സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 4

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

വല്ലാത്ത സന്തോഷം തോന്നിയിരുന്നു അവൾക്ക് പ്രിയപ്പെട്ടത് ഒരു കൈയകലത്തിൽ ഉണ്ടല്ലോ എന്ന സന്തോഷം...... പ്രതീക്ഷ വിദൂരത്തിൽ പോലും ഇല്ല എങ്കിലും ഉള്ളിലെ നിരാശയുടെ ഇടയിലും അവളിൽ ഒരു പുഞ്ചിരി തിളങ്ങി..... പക്ഷേ സ്വന്തമായി അവൾ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ഇങ്ങനെയൊന്നും താൻ ചിന്തിക്കാൻ പാടില്ല എന്ന്.... ആകാശത്തെ അമ്പിളിയെ നോക്കി വാശിപിടിക്കുന്ന ഒരു കുട്ടിയുടെ കൗതുകം മാത്രമേ ആ ഇഷ്ടത്തിന് ഉണ്ടാവുകയുള്ളൂന്ന്..... ഒരുപക്ഷേ അയാൾ അറിഞ്ഞാൽ തന്നോട് കാണിക്കുന്ന സൗഹൃദം പോലും പിന്നീട് ഉണ്ടാകില്ല എന്ന്.... പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കൈവിട്ടു പോകുന്ന നിമിഷം തന്നെ സ്വന്തം മനസ്സിന് ശകാരിച്ചും പരിതപിച്ചും ഒക്കെ ആയിരുന്നു അവൾ ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നത്.... എന്തെങ്കിലും ഒന്നിനോടു അഗാധമായ ഒരു ഇഷ്ട്ടം ഇല്ലാത്തവർ ആയി ആരാണ് ഉള്ളത്..... അതാണല്ലോ ഈ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ.... ഒരിക്കലെങ്കിലും അവനെ കണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചവൾ പിന്നീടവനെ കാണരുത് എന്ന് പ്രാർത്ഥിച്ചു......

മറ്റൊന്നും കൊണ്ടല്ല ഹൃദയത്തിന്റെ ഏതോ അറയിൽ ഭദ്രമായി പൂട്ടി വച്ച ഇഷ്ട്ടം അവൻ കള്ളത്തക്കോലാൽ ഒരു തുറക്കുമോന്ന ഭയം...... 🌻🌻🌻🌻🌻💛💛💛💛💛🌻🌻🌻🌻🌻🌻 അങ്ങനെ ഒരു ഞായറാഴ്ച ദിവസം സാവിത്രിയുടെ നിർബന്ധത്തിലാണ് പാലാഴിയിലേക്ക് പോകുവാനായി അവൾ തീരുമാനിച്ചിരുന്നത്....... പാലാഴിയിൽ ചെന്ന് സീത അമ്മയോട് നന്ദി പറയണമെന്ന് അമ്മ പറഞ്ഞതായിരുന്നു..... ഇതുവരെ അതിന് അവസരം ലഭിച്ചിരുന്നില്ല, പക്ഷേ അവിടേക്ക് ചെന്നാൽ ആളെ കാണുമെന്ന് ഉള്ള കാര്യം ഉറപ്പാണ്...... വീണ്ടും ആളെ കാണുകയാണെങ്കിൽ തൻറെ മനസ്സ് കൈ വിട്ടു പോകുമെന്ന് അവൾക്ക് തോന്നിയിരുന്നു..... ഒരുപക്ഷേ വീണ്ടും തൻറെ മനസ്സിൽ കുഴിച്ചുമൂടിയ ഇഷ്ടം പുറത്തേക്ക് വന്നാൽ...... അത് തനിക്ക് വലിയ വേദനയ്ക്കു കാരണമാകും, സാരമില്ല ഒരിക്കൽ കൂടി മുഖാമുഖം കാണുന്നത് നല്ലതാണ്.... ഒരു നാട്ടിൽ ജീവിക്കുന്നവരാണ് തങ്ങൾ, ഇനിയുമേറെ കൂടിക്കാഴ്ചകൾ വേണ്ടിവരും..... അപ്പോഴൊക്കെ മനസ്സിൽ ഉള്ള ഇഷ്ടം അയാളറിയാതെ പോകട്ടെ......

അയാളെ നേരിൽ കണ്ട് തന്റെ മനസ്സിൽ തോന്നിയ ഇഷ്ടം മറക്കുന്നതാണ് ആണ് നല്ലതെന്ന് അവൾ തീരുമാനിച്ചു....... സാവിത്രിക്കൊപ്പം പാലാഴിയിലേക്ക് കയറുമ്പോൾ പതിവിനു വിപരീതമായി തന്റെ കയ്യും കാലും വിറയ്ക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... ഒരിക്കലും തിരയരുത് എന്ന് മനസ്സ് വിലക്കിയിട്ടും വീണ്ടും കണ്ണുകൾ പ്രിയപ്പെട്ട ആർക്കോവേണ്ടി പരതുന്നുണ്ടായിരുന്നു...... പക്ഷേ നിരാശയായിരുന്നു ഫലം..... പോർച്ചിൽ ഇരിക്കുന്ന ബുള്ളറ്റ് കണ്ടപ്പോൾ അകത്തു ഉണ്ടായിരിക്കും എന്ന് അവൾക്ക് തോന്നിയിരുന്നു..... സ്വന്തം ആക്കിയില്ല എങ്കിലും വെറുതെ തീവ്രമായി ഒരാളെ സ്നേഹിക്കുന്നതും യഥാർത്ഥ പ്രണയം തന്നെ അല്ലേ..... ഉമ്മറപ്പടിയിൽ ചാരു കസേരയിൽ ഇരിക്കുന്ന മഹേഷ്വറിനെ ആണ് ആദ്യം കാണുന്നത്.... മഹേശ്വർ സാവിത്രിയെ കണ്ട് ചിരിയോടെ എഴുന്നേറ്റിരുന്നു.... " ആരിത് സാവിത്രി ചേച്ചിയോ... കയറി വാ.... വളരെ സ്നേഹത്തോടെയുള്ള ക്ഷണം....

അല്ലെങ്കിലും മഹേഷ് സാർ എന്നും അങ്ങനെയായിരുന്നു, പാവങ്ങൾ എന്നോ പണക്കാരനെന്നോ അയാൾക്ക് വ്യത്യാസമില്ല, " വെറുതെ ഇറങ്ങിയതാണോ... അദ്ദേഹം കുശലാന്വേഷണം പോലെ ചോദിച്ചു.... " ഇവൾക്ക് ഒരേ നിർബന്ധം, കുഞ്ഞിനെ കണ്ട് ഒരു നന്ദി പറയണം എന്ന്.... ഒന്നുമല്ലെങ്കിലും നാല് അക്ഷരം പഠിക്കാൻ തുടങ്ങിയത് കുഞ്ഞിന്റെ കരുണ കൊണ്ട് അല്ലേ.... സാവിത്രി പറയുമ്പോൾ നന്ദി സൂചകമായി കൃഷ്ണപ്രിയ ആ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.... " നന്ദി ഒന്നും പറയണ്ട..... മോള് നന്നായിട്ട് പഠിച്ചാൽ മാത്രം മതി.... പഠിക്കാൻ കഴിയുക എന്ന് ഒക്കെ പറയുന്നത് ഈശ്വരന്റെ ഒരു വലിയ അനുഗ്രഹമാണ്.... അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം..... അതിന് കഴിവ് ഉള്ള ആളെ മുന്നോട്ട് നടത്താൻ പറ്റിയില്ല എങ്കിൽ നമ്മളൊക്കെ മനുഷ്യരാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം..... പണ്ട് ആരോ പറഞ്ഞിരിക്കുന്നത് കേട്ടില്ലേ, ഒരു മരം നടുകയാണെങ്കിൽ ഒരു കാലഘട്ടത്തിന് വേണ്ടി, അതുപോലെ വിദ്യ നേടുകയാണെങ്കിൽ ഒരു ജീവിതകാലം മുഴുവൻ അത് സഹായകമാകും, മോൾ പഠിച്ചു വാ....

നമ്മുടെ സ്കൂളിൽ തന്നെ നിനക്ക് ഞാൻ ജോലി തരാം.... മഹേഷ്വർ സാറിൻറെ ഉറപ്പിൽ സാവിത്രിക്ക് ഒപ്പം കൃഷ്ണപ്രിയയുടെ മനസ്സും നിറഞ്ഞിരുന്നു...... " പിന്നെ ചേച്ചി എന്നോട് നന്ദി പറയേണ്ട കാര്യമൊന്നുമില്ല.. കടപ്പാടും നന്ദിയും പറയുകയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളോട് ആണ് കൂടുതൽ നന്ദി ഉള്ളത് ....... അച്ഛനെ അവസാനമായിട്ട് ഞങ്ങൾക്ക് ഒന്ന് കാണാൻ എങ്കിലും കഴിഞ്ഞത് സത്യേട്ടൻ കാരണമാണ്....... ആ ഓർമ്മയിൽ മഹേശ്വരന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നിരുന്നു..... കൃഷ്ണപ്രിയയും ആ ഓർമകളിലേക്ക് പോയിരുന്നു.... അന്ന് വണ്ടി ആക്സിഡണ്ട് ആയപ്പോൾ അച്ഛനും നല്ല പരിക്കുകൾ ഉണ്ടായിരുന്നു.... എന്നിട്ടും അച്ഛൻറെ ശരീരത്തിലെ പരിക്കുകളും മുറിവുകളും ഒന്നും ഓർക്കാതെ അച്ഛൻ മഹേശ്വർ സാറിൻറെ അച്ഛനായ മഹാദേവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.... അതിനുശേഷമായിരുന്നു അച്ഛൻ മരിച്ചത്......

അങ്ങനെ ചെയ്തത് കൊണ്ട് രണ്ടു മൂന്നു ദിവസങ്ങൾ കൂടി കൂടുതൽ ദേവൻ സാറിനെ ആയുസ്സ് നീട്ടി കിട്ടിയിരുന്നു..... അച്ഛൻ മരിച്ചതിനു പിന്നാലെ മഹേശ്വർ സാർ വീട്ടിൽവന്ന് അമ്മയ്ക്ക് കുറച്ചു കാശു വീടും സ്ഥലവും എല്ലാം വാങ്ങി നൽകിയിരുന്നു...... അമ്മയോട് അച്ഛൻ ചെയ്തതിന് ഇതൊന്നും പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.... " ഇവളുടെ പഠിത്തത്തിൽ ഇനി എന്തെങ്കിലും കാശ് ആവശ്യമുണ്ടെങ്കിൽ ചേച്ചി എന്നോട് ചോദിക്കാൻ മടിക്കേണ്ട..... കുട്ടികൾ പഠിക്കട്ടെ..... അതല്ലേ നമ്മുടെ സന്തോഷം..... അപ്പോഴേക്കും സീതയും വന്നിരുന്നു..... സീതയെ കണ്ടപ്പോഴേക്കും കൃഷ്ണപ്രിയ എഴുന്നേറ്റു..... അവർ അവളുടെ അരികിലേക്ക് ചെന്നു വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞിരുന്നു..... " കോളേജിൽ പോകാൻ തുടങ്ങി അല്ലേ.... സന്തോഷമായി നീ പഠിച്ച് നല്ല നിലയിൽ എത്തിയിട്ട് വേണം നിൻറെ അമ്മയുടെ കഷ്ടപ്പാടുകൾ ഒക്കെ മാറ്റാൻ..... ഒരു ഉപദേശം പോലെ സീത അത് പറഞ്ഞപ്പോൾ ഒരു നിറഞ്ഞ ചിരിയായിരുന്നു അവൾ നൽകിയിരുന്നത്.....

പെട്ടെന്ന് മുകളിലത്തെ നിലയിൽ നിന്നും കാതിലൊരു ബ്ലൂടൂത്ത് ഇയർ ബഡ്സ് വെച്ചുകൊണ്ട് ഇറങ്ങി വരുന്ന ആളെ കണ്ടപ്പോഴേക്കും ഹൃദയം പടപടാ ഇടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... ഒരു ബ്ലാക്ക് ഷോർട്സും ലൈറ്റ് റോസ് ബനിയനും ആണ് വേഷം.... ആ മുഖം കണ്ടപ്പോഴേക്കും ചുറ്റും ഉള്ളതൊക്കെ അവൾക്ക് അന്യം ആയപോലെ..... ആ മുഖം മാത്രം മുന്നിൽ തെളിഞ്ഞു..... പെട്ടെന്ന് ഇവിടെ നിന്ന് പോയാൽ മതി എന്ന് അവൾക്ക് തോന്നിയിരുന്നു...... ഇരിക്കുന്ന ആളുകളെ കണ്ടു ചെവിയിൽ നിന്നും ബ്ലൂടൂത്ത് ഇയർ ബഡ്സ് ഊരി കൊണ്ട് ചിരിയോടെ തങ്ങളുടെ അരികിലേക്ക് വന്നു..... "ആരിത് കൃഷ്ണപ്രിയയൊ.....? എല്ലാവരുടെയും മുൻപിൽ വച്ച് അവനങ്ങനെ ചോദിച്ചപ്പോൾ അവളിൽ ഒരു ഭയം കടന്നു പോയിരുന്നു..... ആ സ്വരം കേട്ടപ്പോൾ ശരീരത്തിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി.... മിഴികളിൽ വിടരുന്ന പ്രണയഭാവത്തെ കണ്ണിൽ ഒളിക്കാൻ മറന്നു ചുറ്റും ഉള്ളവരെ എല്ലാം വിസ്മരിച്ചു പോയിരുന്നു അവൾ ആ നിമിഷം.... നിമിനേരം കൊണ്ട് അവൾ യാഥാർഥ്യത്തിൽ എത്തി....

തങ്ങൾ തമ്മിലുള്ള കാര്യങ്ങളൊക്കെ ഇപ്പോൾ ഈ നിമിഷം ഇവിടെ പറയുകയാണെങ്കിൽ എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം എന്ന ഭയമായിരുന്നു അവളുടെ മുഖത്ത്..... അവളുടെ മുഖത്തെ പരിഭ്രമത്തിൻറെ അർത്ഥം മനസ്സിലായില്ല എന്നതു പോലെ അവൻ ഒരു ചിരി ചിരിച്ചു കാണിച്ചിരുന്നു...... പെട്ടെന്ന് മഹേശ്വർ അവൻറെ അരികിലേക്ക് വന്നു ചോദിച്ചു.... " നിനക്ക് കൃഷ്ണപ്രിയയെ അറിയുമോ.....? " പിന്നെ ഞങ്ങൾ പരിചയക്കാര് അല്ലേ..... പറഞ്ഞു കൊടുക്ക് കൃഷ്ണപ്രിയേ നമ്മൾ തമ്മിലുള്ള പരിചയം... മാധവ് പറഞ്ഞപ്പോൾ അവൾ സ്തബദ്ധ ആയി പോയിരുന്നു.... സാവിത്രിക്കും പരിഭ്രാമം ആയി... " ഞങ്ങൾ ഒരു ദിവസം ഒരുമിച്ച് ബസ് സ്റ്റോപ്പിൽ കയറി നിന്നിട്ടുണ്ടായിരുന്നു.... അന്ന് കുറേ സമയം സംസാരിച്ചു.... അന്ന് പരിചയപ്പെട്ടത് ആണ് കൃഷ്ണപ്രിയയെ.... കൃഷ്ണപ്രിയയുടെ ഫസ്റ്റ് കോളേജ് ഡേ..... അല്ലേ കൃഷ്ണപ്രിയ...?

വീണ്ടും വീണ്ടും അവൻ നീട്ടി കൃഷ്ണപ്രിയ എന്ന് വിളിച്ചപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു..... ബൈക്കിൽ ഒരുമിച്ച് സഞ്ചരിച്ച കാര്യം അവൻ പറഞ്ഞില്ലല്ലോ എന്ന ആശ്വാസമായിരുന്നു അവളുടെ മുഖത്ത്...... " അങ്ങനെ..... അതാണ് ഞാൻ വിചാരിച്ചു ഈ വീടിനു അടുത്തുള്ള ആൾക്കാരെ പോലും അറിയാത്ത നിനക്ക് എങ്ങനെയാ ഈ കുട്ടിയെ അറിയാവുന്നത് എന്ന്.... ചിരിയോടെ സീത പറഞ്ഞു... " സത്യം പറഞ്ഞാൽ ഈ നാട്ടിൽ എനിക്കിപ്പോൾ ഒരൊറ്റ പരിചയക്കാരി കൃഷ്ണപ്രിയ മാത്രമാണ്..... ചിരിയോടെ അവൻ പറഞ്ഞപ്പോൾ എല്ലാവരും പുഞ്ചിരിച്ചു...... അവൾക്ക് പക്ഷേ അതും ഒരു വലിയ കാര്യമായിരുന്നു...... അവളുടെ മുഖം അത് കേട്ട മാത്രയിൽ വിടർന്നു.... ഞൊടിയിടയിൽ മാധവ് അത് കണ്ടു.... 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 പിറ്റേദിവസം കോളേജിൽ സമരം ആയതുകൊണ്ട് കുറച്ച് സമയം നേരത്തെ തന്നെ വിട്ടിരുന്നു.....

അതുകൊണ്ട് നേരെ ബസ്റ്റോപ്പിൽ ആയിരുന്നു അവൾ പോയിരുന്നത്.... ബസ് നോക്കിനിൽക്കുമ്പോൾ ഇടയ്ക്കിടെ മാധവ് എന്ന് ബോർഡ് വെച്ച ഓഫീസിലേക്ക് അവൾ പോലും അറിയാതെ കണ്ണുകൾ പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... സ്വന്തം കണ്ണുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലായിരുന്നു പലപ്പോഴും...... പെട്ടെന്ന് ആയിരുന്നു ഓഫീസിൽ നിന്നും ഒരാൾ ഫോൺ വിളിച്ചു കൊണ്ട് ഇറങ്ങി വന്നിരുന്നത്.... ബസ്സ്റ്റോപ്പിൽ നിൽക്കുന്ന കൃഷ്ണപ്രിയയെ കണ്ടപ്പോൾ അവൻറെ മുഖവും വിടർന്നിരുന്നു..... ഒരു പർപ്പിൾ നിറത്തിൽ ഉള്ള ഷർട്ടും ബ്ലൂ ജീൻസ് ആയിരുന്നു അവൻറെ വേഷം.... അവളും അവനെ കണ്ടിരുന്നു..... ആ വേഷം അവന് നന്നായി ഇണങ്ങുന്നുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു..... ആ മുഖത്തെ സൗന്ദര്യം ഒരിക്കൽ കൂടി കൂടിയതു പോലെ അവൾക്ക് തോന്നി...... കഴിഞ്ഞപ്രാവശ്യം താൻ കാണുമ്പോൾ ഡ്രിം ചെയ്ത താടിയും മീശയും ആയിരുന്നു...... അവൻറെ മുഖത്ത് ഇപ്പോൾ നല്ല കട്ടിമീശ വന്നിട്ടുണ്ട്.... അത് അവൻറെ സൗന്ദര്യം പതിന്മടങ്ങ് ആക്കിയതായാണ് അവൾക്ക് തോന്നിയത്......

റോഡ് ക്രോസ് ചെയ്തു ചിരിയോടെ അവൻ നടന്നു വന്നപ്പോൾ അത് തനിക്ക് നേരെ ആണ് എന്ന് കൃഷ്ണപ്രിയക്ക് മനസ്സിലായിരുന്നു..... അകാരണമായ ഒരു പരിഭ്രാന്തി അവളിലൂടെ ഓടി തുടങ്ങി..... " കൃഷ്ണപ്രിയക്ക് ക്ലാസില്ലേ.....? ചിരിയോടെ അവളുടെ അരികിലേക്ക് വന്നു നിന്നു പരിചിതനെ പോലെ അവൻ സംസാരിക്കുമ്പോൾ അവന് ഒരു ജാടയും ഇല്ലാത്ത ആളാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു.... "സമരം ആണ്... അതുകൊണ്ട് നേരത്തെ പോകാം എന്ന് വിചാരിച്ചു..... " ഒറ്റയ്ക്കെ ഉള്ളോ....?.ബാക്കി ആരും കാണുന്നില്ലല്ലോ..... കോളേജിൽ കുറേ കുട്ടികൾ സ്ട്രൈക്ക് ആയതുകൊണ്ട് കോളേജിൽ നിന്നും ഇറങ്ങി നേരത്തെ വീട്ടിലേക്ക് പോയിരുന്നു..... താൻ ആണെങ്കിൽ ലൈബ്രറിയിൽ നിന്നും ബുക്ക് എടുത്തതിനുശേഷം ആണ് ഇറങ്ങിയത്... പലപ്പോഴും കൂട്ടുകാർ ഒന്നും ഉണ്ടായിരിക്കില്ല ആരോടും കൂടുതൽ അടുക്കാതെ ഇരിക്കുക ആണ്..... തന്റെ അവസ്ഥ ആരും അറിയിക്കാതിരിക്കാൻ വേണ്ടിയാണ് മാറിയിരിക്കുന്നത്....

കൂട്ടുകാരൊക്ക ഉണ്ടാകുമ്പോൾ പലപ്പോഴും ഷെയർ ഇട്ട് ഭക്ഷണം കഴിക്കാനും ഒരുമിച്ച് യാത്രകൾ പോകേണ്ടിയും ഒക്കെ വരും..... തനിക്ക് അതിനുള്ള സാമ്പത്തിക ശേഷി ഇല്ല...... അത് മറ്റുള്ളവരെ അറിയിക്കാത്തെ ഇരിക്കുന്നത് അല്ലേ നല്ലത്.... നമ്മുടെ വിഷമങ്ങൾ ആരോടും പറയാതെ എല്ലാവരോടും കൃത്യമായൊരു അകലം സൂക്ഷിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലത് എന്നാണ് കൃഷ്ണപ്രിയയുടെ പക്ഷം..... നമ്മുടെ കഷ്ടപ്പാട് മറ്റാരെയും അറിയിക്കരുത് എന്നാണ് അച്ഛൻ പറയുന്നത്..... ", എനിക്കങ്ങനെ കൂട്ടുകാർ ഒന്നുമില്ല..... അവൾ സൗമ്യമായി പറഞ്ഞു... "ശ്ശേ.......! താൻ എന്തൊരു ആൾ ആടോ, കൂട്ടുകാർ ഇല്ലെന്നോ ഈ പ്രായത്തിൽ, പഠിക്കുന്ന ഒരാൾക്ക് കൂട്ടുകാർ ഇല്ലെന്ന് പറഞ്ഞാൽ വളരെ മോശം അല്ലെടോ.... എപ്പോഴും ആരെങ്കിലും ഒരാൾ വേണം നമ്മുടെ കൂട്ടുകാർ ആയിട്ടോ അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ടവർ ആയിട്ടോ..... അങ്ങനെ ആരെങ്കിലും, നമുക്ക് ഒരു വിഷമം വരുമ്പോൾ ഒന്നു പൊട്ടിക്കരയാൻ അല്ലെങ്കിൽ ഒന്ന് ചേർത്തുപിടിക്കാൻ ആരെങ്കിലും വേണ്ടേഡോ.... അങ്ങനെ അവൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു...

ആ ചിരിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൻ.... " ഒരു കാര്യം ചെയ്യ്..... താനെന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കണ്ടോ..... അപ്പോൾ തനിക്ക് കൂട്ടുകാരില്ല എന്നുള്ള വിഷമം മാറുമല്ലോ.... അവൻ അത് പറഞ്ഞപ്പോഴും അവർക്ക് അത്ഭുതമായിരുന്നു തോന്നിയിരുന്നത്.... " സാർ എവിടെ പോയതാ... " ഞാൻ എങ്ങോട്ടും പോയതല്ല ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയതാ..... അപ്പോഴാണ് താൻ ഇവിടെ നിൽക്കുന്നത് കണ്ടത്.... അപ്പൊൾ ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ചു.... വാടോ ചായ കുടിക്കാം.... ചായ കുടിക്കാതെ എനിക്ക് ഭയങ്കര തലവേദന..... അവൻ പറഞ്ഞു... " അയ്യോ എനിക്ക് വേണ്ട സാറേ.... ഞാൻ വീട്ടിൽ ചെന്നിട്ട് കുടിച്ചോളാം.... " വീട്ടിൽ ചെന്നിട്ട് ഒന്നൂടെ കുടിച്ചോളൂ.... ഇപ്പോൾ എനിക്ക് ഒരു കമ്പനിക്ക് ഒന്ന്.... "വേണ്ട സർ.... വേണ്ടാഞ്ഞിട്ട് ആണ്... "താൻ എന്ത് ഒരു മനുഷ്യനാടോ ...

ഒരു ഫ്രണ്ട് ഒരു ചായ ഓഫർ ചെയ്താൽ അത് വേണ്ട എന്നു പറയുന്നതാണോ ഫ്രണ്ട്ഷിപ്പ്.... ഫ്രണ്ട്ഷിപ്പ് തുടങ്ങുന്ന ആദ്യ ദിവസം തന്നെ നല്ല കാര്യം ഇല്ലെന്നു പറയാമോ..... വാടോ.... അവൻ അവളുടെ കൈകളിലേക്ക് പിടിച്ചപ്പോൾ ഒരു നിമിഷം അവൾ ഭയന്നു പോയിരുന്നു.... പെട്ടെന്ന് തന്നെ കൈത്തണ്ടയിൽ അമർന്ന അവൻറെ കൈകളിലേക്കും അവൻറെ മുഖത്തേക്കും മാറിമാറി അവൾ നോക്കി.... പെട്ടെന്നാണ് അബദ്ധം അവനും ഓർത്തത്..... പെട്ടന്ന് അവൻ അവളുടെ കൈയിൽ നിന്നും പിടി വിട്ടു..... ശേഷം ഒരു ചമ്മിയ മുഖത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " സോറി ഞാനറിയാതെ.... സോറി കൃഷ്ണപ്രിയ.... മനപ്പൂർവ്വമല്ല.... അവന് പറ്റിയ അബദ്ധം അവൻറെ മുഖഭാവത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story