സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 20

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഹലോ........ ഒരു പ്രത്യേക താളത്തിൽ അവൻ ഹലോ പറഞ്ഞപ്പോൾ തന്നെ നെഞ്ചിലേക്ക് ഒരു കുളിർ മഴ പെയ്തത് പോലെയാണ് അവൾക്ക് തോന്നിയത്..... എന്നും കാത്തിനിമ്പം ഏകുന്ന സ്വരം, മൈലുകൾക്ക് അകലെ എങ്കിലും തന്റെ അരികിലിരുന്ന് ചെവിയിൽ പറയുന്നതുപോലെ...... ഒരു നിമിഷം മറുപടി പറയാൻ പോലും അവൾ മറന്നു പോയിരുന്നു...... " പ്രിയ..... വീണ്ടും ആർദ്രമായ ആ സ്വരമാധുര്യം കർണ്ണപുടങ്ങളെ പ്രണയാർദ്രം ആകുന്നു..... " ഉം..... ഒരുപാട് ബുദ്ധിമുട്ടിയാണ് ശബ്ദം പുറത്തേക്ക് എടുക്കുവാൻ തന്നെ അവൾ ശ്രമിച്ചത്, അത്രമേൽ ആ സ്വരത്തിന് അടിമപ്പെട്ട് പോയിരിക്കുന്നു താൻ..... " എന്താടോ ഇത്, ഫോൺ വിളിച്ചിട്ടും താൻ മൗനം തുടരാനാണോ തീരുമാനിച്ചിരിക്കുന്നത്..... ഫോൺ വിളിക്കുമ്പോഴും ഇതിന് മാറ്റമൊന്നും ഇല്ലെ....? " ഞാൻ പെട്ടെന്ന് നമ്പര് കണ്ടപ്പോൾ ഇതുതന്നെയാണോ എന്ന് അറിയാൻ വേണ്ടി,ഒന്നു വിളിച്ചെന്നെ ഉള്ളു, " ഓ പിന്നെ, ഞാൻ അങ്ങ് വിശ്വസിച്ചു, അന്ന് ഞാൻ നമ്പർ എഴുതി തന്നപ്പോൾ തന്നെ താൻ അത്‌ കാണാപാഠം പഠിച്ചെന്ന് എനിക്ക് അറിയാട്ടോ.... കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ ചൊടിയിലും ഒരു പുഞ്ചിരി തഞ്ചി.... " എവിടെ ചേച്ചിയും അമ്മയും അനിയനുമോക്കെ, " അപ്പുറത്ത് ഉണ്ട്, അതാ ഞാൻ സംസാരിക്കാതെ ഇരുന്നത്..

. " ഒക്കെ വെച്ചോളൂ,സമയം ഉള്ളപ്പോൾ വിളിച്ചാൽ മതി.......പിന്നെ ഇടയ്ക്ക് മെസ്സേജ് അയക്കുന്നുണ്ട് കുഴപ്പമില്ലല്ലോ.... " ഇല്ല..... " എങ്കിലും ഞാൻ അങ്ങനെ തന്നെ ബുദ്ധിമുട്ടിക്കില്ല കേട്ടോ, എനിക്ക് തന്റെ സിറ്റുവേഷൻ മനസ്സിലാവും, പിന്നെ നാളെ കോളേജ് കഴിഞ്ഞിട്ട് കാത്തു നിൽക്കണം, നമുക്ക് സംസാരിക്കാനുണ്ട്, നമ്മുക്ക് അല്ല എനിക്ക്, താൻ മൗനവൃതം ആണല്ലോ, " കളിയാക്കല്ലേ മധുവേട്ട, " കളിയാക്കിയത് അല്ല, കാര്യമായിട്ട് ആക്കിയത് ആണ്... ചിരിയോടെ അവൻ പറഞ്ഞു... ഫോൺ വെച്ച് കഴിഞ്ഞ കുറച്ച് സമയം അവളും അവർ നൽകിയ ആ മായാലോകത്തിൽ തന്നെയായിരുന്നു..... കണ്മുൻപിൽ നടക്കുന്നതെല്ലാം മായ അല്ല എന്ന് അവൾക്ക് മനസിലായി..... എത്ര പെട്ടെന്നാണ് ജീവിതം മാറിമറിഞ്ഞത് എന്ന് അവൾ ഓർക്കുകയായിരുന്നു...... കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാധവ് എന്നാൽ തൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഒരു സ്വപ്നം മാത്രമായിരുന്നു, അതിനു രൂപങ്ങൾ പോലും ഉണ്ടായിരുന്നില്ല ... എന്നാൽ എത്ര പെട്ടെന്നാണ് ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കാൽ വച്ചത് എന്ന് അവൾ ചിന്തിച്ചു പോവുകയായിരുന്നു......

അത്രമേൽ താൻ ഇഷ്ടപ്പെട്ടു പോയിരുന്നു, അത്രമേൽ തീവ്രമായി താൻ മനസ്സിൽ അവനെ ആഗ്രഹിച്ചിരുന്നു..... അതുകൊണ്ടായിരിക്കാം ഈശ്വരന്മാർ ആ സ്നേഹം തനിക്ക് മുൻപിൽ കൊണ്ടുചെന്നെത്തിച്ചത്, പക്ഷെ മുൻപോട്ടുള്ള കാര്യങ്ങളെ പറ്റി ആലോചിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു വിറയലാണ്, ഇന്ന് തന്നെ മഹേശ്വർ സാർ പറഞ്ഞ വാക്കുകൾ, പഠിപ്പിൽ അല്ലാതെ മറ്റൊന്നിനും ശ്രദ്ധ പതിപ്പിക്കാൻ പാടില്ല എന്ന്, ഇപ്പോൾ അദ്ദേഹം നൽകുന്ന ഈ സ്നേഹവും കരുതലും ഒക്കെ എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിയുമ്പോൾ ഉണ്ടാവുമോ....? ഒരുപക്ഷേ അദ്ദേഹം തന്നോട് മുഷിഞ്ഞ് സംസാരിച്ചാൽ, അതൊന്നും തന്നെപ്പോലെ ഒരു പെൺകുട്ടിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു..... എങ്കിലും കൂടുതൽ അത്തരം കാര്യങ്ങളെപ്പറ്റി കടന്ന് ചിന്തിക്കാൻ അവൾ പോയില്ല, പിന്നീട് അവൻറെ മുഖം മാത്രം മനസ്സിലേക്ക് ആവാഹിച്ച് കുറച്ചു സമയം അങ്ങനെ ഇരുന്നു പോയി, 🎶ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊണ്ടീവഴി "മാധവം" വന്നു.. കൂടെ ഈ വഴി "മാധവം" വന്നു...

പാൽക്കതിർപാടത്തു പാടിക്കളിയ്ക്കും പൈങ്കിളിക്കുള്ളം കുളിർത്തു.. ഇണപൈങ്കിളിക്കുള്ളം കുളിർത്തു.. മാമ്പൂമണക്കും വെയിലിൽ മോഹം മാണിക്ക്യക്കനികളായ്‍... മാണിക്ക്യക്കനികളായ്‍....🎶 പാട്ടുപാടിക്കൊണ്ട് മുടി ചീകുന്നവളെ കണ്ടപ്പോൾ ഒരു നിമിഷം കാവ്യക്ക് അത്ഭുതം തോന്നിയിരുന്നു, ആദ്യമായാണ് ഇത്രയും പ്രസന്നതയോടെ കൃഷ്ണപ്രിയയെ കാണുന്നത്, പൊതുവേ ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു, വീട്ടിൽ ആണെങ്കിൽ പോലും അധികം സംസാരിക്കാറില്ല, ഒരു മൂളിപ്പാട്ട് പോലും മൂളി കേട്ടിട്ടില്ല, ഇന്നാണെങ്കിൽ കണ്ണാടിക്ക് മുൻപിൽ നിന്ന് കൊണ്ട് മുടി മെടഞ്ഞു കൊണ്ട് പാട്ട് പാടുന്നത് കണ്ട് അത്ഭുതത്തോടെയാണ് കാവ്യ അവളുടെ മുഖത്തേക്ക് നോക്കിയത്...... " നിനക്ക് എന്തുപറ്റി കുറച്ചു മാറ്റം പോലെ..... പെട്ടെന്ന് അരികിൽ വന്ന കാവ്യ അത് പറഞ്ഞപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അവൾ സമ്മാനിച്ചിരുന്നത്.... " എന്തോ റേഡിയോയിൽ ആ പാട്ട് കേട്ടപ്പോ ഒന്നുകൂടി പാടണം എന്ന് തോന്നി.... " കോളേജിൽ പോയിട്ട് വന്നതിനുശേഷം നിനക്ക് ചില മാറ്റങ്ങളൊക്കെ ഞാൻ കാണുന്നുണ്ട്....

കിച്ചുവിനോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞു തരണ്ട എന്ന് അറിയാമെങ്കിലും പറയുവാ, പ്രായം മോശമാണ് മോളെ, വേണ്ടാത്ത കാര്യങ്ങളിൽ ഒന്നും ചെന്ന് ചാടരുത്, മോൾ അങ്ങനെ ഒന്നും ചാടില്ല എന്ന് എനിക്ക് അറിയാം എങ്കിലും..... പെട്ടെന്ന് കൃഷ്ണപ്രിയയുടെ മുഖം ഒന്ന് മങ്ങിയിരുന്നു... " ചേച്ചി അതൊക്കെ എനിക്കറിയാം, നമ്മുടെ അമ്മയുടെ കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം, നല്ലൊരു ജോലി വാങ്ങണം എന്നിട്ട് എൻറെ ചേച്ചിയുടെ കല്യാണം നന്നായിട്ടു നടക്കണം എന്ന് മാത്രമേ എനിക്കുള്ളൂ.... " കല്യാണമൊക്കെ നടന്നോളും, അതൊന്നും എൻറെ മനസ്സിൽ പോലും ഇല്ല, " എന്നാൽ എൻറെ മനസ്സിൽ ഉണ്ട്, ഇന്ന് തിങ്കളാഴ്ച്ച ആണ്, ചേച്ചി അമ്പലത്തിൽ പോകുന്നില്ലേ...? നേർച്ചകൾ തീർക്കാൻ നോക്ക് " എനിക്ക് മടുത്തു കിച്ചു, എത്ര നാളായി ഈ ചടങ്ങുകളും നേർച്ചകളും, സത്യം പറഞ്ഞാൽ എന്തിനാ കല്യാണമൊക്കെ നിങ്ങളുടെ അടുത്ത് നിന്ന് എന്നെ പറഞ്ഞയക്കാൻ വേണ്ടിയല്ലേ, അതിലൊന്നും എനിക്ക് ഒരു താല്പര്യമില്ല..... " അതൊക്കെ തോന്നും ചേച്ചി, കുറച്ചു കഴിയുമ്പോ ഒരാളെ സ്നേഹിക്കുമ്പോൾ ചേച്ചിക്ക് അതൊക്കെ മനസ്സിലാവും,

ഒരാളിൽ നിന്ന് സ്നേഹം കിട്ടുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യം ആണ് ചേച്ചി, പകപ്പോടെ അവളെ ഒന്നു നോക്കിയതിനു ശേഷമാണ് കാവ്യ പുറത്തേക്കിറങ്ങിയത്..... അവളുടെ സംസാരവും രീതികളും മാറ്റങ്ങളൊക്കെ കാവ്യയിൽ അതിശയം ഉണർത്തിയിരുന്നു, അതോടൊപ്പം അകാരണമായ ഒരു ഭയവും.... 🌻റിൻസി 🌻 അന്ന് രാവിലെ ബസ്സിലേക്ക് കയറുമ്പോഴും മനസ്സിൽ നിറയെ മാധവിനെ കാണണം എന്നുള്ള ഒരു ചിന്ത മാത്രം ആയിരുന്നു കൃഷ്ണപ്രിയക്ക്, നിറയെ സംസാരിക്കണം അവനോട് അവൾ തീരുമാനിച്ചുറപ്പിച്ച് തന്നെയായിരുന്നു ഇറങ്ങിയിരുന്നത്..... എല്ലാദിവസവും പരാതിയാണ് ആൾക്ക്, താൻ സംസാരിക്കുന്നില്ലന്ന്, ആ പരാതി ഒക്കെ തീർത്തു കൊടുക്കണം, കുറേസമയം ആ മുഖത്തേക്ക് നോക്കി സംസാരിക്കണം, അതാണ് തന്റെ ആഗ്രഹം, അങ്ങനെ ചിന്തിച്ചു തന്നെ ഇരിക്കുകയായിരുന്നു അവൾ.... ബസിൽ കയറി ഇരുന്നപ്പോൾ തന്നെ ഫോൺ എടുത്ത് അവൻറെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു,ഒരു ഗുഡ്മോണിങ് ആയിരുന്നു അയച്ചത്..... അപ്പോൾ തന്നെ തിരിച്ച് മെസ്സേജ് വന്നു...

" ഗുഡ് മോർണിംഗ് ഡാർലിംഗ്, എവിടാ....? " ഞാൻ ബസ്സിലാണ് " വൈകുന്നേരം കാണാം, ഞാൻ അല്പം തിരക്കിലാണ്, ഒരു കേസിന്റെ പുറകെ ആണ്, ആ മറുപടി കേട്ടപ്പോൾ പിന്നീട് ബുദ്ധിമുട്ടിക്കാൻ പോയിരുന്നില്ല, വൈകുന്നേരം പതിവു പോലെ കാത്തുനിൽക്കുകയായിരുന്നു മാധവ്, കോളേജ് വിട്ട് കുറേ സമയമായിട്ടും കൃഷ്ണപ്രിയയെ കണ്ടില്ല..... ആ സമയത്ത് അവന് എന്തോ ഒരു വിഷമം തോന്നിയിരുന്നു, നേരം കുറെ ആയിട്ട് സ്ഥിരം നിൽക്കുന്ന ബസ് സ്റ്റോപ്പിലേക്ക് അവൾ വന്നതുമില്ല..... രാവിലെ ബസ്സിൽ ആണെന്ന് പറഞ്ഞതായിരുന്നു, താൻ എത്തിയപ്പോഴേക്കും ഉച്ച ആയിരുന്നു അതുകൊണ്ട് കൃഷ്ണപ്രിയയെ രാവിലെ കാണാൻ സാധിച്ചില്ല.... ഫോണെടുത്തു വിളിച്ചു നോക്കി, സ്വിച്ച് ഓഫ് എന്നാണ് മറുപടി പറഞ്ഞത്.... എന്താണ് സംഭവിച്ചതെന്നറിയാതെ മാധവിന് വലിയ ഭയം തോന്നിയിരുന്നു, ഒരുപാട് സമയം ആയിട്ടും കൃഷ്ണപ്രിയയെ കണ്ടില്ല, കോളേജ് ബസ് സ്റ്റോപ്പ് ശൂന്യമായി തുടങ്ങി..... ഒരു കുട്ടി പോലും അവശേഷിക്കുന്നില്ല, ഒരു പരിഭ്രമം തോന്നി നേരെ മാധവ് കോളേജ് അരികിലേക്ക് വണ്ടിയുമായി ഇറങ്ങി.....

അവിടെയും കൃഷ്ണപ്രിയയെ കാണാതെ വന്നപ്പോൾ അവനിലും അകാരണമായ ഒരു ഭയം നിറഞ്ഞുനിന്നിരുന്നു, ആരോട് ചോദിക്കും എങ്ങനെ അറിയും ഒരു രൂപവും ഇല്ലാത്തത് പോലെ..... പിന്നെ കുറച്ച് സമയം പോലും ഓഫീസിൽ ഇരിക്കാൻ തോന്നിയിരുന്നില്ല, നേരെ വണ്ടിയുമെടുത്ത് കൃഷ്ണപ്രിയയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു..... വീടിൻറെ അരികിലേക്ക് ചെന്നപ്പോൾ അതും അടച്ചിട്ടിരിക്കുകയാണ്, അവിടെ ആരും ഇല്ല...... ഇനി ആരോടാണ് ചോദിക്കുന്നത് എന്ന് ഒരു രൂപം ഇല്ലാതെയാണ് നിന്നത്.... വീണ്ടും വീണ്ടും ഫോണിലേക്ക് വിളിച്ചു നോക്കി, സ്വിച്ച് ഓഫ് എന്ന് തന്നെയാണ് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്..... എന്തുകൊണ്ടോ മനസ്സിന് വല്ലാത്തൊരു നൊമ്പരം അലട്ടുന്നത് മാധവ് അറിഞ്ഞു.... പിന്നെ അവിടെ നിന്നില്ല, നേരെ വീട്ടിലേക്ക് വന്നു..... പതിവില്ലാത്ത സമയത്ത് അവനെ കണ്ടതു കൊണ്ടായിരിക്കാം സീതയും ഒന്ന് അത്ഭുതപ്പെട്ടിരുന്നു..... " എന്താടാ നീ നേരത്തെ ഇങ്ങ് പോന്നോ.....? " ഒരു സുഖം തോന്നിയില്ല അമ്മ, അതുകൊണ്ടാണ് നേരത്തെ പോവുന്നത്......

എനിക്ക് ഭയങ്കര തലവേദന, അതും പറഞ്ഞ് അവൻ നേരെ മുറിയിലേക്കാണ് പോയത്..... " കാപ്പി വേണോടാ... " ആഹ്, വേണം... പോണ പൊക്കിൽ വിളിച്ചു പറഞ്ഞു..... മുറിയിലേക്ക് ചെന്നതും ഡ്രസ്സ് പോലും മാറാതെ നേരെ കട്ടിലിലേക്ക് വീണു, വീണ്ടും ഫോണിൽ ആവർത്തിച്ച് കേൾക്കുന്നത് സ്വിച്ച് ഓഫ് എന്ന് മറുപടി അവനെ അസ്വസ്ഥൻ ആക്കി.... എന്തു പറ്റിയതാ ആവാം എന്ന ഭയം അവനെ വല്ലാതെ തന്നെ ഉലച്ചു....! എന്താണ് എങ്കിലും കൃഷ്ണപ്രിയയെ കാണാതെ സമാധാനം ലഭിക്കില്ലെന്ന് അവന് മനസ്സിലായി, ബാത്റൂമിൽ ചെന്ന് കുളിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ഹാളിൽ സീതയും മഹേശ്വരും ചായ കുടിക്കുകയാണ്, കുറച്ച് സമയം കൂടി കഴിഞ്ഞ് എന്തുവന്നാലും കൃഷ്ണപ്രിയയുടെ വീട്ടിലേക്ക് പോയി ഒന്ന് തിരക്കണം എന്ന് കരുതിയിരുന്നു അവൻ..... " മധു നീ വന്നോ...? ഞാൻ കാപ്പി കൊണ്ട് വന്നപ്പോൾ നീ കുളിക്കുകയായിരുന്നു, പിന്നെ കാപ്പി ചൂടായത് കൊണ്ട് ഞാൻ അത് മഹിക്ക് കൊടുത്തു.... നിനക്ക് ഇപ്പൊൾ തരാം കേട്ടോ, അതും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി, മഹേശ്വർ ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു കൊണ്ടും മറ്റും ഇരിക്കുകയാണ്.... " മഹി ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി, നമ്മുടെ കവലയിലെ രാവിലെ ബസ് മറിഞ്ഞു ആരോപറയുന്നത് കേട്ടു,

നമ്മുടെ ഇവിടെയുള്ള ആർക്കെങ്കിലും ആളപായം വല്ലതുമുണ്ടോ.....? സീത വന്നു ചോദിച്ചപ്പോഴാണ് പെട്ടെന്ന് അകാരണമായ ഒരു ഭയം അവൻറെ മനസ്സിലൂടെ കടന്നുപോയത്..... രാവിലെ അവൾ ബസ്സിൽ ആണെന്ന് പറഞ്ഞാണ് മെസ്സേജ് അയച്ച നിർത്തിയത്, ആ മെസ്സേജും അവൻ എടുത്തു നോക്കി..... " ആർക്കും കുഴപ്പമൊന്നുമില്ല, ചെറിയ പരിക്കൊക്കെ ഉണ്ട്... നമ്മുടെ സാവിത്രി ചേച്ചിയുടെ രണ്ടാമത്തെ മോൾ ഇല്ലേ, കൃഷ്ണപ്രിയ, അവള് വണ്ടിയിൽ ഉണ്ടായിരുന്നു എന്ന്..... " കൃഷ്ണപ്രിയയോ.......? എന്നിട്ട് എന്തുപറ്റി അവൾക്ക്.....? പെട്ടെന്ന് അവൻറെ ശബ്ദം അൽപം ഉയർന്നതുപോലെ മാധവിന് തന്നെ തോന്നിയിരുന്നു, ഉള്ളിൽ ഉള്ള എല്ലാ ആവലാതികളുമാ ചോദ്യത്തിൽ ഉണ്ടായിരുന്നു, ഒന്നും മനസ്സിലാവാത്ത രീതിയിൽ മഹേശ്വറും സീതയും ഒരുപോലെ അവനെ പകച്ചു നോക്കിയിരുന്നു....... " കൃഷ്ണപ്രിയയ്ക്ക് എന്നിട്ട് കുഴപ്പം വല്ലതും ഉണ്ടോ ഏട്ടാ..... " ഒന്നുമറിയില്ല നമ്മുടെ ഗവൺമെൻറ് ഹോസ്പിറ്റൽ ഉണ്ട് എന്നാണ് അറിഞ്ഞത്...... " ആണോ....? മാധവ് മുടിയിൽ വിരൽ കോരുത്ത് വലിച്ചു, സീത അവന്റെ മാറ്റങ്ങൾ ശ്രേദ്ധിച്ചു...

. " നിനക്ക് അവിടെ വരെ ഒന്ന് പോകാരുന്നില്ലേ മഹി..... " എനിക്ക് സമയം കിട്ടിയില്ല അമ്മേ, ഇപ്പോൾ തന്നെ വൈകിട്ട് തന്നെ എനിക്ക് പോണം തൃശ്ശൂർക്ക്, അത് കഴിഞ്ഞ് തിരിച്ച് ഞാൻ നാളെ രാവിലെ വരു, നാളെയോ മറ്റോ അമ്മയോന്ന് ഹോസ്പിറ്റൽ വരെ പോകു, ഞാൻ സംഭവം അറിഞ്ഞപ്പോൾ കുറച്ച് കാശ് ചേച്ചിടെ കയ്യിൽ കൊടുത്തൂ, " നീ കാപ്പി കുടിക്കെടാ, മാധവിന്റെ മുഖത്തേക്ക് നോക്കിയാണ് സീത പറഞ്ഞത്, മാധവിനു തല പെരുക്കുന്നത് പോലെ തോന്നി...... ഇനി അവളുടെ അവസ്ഥ അറിയാതെ ഒരു സമാധാനം ഉണ്ടായിരിക്കില്ല, എങ്ങനെയൊക്കെയോ കാപ്പി ഒന്ന് കുടിച്ചതിനുശേഷം നേരെ ബൈക്കിന്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങി..... " നീ എവിടേക്കാ....? സീത ചോദിച്ചു... " ഹരിയുടെ അടുത്ത് വരെ പോകാ, അത്രമാത്രമേ അവൻ പറഞ്ഞിരുന്നുള്ളൂ, " ഏട്ടാ അവിടേക്ക് ആണ് എങ്കിൽ ഞാനും വരട്ടെ, എനിക്ക് നന്ദയുടെ കയ്യീന്ന് കൊറച്ചു നോട്ട് വാങ്ങാൻ ഉണ്ടായിരുന്നു.... മാനസി പിന്നാലെ വന്ന് പറഞ്ഞു..... " വേണ്ട, എനിക്ക് വേറെ കുറച്ച് പരിപാടിയുണ്ട്, നീ നാളെ പകൽ വല്ലോം പോയി വാങ്ങ്‌, ഇപ്പോൾ സമയം ഒരുപാട് ആയില്ലേ.....

അതും പറഞ്ഞ് മറുപടിക്ക് കാക്കാതെ മാധവ് വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു, മാനസിയുടെ മുഖത്ത് ഇരുൾ വീണിരുന്നു..... അങ്ങോട്ട് പോകുമ്പോഴും മനസ്സിൽ വിഷമം മാത്രമായിരുന്നു , എന്ത് പറ്റിയിട്ടുണ്ടാക്കും, ഇത്രത്തോളം ഇത്ര ചെറിയ സമയം കൊണ്ട് താൻ അവളെ ഇത്രയും സ്നേഹിച്ചോ എന്ന് പോലും അവൻ ചിന്തിച്ചു പോയിരുന്നു....... ഒരു സമാധാനവും ലഭിക്കുന്നില്ല, ശ്വാസം കിട്ടാത്ത ഒരു അവസ്ഥ..... ആശുപത്രിയുടെ മുന്നിൽ വണ്ടി നിർത്തുമ്പോൾ മറ്റൊന്നുമാലോചിക്കാതെ റിസ്പ്ഷന്റെ മുൻപിലേക്ക് എത്തിയിരുന്നു, " രാവിലെ ആക്‌സിഡന്റ് ആയിട്ട് കൊണ്ടു വന്നാ ആളുകൾ എവിടെയാ....? " അവരൊക്കെ മൂന്നാമത്തെ വാർഡിലെ ആണ്... അത്രയും കേട്ടപ്പോൾ അവൻ നേരെ വാർഡ് ലക്ഷ്യമാക്കി നടന്നിരുന്നു, ഓരോ രോഗികളെയും ശ്രദ്ധിച്ചു നടന്ന നീങ്ങുമ്പോഴും തൻറെ പ്രിയപ്പെട്ടവളെ ആയിരുന്നു അവൻ തേടിയിരുന്നത്..... അവസാനം തേടിയത് എന്തോ കണ്ടത് പോലെ ആ കണ്ണുകൾ ഒന്ന് തിളങ്ങി..... നെറ്റിക്ക് നല്ലൊരു കെട്ടും ഒക്കെയായി ബെഡ് റസ്റ്റ് എടുക്കുകയാണ് കൃഷ്ണപ്രിയ..... അരികിലായി സാവിത്രിയും കാവ്യയും ഉണ്ട്, പെട്ടെന്ന് അവളും മാധവിനെ കണ്ടു, ഒരു നിമിഷം അത്ഭുതമാണോ സന്തോഷമാണോ തോന്നിയത് എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു......

ആ നിമിഷം തന്നെ സാവിത്രിയും മാധവിനെ കണ്ടിരുന്നു, ഒരു നിമിഷം അവരും അമ്പരന്ന് പോയിരുന്നു..... അരികിൽ സാവിത്രിയും കാവ്യയും ഉണ്ടെന്ന് പോലും നോക്കാതെ ദ്രുത വേഗം അവൻറെ കാലുകൾ അവർക്കരികിലേക്ക് ചലിച്ചു....... " പ്രിയ ആർ യു ഒക്കെ....? നിനക്കെന്താ പറ്റിയത്...? അരികിൽ അവർ നിൽക്കുന്നു എന്ന് പോലും അറിയാതെ അവൻറെ ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ ആയിരുന്നു അത്..... ഒരു നിമിഷം കൃഷ്ണപ്രിയ പകച്ചു പോയിരുന്നു മാധവിന്റെ ഇടപെടലിൽ, കാവ്യയും സാവിത്രിയും ഒന്ന് അത്ഭുതപ്പെട്ടിരുന്നു.... " കുഞ്ഞ് എന്താ ഇവിടെ....? പെട്ടെന്നാണ് സാവിത്രി ചോദിച്ചത്..... ആ ചോദ്യമായിരുന്നു യാഥാർത്ഥ്യത്തിലേക്ക് അവനെ കൊണ്ടുവന്നത്..... അവർ രണ്ടുപേരും ഉണ്ടെന്ന് ആ നിമിഷം ആണ് അവൻ അറിഞ്ഞത് പോലും...... " ഞാൻ.... ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ, ഞാൻ അറിഞ്ഞിരുന്നില്ല, വൈകുന്നേരം ആണ് അറിഞ്ഞത്, എന്താ പറ്റിയത്.....? " വണ്ടി നമ്മുടെ കനാലിന്റെ അവിടേക്ക് മറിഞ്ഞത് ആണ്...... ഏതായാലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, ആർക്കും കുഴപ്പമില്ല എന്ന് കേൾക്കുന്നത്..... ഇവൾ പിന്നെ സൈഡിൽ ഒന്നുമായിരുന്നില്ല, അതുകൊണ്ട് വലിയ പ്രശ്നം ഒന്നും പറ്റിയില്ല...... ഒരു അഞ്ചു കുത്തികെട്ട് ഉണ്ട്, കൈയ്ക്ക് ചെറിയൊരു ഉളുക്കും,

അത്‌ ഭാഗ്യമായി, " അഞ്ചോ....? അപ്പോൾ വലിയ മുറിവ് ആണല്ലോ.... അവളുടെ മുഖത്തേക്ക് അലിവോടെ നോക്കിയവൻ, ആ നെറ്റിയിൽ ഒന്ന് തഴുകണം എന്നുണ്ട്, പക്ഷെ..... " അത്രയല്ലേ പറ്റിയുള്ളൂ, സാവിത്രി ആശ്വസിച്ചു.... " ചേട്ടൻ എന്തോ തിരക്കുണ്ട്, ഇന്ന് തൃശ്ശൂരിലോ മറ്റേ പോകണം എന്ന് പറയുന്ന കേട്ടു, അതുകൊണ്ട് ആണ് ഞാൻ വന്നത്..... നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി, പിന്നെ ഈ വാർഡിൽ ഒക്കെ കിടന്നാൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും, ഞാനൊരു റൂം കിട്ടുമോന്നു നോക്കാം, അവിടേക്ക് ഷിഫ്റ്റ്‌ ചെയ്യാം.... " അയ്യോ അത് വേണ്ട കുഞ്ഞേ, റൂമിൽ ഒക്കെ ആകുമ്പോൾ വേറെ കാശ് കൊടുക്കേണ്ട.... സാവിത്രി പറഞ്ഞു... " അത് കുഴപ്പമില്ല ഞാൻ നോക്കിക്കോളാം, ഇവിടെ ഇങ്ങനെ....... അത് ശരിയാവില്ല, നിങ്ങൾ മൂന്നു സ്ത്രീകൾ മാത്രം വാർഡിൽ, ഞാൻ ഒന്ന് തിരക്കിട്ട് വരാം, അതും പറഞ്ഞവൻ പുറത്തേക്ക് നടന്നപ്പോഴും ഒന്ന് തിരിഞ്ഞു അലിവോടെ പ്രിയപ്പെട്ടവളുടെ മുഖത്തേക്ക് നോക്കുവാൻ മറന്നിരുന്നില്ല...... പക്ഷേ ആ നോട്ടം ശ്രദ്ധിച്ച് മറ്റൊരാൾകൂടി ഉണ്ടായിരുന്നു, കാവ്യയുടെ കണ്ണുകളിൽ സംശയത്തിന്റെ അലകൾ വീഴുകയായിരുന്നു..... കൃഷ്ണപ്രിയയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് പ്രണയം ആയിരുന്നെങ്കിൽ, കാവ്യയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് സംശയത്തിന്റെ അലകൾ ആയിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story