സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 27

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" തൻറെ ഉള്ളിലെ ഭയം എനിക്ക് മനസ്സിലായി, അങ്ങനെ അവർക്ക് വേണ്ടി മാത്രമല്ല, എനിക്കും തോന്നി ഒരു ജീവിതം എനിക്ക് അത്യാവശ്യം ആണെന്ന്....മാധവന്നോട് പറഞ്ഞു കുറേക്കാലം കഴിഞ്ഞപ്പോൾ അവനും മാനസിക്കും ഒക്കെ മനപ്പൂർവ്വം അല്ലെങ്കിലും എന്നെ അവഗണിക്കുന്നത് പോലെ തോന്നുമെന്ന്.... സത്യമാണ് എല്ലാവർക്കും അവരുടെ ജീവിതം വലുതല്ലേ, കാവ്യയ്ക്ക് എതിർപ്പില്ലെങ്കിൽ, ഇല്ലെങ്കിൽ മാത്രം എനിക്കും സമ്മതമാണ് വിവാഹത്തിന്, പിന്നെ നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം അത് തനിക്ക് പ്രശ്നമില്ലെങ്കിൽ മാത്രം....അതെല്ല മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറഞ്ഞോളൂ.... സാവിത്രിചേച്ചിയൊടെ പറഞ്ഞു എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഞാൻ അത് നടത്താം.... " ഈ വീടിൻറെ പുറത്തേക്ക് ഒരു ലോകം കണ്ടിട്ടില്ലാത്തവളാണ് ഞാൻ.... ഒരിക്കൽ ഒരു ഇഷ്ട്ടം തോന്നി ആ ഇഷ്ടം നൽകിയ വേദന ഇനിയും ഉണങ്ങിയിട്ടില്ല....അങ്ങനെയൊന്നും ആരോടും എനിക്കില്ല..... മുഖത്തേക്ക് നോക്കാതെ കാവ്യാ മറുപടി പറഞ്ഞു... " എങ്കിൽ പിന്നേ നമുക്ക് ഇത് മുന്നോട്ടു കൊണ്ടു പോകാം അല്ലേ....?

ഒരിക്കലും കൃഷ്ണപ്രിയക്ക് വേണ്ടിയും മാധവിന് വേണ്ടിയും ആയിരിക്കരുത് കാവ്യയുടെയും തീരുമാനം.... എന്നോട് പറഞ്ഞ കാര്യം ഞാൻ അതേപോലെ തിരിച്ച് പറയുകയാണ്.... എന്നെ ഉൾക്കൊള്ളാൻ സ്നേഹിക്കാൻ സാധിക്കുമെങ്കിൽ മാത്രം.... " സാറിനെ പോലെ ഒരാളിന് എന്നെ ഉൾക്കൊള്ളാൻ സാധിക്കും എങ്കിൽ എനിക്കാണോ അതിന് ബുദ്ധിമുട്ട്....? " ശരി ബാക്കി കാര്യങ്ങളൊക്കെ ഞാൻ അമ്മയോട് ആലോചിച്ച് സാവിത്രി ചേച്ചിയോട് പറഞ്ഞേക്കാം.... " ശരി ആ നിമിഷം മുതൽ കാവ്യയും മഹിയും സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു പുതിയൊരു പുലിരിയെ.... വൈകുന്നേരം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സീതയുടെ മുഖത്തേക്ക് നോക്കി മഹി പറഞ്ഞത്.... " എല്ലാവരും പറയുന്നു ഞാൻ വിവാഹം കഴിച്ചേ പറ്റൂ എന്ന്, അപ്പൊൾ പിന്നെ ഞാനും ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചു.... എൻറെ പുന്നാര അനിയൻ എനിക്ക് ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്, അമ്മ അറിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്.....

എന്താണ് അമ്മയുടെ അഭിപ്രായം, മഹി അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ മാനസി മാത്രം എല്ലാവരുടെയും മുഖത്തേക്ക് നോക്കി............ മാധവിന്റെ മുഖത്ത് എന്താണ് ഇനി നടക്കാൻ പോകുന്നത് എന്ന ഭാവമായിരുന്നു.... മഹേശ്വരന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ അവൻറെ മുഖത്ത് സംശയം നിഴലിച്ചു നിന്നു..... മാധവ് പറഞ്ഞ കാര്യത്തിന് എനിക്ക് സമ്മതമാണ്, ഒരുനിമിഷം എല്ലാരും ഒന്ന് ഞെട്ടി എന്ന് ഉറപ്പായിരുന്നു.... " മോനേ ആ കുട്ടിയോട് കൂടി ചോദിക്കണ്ടേ, ആ കുട്ടിയുടെ മനസ്സ് അറിയാതെ നമ്മൾ എന്താ തീരുമാനിക്കാ.... സീത പറഞ്ഞു.... " ഞാൻ ചോദിച്ചു, ഞാൻ സംസാരിച്ചു... പെട്ടെന്ന് മഹേശ്വരനെ ആ സംസാരം കേട്ട് മാധവ് പോലും ഞെട്ടിപ്പോയിരുന്നു.... " എപ്പോൾ....?? അറിയാതെ മാധവിന്റെ ചോദ്യം ഒന്ന് ഉയർന്നു... " വൈകുന്നേരം.... ഒരല്പം മടിയോടെ ആണെങ്കിലും മറുപടി പറഞ്ഞിരുന്നു മഹേശ്വർ... " എന്നിട്ട് എന്ത് പറഞ്ഞു കുട്ടി, സീതയ്ക്ക് ആകാംഷയായി.... " പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ല എന്നാണ് പറയുന്നത്,വീട്ടിലുള്ളവർ എന്ത് തീരുമാനിച്ചാലും സമ്മതം ആണത്രേ.... "

അതിനർത്ഥം ചേട്ടനെ ഇഷ്ടമാണെന്ന് തന്നെ ആണ് അമ്മേ.... മാധവ് പറഞ്ഞു.... " നിങ്ങളൊക്കെ ആരുടെ കാര്യമാ പറയുന്നത്.... എനിക്ക് മനസ്സിലാകുന്നില്ല, പെട്ടെന്ന് മാനസി ഇടയിൽ കയറി ചോദിച്ചു..... " മറ്റാരുടെയും കാര്യമില്ല നമ്മുടെ സാവിത്രി ചേച്ചിയുടെ മൂത്തമകൾ ഇല്ലെ...? കാവ്യ, അവളെ നമ്മുടെ ഏട്ടന് വേണ്ടി ആലോചിക്കുന്ന കാര്യം ആണ് പറഞ്ഞത്.... " ഓഹോ അവിടെ വരെയായി.... ഇത്രയും കാര്യങ്ങൾ ആയിട്ടും ഇപ്പോഴെങ്കിലും ഈ വീട്ടിൽ താമസിക്കുന്ന ഒരു അംഗമെന്ന നിലയിൽ എന്നോട് പറഞ്ഞത് നന്നായി, കല്യാണത്തിന് തലേന്ന് എങ്കിലും ഞാൻ അറിഞ്ഞാൽ മതിയായിരുന്നു... മാനസി ദേഷ്യത്തോടെ എഴുനേറ്റു.... " നീ കരുതുന്നതുപോലെ ഇത് ഞാൻ നേരത്തെ പ്ലാൻ ചെയ്തത് ഒന്നുമല്ല...... ഇന്നലെയും ഇന്നും ആയിട്ട് നടന്ന ഡെവലപ്മെൻറ്സ്‌ ആണ്..... എനിക്ക് ഒരു ആശയം തോന്നി, ഞാൻ അത് അമ്മയോട് പറഞ്ഞു .... പിന്നെ ഏട്ടനോട് പറഞ്ഞു,

ആ കുട്ടിക്ക് ഒരു 27 വയസ്സ് ഉണ്ടാവും....... ഇവർ തമ്മിൽ വലിയ പ്രായ വ്യത്യാസം ആണ് എന്ന് പറഞ്ഞു ഏട്ടന് മടിച്ചിരുന്നു... മാധവ് ചപ്പാത്തിയിലേക്ക് കുറുമ ഒഴിച്ചുകൊണ്ട് പറഞ്ഞു... " വ്യത്യാസം പ്രായംത്തിൽ മാത്രമല്ലല്ലോ, അന്തസ്സുള്ള കുടുംബത്തിൽ നിന്നും ഏട്ടന് പെണ്ണ് കിട്ടില്ലേ..... ഈ ദാരിദ്രവാസികളുടെ വീട്ടിലൊക്കെ കല്യാണം കഴിക്കാൻ...... ദേഷ്യപ്പെട്ട് ഭക്ഷണത്തിന് മുൻപിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് പോകാൻ തുടങ്ങി അവൾ... " ഇരിക്കടി അവിടെ..... മാധവ് ആണ് മറുപടി പറഞ്ഞത്..... " എനിക്ക് വേണ്ട, നിനക്ക് വേണോ വേണ്ടേ എന്നുള്ളതല്ല..... വിളമ്പിയ ഭക്ഷണം മുഴുവൻ കഴിക്കാതെ ഇവിടെ നിന്ന് എഴുന്നേറ്റാൽ ഇനി പച്ചവെള്ളം ഇവിടെ നിന്ന് തരിപ്പിക്കില്ല ഞാൻ... ഭക്ഷണം കഴിച്ച കൈ കൈ ഉയർത്തി മാധവ് അത് പറഞ്ഞപ്പോൾ മാനസി ഒന്ന് ഭയന്നു പോയിരുന്നു ... " എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ...? " വേണ്ട എന്ന് പറഞ്ഞാൽ ഒക്കില്ല നിനക്ക് അങ്ങനെ പാഴാക്കി കളയാൻ അല്ല ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നത്.... ഓരോ വറ്റും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ആണ്... നിസ്സഹായ ആയി അവള് മഹേശ്വരനെയും സീതയെയും നോക്കിയിരുന്നു..

അവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ ഇരിക്കുക അല്ലാതെ അവൾക്ക് മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല.... " എങ്ങനെയെങ്കിലും ഏട്ടൻ ഒരു ജീവിതം ഉണ്ടായാൽ മതി എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്.... നിൻറെ ആഗ്രഹം എന്താണെന്ന് അറിയില്ല, അന്തസിന്റെ കാര്യത്തിൽ നിന്നെക്കാൾ ഒരുപടി മുൻപിൽ ആണ് അവർ എങ്കിലെ ഉള്ളൂ, അല്പം പണം കുറവായിരിക്കും, കുറെ പണവും സ്വർണവും ഒക്കെയായിട്ട് കെട്ടി ഒരുങ്ങി നടക്കുന്നതാണ് നീ ഉദ്ദേശിക്കുന്ന അന്തസെങ്കിൽ അത്‌ അവർക്കില്ല സത്യമാണ്.... പക്ഷെ അഭിമാനം ഒട്ടും കുറയാത്ത ആളുകളാണ്... ഏട്ടന് താൽപര്യമാണ് അമ്മയ്ക്ക് താൽപര്യമാണ്, ഇനി പ്രത്യേകിച്ച് നിന്റെ അഭിപ്രായങ്ങൾക്ക് ഇവിടെ വലിയ വിലയൊന്നും നൽകാൻ പോകുന്നില്ല.... അതുകൊണ്ട് കൂടുതൽ അഭിപ്രായം പറയണ്ട, " മാധവേ...? ഒരു ശാസന പോലെ മഹേഷ്വർ വിളിച്ചപ്പോൾ മാധവും ഒന്ന് നിർത്തിയിരുന്നു. " ഏട്ടന് എല്ലാവരോടും വഴക്കുണ്ടാക്കി വിവാഹം കഴിക്കേണ്ട പ്രായമല്ല.... ഈ വീട്ടിലുള്ള എല്ലാവരുടെയും സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ കാര്യമായിട്ട് മുന്നോട്ട് പോവുകയുള്ളൂ, എൻറെ കാര്യം ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട കാര്യമില്ല.... നിങ്ങൾക്ക് മൂന്നുപേർക്കും ഇഷ്ടപ്പെടാത്ത ഒരു ബന്ധത്തിനും ഞാൻ നിൽക്കില്ല,

പിന്നെ എൻറെ കാര്യം അവിടെ നിൽക്കട്ടെ, സമ്മതമാണെങ്കിൽ മാധവിന്റെയും കൃഷ്ണപ്രിയയുടെ നിശ്ചയം ഉടനെ തന്നെ നടത്താം..... മാനസിക്ക് നെഞ്ചിലൊരു വെള്ളിടി പോലെയായിരുന്നു തോന്നിയത്.... മഹി ഒന്നും മിണ്ടാതെ പിന്നെ എഴുന്നേറ്റ് പോയപ്പോൾ ഒരു നിമിഷം മാധവിന് വേദന തോന്നിയിരുന്നു.... അവളുടെ മുഖത്തേക്ക് നോക്കി മാധവ് പറഞ്ഞു, " ആങ്ങളമാരുടെ ജീവിതം നശിപ്പിക്കുന്ന പെങ്ങമ്മാരെ കുറിച്ച് കേട്ടിട്ടുണ്ട് പഴയ ചില പരദൂഷണ കഥകളിൽ, അങ്ങനെ ഒരുത്തിയായി നീ മാറിയല്ലോ മാനസി..... എങ്ങനെയെങ്കിലും ഏട്ടനെ കൊണ്ട് സമ്മതിപ്പിച്ച് വിവാഹം കഴിപ്പിക്കാം എന്ന് വെക്കുമ്പോൾ നൂറുകൂട്ടം പ്രശ്നങ്ങൾ ആണ്.... മാധവ് തല കുടഞ്ഞു... " അതൊക്കെ അവിടെ നിൽക്കട്ടെ ഇപ്പോൾ കൃഷ്ണപ്രിയയുടെ കാര്യം എന്താ പറഞ്ഞത്....? മാനസിക്ക് അതായിരുന്നു അറിയേണ്ടത്... " കേട്ടില്ലെങ്കിൽ ചെവി തുറന്നു കേട്ടോ, നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൃഷ്ണപ്രിയയെ ഞാൻ കെട്ടാൻ പോവാ.... ചേട്ടനെ പേടിപ്പിച്ച പോലെ എന്നെ പേടിപ്പിക്കാൻ നോക്കണ്ട, എന്തുസംഭവിച്ചാലും ഞാൻ അവളെ മാത്രമേ കെട്ടു....

ഏട്ടനും അമ്മയ്ക്കും സമ്മതമാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഞാൻ അവളെ എന്റെ സ്വന്തമാക്കും... മാധവ് പറഞ്ഞു... " ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.... മാനസിക്ക് ദേഷ്യം അടക്കാൻ പറ്റിയില്ല... " അതിന് വേണ്ടി നിന്നെ കൊല്ലാൻ എനിക്ക് പറ്റുമോ...?പിന്നെ നീ ആയിട്ട് വല്ലോം ചെയ്യാൻ ആണെങ്കിൽ ഞാൻ തടയാൻ വരില്ല വാശിയോടെ തന്നെയായിരുന്നു അവൻ പറഞ്ഞത്.... " എന്തിനാ ഇങ്ങനെ കുടുംബത്തിനും, കൂടപിറപ്പുകൾക്കും ഒരു ഗുണവുമില്ലാത്ത ജീവിച്ചിരിക്കുന്നത്....? "മാധവേ.... ശാസന പോലെയാണ് സീത വിളിച്ചതും, ' അമ്മ അലറേണ്ട... കുട്ടിക്കാലം മുതലേ അടിച്ചു വളർത്തണം ആയിരുന്നു... അങ്ങനെ ആണെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ...? കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കുന്നത് കണ്ടില്ലേ, അവളുമാത്രം ഒരു അന്തസുകാരി... അമ്മയുടെ ഒരു മോൻ അകത്തേക്ക് കയറി പോയത്, അമ്മയുടെ ആഗ്രഹം എന്താ ഏട്ടന് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കണം എന്നാണോ...?എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടിയല്ല ഏട്ടന് ഒരു ജീവിതം ഉണ്ടാകണം അതിനാ ഞാൻ ഇങ്ങനെ കഷ്ട്ടപെടുന്നത്....

അല്ലാതെ കൃഷ്ണപ്രിയയെ എനിക്ക് സ്വന്തം ആക്കാൻ അല്ല ... സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കാൻ എനിക്ക് അറിയാം... പക്ഷെ എന്റെ ഏട്ടന് ഒരു ജീവിതം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു.... ഇവളെ നിലക്ക് നിർത്താൻ നോക്ക്, ഏട്ടനോട് കാണിക്കുന്ന വിരട്ട് ഒന്നും എൻറെ കാര്യത്തിൽ നടക്കില്ല.... നിനക്കെന്തെങ്കിലും പറ്റിയാലും ഞാൻ കെട്ടും..... അതും പറഞ്ഞു മാധവ് എഴുന്നേറ്റപ്പോൾ നിസ്സഹായയായി സീത അവിടെ നിന്നിരുന്നു....ദേഷ്യം കടിച്ചമർത്തി മാനസി.... എല്ലാം കേട്ടുകൊണ്ട് ആയിരുന്നു ധ്വനി അവിടേക്ക് നടന്നു വന്നിരുന്നത്.... ധ്വനി രംഗം കണ്ടു എന്നറിഞ്ഞപ്പോൾ സീതയ്ക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു..... പക്ഷെ മാനസിക്ക് ധ്വനിയെ കണ്ടപ്പോൾ ഒരു ആശ്വാസം പോലെയാണ് തോന്നിയിരുന്നത്.... ഒന്നുമറിയാത്ത ഭാവത്തിൽ ആണ് ധ്വനി അവിടേക്ക് കടന്നു വന്നത്.... " മോൾ എന്താ ഈ രാത്രിയില്.... സീത ചോദിച്ചു....

" ഏട്ടൻ ഒരു ടൂറിൽ ആണ്.... വീട്ടിലെ ആരും ഇല്ലല്ലോ, രാത്രി വരുന്ന ആൻറി വന്നിട്ടില്ല, അതുകൊണ്ട് ഞാൻ എങ്ങനെ ഒറ്റയ്ക്ക് വീട്ടിൽ, ഏട്ടന് അപ്പൊൾ എന്നോട് പറഞ്ഞു ഇവിടേക്ക് വരാൻ.... ഗേറ്റ് വരെ കൊണ്ടാക്കിയിട്ട് ആണ് പോയത്.... വരണ്ട എന്ന് ഞാൻ പറഞ്ഞു... " അത്രയേ ഉള്ളോ..... ഹരിക്കുട്ടൻ ഒന്നു വിളിച്ചു പറഞ്ഞാൽ മതിയായിരുന്നല്ലോ, ഞാൻ മാധവിനെ വിട്ടേനെ... മോൾ വല്ല ഭക്ഷണം കഴിച്ചോ....? " ഞാൻ കഴിച്ചിട്ട് ആണ് ആന്റി വന്നത്... " എങ്കിൽ വാ.... സീത അവളുടെ കൈയ്യിൽ പിടിച്ചു.... ധ്വനി മാനസിയുടെ മുഖത്തേക്ക് നോക്കി അത്ര പ്രകാശിതം അല്ലാത്ത രീതിയിൽ അവൾ ഒരു ചിരി നൽകിയിരുന്നു.... " എന്താടി ഒരു ബഹളം കേട്ടത്.... ധ്വനി പതുക്കെ മനസിയോട് ചോദിച്ചു... " ഒക്കെ വിശദമായിട്ട് പറയാം... മാനസി പറഞ്ഞു... " ശരി അപ്പോഴേക്കും മാധവും മഹിയും എത്തിയിരുന്നു.... " ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നു കൊണ്ടു വന്നേനെ, മഹി ആണ് പറഞ്ഞത്... " വൈകിട്ട് ഏട്ടന് ഒരു കേസന്വേഷണത്തിന് ഭാഗമായി വയനാട് പോണം, എന്ന് പറഞ്ഞത്... പിന്നെ മാധവിനെ വിളിച്ചപ്പോൾ കോൾ എടുത്തിരുന്നില്ല....

" ഞാൻ കണ്ടില്ലഡോ.... ഇപ്പോഴാ കണ്ടത്, ഞാനിപ്പോ തിരിച്ചു വിളിച്ചപ്പോൾ അവൻ ഓൺ ദി വേ ആണെന്ന് പറഞ്ഞു.... കാര്യങ്ങൾ പറഞ്ഞിരുന്നു, " മോൾ ഇത് കുടിക്ക്... കയ്യിൽ ഒരു ഗ്ലാസ് പാലും ആയാണ് സീത വന്നിരുന്നത്, " അയ്യോ വേണ്ട ആൻറി എൻറെ വയർ ഫുള്ള് ആണ്... " എങ്കിലും ഒരു ഗ്ലാസ് പാലും കൂടെ കുടിക്കാം, കുറച്ചുസമയം എല്ലാവരും ഒരുമിച്ചിരുന്നു, പിന്നീട് മഹേശ്വർ കണക്ക് നോക്കാനും മറ്റുമായി പോയപ്പോൾ ധ്വനിയും മാനസിയും സീതയും ഒരുമിച്ചിരുന്ന് ടിവിയുടെ മുൻപിലായിരുന്നു... മാധവ് ആണെങ്കിൽ അസ്വസ്ഥമായ മനസ്സ് മഹേശ്വരനെ അരികിലേക്ക് ചെന്നു....... " ഏട്ടാ " എന്താടാ... ലാപ്പിൽ നിന്ന് മുഖമുയർത്തി അയാൾ ചോദിച്ചു... " മാനസി അങ്ങനെ പറഞ്ഞതിന്റെ പേരിൽ ആ പെൺകുട്ടിക്ക് ഒരു മോഹം കൊടുത്തിട്ട് ഇത് വേണ്ടെന്നുവയ്ക്കാൻ ഏട്ടന് തീരുമാനിച്ചോ............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story