സ്വന്തം തറവാട് : ഭാഗം 11

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നിങ്ങൾക്ക് വിശ്വാസം കുറച്ച് കുറവാണല്ലേ... നിങ്ങളുടെ അമ്മ പറഞ്ഞു... നിങ്ങളെ പറഞ്ഞ് മനസ്സിലാക്കി ഇന്ന് നമ്മൾ നാലുപേരും കൂടി അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു... എന്താ അതിന് വല്ല ബുദ്ധിമുട്ടുമുണ്ടോ... " "എന്ത് ബുദ്ധിമുട്ട്... അമ്പലത്തിൽ പോകുന്നത് നല്ലതല്ലേ... എനിക്ക് വിശ്വാസക്കുറവൊന്നുമില്ല... പക്ഷേ അമിതമായ അന്ധവിശ്വാസം ഇല്ലെന്നു മാത്രം... കണ്ട പാമ്പിനേയും പഴുതാരയേയും പൂജിക്കുന്നതും കള്ള മന്ത്രവാദിനികളായി നടക്കുന്നവരെയും എനിക്ക് വിശ്വാസമില്ല... അതെല്ലാം കാണുന്നത് എനിക്ക് ദേഷ്യവുമാണ്... മന്ത്രവും തന്ത്രവുമായി മനുഷ്യർക്ക് എന്തും ചെയ്തുകൂട്ടാമെന്ന വിശ്വാസം അതിനോടാണ് എനിക്ക് വെറുപ്പ്... ഈശ്വരൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് അത് അതുപോലെത്തന്നെ മാത്രമേ നടക്കൂ... അല്ലാതെ ഒരു മാന്ത്രികനും അതൊന്നും മാറ്റിമറിക്കാൻ കഴിയില്ല... അങ്ങനെയാണെങ്കിൽ ലോകം ഇങ്ങനെയാകുമോ... " "അവരവരുടെ വിശ്വാസം അത് നമ്മൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല... നിങ്ങളുടെ വിശ്വാസം എങ്ങനെയാണോ അതുപോലെ മറ്റുള്ളവരും ആകണമെന്ന വാശി പാടില്ല...

ഉദാഹരണത്തിന് എന്റെ വിശ്വാസം എന്താണോ അതായിരിക്കില്ല എന്റെ വിശ്വാസം... അത് മുന്നിൽകണ്ട് ജീവിക്കണം... ഇല്ലെങ്കിൽ ആ ദാമ്പത്യത്തിന്റെ ആയുസ്സ് കുറവായിരിക്കും... " "ആയിക്കോട്ടെ... അതിന് ആരും തടസ്സം നിൽക്കില്ല... പക്ഷേ അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല... എന്തായാലും നമ്മൾളതുപറഞ്ഞ് പ്രശ്നം വഷളാക്കേണ്ട... നീ റഡിയായിക്കോ ഞാൻ കുളിച്ച് വരാം... " കിരൺ ചായ കുടിച്ചതിനുശേഷം ബാത്രൂമിലേക്ക് നടന്നു... " ഈ സമയം വരുണിന്റെ മുറിയിൽ... "ഹലോ മാഷേ ഇതുവരെ എണീറ്റില്ലേ... നേരം എത്രയായി എന്നറിയുമോ... മണി ആറ് കഴിഞ്ഞു... " ദീപിക വരുണിന്റെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു... "അതേ അയിട്ടുള്ളൂ അപ്പോൾ ഇനിയും ഒരുമണിക്കൂർ കൂടി കിടക്കാൻ സമയമുണ്ട്..." പുതപ്പ് തലവഴി മൂടിക്കൊണ്ട് ദീപിക പറഞ്ഞു... എന്നാൽ ദീപിക ആ പുതപ്പ് പിടിച്ചു വലിച്ചു... "അങ്ങനെയിപ്പം ഇറങ്ങേണ്ട... പെട്ടന്ന് എഴുന്നേറ്റേ... നമുക്ക് ഒരു വഴി പോകാറുണ്ട്... കിരണേട്ടനും ശിൽപ്പയും റഡിയായിട്ടുണ്ടാകും... "

"എവിടേക്കാണ് പോകാൻ... വല്ല സൽക്കാരവുമുണ്ടോ... " "അതൊന്നുമല്ല... ഞാനും ശിൽപ്പയും ഈ വീട്ടിൽ വന്നു കയറിയ ആദ്യത്തെ പുലരിയല്ലേ... നമുക്ക് അമ്പലത്തിൽ പോകണം... " "അമ്പലത്തിലോ... " "അതെ അമ്പലത്തിൽ... എന്തേ അതൊന്നും കേട്ടിട്ടില്ലേ... നിങ്ങൾ രണ്ടുപേർക്കും വിശ്വാസം കുറച്ച് കുറവാണെന്ന് അമ്മപറഞ്ഞറിയാം... എന്നാലും ഇന്ന് എനിക്കുവേണ്ടി അമ്പലത്തിൽ വന്ന് പറ്റൂ..." "ആരുപറഞ്ഞു നിന്നോട് എനിക്ക് വിശ്വാസമില്ലെന്ന്... അങ്ങനെയെങ്കിൽ ഗുരുവായൂർ നടയിൽവച്ച് നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തുമോ... വിശ്വാസം എന്നത് അവനവന്റെ മനസ്സിലാണ് വേണ്ടത്... അത് പ്രദർശിപ്പിച്ച് നടക്കുകയല്ല വേണ്ടത്... അതുപോലെ അന്ധവിശ്വാസവും നല്ലതല്ല... നിന്റെ ആഗ്രഹമല്ലേ.. നീ റഡിയായിക്കോ... ഞാൻ പല്ലുതേച്ച് കുളിച്ചുവരാം... " അവർ നാലുപേരും കൂടി അമ്പലത്തിലേക്ക് പോയി തിരിച്ചുവന്നു... എന്നാൽ എന്തോ ശിൽപ്പയുടേയും ദീപികയുടേയും പെരുമാറ്റം പ്രസന്നക്കും വേദികക്കുമത്ര പിടിച്ചിരുന്നില്ല... മറ്റൊരു വീട്ടിൽ അവരുടെ രീതിക്കനുസരിച്ച് ജീവിച്ചു പോന്നതാവാം എന്ന് മനസ്സിൽ വിരാചിച്ച് അവർ സമാധാനിച്ചു...

ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുകൊണ്ടിരുന്നു... കിരൺ രണ്ടുദിവസത്തെ ലീവിനുശേഷം ഹോസ്പിറ്റലിൽ പോയി തുടങ്ങിയെങ്കിലും വരുൺ ഒരാഴ്ചകൽത്തെ ലീവിന് ശേഷമാണ് പോയിത്തുടങ്ങിയത്... കൂടെദീപികയും പോയിരുന്നു... എന്നാൽ വീട്ടിൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞുകൂട്ടുകയായിരുന്നു ശിൽപ്പ... അന്ന് വൈകീട്ട് കിരൺ വന്നപ്പോൾ ഒരു കപ്പ് ചായയുമായി ശിൽപ്പ മുറിയിലേക്ക് വന്നു... "ഹലോ ഡോക്ടർസാറേ... നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി... നമ്മൾതമ്മിലൊരു കണ്ടീഷൻ പറഞ്ഞുറപ്പിച്ചിരുന്നു... നിങ്ങളുടെ അച്ഛൻ ചിലപ്പോൾ മറന്നിരിക്കാം... പക്ഷേ നിങ്ങൾക്ക് മറക്കാൻ പറ്റില്ലല്ലോ... എന്തായി അതിന്റെ കാര്യങ്ങൾ... ഇതുവരെ ആരും വേദികയോടത് പറഞ്ഞിട്ടില്ല... ദേ നോക്ക് വാക്ക് പാലിക്കുന്നവരാണ് പുതുശ്ശേരി തറവാട്ടുകാർ എന്ന് കേട്ടിട്ടുണ്ട്... പക്ഷേ ഈ കാര്യത്തിൽ അത് കാണുന്നില്ല... എന്താണ് ഇനിയത് വേണ്ടെന്ന് തീരുമാനിച്ചോ... അങ്ങനെ വല്ലതുമാണെങ്കിൽ പറഞ്ഞേക്കണം... " "എടോ ഇതൊക്കെ ധൃതിയിൽ തീരുമാനിക്കേണ്ടതാണോ...

എല്ലാം സാവകാശത്തിൽ വേണ്ടേ ചെയ്യാൻ... പെട്ടന്ന് അവളോട് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ... ഞാനൊരു വഴി കണ്ടിട്ടുണ്ട്... അതിന് പറ്റിയൊരു സന്ദർഭം ഉണ്ടാവണമെന്ന് മാത്രം... " "അത് നിങ്ങൾ എന്തു ചെയ്താലും വേണ്ടില്ല... എത്രയും പെട്ടെന്ന് ഇതിലൊരു തീരുമാനമുണ്ടാകണം... അതല്ല മറിച്ചീണെങ്കിൽ എന്റെ അച്ഛനെ അറിയാമല്ലോ... പറഞ്ഞില്ലെന്ന് വേണ്ട... " "അതും പറഞ്ഞ് ശിൽപ്പ മുറിയിൽനിന്ന് പുറത്തേക്ക് പോയി... " കിരൺ ഫ്രഷായി ഹാളിലേക്ക് വന്നു... അവിടെ സംസാരിച്ചിരിക്കുന്ന ശ്രീധരമേനോനേയും വരുണിനേയും വിളിച്ച് പുറത്തേക്ക് നടന്നു... "എന്താടാ കിരണേ... " ശ്രീധരമേനോൻ ചോദിച്ചു... "അച്ഛാ നമ്മൾ ശിൽപ്പയുടെ അച്ഛന് ഒരു വാക്ക് നൽകിയിരുന്നു... ഓർമ്മയില്ലേ... അതിനെപ്പറ്റിയുള്ള ഒരു കാര്യവും ഇവിടെ സംസാരിച്ചു കേൾക്കുന്നില്ല... എന്താ നിങ്ങൾ കൊടുത്ത വാക്ക് മാറ്റാൻ വല്ല ഉദ്ദേശവുമുണ്ടോ... " "അതെന്താ കിരണേ നീ അങ്ങനെ പറഞ്ഞത്... ഞാൻ കൊടുത്ത വാക്ക് മാറ്റുമെന്ന് തോന്നുന്നുണ്ടോ...

പക്ഷേ എന്ത് കാരണത്താലാണ് അവളോട് നന്ദനെ മറക്കാൻ പറയുക... അതിനൊരു കാരണം വേണ്ടേ... " "വേണം... അത് നമ്മൾ തന്നെ കണ്ടുപിടിക്കണം... അതിനൊരു വഴി ഞാൻ കണ്ടിട്ടുണ്ട്... അച്ഛനും ഏട്ടനും അതിന് സമ്മതം തന്നാൽ മതി... " "എന്തു വേണമെങ്കിലും ചെയ്യാം പക്ഷേ പിന്നീടത് ആർക്കും ദോഷമുണ്ടാക്കുന്നതാവാൻ പാടില്ലെന്ന് മാത്രം..." വരുൺ പറഞ്ഞു.. അതുകൊണ്ട് നമുക്ക് ദോഷമൊന്നും ഉണ്ടാവില്ല... മറിച്ച് നമ്മൾ വിചാരിച്ച കാര്യങ്ങൾ ഭംഗിയായി നടക്കുകയേയുള്ളൂ... " "എന്താന്നുവച്ചാൽ ചെയ്യ്... അതേ എനിക്ക് പറയാനുള്ളൂ... " ശ്രീധരമേനോൻ അകത്തേക്ക് നടന്നു... " "എന്താടാ നീ കണ്ട വഴി... " വരുൺ ചോദിച്ചു... കിരൺ ഒന്ന് ചിരിച്ചു. " കൊള്ളാം... ... വേദിക അവനെ വെറുക്കാൻ പറ്റിയ കാര്യമാണെന്ന് ഏട്ടൻ കരുതിക്കോ... ഏട്ടൻ കളി ഗാലറിയിലിരുന്ന് കണ്ടോ... " അതും പറഞ്ഞ് ഒരു ചിരിയോടെ കിരൺ അകത്തേക്ക് നടന്നു... "എന്താ വരുണേട്ടാ അച്ഛനും മക്കളും കൂടി ഒരു രഹസ്യം... കുറച്ചു നേരമായി ഞാൻ കാണുന്നു... ആദ്യം അച്ഛൻ പോയി ഇപ്പോൾ എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് കിരണേട്ടനും പോയി...

എന്താണ്... ഞങ്ങളാരും അറിയാൻ പറ്റാത്ത വല്ലതുമാണോ... കിരൺ പോകുന്നത് കണ്ട് വരുണിന്റെയടുത്തേക്ക് വന്ന ദീപിക ചോദിച്ചു "ഒന്നുമില്ല... വേദികയുടെ വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചതാണ്... " "എന്നിട്ട് എന്തു തീരുമാനിച്ചു... ആ നന്ദേട്ടനെ ഒഴിവാക്കാൻ വല്ല ബുദ്ധിയും മനസ്സിൽ തെളിഞ്ഞോ... " "നീയെങ്ങനെ അറിഞ്ഞു ഇതെല്ലാം... " അതുകേട്ട് ദീപിക ചിരിച്ചു... "എന്റെ വരുണേട്ടാ എന്തു ചോദ്യമാണ് ഇത്... വരുണേട്ടാ കാണുന്നതിനുമുന്നേ ശിൽപ്പയേയും അവളുടെ വീട്ടുകാരേയും എനിക്കറിയാം... ഞാനും ശിൽപ്പയും തമ്മിൽ പങ്കു വെക്കാത്തതു രഹസ്യമില്ല... അത് പണ്ടുമുതലേ അങ്ങനെയാണ്... അന്നേരം ഈ കാര്യം ഞാനറിയാതിരിക്കുമോ... " "അത് ഞാനോർത്തില്ല... കിരൺ എന്തോ വഴി കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്... അവസാനം അത് മറ്റൊരു പ്രശ്നമായി മാറാതിരുന്നാൽ മതി... " "പിന്നേ മറ്റൊരു പ്രശ്നം... ഒരു പ്രശ്നവുമുണ്ടാവില്ല... വേദികയെ അയാളിൽനിന്നകറ്റാൻ പറ്റിയ എന്തെങ്കിലുമായിരിക്കണമെന്നുമാത്രം... അവളിൽ അയാളോട് വെറുപ്പുണ്ടാക്കുന്ന സന്ദർഭം ഉണ്ടാവണം...

ചെറിയൊരു പിഴവുണ്ടായാൽ പിന്നെ എല്ലാം പൊളിയും... പിന്നെ എങ്ങനെ തലകുത്തിമറിഞ്ഞാലും അവളെ നമ്മുടെ രീതിയിലേക്ക് കൊണ്ടുവരാൻ കഴിയില്ല... " "അറിയാം... പക്ഷേ കിരൺ എന്തു തീരുമാനമാണ് എടുത്തത് എന്ന് അവനു മാത്രമേ അറിയൂ... ഏതായാലും നമുക്ക് നോക്കാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അച്ഛാ നാളെ എനിക്കൊരു ഇന്റർവ്യൂ ഉണ്ട്... ഞാനതിന് പോകട്ടെ... എന്റെയൊരു കൂട്ടുകാരി വിളിച്ചു പറഞ്ഞതാണ്..." ശ്രീഷ്മ നാരായണന് ഭക്ഷണം വിളമ്പികൊടുക്കുന്നതിനിടയിൽ പറഞ്ഞു... " "എന്തിന്റെ ഇന്റർവ്യൂ... " നാരായണൻ ചോദിച്ചു... അത് പ്രൈവറ്റ് കമ്പനിയിൽ ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂ ആണ്... നാളെ രാവിലെ പത്തുമണിക്ക് നമ്മുടെ ടൌണിലുള്ള അവരുടെ കമ്പനി ഗസ്റ്റഔസിൽ വച്ചാണ് ഇന്റർവ്യൂ... തുടക്കത്തിൽ പതിനായിരം രൂപ കിട്ടും... പിന്നെ പരിചയമായിക്കഴിഞ്ഞാൽ ശമ്പളം കൂട്ടിത്തരുമെന്നാണ് പറഞ്ഞത്... കിട്ടുമെന്ന് ഉറപ്പില്ല... ആകെ മൂന്നുപേർക്കുള്ള ചാൻസേയുള്ളു... അതിനുതന്നെ ഒരുപാട് പേരുണ്ടാകും... എന്നാലും ഒന്ന് ശ്രമിക്കാം എന്നേയുള്ളൂ... ഭാഗ്യത്തിന് കിട്ടിയാലോ... "

"നിനക്കെന്തിനാണ് ഇപ്പോൾ ജോലി... റിസൾട്ട് വന്നാൽ തുടർന്ന് പഠിക്കാനുള്ളതല്ലേ... " "അതിന് ഇനിയും സമയമില്ല... റിസൾട്ട് വന്നിട്ടല്ലേ... അതുവരെ പോവാലോ... അച്ഛൻ പണിയെടുക്കുന്ന പണം അമ്മയുടെ മരുന്നിനും വീട്ടിലെ ചിലവിനും വേണ്ടി തികക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ഞാൻ കാണുന്നതല്ലേ... എന്റെ റിസൾട്ട് വന്ന് തുടർന്നു പിടിക്കാനും ശ്രീകുട്ടന്റെ പഠനചിലവിനുമായി വല്ലതും കിട്ടുന്നത് നല്ലതല്ലേ... എത്രയെന്ന് കരുതിയാണ് മറ്റുള്ളവരോട് കടം വാങ്ങിച്ചു കൂട്ടുക... " "എന്നാലും മോളേ... നീ ഈ ചെറുപ്രായത്തിൽ ജോലിക്കു പോവുക എന്നു പറഞ്ഞാൽ... " "അതൊക്കെ നോക്കി നടന്നാൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ കഴിയില്ല... മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ നമുക്കും ജീവിക്കേണ്ടേ അച്ഛാ... " "നിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ ഞാൻ എതിരുനിൽക്കുന്നില്ല... പക്ഷേ നാളെ എനിക്ക് പണിയുണ്ടല്ലോ... നിന്റെ കൂടെ വരാൻ എനിക്ക് കഴിയില്ലല്ലോ... " "അച്ഛനെന്തിനാ വരുന്നത്... അധികം ദൂരമൊന്നുമില്ലല്ലോ... " എന്നാൽ മോള് പോയി വാ... "... പെട്ടന്ന് വരണേ അമ്മയുടെ അടുത്ത് ശ്രീ കുട്ടൻ മാത്രമേ ഉണ്ടാകൂ... " "ഞാൻ തെക്കേലെ ലീലചേച്ചിയോട് അമ്മയെ ശ്രദ്ധിക്കാൻ പറയാം... അമ്മക്ക് കഞ്ഞിയുണ്ടാക്കി വച്ചിട്ടേ പോകൂ... ഉച്ചയാകുമ്പോഴേക്കും ഞാനെത്തില്ലേ... " "ഉം... " എന്നാൽ വലിയൊരു അപകടത്തിലേക്കാണ് അവൾ നടന്നുനീങ്ങുന്നതെന്ന് അവളറിഞ്ഞില്ല........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story