സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 26

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

"അത് സത്യമാണ് ഏട്ടാ, കൃഷ്ണപ്രിയയെ ഞാൻ എൻറെ കാര്യം പറഞ്ഞു മനസ്സിലാക്കും, പക്ഷേ ഏട്ടൻ പറഞ്ഞ പോലെ അവൾക്ക് പകരം ഈ ജന്മം മറ്റാരും എൻറെ ജീവിതത്തിലേക്ക് വരില്ല..... ഏട്ടനെ പോലെ ഞാനും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചോളാം. അതും പറഞ്ഞു മിണ്ടാതെ മാധവ് ഇറങ്ങി പോയപ്പോൾ എന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു മഹേശ്വർ.... പകുതിവരെ നടന്നിട്ട് അവൻ തിരിഞ്ഞു നിന്ന് മഹേശ്വറിന്റെ മുഖത്തേക്ക് നോക്കി.... " ഇനിയിപ്പോൾ എൻറെയും കൃഷ്ണപ്രിയയുടെയും കാര്യത്തിൽ സമ്മതമറിയിച്ചിട്ട് കാര്യമില്ല, ഏട്ടന് കല്യാണം കഴിച്ചില്ലെങ്കിൽ മാധവും ഇങ്ങനെ തന്നെ നിൽക്കും.... അതും പറഞ്ഞ് അവൻ ഇറങ്ങി പോയപ്പോൾ അവൻ സമ്മാനിച്ച ഞെട്ടലായിരുന്നു മഹേശ്വർ.... കുറേസമയം മാധവ് പറഞ്ഞ കാര്യത്തെ കുറിച്ചുള്ള ആലോചനയിൽ തന്നെയായിരുന്നു മഹി ...പിന്നീട് മെല്ലെ എഴുന്നേറ്റു കാറിലേക്ക് കയറി, സാവിത്രിയുടെ വീട് ലക്ഷ്യമാക്കി തന്നെയാണ് വണ്ടിയോടിച്ചത്...അവിടേക്ക് പോകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഊഹവും അയാൾക്ക് ഉണ്ടായിരുന്നില്ല.....

പക്ഷേ കൃഷ്ണപ്രിയയെ കാണണമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.... പഠിക്കെട്ടുകൾ കയറുമ്പോള് അകാരണമായി അയാൾക്കും ഒരു പരിഭ്രമം തോന്നിയിരുന്നു.... മുറ്റത്തു ചെന്ന് വിളിച്ചപ്പോൾ ആദ്യം വാതിൽ തുറന്ന് പുറത്തേക്ക് വന്നത് കാവ്യ ആയിരുന്നു..... ഒരു നിമിഷം മഹേശ്വരനെ വീട്ടുമുറ്റത്ത് കണ്ട് കാവ്യ ഒന്ന് പകച്ചിരുന്നു..... പെട്ടെന്ന് കണ്ടപ്പോൾ മഹേശ്വറിനും ഒരു പതർച്ച തോന്നിയിരുന്നു..... വരുത്തിവെച്ച ഒരു പുഞ്ചിരിയോടെ മഹേശ്വർ കാവ്യയുടെ മുഖത്തേക്ക് നോക്കി.... " കൃഷ്ണപ്രിയയില്ലേ....? " ഉണ്ട്... അകത്താണ് എന്താണ് സർ... " ഒന്നു വിളിക്കൂ, എനിക്കൊന്നു സംസാരിക്കണം... പെട്ടെന്ന് മഹേശ്വർ കൃഷ്‌ണപ്രിയയെ തിരക്കിയപ്പോൾ ഒരു ഭയം കാവ്യയുടെ മുഖത്ത് നിറഞ്ഞത് അയാൾ ശ്രദ്ധിച്ചിരുന്നു..... അവൾ അകത്തേക്ക് പോവുകയും കൃഷ്ണപ്രിയയോടൊപ്പം പുറത്തേക്ക് വരികയും ചെയ്തിരുന്നു.... കൃഷ്ണപ്രിയയുടെ മുഖവും പരിഭ്രമതാൽ നിറഞ്ഞിരിക്കുകയാണ്..... താൻ വഴക്കു പറയും എന്ന് ഭയം ആയിരിക്കുമെന്ന് മഹിക്ക് തോന്നിയിരുന്നു.... " കുറച്ചു വെള്ളം കുടിക്കാൻ വേണം....

കാവ്യയുടെ മുഖത്തേക്ക് നോക്കി മഹേശ്വർ പറഞ്ഞപ്പോൾ തന്നെ ഒഴിവാക്കാനായി ആണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു..... അവർക്ക് സംസാരിക്കാൻ ഒരു അവസരം നൽകി അവൾ മെല്ലെ അകത്തേക്ക് പോയിരുന്നു.... കൃഷണപ്രിയ ആണെങ്കിൽ ഹോളിൽ വിരൽ കൊരുത്ത് ഇരിക്കുകയാണ്..... എന്ത് സംസാരിക്കണം എന്ന് പോലും അവൾക്കറിയില്ല.... " കൃഷ്‌ണപ്രിയേ.... അയാൾ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.... " മോളെ ഞാൻ എൻറെ മാനസിയെ പോലെ കണ്ടിട്ടുള്ളൂ.... പഠിക്കുന്ന കുട്ടി ആണെന്നറിഞ്ഞപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് കരുതിയതും അതുകൊണ്ടുതന്നെ ആണ്.... ഒരു തുടക്കമെന്ന നിലയിൽ മഹേഷ് പറഞ്ഞു തുടങ്ങി, " ഇന്ന് മാധവ് എന്നോട് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു, അതിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല..... നിന്നോട് ഒന്ന് നേരിട്ട് ചോദിക്കണമെന്ന് തോന്നി, അതിനുവേണ്ടിയാണ് ഞാനിപ്പോൾ വന്നത്.... ഒരു നിമിഷം കൃഷ്ണപ്രിയയുടെ മുഖത്തെ ഞെട്ടൽ വ്യക്തമായി തന്നെ മഹേശ്വര മനസ്സിലാക്കിയിരുന്നു....

അതോടെ താൻ അറിഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഏറെക്കുറെ ആൾക്ക് മനസ്സിലാക്കുകയും ചെയ്തിരുന്നു.... " മാധവ് എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ....? നിങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണോ....? അറുത്തുമുറിച്ച് അയാൾ ചോദിച്ചപ്പോൾ മറുപടി എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു .... പക്ഷേ അവളുടെ നിറഞ്ഞ കണ്ണുകൾ അതിനുള്ള മറുപടി പറയുന്നത് പോലെ തോന്നി.... " കൃഷ്ണപ്രിയ എന്തിനാ കരയുന്നത്....? ഞാൻ മോളെ വഴക്ക് പറഞ്ഞില്ലല്ലോ, " അത് പിന്നെ സാർ, ഞാൻ അറിയാതെ..... അവൾ വാക്കുകൾക്ക് വേണ്ടി പരതി.... " അറിയാതെ ഒരിക്കലും രണ്ടു പേർ തമ്മിൽ ഇഷ്ടം സംഭവിക്കില്ല, രണ്ടുപേർക്കും പൂർണമായ അറിവോടെ മാത്രമേ അത് സംഭവിക്കു..... ഒന്നാമത്തെ കാര്യം വിവാഹമെന്നത് ഒരു ദിവസത്തേക്കൊ ഒരു രണ്ടു ദിവസത്തേക്കുള്ള കാര്യം അല്ല.... അതുകൊണ്ട് രണ്ടുപേരും നന്നായി ആലോചിച്ച് അറിഞ്ഞു മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്, അറിയാതെ സംഭവിച്ചു എന്ന് പറയരുത്.... നിന്നെ അല്ലാതെ മറ്റാരെയും കല്യാണം കഴിക്കില്ല എന്ന് എൻറെ അനിയൻ എന്നോട് പറഞ്ഞത്,

അത് സത്യമാണോ എന്നാണ് ഞാൻ ചോദിക്കുന്നത്...? " അത് പിന്നെ..... സർ അവൾ കരച്ചിലിന്റെ വക്കിൽ എത്തി... " എടി പെങ്കൊച്ച് ഒരു ചെറുക്കനെ ഇഷ്ടമാണെങ്കിൽ അത് മുഖത്തുനോക്കി പറയാനുള്ള ധൈര്യം വേണം, ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്.... മഹി അത്‌ പറഞ്ഞപ്പോൾ അവൾ മുഖത്തേക്ക് നോക്കി പറഞ്ഞു.... " എനിക്കിഷ്ടമാണ് സാർ, പക്ഷേ അതിനുള്ള അർഹത..... അവൾ ഒന്ന് നിർത്തി.... " അതൊക്കെ ആലോചിച്ചു അല്ലേ നിങ്ങൾ സ്നേഹിച്ചത്....? എന്നിട്ട് ഇപ്പോൾ അർഹത ഇല്ലാതായൊ....? പരുഷമായ മഹേശ്വരിന്റെ വാക്കുകൾക്ക് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു..... കൃഷ്ണപ്രിയ ഇപ്പോൾ കരയും എന്ന അവസ്ഥ ആയി.... " മോൾ പേടിക്കേണ്ട ഞാൻ നിന്നെ വഴക്ക് പറയാൻ ഒന്നും വന്നതല്ല, അവൻ വെറുതെ പറഞ്ഞതാണോ എന്ന് അറിയാൻ വേണ്ടി വന്നതാ..... നീ അവനെ സ്നേഹിച്ചതിനോ അവൻ നിന്നെ സ്നേഹിച്ചതിനോ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല.... കാരണം അത് സംഭവിച്ചു പോകുന്നതാണ്,

സ്നേഹിക്കാൻ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യരാരെങ്കിലും ഉണ്ടാകുമോ...? ഒരിക്കലും ഞാൻ നിന്നെ കുറ്റം പറയില്ല, എനിക്ക് നിങ്ങളുടെ കാര്യത്തിൽ യാതൊരു എതിർപ്പുമില്ല..... നിൻറെ പഠിത്തം കഴിയുമ്പോൾ അല്ലെങ്കിൽ മാധവ് ആവിശ്യപെടുമ്പോൾ നിങ്ങളുടെ വിവാഹം നടത്തി തരാൻ ഞാനൊരുക്കമാണ്..... തത്കാലം ഞാൻ വന്ന കാര്യം അവനോട് പറയണ്ട.... അത്‌ ഞാൻ തന്നെ പറഞ്ഞോളാം കെട്ടോ... ഒരു നിമിഷം അവളുടെ മുഖം ഒന്നു വിടർന്നിരുന്നു, അത് കാണെ അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു... " ഇനി എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്, കൃഷ്ണപ്രിയ എന്റെ വിവാഹക്കാര്യം മാധവനോട് ആവശ്യപ്പെട്ടിരുന്നോ...? " മനസ്സിലായില്ല.... അവൾ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " ഞാൻ വിവാഹം കഴിക്കണമെന്നും കൃഷ്ണപ്രിയ മാധവനോട് പറഞ്ഞിരുന്നോ....? " ഇല്ല സർ...... " ഇനിയിപ്പോൾ സാറേ എന്ന് വിളിക്കേണ്ട, അവൻ വിളിക്കുന്ന പോലെ ഏട്ടന്ന് വിളിച്ചോളൂ.... ആ ഒരു പദവി കൂടി തനിക്ക് നൽകിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല.......

ഇങ്ങനെയൊന്നുമായിരുന്നില്ല അവൾക്ക് ഇതേപ്പറ്റി കരുതിയിരുന്നത് ദുർഘടമായിരിക്കും മുന്നോട്ടുള്ള വഴികൾ എന്നാണ് കരുതിയത് തനിക്ക് അത് തരണം ചെയ്യുവാൻ പോലുമുള്ള കരുത്തില്ല എന്നു തോന്നിയിരുന്നു..... പക്ഷെ മഹേശ്വരിന്റെ ഈ സംസാരം അവളിൽ വലിയ സമാധാനം ആണ് നിറച്ചത്..... അപ്പോൾ കാവ്യയുടെ കാര്യം കൃഷ്ണപ്രിയ അറിഞ്ഞിട്ടില്ല, അവന്റെ സ്വയം കൃതിയാണ് മഹിയെ ഓർത്തു... " ശരി മോളെ, ഞാൻ അതിനെപ്പറ്റി അറിയാൻ വേണ്ടിയാണ് വന്നത്... ഏതായാലും ഞാൻ അമ്മയോട് ഒന്ന് സംസാരിക്കട്ടെ, കല്യാണം ഉടനെ തന്നെ വേണമെന്ന് നിർബന്ധം ഒന്നും നിങ്ങൾക്ക് ഇല്ലല്ലോ.... " അയ്യോ ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.... " ഇപ്പൊൾ നീ നന്നായിട്ട് പഠിക്കണം, പഠിച്ച് ഒരു ജോലി ഒക്കെ വാങ്ങ്‌.... സാവിത്രി ചേച്ചിയെ കാണാനായി ഞാനും അമ്മയും അടുത്ത ഒരു ദിവസം വരാം.... അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെയൊരു ഉറപ്പു നൽകുമ്പോൾ ആ മുഖം തെളിമയാർന്ന് വിടർന്നത് പോലെ കൃഷ്ണപ്രിയക്ക് തോന്നിയിരുന്നു.... അപ്പോഴേക്കും അകത്തു നിന്നും സംഭാരവുമായി കാവ്യ എത്തി....

ഒരു നിമിഷം കാവ്യയുടെ മുഖത്തേക്കു നോക്കാനൊരു പതർച്ച തോന്നിയിരുന്നു മഹേശ്വറിന്.... ഒരു കോട്ടൺ ചുരിദാർ ആണ് വേഷം, തലമുടിയിൽ പതിഞ്ഞ എണ്ണമയം മുഖത്തേക്ക് വ്യാപിച്ചിട്ടുണ്ട്, ഇരു നിറം ആണ്... പക്ഷെ ഐശ്വര്യം നിറഞ്ഞ മുഖം.... കാവ്യയുടെ സ്ഥിതിയും അതുതന്നെയായിരുന്നു, " കൃഷ്ണപ്രിയ ഞാൻ കാവ്യയൊടെ ഒന്ന് സംസാരിച്ചോട്ടെ, നമുക്ക് അല്പം മാറി നിൽക്കാം.... കാവ്യയുടെ മുഖത്തേക്ക് നോക്കി മഹേശ്വർ അത് പറഞ്ഞപ്പോൾ ഒരു പരിഭ്രമം അവിടെയും നിറഞ്ഞത് അയാൾ കണ്ടിരുന്നു..... കാര്യമറിയാതെ കൃഷ്ണപ്രിയ കാവ്യയുടെ മുഖത്തേക്ക് നോക്കിയിരുന്നു.... മാധവ് പറഞ്ഞ കാര്യങ്ങളൊന്നും കാവ്യ കൃഷ്ണപ്രിയയൊടെ പങ്കുവച്ചിരുന്നില്ല.... അരളി മരച്ചുവട്ടിൽ അവൾക്ക് അരികിൽ നിൽക്കുമ്പോൾ എന്താണ് അവളോട് പറയേണ്ടത് എന്ന് മഹിക്ക് ഒരു രൂപം ഉണ്ടായിരുന്നില്ല.....അവസാനം അവളുടെ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചു.... " മാധവേന്തെങ്കിലും കൊച്ചിനോട് സംസാരിച്ചിരുന്നോ...? ഉടനെ ഞെട്ടി അയാളുടെ മുഖത്തേക്ക് നോക്കി കാവ്യാ.. " മാധവ് എന്തെങ്കിലും പറഞ്ഞോ...? "

അത് തന്നെയല്ലേ ഞാനും ചോദിച്ചത്...? മറു ചോദ്യം ചോദിക്കുന്നവളുടെ മുഖത്തേക്ക് നോക്കി മഹേശ്വർ ചോദിച്ചപ്പോൾ വീണ്ടും പരിഭ്രമവും ഭയവും നിറഞ്ഞതായി തോന്നിയിരുന്നു..... " ഇവിടെ വന്നിരുന്നു, എന്തൊക്കെയോ പറഞ്ഞിട്ട് പോയി.... " എന്തൊക്കെയോ പറഞ്ഞിട്ട് പോയെന്നോ...? അപ്പൊൾ അവന് പുലബന്ധമില്ലാത്ത കാര്യങ്ങളായിരുന്നോ തന്നോട് സംസാരിച്ചത്..... " അങ്ങനെയല്ല സർ... വിവാഹത്തിന് സമ്മതം ആണോ എന്ന് ചോദിച്ചു... " ആരുടെ വിവാഹത്തിന് അവൻറെ കല്യാണത്തിനോ...? " അല്ല... " പിന്നെ...? " സാറിൻറെ വിവാഹത്തിന്, ഒരു നിമിഷം മഹേശ്വർ ഒന്ന് നിശബ്ദനായിരുന്നു..... " എന്നിട്ട് എന്ത് പറഞ്ഞു...? " ഞാൻ.... ഞാൻ... പ്രത്യേകിച്ചൊന്നും പറഞ്ഞില്ല... അവളുടെ വാക്കുകൾ ഇടയ്ക്കിടെ പൊട്ടിപോകുന്നത് കണ്ട് മഹേശ്വറിന് ചിരി വരുന്നുണ്ടായിരുന്നു..... " എന്നിട്ട് അവൻ എന്നോട് അങ്ങനെ അല്ലല്ലോ പറഞ്ഞത്.... താല്പര്യം ആണെന്ന് പറഞ്ഞെന്ന് ആണല്ലോ.... "അയ്യോ അങ്ങനെ ഞാൻ പറഞ്ഞില്ല.... ഇവിടെ തീരുമാനിക്കുന്നത് എന്താണെങ്കിലും എനിക്ക് സമ്മതമാണെന്ന് മാത്രമേ പറഞ്ഞുള്ളൂ, "

അപ്പൊൾ ഇതിൽ എൻറെ സമ്മതം ബാധകമല്ല എന്നാണോ നിങ്ങൾ കരുതുന്നത്...? " ഇതൊന്നും നടക്കില്ല എന്ന് ഞാൻ അപ്പോൾ തന്നെ മാധവിനോട് പറഞ്ഞതാ.... " അതവിടെ നിൽക്കട്ടെ, അവൻ പറഞ്ഞ കാര്യത്തിൽ കാവ്യയുടെ അഭിപ്രായമാണ് എനിക്കറിയേണ്ടത്.....? " സാറേന്നെ കളിയാക്കുകയാണോ...? " കാര്യമായിട്ട് ചോദിച്ചതാ " എനിക്ക് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല ഒരു കാര്യത്തിനും... കിച്ചുവിൻറെ കാര്യമറിഞ്ഞപ്പോൾ തൊട്ടേ എനിക്ക് സമാധാനം ആയി.... സാർ ഇപ്പോൾ അവളോട് സംസാരിക്കുന്നത് ഒക്കെ ഞാൻ കേട്ടു..... അവളുടെ ഇഷ്ടം നടക്കുകയാണെങ്കിൽ അതിലും വലുതായി എനിക്ക് മറ്റൊന്നും ഇല്ല....... അവർ സന്തോഷമായി ജീവിച്ചാൽ അത് ഞങ്ങളുടെ എല്ലാവരുടെ സന്തോഷമാണ്.... " അപ്പോൾ ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞുനിന്ന് കേൾക്കുകയായിരുന്നു കാവ്യാ, " അയ്യോ ഒളിഞ്ഞുനിന്ന് കേട്ടതല്ല, അവിചാരിതമായി കേട്ട് പോയതാ ഒരു നിമിഷം പറഞ്ഞത് അബദ്ധം ആയി പോയോ എന്ന് അവൾക്കും തോന്നിയിരുന്നു....

അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് മഹേശ്വർ..... " മാധവ് എന്താ കാവ്യയോട് ചോദിച്ചത്....? വ്യക്തമായിട്ട് പറയണം, സാറിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോന്ന്.....ചോദിച്ചു, " അപ്പൊൾ കാവ്യ എന്താ പറഞ്ഞത് ...? " എനിക്ക് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ..... " അഭിപ്രായങ്ങളെ പറ്റി അല്ല, ഇഷ്ടവും ഇഷ്ടക്കേടിനെയും പറ്റി ആണ് ചോദിച്ചത്.... നമ്മൾ തമ്മിലുള്ള പ്രായ വ്യത്യാസം തനിക്ക് ബോധ്യം ഉണ്ടാവുമല്ലോ.... " ഉണ്ട്, " ഞാൻ സമ്മതിക്കുകയാണെങ്കിൽ കാവ്യയുടെ നിലപാട് എന്തായിരിക്കും....? അതാണ് എനിക്ക് അറിയേണ്ടത്, " അത് പിന്നെ, " പറയെടോ.... " അങ്ങനെ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല..... " ഒരിക്കൽ ഒരാളെ ആത്മാർത്ഥമായി ഞാൻ സ്നേഹിച്ചിരുന്നു, പക്ഷെ അയാൾക്ക് വിവാഹം കഴിക്കാൻ ആയിരുന്നില്ല താല്പര്യം, മോഹം നൽകി പറ്റിക്കുക ആയിരുന്നു... ആ വേദന ഇന്നും മാറിയിട്ടില്ല....അന്നോളം ആരെയും സ്നേഹിക്കാനും തോന്നിയിട്ടില്ല..... അതുകൊണ്ട് ആണ് കിച്ചുവിന്റെ കാര്യത്തിൽ ഞാൻ ഭയന്നത്....

" വിശ്വൻ അല്ലേ... മഹിയുടെ പെട്ടന്നുള്ള ചോദ്യത്തിൽ കാവ്യ ഒന്ന് ഞെട്ടി.... " കഴിഞ്ഞ കാലം അല്ല ഇപ്പോഴത്തെ കാര്യം ആണ് ഞാൻ ചോദിച്ചത്..... വിശ്വനും ഞാനും സുഹൃത്തുക്കൾ ആണ്, എല്ലാം എനിക്ക് അറിയാം ... അവളുടെ മുഖത്തെ പതർച്ചയ്ക്ക് മറുപടി എന്നോണം അവൻ പറഞ്ഞു.... " സ്വന്തം കാര്യത്തിൽ ഒരു അഭിപ്രായം ഇല്ലെ....? ഞാൻ ഒരു മുതിർന്ന പുരുഷനാണ് ഇതിൽ കൂടുതൽ വ്യക്തമായി പറയാൻ എനിക്കറിയില്ല, പ്രത്യക്ഷത്തിൽ എനിക്ക് സമ്മതം കുറവൊന്നുമില്ല...... ഞാൻ കാരണം എൻറെ അനുജന്റെ ജീവിതം നശിച്ചു പോകണ്ട എന്നുള്ള ഒരു കാര്യം കൂടി ഇതിനുണ്ട്, ഒരു നിബന്ധന അവനെന്നോട് വെച്ചിരുന്നു ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ അവൻ വിവാഹം കഴിക്കില്ലെന്ന്, ഞാൻ കാരണം രണ്ടു പേരുടെ ജീവിതം നശിക്കുന്നതിലും നല്ലത് ഞാൻ എൻറെ ജീവിതത്തെ പറ്റി ചിന്തിക്കുന്നത് ആണെന്ന് തോന്നി.... എനിക്ക് സമ്മതം കുറവൊന്നുമില്ല കാവ്യ സമ്മതം ആണെങ്കിൽ എപ്പോഴെങ്കിലും സൗകര്യം പോലെ ഒന്ന് അറിയിക്കണം,അങ്ങനെയാണെങ്കിൽ ഞാൻ വീട്ടിൽ പറയാം തിരിഞ്ഞു നടക്കാൻ തുടങ്ങിയ മഹേശ്വരനെ അവൾ വിളിച്ചു....

തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് അവൻ നോക്കിയിരുന്നു... " അങ്ങനെ പറയുമ്പോഴും അത് മറ്റുള്ളവർക്ക് വേണ്ടിയുള്ള ഒരു ജീവിതം അല്ലേ സർ, അവിടെ എനിക്ക് സ്ഥാനം ഉണ്ടാകുമോ....? ഒരു നിമിഷം അവളുടെ ചോദ്യം കേട്ട് അയാൾ പകച്ചു പോയിരുന്നു.... അവളുടെ മുഖത്തേക്ക് കൂർപ്പിച്ച ഒന്ന് നോക്കി മഹി... " മനസ്സിലായില്ല... " ഒരിക്കൽ സ്നേഹത്താൽ അവഗണിക്കപ്പെട്ടവൾ ആണ് ഞാൻ.... ഇനി അത്‌ സഹിക്കാൻ എനിക്ക് ത്രാണി ഉണ്ടാകില്ല..... ഇപ്പോൾ മാധവിനും കൃഷ്ണപ്രിയക്കും വേണ്ടി വിവാഹത്തിന് സമ്മതിച്ചാലും അത് ഇഷ്ടത്തോടെ ഉള്ള ഒരു സമ്മതം അല്ലല്ലോ, അവർക്ക് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടിയുള്ള ഒരു ജീവിതം അല്ലേ.... അപ്പൊൾ നമ്മൾ തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉള്ള സ്ഥിതിക്ക് നല്ലൊരു ജീവിതം സാധ്യം ആകുമോ....? അച്ഛൻ മരിച്ച കാലം മുതൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്, എൻറെ ജീവിതവും കിച്ചുവിൻറെ ജീവിതം ഒക്കെ സന്തോഷത്തോടെ നിലനിൽക്കണമെന്ന് അമ്മയുടെ ആഗ്രഹം.....

ഒരിക്കൽ ഉപേക്ഷിച്ച മോഹങ്ങളും ആയി ഈ വീടിൻറെ ചുവരുകൾക്കുള്ളിൽ ഞാൻ ഒതുങ്ങി നില്കുന്നത് പേടി കൊണ്ടാണ്.... എനിക്ക് വന്ന എല്ലാ ആലോചനകളും ഞാൻ തന്നെ ആണ് മുടക്കിയത്..... ഒരുപാട് ഓർമ്മിക്കാൻ ഉള്ള പ്രണയം ഒന്നും അല്ല, എങ്കിലും ഒരാളെ മോഹിച്ചിട്ട് മറക്കാൻ വലിയ പാടാണ്, ആ നോവ് ഉണക്കാൻ സ്നേഹത്തിനെ കഴിയു.... ഇനി ഒരാൾ ജീവിതത്തിലേക്ക് വന്നാൽ കളങ്കം ഇല്ലാതെ എന്നെ സ്നേഹിക്കുന്ന ഒരാൾ ആകണം, അതിപ്പോ ഒരുപാട് പൊന്നും പണവും ഉള്ള വീട്ടിലേക്ക് അല്ലെങ്കിലും ഒരു കൂലിപ്പണിക്കാരൻ ഒപ്പം ആണെങ്കിലും സ്വസ്ഥതയോടെ സ്നേഹത്തോടെ നോക്കുന്ന ഒരാൾ ആവണമെന്ന് ഉണ്ട്..... ഇതിപ്പോൾ അനുജന് വേണ്ടിയുള്ള ഒരു ത്യാഗം ആകുമ്പോൾ സാറിന് എന്നെ ഉൾക്കൊള്ളാൻ പോലും സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.... ഒരു നിമിഷം ഇമചിമ്മാതെ മഹേശ്വർ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പോയിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story