സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 15

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

തൻറെ മുഖത്തേക്ക് നോക്കി അങ്ങനെ അവൻ ചോദിച്ചപ്പോൾ ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു അവളുടെ മുഖഭാവങ്ങൾ സസൂക്ഷ്മം വീക്ഷിച്ചവനും.... " ഇല്ല...... അങ്ങനെ ചെയ്യില്ല, എനിക്ക് ഉറപ്പാണ്....... ഉറച്ച മറുപടി വീണ്ടും അവളുടെ മനസ്സിനെ അടിത്തട്ടിൽനിന്ന് വന്നപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു മാധവിന്.... " ഞാൻ അത്ര ഡിസെന്റ് ഒന്നും അല്ലാട്ടോ, എങ്കിലും ഞാൻ പറഞ്ഞില്ലേ, ആരെയും ചതിക്കില്ല...... ഞാൻ ആരെയും ചതിച്ചിട്ടില്ല, ആദ്യമായി വിവാഹം കഴിച്ചുകൊള്ളാം എന്ന് ഞാൻ പറഞ്ഞത് എനിക്ക് തന്നെ ഇഷ്ട്ടം ആയതുകൊണ്ട് ആണ്.... തന്റെ സൗന്ദര്യമോ തൻറെ ലൈഫോ ഒന്നും അല്ലാട്ടോ അതിനു കാരണം, ആദ്യമായി എന്നെ കണ്ടപ്പോൾ തൻറെ മുഖത്ത് വിരിഞ്ഞ ചില ഭാവങ്ങൾ ഉണ്ട്, ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല അത്‌..... പ്രതീക്ഷിച്ചത് എന്തോ കണ്ടത് പോലെ, അല്ലെങ്കിൽ അമൂല്യമായ എന്തോ കയ്യിൽ കിട്ടിയത് പോലെ ഒരു ഭാവം, വല്ലാത്തൊരു ആകാംക്ഷയായിരുന്നു അത്‌ എന്നിൽ നിറച്ചിരുന്നത്.....

തന്നെ പോലെ എന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല എന്ന പൂർണമായ വിശ്വാസമുണ്ട് എനിക്ക്...... ഒരിക്കലും ഇടക്ക് വെച്ചിട്ട് ഞാൻ പോകില്ല....... പിന്നെ ഞാൻ കോളേജിൽ ഒക്കെ പഠിച്ചിരുന്നു എങ്കിലും എനിക്ക് പ്രേമിക്കാൻ ഒന്നും അവസരം കിട്ടിയിരുന്നില്ല, ആ സമയത്ത് ഏറ്റവും വലിയ നിർബന്ധം എന്നെ നന്നായി സ്നേഹിക്കുന്ന എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തന്നെ വേണമെന്ന് ആണ്..... ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവുകയാണെങ്കിൽ അത് വിവാഹത്തിൽ കലാശിക്കണം എന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു, അതുകൊണ്ടുതന്നെ ഞാൻ അങ്ങനെ കോളേജിൽ വച്ച് ഒന്നും പ്രണയിച്ചിട്ടില്ല ..... ഐ മീൻ സീരിയസ് ആയിട്ടുള്ള ഒരു ബന്ധങ്ങളിലേക്കും ഞാൻ പോയിട്ടില്ല..... അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത് എൻറെ പ്രണയകാലം കൂടിയാണ്,

താൻ ഇങ്ങനെ മൗനജാഥ നടത്തിയാൽ അത് ശരിയാവില്ല..... ഞാൻ അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ട് പോകുമ്പോഴൊക്കെ താൻ നോക്കിയിരിക്കുന്നതോക്കെ ഞാൻ കാണുന്നുണ്ട്...... തനിക്ക് നേരെ എൻറെ മുഖത്തേക്ക് നോക്കി കൂടെ.......? ഞാൻ ഇങ്ങനെ അവിടെയും ഇവിടെയൊക്കെ പോകുമ്പോൾ ചോര ഊറ്റി കുടിക്കുന്നത് ശരിയാണോ കൊച്ചേ.......? അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ ചോദിച്ചപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു കഴിഞ്ഞിരുന്നു...... അപ്പോഴേക്കും നല്ല ചൂട് ചായയും, ചൂട് ഉഴുന്നുവടയും കൊണ്ടുവന്നു വെച്ച് കഴിഞ്ഞിരുന്നു.... ഒരു ചായ നീക്കി അവൾക്കരികിലേക്ക് അവൻ വെച്ചു..... അവൾ ഒന്ന് മൊത്തി കഴിഞ്ഞിരുന്നു... അവളുടെ ചുണ്ടുകൾക്ക് പോലും ഒരു പ്രത്യേക സൗന്ദര്യം ആണെന്ന് അവനു തോന്നിയിരുന്നു ..... " ഞാൻ ഇന്നലെ പറഞ്ഞു എന്നെ സാർ എന്ന് വിളിക്കരുത്, ഇപ്പോൾ ഒന്നും വിളിക്കുന്നില്ല താൻ....

എങ്കിലും ഇടയ്ക്ക് ഒക്കെ സർ വരുന്നുണ്ട്.... പിന്നെയും പിന്നെയും താൻ എന്നെ ഇങ്ങനെ വിളിക്കുമ്പോൾ ഞാൻ എന്തോ തന്നെ എവിടെയോ പഠിപ്പിച്ചതുപോലെ എനിക്ക് തോന്നുന്നത്...... ഒന്നാമത്തെ കാര്യം എനിക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല, ആളുകൾ എല്ലാം ഈക്വൽ ആണെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഞാൻ..... ഞാൻ പറഞ്ഞല്ലോ താൻ എന്നെ മാധവ് എന്ന് വിളിച്ചോളൂ.... മീശതുമ്പിൽ പറ്റിയ ചായ പെട്ടന്ന് അവളുടെ ഷോളിന്റെ തുമ്പ് കൊണ്ടവൻ തുടച്ചപ്പോൾ അവൾക്കും അത്ഭുതം തോന്നി.... അന്തംവിട്ടവൾ അവനെ നോക്കി... ഇരു കണ്ണുകളും ചിമ്മി കാണിച്ചവൻ ഉഴുന്ന് വട എടുത്തു കഴിച്ചു.... " അങ്ങനെ ഞാൻ വിളിക്കില്ല, ഒന്നാമത്തെ നമ്മൾ തമ്മിൽ നല്ല പ്രായ വ്യത്യാസം.... പിന്നെ ഞാൻ എങ്ങനെ അങ്ങനെ വിളിക്കാ.....

അങ്ങനെ വിളിക്കാൻ എനിക്ക് എന്തോ ഒരു മടി..... ഞാൻ വക്കീൽ സാറെന്ന് വിളിക്കട്ടെ .... പെട്ടെന്ന് ഉത്സാഹത്തോടെ കൊച്ചുകുട്ടികൾ ചോദിച്ചതുപോലെ ചോദിച്ചപ്പോൾ അവൻ ചിരിച്ചു പോയിരുന്നു..... " സർ വിട്ടൊരു കളിയില്ല അല്ലേ, ചില ലാഗ് സീരിയലിൽ ഒക്കെ കാണും പോലെ..... എങ്കിലും മനസ്സിൽ എനിക്ക് താനൊരു പേര് ഇട്ടിട്ട് ഉണ്ടാവില്ലേ. ? എനിക്കിഷ്ടം അതാണ്...... ഇത്രയും വർഷത്തിനിടയിൽ എന്നെ മനസ്സിൽ കൊണ്ടു നടന്ന ഒരാൾ എന്നെ പറ്റി ചിന്തിക്കുമ്പോൾ എങ്ങനെ ആയിരിക്കും ചിന്തിച്ചിട്ടുണ്ടാവുക......? തീർച്ചയായും എന്നെ വിളിക്കാൻ ഒരു പേരും തന്റെ മനസ്സിൽ ഉണ്ടാകും..... എന്നോട് പറയാത്തത്, അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് കുങ്കുമ വർണ്ണം വിടർന്നപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു അവളുടെ ഉള്ളിൽ തന്റെ സ്ഥാനം എത്രത്തോളമുണ്ടെന്ന്, താൻ എന്തെങ്കിലും തന്നെ അവൾക്ക് ഇഷ്ടമാണ് എന്നുള്ള രീതിയിൽ സംസാരിച്ചാൽ മതി, അപ്പോൾ മുഖം ചുവന്നു പോകും,

അത്രത്തോളം അവൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അവന് മനസ്സിലായിരുന്നു...... ഇനിയും അവളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് ചെറു ചിരിയോടെ അവൻ തന്നെ പറഞ്ഞു..... " സമ്മതിച്ചു, തനിക്ക് എപ്പോഴാണ് അങ്ങനെ വിളിക്കാൻ തോന്നുന്നത് ആ സമയത്ത് വിളിച്ചാൽ മതി..... അത്‌ വരെ താൻ തനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ വിളിച്ചോ..... വലിയ എന്തോ സമാധാനം ലഭിച്ചത് പോലെ അവൾ തലയാട്ടി.... അപ്പോൾ അവന് ചിരി വന്നിരുന്നു..... വീണ്ടും ചായ കുടിക്കാൻ തുടങ്ങുന്നതിനു മുൻപ് അവളുടെ ചായ അവൻ എടുത്ത് ഒന്ന് സിപ്പ് ചെയ്തിരുന്നു, അവൾക്ക് എന്തോ ഒരു അത്ഭുതം തോന്നി..... അവൻറെ മുഖത്തേക്ക് നോക്കി.... " ഇതൊക്കെ ഒരു കാമുകന്റെ അവകാശമാണ്.... അന്ന് അറിയാതെ പറ്റിയതാ എന്നാൽ ഇന്ന് അറിഞ്ഞോണ്ട് ആണ്.... വേണമെങ്കിൽ താൻ എൻറെ ചായകുടിച്ചോ ......

അവൻ കുടിച്ച് ബാക്കിവെച്ച ചായ അവൾക്ക് നേരെ നീക്കിവെച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ അത് കുടിക്കുക അല്ലാതെ മറ്റു നിർവാഹം ഒന്നും അവളുടെ മുൻപിലും ഉണ്ടായിരുന്നില്ല..... അവളത് ചുണ്ടോണ്ട് ചേർക്കുന്നത് കണ്ടപ്പോൾ ഒരു പുഞ്ചിരി അവനിലും നിറഞ്ഞു കഴിഞ്ഞിരുന്നു..... എന്തൊക്കെയൊ സ്വന്തമാക്കിയത് പോലെയുള്ള ഒരു പുഞ്ചിരി......!! പിന്നെ പ്രിയ " എന്തു പ്രശ്നം വന്നാലും ഞാൻ പ്രിയയുടെ സ്വന്തമാണ് , എൻറെ പേരിൽ ഒരിക്കലും മടിക്കുകയോ പഠിക്കാതെ ഇരിക്കുകയോ ചെയ്യരുത്, ഇഷ്ട്ടം ഒക്കെ പറഞ്ഞു പക്ഷേ ഞാൻ കാരണം നിൻറെ പഠിത്തം ഉഴപ്പിയാൽ എനിക്ക് ദേഷ്യം വരും കേട്ടോ..... നിന്നോട് ദേഷ്യപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല, അതുകൊണ്ട് നന്നായിട്ട് പഠിക്കണം...... ഒരു പേടിയും വേണ്ട ഞാൻ തൻറെ സ്വന്തം ആണ്..... അതുകൊണ്ട് ഇനി എൻറെ കാര്യം ഓർത്ത് പഠിക്കാനിരുന്നു സ്വപ്നം കണ്ടിരുന്ന എനിക്ക് പഴി വാങ്ങി തരരുത്.....

നാളെ നമ്മുടെ കാര്യം എല്ലാവരും അറിയുമ്പോഴും ഞാൻ കാരണം നിൻറെ ഭാവി പോയി എന്ന് ആയിരിക്കരുത് മറ്റുള്ളവർ പറയുന്നത് ... നമ്മുടെ മനസ്സിൻറെ ഇഷ്ടമാണ് പ്രണയം, അത് അവിടെ തന്നെ ഉണ്ടാവും...... ഒരു ചിന്തയും പഠനത്തെ ബാധിക്കാൻ പാടില്ല.... ഒരിക്കലും പ്രണയം മാത്രമാകരുത് ജീവിതം, ജീവിതത്തിൽ ലക്ഷ്യങ്ങൾ വേണം, നമ്മുടെ ജീവിതം നോക്കണം.... അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്, ഉത്തരവാദിത്തങ്ങൾ ഏറെയുണ്ട്..... തന്റെ അമ്മ ഒരുപാട് പ്രതീക്ഷയോടെയാണ് തന്നെ ഇപ്പൊൾ കോളേജിലേക്ക് വിട്ടിരിക്കുന്നത്, വീട്ടിലെ എല്ലാവരുടെയും പ്രതീക്ഷ... അത്‌ മറക്കരുത്, അങ്ങനെ വന്നാൽ എനിക്ക് വേദനയാണ്......"അപ്പോൾ താൻ എങ്ങനെയാ.....? ബസിന് പോവണ്ടെ.....? അങ്ങനെ ചോദിച്ചപ്പോൾ അവൾ അതേ എന്ന് തലയാട്ടി.... "അത്‌ അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി...... അങ്ങനെ പോകുന്നില്ല, ഞാൻ തന്നെയാണ് തന്നെ കൊണ്ടു വിടാൻ പോകുന്നത്...... " ആരെങ്കിലും കാണില്ലേ....?? "

കാണട്ടെ, പിന്നെ ഞാനൊരു കാര്യം പറയാം, താൻ ഇങ്ങനെ പേടിച്ചാൽ നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത് നല്ല ബുദ്ധിമുട്ടായിരിക്കും..... നമ്മൾ സ്നേഹിച്ചു, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു , നമ്മൾ രണ്ടുപേരും 18വയസുള്ള പ്രായപൂർത്തിയായ ആൾക്കാരാണ്.... നമ്മൾ ഒരുമിച്ചു ജീവിക്കുവാൻ ഒരു തീരുമാനമെടുത്തു കഴിഞ്ഞു, പിന്നെ ഇനി അതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കുന്നതല്ല...... ഇനി നമ്മൾ ഒരുമിച്ചു ജീവിക്കേണ്ട എങ്കിൽ ഒന്നുകിൽ ഞാൻ തീരുമാനിക്കണം അല്ലെങ്കിൽ നീ തീരുമാനിക്കണം, ഞാൻ എന്താണെങ്കിലും അങ്ങനെയൊരു തീരുമാനം എടുക്കില്ല എന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു, പിന്നെ എപ്പോഴെങ്കിലും എന്നെ വേണ്ട എന്ന് നീ തീരുമാനിച്ചെങ്കിലെ ഉള്ളൂ, അതിനിടയിൽ നാട്ടുകാർ കാണും, ചിലപ്പോൾ ആരെങ്കിലുമൊക്കെ വീട്ടിൽ ചെന്ന് പറയും, രണ്ടോ മൂന്നോ തല്ല് കിട്ടും, സ്വാഭാവികം ആണ് ഇതൊക്കെ......

താൻ ഉദ്ദേശിക്കുന്നതിനെക്കാൾ വലിയ പ്രശ്നങ്ങൾ ചിലപ്പോൾ സംഭവിക്കും, എല്ലാം നേരിടാനുള്ള ധൈര്യം ഉണ്ടാവണം ..... മനസ്സിൽ കൊണ്ടു നടക്കുന്നതു പോലെയോ സൂക്ഷിച്ചു വെക്കുന്നത് പോലെയൊ അല്ല യഥാർത്ഥ പ്രണയം എന്ന് പറയുന്നത്..... ചിലപ്പോൾ ഒരുപാട് പേരോട് പോരാടേണ്ടി വരും രണ്ടാൾക്കും..... ചിലപ്പോൾ ഈ നാട്ടിൽ താമസിക്കാൻ തന്നെ സാധിക്കാത്ത അവസ്ഥ വരും.... അപ്പോൾ ഒക്കെ താൻ ഇങ്ങനെ തളർന്ന് പോയാൽ അത്‌ എന്നെ കൂടി ബാധിക്കും..... അതുകൊണ്ട് അക്കാര്യം വളരെ ഗൗരവമായി തന്നെ എടുക്കണം, വിചാരിക്കുന്നതുപോലെ എളുപ്പമായിരിക്കില്ല മുന്നോട്ടുള്ള കാര്യങ്ങൾ..... ചിലപ്പോൾ വീട്ടുകാർ ഉണ്ടാകും, ആരേലും ഒക്കെ കണ്ടെന്നിരിക്കും പക്ഷേ നമുക്ക് കാണാതെയും സംസാരിക്കാതെ ഇരിക്കാൻ സാധിക്കില്ല.... കമ്മ്യൂണിക്കേഷൻ വളരെ ഇമ്പോര്ടന്റ്റ്‌ ആയ ഒരു കാര്യമാണ് പ്രിയ....... സംസാരം വേണം...... സ്വാഭാവികമായും ഇഷ്ടപ്പെടുന്ന സമയത്ത് നമുക്ക് രണ്ടാൾക്കും തോന്നുന്നതാണ് ഇതൊക്കെ, നമ്മുടെ സന്തോഷങ്ങൾ മറ്റുള്ളവരെ ഓർത്ത് നമുക്ക് വേണ്ടത് വയ്ക്കാൻ പറ്റുമോ...?

പെട്ടെന്ന് തമാശയൊക്കെ മാറി സീരിയസ് ആയി അവൻ പറഞ്ഞപ്പോൾ തനിക്ക് ഇനി മുന്നോട്ട് നേരിടേണ്ടത് വലിയ പ്രശ്നങ്ങളെ തന്നെയായിരിക്കും എന്ന് ഒരു നിമിഷം അവൾക്കും തോന്നി പോയിരുന്നു...... അവന്റെ മുഖത്തേക്ക് നോക്കി തലയാട്ടും പോളും ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് തനിക്ക് ഉണ്ടോ എന്ന സംശയമായിരുന്നു കൃഷ്ണപ്രിയക്ക്....... " പ്രണയം എന്നു പറയുന്നത് ഒരു വിപ്ലവമാണ് കൃഷ്ണപ്രിയ, ഒരുപാട് പോരാടിയാൽ മാത്രമേ നമ്മൾ യഥാർത്ഥത്തിൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് എത്തുകയുള്ളൂ...... ഞാനേതായാലും മനസ്സുകൊണ്ട് തീരുമാനിച്ചുകഴിഞ്ഞു പോരാടാൻ വേണ്ടി, ഇങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല..... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്ര എതിർപ്പുകൾ വന്നാലും ഞാൻ ഒരു പെൺകുട്ടിയെ താലിചാർത്താൻ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അത് കൃഷ്ണപ്രിയയെ മാത്രമായിരിക്കും......

അങ്ങനെ ഒരു ഉറപ്പ് അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ അവളുടെ മുഖത്ത് നൂറ് പ്രകാശ താരങ്ങൾ ഒരുമിച്ച് തെളിഞ്ഞിരുന്നു....... പ്രിയപ്പെട്ടവൻ നൽകുന്ന ഉറപ്പ്, അവളുടെ ആണൊരുത്തൻറെ ഏറ്റവും വലിയ ഉറപ്പിൽ നന്നായൊന്ന് പുഞ്ചിരിച്ചുരുന്നു അവളും...... അവളുടെ മനസ്സിൽ എത്രത്തോളം തിരയിളക്കം സൃഷ്ടിച്ചിട്ടുണ്ട് തന്റെ വാക്കുകൾക്ക് എന്ന് അവനും മനസ്സിലായി കഴിഞ്ഞിരുന്നു..... പെട്ടെന്നാണ് ഓഫീസിന്റെ അകത്തേക്ക് ആരോ കയറി പോകുന്നത് അവൻ കണ്ടിരുന്നത്.... " ശേ..... ആരോ വന്നല്ലോ, അവൻ നിരാശയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്തും ചെറിയ നിരാശ തോന്നിയിരുന്നു.... " സാരമില്ല ഞാൻ ബസ്സിന് പൊയ്ക്കോളാം..... " വേണ്ടടോ.... താൻ ഒറ്റയ്ക്ക് മഴയത്ത്.... ഞാൻ വരുന്നു..... " അത് സാരമില്ല ഞാൻ ഇതിന് മുൻപും ബസ്സിനു പോയിട്ടുള്ളത് അല്ലേ.....? " തന്റെ കയ്യിൽ കാശുണ്ടോ.....? പേഴ്സ് എടുത്ത് ചോദിച്ചപ്പോൾ അവൾ ഉണ്ട് എന്ന് പറഞ്ഞിരുന്നു..... "

എങ്കിലും ഇതൂടെ വച്ചോളു, കവലയിൽ ചെന്നിട്ട് ഓട്ടോ പിടിച്ചു പോയാൽ മതി... നാളെ രാവിലെ കാണാം...... ശരി, മറുപടി പറഞ്ഞിട്ട് അവളുടെ സമ്മതം കാക്കാതെ ബാഗിന്റെ സിബ്ബ് തുറന്നു 500 ന്റെ ഒറ്റനോട്ട് വച്ചു.... മറുപടി പറയും മുൻപ് അവൻ എഴുനേറ്റ് കാശും കൊടുത്തൂ, ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോൾ അവൾ പറഞ്ഞു... " കാശ് വേണ്ട.... എന്റേൽ ഉണ്ട്.... " ഇതൂടെ ഇരുന്നോട്ടെ.... ഗൗരവം നിറഞ്ഞ മറുപടി, കുറച്ച് സമയം നോക്കി നിന്നിരുന്നു, അത് കഴിഞ്ഞ് നേരെ ഓഫീസിലേക്ക് കയറി പോയി.... ഓഫീസിലേക്ക് കയറുന്നതിന്റെ ഇടയിലും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷമാണ് തോന്നുന്നത്....... ബസ് വന്നപ്പോൾ സൈഡ് സീറ്റിൽ തന്നെ ഇരുന്നു, ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും ഇതിലും മനോഹരമായ മറ്റൊരു സ്ഥലം വേറെയില്ല, ഉച്ചകഴിഞ്ഞ് സമയം ആയതുകൊണ്ട് തന്നെ എല്ലാവരും ഉറക്കത്തിലയിരുന്നു....

പക്ഷേ കൃഷ്ണപ്രിയ മറ്റൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങുകയായിരുന്നു...... റേഡിയോയിൽ നിന്നും ഉണരുന്ന പ്രണയഗാനങ്ങൾ ആ സ്വപ്നത്തിന് നിറങ്ങൾ ചാലിച്ചു...... 🎶 പണ്ടുതൊട്ടേ എന്നോട് ഇഷ്ടമാണെന്നാവാം, പാട്ടിൽ പ്രിയം എന്നും ആകാം, എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓർമ്മിക്കയാകാം..... ആർദ്ര മൗനവും വാചാലമാക്കാം....🎶 ആ പാട്ടുകൾക്ക് തന്റെ ജീവിതവുമായി പോലും ബന്ധം ഉണ്ടെന്നാണ് അവൾക്ക് തോന്നി പോയത്.... ആരോ തനിക്ക് വേണ്ടി എഴുതിയ വരികൾ പോലെ...... അന്ന് വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ മനപ്പൂർവ്വം തന്നെ പുസ്തകങ്ങൾ എടുത്തു പഠിക്കാൻ തുടങ്ങി, അവൻ പറഞ്ഞ ഒരു വാക്കു മാത്രം മനസ്സിൽ കിടന്നു..... " എന്തു പ്രശ്നം വന്നാലും ഞാൻ പ്രിയയുടെ സ്വന്തമാണ് , എൻറെ പേരിൽ ഒരിക്കലും മടിക്കുകയോ പഠിക്കാതെ ഇരിക്കുകയോ ചെയ്യരുത്, ഇഷ്ട്ടം ഒക്കെ പറഞ്ഞു പക്ഷേ ഞാൻ കാരണം നിൻറെ പഠിത്തം ഉഴപ്പിയാൽ എനിക്ക് ദേഷ്യം വരും കേട്ടോ.....

നിന്നോട് ദേഷ്യപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല, അതുകൊണ്ട് നന്നായിട്ട് പഠിക്കണം...... ഒരു പേടിയും വേണ്ട ഞാൻ തൻറെ സ്വന്തം ആണ്..... അതുകൊണ്ട് ഇനി എൻറെ കാര്യം ഓർത്ത് പഠിക്കാനിരുന്നു സ്വപ്നം കണ്ടിരുന്ന എനിക്ക് പഴി വാങ്ങി തരരുത്..... നാളെ നമ്മുടെ കാര്യം എല്ലാവരും അറിയുമ്പോഴും ഞാൻ കാരണം നിൻറെ ഭാവി പോയി എന്ന് ആയിരിക്കരുത് മറ്റുള്ളവർ പറയുന്നത് ... നമ്മുടെ മനസ്സിൻറെ ഇഷ്ടമാണ് പ്രണയം, അത് അവിടെ തന്നെ ഉണ്ടാവും...... ഒരു ചിന്തയും പഠനത്തെ ബാധിക്കാൻ പാടില്ല.... ഒരിക്കലും പ്രണയം മാത്രമാകരുത് ജീവിതം, ജീവിതത്തിൽ ലക്ഷ്യങ്ങൾ വേണം, നമ്മുടെ ജീവിതം നോക്കണം.... അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്, ഉത്തരവാദിത്തങ്ങൾ ഏറെയുണ്ട്..... തന്റെ അമ്മ ഒരുപാട് പ്രതീക്ഷയോടെയാണ് തന്നെ ഇപ്പൊൾ കോളേജിലേക്ക് വിട്ടിരിക്കുന്നത്, വീട്ടിലെ എല്ലാവരുടെയും പ്രതീക്ഷ... അത്‌ മറക്കരുത്, അങ്ങനെ വന്നാൽ എനിക്ക് വേദനയാണ്......

അവന്റെ ആ വാക്കുകൾ മനസ്സിൽ ഉച്ചത്തിൽ മുഴങ്ങി അതുകൊണ്ടുതന്നെ ഒട്ടും മടിയില്ലാതെ പുസ്തകമെടുത്ത് പഠിക്കാൻ തുടങ്ങി..... പക്ഷേ പുസ്തകത്തിനുള്ളിൽ തെളിയുന്ന മുഖം അത് മാത്രം...... പലവട്ടം ചിന്തകൾ തിരിച്ചു വരുമ്പോഴും അവൻ പറഞ്ഞ വാക്കുകളുടെ അവസാനത്തിൽ എത്തും..... അമ്മ ഒരുപാട് പ്രതീക്ഷയോടെയാണ് തന്നെ പഠിക്കാൻ വിടുന്നത്, പ്രതീക്ഷ തെറ്റിക്കാൻ പാടില്ല..... ഇത്രത്തോളം ആഗ്രഹിക്കാതെ തനിക്ക് ഈശ്വരന്മാർ ഒരു വലിയ ഭാഗ്യം നൽകിയപ്പോൾ തൻറെ ഉത്തരവാദിത്വം എന്ന് പറയുന്നത് തന്റെ അമ്മയെ വേദനിപ്പിക്കാതിരിക്കുക എന്നതാണ്..... അതുകൊണ്ടുതന്നെ ഒരു പ്രതീക്ഷ മനസ്സിൽ സൂക്ഷിച്ചു വെച്ചു കൊണ്ട് പഠിക്കുവാൻ തുടങ്ങിയിരുന്നു...... പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അവനെ കണ്ടിരുന്നില്ല ഓഫീസിനു മുകളിലേക്ക് നോക്കി, എപ്പോഴും തുറന്ന് ഇട്ടിരിക്കുന്നത് ആണ് കണ്ടിരുന്നത്..... എന്നാൽ പ്രതീക്ഷിച്ച മുഖം മാത്രം ഇല്ല.....

എന്താണ് സംഭവിച്ചത് എന്ന് അറിയില്ല, രണ്ടുദിവസം കാണാതിരുന്നപ്പോൾ ഒരു വല്ലാത്ത ഭാരം പോലെ ... ഇതിനു മുൻപ് താൻ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല...... ശരീരത്തിൽ നിന്നും ജീവൻ വേർപ്പെടുന്നത് പോലെ ഒരു വേദന.... ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ല...... പഠിത്തത്തിലും, പിറ്റേന്ന് രാവിലെ കാണാം എന്ന് പറഞ്ഞു പോയ ആൾക്ക് എന്ത് സംഭവിച്ചു.....? ആ ചിന്ത മാത്രം മനസ്സിനെ അലട്ടികൊണ്ടിരുന്നു..... നന്നായി ഭക്ഷണം കഴിക്കാൻ പോലും തോന്നാത്ത അവസ്ഥ, എന്ത് ചെയ്യണമെന്നറിയില്ല വല്ലാത്ത ഒരു വീർപ്പുമുട്ടൽ...... മൂന്നാം ദിവസവും രാവിലെ അവനെ പ്രതീക്ഷിച്ചാണ് ബസ്റ്റോപ്പിൽ നിന്നത്..... വരില്ല എന്ന് മനസ്സിലായപ്പോൾ മനസ്സ് വീണ്ടും വേദനിക്കാൻ തുടങ്ങി..... അവസാനം അന്ന് വൈകുന്നേരം ഓഫീസിലേക്ക് ചെന്ന് കാര്യം തിരക്കാൻ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു.... പക്ഷേ അവിടേക്ക് ചെല്ലുന്നത് തെറ്റായി പോയാലോ എന്നൊരു ചിന്ത മനസ്സിൽ ഉടലെടുത്തിരുന്നു..... പക്ഷേ പ്രണയത്തിൻറെ വേദനയ്ക്ക് മുൻപിൽ അത് ഒന്നുമല്ലല്ലോ..............തുടരും.......................

Share this story