സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 16

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

വൈകുന്നേരമായപ്പോൾ വേണോ വേണ്ടയോ എന്ന് ശങ്കിച്ച് ആയിരുന്നു അവൾ നിന്നത്..... അവസാനം രണ്ടും കൽപ്പിച്ച് ഓഫീസിൻറെ പടവുകൾ കയറുമ്പോൾ ഇതുവരെയില്ലാത്ത ഒരു ധൈര്യം തന്നെ മൂടുന്നത് അവൾ അറിഞ്ഞിരുന്നു...... പ്രണയത്തിന് ഇത്രമേൽ ശക്തി ഉണ്ടോ എന്ന് അവൾക്കു തന്നെ തോന്നിപ്പോയ നിമിഷങ്ങൾ.... പക്ഷേ ആ ഒരുവനെ കാണാതെ വിവരങ്ങളൊന്നും അറിയാതെ ഒരു സ്വസ്ഥത കിട്ടില്ല എന്ന് അവൾക്ക് തോന്നിയിരുന്നു. അങ്ങനെ തിരഞ്ഞു ചെല്ലാൻ മാത്രം അർഹതയുണ്ടോ തനിക്ക്....? ചോദ്യങ്ങൾ മനസ്സിൽ മുറുകുകയാണ് എന്നുണ്ടെങ്കിലും അതിന് ഉത്തരം കണ്ടുപിടിച്ചു നില്കാൻ സമയം ഇല്ല.... എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞില്ലങ്കിൽ ആ നിമിഷം നെഞ്ചുപൊട്ടി മരിച്ചുപോകുമെന്ന് സ്നേഹിച്ചു പോയി.... മാധവ് മഹാദേവൻ എന്ന് എഴുതി വച്ചിരിക്കുന്ന ആ പേരിലേക്ക് നോക്കിയപ്പോൾ അറിയാതെ മനസ്സിലേക്ക് അവൻറെ ചിരിക്കുന്ന, കുസൃതികൾ നിറഞ്ഞ, കറുത്ത മറുക് കണ്ണുകളിൽ ഒളിപ്പിച്ച ആ മുഖം തെളിഞ്ഞുവന്നു..... ധൈര്യത്തോടെ ആണ് അകത്തേക്ക് ഒന്ന് കൊട്ടിയത്,

" യെസ്.... കമിങ്... ഘനഗംഭീരമായ സ്വരത്തിൽ അകത്തുനിന്ന് പറഞ്ഞപ്പോൾ അതിനുള്ളിലുണ്ട് ആൾ എന്ന് മനസ്സിലായി, ആ സമയം തന്നെ തിരികെ പോയാലോ എന്ന് അവൾക്ക് തോന്നിയിരുന്നു..... ഇവിടെ ഉണ്ടായിട്ടും തന്നെ കാണാൻ വരാതിരുന്നു എന്നാൽ.....? അപ്പോൾ മനപൂർവ്വം വരാതിരുന്നത് ആണെങ്കിലോ, അങ്ങനെ ആണെങ്കിൽ താൻ തിരക്കി വരാൻ പാടില്ലായിരുന്നു.... അത് ശരിയായില്ല എന്ന് തോന്നി, പോകണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്നു..... അവസാനം രണ്ടും കൽപ്പിച്ച് എന്താണ് മനസ്സിൽ എന്ന് അറിഞ്ഞതിനുശേഷം പോകാമെന്ന് കരുതി വാതിൽ തുറന്നപ്പോൾ മുൻപിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒരു നിമിഷം ഞെട്ടിപ്പോയിരുന്നു..... മഹേശ്വർ സർ....! അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു, പെട്ടെന്ന് മഹേശ്വറിന്റെ ഓപ്പസിറ്റ് ഇരിക്കുന്ന മാധവും ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവളുടെ മുഖം കണ്ടു, ഒരു നിമിഷം അവനിലും ഞെട്ടൽ പ്രകടമായിരുന്നു,

എങ്കിലും അതൊരു കുസൃതിച്ചിരിയിലേക്ക് വഴി മാറി...... എന്നാൽ മഹേശ്വർ ആവട്ടെ അവളെ കണ്ട ആ ഒരു അത്ഭുതത്തിൽ ആണ്..... " ഇത് നമ്മുടെ സാവിത്രി ചേച്ചിയുടെ മോളല്ലേ, മാധവിനോട് ചോദിച്ചു, അവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി... " കയറി വാ മോളെ.... ഏറെ വാത്സല്യത്തോടെ മഹേശ്വർ വിളിച്ചപ്പോൾ, കേറി ചെല്ലാതെ അവൾക്ക് മുൻപിലും നിവൃത്തിയുണ്ടായിരുന്നില്ല.... ഒരു പരിഭ്രമം നിറഞ്ഞ ചിരിയോടെ അവൾ അകത്തേക്ക് കയറിയിരുന്നു..... " കുട്ടി എന്താ ഇവിടെ.... പരിഭ്രമത്തോടെ ആയിരുന്നു അയാൾ ചോദിച്ചത്..... അവളുടെ മുഖത്ത് പരിഭ്രമവും വിറയലും നിറഞ്ഞു കൊണ്ട് എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹായമായി മാധവിനെ നോക്കി..... നിസ്സഹായതയോടെ തന്നെ നോക്കുന്നവളുടെ മുഖം കണ്ടപ്പോൾ മാധവിന് അറിയാതെ അവളോട് സഹതാപം തോന്നി തുടങ്ങി..... എന്തോ ഒരു ആവേശത്തിന്റെ പുറത്ത് ചാടി ഓടി വന്നതാണ് പെണ്ണ് എന്ന് അവനും മനസ്സിലായിരുന്നു.....

അവളെ ആ സമയത്ത് രക്ഷിക്കേണ്ട കടമ തന്റെ ആണെന്ന് തോന്നി.... അതുകൊണ്ട് തന്നെ മഹേഷിന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.... " അത് പിന്നെ ഏട്ടാ, ആ കുട്ടിയുടെ ഒരു കൂട്ടുകാരിയുടെ ചേച്ചി ഒരു കേസ് എന്നോട് പറഞ്ഞിരുന്നു.... അന്ന് ഈ കുട്ടി ആണ് കൂടെ വന്നത്, അതിൻറെ വക്കാലത്ത് ആയി വന്നതായിരിക്കും.... അല്ലേ...? ചെറുചിരിയോടെ അവളോട് ചോദിച്ചപ്പോൾ അതെയെന്ന അർത്ഥത്തിൽ അവൾ ഒന്ന് തല ആട്ടുക മാത്രം ചെയ്തിരുന്നു..... " ആണോ..... മോൾ ഇവിടെയാ പഠിക്കുന്നത് എന്ന് മറന്നു പോയി, പിന്നെ എന്താണ് ചേച്ചിയുടെ കേസ്... മഹേശ്വർ അവളോട് ആയി ചോദിച്ചു.... " കുടുംബപ്രശ്നമാണ് ചേട്ടാ..... വീട്ടിൽ എന്തോ കാര്യം, സ്ത്രീധനത്തിന് പേരിലോ എന്തോ പ്രശ്നം, അങ്ങനെ എന്തോ ആണ്...... ഒന്ന് ഇരുന്ന് സംസാരിച്ചാൽ തീരും, അത്രയും പ്രശ്നമേയുള്ളൂ, കൃഷ്ണപ്രിയയുടെ കൈയ്യിൽ ഡീറ്റെയിൽസ് കൊടുത്തു വിട്ടാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു,

അതുകൊണ്ട് ആകും ഇങ്ങോട്ട് വന്നത്, ഒരു ഭാവ വ്യത്യാസം ഇല്ലാതെ അവൻ പറഞ്ഞു... അവൻ പറഞ്ഞപ്പോൾ ആ നിമിഷം അവളുടെ ചുണ്ടിലും ആശ്വാസത്തിന്റെ ഒരു ചിരി വിടർന്നു.... " എങ്കിൽ പിന്നെ കേസിന്റെ കാര്യങ്ങൾ സംസാരിക്കു, ഞാൻ കൂപ്പിലേക്ക് പോവാ, നീ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട കേട്ടോ..... മോളെ ഞാൻ നിന്നെ വീട്ടിലേക്ക് വിടണോ..? വേണമെങ്കിൽ ഞാൻ നിൽകാം.... മഹേശ്വർ പറഞ്ഞപ്പോൾ അവൾ നിഷേധർത്ഥത്തിൽ തലയാട്ടി... " വേണ്ട സർ ഞാൻ ബസിനു പൊക്കോളാം... " താമസം ഉണ്ടാകും ഏട്ടാ, ഏട്ടന് താമസിക്കും... മാധവ് പെട്ടന്ന് പറഞ്ഞു... " എടാ സമയം സന്ധ്യയായി, ഒരുപാട് സന്ധ്യ ആകാൻ പോകുന്നു, എനിക്ക് തിരക്ക് ഉണ്ട്, ബസൊക്കെ നമ്മുടെ കവലയിൽ വരുമ്പോഴേക്കും സമയം ആറേകാൽ അടുത്തിരിക്കും, ഏതായാലും നീ വീട്ടിലേക്ക് അല്ലേ, ഈ കുട്ടിയെ കൂടി വീട്ടിൽ വിട്ടേക്ക്, മോൾ ഇനി ബസിന് പോകാൻ നിൽക്കണ്ട കെട്ടോ.... ഇവൻ ഇറക്കി തരും വീട്ടിൽ...

മഹേശ്വർ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...അവൾ മെല്ലെ തല ചരിപ്പിച്ചു.... " ഞാൻ വിട്ടേക്കാം ഏട്ടാ.... ചെറുചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളോട് യാത്ര പറഞ്ഞു, മഹേഷ് ഇറങ്ങിയത്..... പരിഭ്രമം മാറി സമാധാനം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു, അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ചെറുചിരിയോടെ മാധവ്.... അവളെ തന്നെ പഠിക്കുന്നതുപോലെ, അവളാണെങ്കിൽ എങ്ങനെ അവിടെ നിന്നും തിരികെ പോകും എന്ന് ഉള്ള ഒരു അവസ്ഥയിലും..... " ഇരിക്കഡോ......!! ഒരു തമാശയോടെ അവൻ പറഞ്ഞപ്പോഴും അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു..... " താൻ ഇത്ര ബുദ്ധിമുട്ടി എന്നെ കാണാൻ വന്നതല്ലേ, ഒരു ചായ പറയട്ടെ..... കുസൃതി ചിരിയോടെ അവൻ ഓരോന്ന് ചോദിച്ചു തുടങ്ങിയപ്പോഴും എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു...... മനസ്സിൽ സംശയങ്ങളും മോഹങ്ങളും പിടിവലി നടത്തുകയാണ്.....

ഇവിടെ ഉണ്ടായിട്ടും തന്നെ കാണാൻ വന്നില്ല എന്ന ഒരു പരിഭവമാണോ, മനസ്സിൽ നിറയുന്നത് അതോ പറ്റിക്കുകയാണ് എന്ന തോന്നലാണോ....? എന്താണെന്ന് തുറന്നു പറയാൻ പോലും അറിയില്ല എങ്കിലും മുഖത്ത് പ്രകടമായിരുന്നു, അവളുടെ മാറിമറിയുന്ന മുഖഭാവങ്ങൾ കാണെ മാധവിന് ചിരി ആണ് വന്നത്...... " ഇപ്പോൾ എന്താണ് ഈ മനസ്സിലെ ചിന്ത എന്ന് ഞാൻ പറയട്ടെ....? അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്കു അറിയില്ലായിരുന്നു......അവന്റെ മുഖത്തേക്കൊന്ന് കൂർപ്പിച്ചു നോക്കുക മാത്രമായിരുന്നു അവൾ ചെയ്തിരുന്നത്..... " ഞാൻ തന്നെ പറ്റിക്കാണോ എന്ന് അല്ലേ ഇപ്പോൾ മനസ്സിൽ വിചാരിച്ചത്.....? എത്ര കൃത്യമായാണ് തന്റെ മനസ്സ് അവൻ വായിച്ചെടുത്തത് എന്ന് ഒരു അത്ഭുതത്തോടെ അവളോർത്തു...... അവന്റെ മുഖത്തേക്ക് അവൾ നോക്കി, " ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലഡോ ഞാൻ ഉച്ചയ്ക്ക് ഇങ്ങോട്ട് വന്നതേയുള്ളൂ, ഒരുപാട് തിരക്കുണ്ടായിരുന്നു,

ഓഫീസിൻറെ ലൈസൻസുമായി ബന്ധപ്പെട്ട എനിക്ക് ഒന്ന് എറണാകുളം വരെ പോകേണ്ടത് ആയി ഉണ്ടായിരുന്നു...... അതിനു വേണ്ടി ഞാൻ എറണാകുളം വരെ പോയതാ, തിരികെ വന്നപ്പോൾ ഒരുപാട് താമസിച്ചു, വൈകുന്നേരം പോയി രാവിലെ തിരികെ വരാം എന്നാണ് വിചാരിച്ചത്...... പക്ഷേ കാര്യങ്ങൾ ഒന്നും ശരിയായില്ല, എൻറെ രണ്ട് മൂന്ന് കൂട്ടുകാർ കൂടി ഉണ്ടായിരുന്നു, അതുകൊണ്ട് രണ്ട് ദിവസം അവിടെ നിൽക്കേണ്ടി വന്നു, അങ്ങനെ ആണ് താമസിച്ചത്..... എല്ലാ കാര്യങ്ങളും കഴിഞ്ഞ് ഇങ്ങോട്ട് വന്നു കയറിയപ്പോൾ ഇവിടെ ചേട്ടൻ ഉണ്ട്, പിന്നെ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു...... ഇന്ന് വൈകുന്നേരം കാണാൻ ഇരുന്നതാ ഞാൻ..... തന്നോട് പറഞ്ഞിട്ട് പോകണം എന്ന് വിചാരിച്ചതായിരുന്നു, പക്ഷേ തന്നെ കോണ്ടാക്ട് ചെയ്യാനുള്ള യാതൊരു മാർഗ്ഗങ്ങളും എൻറെ കയ്യിൽ ഇല്ലല്ലോ, ഫോൺ നമ്പർ പോലും എൻറെ കയ്യിൽ ഇല്ല..... " എനിക്ക് ഫോൺ ഇല്ല...... പതിഞ്ഞ സ്വരത്തിൽ പറഞ്ഞവൾ....

" എന്റെ ഈശ്വരാ ഈ കാലത്ത് ഫോണില്ലാത്ത പെൺകുട്ടിയോ.....? എന്താണെങ്കിലും ഒരു ഫോട്ടോ എടുത്തു വെക്കണം, ഞാൻ ഏതായാലും ഭാഗ്യം ചെയ്ത ആൾ ആണെന്ന് തോന്നുന്നു, ടെക്നോളജി ഒന്നും അധികം കയ്യേറിയിട്ടില്ല ഒരാളെ കിട്ടി...... കുസൃതിയോടെ അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ രാശികൾ തെളിയുന്നത് അവനും കണ്ടിരുന്നു...... " എന്നെ കാണാതെ വന്നതാണോ....? അതോ ഞാൻ പറ്റിച്ചു എന്ന് അറിയാൻ വേണ്ടി വന്നതാണോ....? " അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല, എങ്കിലും ഇവിടെ വന്നപ്പോൾ ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി ഇനി ഇപ്പോ മനപ്പൂർവം എന്നെ കാണാൻ വരാഞ്ഞതാണെന്ന്, ഞാൻ തിരക്കി വന്നത് മോശമായി പോയോ എന്ന്..... അങ്ങനെയൊന്ന് ചിന്തിക്കാതിരുന്നില്ല, വളരെ നിഷ്കളങ്കമായി പറയുന്നവളോട് അവന് സ്നേഹമാണ് തോന്നിയത്....

. " ഞാൻ പറഞ്ഞില്ലേ തന്നെ പറ്റിക്കാൻ ആയിരുന്നെങ്കിൽ ഞാൻ ഒരിക്കലും തന്നെ കല്യാണം കഴിച്ചോളാം എന്നൊന്നും വാക്ക് തരില്ല, ഒരു പെൺകുട്ടിയെ മോഹം കൊടുത്ത പറ്റിക്കുക വലിയ തെറ്റാണെന്ന് എനിക്ക് അറിയാം...... ഒന്നും ഇല്ലങ്കിലും ഞാനും അമ്മയും പെങ്ങളും ഒക്കെ ഉള്ള ഒരു കുടുംബത്തിൽ നിന്ന് വന്നതല്ലേ, പ്രിയക്ക് ഇപ്പോഴും എന്നെ വിശ്വാസം ആയിട്ടില്ല എന്ന് തോന്നുന്നു.... ലാപ്ടോപ്പ് അടച്ചു ബാഗിൽ വച്ചുകൊണ്ടവൻ പറഞ്ഞു.... " വിശ്വാസക്കുറവ് അല്ല, ഒരു ഭയം.... " എനിക്കറിയാം സ്വന്തമായിട്ട് എടുത്ത ഒരു അകലം തനിക്ക് ഉണ്ടെന്ന്...... അത്‌ വേണ്ടെന്ന് ഞാൻ കുറെ വട്ടം തന്നോട് പറഞ്ഞു, എന്നിട്ടും എന്തിനാ ഈ ടെൻഷൻ എന്ന് എനിക്ക് മനസ്സിലാകുന്നില്ല..... നമ്മൾ തമ്മിൽ ശരിയായിട്ടുള്ള കോൺടാക്ട് ഇല്ല, അതാണ് പ്രധാന പ്രശ്നം..... ഞാൻ ഒരു കാര്യം ചെയ്യാം, ഞാൻ ഒരു മൊബൈൽ വാങ്ങി തരാം, അപ്പോൾ സംസാരിക്കാല്ലോ, " അയ്യോ എനിക്ക് ഫോൺ ഒന്നും വേണ്ട, ഫോൺ ഒക്കെ കണ്ട് അമ്മ വഴക്കു പറയും......

അത് മാത്രം അല്ല, ഫോൺ ഉപയോഗിക്കാൻ എനിക്ക് അറിയുകയില്ല, സംസാരിക്കാൻ പറ്റിയ സാഹചര്യം അല്ല, " താൻ കരുതും പോലെ ഇങ്ങനെ പൈങ്കിളി പറഞ്ഞു എപ്പോഴും വിളിച്ചു കൊണ്ടിരിക്കാൻ ഒന്നും അല്ല, അതിന് എനിക്ക് താല്പര്യം ഇല്ലാത്ത ആളാണ്, ഇപ്പോൾ അത്യാവശ്യം കാര്യങ്ങളൊക്കെ ഒന്ന് മെസ്സേജിലൂടെ പറയാനോ മറ്റോ.... ഒരു നിമിഷം അവളുടെ മുഖവും പരിഭ്രമത്തിൽ നിറഞ്ഞു..... " ഒക്കെ, ഇപ്പോൾ വേണ്ടെങ്കിൽ വേണ്ട.... ഞാൻ നിർബന്ധിക്കുന്നില്ല, അമ്മയ്ക്ക് അതുകൊണ്ട് ഒരു വിഷമം വേണ്ട..... എൻറെ നമ്പർ എഴുതി വെച്ചോ, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കൂട്ടുകാരുടെ നമ്പറിൽ അല്ലെങ്കിൽ ബൂത്തിൽ നിന്നോ അങ്ങനെ എങ്ങനെ വിളിച്ചാലും ഈ നമ്പർ കിട്ടും..... " ഒരുപാട് തിരക്കുള്ള ആളല്ലേ, ഞാൻ അങ്ങനെ ആരുടെ എങ്കിലും ഫോണിൽ നിന്ന് വിളിച്ചാൽ ഇടയ്ക്ക് ബുദ്ധിമുട്ടാവില്ലേ....? മടിച്ചു മടിച്ചവൾ ചോദിച്ചു... " തിരക്കുണ്ട്.....! പക്ഷേ ബുദ്ധിമുട്ട് ആകില്ല, താൻ ആണെങ്കിൽ എത്ര തിരക്കിലും ഞാൻ സംസാരിക്കാൻ സമയം കണ്ടെത്തും.....

ഈ ജന്മം മുഴുവൻ ഞാൻ സംസാരിക്കേണ്ടത് ഈ ഒരാളോട് അല്ലേ....?? അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയത് അവൻ കണ്ടു.....പെട്ടെന്ന് കയ്യിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ നോക്കി സമയം ഒന്ന് നോക്കിയതിന് ശേഷം അവൻ പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു...... അത് കണ്ടു പരിഭ്രമത്തോടെ അവളും എഴുന്നേറ്റു..... " താൻ ഇരിക്കഡോ, ഞാൻ ഇതൊക്കെ ഒന്ന് ഒതുങ്ങട്ടെ, എന്നിട്ട് ഇറങ്ങാം..... " എങ്കിൽ ഞാൻ പൊക്കോട്ടെ, ബാഗ് തോളിൽ ഇട്ടവൾ ചോദിച്ചു.... " തന്നെ വീട്ടിൽ കൊണ്ടു വിടണം എന്നാണ് ഏട്ടന്റെ ഓർഡർ, ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും, എനിക്ക് അങ്ങനെ ഏട്ടൻ പറയുന്നത് തള്ളി കളയാൻ പറ്റില്ല, എന്റെ ഒപ്പം വരാൻ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഏട്ടനോട് പറയാൻ പാടില്ലാരുന്നോ....? " അങ്ങനെ അല്ല... " എങ്കിൽ ഇരിക്ക് ഞാൻ വരുന്നു.... ചെറുതായി തല അനക്കി സമ്മതിച്ചു അവൾ പരിഭ്രമത്തോടെ പുറത്തിറങ്ങുന്നത് കണ്ടപ്പോൾ അവന് വീണ്ടും ചിരിയാണ് വന്നത്.....

ഭൂമിയെ പോലും നോവിക്കാതെ നടക്കുന്ന ഒരു പെണ്ണ്, എല്ലാകാര്യത്തിനും ഭയമാണ് അവൾക്ക്..... എങ്ങനെയാണ് അവൾ തന്നെ പ്രണയിച്ചത് എന്ന അത്ഭുതം തോന്നിയിരുന്നു...... പക്ഷെ ഒരിക്കലും പറയാതെ ഉള്ള സ്നേഹമായിരുന്നു...... അവളുടെ ഉള്ളിൽ മാത്രമുള്ള യാതൊരു പ്രതീക്ഷയും ഇല്ലാത്ത സ്നേഹം, ഒരുപക്ഷേ ഒരു പ്രതീക്ഷയും വയ്ക്കാതെ അവൾ സ്നേഹിച്ചത് കൊണ്ടായിരിക്കാം ആദ്യനോട്ടത്തിൽ തന്നെ അവളിൽ നിന്നും ആ സ്നേഹം മനസിലാക്കിയതെന്ന് അവനും തോന്നിയിരുന്നു..... ഇത്രയും നിഷ്കളങ്കമായ ഒരു പെണ്ണിനെ കണ്ടു കിട്ടുമോ എന്ന് പോലും അവനെ സംശയം തോന്നിമ്.... ഇങ്ങനെയൊന്നുമായിരുന്നില്ല തന്റെ മനസ്സിലുള്ള തൻറെ പാർട്ട്ണറെ പറ്റിയുള്ള സങ്കല്പം, തന്നോട് ഒരുപാട് സംസാരിക്കുന്ന എന്ത് കാര്യങ്ങളെപ്പറ്റിയും തന്നോട് സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തി ആയിരിക്കണം എന്ന് ആഗ്രഹിച്ചത്,

പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി അധികം സംസാരിക്കാത്ത ഈ പാവം പെണ്ണിനോട് തനിക്കൊരു ആകർഷണം തോന്നാൻ ഉണ്ടായ കാരണം ഒന്ന് മാത്രമായിരുന്നു അവളുടെ കണ്ണിൽ തന്നെ കണ്ടപ്പോൾ തെളിയുന്ന തിളക്കം, തന്റെ സാന്നിധ്യത്തിൽ അവളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം, അതിൻറെ അർത്ഥം അറിയാൻ തനിക്ക് ഒരുപാട് സമയം എടുക്കേണ്ടി വന്നില്ല..... നിറഞ്ഞുതുളുമ്പുന്ന തന്നോടുള്ള പ്രണയം മാത്രമായിരുന്നു അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചത് എന്ന് ഒട്ടൊരു കൗതുകത്തോടെ അവൻ ഓർത്തു..................തുടരും.......................

Share this story