സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 3

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

പിന്നീട് എസ് ഐ കുറേസമയം അയാളെ അടിക്കുന്നത് കണ്ട് ഭയന്നു പോയിരുന്നു കൃഷ്ണപ്രിയ...... ഇതൊക്കെ സിനിമയിൽ മാത്രമേ താൻ കണ്ടിട്ടുള്ളു, നേരിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം..... അതിൻറെ ഒരു ഭയം അവളിൽ ഉണ്ടായിരുന്നു... " ഇവനെ ഞങ്ങൾ കൈകാര്യം ചെയ്തോളാം, കുറച്ച് സമയമെടുക്കും , പരാതി ആക്കി കിട്ടാൻ വേണ്ടി..... അവളുടെ കണ്ണുകൾ എത്ര ശ്രമിച്ചിട്ടും നിറഞ്ഞു തുളുമ്പിയിരുന്നു..... കാര്യം മനസ്സിലാവാതെ പോലീസുകാരും എസ്‌ഐ പരസ്പരം മുഖത്തോട് മുഖം നോക്കി..... " കുട്ടി എന്തിനാണ് കരയുന്നത്.....? എസ് ഐ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....... " സർ ഇവിടുത്തെ സെൻറ് മേരീസ് കോളേജിൽ എനിക്ക് അഡ്മിഷൻ ശരിയായിട്ടുണ്ട്..... ഇന്ന് ആദ്യത്തെ ദിവസം ആണ്.... ഇപ്പോൾ തന്നെ ഒരുപാട് വൈകി..... അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു..... അവൾ ഒരു തൊട്ടാവാടി ആണ് എന്ന് അതിൽ നിന്ന് തന്നെ അവിടെ കൂടി നിന്ന എല്ലാവർക്കും മനസ്സിലായിരുന്നു..... " എനിക്ക് പരാതി ഒന്നുമില്ല സർ..... ഞാൻ പൊയ്ക്കോട്ടേ......

ഇനി നിന്നാൽ ഒരുപാട് സമയമെടുക്കും, എൻറെ ബസ് പോകും, ഈ സമയത്ത് കിട്ടിയില്ലെങ്കിൽ പിന്നെ 11മണിക്ക് ആണ് ബസ്, ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞപ്പോൾ എല്ലാവർക്കും സഹതാപം തോന്നിയിരുന്നു.... " കൂട്ടി പൊയ്ക്കോളൂ,ഇവൻറെ കാര്യം ഞങ്ങൾ നോക്കിക്കോളാം..... എസ്‌ ഐ അനുവാദം നൽകിയപ്പോൾ ആരെയും നോക്കാതെ അവൾ പോലീസ് സ്റ്റേഷനു മുൻപിൽ നിന്നും പെട്ടെന്ന് തന്നെ ഇറങ്ങിയിരുന്നു...... ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പരമാവധി വേഗത്തിൽ നടക്കുവാൻ അവൾ ശ്രമിച്ചിരുന്നു...... ബസ് വരുന്നതും പോകുന്നതും അവൾ കണ്ടു.... നെഞ്ച് വിലങ്ങി പോയി അവൾക്ക്.... ഓടി ചെന്നിട്ടും ആരും അവളെ കണ്ടില്ല, ബസ് അകന്നപ്പോൾ പരിസരം പോലും മറന്ന് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നിയിരുന്നു അവൾക്ക്.... ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കോളേജിൽ പോകുക എന്നുള്ളത്, ആദ്യ ദിവസം തന്നെ ഇങ്ങനെ ആയതുകൊണ്ട് അവൾക്ക് വല്ലാത്ത വേദന തോന്നി..... അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു തുടങ്ങിയിരുന്നു.....

കണ്ണുനീർ കാഴ്ച മറച്ചതിനൊടൊപ്പം അവൾ തളർന്നു പോയി.... ബസ് വന്നു പോയൊണ്ട് ആ പരിസരത്ത് ആരെയും അവൾ കണ്ടില്ല..... ബസ്സ്റ്റോപ്പിലേക്ക് കയറിയിരുന്നു, അവൾ കരഞ്ഞു പോയിരുന്നു..... ഇടയ്ക്കിടെ തേങ്ങലുകളും ഉയരുന്നുണ്ടായിരുന്നു..... പെട്ടെന്നായിരുന്നു മുന്നിലേക്ക് കൊണ്ടുവന്ന നിർത്തിയ ഒരു ബുള്ളറ്റ് അവൾ കണ്ടത്..... " ബസ്സ് പോയോ....? ആ ഒരു ശബ്ദം കേട്ടാണ് അവൾ തലയുയർത്തി നോക്കിയത്...... അപ്പോഴാണ് ആ മുന്നിൽ നിൽക്കുന്ന ആളെ കണ്ടത്.... ഒരു നിമിഷം മനസ്സിലായിരുന്നില്ല എങ്കിലും പിന്നീട് അവൾ ഓർത്തെടുത്തു, പോലീസ് സ്റ്റേഷനിൽ കണ്ടതാണ്... ആ ഓർമ്മയിൽ ആയിരുന്നതിനാൽ അവൾ തലയാട്ടി...... അവളുടെ മുഖത്ത് നിരാശ നിഴലിച്ചിരിക്കുന്നത് അവൻ കണ്ടിരുന്നു..... " ഇപ്പോൾ അടുത്ത സ്റ്റോപ്പിൽ എത്തിയിട്ട് ഉണ്ടാവുകയേ ഉള്ളൂ..... പെട്ടെന്ന് ചെല്ലുകയാണെങ്കിൽ ഓവർടേക്ക് ചെയ്ത് കേറാൻ പറ്റും.....

തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ഒരു ലിഫ്റ്റ് തരാം.... ബുള്ളറ്റ് ഒന്ന് ഇരപ്പിച്ചു കൊണ്ട് ലിഫ്റ്റ് തരാം, വരുന്നോ എന്ന് ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു..... പരിചയമില്ലാത്ത ഒരു പുരുഷനൊപ്പം ബൈക്കിൽ കയറാൻ, അതിനെപ്പറ്റി ആലോചിച്ചപ്പോൾ അവൾക്ക് വല്ലായ്മ തോന്നിയിരുന്നു..... അവൾ വേണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു..... " ഇനി 11 മണി കഴിഞ്ഞ് ബസ് ഉള്ളു..... അതുവരെ ഇവിടെ ഇരിക്കുമ്പോൾ ഒരുപാട് സമയമെടുക്കും, ആദ്യ ദിവസം ആയോണ്ട് ഒരുപാട് നേരം ക്ലാസ്സ്‌ കാണില്ല.... മറ്റൊന്നും വിചാരിക്കണ്ട കോളേജിൽ പോകാൻ ആണ് ആദ്യ ദിവസം ആണ് എന്ന് പറഞ്ഞോണ്ട് ആണ് ഞാൻ ബസിന്റെ അരികിൽ കൊണ്ട് വിടാം എന്ന് പറഞ്ഞത്...... വരുന്നെങ്കിൽ വാ ഞാൻ ബസിന്റെ അരികിൽ എത്തിക്കാം.... വണ്ടി സ്റ്റാർട്ട്‌ ആക്കി ഒരിക്കൽ കൂടി അവൻ പറഞ്ഞു, അവളുടെ മുഖത്ത് പോകണോ വരണോ എന്ന ആശങ്ക നിഴലിക്കുന്നത് അവൻ കണ്ടു.... " ആരെങ്കിലും കണ്ടാലോ....? വീട്ടിൽ അറിഞ്ഞ് പ്രശ്നമാകും.... നിഷ്കളങ്കമായി അവൾ പറഞ്ഞു....

" വീട്ടിൽ അറിഞ്ഞാലേ കുഴപ്പം ഉള്ളൂ..... ഇല്ലെങ്കിൽ കുഴപ്പമില്ല..... തമാശയോടെ അവൻ ചോദിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു....... " ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണെന്നല്ലേ പറഞ്ഞത്.... സാധാരണ ഫസ്റ്റ് ഡേ ഒരുപാട് ക്ലാസ് ഉണ്ടാവാറില്ല.... 11 മണിയോടെ ബസ്സിൽ കയറി അവിടെ ചെല്ലുമ്പോഴേക്കും ക്ലാസ്സ് കഴിഞ്ഞു കുട്ടികളൊക്കെ പോയിട്ടുണ്ടാവും.. പിന്നെ റാഗ് ചെയ്യാൻ വരുന്ന സീനിയേഴ്സ് എന്തെങ്കിലും ഒരു കാരണം നോക്കി നിൽക്കാ, അവരുടെ മുന്നിലേക്ക് ചാടി കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ താൻ വരണ്ട...... ഇവിടെ നിന്നോളൂ..... അത്രയും പറഞ്ഞ് പോകാൻ തുടങ്ങുന്ന അവനെ തടയണമെന്ന് അവൾക്കുണ്ടായിരുന്നു, പക്ഷേ കൈകളും കാലുകളും അനങ്ങുന്നില്ല...... പക്ഷേ അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ എന്താണ് എന്ന് അവന് മനസ്സിലായിരുന്നു.... " ഇപ്പോൾ വന്നാൽ കൊള്ളാം എന്ന് തോന്നുന്നുണ്ടോ.. .?

ആരും കാണില്ല താൻ പേടിക്കണ്ട.... അവിടെനിന്ന് താൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഒരു സങ്കടം തോന്നി അതുകൊണ്ടാ.... അല്ലാതെ പെൺകുട്ടികളെ ബൈക്കിൽ കയറ്റാനുള്ള അടവ് ഒന്നും അല്ലാട്ടോ..... തൻറെ ഭാഗം വിശദമാക്കി അവൻ പറഞ്ഞപ്പോൾ ഇനി ആലോചിച്ചു നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് അവൾക്ക് തോന്നിയിരുന്നു..... ഈ സമയത്ത് കോളേജിൽ കൃത്യസമയത്ത് എത്തുക എന്നുള്ളതാണ് മുഖ്യം.. ബാക്കിയൊക്കെ മറക്കാൻ തന്നെ അവൾ തീരുമാനിച്ചിരുന്നു.... പതിയെ അവിടെ നിന്നും എഴുന്നേറ്റ് വന്നപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... ഇട്ടിരുന്ന ഷാൾ തലയിലേക്ക് ഇട്ടു മൂടാൻ തുടങ്ങിയപ്പോൾ അത്ഭുത പൂർവ്വം അവൻ അവളെ ഒന്നു നോക്കി ...... തനി നാട്ടിൻപുറത്തുകാരി ആണ് അവൾ എന്ന് അവന് തോന്നി.... " താൻ എന്താടോ ഈ കാണിക്കുന്നേ..... അത്ഭുതത്തോടെ അവൻ ചോദിച്ചു...

" അല്ല ആരെങ്കിലും കാണുകയാണെങ്കിൽ.... നിഷ്കളങ്കമായി അവൾ പറഞ്ഞു.... " ആരെങ്കിലും കാണുകയാണെങ്കിൽ തൽക്കാലം ഒന്നും വിചാരിക്കില്ല..... താനിപ്പോ ആളുകൾക്ക് ഇല്ലാത്ത സംശയങ്ങൾ ഒക്കെ ഈ ഷോൾ ഇട്ടു മറിച്ച് ഉണ്ടാകുമല്ലോ..... ഇത് കാണുമ്പോൾ ആണ് ആളുകൾക്ക് എന്തെങ്കിലും സംശയം തോന്നുന്നത് .... ഇനി അഥവാ ആരെങ്കിലും കാണുകയാണെങ്കിൽ കാണട്ടെഡോ.... ഒരു ലിഫ്റ്റ് തന്നു എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ ആർക്കാ പറ്റാത്തത്...... അതോ ലിഫ്റ്റ് തരുന്നത് ഈ നാട്ടിൽ ഒരു കുറ്റം ആണോ....? ഷാൾ ഒക്കെ ഇട്ടു മറച്ചു ഇരിക്കുമ്പോൾ ആണ് ഒരു സംശയം തോന്നുന്നത്...... ഇക്കാലത്ത് ഇങ്ങനത്തെ പെൺപിള്ളേർ ഉണ്ടല്ലോ... കേറിക്കോ... അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ പിന്നിലായി കയറി .... നന്നായി തന്നോട് അകലം ഇട്ടു ഇരിക്കുന്നവളെ കണ്ടപ്പോൾ അവന് ചിരി വന്നു.... പരമാവധി അവന്റെ ശരീരത്തിൽ തൊടാതെ ആണ് അവൾ ഇരുന്നത് എന്ന് കണ്ടപ്പോൾ അവന് ചിരി പൊട്ടി വന്നിരുന്നു... " എന്താ പേര് പറഞ്ഞത്.....? വണ്ടി ഓടിക്കുന്നതിടയിൽ അവൻ ചോദിച്ചു....

" അതിന് പേര് പറഞ്ഞില്ലല്ലോ..... പിന്നിൽ നിന്ന് ഉടനെ എത്തി അവളുടെ മറുപടി... " അപ്പോൾ കാണുന്ന പോലെ അല്ലല്ലോ ആൾ അത്ര പാവമൊന്നുമല്ല അല്ലേ..... വണ്ടി ഓടിക്കുന്നതിനിടയിൽ അവനങ്ങനെ സംസാരിച്ചപ്പോൾ അവൾക്കും ചിരി വരുന്നുണ്ടായിരുന്നു...... " കൃഷ്ണപ്രിയ..... അല്പം ഉറക്കെ തന്നെയാണ് അവൾ പറഞ്ഞത്.... " എൻറെ കൃഷ്ണപ്രിയെ.... ഈ ലോകം മാറിയതൊന്നും കൃഷ്ണപ്രിയ അറിഞ്ഞില്ലെന്നു തോന്നുന്നു..... "ഇയാളുടെ കൃഷ്ണപ്രിയയോ....? അവൾ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവനു വീണ്ടും ചിരിയാണ് വന്നത്...... "അയ്യോ സോറി..... മറ്റാരുടെയോ കൃഷ്ണപ്രിയേ ഈ ലോകം മാറിയതൊന്നും കൃഷ്ണപ്രിയ അറിഞ്ഞില്ലേ ...... . കാലഘട്ടം ഒക്കെ മാറിഡോ...... 1998 ഇൽ ആണോ താൻ..... അവിടെ നിന്ന് ഇതുവരെ ബസ് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു..... ഇത് 2021 ആണ്.... ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് യാത്ര ചെയ്താൽ അത് വേറെ എന്തേലും ആണ് എന്ന് മാത്രമാണോ ഈ നാട്ടിലുള്ളവർ വിചാരിക്കുക..... അതിനപ്പുറം അതിന് എന്തെല്ലാം അർത്ഥങ്ങൾ ഉണ്ട്.....

ഒരു ആൺകുട്ടിയുടെ ബൈക്കിൽ കയറി എന്ന് വെച്ചിട്ട് എന്ത് സംഭവിക്കാനാണ് കൃഷ്ണപ്രിയേ... അവന്റെ നീട്ടിയുള്ള ആ സംസാരം കേട്ടപ്പോൾ അവൾക്ക് ചിരി വന്നു എങ്കിലും അവൾക്ക് ചിരിക്കാൻ തോന്നിയിരുന്നില്ല...... കാരണം മനസ്സുനിറയെ ബസ് കിട്ടുമോ എന്നുള്ള ടെൻഷനായിരുന്നു..... പെട്ടന്ന് തന്നെ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയിട്ടിരിക്കുന്നത് കണ്ടു.... അവൻ വണ്ടി നിർത്തിയപ്പോൾ സന്തോഷത്തോടെ അവൾ ഇറങ്ങി അവനെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു..... "ഒരുപാട് താങ്ക്സ്.... അവളുടെ ചിരിക്ക് നല്ല ഭംഗി ആണ് എന്ന് അവന് തോന്നി.... "ആയിക്കോട്ടെ..... വരവ് വച്ചിരിക്കുന്നു..... ഓടി ചെന്ന് കേറൂ ഇല്ലെങ്കിൽ ബസ് വീണ്ടും പോകും, കോളേജിൽ കൊണ്ട് വിടണം എങ്കിൽ ഇനി പെട്രോൾ അടിച്ചു തരണം കേട്ടോ .... ചിരിയോടെ അവൻ പറഞ്ഞു..... വീണ്ടും അവന് ഒരു പുഞ്ചിരി നൽകി അവൾ ബസിന്റെ അരികിലേക്ക് നടന്നു,ഓടിച്ചെന്ന് ബസ്സിലേക്ക് കയറുന്ന പെണ്ണിനെ കൈകൾ രണ്ടും പിണച്ച് കെട്ടി അവൻ കുറച്ചു നേരം നോക്കി പോയിരുന്നു....

ബസിൽ കയറി ഇരുന്നു അവനെ ഒരിക്കൽ കൂടി നന്ദി സൂചകമായി അവനെ നോക്കി ഒന്ന് ചിരിച്ചു..... അവൻ ആ പുഞ്ചിരിക്ക് പകരം ഇരുകണ്ണുകളും ചിമ്മി കാണിച്ചു... കൃഷ്ണപ്രിയയുടെ മുഖം വിടർന്നു.... അവൾ അരികിലേക്ക് കയറിയപ്പോൾ തന്നെ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സമിശ്രമാ യ ഒരു സുഗന്ധം..... പരിശുദ്ധമായ ഒരു ഗന്ധം.... ആ ഗന്ധം മുൻപ് ആസ്വദിച്ചത് തന്റെ അമ്മമ്മയിൽനിന്നാണ് എന്ന് അവനോർത്തു..... ഒരു ചിരിയോടെ അവളെ നോക്കി തലയാട്ടി കാണിക്കുകയായിരുന്നു അവൻ ചെയ്തത്..... 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 അവൻ പറഞ്ഞതുപോലെ തന്നെ അന്ന് കുറച്ചു സമയം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ..... ക്ലാസുകൾ ഒക്കെ കഴിഞ്ഞ് വീണ്ടും തിരികെ ബസ്സ്റ്റോപ്പിലേക്ക് ചെന്നപ്പോൾ അവൾ നന്ദിയോടെ അവനെ ഓർത്തിരുന്നു.... സമയത്ത് അവൻ അതു കൊണ്ടാണ് തനിക്ക് കോളേജിൽ എത്താൻ പറ്റിയത്.... ഒന്ന് കാണുകയായിരുന്നു എങ്കിൽ ഒരു നന്ദി പറയാം എന്ന് അവളുടെ മനസ്സിൽ ഉണ്ടായിരുന്നു...... വളരെ പെട്ടെന്ന് തന്നെ കോളേജിലെ അന്തരീക്ഷം അവൾക്ക് ഇഷ്ടമായിരുന്നു......

റാഗ് ചെയ്യാൻ ഒന്നും ആരുമുണ്ടായിരുന്നില്ല..... എല്ലാരേയും പരിചയപ്പെട്ടു.... അതിൽനിന്നും അവൾക്ക് ഒരു കാര്യം മനസ്സിലായി കോളേജിൽ പഠിക്കാൻ തൻറെ ഒപ്പമുള്ളവരെ വെച്ച് നോക്കുമ്പോൾ അവർക്കൊപ്പം ഇരിക്കാൻ തനിക്ക് യാതൊരു അർഹതയുമില്ല...... എല്ലാവരും നല്ല സാമ്പത്തികം ഉള്ളിടത്തും നിന്നും വന്നവരാണ്..... പലരും ഡൊണേഷന്റെ പുറത്താണ് അവിടെ അഡ്മിഷൻ എടുത്തിരിക്കുന്നത്....... അവരിൽ നിന്നും ഒക്കെ വ്യത്യസ്തമായാണ് താൻ അവിടെ എത്തിയിരിക്കുന്നത്, കുട്ടിക്കാലം മുതലേ വലിയ സുഹൃത്ത് വലയങ്ങളൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ കോളേജിലും അങ്ങനെ പ്രത്യേകിച്ച് ആരുമായും ഒരു ചങ്ങാത്തം കൂടുതൽ അവൾ ഉണ്ടാക്കിയെടുത്തിരുന്നില്ല.... 💛💛💛💛💛💛💛💛💛💛💛💛💛💛 ക്ലാസ്സ്‌ കഴിഞ്ഞു തിരികെ ബസിൽ വന്നു കവലയിൽ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴേക്കും മഴ പൊടിച്ചു തുടങ്ങിയിരുന്നു..... ബാഗിൽ നിന്നും കൂട എടുത്ത് നിവർത്തി എങ്കിലും ശക്തമായ കാറ്റിൽ കുട മടങ്ങി പോകുന്നുണ്ടായിരുന്നു...... പിന്നീട് അവൾ നേരെ ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നിരുന്നു.......

മഴ ഒന്ന് ശമിച്ചതിനുശേഷം പോകാം എന്ന് കണക്കുകൂട്ടലുകളിൽ ആയിരുന്നു അവൾ..... അപ്പോൾ ആയിരുന്നു ബസ് സ്റ്റോപ്പിലേക്ക് ഒരു ബൈക്ക് കൊണ്ടുവന്ന് നിർത്തിയത്..... ബൈക്കിൽ നിന്നും ഒരാൾ പെട്ടെന്ന് മഴ കണ്ട് ചാടി ഇറങ്ങി ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നു..... മഴ നനഞ്ഞു കോണ്ടിരിക്കുന്ന ബൈക്ക് കണ്ട് സംശയം തോന്നിയാണ് ബസ്സ്റ്റോപ്പിലേക്ക് കയറിയ ആളെ കൃഷ്ണപ്രിയ നോക്കിയത്..... രാവിലെ കണ്ട ചെറുപ്പക്കാരനായിരുന്നു അതെന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലായി..... പ്രതീക്ഷിച്ച് എന്തോ കണ്ടത് പോലെ അവളുടെ മുഖം ഒന്ന് വിടർന്നിരുന്നു...... ആൾ ആണെങ്കിൽ തന്നെ കണ്ടിട്ടില്ല... തലയിൽ വെള്ളം കുടഞ്ഞ് കളയുന്നത് തിരക്കിലാണ്..... ഇടയ്ക്കിടെ ഷർട്ടിൽ കുടയുന്നുണ്ട്..... പെട്ടെന്ന് മുഖമുയർത്തി അയാൾ തന്നെ നോക്കിയതും, തന്നെ ആണ് കണ്ടത്.... കണ്ടതും ഒരു പരിചയം നിറഞ്ഞ ഒരു ചിരി അയാളുടെ മുഖത്ത് വിടർന്നിരുന്നു......

പെട്ടന്ന് പരിചിതരെ പോലെ തന്നെ ചോദിച്ചു, "ഹാ, കൃഷ്ണപ്രിയ, ക്ലാസ്സ് കഴിഞ്ഞു വന്നതാണോ.....? അതോ വീണ്ടും ബസ് നഷ്ടപ്പെട്ടതാണോ.... പരിചിതനെ പോലെയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ഒരു രസികനാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു..... "അല്ല ഞാൻ ക്ലാസ്സ് കഴിഞ്ഞു വന്നതാ.. . മഴയുടെ ചീളുകൾ ശരീരത്തിൽ തെറിക്കുമ്പോൾ അത് ഷോൾ കൊണ്ട് തുടച്ചു അവൾ പറഞ്ഞു ... " എങ്ങനെയിരുന്നു കോളേജിലെ ആദ്യ ദിവസം....? അടുത്ത ഒരു സുഹൃത്തിനെ പോലെ അയാൾ തിരക്കിയപ്പോൾ അവൾ ഒരു പുഞ്ചിരിയിൽ നൽകി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... "നന്നായിരുന്നു..... ഒറ്റവാക്കിൽ അതിന് മറുപടി ഒതുക്കി അവൾ... " ഇവിടെ അടുത്താണോ വീട്.....? എന്തെങ്കിലും അയാളോട് ചോദിക്കണം എന്ന് കരുതി അവൾ അങ്ങനെയാണ് ചോദിച്ചത്..... " ഈ വളവു കഴിഞ്ഞാൽ എൻറെ വീട് ആണ്..... ഇവിടെ ഇയാളെ ഇതിനു മുൻപ് താൻ കണ്ടിട്ടില്ലല്ലോ എന്ന് അവൾ ചിന്തിക്കുകയായിരുന്നു.....

ഈ വളവു കഴിഞ്ഞാൽ ഉള്ള ഒരു വീട് പാലാഴി ആണ്, പിന്നെ തൻറെ കൂട്ടുകാരിയുടെ വീടാണ്, ഇവരിൽ ഏതു വീട്ടിലാണ് ഇയാൾ എന്ന് അവൾ ചിന്തിക്കുകയായിരുന്നു.... അവസാനം സംശയ ദൂരീകരണത്തിനുവേണ്ടി അവൻറെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു... " ഈ വളവ് കഴിഞ്ഞാൽ ഏതു വീട്ടിലെ ആണ്.... "ഈ വളവ് കഴിഞ്ഞ എല്ലാ വീടും തനിക്ക് അറിയോ.....? മുടി കോതി കൊണ്ട് അവൻ പറഞ്ഞു... " അങ്ങനെയല്ല..... ഞാൻ ഈ നാട്ടിലെ ആൾ തന്നെയാണ്... എനിക്കറിയാം ..... ഞാൻ ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ല..... ശ്രെദ്ധയോടെ മറുപടി പറയുന്നവളെ അവൻ ഒന്ന് നോക്കി പറഞ്ഞു... " എങ്കിലെ ഇവിടെ പാലാഴി എന്ന് പറഞ്ഞ് ഒരു വീടുണ്ട്. അവിടുത്തെ മഹേശ്വറിന്റെ അനുജൻ ആണ് ഞാൻ....മാധവ്, "മാധവ് മഹാദേവൻ...." അവൻ അത് പറഞ്ഞതും അവളുടെ മുഖം പൂർണചന്ദ്രനെപ്പോലെ ശോഭിച്ചിരുന്നു.. .... ആകാശത്തെ കീറി മുറിച്ചു കൊണ്ട് വന്ന ഒരു മിന്നൽ പിണർ അവൾ അറിഞ്ഞില്ല, അതിലും വലിയ മിന്നൽ ആയിരുന്നു അവളുടെ ഹൃദയത്തിൽ കൂടി ആ നിമിഷം പാഞ്ഞത്.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story