സ്വന്തം തറവാട് : ഭാഗം 1

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്താ മോളേ ഇത്... നീയിങ്ങനെ സങ്കടപ്പെടുന്നത് കാണാൻ അമ്മക്ക് വയ്യ... നിനക്ക് അത് വിധിച്ചിട്ടില്ല എന്നുകരുതി സമാധാനിക്ക്... അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം അറിയില്ലേ നിനക്ക്... അച്ഛനൊരു കാര്യം തീരുമാനിച്ചാൽ അതേ നടക്കൂ... ഞാനോ നീയോ പറയുന്നതൊന്നും അച്ഛൻ കേൾക്കില്ല... അച്ഛന് നിന്റെ ഏട്ടന്മാൻ പറയുന്നതാണ് വേദവാക്യം... നമുക്ക് അനുഭവിക്കാനല്ലേ പറ്റൂ... " പ്രസന്ന കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുന്ന തന്റെ മകൾ വേദികയോട് പറഞ്ഞു... "അമ്മക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു... ചെറുപ്പംമുതൽ ഇഷ്ടപ്പെട്ടു പോയതല്ലേ നന്ദേട്ടനെ... എല്ലാവരും പറഞ്ഞ് ആശ തന്നതല്ലേ നന്ദേട്ടൻ എനിക്കുള്ളതാണെന്ന്... ഒരുപാട് ഇഷ്ടപ്പെട്ടുപോയി ഇനിയത് മറക്കാൻ പറ്റുമോ എനിക്ക്... " "മോളുടെ മനസ്സ് അമ്മക്കറിയാം... ഓർമ്മവെച്ചാൽ നാൾമുതൽ ഞാനുൾപ്പെടെ എല്ലാവരും പറഞ്ഞ് മോൾക്ക് ആശ തന്നതുമാണ്... പക്ഷേ എന്റെ കുട്ടി എല്ലാം മറക്കണം... യോഗം ഇല്ലായെന്നു കരുതി സമാധാനിക്കണം...

ഇപ്പോഴത്തെ നിലയിൽ നിന്റെ ഏട്ടന്മാരുടെ നിലക്കും വിലക്കും പറ്റിയവനല്ല നന്ദൻ... അവരൊക്കെയും വലിയ നിലയിൽ എത്തിയവരല്ലേ... കഴിഞ്ഞതൊന്നും അവർക്ക് ഓർക്കാനെവിടെയാണ് നേരം... അവർക്ക് അവരുടെ ഭാര്യമാരുടെ വേദവാക്യമാണ് വലുത്... അവർ പറയുന്നതിനപ്പുറം നിന്റെ ഏട്ടന്മാർക്കൊന്നുമില്ല അവരുടെ കോലത്തിനനുസരിച്ച് തുള്ളുകയാണ് അച്ഛൻ... നമ്മൾ നമ്മുടെ ആഗ്രഹം മനസ്സിൽ മൂടിവക്കുക... ഒരിക്കൽ എല്ലാം അച്ഛനും ഏട്ടന്മാർക്കും മനസ്സിലാവും... അന്ന് അവർക്ക് മനസ്സിലാകും നന്ദന്റെ വില... മോള് ഇങ്ങനെ കിടക്കാതെ എണീറ്റ്പോയി മുഖം കഴുകി വല്ലതും കഴിക്കാൻ നോക്ക്... " "എനിക്കൊന്നും വേണ്ടമ്മേ... വിശപ്പില്ലാ... കഴിച്ചാലും ഒന്നും ഇറങ്ങില്ല... " "എന്നുപറഞ്ഞാലെങ്ങനെയാണ്.. ഒന്നും കഴിക്കാതെ ഇരുന്നാൽ വല്ല അസുഖവും വരുത്തിവക്കാനാണോ നിന്റെ പുറപ്പാട്...

എണീറ്റു വാ മോളേ... ദേ അച്ഛൻ നിന്റെയി കിടപ്പ് കണ്ടാൽ അറിയാലോ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "കാവന്നൂർ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു തറവാടാണ് പുതുശ്ശേരി തറവാട്... പണ്ട് സാമൂതിരികോവിലകത്തെ വിശ്വസ്ഥനായിരുന്നു പുതുശ്ശേരി തറവാട്ടിലെ പഴയ ഒരു കാരണവർ... ഇന്ന് അന്നത്തെ അത്ര പ്രമാണിത്തരമില്ലെങ്കിലും ആ നാട്ടിലെ അത്യാവശ്യം നല്ലരീതിയിൽ എല്ലാവരും ബഹുമാനിക്കുന്ന തറവാടാണ് പുതുശ്ശേരി... ആരും കൊതിക്കുന്ന മെയിൻറോഡിനോട് അടുത്തല്ലെങ്കിലും കുറച്ച് ഉള്ളിലേക്കായി രണ്ടരയേക്കർ സ്ഥലത്ത് നെഞ്ചുവിരിച്ച് നിൽക്കുന്ന ആ തറവാട്ടിൽ ഇന്ന് താമസിക്കുന്നത് ശ്രീധരമേനോനാണ്... പ്രസന്നയാണ് ശ്രീധരമേനോന്റെ ഭാര്യ... മൂന്നു മക്കൾ.. മൂത്തത് വരുൺ... അവൻ എഞ്ചിനീയറാണ്.. രണ്ടാമത്തവൻ കിരൺ... ഡോക്ടറാണ്... ഇളയവൾ വേദിക... ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു... തറവാടിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന നാഗത്താൽ കാവാണ് ആ തറവാടിന്റെ ഐശ്വര്യം തന്നെ... അധികദിവസങ്ങളിലും വേദികയായിരുന്നു കാവിൽ വിളക്ക് വച്ചിരുന്നത്...

അവൾക്ക് പറ്റാത്തസമയത്ത് പ്രസന്ന വിളക്കുവക്കും... കുറച്ചു കാലമായി തറവാട്ടിലെ കാവിന്റെ പരിസരത്തും തറവാടിന് ചുറ്റിപറ്റിയും രണ്ട് നാഗങ്ങൾ കാണപ്പെടുന്നു... പക്ഷേ അത് തറവാടിന് വരാൻ പോകുന്ന എന്തോ ദോഷമാണെന്ന ചിന്ത ശ്രീധരമേനോനേയും പ്രസന്നയയേയും ഏറെ വേദനിപ്പിച്ചുകൊണ്ടിരുന്നു... ഇനി കഥയിലേക്ക് വരാം...... പ്രസന്നയുടെ ഏട്ടൻ ശിവദാസന്റെ മകൻ ദേവാനന്ദ് എന്ന നന്ദനുമായി വേദികയുടെ വിവാഹം കൂഞ്ഞുനാളിലേ പറഞ്ഞുറപ്പിച്ചതായിരുന്നു... ഡിഗ്രി കഴിഞ്ഞ് ഗൾഫിൽ ജോലിക്ക് പോയ നന്ദൻ അവിടുത്തെ ജീവിതം പിടിക്കാതെ നാട്ടിലേക്ക് തിരിച്ചുപോന്നു... ഇപ്പോൾ മറ്റെന്തെങ്കിലും ജോലി നോക്കി നടക്കാൻ തുടങ്ങിയിട്ട് ഒരുപാടായി... പക്ഷേ ഒന്നും ശരിയാകുന്നില്ലായിരുന്നു... മറ്റുള്ളവരെ ഏതുവിധേനയും സഹായിക്കാനുള്ള മനസ്സാണ് അവനിലുള്ള ഏറ്റവും വലിയ പുണ്യം... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അനന്തേട്ടാ നമ്മുടെ ഇഷ്ടം എന്നും ഇതുപോലെതന്നെ ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന... " കുളക്കടവിൽ ഇരിക്കുകയായിരുന്ന പാർവ്വതി അനന്തനോട് പറഞ്ഞു...

"അതെന്താ ഇപ്പോൾ നിനക്ക് ഇങ്ങനെയൊന്ന് തോന്നുവാൻ കാരണം... ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നീ എന്റേത് മാത്രമായിരിക്കും.. പക്ഷേ ഇപ്പോഴും എനിക്കെന്തോ പേടി മാറിയിട്ടില്ല... പുതുശ്ശേരി തറവാട്ടിലെ ഏക പെൺതരിയാണ് നീ... ഇവിടുത്തെ വേലക്കാരനായ ദാമോദരന്റെ മകനാണ് ഞാൻ ആ ഞാനും ഇവിടുത്തെ പ്രമാണി മാരായ പുതുശ്ശേരി തറവാട്ടിലെ നീയുംതമ്മിൽ ഇഷ്ടമാണെന്ന് നിന്റെ വീട്ടുകാർ അറിഞ്ഞാൽ... അവർ എന്നെ വെട്ടിനുറുക്കും... " "ഇല്ല... അങ്ങനെ വല്ലതും ഉണ്ടായാൽ ആ മരണത്തിലും ഞാനുണ്ടാകും അനന്തേട്ടന്റെ കൂടെ... " "അത്രക്ക് എന്നെ ജീവനാണോ നിനക്കെന്നെ... " "എന്നെക്കാളും എത്രയോ പതിന്മടങ്ങ് ഇഷ്ടമാണ് അനന്തേട്ടന്റെ എനിക്ക്... " അതു കേട്ടതും അനന്തൻ പാർവ്വതിയെ ചേർത്തു പിടിച്ചു... "പാറൂ... " പെട്ടന്നൊരലർച്ച കേട്ട് അവർ ഞെട്ടി വേർപിരിഞ്ഞു... "അസത്തെ... നിനക്ക് പ്രേമിക്കാനും കൊഞ്ചികുഴയാനും കിട്ടിയത് ഈ എരണം കെട്ടവനെയാണോ... കാര്യസ്ഥൻ നാണു പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല...

വീടിന്റെ ഏഴകലത്തിൽ നിർത്തേണ്ട ഇവനെ ചേർത്തു പിടിച്ചു നിൽക്കുന്നു... തറവാടിന് പേരുദോഷം വരുത്തിവച്ച ഈ കഴിവേറിമോളെ പിടിച്ചുകൊണ്ടുപോയി ഏതെങ്കിലും മുറിയിലിട്ട് പൂട്ടെടാ... " പാർവ്വതിയുടെ അച്ഛൻ രാമഭദ്രൻ ആൺമക്കളായ ശിവഭദ്രനോടും ദേവഭദ്രനോടും ആക്രോശിച്ചു... അവർ പാർവതിയെ പിടിച്ചുവലിച്ച് തറവാട്ടിലേക്ക് കൊണ്ടുപോയി... രാമഭദ്രൻ പിന്നെ അനന്തനെ രൂക്ഷമായി നോക്കി... "നീ പുതുശ്ശേരി തറവാട്ടിലെ പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടു അല്ലേ.. ഇല്ല... ഇതിന് നീ ശിക്ഷ അനുഭവിച്ചേ മതിയാകൂ... നാണൂ... " "രാമഭദ്രൻ തിരിഞ്ഞ് നാണുവിനെ വിളിച്ചു... എന്തിനുംപോന്ന ശരീരപ്രകൃതിയുള്ള നാണു അനന്തന്റെ അടുത്തേക്ക് വന്നു... കഴുത്തിലിട്ട തോർത്ത് ചുരുട്ടി അത് അനന്തന്റെ കഴുത്തിൽ ചുറ്റി... പിന്നെ ആ തോർത്ത് പിടിച്ചുവലിച്ച് കുളത്തിലേക്ക് തള്ളിയിട്ടു... കൂടെ നാണുവും കുളത്തിലേക്ക് ചാടി... അനന്തന്റെ മുടിയിലും കഴുത്തിലും പിടിച്ച് നാണു വെള്ളത്തിൽ മുക്കി... അനന്തൻ സ്വാസംകിട്ടാതെ വെള്ളത്തിനടിൽപിടഞ്ഞുകൊണ്ടിരുന്നു...

അവസാനം ജീവനില്ലാത്ത അനന്തന്റെ ശരീരം പൊങ്ങിവന്നു... "അനന്തേട്ടാ... " വേദിക ഉറക്കത്തിൽനിന്ന് അലറി വിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു... അവൾ കട്ടിലിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു... "എന്താ... എന്തുപറ്റീ മോളേ... " കൂടെ കിടന്നിരുന്ന പ്രസന്ന ചോദിച്ചു... "എന്റെ അനന്തേട്ടൻ... അനന്തേട്ടനെ അവർ... " വേദിക വിറയലോടെ പറഞ്ഞു... "അനന്തേട്ടനോ... ഏത്, അനന്തേട്ടൻ.. നീ ഇന്നും ആ സ്വപ്നം കണ്ടു അല്ലേ... " "അമ്മേ ഞാൻ... എന്താണ് എന്നും ഞാൻ ആ സ്വപ്നംതന്നെ കാണുന്നത്... അനന്തേട്ടന് നന്ദേട്ടന്റെ അതേ രൂപവും മുഖച്ഛായയുമാണ്... പാർവതി ഞാനും... അമ്മേ നന്ദേട്ടന് എന്തെങ്കിലും സംഭവിക്കുമോ... " "എന്താ മോളേയിത്... ഒരു സ്വപ്നം കണ്ടെന്ന് കരുതി ഇങ്ങനെ പേടിച്ചാലോ... നീ ഈ വെള്ളം കുടിച്ച് കിടന്നുറങ്ങാൻ നോക്ക്... " പ്രസന്ന ജഗ്ഗിലെ വെള്ളം വേദികക്ക് കൊടുത്തു... അത് അവൾ വാങ്ങിച്ചുകുടിച്ചു... വാതിൽ മുട്ടുന്ന ശബ്ദംകേട്ട് പ്രസന്ന വാതിൽ തുറന്നു... ശ്രീധരമേനോനും വരുണും കിരണും മുറിയിലേക്ക് വന്നു... "എന്താണ് എറ്റുപറ്റീ മോളേ... എന്തിനാണ് എന്റെ കുട്ടി കരഞ്ഞത്..." വേദികയുടെ അടുത്തിരുന്നുകൊണ്ട് ശ്രീധരമേനോൻ ചോദിച്ചു... അത് ഞാൻ വീണ്ടും വീണ്ടും ആ സ്വപ്നം തന്നെ കാണുന്നു അച്ഛാ...

എനിക്ക് പേടിയാകുന്നു... നന്ദേട്ടന് എന്തെങ്കിലും പറ്റുമോ എന്നാണ് എനിക്ക്... " "എന്താമോളേയിത്... ഇത് വെറുമൊരു സ്വപ്നമല്ലേ... ഓരോന്നാലോചിച്ച് കിടന്നിട്ടാണ് ഇതുതന്നെ കാണുന്നത്... രാമനാമം ജപിച്ച് കിടക്കണമെന്ന് എപ്പോഴും പറയാറില്ലേ... " "ജപിക്കാറുണ്ട്... പക്ഷേ എന്നിട്ടും... " "സാരമില്ല... നല്ലതു മാത്രം മനസ്സിൽ നിനച്ച് കിടക്കുക... അതാണ് വേണ്ടത്... മോള് കിടന്നോ... നമുക്ക് രാവിലെ അമ്പലത്തിലൊന്ന് പോകാം... അവിടുത്തെ തിരുമേനിയോട് പറഞ്ഞ് ഒരു ചരടും കെട്ടിക്കാം... തൽക്കാലം മോള് കിടന്നോ... " വേദിക കിടന്നു... അവളുടെ തലയിലൊന്ന് തലോടിയതിനുശേഷം ശ്രീധരമേനോൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... കൂടെ വരുണും കിരണും.... പ്രസന്നയും അവരുടെ കൂടെ പുറത്തേക്ക് ചെന്നു... "എനിക്കിത് വെറും ഒരു സ്വപ്നമായി കാണാൻ കഴിയുന്നില്ല.... എന്നും ഒരേപോലത്തെ സ്വപ്നം...

എന്താണ് ഇതിന്റെ അർത്ഥം... മാത്രമല്ല കുറച്ചു നാളായി കാവിനു ചുറ്റും വീടിനുപരിസരത്തുമായി രണ്ട് നാഗങ്ങൾവരുന്നു... എന്തോ വലിയ അപകടം വരുന്നതിന്റെ സൂചന പോലെ..." പ്രസന്ന ശ്രീധരമേനോനോട് പറഞ്ഞു... "നീ പറഞ്ഞത് എന്റെ മനസ്സിലും തോന്നിയ ചിന്തയാണ്... ഏതായാലും നമുക്കൊന്ന് മേപ്പല്ലൂർ തിരുമേനിയെ കാണണം... എന്താണ് ഇതിനൊരു പോംവഴി എന്നും അറിയാമല്ലോ... അവളുടെ ജാതകവും കാണിക്കണം... " ശ്രീധരമേനോൻ തന്റെ മുറിയിലേക്ക് നടന്നു... "എന്റെ നാഗദൈവങ്ങളേ നിങ്ങൾക്ക് എന്നും വിളക്കു വച്ച് പൂജിക്കുന്നവളല്ലേ എന്റെ മോള്... അവളെ നിങ്ങൾതന്നെ ഒരു ദോഷവുമില്ലാതെ കാത്തുരക്ഷിക്കണേ... " പ്രസന്ന മനമുരുകി പ്രാർത്ഥിച്ചു........ തുടരും.....

Share this story