സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 19

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" ആഹാ മോൾ എവിടെ എന്ന് ചോദിക്കാൻ തുടങ്ങുവായിരുന്നു...... ഇങ്ങോട്ട് വാ ചോദിക്കട്ടെ.... മഹേഷ് കൈയാട്ടി വിളിച്ചപ്പോൾ നിരസിക്കുവാൻ അവൾക്ക് കഴിയുമായിരുന്നില്ല...... മടിച്ചുമടിച്ച് അവൾ അരികിലേക്ക് ചെന്നു, " പഠിത്തം ഒക്കെ എങ്ങനെ പോകുന്നു.....? നന്നായി പഠിക്കണം........ ഞാൻ പറഞ്ഞു ചേച്ചിയോട് നിന്റെ പഠിത്തത്തിൽ എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത് എന്ന് ..... മഹേശ്വര സാവിത്രിയുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി പറഞ്ഞു...... അവർ ആശ്വാസ പൂർവ്വം തലയാട്ടി..... " കുടിക്കാൻ കാപ്പി എടുക്കട്ടെ കുഞ്ഞേ..... വളരെ ഭവ്യതയോടെ തന്നെയാണ് സാവിത്രി അത്‌ ചോദിച്ചത്...... " ആയിക്കോട്ടെ,അല്ലേടാ..... മാധവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ആണ് അവൻ അവളുടെ മുഖത്തു നിന്നും ദൃഷ്ട്ടി മാറ്റിയത് തന്നെ.... " എന്താ ഏട്ടാ.... ആഹ് കാപ്പി, കാപ്പി ആയിക്കോട്ടെ..... അത് കേട്ടപാടെ കാവ്യ അകത്തേക്ക് പോയിരുന്നു, പിന്നാലെ കൃഷ്ണപ്രിയയുടെ അരികിൽ മഹേശ്വർ എത്തി.....

" എടാ നീ അത് ഇങ്ങ് എടുത്തു കൊടുത്തേക്ക്..... മഹേശ്വർ പറഞ്ഞപ്പോഴാണ് സാവിത്രി ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കിയത്..... " ഇത്‌ ഒരു ഫോൺ ആണ്..... കഴിഞ്ഞദിവസം മാധവ് ആണ് പറഞ്ഞത്, കൃഷ്ണപ്രിയക്ക് എന്തെങ്കിലും സെമിനാറോ പ്രൊജക്റ്റ്‌ ഒക്കെ വന്നാൽ ഒരു ഫോൺ നല്ലതാണെന്ന്, കഴിഞ്ഞദിവസം ഇവന് കൂട്ടുകാർ ആരോ സമ്മാനം കൊടുത്തു, അവിടെ ആർക്കും ഇത്‌ ആവിശ്യം ഇല്ലല്ലോ, അപ്പോൾ ഉപകാരപെടുന്ന ആർക്കേലും ആവശ്യം വരികയാണെങ്കിൽ അത് ഉപയോഗിക്കാമല്ലോ എന്ന് അമ്മയും പറഞ്ഞത് ..... " കൃഷ്ണപ്രിയ വന്നേ, മോളെ മൊബൈലാണ്, സ്മാർട്ട്ഫോണാണ് ഒരുപാട് വഴികളുണ്ട് ഇന്നത്തെ കാലത്തെ കുട്ടികളെ വഴിതെറ്റിക്കാൻ ഇതിൽ, ഒന്നിനും നമുക്ക് സമയമില്ല, ഈ വീട് ഉയരണമെങ്കിൽ നീ പഠിക്കണം, നീ ഒരു സ്ഥാനത്ത് എത്തിയാൽ നിൻറെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒരു താങ്ങാവാൻ കഴിയൂ, മറ്റുള്ളവർ കാണിക്കുന്നത് കണ്ടു നമ്മൾ ഒന്നും ചെയ്യരുത്....

നീ തെറ്റ് ചെയ്യും എന്നല്ല, പുതിയ സാങ്കേതികവിദ്യകൾ ഒക്കെ കൈകളിലേക്ക് കിട്ടുമ്പോഴാണ് ഓരോ കുട്ടികൾക്കും ഓരോ ചിന്തകളും മാറുന്നത്......എല്ലാം നല്ലതിനായി മാത്രം ഉപയോഗിക്കുക, പഠനത്തിന് ഉപകാരപ്പെടും എന്ന് അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ കയ്യിലേക്ക് ഇങ്ങനെയൊരു സാധനം വച്ച് തരുന്നത്......അത് ഒരിക്കലും മോശം ആകാൻ പാടില്ല, ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ......?? മഹേഷ് ചോദിച്ചപ്പോൾ അവൾ അനുസരണയോടെ കൈ നീട്ടിയപ്പോൾ വാങ്ങാൻ അപ്പോഴും കൈകൾ വിറക്കുന്നത് പോലെ തോന്നിയിരുന്നു.... മഹേഷ്‌ അത്‌ കൈയ്യിൽ നൽകിയപ്പോഴാണ് അവളത് വാങ്ങിയത്, ഗൂഢമായ ഒരു പുഞ്ചിരിമാധവിൽ വിരിയുന്നത് കൃഷ്ണപ്രിയ മാത്രം കണ്ടിരുന്നു...... " കിച്ചു......!!

അകത്തുനിന്ന് കാവ്യയുടെ വിളികേട്ടപ്പോഴാണ് മഹേശ്വറിന്റെ മുഖത്തേക്ക് അവൾ നോക്കിയത്..... " ചെല്ല് അകത്തേക്ക്.... മഹേശ്വർ പറഞ്ഞപ്പോൾ സമാധാനപൂർവം മാധവിനെ ഒന്ന് നോക്കി അവൾ അകത്തേക്ക് ചെന്നിരുന്നു..... അകത്തേക്ക് ചെന്നപ്പോൾ എന്തൊക്കെയോ കാര്യമായി ഉണ്ടാക്കുന്ന തിരക്കിലാണ് കാവ്യ....... അവൽ വിളയിച്ചത് എടുത്തു വാഴയിലയിൽ വെച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ പാലൊഴിച്ച് ഒരു കാപ്പിയുമിട്ടു..... രാവിലെ ഉണ്ടാക്കിയ ചക്കഅടയിൽ നിന്നും രണ്ടെണ്ണം എടുത്ത് മാറ്റിവെച്ചു, " നമ്മൾ ഇതൊക്കെ കൊടുത്താൽ അവർ കഴിക്കുമോന്ന് അറിയില്ല, എങ്കിലും വീട്ടിലേക്ക് വരുമ്പോൾ കൊടുക്കാതിരിക്കുന്നത് മോശമല്ലേ..... ഏതായാലും ഇതൊക്കെ ഉണ്ടായത് കാര്യം ആയി...... കാവ്യ പറഞ്ഞു....! " കണ്ണൻ എവിടെ.....?വരുന്നത് കണ്ടല്ലോ....? " അവനെ ഞാൻ അപ്പുറത്തെ സരസ്വതിചേച്ചിയുടെ വീട്ടിലേക്ക് വിട്ടിരിക്കുകയാണ്.....

പ്ലേറ്റ് വാങ്ങണ്ടേ, നമ്മുടെ ഇവിടുത്തെ ചളുങ്ങിയ പ്ളേറ്റിൽ എങ്ങനെ അവർക്ക് കൊടുക്കുക.....? അവരൊക്കെ വലിയ വലിയ ആളുകളല്ലേ, " കാപ്പി മാത്രം എടുത്താൽ മതിയായിരുന്നു ചേച്ചി..... " കാപ്പി മാത്രം നമ്മൾ എങ്ങനെ കൊടുക്കുക, എനിക്കൊരു മടി അതുകൊണ്ട് ഞാൻ ഇതൊക്കെ പെട്ടെന്ന് ഉണ്ടാക്കിയത്..... എങ്കിലും ഇത്ര പെട്ടെന്ന് ചേച്ചി ഒക്കെ ഉണ്ടാക്കിയൊ....? " ഞാൻ അവൽ വിളയിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ആണ് അവർ വന്നത്..... പിന്നെ അട രാവിലത്തെ ബാക്കി ആണ്.... നീ എന്തായാലും ആ ചെറുക്കനെ ഒന്ന് നോക്കിക്കേ..... പ്ലേറ്റ് കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് നേരം കുറേ ആയി...... അവർക്ക് പെട്ടെന്ന് കൊടുക്കേണ്ടത് ആണ്..... " ഞാൻ വിളിച്ചിട്ട്‌ വരാം.... അതും പറഞ്ഞവൾ പിന്നാമ്പുറത്തു കൂടി ഇറങ്ങി, അവൾ ഇറങ്ങി ചെന്നപ്പോഴാണ് വിറക് പുരയുടെ അരികിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന ആളെ കണ്ടത്...... പെട്ടെന്ന് വീണ്ടും ഒരു പരിഭ്രമം നിറയുന്നതു പോലെ, എത്രയൊക്കെ ഇഷ്ടം ഉണ്ടെന്ന് പറഞ്ഞാലും ഈ ഒരാളെ കാണുമ്പോൾ മാത്രം ഒരു പ്രത്യേകതരം അനുഭവം തോന്നാറുണ്ട്.....

ഒരു പരിഭ്രമവും അതോടൊപ്പം തന്നെ ചെറിയതോതിൽ ഒരു വിറയലും, ഫോണിൽ തന്നെയാണ് ആൾ സംസാരിക്കുന്നത് , ആളെ മറികടന്നു വേണം പുറത്തേക്ക് പോകുവാൻ.....മുറ്റത്ത് ആണെങ്കിൽ മഹേശ്വർ സാർ ഇല്ല..... അമ്മയോടെ എന്തോ പറഞ്ഞു കൊണ്ട് ഉമ്മറത്ത് ഇരിക്കുകയാണ്.... പെട്ടെന്ന് ആളെ മറികടന്ന് പോകാൻ തുടങ്ങിയപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ഇടം കൈത്തണ്ടയിൽ ഒരു പിടി വീണിരുന്നു..... മുഖത്തേക്ക് നോക്കിയപ്പോൾ ഗൗരവപൂർവ്വം ഫോണിൽ സംസാരിക്കുകയാണ്, വിടാൻ ശ്രമിച്ചിരുന്നുവെങ്കിലും മുഖത്തേക്കൊന്നു കൂർപ്പിച്ചു നോക്കിയാണ് അതിനു മറുപടി നൽകിയത്..... പിന്നെ ഫോൺ കട്ട് ചെയ്ത് ഇട്ടിരുന്ന ഷോർട്ട്സിന്റെ പോക്കറ്റിലേക്കു ഇട്ടു...... " എന്താണ് ഇത്രയും ധൃതി..... പതുക്കെ അവൾക്കു മാത്രം കേൾക്കാവുന്ന രീതിയിൽ ആണ് ചോദിച്ചത്, " ആരെങ്കിലും കാണും..... ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി, " കാണുന്നെങ്കിൽ കാണട്ടെ, ഏതായാലും കറക്റ്റ് സമയം ആണ് ഇപ്പോൾ, കൂടെ ഏട്ടനും ഉണ്ട്, ഞാൻ അമ്മയോട് ചോദിക്കട്ടെ ഈ സൂര്യകാന്തി എനിക്ക് തരുമോന്ന്....

" ദേ കളി പറയേണ്ട നേരമല്ല കേട്ടോ...... ആരെങ്കിലും ഇങ്ങോട്ട് ഇറങ്ങി വന്ന് ഈ രംഗം ഒന്ന് കണ്ടാൽ നല്ല രസമായിരിക്കും........ " ആണോ....?എങ്കിൽ ഒന്ന് കാണണമല്ലോ, തന്റെ കയ്യിൽ ഒന്ന് പിടിച്ചു, വേണമെങ്കിൽ ചേർത്തുപിടിക്കാൻ എനിക്ക് ഒരു മടിയും ഇല്ല... ദേ ഇങ്ങനെ.... വിറകുപുരയുടെ അരികിലേക്ക് നിന്നുകൊണ്ട് അവളെ ഒന്നു വലിച്ച് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം കൃഷ്ണപ്രിയ അത്ഭുതപ്പെട്ടു പോയിരുന്നു....... പെട്ടെന്നുള്ള അവൻറെ പ്രവർത്തി അവളിൽ അമ്പരപ്പും സൃഷ്ടിച്ചിരുന്നു... ആദ്യമായാണ് ഇങ്ങനെയൊക്കെ ഇടപെടുന്നത്, പെട്ടെന്ന് അവൻറെ കയ്യിൽ നിന്നും കുതറി അവൾ ഒരു അകലം ഇട്ടു നിന്നു....... അതുകൊണ്ട് അവന് ചിരിയാണ് തോന്നിയത്...... " മധുവേട്ടാ ആരെങ്കിലും കാണും...... " അപ്പോൾ അറിയാം അങ്ങനെയൊക്കെ വിളിക്കാൻ......

ഈ ഒരു വാക്ക് എന്റെ കൊച്ചിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ ഇത്രയും അഭ്യാസം ഒക്കെ ഇവിടെ കിടന്നു കാണിച്ചത്..... എവിടെ പോവാ..... " അപ്പുറം വരെ....!! അനിയൻ അങ്ങോട്ട് പോയിരിക്കാ, അവനെ ഒന്നു വിളിക്കാൻ വേണ്ടി, " അനിയൻ ഉണ്ടല്ലേ, എനിക്കറിയില്ലായിരുന്നു, ബൈ ദി ബൈ എന്റെ അളിയൻ എന്ത് ചെയ്യുന്നു....? വളരെ രസകരമായി അവൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു പോയിരുന്നു..... " പത്താം ക്ലാസ്സ് ആയിട്ടുള്ളൂ, " ഓഹോ അപ്പോൾ കുഞ്ഞളിയനാണ്.... 15 വയസ്സുകാരനായ ഒരു പയ്യൻ ഒറ്റയ്ക്ക് ഇങ്ങ് പോരും..... ഞാൻ നിന്നെ കാണാൻ വേണ്ടി വന്നത് ആണ്.... അപ്പോൾ അങ്ങനെ ഓടിപ്പോയാലോ ...? എനിക്ക് സങ്കടം ഇല്ലെടോ, ചെറുചിരിയോടെ അവൻ ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ... ഇപ്പോഴാണെങ്കിൽ നല്ല സേഫ് സോൺ ...... ഏട്ടൻ പെട്ടന്ന് നോക്കിയാൽ കാണുന്നില്ല, തന്റെ ചേച്ചി ഇങ്ങോട്ട് നോക്കിയാലും കാണില്ല...

ഞാൻ കുറച്ചു നേരം തന്നെ ഒന്ന് കാണട്ടെ, അതുകൊണ്ട് കുറച്ചു നേരം ഇവിടെ നിന്നേ, തന്നെ ഒന്ന് കാണാതെ എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി...... അതല്ലേ രാവിലെ തന്നെ ഏട്ടനെ കുത്തിപ്പൊക്കി റബർ എസ്റ്റേറ്റിലേക്ക് വരണം എന്ന് പറഞ്ഞത്...... " അപ്പോൾ മഹേഷ് സാറിനെ നിർബന്ധിച്ച് കൊണ്ടു വന്നത് ആണോ....? " പിന്നെ അല്ലാതെ, മഹിയേട്ടൻ പാർട്ടിയുടെ പരിപാടിക്ക് വേണ്ടി പോകാൻ ഇരുന്നതാ...... എനിക്കാണെങ്കിൽ ശരിക്ക് ഒന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, പിന്നെ ഒരു മൊബൈൽ ഞാൻ വാങ്ങിത്തരാം എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു പെണ്ണിന്റെ ജാഡ, അമ്മ വഴക്കും പറയും വേണ്ട, ഇപ്പോൾ എന്തായ? അമ്മയുടെ മുന്നിൽ വച്ച് തന്നെ ഞാൻ മൊബൈൽ വാങ്ങി തന്നത് കണ്ടോ....,?.. " അപ്പോൾ ആ ഫോൺ മധുവേട്ടൻ വാങ്ങിയതാണോ......? " പിന്നല്ലാതെ, നിനക്ക് വേറെ ആര് മൊബൈൽ വാങ്ങി തന്നു എന്നാണ് വിചാരിച്ചത്.....?

എനിക്ക് നിന്നോട് സംസാരിക്കാതിരിക്കാൻ പറ്റാത്ത കൊണ്ട് ഞാൻ ഇന്നലെ പുതിയൊരെണ്ണം വാങ്ങിയത് ആണ്.... എന്നിട്ട് അമ്മയ്ക്ക് കൊടുത്തു, അമ്മയ്ക്ക് ഇത്‌ എന്തിനാ, അമ്മയ്ക്ക് വേണ്ടന്ന് പറഞ്ഞു, പിന്നെ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ആർക്കെങ്കിലും കൊടുക്കാം എന്ന്. അപ്പോൾ യാദൃശ്ചികമായി എന്നപോലെ കൃഷ്ണപ്രിയയുടെ പേര് ഞാൻ ഒന്നു പറഞ്ഞു, അപ്പോൾ അമ്മ പറഞ്ഞു അത് തന്നെ ആണ് നല്ലത്, നിനക്ക് തന്നെ കൊടുത്തേക്കാം എന്ന്, അപ്പോൾ ഞാൻ വിചാരിച്ചു ഇങ്ങനെ ചേട്ടനെ കൊണ്ട് തന്നെ തൻറെ കയ്യിൽ എത്തിക്കാം എന്ന് എങ്ങനെയുണ്ട് ഐഡിയ....?? ഷർട്ടിന്റെ കോളർ ഒന്ന് ഉയർത്തി ചോദിച്ചു..... " ഐഡിയ കൊള്ളാം, ഇങ്ങനെ നടന്നില്ലായിരുന്നെങ്കിലൊ....? അമ്മ വേണം എന്ന് പറഞ്ഞിരുന്നെങ്കിലോ.....? " എന്തെങ്കിലും പറഞ്ഞു ഞാൻ അടുത്തത് വാങ്ങും, നിനക്കോ എന്നെ കാണാണം എന്നൊ സംസാരിക്കണമെന്നോ ഒന്നുമില്ല, എനിക്ക് അങ്ങനെയല്ലല്ലോ, എൻറെ അസ്ഥിക്ക് പിടിച്ചു പോയില്ലേ.....? ഒരു കുസൃതിച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് കുങ്കുമ വർണ്ണം വിതറിയിരുന്നു..... "

അങ്ങനെ പറയല്ലേ മധുവേട്ട, എനിക്ക് എപ്പോഴും കാണണം എന്ന് തോന്നാറുണ്ട്.....എന്തെങ്കിലുമൊക്കെ സംസാരിക്കണമെന്നും തോന്നും, പക്ഷേ എനിക്ക് അതൊന്നും പ്രകടിപ്പിക്കാൻ അറിയില്ല.... അങ്ങനെ സംസാരിക്കാൻ എനിക്ക് ധൈര്യം കിട്ടാറില്ല, ഇപ്പോൾ തന്നെ എങ്ങനെയാ ഞാൻ ഇങ്ങനെ മുന്നിൽനിന്ന് സംസാരിക്കുന്നത് എന്ന് എനിക്ക് അറിയില്ല....എനിക്ക് എന്തോ മധുവേട്ടനെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ വല്ലാത്ത ഒരു നാണമാണ്, " അപ്പോൾ നാണമാണ് പ്രശ്നം...... വേണമെങ്കിൽ നാണം മാറ്റാം, പിന്നെ ഞാൻ വേണ്ടാന്ന് വച്ചിരിക്കുവാ, വെറുതെ ഇങ്ങനെ പറഞ്ഞ് എന്നെ പ്രകോപിപ്പികല്ലേ, നാണം മാറിയാൽ സംസാരിക്കാൻ ബുദ്ധിമുട്ടില്ലല്ലോ....? ഒരു കുസൃതിച്ചിരിയോടെ മീശ പിരിച്ച് അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ച് അവൻ ചോദിച്ചപ്പോൾ വിറച്ചു പോയിരുന്നു കൃഷ്ണപ്രിയ..... പെട്ടെന്ന് അവളുടെ ഭാവം കണ്ട് മാധവും ചിരിച്ചു പോയിരുന്നു..... " അയ്യോ കണ്ണൻ.....!!

പെട്ടെന്ന് റബ്ബർ തോട്ടത്തിന്റെ അരികിൽ കൂടി നടന്നു വരുന്ന 15 വയസ്സുകാരൻ പയ്യനെ നോക്കി കൊണ്ട് കൃഷ്ണപ്രിയ പറഞ്ഞപ്പോൾ മാധവ് അവളുടെ അരികിൽ നിന്നും ഒന്നും മാറിയിരുന്നു..... " ഇതാണ് ഭാവി അളിയൻ......! ചിരിയോടെ മാധവ് ചോദിച്ചപ്പോൾ കൃഷ്ണപ്രിയ അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..... " ഫോണിൽ സിം ഇട്ടിട്ടുണ്ട്, മൂന്നു മാസത്തേക്ക് റീചാർജ് ചെയ്തിട്ടുണ്ട്, വാട്ട്സപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്....... അതിൽ ഒരൊറ്റ നമ്പർ മാത്രമേ സേവ് ചെയ്തിട്ടുള്ളൂ, ഈ സൂര്യകാന്തിയുടെ സൂര്യന്റെ...... മെസ്സേജ് അയക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ..... " അതില്ല...... മെസ്സേജ് അയച്ചാൽ മതി..... " ശബ്ദം കേൾക്കണം എന്ന് തോന്നുന്ന സമയത്തൊക്കെ ഞാൻ ഒരു മിസ്കോൾ അടിക്കാം, അപ്പോ തനിക്ക് സംസാരിക്കാൻ പറ്റുമെങ്കിൽ ഫോൺ എടുക്കണം, എന്നിട്ട് എന്നെ തിരിച്ചു വിളിക്കണം.... എന്ന് വച്ച് രാത്രിയിൽ ഒന്നും ബുദ്ധിമുട്ടിക്കില്ല കെട്ടോ, "ഉം.... നിറഞ്ഞമനസോടെ അവൾ തലയാട്ടി .... "

എങ്കിൽ പൊക്കോ, അളിയൻ കണ്ടു പ്രശ്നം ആകണ്ട.... ചിരിയോടെ പറഞ്ഞവൻ നേരെ മുറ്റത്തേക്കിറങ്ങിയപ്പോൾ അവളും പിന്നാമ്പുറത്തേക്ക് കയറിയിരുന്നു....... " കണ്ണൻ എവിടെ.....!! അകത്തേക്ക് കയറി വന്ന ഉടനെ കാവ്യ ചോദിച്ചത് അതാണ്..... " ഇത്ര നേരം ഞാൻ അങ്ങോട്ട് പോകാൻ നോക്കുവായിരുന്നു, അപ്പൊൾ മറ്റേ പുള്ളി ഫോൺ വിളിച്ചു കൊണ്ടിരിക്കയായിരുന്നു.... ആളുടെ മുൻപിൽ കൂടി എങ്ങനെ പോകാം എന്ന് വിചാരിച്ചു.... ഇപ്പോൾ മാറുമെന്ന് കരുതി ഞാൻ നിന്നതാ, ഇത്രയും നേരം ഫോൺ വിളിക്കയായിരുന്നു....... " മഹേഷ് സാറിൻറെ അനിയൻ അല്ലേ, അവരൊക്കെ നല്ല മനുഷ്യരല്ലേ, പക്ഷേ ആ പെണ്ണ് ഒരാൾ മാത്രം, ആരെ കണ്ടാലും അതിന്റെ മുഖം ഇങ്ങനെ വീർതിരിക്കും.... ഒന്ന് ചിരിച്ചു കാണിച്ചാൽ മുത്തു പൊഴിയുന്മെന്ന് ആണ് അതിന്റെ വിചാരം.....

കണ്ണൻ എത്തിയതും എല്ലാം പ്ലേറ്റിലേക്ക് ഒക്കെ ആക്കിയതിനു ശേഷം കാവ്യയും കൃഷ്ണപ്രിയയും ഒരുമിച്ചാണ് അതുമായി എത്തിയത്...... കാവ്യയുടെ മുഖത്തേക്ക് നോക്കി കൊണ്ട് മാധവ് ഒന്ന് കണ്ണിറുക്കി കാണിച്ചു..... കാവ്യയെ നോക്കി മഹേശ്വർ സാവിത്രിയോട് ചോദിച്ചത്.... " ഇവൾക്ക് കല്ല്യാണമൊന്നും നോക്കുന്നില്ലേ സാവിത്രി ചേച്ചി.... " എൻറെ കുഞ്ഞേ എത്രയോ കല്യാണ ആലോചനകൾ വന്നതാന്ന് അറിയോ....? അവൾക്ക് ചൊവ്വാദോഷം ഉണ്ട്..... അതുകൊണ്ട് ഒന്നും നടക്കുന്നില്ല, ഇപ്പൊൾ 26 കഴിഞ്ഞു..... ഇനി ഇപ്പൊൾ എങ്ങനെയാണ് എന്ന് എനിക്കറിയില്ല.... അവൾക്കുവേണ്ടി നടത്താത്ത വഴിപാടുകൾ ഒന്നുമില്ല, ചൊവ്വാ ദോഷമുള്ള ജാതകം അതുകൊണ്ട് അതുപോലെ ഒരു ജാതകം വേണം, നമുക്ക് കൊടുക്കാനും അത്രമാത്രം എന്തെങ്കിലുമൊക്കെ വേണ്ടേ....? അതിനു മാത്രം ഒന്നും എന്റേൽ ഇല്ലെന്ന് അറിയാലോ, എൻറെ കയ്യിൽ ഒന്നുമില്ല.... " അല്ലെങ്കിലും അങ്ങനെ കാശ് ചോദിക്കുന്നവർക്ക് ഒന്നും പെണ്ണിനെ കൊടുക്കരുത്, ആ കാശ് തീരുന്ന വരെ മാത്രേ ആ സ്നേഹം നിലനിൽക്കു, അതുകഴിഞ്ഞിട്ട് സ്നേഹം ഉണ്ടാവില്ല, വളരെ സോഷ്യൽ ആയി മാധവ് പറഞ്ഞപ്പോൾ എല്ലാരും ഞെട്ടി പോയിരുന്നു......

ചെറുചിരിയോടെ മഹേശ്വർ സാവിത്രിയുടെ മുഖത്തെക്കു നോക്കുന്നത് കണ്ടു കൊണ്ട് തന്നെ പറഞ്ഞു..... " അവൻ അങ്ങനെ ആണ്, എല്ലാവരും ആയിട്ടും പെട്ടെന്ന് ഇണങ്ങും..... " കുഞ്ഞിനെ ഞാൻ സത്യത്തിൽ കുട്ടികാലത്തു കണ്ടതാ,പിന്നെ അടുത്ത സമയത്താണ് കാണുന്നത്.... സാവിത്രി പറഞ്ഞു .... " ഇനിയിപ്പോ എപ്പോഴും കാണാല്ലോ അമ്മേ, കൃഷ്ണയുടെ മുഖത്തേക്ക് നോക്കി ചെറു തമാശയോടെ അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ പരിഭ്രമം നിറയുന്നത് കണ്ടിരുന്നു.... " ഇനിയിപ്പോ ഇവിടെ തന്നെ ഉണ്ടാകും അല്ലേ.... സാവിത്രി ചോദിച്ചു.... " കൃഷ്ണപ്രിയയുടെ കോളേജിനു മുൻപിൽ ആണ് ഓഫീസ് ഇട്ടിരിക്കുന്നത്, ഇനിയിപ്പോ ഇവിടെത്തന്നെ സെറ്റിൽ ആവും, ഈ നാടും നാട്ടുകാരും എനിക്കിപ്പോ ഒരുപാട് ഇഷ്ടമാണ്..... അവളുടെ മുഖത്തേക്ക് നോക്കി ആയിരുന്നു അവൻറെ ഓരോ വാചകങ്ങളും, അത് കാണെ അവളിൽ വീണ്ടും വിറയൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു..... " ഏതായാലും ഇവൾക്ക് പറ്റിയ ഒരു ചെക്കനെ ഞാനൊന്നു നോക്കട്ടെ സാവിത്രി ചേച്ചി വിഷമിക്കണ്ട.... കല്യാണമൊക്കെ നടന്നോളും, അതിനെ പറ്റി ഓർത്തു വിഷമിക്കേണ്ട കാര്യമില്ല....

കാവ്യയുടെ മുഖത്തേക്ക് നോക്കി മഹേഷ് അത് പറഞ്ഞു..... അതോടൊപ്പം കുറച്ച് കാപ്പി എടുത്ത് കുടിക്കുകയും ചെയ്തു.... " എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ട് അല്ലേ മഹിയേട്ടാ, അട കഴിച്ചു കൊണ്ട് മാധവ് പറഞ്ഞപ്പോൾ മഹി അതിൽ നിന്ന് എടുത്ത് അതിൽ നിന്നും ഒരു കഷണം മുറിച്ച് വായിൽ വച്ചു അയാളും അത് സമ്മതിച്ചു...... " കിച്ചു ഉണ്ടാക്കിയതാ.... കാവ്യ പറഞ്ഞു... " സൂപ്പർ .... അവളുടെ മുഖത്തേക്ക് നോക്കി കൈകൊണ്ട് ഉയർത്തി മാധവ് ആക്ഷൻ കാണിച്ചിരുന്നു..... അതോടൊപ്പം ആരും കാണാതെ ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തിരുന്നു..... അവൾക്ക് മാത്രം കാണാവുന്ന പാകത്തിൽ കുറച്ചു സമയം ഇരുന്നു സംസാരിച്ചതിന് ശേഷമാണ് മഹേശ്വറും മാധവും അവിടെ നിന്നും ഇറങ്ങിയത്..... അവിടെനിന്നും ഇറങ്ങുന്നതിനു മുൻപ് ആരും കാണാതെ കണ്ണുകൾകൊണ്ട് കൃഷ്ണപ്രിയയോട് യാത്ര പറയുവാനും മാധവ് മറന്നിരുന്നില്ല...... 🌻🌻🌻

കണ്ണനും കാവ്യയും കൂടി ഫോൺ നോക്കുന്ന തിരക്കിലായിരുന്നു, അതിൽ മാധവ് നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞതുകൊണ്ട് അകാരണമായ ഒരു ഭയം അവളിൽ നിറഞ്ഞു നിന്നിരുന്നു.... എന്നാൽ സേവ് ചെയ്ത നമ്പർ കണ്ടിരുന്നില്ല.... അതുകൊണ്ട് അവൾക്ക് ഒരു സമാധാനം തോന്നിയിരുന്നു, കുറച്ചുകഴിഞ്ഞ് സാവിത്രി വിളിച്ചപ്പോൾ രണ്ടുപേരും അവിടേക്ക് പോയപ്പോൾ, അവളുടെ കൈകളിലേക്ക് ഫോൺ എത്തിയിരുന്നു.... ഒരു സൂര്യകാന്തിയുടെ ചിത്രമാണ് വാൾപേപ്പർ ആയി ഇട്ടിരിക്കുന്നത്..... അതിൻറെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നു..... മുഴുവനായി അവൾ ഫോൺ ഒന്നു നോക്കി, അതിനുശേഷം നേരെ അവളതിലെ നോട്ട് പാടിലേക്ക് വെറുതെ കണ്ണുകൾ ഓടിച്ചിരുന്നു......

അതിൽ നോക്കിയപ്പോഴാണ് സ്വന്തം സൂര്യകാന്തി എന്ന ഒരു ഫോൾഡർ അവൾ കണ്ടത്... അത് ഓപ്പൺ ചെയ്തപ്പോൾ അതിൽ അവൻറെ നമ്പരും കണ്ടിരുന്നു, അത് തന്നെയായിരിക്കും നമ്പർ എന്ന് അവൾക്ക് ഉറപ്പായിരുന്നു, അന്ന് പറഞ്ഞു തന്നത് മനസ്സിൽ ആണ് സേവ് ചെയ്തത്... പെട്ടെന്ന് തന്നെ അവൾ ആ നമ്പർ ഡയൽ ചെയ്തു..... അല്പം വിറയലോടെ ആണെങ്കിലും കോളിംഗ് ബട്ടൺ അമർത്തി..... ഈ സമയം മട്ടുപ്പാവിൽ ഇരുന്ന് അവളെ തന്നെ സ്വപ്നം കണ്ടവന്റെ കയ്യിലിരുന്ന ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു..... സ്വന്തം സൂര്യകാന്തി കോളിംഗ്..............തുടരും.......................

Share this story