സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 14

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൻ സമ്മാനിച്ച ഒരു പ്രത്യേകതരം മായിക ലോകത്ത് ആയിരുന്നവൾ..... ആരാണോ തന്നോട് ഏറ്റവും കൂടുതൽ സംസാരിക്കണം എന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളത്, ആ ഒരാൾ തന്നെ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്..... അവൾ ഒരു നൂറുവട്ടം കൃഷ്ണന് നന്ദി പറഞ്ഞു..... കോളേജിലേക്ക് എത്തി എങ്കിലും പഠന ഭാഗങ്ങളിലേക്ക് ഒന്നും മനസ്സ് ചെന്നില്ല..... പലവട്ടം നിയന്ത്രിച്ച് അവൾ മനസ്സിനെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും വിഫല ശ്രമങ്ങളായിരുന്നു...... എത്ര പറഞ്ഞാലും അവന്റെ അരികിലേക്ക് മനസ്സ് പായുകയാണ് അനുസരണ ഇല്ലാതെ..... അത്ര മാത്രം നിറഞ്ഞുനിൽക്കുകയാണ് ആ ഒരുവൻറെ സാന്നിധ്യം..... ഇത്രകാലം അവയൊക്കെ മനസ്സിനുള്ളിൽ താൻ താലോലിച്ചു വെച്ചിരുന്ന തന്റെ പ്രിയപ്പെട്ട ഓർമ്മകൾ മാത്രമായിരുന്നു..... എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അതിനൊരു അവകാശി വന്നിരിക്കുന്നു..... അറിയാതെ അവളുടെ ഒരു ചെറു പുഞ്ചിരി തിളങ്ങി..... 🌻🌻🌻റിൻസി 🌻🌻🌻

ഓഫീസിൽ എത്തിയവനും വേറൊരു ലോകത്തിൽ തന്നെ ആയിരുന്നു.... കസേരയിലേക്ക് ചാരികിടന്നവൻ കണ്ണുകൾ അടച്ചു.... കൈ കണ്ണിന് മുകളിൽ ആയി വച്ചു,ഇളം തെന്നൽ പോലൊരു മുഖം മനസിലേക്ക് ഓടി എത്തി.... ആദ്യം ആയാണ് ഇങ്ങനെ ഒരുവൾ ഹൃദയത്തിൽ ഇടം നേടുന്നത്..... നിനക്ക് മാത്രേ അറിയൂ ആ ഹൃദയത്തിൽ ഞാൻ എത്ര തെളിമയോട് ഉണ്ടെന്ന്,ഞാൻ തുറന്നിട്ടൊരു ജാലകത്തിൽ അനുരാഗതെന്നൽ ആയി കടന്നു വന്നവൾ,ഇന്ന് നീ ഇല്ലാത്ത ആകാശം എനിക്ക് കാർ മൂടി ഇരുണ്ടു കിടക്കുകയാണ്....നിന്റെ പ്രണയത്തിന്റെ സിന്ദൂരചുവപ്പിൽ നിറഞ്ഞു നിന്ന് വേണം എനിക്ക് ഈ ലോകത്തോട് യാത്ര പറയാൻ, ഇനി ഞാൻ ഒറ്റയ്ക്ക് ആയാൽ അതിന് കാരണം നീ മാത്രം ആകും, അത്രമേൽ ഹൃദയത്തിൽ പതിഞ്ഞെന്റെ പ്രണയമേ....!!

നീ ആണെന്റെ ഉയിരിന്റെ ഉദാത്തമായ ഭാഷ...എന്നിൽ ആകെ നീ പടർന്നുപിടിച്ചിരിക്കുന്നു....!! പെട്ടന്ന് കണ്ടൊരു നോട്ട് പാടിൽ ഏറ്റവും മനോഹരം ആയ കൈപ്പടയിൽ അവൻ എഴുതി "പ്രിയ " ശേഷം അതിന്റെ ഫോട്ടോ എടുത്തു വാൾപേപ്പർ ആക്കി, ഹൃദയത്തിൽ അവളെ പതിപ്പിച്ചത് പോലെ.... 🌻🌻🌻റിൻസി 🌻🌻🌻 വൈകുന്നേരം കോളേജ് വിടുന്ന സമയമായപ്പോഴേക്കും എവിടെ നിന്നോ ഒരു പരിഭ്രമം തന്നിൽ വന്ന് നിറയുന്നത് കൃഷ്ണപ്രിയ വീണ്ടും അറിഞ്ഞിരുന്നു..... എങ്കിലും ഒരു സന്തോഷം നിറഞ്ഞുനിൽക്കുന്നുണ്ട്, ഒന്ന് കാണാനായി കണ്ണുകൾ കൊതിക്കുന്നു..... പക്ഷേ അരികിലെത്തുമ്പോൾ മൗനം കീഴടക്കും..... പക്ഷേ തന്റെ ആ മൗനം വാചാലമാണ്...... അതിൽ എല്ലാമുണ്ട്, അവനോടുള്ള സ്നേഹവും കരുതലുമുണ്ട് വർഷങ്ങളായി താൻ കൊണ്ടുനടന്ന പ്രണയവും അങ്ങനെ എല്ലാം ആ മൗനത്തിൽ ഉണ്ട്..... പക്ഷേ മനസ്സിലായിട്ടുണ്ടാവുമോ....?

അല്ലെങ്കിൽ തന്നെ ആദ്യത്തെ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയ ഹൃദയങ്ങൾ തമ്മിൽ ഉള്ള മൗനം വാചാലമല്ലേ എന്നായിരുന്നു കൃഷ്ണപ്രിയ ചിന്തിച്ചിരുന്നത്...... കുറേ സമയങ്ങൾക്ക് ശേഷം നീട്ടിയുള്ള ബെൽ കേട്ടപ്പോൾ തന്നെ കോളേജ് വിട്ടു എന്ന് മനസ്സിലായി..... പ്രിയപ്പെട്ടവനെ കാണാൻ പോവുകയാണ് എന്ന ഓർമ്മ വീണ്ടും അവളിൽ ഒരു പ്രത്യേകത സൃഷ്ടിച്ചു തുടങ്ങി...... കോളേജ് ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ വലിയ ഒരു പരിഭ്രമം തന്നെ മൂടുന്നത് കൃഷ്ണപ്രിയ അറിയുന്നുണ്ടായിരുന്നു..... ചെറുചിരിയോടെ മുകളിലെ ഓഫീസിന് മുകളിലേക്ക് ഒന്ന് നോക്കി.,.. പ്രതീക്ഷ തെറ്റിയില്ല തന്നെ നോക്കി ചെറുചിരിയോടെ ഓഫീസിനു മുകളിൽ നില്കുന്നു..... തന്നെ കണ്ടപ്പോഴേക്കും ഇറങ്ങി വരുന്നത് കണ്ടു..... കണ്ടപ്പോഴേക്കും ശരീരത്തിലൂടെ വീണ്ടും ഒരു വിറയൽ പൂർവാധികം ശക്തിയോടെ എവിടെ നിന്നോ വരുന്നതുപോലെ..... അവനു മുൻപിൽ തന്റെ മനസ്സ് പതറി പോകുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി.....

റോഡ് ക്രോസ് ചെയ്ത് താൻ നിൽക്കുന്ന ബസ് സ്റ്റോപ്പിന് അരികിൽ ആയിട്ട് വന്നു നിൽപ്പുണ്ട്, രാവിലെ കണ്ട അതേ വേഷത്തിൽ തന്നെയാണ്..... ആളെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.... " വാടോ.... കൈകളിൽ പിടിച്ച് സ്വന്തം എന്ന ഉറപ്പോടെ അവൻ നടന്നു.... പരിഭ്രമത്തോടെ ചുറ്റും ഒരിക്കൽ കൂടി നോക്കി..... ആദ്യമായി അവൻ ചായ കുടിക്കാൻ ക്ഷണിച്ച ആ ദിവസമായിരുന്നു ഓർമകളിൽ തങ്ങി നിന്നിരുന്നത്......ഒരിക്കൽ കൂടി അത്ഭുതത്തോടെ അവൻ പിടിച്ച കൈയിലേക്ക് നോക്കി..... ഈ വട്ടം ചമ്മലോടെ കൈ മാറ്റിയില്ലവൻ പകരം ഒരിക്കൽ കൂടി കൈകളിൽ മുറുകെ പിടിച്ചു...... സ്വന്തം എന്നതുപോലെ, എന്നിട്ടും അവളുടെ ചുറ്റും കണ്ണുകൾ ചുറ്റും പരത്തുന്നത് കണ്ടപ്പോൾ അവനു മനസ്സിലായി പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നാണ് നോക്കുന്നത്...... അവൾക്ക് വലിയ പേടിയാണ് എന്നു മനസ്സിലായി..... തന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു ഭയം ഈ നിമിഷം വരെ തോന്നിയിട്ടില്ല.....

ആരെങ്കിലും കണ്ടാലോ എന്നോ ആരെങ്കിലും അറിഞ്ഞാലോ എന്നോ ഒരു ഭയം തോന്നുന്നില്ല...... ഒരുപക്ഷേ താൻ ഒരു പുരുഷൻ ആയതുകൊണ്ടായിരിക്കാം, പക്ഷേ അവൾ ഒരു പെൺകുട്ടിയാണ്..... ഒരുപാട് പരിമിതികൾ ഉണ്ട്.... അവളുടെ ഭാഗത്തുനിന്നും ചിന്തിക്കണമെന്ന ബോധം വന്നു അവന്.... പഠിക്കുന്ന കോളേജ്, പഠിപ്പിപ്പിക്കുന്ന അധ്യാപകർ അങ്ങനെ ഒരുപാട് ആളുകളെ അവൾ പേടിക്കും..... അതുകൊണ്ട് പെട്ടെന്ന് തന്നെ അവളിൽ നിന്നും കൈകൾ അയച്ചു, അവൻറെ ആ പ്രവർത്തി അവളിൽ ചെറിയൊരു നൊമ്പരം പടർത്തിയിരുന്നു..... ശേഷം ചായക്കടയുടെ ഒരു അരികിൽ അവന് മുഖാമുഖം ആയിരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ വീണ്ടും ഒരു ചമ്മൽ തോന്നിയിരുന്നു..... കണ്ണെടുക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ..... ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ ഇടം നേടിയ ഈ കണ്ണുകളിൽ അലയടിക്കുന്നത് എന്താണെന്ന് പലവട്ടം തിരഞ്ഞിട്ടും ഒരു ഉത്തരവും ലഭിച്ചിരുന്നില്ല,

പിന്നീട് ഒരുപാടൊരുപാട് അവളുടെ നേത്രങ്ങളിലേക്ക് ആഴത്തിലേക്ക് ഇറങ്ങാൻ ചെന്നപ്പോഴാണ് എന്തോ ഒരു പ്രത്യേകത മിഴികൾക്കുള്ളിൽ തിരഞ്ഞത്...... പക്ഷെ എങ്ങനെ.....? ഈ നാട്ടിൽ അവിചാരിതമായി പോലും വരാതിരിക്കുന്ന ഒരാൾ, വല്ലപ്പോഴും അവധിക്ക് വന്നാൽ തന്നെ പാലാഴിയിൽ നിന്നും മറ്റ് എങ്ങോട്ടും പോകാത്ത തന്നെപ്പോലെയുള്ള ഒരാളോട് ഈ നാട്ടിലെ ഒരു പെൺകുട്ടിക്ക് എന്താണ് ഇത്ര പ്രത്യേകത.......? കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനോട് ഒരു പെൺകുട്ടിക്ക് തോന്നുന്ന അഭിനിവേശം ആയി അതിനെ തള്ളിക്കളയാൻ തോന്നിയില്ല..... കാരണം ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു അങ്ങനെ ആരെങ്കിലും കണ്ടാൽ ഉടനെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി അല്ല എന്ന്..... കാണുമ്പോൾ തന്നെ ഒരു മിണ്ടാപൂച്ച, നാട്ടുകാർ ആരെങ്കിലും കാണുമോ എന്ന് പേടിച്ച് വണ്ടിയിൽ കയറാൻ പോലും മടിച്ചവൾ.... ഇങ്ങനെയുള്ള ഒരുവൾ എങ്ങനെയാണ് തന്നെ കാണുന്നത്......?

അപ്പോൾ തന്നെ അവളുടെ ഉള്ളിൽ തന്നെ കുറിച്ച് മിഴിവുള്ള ഒരു ചിത്രം ഉണ്ടെന്ന് തോന്നി...... പക്ഷേ എത്രയായാലും അത് മനസ്സിലാക്കാൻ ആ നിമിഷം കഴിഞ്ഞില്ല.... പിന്നെ കഥകൾ കേട്ടപ്പോൾ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നു...... ചിലപ്പോൾ ജീവിതം അങ്ങനെയാണ് നമുക്ക് ഒരു പരിചയം പോലുമില്ലാത്തവരുടെ മനസ്സിൽ നമ്മുടെ സ്ഥാനം വളരെ വലുതായിരിക്കും...... നമ്മൾ ചെയ്യുന്ന ചെറിയ ഒരു കാര്യം പോലും അവരുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നായിരിക്കും.... അത്‌ തന്നെയായിരുന്നു തനിക്കും സംഭവിച്ചത്....... അവൾ പറയുന്നു സംഭവം തനിക്ക് ശരിക്ക് ഓർമ്മ പോലും ഇല്ല...... പറഞ്ഞതിനുശേഷം ഓർത്തെടുത്തു..... ഒരു പെൺകുട്ടിയുടെ മനസ്സിന് സമാധാനം നൽകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അവൾ അന്നുമുതൽ തന്നെ പ്രണയിക്കുകയായിരുന്നു എന്ന് തന്നെയാണ് അതിന്റെ അർത്ഥം..... ഒരുപക്ഷേ ആരാധന ആയിരിക്കാം...... പക്ഷേ അവൾ വളരുന്നതിനോടൊപ്പം ആരാധന വളരുകയായിരുന്നു..... പ്രണയം എന്ന് പൂർണമായും അവൾക്ക് ബോധ്യമുണ്ടായിരുന്നു.... സാധ്യമാവില്ല എന്ന് അവൾ വിധി എഴുതി....

ഒരിക്കലും സാക്ഷാത്കരിക്കാൻ സാധ്യതയില്ലാത്ത ഒരു സ്വപ്നമാണ് ഇതെന്ന്...... എന്നിട്ടും അവൾ തന്നെ മനസ്സിൽ കൊണ്ടുനടന്നു..... ഒരിക്കൽപോലും തന്നെ നേരിട്ട് പോലും കാണില്ലന്ന് ഉറപ്പില്ലാതവളുടെ ആ മനസ്സായിരുന്നു തന്നിലും ഒരു കോണിൽ തിരയിളക്കം സൃഷ്ടിച്ചിരുന്നത്..... ഒന്നും പ്രതീക്ഷിക്കാതെയാണ് തന്നെ അവൾ സ്നേഹിച്ചത്..... അതിന് പകരം നൽകിയില്ലെങ്കിൽ ഇതിലും മികച്ച ഒരു ബന്ധം തനിക്ക് കിട്ടില്ല എന്ന് തോന്നിയിരുന്നു...... അവളെക്കാൾ നന്നായി തന്നെ സ്നേഹിക്കാൻ ആർക്കും സാധിക്കില്ല എന്ന് തോന്നിയിരുന്നു...... ചേർത്തുപിടിക്കാൻ മനസ്സ് പറഞ്ഞിരുന്നു, അവളുടെ മുഖത്തേക്ക് നോക്കി ആലോചനകൾ നടത്തുമ്പോഴും തന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയാതെ ഇരുന്നു ഞെളിപിരി കൊള്ളുന്നവളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ അവന് ചിരിയാണ് തോന്നിയത്..... ഇടയ്ക്ക് ഷാൾ ഒക്കെ ശരിക്ക് ഇടുന്നുണ്ട്.... ഗൗരവം മുഖത്ത് വരുത്തിയതിനു ശേഷം അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.....

" ഞാൻ ഒരു ഞരമ്പുരോഗി ആണെന്ന് പ്രിയയ്ക്ക് എന്തെങ്കിലും സംശയമുണ്ടോ......? പെട്ടെന്ന് വന്ന ചോദ്യം കേട്ട് അരുതാത്തതെന്തോ കേട്ടതുപോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..... മറുപടി എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു...... ആ നോട്ടത്തിൽ ഒരു വേദന നിറച്ചു എന്ന് തോന്നിയിരുന്നു...... അവളുടെ മുഖത്ത് നിരാശ പടർന്നു കണ്ടപ്പോൾ അവനും വേദന തോന്നി...... നിഷ്കളങ്ക ആയ ഒരു പെൺകുട്ടിയാണ്, ചിലപ്പോൾ താൻ പറഞ്ഞത് അവളിൽ ഒരു വേദന ഉണ്ടാകും, "ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ..... ഞാൻ ഇങ്ങനെ തന്നെ പറ്റി ആലോചിക്കുകയായിരുന്നു....തന്റെ ശരീരത്തിൽ നോക്കിയിരിക്കുകയായിരുന്നില്ല..... അവൻ വിശദീകരിച്ച് പറഞ്ഞപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു..... അവനെ തെറ്റിദ്ധരിച്ചു എന്ന് മനസ്സിൽ തോന്നിയിരുന്നു..... കുറേ നേരത്തെ അവൻറെ നോട്ടം കണ്ടപ്പോൾ തന്റെ വസ്ത്രങ്ങൾ എന്തെങ്കിലും ശരിയല്ലാത്ത രീതിയിൽ ആണോ കിടക്കുന്നത് എന്ന് തോന്നിയതുകൊണ്ടാണ് നന്നായി ഇരുന്നത്, പക്ഷേ അത് അങ്ങനെ ഒരു തെറ്റിദ്ധാരണ പടർത്തി എന്ന് അവൾക്ക് തോന്നി.....

ആ വേദന അവളുടെ മനസ്സിൽ നിലനിന്നിരുന്നു...... പക്ഷേ ഒന്ന് ചിരിച്ച് അവൻ ആ സന്ദർഭം പെട്ടെന്ന് തന്നെ മയപെടുത്തി.... അതിനുശേഷം മുൻപോട്ടു പോയി കടയുടെ ഉടമയോട് ചായയും പറഞ്ഞു കഴിഞ്ഞു..... അവന്റെ ഓരോ പ്രവർത്തികളും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ..... സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല ഈ ഒരു സാന്നിധ്യം ഇത്രമേൽ അടുത്ത് ലഭിക്കുമെന്ന്....... അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും അവൾക്ക് കളയാൻ ഉണ്ടായിരുന്നില്ല..... അവനെ തന്നെ നോക്കുകയായിരുന്നു അവൾ എങ്കിലും അവൻ അരികിൽ വരുമ്പോൾ നോക്കില്ല, അവൻ കാണാതെ കണ്ണുകൾകൊണ്ട് മാത്രമുള്ള ഒളിച്ചു കളി, " എന്നെ ഇത്രയും ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രിയ എന്നോടൊന്നും നന്നായി സംസാരിച്ചിട്ട് പോലുമില്ല..... സ്നേഹിക്കുന്ന ഒരാളെ ഇങ്ങനെ അടുത്ത് കിട്ടുമ്പോൾ ഇങ്ങനെ ആണോ....? എന്തെങ്കിലും സംസാരിക്കാൻ തോന്നുന്നില്ലെ...? തനിക്കെന്താ അങ്ങനെ എന്നോട് സംസാരിക്കാൻ ഒന്നും ഇല്ലാത്തത്.....?

അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് അറിയാതെ അവൾ ഒരു നിമിഷം തന്നെ അവനെ നോക്കി..... അവന്റെ മുഖം തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല.... അല്ലെങ്കിൽ ആ മുഖത്തിന് വ്യക്തത ഉണ്ടായിരുന്നില്ല, പക്ഷേ തൻറെ മനസ്സിൽ എന്നും ഈ മുഖം ഉണ്ടായിരുന്നു....... ചിലപ്പോൾ രൂപമോ ഭാവമോ ഒന്നും ഇതായിരുന്നില്ല എന്ന് മാത്രം..... ഓർമകളിൽ നിറഞ്ഞു നിന്നിരുന്നത് ഒരു പൊടിമീശക്കാരൻ ആയിരുന്നു, കാലചക്രം പരിണമിച്ചപ്പോൾ അവൻ ഒരു യുവാവായി എന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ.... അല്ലാതെ ഒരിക്കലും ഈ മുഖഭാവം പോലും കരുതിയിരുന്നില്ല..... ആരാധനയോടെ നോക്കുന പെണ്ണിനെ കണ്ടപ്പോൾ വീണ്ടും ചിരിയാണ് വന്നത്.... " പ്രിയ എന്തെങ്കിലും ഒന്ന് സംസാരിക്കഡോ...... തന്നോട് സംസാരിക്കാൻ വേണ്ടിയാണ് ഞാൻ കാണണമെന്ന് പറഞ്ഞത്, തനിക്ക് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇനി ഞാൻ കാണണമെന്ന് പറയില്ല.....

അത് പറഞ്ഞപ്പോൾ അവൾക്ക് വേദന തോന്നി.....തനിക്ക് എന്തൊക്കെയൊ ആ മുൻപിൽ സംസാരിക്കണം എന്നുണ്ട്, ഇഷ്ടങ്ങളെ പറ്റി പറയണം എന്നുണ്ട്..... അവന്റെ ഇഷ്ടങ്ങളെ പറ്റി ചോദിച്ച് അറിയണം എന്നുണ്ട്, പക്ഷെ എന്തോ മനസ്സിൽ താൻ ആരാധിക്കുന്നവനോട് തുറന്നു സംസാരിക്കുവാൻ ഒരു മടി പോലെ...... ഇരുവർക്കുമിടയിൽ മൗനം തിങ്ങി.... " താൻ ഇപ്പോഴും ഒരു വല്ലാത്ത അവസ്ഥയിൽ ആണോ....? എന്താ പ്രശ്നം....? അല്ലെങ്കിൽ തനിക്ക് എന്നെ വിശ്വാസമില്ല എന്ന് തോന്നുന്നു..... "അയ്യോ അങ്ങനെ അല്ല..... അവളുടെ ശബ്ദം ഉയർന്നു പോയെന്ന് തോന്നുന്നു.... കാരണം ആ ഒരു വാക്ക് അവൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല..... " എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല, എനിക്ക് ഇങ്ങനെ സംസാരിക്കുന്നതുപോലെ ഒന്നും സംസാരിക്കാൻ അറിയില്ല..... പിന്നെ ഇതൊക്കെ സത്യം തന്നെയാണോ ഉള്ള ഒരു പകപ്പ് ഇപ്പോഴും എനിക്ക് ഉണ്ടെന്നുള്ളതും സത്യമാണ്, പക്ഷേ എനിക്ക് വിശ്വാസ കുറവ് ഒന്നുമില്ല......

വിശ്വാസക്കുറവ് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ഇവിടെ വന്നിരിക്കുമായിരുന്നില്ല..... ഒരുപാട് ലോകം കണ്ടിട്ടില്ലെങ്കിലും ആളുകളെ എനിക്ക് മനസ്സിലാക്കാൻ പറ്റും, ആളുകളുടെ ഒരു നോട്ടത്തിൽ നിന്ന് തന്നെ അവർ എന്താണ് നമ്മളെപ്പറ്റി കരുതുന്നതെന്നും എനിക്ക് അമ്മ പറഞ്ഞു തരാറുണ്ട്..... അതുകൊണ്ട് പറ്റിക്കാൻ വരുന്നവരെ പെട്ടെന്ന് മനസ്സിലാകും, ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് കുറേ ആയില്ലേ അതുകൊണ്ട് ആണുങ്ങളുടെ നോട്ടവും ചിന്തയും ഏത് തലം വരെ പോകുമെന്ന് അറിയാം, അതുകൊണ്ടു തന്നെ ആരുടെയെങ്കിലും സംസാരത്തിന്റെ ടോൺ ഒന്ന് മാറിയാൽ തന്നെ എന്തിനാണെന്ന് മനസ്സിലാകും, എനിക്ക് വിശ്വാസമില്ലെങ്കിൽ " അപ്പോൾ വിശ്വാസമാണ്.... എങ്കിൽ ആ വിശ്വാസം അങ്ങനെ ഇരിക്കട്ടെ, ഞാൻ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് ഉറപ്പാണ്......അല്ലേ.....?

അവൻ കൈ ചൂണ്ടി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ അതേ എന്നർത്ഥത്തിൽ തലയാട്ടിരുന്നു..... പതിഞ്ഞത് ആണെങ്കിലും അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അവനും മനസ്സിലായിരുന്നു....... " അതെങ്ങനെയാ എന്നെ കുറിച്ച് തനിക്ക് ഉറപ്പു പറയാൻ കഴിയുക....? തനിക്ക് എന്നെ പറ്റി എന്താ അറിയുക....? ഇതിനു മുൻപ് ഉള്ള എൻറെ പാസ്റ്റ് എങ്ങനെ ആയിരുന്നു എന്ന് തനിക്കറിയൊ....? ഞാൻ തന്നോട് പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെപ്പറ്റി മാത്രമേ തനിക്കറിയൂ..... ഞാൻ എങ്ങനെയുള്ള ആളാണ് മോശക്കാരൻ ആണോ ഒന്നും അറിയില്ലല്ലോ.... പിന്നെ എങ്ങനെ പറയാൻ കഴിയും ഞാൻ തന്നെ ചതിക്കില്ല എന്ന്......? എന്റെ ഈ വാക്കിന്റെ പുറത്ത് നിന്ന് വിശ്വസിച്ചോ...? തൻറെ മുഖത്തേക്ക് നോക്കി അങ്ങനെ അവൻ ചോദിച്ചപ്പോൾ ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു അവളുടെ മുഖഭാവങ്ങൾ സസൂക്ഷ്മം വീക്ഷിച്ചവനും............തുടരും.......................

Share this story