയോഗിച്ച് കഴിക്കുന്നത് ആണ്, അതുകൊണ്ട് കൈ കഴുകേണ്ട കാര്യമില്ല..... നിർബന്ധമാണെങ്കിൽ അവിടെയാണ് വാഷ് റൂം, അവർ ഇരുന്നതിന് കുറച്ച് അപ്പുറത്തെ സ്ഥലം കാണിച്ചു കൊടുത്തു, അവൾ അവിടേക്ക് പോയി കൈകൾ വൃത്തിയായി കഴുകി...... അതിനുശേഷം ഭക്ഷണത്തിൻറെ അരികിലേക്ക് വന്നിരുന്നു, അത്‌ ഒന്നും വെച്ച് കഴിക്കുവാൻ അവൾക്ക് അറിയില്ല...... അതുകൊണ്ട് തന്നെ കൈ വച്ച് ആയിരുന്നു ഭക്ഷണം കഴിച്ചു തുടങ്ങിയത്..... അത്‌ കണ്ടപ്പോൾ അവനും കൈകഴുകി അങ്ങനെ തന്നെ കഴിക്കാൻ തുടങ്ങി......

നിഷ്കളങ്കമായ അവളുടെ ഓരോ പ്രവർത്തികളും അവനിൽ ഒരു പ്രത്യേകത ഉണർത്തുന്നുണ്ടായിരുന്നു........ അവളോടെ അവനെ കൂടുതൽ അടുത്ത് നിർത്തുവാൻ അത് സഹായിക്കുന്നുണ്ടായിരുന്നു..... അവൾക് ഭക്ഷണം കഴിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ട് എന്ന് തോന്നിയിരുന്നു, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ പാളി തന്നെ നോക്കുന്നുണ്ട്..... കഴിക്കുന്നത് ന്യൂഡിൽസ് ആയതുകൊണ്ട് തന്നെ അത് കഴിക്കാൻ സാധിക്കുന്നുമില്ല, അതിൻറെ ഒരു നാണവും മുഖത്ത് കാണാവുന്നതാണ്...... പെണ്ണ് ഒരു തനി നാട്ടിൻപുറത്തുകാരി തന്നെയാണ്, ചിരിയോടെ അവളെ ഗൗനിക്കാതെ അവൻ ഭക്ഷണം കഴിച്ച് വേഗം കൈകൾ കഴുകിയിരുന്നു..... ശേഷം വീണ്ടും അവനോടൊപ്പം നടക്കുമ്പോൾ അവൾക്ക് വീണ്ടും ആ പഴയ പരിഭ്രമവും ഒക്കെ വന്നിരുന്നു..... കാറിലേക്ക് കയറിയതിനുശേഷം അവൻ ബാക്ക് സീറ്റ് തുറന്നു രണ്ടുമൂന്ന് കവറുകൾ എടുത്ത് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു...... അതിനുശേഷം വീണ്ടും വന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..... " ഞാൻ വാങ്ങിയതാ തനിക്ക് വേണ്ടി...... ഇനിയിപ്പോ ആരുടെയും പഴയ ഡ്രസ്സ് ഇട്ട് എന്റെ പെണ്ണ് കൊച്ചാവണ്ട..... എന്ത് കാര്യം ഉണ്ടേലും എന്നോട് പറഞ്ഞോ....!! ഇനി തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി..... അതിന് നാണകേട് ഒന്നും വിചാരിക്കണ്ട, ഞാൻ സ്വന്തം ആണെന്ന് തോന്നുകയാണെങ്കിൽ മാത്രം പറഞ്ഞാൽ മതി......

ഞാൻ കഷ്ട്ടപെടുന്നത് തനിക്ക് കൂടി വേണ്ടിയാണ് എന്ന് ഓർത്താൽ മതി, ബികോസ് ഈ സൂര്യകാന്തി എൻറെ സ്വന്തമാണ്....... അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അത്ഭുതം തോന്നി അവൾക്ക്.... " സാറേ... " ഇതൊന്നും വേണ്ട, വീട്ടിലറിഞ്ഞാൽ എന്തു വിചാരിക്കും.....? ഞാനിതെങ്ങനെ വീട്ടിൽ കൊണ്ടു പോകും എന്നൊക്കെ അല്ലേ പറയാൻ പോകുന്നത്.....? എന്തോ പറയാൻ തുടങ്ങിയ അവളെ പറയുന്നതിന് മുൻപേ അവൻ തടഞ്ഞു..... താൻ പറയാൻ തുടങ്ങിയ കാര്യം തന്നെ അക്ഷരംപ്രതി ശരിയായി അവൻ പറയുന്നത് കേട്ടപ്പോൾ അവൾ വാ പൊളിച്ചിരുന്നു പോയിരുന്നു..... " പ്രിയ., സഹതാപത്തിന്റെ പുറത്ത് തരണത് അല്ലടോ, എൻറെ അവകാശത്തിന്റെ പുറത്ത് തരുന്നത് ആണ് എന്ന് വിചാരിച്ചാൽ മതി..... ആരുടെ മുമ്പിലും നാണംകെട്ടു നിൽക്കണ്ട താൻ, അതിൽ എനിക്കാണ് വേദന.... അതുകൊണ്ട് തന്നെ തനിക്ക് ആവശ്യമുള്ളതൊക്കെ വാങ്ങി തരേണ്ടത് ഈ നിമിഷം മുതൽ എൻറെ കടമയല്ലേ പ്രിയാ.....? പെട്ടെന്ന് അവൻ കൃഷ്ണപ്രിയ എന്നുള്ള നീട്ടി വിളി മാറ്റി പ്രിയ എന്ന് ആക്കിയത് അവൾ ശ്രദ്ധിച്ചിരുന്നു....... അതിൽ അവളുടെ മുഖവും ഒന്ന് പ്രകാശിച്ചത് അവൻ കണ്ടിരുന്നു..... പെട്ടെന്ന് തന്നെ അവൻറെ മുഖത്ത് ഒരു ചിരി വിടർന്നു..... " അമ്മയോട് ഞാൻ എന്തുപറയും......? " അമ്മയോട് കള്ളം പറയുന്നത് വിഷമാണെങ്കിൽ ഞാൻ വാങ്ങി തന്നതാണ് തന്നെ പറഞ്ഞോളൂ....

ഉറച്ച ശബ്ദത്തിലായിരുന്നു അവൻ പറഞ്ഞത്, ഭയന്നു ഇരിക്കുന്ന പെണ്ണിനെ കണ്ട് അവന് ചിരി വന്നു പോയിരുന്നു..... ചിരിച്ചുകൊണ്ടുതന്നെ അവളുടെ മുഖത്തേക്ക് നോക്കി.... " എന്തുപറ്റി....?? " അമ്മയോട് ഞാൻ എങ്ങനെയാ പറയാ സർ വാങ്ങി തന്നതാണെന്ന്...... " അത് എങ്ങനെ വേണമെങ്കിലും പറയാലോ, ഇപ്പൊൾ ഒരു എക്സാമ്പിൾ മാനസ എൻറെ കയ്യിൽ തന്നു വിട്ടതാണെന്ന്, ഞാൻ തൻറെ കയ്യിലേക്ക് കൊണ്ടുവന്ന് തന്നതാണ് എന്നോ, അങ്ങനെ എന്തെങ്കിലും ഒരു കള്ളം..... " സീതമ്മയോട് പറഞ്ഞാലോ.....? " ഓർത്തു വച്ച് തൻറെ അമ്മ അമ്മയോട് പറയാൻ ഒന്നും പോകുന്നില്ല, ഇനി അമ്മയോട് പറഞ്ഞാലും അമ്മ എന്നോട് ചോദിക്കും, അവളോട് ചോദിക്കാൻ ഒന്നും പോവില്ല..... ആ വിഷയം ഞാൻ ഹാൻഡിൽ ചെയ്താൽ പോരേ....? " ഞാൻ കാരണം സാറിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ....? അപ്പോഴും അവളുടെ ആകുലത തന്നെ കുറിച്ചാണ് എന്ന് ഓർത്തപ്പോൾ വീണ്ടും ആ പെണ്ണിൻറെ നിഷ്കളങ്കമായ പ്രണയം കണ്ടു അവൻ അത്ഭുതപ്പെട്ടു പോവുകയായിരുന്നു..... " പിന്നെ പ്രിയ ഒരു കാര്യം എനിക്ക് ഒട്ടും ഇഷ്ടമല്ല... വളരെ ഗൗരവത്തോടെ അവൻ അത് പറഞ്ഞപ്പോൾ എന്താണ് എന്ന് ഭയന്ന് അവൾ അവന്റെ മുഖത്തേക്ക് നോക്കി..... " തൻറെ ഒരു സ്വഭാവം , നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടു, ഇഷ്ടമാണെന്ന് രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറയുകയും ചെയ്തു..... എന്നിട്ടും തൻറെ ഒരു സ്വഭാവം എനിക്ക് തീരെ ഇഷ്ടം ആവുന്നില്ല...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story