സ്വന്തം തറവാട് : ഭാഗം 13

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എടാ ഒരു പെണ്ണിനേയും കൊണ്ടുവന്ന് തെമ്മാടിത്തരം കാണിച്ചിട്ട് എന്നെ തല്ലുന്നോ നീ... അയാൾ നന്ദന്റെ നേരെ കുതിച്ചു... അപ്പോഴേക്കും കുറച്ച് പോലീസുകാർ അവിടെയെത്തി... അപ്പോഴേക്കും നന്ദൻ ഫോണെടുത്ത് ആർക്കോ മെസ്സേജ് അയച്ചിരുന്നു... "എന്താ എന്താണിവിടെ ആരാണ് സ്റ്റേഷനിലേക്ക് വിളിച്ചത്... " "ഞങ്ങളാണ് സാർ... ഇവരാണ് സാർ ആ മഹാനും മഹതിയും... " ആ പോലീസുകാരൻ നന്ദനേയും ശ്രീഷ്മയേയും നോക്കി... ശ്രീഷ്മ നന്ദന്റെ മറവിലേക്ക് മാറിനിന്നു... " "ഇങ്ങോട്ട് മാറിനിൽക്കടീ... തോന്നിവാസത്തിന് ഇറങ്ങുമ്പോൾ ഈ പേടിയും നാണവുമൊന്നുമില്ലായിരുന്നല്ലോ... " ഒരു പോലീസുകാരൻ ശ്രീഷ്മയോട് പറഞ്ഞു... അവൾ മുന്നിലേക്ക് വന്നതും ആദ്യം വന്നവരിൽ ഒരുവൻ അവരുടെ ഫോട്ടോ എടുത്ത് ആർക്കോ അയച്ചു സാർ... സാർ കാര്യമറിയാതെയാണ് സംസാരിക്കുന്നത്... മാന്യം മര്യാദയായി ജീവിക്കുന്ന കുടുംബത്തിലുള്ളവരാണ് ഞങ്ങൾ... " "പിന്നേ മാന്യവും മര്യാദയും... ഇതാണോ നിന്റെയൊക്കെ മാന്യവും മര്യാദയും... എടോ പത്രക്കാരേയും ന്യൂസ്ചാനലുകാരേയും വിളിച്ചു പറഞ്ഞോ നിങ്ങൾ... "

"ഇല്ല സാറുമാര് വന്നിട്ട് വിളിക്കാമെന്ന് കരുതി... " അതേതായാലും നന്നായി... പുതിയ എസ്ഐ ചാർജ്ജെടുക്കുമ്പോൾ കിട്ടിയ ആദ്യത്തെ കോളല്ലേ... അദ്ദേഹം വന്നിട്ട് വിളിക്കാം... " "സാർ, ഇവിടെയൊരു ജോലിയുടെ ഇന്റർവ്യൂ ഉണ്ടെന്ന് ഇവളുടെ കൂട്ടുകാരി പറഞ്ഞതനുസരിച്ച് വന്നതാണ്... എന്റെ അടുത്തുള്ള കുട്ടിയാണിത്... അല്ലാതെ ഇവർ പറയുന്നതുപോലെ ഒന്നുമില്ല... " "പിന്നേ ഇതിന്റെ ഓണറുടെ പൂട്ടികിടക്കുന്ന കമ്പിനിയിലേക്കാണല്ലോ ആളെ ഇന്റർവ്യൂ ചെയ്യുന്നത്... പറയുമ്പോൾ മറ്റുള്ളവർ വിശ്വസിക്കുന്നതരത്തിലെങ്കിലും പറ... " "സത്യമാണ് സാർ.. വേണമെങ്കിൽ താഴെയുള്ള സെക്യൂരിറ്റിയോട് ചോദിച്ചുനോക്ക്... " അതുതന്നെ കളവാണ് സാർ... ഇവിടെ സെക്യൂരിറ്റിയില്ല... ഇതിന്റെ മുതലാളിമാർ ഇടക്ക് വന്ന് വെള്ളമടിക്കുന്ന സ്ഥലമാണിത്... ഇത് വിൽക്കാനിട്ടിരിക്കുകയാണ്... അതാണ് ഇതിന്റെ ഗെയ്റ്റും വാതിലുമെല്ലാം പൂട്ടാതെ വച്ചിരിക്കുന്നത്... " "എടാ മോനേ നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല... കാരണം... നിങ്ങൾ ഇവിടെ വരണമെങ്കിൽ അതിനല്ലാതെ വേറൊന്നിനുമല്ല... "

"അപ്പോഴേക്കും എസ്ഐ വിശാഖ് അവിടെയെത്തി... അവൻ നന്ദനേയും ശ്രീഷ്മയേയും നോക്കി... "മ് എന്താ എല്ലാവരും ഇവിടെ കൂടി നിൽക്കുന്നത്... എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാൽ അന്നേരം എത്തും നിങ്ങളെപ്പോലെയുള്ള വർ... " വിശാഖ് പറഞ്ഞു... "സാറെന്തു വർത്തമാനമാണ് പറയുന്നത്... ഇവരെ കയ്യോടെ പൊക്കിയത് ഞങ്ങളാണ്... ഞങ്ങളാണ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്... " "എന്ത് കയ്യോടെ പൊക്കിയെന്ന്... ഒരാണും പെണ്ണും ഒറ്റക്ക് എവിടെയെങ്കിലും നിന്നാൽ അത് നീയൊക്കെ ഉദ്ദേശിക്കുന്ന കാര്യമാകുമോ... " "സാറേ ഇവർ കുറേ നേരമായി ഇവിടേക്ക് കോറിയിട്ട്... ഇത്രയും നേരം ഇവിടെയുണ്ടാവണമെങ്കിൽ അത് ഞങ്ങൾ ഉദ്ദേശിച്ച കാര്യത്തിനു തന്നെയാണ്... " "അത് നിനക്കൊക്കെ എങ്ങനെ മനസ്സിലായി... നിങ്ങൾ നേരിട്ട് കണ്ടോ ഇതൊക്കെ... അതു പോട്ടെ ഇവർ ഇവിടേക്ക് കയറി വരുന്നത് നിങ്ങൾ കണ്ടെന്നല്ലേ പറഞ്ഞത്... എന്തുകൊണ്ട് നിങ്ങൾ അന്നേരമിവരെ തടഞ്ഞില്ല... പോട്ടെ... ഇവർ കയറി വന്നതിനുശേഷം നിങ്ങൾ എന്തുകൊണ്ട് ഇവിടേക്ക് വന്നില്ല... "

"അതു പിന്നേ... അത് സാറേ ഇതുപോലെ ഒരു പ്രവൃത്തി കണ്ട് സംശയം തോന്നി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു പറഞ്ഞപ്പോൾ ഇപ്പോൾ ഞങ്ങളായോ കുറ്റക്കാർ... " "അതേ നിങ്ങൾ തന്നെയാണ് കുറ്റക്കാർ... ആർക്കോ വേണ്ടി നിങ്ങൾ ഇതു ചെയ്തു... അല്ലെങ്കിൽ സദാചാര പോലീസ് ചമഞ്ഞ് നിങ്ങൾ കാണിച്ചു കൂട്ടി... ഇതിൽ ആദ്യം പറഞ്ഞതിന് തന്നെയാണ് ചാൻസ് കൂടുതൽ... കാരണം ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് ഇവളെ വിളിച്ച് പറഞ്ഞത് ഇവളുടെ കൂട്ടുകാരിയാണ്... എന്നാൽ അവരല്ല യഥാർത്ഥ പ്രതി... ഒരു ജോലിക്കാര്യം കേട്ടപ്പോൾ ഇവളുടെ അവസ്ഥയറിഞ്ഞ് ആ കൂട്ടുകാരി ഇവളെ വിളിച്ചു പറഞ്ഞു... ആ കൂട്ടുകാരി ക്ക് അവളുടെ മറ്റൊരു കൂട്ടുകാരിയാണ് വിളിച്ചുപറഞ്ഞത്... അവരാണ് ഇതിലെ വില്ലത്തി... എന്താ സത്യമല്ലേ... മക്കളേ ഞാൻ ഇന്നേ ചാർജ്ജെടുത്തിട്ടുള്ളൂ എന്നു കരുതി ഈ നാട് എനിക്ക് അപരിചിതമൊന്നുമല്ല... ഞാൻ ജനിച്ചുവളർന്ന നാടാണ് ഇത്... ഇവിടെയുള്ള ഏതൊരാളെയും എനിക്കറിയാം... ഇവൻ നന്ദൻ എന്റെ കളിക്കൂട്ടുകാരനാണ്... ഇവൾ ഞങ്ങൾക്ക് അത്രയും വേണ്ടപ്പെട്ട കുടുംബത്തിൽ ജനിച്ചവളാണ്...

ഈ നാടുമായി യാതൊരു ബന്ധവുമില്ലാത്ത നിങ്ങൾ കരക്റ്റ് സമത്ത് ഈ ഗസ്റ്റൌസിന് മുന്നിൽ തന്നെ വന്നു നിൽക്കണമെങ്കിൽ എത്ര കിട്ടി ഇതിന്റെ സൂത്രധാരനിൽനിന്ന്... ഇവൻ ഇവിടെയെത്തിയ സമയം മുതൽ ഞാൻ ഇവിടെ എത്തുന്നതിനു മുന്നേ വരേയുള്ള കാര്യങ്ങൾ അപ്പപ്പോൾ എനിക്ക് മെസ്സേജ് ചെയ്തിരുന്നു...അപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്... അതുകൊണ്ട് എനിക്ക് വേണ്ടപ്പെട്ട ഒരാളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അവനിവിടെ താഴെ നിന്നെയൊക്കെ ശ്രദ്ധിച്ച് നിൽക്കുന്നുണ്ടായിരുന്നു.... താഴെ നിന്റെ തലതൊട്ടപ്പൻ ഏർപ്പാടുചെയ്ത് സെക്യൂരിറ്റി വേഷമണിഞ്ഞ് നിന്നവനെ അവൻ പൊക്കി... അവൻ വെറും ഒരു കൂലിത്തല്ലുകാരൻ പണം കിട്ടിയാൽ ആരേയും തല്ലുകയും കയ്യും കാലും ഒടിച്ചിടുന്നവൻ... ഏതോ നമ്പറിൽ നിന്ന് വന്ന കോളിന്റെ അടിസ്ഥാനത്തിൽ ചെയ്ത ജോലി അതിന് മുൻകൂറായി അവന്റെ അക്വൌണ്ടിലേക്ക് പണവും അയച്ചു കൊടുത്തിരുന്നു... പണം കിട്ടിയതനിനുള്ള ജോലി അവൻ ചെയ്തു അത്രയേ ഉള്ളൂ...

പക്ഷേ നിങ്ങൾക്ക് അതാരാണെന്ന് വ്യക്തമായി അറിയാം അത് നിങ്ങൾ പറഞ്ഞേ തീരൂ... " വിശാഖ് പറഞ്ഞു... എന്നാൽ പെട്ടെന്നായിരുന്നു അവരുടെ മുന്നിലെ പോലീസുകാരെ തള്ളി അവർ ഓടിയത്... അവരുടെ വഴിയേ മറ്റു പോലീസുകാർ ഓടാൻ തുടങ്ങിയതും വിശാഖവരെ തടഞ്ഞു... "വേണ്ട... അവരെ കിട്ടിയിട്ട് കാര്യമില്ല... കിട്ടേണ്ടത് ഇതിന്റെ മെയിൻ സൂത്രധാരനെയാണ്... അത് ഞാൻ കണ്ടുപിടിച്ചോളാം... പിന്നെ നിങ്ങളുടെ ശുഷ്കാന്തി അത് ഞാൻ അങ്ങീകരിച്ചിരിക്കുന്നു... ഇതുപോലെ ഒരു കേസ് ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാൽ അവിടേക്ക് എത്താൻ വല്ലാത്ത ശുഷ്കാന്തിയാണല്ലോ... എല്ലാ കേസിന്റെ കാര്യത്തിലും ഇതുപോലെ ഉണ്ടായാൽ മതി... എന്നാൽ നിങ്ങൾ ചെല്ല്... " പോലീസുകാർ അവിടെനിന്നും പോന്നു... " "വിശാഖേ.. ഇത്... ഇത് എന്തിന് ആർക്കുവേണ്ടി ചെയ്തു... അതിൽ ഒന്നുമറിയാത്ത ഇവളെ എന്തിന് കുടുക്കി... " "അതു പറയാൻ വരട്ടെ... ഇതാരുടെ നേരെയുള്ളതാണ് എന്ന് പറയാൻ ആയിട്ടില്ല.... അത് ഞാൻ തന്നെ കണ്ടുപിടിച്ചോളാം...

പിന്നെ നിന്നെ ഏത് കൂട്ടുകാരിയാണ് ഇങ്ങനെയൊരു ജോലിയുടെ കാര്യം പറഞ്ഞത്... " "അത് അവളറിഞ്ഞുകാണില്ല ഇതിലെ ചതി... വേണ്ട വിശാഖേട്ടാ എനിക്ക് പറ്റാനുള്ളത് പറ്റി... ഇനി അവളേയും ഇതിലേക്ക് വലിച്ചിഴക്കേണ്ട... എനിക്ക് പരാതിയില്ല... പക്ഷേ ഇത് എന്റെ അച്ഛൻ അറിഞ്ഞാലുണ്ടാവുന്ന കാര്യത്തെക്കുറിച്ച് എനിക്ക് പേടി... അല്ലാതെതന്നെ ഒരുപാട് നാണംകെടുന്നുന്നുണ്ട് അച്ഛൻ ഇനി ഇതുംകൂടിയറിഞ്ഞാൽ ആ പാവം തെഞ്ചുപൊട്ടി ചാകും... " നന്ദാ നീയിപ്പോൾ ഇവളെ വീട്ടിൽ കൊണ്ടുചെന്നാക്ക്... ഇങ്ങനെയൊരു സംഭവം നടന്നില്ല എന്നുകരുതിയാൽ മതി.. ഒരു കണക്കിന് ഇതിന് കാരണക്കാരൻ ഞാനും കൂടിയാണ്... നിന്നെ നിർബന്ധിച്ച് ഇവളുടെ കൂടെ പറഞ്ഞയച്ചത്... " പെട്ടന്ന് വിശാഖൻ പറഞ്ഞു വന്നത് നിർത്തി... "നന്ദാ നീയും ഇവളും വരുന്നത് ആരെങ്കിലും കണ്ടിരുന്നോ... " "അത് കാണാതിരിക്കുമോ... കവലയിൽ ഒരുപാട് ആളുകളുണ്ടായിരുന്നതല്ലേ... " "അതല്ല... ഇവളുടെ കുടുംബത്തോടോ നിന്നോടോ പകയുള്ള ആരെങ്കിലും.. "

"ഇല്ല ആരേയും കണ്ടില്ല... ഇവളുടെ അച്ഛനോടും എന്നോടും ദേഷ്യമുള്ളത് ആ പ്രദീപന് മാത്രമാണ്... പക്ഷേ വരുന്ന വഴി അവനെ അവിടെയൊന്നും കണ്ടില്ല... എന്താ നീ അങ്ങനെ ചോദിച്ചത്... " "ഒന്നുമില്ല ഇനി അങ്ങനെ വല്ല ട്രാപ്പ് ആയിരുന്നോ എന്നു ചോദിച്ചതാണ്... പക്ഷേ അവിടേയും പ്രശമുണ്ടല്ലോ... ഈ ജോലിയുടെ കാര്യം... അത് നീയറിഞ്ഞതല്ല... ഇവളോട് ഇവളുടെ കൂട്ടുകാരി പറഞ്ഞതുമാണ്... അപ്പോൾ ഇവൾക്കുനേരെയുള്ള കളിയാണ് നടന്നത്... എന്തായാലും നമുക്ക് കണ്ടുപിടിക്കാം... നീയിപ്പോൾ ഇവളെ വീട്ടിൽ എത്തിക്ക് വൈകീട്ട് നമുക്ക് വിശദമായി സംസാരിക്കാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അന്ന് വൈകുന്നേരം കിരൺ നേരത്തേ വീട്ടിലെത്തി അവൻ ശ്രീധരമേനോനേയും വരുണിനേയും പുറത്തേക്ക് വിളിച്ചു പിന്നെ തന്റെ ഫോണിൽ ആരോ തനിക്കയച്ചുതന്ന ഫോട്ടോ അവർക്ക് കാണിച്ചുകൊടുത്തു... അതിൽ നന്ദനും ശ്രീഷ്മയും പോലീസുകാരും നിൽക്കുന്ന ഫോട്ടോയായിരുന്നു... " "എന്താടാ ഇത്... ഇതേതാണ് പെൺകുട്ടി... ഇവരെന്താ പോലീസിന്റെ കൂടെ... " "അപ്പോൾ അച്ഛന് മനസ്സിലായില്ലേ... നന്ദനേയും ഈ പെണ്ണിനേയും അനാശാസ്യത്തിന്റെ പേരിൽ ടൌണിലെ ഏതോ ഗസ്റ്റൌസിൽനിന്ന് പോലീസ് പൊക്കി... " അത് കേട്ട് ശ്രീധരമേനോനും വരുണും ഞെട്ടിത്തരിച്ചുനിന്നു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story