സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 6

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" മാനസേ....... ശാസനയുടെ സീത വിളിച്ചിരുന്നു എങ്കിലും അവളുടെ മുഖത്ത് അതൊന്നുമായിരുന്നില്ല, ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ വീണ്ടും തിരിഞ്ഞു നടന്നു പോയിരുന്നു...... അതിനിടയിൽ ഇറങ്ങി വന്നിരുന്ന മാധവിനെയും അവൾ നോക്കിയിരുന്നില്ല........ അവഗണന അനുഭവിച്ച് നിയന്ത്രണമില്ലാതതെ കണ്ണുകൾ പെയ്യുന്ന അവസ്ഥയിൽ ആയിരുന്നു ആ നിമിഷം കൃഷ്ണപ്രിയ........ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാധവിനും സീതായ്ക്കും അറിയുകയും ഇല്ലായിരുന്നു........ ഒടുവിൽ സീത അവളുടെ അരികിലേക്ക് വന്നു തല മുടിയിഴകളിൽ തലോടി കൊണ്ട് തന്നെ പറഞ്ഞു, " വിഷമിക്കേണ്ട മോളെ..... ചില സമയങ്ങളിൽ ആ പെണ്ണിന് ഒരു വല്ലാത്ത സ്വഭാവമാണ്....... വേറെ എന്തെങ്കിലും കാര്യത്തിന് ദേഷ്യം വന്നിരുന്നത് ആയിരിക്കും...... അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഇടപെടുന്നത്.......

ഇനിയിപ്പോ അവളുടെ പഴയതൊന്നും വേണ്ട, ഞാൻ കാശ് എടുത്തിട്ട് വരാം, മോളെ ചെന്നിട്ട് നമ്മുടെ ടൗണിലെ കടയിൽ വാങ്ങിയാൽ മതി, അതല്ല മോൾക്ക് മടിയാണെങ്കിൽ ഞാൻ കടയിൽ പറഞ്ഞേക്കാം ആവശ്യമുള്ളത് എന്താണെന്ന് വച്ചാൽ വാങ്ങിക്കോ..... സീത അരുമയോട് അവളുടെ മുടിയിൽ തലോടി പറഞ്ഞു..... അപ്പോഴും അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ അടർന്ന് വീഴുകയായിരുന്നു....... അതുകണ്ടപ്പോൾ വേദന തോന്നി സീതയ്ക്ക്..... "അയ്യേ എന്താ കുട്ടി ഇത്..... മോൾ എന്തിനാ കരയുന്നേ..... അവൾ ചെലപ്പോ എന്നോട് ഇങ്ങനെയൊക്കെ തന്നെ ആണ് ഇടപെടുന്നത്........ സത്യം പറഞ്ഞാൽ എന്നോട് തന്നെ പലപ്പോഴും വിഷമിപ്പിക്കുന്ന രീതിയിലാണ് അവളുടെ സംസാരം, ഒന്നും മനസ്സിൽ വെച്ചിട്ട് പറയുന്നതല്ല .. അങ്ങനെ ഒരു രീതി ആണ് അവൾക്ക്...... സത്യം പറഞ്ഞാൽ മഹിയൊടെ മാത്രമേ ഉള്ളൂ അവൾ ഒരു കുഴപ്പവുമില്ലാതെ ഇടപെടുന്നത് എന്ന് നിസ്സംശയം പറയാം........ മഹിയെ പേടിയാ...... ഇപ്പോൾ മോളോട് കാട്ടിയ അഹമ്മതി മഹി അറിഞ്ഞാൽ ഉണ്ടല്ലോ അവളെ അടിക്കും അവൻ.....

ദേഷ്യത്തോടെ ആയിരുന്നു സീത പറഞ്ഞത്....... പക്ഷേ കൃഷ്ണപ്രിയ അനുഭവിച്ച നിന്ദനം എത്രയാണെന്ന് അവൾക്ക് മനസിലാക്കുവാൻ സാധിക്കുമായിരുന്നു........ " ഞാൻ കാശ് എടുത്തിട്ട് വരാം, കരയാതിരിക്ക് കുട്ടി..... " വേണ്ട സീതാമ്മേ, അമ്മ പറഞ്ഞിട്ട ഞാൻ വന്നത്...... എനിക്ക് വിഷമമൊന്നുമില്ല, പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി, ഞാൻ പോട്ടെ.... ഇനിയും നിന്നാൽ താൻ പൊട്ടി കരഞ്ഞു പോകും എന്ന് കൃഷ്ണപ്രീയ്ക്ക് തോന്നിയത് കൊണ്ട് തന്നെ മറുപടിക്ക് കാക്കാതെ അവൾ പുറത്തേക്കിറങ്ങി പോയിരുന്നു..... മാധവിനും ആ കാഴ്ച വലിയ വേദനയായിരുന്നു നിറച്ചിരുന്നത്....... തിരികെ പോകാൻ തുടങ്ങിയ സീത മാധവി ൻറെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി...... വീർതിരിക്കുന്ന മുഖം കണ്ടപ്പോൾ അവനും നല്ല ദേഷ്യം ആണെന്ന് സീതയ്ക്ക് മനസ്സിലായിരുന്നു...... " അമ്മേ, അവൾ ഒരു പെൺകുട്ടിയാണ്, നാളെ മറ്റൊരു വീട്ടിൽ പോകേണ്ടവൾ ആണ്.....

ഇത്ര അഹങ്കാരം പെൺപിള്ളാർക്ക് പാടില്ല, എന്തിന്റെ പേരിലാണെങ്കിലും ഇന്നവൾക്ക് ഉണ്ണാനും ഉടുക്കാനും ഒക്കെ ഉള്ളത് ഈശ്വരന്റെ കൃപയാണ്, ഇല്ലാത്തവരെ അവഹേളിക്കുന്നത് നല്ല ശീലം അല്ല..... അമ്മ വേണം ഇതൊക്കെ പറഞ്ഞു കൊടുക്കാൻ, ഇപ്പോൾ ഞാൻ അവളോട് എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ കവിളിൽ ഒരു സമ്മാനം കൊടുത്തതിനു ശേഷം മാത്രമേ കാര്യം എന്താണെന്ന് അറിയു..... ദേഷ്യത്തോടെ അകത്തേക്ക് അവൻ കയറി പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സീത നിൽക്കുകയായിരുന്നു...... ഒടുവിൽ രണ്ടും കൽപ്പിച്ച് അവർ മാനസയുടെ മുറിയിലേക്ക് ചെന്നിരുന്നു, അവൾ ഹെഡ്സെറ്റ് ചെവിയിൽ വച്ചു കൊണ്ട് പാട്ട് കേൾക്കുകയായിരുന്നു, ആദ്യത്തെ ദേഷ്യത്തിന് അവളുടെ ചെവിയിൽ നിന്ന് അത്‌ വലിച്ചു എടുത്ത് ദൂരെയെറിഞ്ഞു കളയുകയായിരുന്നു സീത ചെയ്തിരുന്നത്...... അവരുടെ പ്രവർത്തി അവൾക്ക് വീണ്ടും ദേഷ്യം തോന്നിയിരുന്നു....... ഒന്നും മനസ്സിലാകാതെ സീതയുടെ മുഖത്തേക്ക് മാനസി നോക്കി...... " അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചോ.....? ദേഷ്യത്തോടെ അവൾ പറഞ്ഞു....

" എനിക്ക് ഭ്രാന്താ...... ഇല്ലെങ്കിൽ നിന്നെ ഇങ്ങനെ കയറൂരി ഞാൻ വിടുമായിരുന്നില്ലല്ലോ....... ആ പാവം പിടിച്ച പെൺകൊച്ച് നിന്നോട് എന്ത് തെറ്റാണ് ചെയ്തത്...... അതിനെ ഇങ്ങനെ നാണംകെടുത്താൻ മാത്രം, നിനക്ക് കൊടുക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട, അത് ഇങ്ങനെ മുഖത്തടിച്ച പോലെ പറയുകയാണോ വേണ്ടത്, സൗകര്യങ്ങളൊക്കെ ഉണ്ടായത് നമ്മുടെ ആരുടെ മേന്മ കൊണ്ടല്ല, മൂന്നുനേരം ഈശ്വരനെ വിളിക്കുന്നത് കൊണ്ടും, മാഹി ഒരാളെയും വേദനിപ്പിക്കാത്തതുകൊണ്ടും ഒക്കെയാണ്, ഈ കണ്ടതൊക്കെ ചാമ്പലായി പോകാൻ ഒരു നിമിഷം മതി, നിനക്ക് അറിയില്ലായിരിക്കും പക്ഷേ ഈ വീടിൻറെ പ്രൗഢിയും പ്രൗഢി ഇല്ലാത്ത കാലവുമൊക്കെ കണ്ടവളാണ് ഞാൻ...... നിൻറെ അച്ഛൻറെ കൂടെ ജീവിക്കാൻ തുടങ്ങിയ കാലത്ത് ആദ്യം കണ്ട പ്രൗഢിയും പാരമ്പര്യവും ഈ തറവാടിന് ഉണ്ടായിരുന്നില്ല, നിൻറെ അച്ഛൻ നന്നായി കഷ്ടപ്പെട്ടാണ് ഇന്ന് കണ്ട നിലയിലേക്ക് ഈ വീട് ഉയർന്നത്...... അതിന്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്, അതിൽ ഒരാളാണ് നീ ഇപ്പൊ വേദനിപ്പിച്ചു ഇറക്കിവിട്ട കൃഷ്ണപ്രിയയുടെ അച്ഛൻ.......

കാണുന്ന കാലം മുതൽ ഈ വീടിനു വേണ്ടി ആയിരുന്നു അദ്ദേഹം അധ്വാനിച്ചത് മുഴുവൻ....... ഒരിക്കലും നമ്മൾ കൊടുക്കുന്ന ശമ്പളത്തിന് വേണ്ടി ആയിരുന്നില്ല, നിൻറെ അച്ഛനോട് അയാൾക്കു ആത്മബന്ധം ഉണ്ടായിരുന്നു...... മാനസ മുഖത്ത് നോക്കാതെ മറ്റെവിടയൊക്കെയോ നോക്കി നിന്നു..... " അത് മറ്റൊന്നും കൊണ്ടല്ല, അയാളുടെ വേദന കണ്ടു നമ്മുടെ അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്....... ഗർവ്വോടെ പറഞ്ഞു അവൾ., " സഹജീവികളെ സഹായിക്കുമ്പോൾ ആണടി മനുഷ്യനാകുന്നത്, അല്ലാത്തവർ ഒക്കെ മൃഗമാണ്, മൃഗത്തിന് തുല്യം, ഇനി മേലാ നിൻറെ ഇത്തരത്തിലുള്ള അഹങ്കാരം ഞാൻ കണ്ടാൽ ഇനി ഞാൻ പറയുന്നത് ഇതുപോലെ ആയിരിക്കില്ല..... ഇനി നിനക്ക് കയ്യ് ആണ് മറുപടി പറയുന്നത്...... ദേഷ്യത്തോടെ സീത പറഞ്ഞു....! " എന്ത് സംഭവിക്കും എന്ന് എനിക്കറിയാം, കൂടി പോയാൽ മഹിയേട്ടനോട്‌ പറഞ്ഞു അടിക്കുമായിരിക്കും......

അല്ലാണ്ട് ഇവിടുന്ന് ഇറക്കിവിടാൻ ഒന്നും പോകുന്നില്ലല്ലോ....... മഹിയേട്ടന്റെ പേര് പറഞ്ഞിട്ട് അമ്മ പേടിപ്പിക്കേണ്ട കാര്യമില്ല, മഹിയേട്ടൻ രാജാവ് ഒന്നുമല്ലല്ലോ, നമ്മുടെ ഏട്ടനല്ലേ, ഞങ്ങളെ ഒരു കുറവുമില്ലാതെ നോക്കുന്നുണ്ടെന്ന് അമ്മ ഇടയ്ക്ക് പറയുന്നുണ്ടല്ലോ, അതൊക്കെ ഏട്ടൻറെ ഉത്തരവാദിത്തമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, അല്ലാതെ അത്ര വലിയ കാര്യമൊന്നുമില്ല...... ഇത്‌ അറിഞ്ഞാലും എനിക്കൊരു കുഴപ്പമില്ല, ഇത്‌ എൻറെ തീരുമാനം ആയിരുന്നു, എൻറെ കാര്യത്തിൽ മറ്റാരും അഭിപ്രായം പറയേണ്ട കാര്യമില്ല, വേണമെങ്കിൽ എന്നോട് ചോദിച്ചിട്ട് പറയാരുന്നില്ലേ അമ്മയ്ക്ക്..... എൻറെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നു എങ്കിൽ അത് എന്നോട് ചോദിക്കണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ നേരിടേണ്ടിവരും...... അവൾ പറഞ്ഞപ്പോൾ സീതയുടെ കയ്യിൽ മറുപടിയുണ്ടായിരുന്നില്ല, സത്യമാണ് താൻ ഒരിക്കൽ പോലും അവളോട് അനുവാദം ചോദിച്ചിരുന്നില്ല........ ചോദിച്ചിരുന്നെങ്കിൽ ഇപ്പോൾ കൃഷ്ണപ്രിയ ഇങ്ങനെ നാണംകെട്ട് പൊകില്ലായിരുന്നു...... " നീ ആരാടി ഝാൻസി റാണിയോ.....?

പെട്ടന്നാണ് പുറകിൽ നിന്നും മാധവിന്റെ ശബ്ദം കേട്ടത്..... ആ ശബ്ദം കേട്ടതോടെ മാനസിക്ക് ദേഷ്യം ഇരച്ചു കയറിരുന്നു...... " നീ നിന്റെ പഴന്തുണി കൊടുത്തില്ലെങ്കിൽ അവൾ നാളെ തൊട്ട് പഠിക്കില്ലായിരിക്കും....... നാളെ നിന്നെക്കാളും ഉയർന്ന നിലയിൽ അവളെ എത്തുമോ എന്ന് ഒന്നും ആർക്കും പറയാൻ പറ്റില്ല...... ആരെയും അളക്കാൻ പാടില്ല ഒന്നിന്റെ പേരിലും...... നിനക്ക് ഉണ്ടല്ലോ, നല്ല ഒന്നാന്തരം അസൂയ ആണ്....... എനിക്കറിയാം അതാ കാര്യം, നിന്നെക്കാളും സൗന്ദര്യവും കഴിവും ആ കുട്ടിക്ക് കൂടുതലുണ്ട്, എന്തോ അവളിൽ നിനക്ക് സാധിക്കാത്ത ഒരു കാര്യം നീ കണ്ടു, ആ ഒരു കാര്യം നിന്നിലില്ല...... അത് തന്നെയാണ് കാരണം, നിന്നെ എനിക്ക് അറിയില്ലേ, ഒരു നിമിഷം മാനസിക്ക് അത്ഭുതം തോന്നിയിരുന്നു...... എത്ര നന്നായാണ് അവൻ തന്റെ മനസ്സ് വായിക്കുന്നത്, ശരിക്കും തനിക്ക് ഉണ്ടായിരുന്നത് അത് തന്നെയായിരുന്നു, അവളോട് ഒരു വല്ലാത്ത ദേഷ്യം ആണ് തനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, കാരണം മറ്റൊന്നുമല്ല അവളെന്നും തന്നെക്കാൾ മിടുക്കിയായിരുന്നു പഠിച്ച ക്ലാസുകളിൽ ഒക്കെ,

ഏറ്റവും വലിയ വീട്ടിൽ നിന്ന് വരുന്ന ഒരാൾ ആയിട്ട് പോലും എന്നും ടീച്ചർമാരും കുട്ടികളും അഭിനന്ദിക്കുന്നതും കണ്ടു പഠിക്കണം എന്ന് പറയുന്നതും കൃഷ്ണപ്രിയയെ ആയിരുന്നു....... ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ തനിക്ക് ദേഷ്യമായിരുന്നു, പങ്കെടുത്തതിന് എല്ലാം അവൾ വിജയം കൈവരിച്ചു...... തന്നെ വല്ലാതെ ദേഷ്യപ്പെടുന്നത് ആയിരുന്നു അത്‌..... അവസാനം അവളുടെ ദേഷ്യം വല്ലാതെ വർദ്ദിക്കുകയായിരുന്നു....... ദേഷ്യം അവളുടെ ഉള്ളിൽ തന്നെ കിടക്കുകയായിരുന്നു, അവളെ അടിച്ചമർത്താനുള്ള ഒരു നിമിഷങ്ങളും വെറുതെ കളഞ്ഞിട്ടില്ല....... സ്കൂളിൽ ആണെങ്കിലും വീട്ടിലാണെങ്കിലും, മനസ്സിലുള്ള ഒരു സമാധാനം എന്നു പറയുന്നത് അവൾ തന്റെ കുടുംബത്തിൽ തങ്ങളുടെ സഹായത്തിൽ ആശ്രിത കഴിയുകയാണ് എന്നത് ആണ്..... " എന്തായാലും ഇത്‌ ഞാൻ ക്ഷമിച്ചു.....

ഇനി ആരോടെങ്കിലും നീ ഇതുപോലെ അഹങ്കാരം കാണിക്കാൻ ആണെങ്കിൽ എൻറെ തനിസ്വഭാവം നീ കാണും........ മാനസയോട് അത്രയും പറഞ്ഞ് ദേഷ്യത്തിൽ അവിടെ ഇരുന്ന് ഫ്ലവർവേസ് എടുത്ത് താഴേക്ക് എറിഞ്ഞതിനുശേഷമാണ് മാധവ് അവിടെനിന്നും പോയിരുന്നത്...... അവനൊരു ശാന്ത സ്വഭാവക്കാരനായ ആണെന്ന് സീതയ്ക്ക് അറിയാമായിരുന്നു, അത്രയ്ക്ക് ദേഷ്യം വന്നാൽ മാത്രമേ അവൻ പ്രതികരിക്കുകയും ഉള്ളൂ..... ഇപ്പോൾ അവന് അത്രയ്ക്ക് ദേഷ്യം വന്നു, അതിൽ തെറ്റു പറയാൻ സാധിക്കില്ല.. . മഹിക്കും മാധവനും ഒക്കെ ഏകദേശം ഒരേ സ്വഭാവം ആണെന്നാണ് താൻ വിശ്വസിക്കുന്നത്...... മറ്റുള്ളവരുടെ വേദന കണ്ടാൽ അവർക്കും സങ്കടം തോന്നും, അതുതന്നെയാണ് അവർക്ക് ലഭിക്കുന്ന ബഹുമാനത്തിന് പിന്നിൽ എന്ന് സീതയ്ക്ക് അറിയാമായിരുന്നു...... " എടി നീ പറഞ്ഞില്ലേ ഒക്കെ മഹിയുടെ കടമ ആണ് എന്ന്, ഒരു ജീവിതം പോലും വേണ്ടന്ന് വച്ച് നിനക്കൊക്കെ വേണ്ടി ജീവിക്കുന്ന ആ പാവത്തിനെ കുറിച്ച് നീ ഇങ്ങനെ തന്നെ പറയണമെടി മഹാപാപി... നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ.... അത്രയും പറഞ്ഞു സീത മുറിയിൽ നിന്നും ഇറങ്ങിപ്പോയി...... അപമാനത്താൽ വീണ്ടും മാനസ ഉരുകി.... കൃഷ്ണപ്രിയയോട് ഉള്ള ദേഷ്യം കൂടുകയായിരുന്നു മാനസക്ക്...... 🌻റിൻസി 🌻

അന്ന് വീട്ടിലേക്ക് ചെന്നു എങ്കിലും അസ്വസ്ഥത ആയിരുന്നു കൃഷ്ണപ്രീയക്ക് മുഴുവൻ..... പക്ഷേ കാവ്യയോടോ സാവിത്രിയുടോ ഒന്നും പറയുവാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ലമ...... വെറുതെ അവരെ കൂടി വേദനിപ്പിക്കണ്ട എന്ന് തന്നെയായിരുന്നു അവൾ കരുതിയിരുന്നത്....... ഇത്തരത്തിൽ ഒരു അപമാനം നേരിടേണ്ടി വന്നു എന്ന് അറിഞ്ഞാൽ അമ്മയ്ക്ക് നല്ല വേദന ഉണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു...... വെറുതെ എന്തിനാണ് ഈ സാഹചര്യത്തിൽ അവരെ കൂടി വേദനിപ്പിക്കുന്നത്. എന്ന് കരുതി അവൾ ഒന്നും ആരോടും പറഞ്ഞില്ല, ചെന്നപ്പോൾ മാനസയെ കണ്ടില്ല എന്നും അവൾ മറ്റെവിടെയോ പോയിരിക്കുകയായിരുന്നു എന്നും വേറൊരു ദിവസം പോകാം എന്നു മാത്രം വീട്ടിൽ ഒരു കളവു പറഞ്ഞു...... അപ്പോഴും മനസ്സിൽ നിറയെ ഒറ്റ വേദനയായിരുന്നു മാധവ് അത് കണ്ടത്,

പക്ഷേ ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ് എന്ന് അവൾക്കു തോന്നി, താനും അവനും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്ന് ഉള്ള ഒരു ഓർമ്മപ്പെടുത്തൽ, ഒരിക്കലും ഇനി അവനെ മനസ്സിൽ സൂക്ഷിക്കരുത് എന്ന് അവൾ അപ്പോൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു......... ആകാശത്തെ സൂര്യനെ ആരാധനയോട് നോക്കുന്ന ഒരു സൂര്യ കാന്തി മാത്രം ആണ് താൻ.... ഒരു രാവ്‌ പുലർന്ന് സൂര്യൻ എത്തുമ്പോൾ വാടി കൊഴിഞ്ഞു കിടക്കുന്ന സൂര്യകാന്തി..... ജീവിതപാതയിൽ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് ബിന്ദുക്കൾ.... 💛റിൻസി 💛 പിറ്റേന്ന് കോളേജിൽ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കഠിനമായ വയറുവേദന തോന്നിയിരുന്നു കൃഷ്ണ പ്രിയക്ക്...... ആ സമയത്ത് തന്നെ തനിക്ക് മറ്റെന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് പോലെ അവൾക്ക് തോന്നി, പ്രതീക്ഷിക്കാത്ത സമയത്ത് തനിക്ക് മാസമുറ വരികയാണെന്ന് അവൾക്കു മനസ്സിലായി........ അല്ലെങ്കിലും കുറച്ചുകാലങ്ങളായി തനിക്ക് അങ്ങനെയാണ് ഒരു ഡേറ്റിൽ അല്ല വരുന്നത്...... അതുകൊണ്ട് കൃത്യമായ ഒരു ദിവസം തനിക്ക് കണക്കാക്കുവാൻ സാധിക്കുന്നില്ല,

ഇനി എന്ത് ചെയ്യും എന്ന് അവൾ ഓർത്തു, അവളോന്നും കരുതിയിട്ടില്ല........ ഒരുവിധത്തിൽ ചെന്ന് ടീച്ചറിനോട് കാര്യം പറഞ്ഞ് വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു, വീട്ടിൽ ചെല്ലുന്നതുവരെ ഒന്നാം സംഭവിക്കരുതെന്ന് മാത്രമായിരുന്നു പ്രാർത്ഥിച്ചിരുന്നത്, ഇട്ടിരിക്കുന്നത് ആണ് എങ്കിൽ വെള്ള നിറത്തിലുള്ള ചുരിദാർ ആണ്, അതുകൊണ്ടുതന്നെ ടീച്ചറിനോട് ഒരുവിധം കാര്യം പറഞ്ഞ് പെട്ടെന്ന് തന്നെ ബാഗ് എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു..... പടിക്കെട്ടുകൾ ഇറങ്ങുന്നതിന് ഉള്ളിൽ തന്നെ അറിഞ്ഞിരുന്നു തൻറെ ബോട്ടത്തിൽ ചൂട് നിറയുന്നത്, പൊട്ടിക്കരയണം എന്ന് കൃഷ്ണപ്രിയക്ക് തോന്നിയിരുന്നു...... ഏതായാലും ഭാഗ്യത്തിന് ബസ്റ്റോപ്പിൽ ആരുമുണ്ടായിരുന്നില്ല, ഒന്ന് പുറകിലേക്ക് നോക്കി, ഇതുവരെ വല്യ കുഴപ്പം ഇല്ല, ചെറിയൊരു പൊട്ടുപോലെയെ കാണാൻ സാധിക്കുന്നുള്ളൂ...... ഇനിയും കുറച്ചു നേരം താനിവിടെ നിൽക്കുകയാണെങ്കിൽ അത് എല്ലാവർക്കും കാണാവുന്ന രീതിയിൽ ആകുമെന്ന് കരുതി ഒരു വിധത്തിൽ ബാഗ് താഴെക്ക് ഇട്ടു കൊണ്ട് ബസ്സ്റ്റോപ്പിലേക്ക് നടന്നിരുന്നു.......

ബസ് വരാൻ ഇനിയും കുറെ സമയം ഉണ്ട്...... അത് ഓർത്തപ്പോൾ അവൾക്ക് വീണ്ടും വേദന തോന്നി...... തന്റെ കൈയ്യിൽ ആണെങ്കിൽ ഒന്നും വാങ്ങാനുള്ള കാശും ഇല്ല, 20 രൂപ മാത്രമേ കയ്യിൽ ഉള്ളൂ, എന്ത് ചെയ്യും ആരോട് പറയും, തനിക്ക് അടുത്ത സുഹൃത്തുക്കൾ പോലും ഇല്ല...... ഒരു നിമിഷം ഒന്ന് പൊട്ടിക്കരഞ്ഞാലോ എന്ന് പോലും അവൾ ഓർത്തിരുന്നു..... ബസ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അവിചാരിതമായി ഒരു കാർ കൊണ്ട് വന്ന് തൻറെ മുൻപിലേക്ക് നിർത്തിയിരുന്നത്...... അത്‌ ആരാണെന്ന് മനസ്സിലാവാതെ അവൾ നോക്കിയിരുന്നു..., ഒരു ചുവന്ന നിറത്തിലുള്ള ഓൾട്ടോ കാർ ആയിരുന്നു, അതിൽ നിന്നും കൂളിംഗ് ഗ്ലാസ് വെച്ച ഒരാൾ ഇറങ്ങി...... അടുത്ത് കണ്ടപ്പോഴാണ് അത് മാധവ് ആണ് എന്ന് അവൾക്ക് മനസ്സിലായത്..... വീണ്ടും ശരീരത്തിൽ വിറയൽ കയറുന്നത് അവൾ അറിഞ്ഞിരുന്നു....... " ഹായ് കൃഷ്ണപ്രിയ....!! ഞാൻ ഇന്ന് തന്നെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ച് തന്നെയാണ് വന്നത്...... ഇന്ന് ആണെങ്കിൽ ഒന്ന് സംസാരിക്കണം എന്ന് കരുതിയിരുന്നു......

അതുകൊണ്ട് ആണ് സത്യം പറഞ്ഞാൽ ഞാൻ കാറെടുത്തത് ..... ബൈക്ക് ആണ് എങ്കിൽ താൻ എൻറെ കൂടെ വരാൻ മടിക്കുമെന്ന് എനിക്കറിയാം,വരൂ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.... കൂളിംഗ് ഗ്ലാസ്‌ ഊരി ഷർട്ടിൽ കൊളുത്തി കാറിൽ ചാരി നിന്നവൻ പറഞ്ഞു.... " ഇല്ലാ സർ, എനിക്ക് വീട്ടിൽ പോകണം....മറ്റൊരിക്കൽ സംസാരിക്കാം.... " കാറിൽ കയറാൻ പറഞ്ഞോണ്ട് ആണോ....,? എങ്കിൽ ഓഫീസിൽ വരുന്നൊണ്ട് കുഴപ്പമില്ലല്ലോ...... ഒന്ന് വാടോ നമുക്ക് സംസാരിക്കാം, അവൻ വീണ്ടും വിളിച്ചപ്പോഴും എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലാരുന്നു...... ഒരു വല്ലാത്ത സാഹചര്യത്തിലാണ് താൻ എന്ന് അവൾ ഓർത്തു പോയി....... അവൻ വീണ്ടും അവളെ തന്നെ നോക്കി നിൽക്കുകയാണ്, എന്തുചെയ്യണമെന്നറിയാതെ കൃഷ്ണപ്രിയ ഉഴറുകയായിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story