സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 2

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

ആദ്യമായി കോളേജിലേക്ക് പോകുമ്പോൾ പുതിയ ഡ്രസ്സ് ഒന്നും കൃഷ്ണപ്രിയയ്ക്ക് ഉണ്ടായിരുന്നില്ല........ ആകെപ്പാടെ പുതിയ ഡ്രസ്സ് വാങ്ങുന്നത് ഉത്സവത്തിനും ഓണത്തിനും, പിറന്നാളിനും ഒക്കെയാണ്, അത് മങ്ങിപോവുകയും ചെയ്തു....... ഒരുപാട് കുട്ടികൾ വരും എന്ന് അറിയാമെങ്കിലും ഇന്നലെ കാശ് മുടക്കി ഡ്രസ്സ്‌ ഒന്നും വാങ്ങിയില്ല..... ഡ്രസ്സ്‌ അല്പം നിറം മങ്ങിയത് ആണെങ്കിലും ഇടാം, പക്ഷെ അടുത്ത കൊല്ലത്തേക്ക് ഉള്ള പണം നീക്കി സൂക്ഷിച്ചില്ല എങ്കിൽ ഒന്നാമത്തെ വർഷം കൊണ്ട് പഠിപ്പ് തീരും..... അതോർത്തപ്പോൾ പണം പോസ്റ്റ്‌ ഓഫീസിൽ ഇടുന്നത് ആണ് നല്ലത് എന്ന് അവൾക്ക് തോന്നി..... അതുകൊണ്ടുതന്നെ ഡ്രസ്സ് ഒന്നും വാങ്ങിയില്ല..... മകളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് മനോഹരമായ ഒരു സാരി മകൾക്കായി സാവിത്രി നൽകിയിരുന്നു..... അത് നല്ല ഫാഷനിൽ തന്നെ കാവ്യ തയ്ച്ച കൃഷ്ണപ്രിയക്ക് നൽകിയിരുന്നു....... അത് ഇട്ടു കൊണ്ടായിരുന്നു അവൾ കോളേജിലേക്ക് പോകുവാനായി തീരുമാനിച്ചിരുന്നത്..... കണ്ണാടിയുടെ മുൻപിൽ നിന്ന് ചെറിയ മിനുക്കു പണികൾ ഒക്കെ നടത്തുന്നതിനോട് താല്പര്യം ഇല്ലാത്ത ആളാണ് കൃഷ്ണപ്രിയ ......

കാവ്യ നിർബന്ധിച്ചു എന്തൊക്കെയോ ചെയ്യാൻ പറയുന്നുണ്ട് ..... ഒരുപാട് ഒരുങ്ങുന്ന കൂട്ടത്തിൽ അല്ല കൃഷ്ണപ്രിയ..... എന്നാൽ കാവ്യ നേരെ തിരിച്ചാണ്, നന്നായി സമയമെടുത്ത് ഒരുങ്ങുന്ന ആളാണ്.. . കൃഷ്ണപ്രിയ ആകട്ടെ ഒരു കറുത്ത പൊട്ടിലും കണ്ണിലെഴുതുന്ന അഞ്ജനത്തിലും അത് ഒതുക്കുക ആണ് ചെയ്യാറുള്ളത്..... പതിവ് തെറ്റാതെ ഒരു ചന്ദനക്കുറിയും നെറ്റിയിൽ ഉണ്ടാകും....... ചന്ദനത്തിന്റെ തണുപ്പുകൊണ്ട് തലവേദന വരില്ല എന്നതാണ് കൃഷ്ണപ്രിയയുടെ കണ്ടുപിടിത്തം....... അല്പം പൗഡറും ഇട്ടു പൊട്ടും ചന്ദനവും തൊട്ട് കഴിഞ്ഞ് ഇറങ്ങി വന്ന അമ്മയുടെ കാലുതൊട്ട് വന്ദിച്ചു...... സന്തോഷം കൊണ്ടാണോ എന്തോ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു....... മകളെ ഇത്രയും ഒരു പഠനത്തിലേക്ക് എത്തിക്കാൻ തനിക്ക് സാധിക്കില്ല എന്നായിരുന്നു അവർ വിചാരിച്ചത്......... അവരെ സംബന്ധിച്ചിടത്തോളം അവർ നടത്തിയ ഒരു പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോൾ മകൾക്ക് കോളേജിൽ പോകാൻ ലഭിച്ച ഈ അവസരം...... അങ്ങനെ ആണ് അവർ വിശ്വസിക്കുന്നത്.. .

സന്തോഷപൂർവ്വം അമ്മയുടെ കാൽതൊട്ട് വന്ദിച്ച് അവൾ നേരെ അച്ഛൻറെ ഫോട്ടോയുടെ അരികിലേക്ക് ആയിരുന്നു ചെന്നത്....... അച്ഛനായിരുന്നു ആഗ്രഹം തന്നെ പഠിപ്പിക്കണമെന്നും ഉയർന്ന നിലയിൽ തന്നെ എത്തിക്കണമെന്നുമൊക്കെ...... ഒന്നും കാണാൻ അച്ഛൻ ഉണ്ടായില്ല....... പക്ഷേ അച്ഛൻറെ ആത്മാവ് ഈ നിമിഷം തന്നോടൊപ്പം ഉണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു....... ഫോട്ടോയ്ക്ക് മുൻപിൽ നിന്ന് പ്രാർത്ഥിക്കുപോഴും അവളുടെ മനസ്സിൽ ഒരു വിങ്ങൽ കടന്നുവന്നിരുന്നു....... അച്ഛൻ ഇല്ലായ്മ നൽകുന്നത് ഒരു വലിയ കുറവ് തന്നെയാണ് എന്ന് ആ നിമിഷം അവൾ ഓർക്കുകയായിരുന്നു...... "അമ്പലത്തിൽ പോയിട്ടല്ലേ നീ ബസ്സ്റ്റോപ്പിലേക്ക് പോകു..... കാവ്യാ അവളോട് ചോദിച്ചു.. "പിന്നില്ലാതെ ...... ന്റെ കണ്ണനെ കണ്ട് ഒരു നന്ദി പറയാതെ എങ്ങനെയാ ഞാൻ പോവുക ബാഗിലെക്ക് ശ്രെദ്ധയോട് പുസ്തകങ്ങൾ അടുക്കി വച്ചു കൊണ്ട് അവൾ പറഞ്ഞു... " പിന്നെ ഞായറാഴ്ചയൊ മറ്റോ സമയം കിട്ടുമ്പോൾ നീ പാലാഴിലേക്ക് ഒന്നു ചെല്ലണം..... അവിടെ ചെന്ന് സീതാമ്മയെ കണ്ടു ഒരു നന്ദി പറയണം.....

അവളുടെ ഷോൾ നേരെ ആക്കി ഇട്ടു കൊണ്ട് സാവിത്രി പറഞ്ഞു... " അതിന് സീതമ്മ അല്ലല്ലോ അവിടുത്തെ മഹേഷ്വർ സാർ അല്ലെ നമുക്ക് കാശ് തന്നത്....... കാവ്യാ പറഞ്ഞു.... " അത് സാരമില്ല സീതാമ്മയെ കണ്ടാൽ മതി..... മഹേഷ്വറിനോട്‌ ഈ കാര്യം പറഞ്ഞു കൊള്ളും...... നമ്മൾ ഒരിക്കലും നില മറക്കാൻ പാടില്ല മോളെ...... സാവിത്രി മകളെ അരുമയായി തലോടി കൊണ്ട് പറഞ്ഞു..... " ഞാൻ ശനിയാഴ്ച എങ്ങാനും പോയി കണ്ടോളാം അമ്മേ.... കൃഷ്ണപ്രിയ അമ്മയുടെ മുഖത്ത് നോക്കി ചിരിയോടെ പറഞ്ഞു.... "പുഷ്പാഞ്ജലി കഴിപ്പിക്കാൻ കാശുണ്ടോ....? സാവിത്രി തിരക്കി.... " ഇല്ലമ്മേ.... ബസ് ഫീക്കും വഴിപാടിനും ഒപ്പം അവൾക്ക് ചിലവിലുള്ള പണവുമെല്ലാം നൽകിയാണ് സാവിത്രി മകളെ പറഞ്ഞുവിട്ടത്..... മഴ അധികമില്ലാത്ത സമയം ആയതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് അമ്പലത്തിലേക്ക് ആയിരുന്നു ചെന്നത്....... അമ്പലത്തിലേക്ക് ചെന്ന് കൃഷ്ണവിഗ്രഹത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ അവൾക്ക് ഒരുപാട് നന്ദി പറയാൻ ഉണ്ടായിരുന്നു തൻറെ പ്രിയപ്പെട്ട കണ്ണനോട്........ അവൾക്ക് നൽകിയ സൗഭാഗ്യങ്ങളെല്ലാം കണ്ണന്റെ ദാനം ആണ്.....

ഇതെല്ലാം തന്റെ സൗഭാഗ്യമായി കരുതാനാണ് അവൾക്കിഷ്ടം.. പഠിക്കാൻ പറ്റും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല ... കാവ്യയെ പോലെ ഒരു തയ്യൽക്കാരി ആയോ അല്ലെങ്കിൽ ഒരു ടിടിസി അതിലും അപ്പുറം ഒന്നും ആഗ്രഹിച്ചിരുന്നില്ല ..... ഇപ്പോൾ ഒരു ഡിഗ്രി കോളേജിലേക്ക് പോകാൻ സാധിക്കുന്നത് തന്നെ ഈ സാഹചര്യത്തിൽ തനിക്ക് ലഭിക്കുന്ന മഹാഭാഗ്യമാണ്........ അതിനുവേണ്ടി എത്രയോ വഴിപാടുകൾ കണ്ണൻറെ മുന്നിൽ തന്നെ താൻ കഴിച്ചിരിക്കുന്നു....... പ്രാർത്ഥിച്ച് കഴിഞ്ഞ് തിരിച്ചു ഇറങ്ങിയപ്പോഴാണ് പാലാഴിയിൽ നിന്നും ഒരു വണ്ടി വന്നു നില്കുന്നത്..... വണ്ടിയിൽ നിന്ന് ഇറങ്ങിയത് മാനസിയും. മാനസിയും താനും ഒരുമിച്ചായിരുന്നു പ്ലസ് ടുവിനും പത്താം ക്ലാസിലും ഒക്കെ പഠിച്ചിരുന്നത്...... വാടമുല്ല നിറത്തിൽ ഉള്ള പാട്ടുപാവാട ആണ് അണിഞ്ഞിരികുന്നത്..... സ്ട്രേറ്റ് ചെയ്ത മുടിയിൽ ഒരു തുളസിപ്പൂ ഇടം പിടിച്ചിട്ടുണ്ട്.....

പാലാഴിയിലെ കുട്ടിയാണ് എന്നുള്ള ഒരു അഹംഭാവം മനസിയ്ക്ക് എന്നുമുണ്ടായിരുന്നു...... തന്നെ പോലുള്ള പാവങ്ങളോട് സംസാരിക്കാൻ പോലും മാനസിക്ക് മടിയായിരുന്നു....... പാലാഴിയിലുള്ള മറ്റുള്ളവരെ എല്ലാവരെയും അപേക്ഷിച്ച് മറ്റൊരു സ്വഭാവമാണ് മാനസിയ്ക്ക്...... സീതാമ്മ പ്രസവിച്ച മൂന്നുമക്കളിൽ വ്യത്യസ്തമായ സ്വഭാവം മാനസിക്ക് മാത്രമാണെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്..... പരിചയ ഭാവത്തിൽ മാനസിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു...... പക്ഷെ അത് തിരികെ കിട്ടിയിരുന്നില്ല...... പകരം തന്നെ രൂക്ഷമായി ഒന്ന് നോക്കി അവൾ നടയിലേക്ക് ആണ് പോയത്..... നേരിയ ഒരു വിഷമം തോന്നിയെങ്കിലും അത് പതിവായതുകൊണ്ട് അതിനെ മറന്നു കളയാൻ വേണ്ടി തന്നെ കൃഷ്ണപ്രിയ ശ്രമിച്ചു...... പിന്നീട് കൗണ്ടറിൽ തന്റെ തൊട്ടു പുറകിലായി മാനസി നിന്നിരുന്നു..... അവളെ നോക്കി ഒരിക്കൽ കൂടി ഒന്ന് പുഞ്ചിരിച്ചു..

വീണ്ടും തനിക്ക് ലഭിച്ചത് ഒരു രൂക്ഷമായ നോട്ടം മാത്രമായിരുന്നു..... എന്നിട്ടും അത് കാര്യമാക്കാതെ മുൻപിൽ നിൽക്കുണോ എന്ന് അവളോട് ചോദിച്ചപ്പോഴും വേണ്ട എന്ന് ചുമൽ കൂച്ചി കാണിക്കുകയായിരുന്നു അവൾ ചെയ്തിരുന്നത്...... താൻ വഴിപാട് കഴിച്ച് തിരികെ ഇറങ്ങിയപ്പോൾ മാനസി പേര് പറഞ്ഞുകൊടുക്കുന്നത് കേൾക്കാമായിരുന്നു..... " മാധവ്, പൂരം നക്ഷത്രം പെട്ടെന്ന് ആ പേരിൽ മാത്രം കർണപുടം ഒന്ന് ഉടക്കി നിന്നു..... കുട്ടിക്കാലത്തു തന്റെ സ്വപ്നങ്ങളിൽ ഒരുപാട് നിറഞ്ഞു നിന്നിരുന്ന ഒരു പേരായിരുന്നു അത്....... പലപ്പോഴും ആരാധന തോന്നിയിട്ടുള്ള ഒരു രൂപം...... പാലാഴിയിലെ മഹാദേവന്റെ ഇളയ മകൻ മാധവ്....! പണ്ട് പാലാഴിയിൽ അച്ഛൻ ഡ്രൈവറായി പോകുന്ന കാലങ്ങളിൽ ഞായറാഴ്ച ദിവസം താനും അച്ഛനൊപ്പം പോകാറുണ്ടായിരുന്നു, ആ സമയത്ത് സീതമ്മ ഉണ്ടാക്കുന്ന അവലും പഴവും കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു...... ഒപ്പം ചെല്ലുന്ന കുട്ടികൾക്കൊക്കെ അത് ലഭിക്കുമായിരുന്നു...... അതിൻറെ രുചി ഇന്നും നാവിൽ നിന്നും പോയിട്ടില്ല...... അത് കഴിക്കാൻ വേണ്ടി കാവ്യയും താനും വാശിപിടിച്ച് അച്ഛനൊപ്പം പോകാറുണ്ടായിരുന്നു......

ഒരു ഞായറാഴ്ച താൻ ആണെങ്കിൽ അടുത്ത ആഴ്ച കാവ്യ........ അങ്ങനെ ഒരു ദിവസം പോയ സമയത്താണ് അറിയാതെ മാനസിയെ കാണുന്നത്...... അപ്പോൾ മനസിയോടെ സംസാരിക്കുവാനായി അവളുടെ അനുവാദം ചോദിക്കാതെ മുറിയിലേക്ക് കയറിയിരുന്നു. ... അന്നുമുതലേ തന്നോട് ഒരു ശത്രുത മനോഭാവമാണ് അവൾ കാണിക്കുന്നത് തന്നെ . താൻ മുറിയിലേക്ക് കയറി ചെന്ന ദേഷ്യത്തിൽ അവൾ താൻ അവിടെ നിന്ന് എന്തോ എടുക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു........ അവളുടെ വള താൻ കട്ടെടുക്കാൻ നോക്കി എന്ന് എല്ലാരോടും പറഞ്ഞു.... ഉടനെ തന്നെ അച്ഛൻ അത് കേട്ട് തന്നെ വിളിച്ചു കൊണ്ടുപോയി കയ്യിൽ കിട്ടിയ ഒരു വടിയെടുത്ത് ശരീരത്തിൽ നന്നായി പ്രഹരിച്ചിരുന്നു..... താൻ അങ്ങനെ ചെയ്യില്ല എന്ന് അച്ഛന് ഉറപ്പായിരുന്നു....... പക്ഷേ എല്ലാവരുടെയും മുൻപിൽ വച്ച് മാനസി അങ്ങനെ പറഞ്ഞതിന്റെയും, അത് കാരണം അച്ഛന് ഉണ്ടായ മാനക്കേടിന്റെയും അവരൊക്കെ എന്നെ എങ്ങനെ കാണും എന്ന വിഷമത്തിലാണ് അച്ഛൻ അത് ചെയ്തത്.......

ഇപ്പോഴും താൻ ഓർക്കുന്നുണ്ട് തന്നെ തള്ളുമ്പോഴും അച്ഛൻറെ കണ്ണുകൾ നിറഞ്ഞിരുന്നു...... താൻ അവളുടെ വള മോഷ്ടിക്കാൻ ചെന്നിട്ടില്ല എന്ന് സീതമ്മയോട് പറഞ്ഞപ്പോൾ സീതമ്മ തൻറെ കവിളിൽ തട്ടി ആശ്വസിപ്പിക്കുക ആയിരുന്നു ചെയ്തത്.... " അത് സാരമില്ല...... കുട്ടി അങ്ങനെ ഒന്നും ചെയ്യില്ലെന്ന് നിക്ക് അറിയാം..... ചിലപ്പോൾ അവൾ വെറുതെ പറഞ്ഞതായിരിക്കും എന്ന് പറഞ്ഞപ്പോൾ ആ മനസ്സിൻറെ വലിപ്പം കാണുകയായിരുന്നു..... അന്ന് മഹാദേവൻ ഉണ്ടായിരുന്ന കാലമാണ്, അദ്ദേഹവും തോളിൽ തട്ടി സാരമില്ല എന്ന് പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്..... പക്ഷേ അച്ഛൻറെ മുഖത്ത് അപ്പോഴും ഒരു അഭിമാനക്ഷതം ഉണ്ടായിരുന്നു...... അന്ന് തീരുമാനിച്ചതാണ് ഇനിയൊരിക്കലും അവരുടെ ആരുടേയും അനുവാദം ഇല്ലാതെ വീട്ടിലേക്ക് കയറില്ല എന്ന്...... ശരീരം നീറുന്ന വേദനയോട് കുളക്കടവിൽ പോയിരുന്നു..... അപ്പോൾ തൻറെ കാലുകളിൽ അച്ഛൻ നൽകിയ പ്രഹരത്തിന്റെ ബാക്കിപത്രമായി തിണർത്തു കിടന്ന് കുറച്ച് ചുവന്ന പാടുകൾ ഉണ്ടായിരുന്നു...... തന്റെ അരികിലേക്ക് പേരറിയാത്ത എന്തോ മരുന്നും ആയി എത്തിയ ആ 15 വയസ്സുകാരൻ ഇന്നും ഒളിമങ്ങാത്ത ഓർമയായി മനസ്സിന്റെ ഒരു കോണിൽ കിടപ്പുണ്ട്......

"ഇത് തേച്ചാൽ വേഗം മാറും.... എനിക്ക് അറിയാം അവൾ കള്ളം പറഞ്ഞതാ.. അങ്ങനെ പറഞ്ഞു തൻറെ കൈകളിലേക്ക് മരുന്ന് വച്ച് തന്നിട്ട് പോയ ഒരു 15 വയസ്സുകാരൻ പയ്യൻ ഇന്നും ഓർമകളിൽ മായാതെ നിൽക്കുന്നു...... അന്നത്തെ പത്തുവയസ്സുകാരിയുടെ ഓർമയിൽ മിഴിവുള്ള ഒരു ചിത്രമായി തന്നെ ആ 15 വയസ്സുകാരൻ നിറഞ്ഞുനിന്നു...... ആ നിമിഷം ആ വീട്ടിലുള്ള എല്ലാവരോടും തോന്നിയതിലും കൂടുതൽ ഇഷ്ടം തോന്നിയത് ആ 15 വയസ്സുകാരനോട്‌ ആയിരുന്നു...... അയാൾ വീട്ടിൽ ഉള്ളതാണെന്ന് പോലും അറിയില്ലായിരുന്നു.. . താൻ കാണുമ്പോഴെല്ലാം വീട്ടിൽ മഹാദേവൻ സാറും സീതാമ്മയും മാനസിയും മഹേഷ്വർ സാറും മാത്രമായിരുന്നു ഉണ്ടായിരുന്നത്...... അന്നൊക്കെ താൻ ധരിച്ചു വച്ചിരുന്നത് മഹാദേവൻ സാറിന് രണ്ടുമക്കളെ ഉള്ളൂ എന്നാണ്...... പിന്നീടാണ് അറിയുന്നത് മാധവ് എന്നൊരു ഇളയമകൻ കൂടി ഉണ്ട് എന്നും അയാൾ അമ്മയുടെ തറവാടായ പാലക്കാട് നിന്നായിരുന്നു പഠനമൊക്കെ എന്നും...... അക്കാലത്ത് അയാൾ അവധി സമയമായതിനാൽ വന്നതായിരുന്നു എന്ന് പിന്നീട് അറിഞ്ഞു......

പിന്നീട് കണ്ടിട്ടില്ല എങ്കിലും എന്നോ ഒരിക്കൽ കൂടി ഒരു പൊടിമീശക്കാരൻ പയ്യനായി കണ്ടിരുന്നു...... അപ്പോഴേക്കും ആൾ മറ്റുള്ളവരൊക്കെ ചിരിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്...... ഒരുപ്രാവശ്യം ദൂരെനിന്ന് കണ്ടതിനാൽ പിന്നീട് മുഖം വ്യക്തമായിട്ടില്ല....... പലവട്ടം പിന്നീട് കാണാൻ ആഗ്രഹിച്ചു...... തന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും ആ മുഖം മനസ്സിൽ തന്നെ ഉണ്ടായിരുന്നു....... അന്ന് കാലുകളിലേക്ക് ലഭിച്ച ആ തണുപ്പ് പോലെ ആ മുഖം മാത്രം ഓർമ്മകളിലേക്ക് വരുമ്പോൾ മനസ്സിനൊരു തണുപ്പും കുളിർമ്മയും ഒക്കെ ഇന്നും തനിക്ക് അനുഭവപ്പെടാറുണ്ട്...... ഒരു പ്രത്യേകതരം ആരാധന ആളോട് തോന്നാറുണ്ട്....... ഒരിക്കലും അർഹതയില്ല എന്നറിയാം എങ്കിൽപോലും മനസ്സിൽ എവിടെയൊക്കെയോ ഒരു ഇഷ്ടം ആ മുഖത്തോടെ തോന്നാറുണ്ട്...... ആ ഓർമകളിൽ പോലും നിശ്ചലമായി പോയിരുന്നു കൃഷ്ണപ്രിയ...... ഒപ്പം ചൊടികളിൽ ഒരു പുഞ്ചിരിയും നിറഞ്ഞുനിന്നു..... "മാധവ് വന്നോ കുട്ടിയെ....? പൂജാരി മനസിയോട് ചോദിക്കുന്നതും, മുല്ലമൊട്ട് പോലുള്ള അവളുടെ അധരങ്ങൾ വിടരുന്നതും ഒക്കെ കണ്ടിരുന്നു കൃഷ്ണപ്രിയ.....

അങ്ങനെ ആദ്യമായാണ് അവളെ താൻ കാണുന്നത്..... അതി സുന്ദരിയായിരുന്നു അവൾ, ചുണ്ടുകളിൽ തേച്ചിരിക്കുന്ന പിങ്ക് കളർ ലിപ്സ്റ്റിക്കും അവളെ അതിമനോഹര ആക്കി എന്ന് തോന്നി...... വാടാമുല്ല നിറത്തിലുള്ള പട്ടു പാവാടയും ബ്ലൗസുമാണ് വേഷം..... അതിനോടൊപ്പം പാലയ്ക്കാ മാലയും ഇട്ടിട്ടുണ്ട്.... കൈകളിൽ വെറും കുപ്പിവളകൾ ആണ് ധരിച്ചിരിക്കുന്നത്...... വളരെ സുന്ദരിയായി തോന്നിയിരുന്നു അവളെ..... " ഏട്ടൻ വന്നിട്ട് ഇപ്പോൾ ഒരാഴ്ചയായിരിക്കുന്നു...... ഇവിടെ ഭദ്രൻ അങ്കിളിനോടൊപ്പം പ്രാക്ടീസും തുടങ്ങിയിട്ടുണ്ട്.... ഇപ്പൊൾ ഹൈക്കോർട്ടിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്..... ഇപ്പോൾ കേസ് ഒക്കെ എടുത്തു തുടങ്ങി...... ആൾ വക്കീലാണ് എന്ന് അറിഞ്ഞിരുന്നു..... പക്ഷേ തിരിച്ചു വന്ന വിവരം അറിഞ്ഞിരുന്നില്ല...... വെറുതെയാണെങ്കിലും ഇപ്പോൾ ആളിനെ എങ്ങനെ ഇരിക്കും കാണാൻ എന്ന് അറിയാനായി മനസ്സ് തുടിച്ചിരുന്നു.....

ഓരോ ചിന്തകളിൽനിന്ന് സമയം പോയത് അറിഞ്ഞിരുന്നില്ല, അവൾ പെട്ടെന്ന് ബസ്സ്റ്റോപ്പിലേക്ക് നടന്നു...... ബസ് സ്റ്റോപ്പ് അടുക്കാറായപ്പോഴാണ് ഒരു ബൈക്ക് തന്റെ അരികിൽ കൊണ്ടുവന്ന് നിർത്തുന്നത് അറിഞ്ഞത്..... തിരിഞ്ഞുനോക്കാൻ ഒരു സമയം തരുന്നതിനു മുൻപേ തൻറെ കഴുത്തിൽ കിടന്നിരുന്ന റോൾഡ് ഗോൾഡ് മാല പൊട്ടിച്ചു കൊണ്ട് ഒരാൾ പോയിരുന്നു...... പെട്ടെന്ന് ഉള്ള ആക്രമണം ആയതിനാൽ അവൾ അലറി വിളിച്ചതും ആളുകൾ പെട്ടന്ന് കൂടി ആ ബൈക്കുകാരനെ പിടിച്ചിരുന്നു...... കൂട്ടത്തിൽ ആരോ ഒരാൾ പോലീസിന് അറിയിക്കാം എന്ന് പറയുന്നതായും കേട്ടു..... "അതൊന്നും വേണ്ട..... അവരോടൊക്കെ അവൾ പറഞ്ഞു.... ആദ്യത്തെ ദിവസമാണ് കോളേജിൽ പോകാൻ സമയം വൈകും പോലീസ് സ്റ്റേഷനിലേക്ക് പോയാൽ എന്ന് അവൾക്ക് ഉറപ്പായിരുന്നു...... അതുകൊണ്ടായിരുന്നു അവൾ അങ്ങനെ പറഞ്ഞത്.....

പക്ഷേ അവളുടെ വാക്കുകൾക്ക് ഒന്നും ആരും വില നൽകിയിരുന്നില്ല....... പോലീസ് സ്റ്റേഷനിലേക്ക് അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് വണ്ടി വിളിച്ചിരുന്നു..... തന്നെ ആളുകൾ ചേർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി..... സ്റ്റേഷനിലേക്ക് ചെന്നപ്പോഴും കൂടെ ഉണ്ടായിരുന്ന കുറച്ച് പേർ പോലീസുകാരോട് സംസാരിച്ചു. കുറെ സമയം വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞു, എസ്ഐ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്..... വീണ്ടും കുറെ സമയത്തെ കാത്തിരിപ്പ്...... അവൾക്ക് വല്ലാത്ത വേദന തോന്നി...... കണ്ണുകൾ ഇപ്പോൾ നിറഞ്ഞു തുടങ്ങും എന്ന് തോന്നി.... കുറച്ച് കഴിഞ്ഞപ്പോൾ ഒരു കോൺസ്റ്റബിൾ വന്ന് അകത്ത് നിന്ന് ഇപ്പോൾ എസ്ഐ വരുമെന്ന് പറഞ്ഞു... കുറച്ചു സമയങ്ങൾക്ക് ശേഷം എസ്ഐയുടെ മുറിയിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരന് ഒപ്പം യൂണിഫോമിൽ എസ്‌ഐയും ഇറങ്ങി വന്നിരുന്നു.....

അവളുടെ കണ്ണുകളിൽ ചുവന്ന രാശി അപ്പോഴേക്കും പടർന്നു തുടങ്ങിയിരുന്നു...... "എന്താടോ പ്രശ്നം.....? എസ് ഐ ഇറങ്ങി വന്ന് ഒരു കോൺസ്റ്റബിളിന്നോടായി ചോദിച്ചു..... " സാറേ ഇവൻ ഈ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു..... മാല റോൾഡ് ഗോൾഡ് ആയിരുന്നു..... കുറച്ചു നാട്ടുകാരും പുറത്തു നിൽപ്പുണ്ട്..... എല്ലാവരുംകൂടി അവനെ പിടിച്ചു കൊണ്ട് വന്നത് ആണ്.... കോൺസ്റ്റബിൾ പറഞ്ഞു.... " സത്യമാണോ കുട്ടി.....? അവളുടെ മുഖത്തേക്ക് നോക്കി എസ്‌ഐ ചോദിച്ചപ്പോൾ അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടിയിരുന്നു...... "ഇവനെയൊക്കെ..... എസ്ഐയുടെ വക രണ്ടടി അയാൾക്ക് കിട്ടിയപ്പോഴേക്കും അവൾ ഞെട്ടിപ്പോയിരുന്നു...... ആദ്യം ആയാണ് ഇതൊക്കെ നേരിട്ട് കാണുന്നത്..... അവൾ പേടിച്ചു പിന്നോക്കം വലിഞ്ഞു.... പിന്നോക്കം മാറി നിന്ന് പേടിച്ച കലമാൻ പേടയെ പോലെ നിന്ന് കരയാൻ വെമ്പിനിൽക്കുന്ന ആ പെണ്ണിൽ ആയിരുന്നു എസ്ഐയുടെ പിന്നിൽ നിന്ന ചെറുപ്പക്കാരന്റെ മിഴികൾ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story