സ്വന്തം തറവാട് : ഭാഗം 18

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഒരു മകളെ നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കുക എന്നത് ഏത് അച്ഛനുമമ്മയുടേയും ആഗ്രഹമാണ്... ആ ആഗ്രഹം ഞാൻ നിറവേറ്റും... നിന്റെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും നിന്റെ വിവാഹം ഞാൻ നടത്തും... " "അച്ഛാ... അച്ഛനെങ്ങനെ ഇത് പറയാൻ കഴിയുന്നു... അച്ഛനെന്താ എന്റെ അവസ്ഥ ആലോചിക്കാത്തത്... ഇത്രയും കാലം തന്റേതെന്നു കരുതി സ്നേഹിച്ച ഒരാള് തന്നെ ചതിച്ചു... സത്യം തന്നെ.... പക്ഷേ അച്ഛൻ പറയുന്നതു പോലെ എങ്ങനെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയും... ഒരച്ഛന് സ്വന്തം മകളോടുള്ള കടമ എനിക്കറിയാം... അവരുടെ ഭാവിയെക്കുറിച്ച് ആവലാധിപ്പെടുന്നുണ്ടെന്നുമറിയാം... പക്ഷേ ഇപ്പോഴത്തെ എന്റെ അവസ്ഥ അച്ഛൻ ആലോചിച്ചുനോക്കിക്കേ... എല്ലാം മറക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ കഴിയുന്നില്ല... അതിനെനിക്ക് കുറച്ചു സമയം തന്നൂടേ... " "മോളേ... അച്ഛന്റെ നിന്നോട് ദേഷ്യമുണ്ടായിട്ടോ നീ ഒരു ബാധ്യതയായിട്ടോ പറയുകയല്ല... അവൻ ആ നന്ദൻ നിന്നെ കിട്ടില്ലെന്ന് കണ്ടാൽ അവനെന്തൊക്കെ ചെയ്തുകൂട്ടുമെന്ന് അറിയില്ല...

അതിനുമുമ്പ് എന്റെ മോളെ സുരക്ഷിതമായ ഒരു കയ്യിലേൽപ്പിക്കണം... അതുകൊണ്ടാണ് പറയുന്നത്... എന്റെ മോൾ സമ്മതിക്കണം... അച്ഛന്റെ അപേക്ഷയാണ്... " എന്നാൽ വേദിക കുറച്ചുനേരം മിണ്ടാതെ എന്തോ ആലോചിച്ച് നിന്നു... "എന്താണ് മോളേ നീയൊന്നും പറയാത്തത്... ഞാൻ നിർബന്ധിക്കുന്നതുകൊണ്ട് മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ... " "എനിക്ക് അച്ഛനോട് ദേഷ്യം തോന്നുമോ... എനിക്കറിയാം അച്ഛൻ എന്റെ ഭാവിയോർത്ത് ഒരുപാട് സങ്കടപ്പെടുന്നുണ്ടെന്ന്... അച്ഛൻ സങ്കടപ്പേടേണ്ട... അച്ഛൻ പറയുന്ന ആരേയും ഞാൻ വിവാഹം കഴിക്കാം... " "മതി മോളേ... അച്ഛന് സന്തോഷമായി... നിന്നെ ചതിച്ചതിന് അവന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരുമാനമാണിത്... എന്നാൽ അച്ഛൻ ശിൽപ്പയുടെ വീട്ടുകാർക്ക് ഉറപ്പുകൊടുക്കാൻ പോവുകയാണ്... " ശ്രീധരമേനോൻ മുറിയിൽനിന്ന് പുറത്തേക്ക് പോയി... "അടുത്തദിവസം രാവിലെ ആൽത്തറയിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു നന്ദൻ... അമ്പലത്തിൽ വരുന്നവരെയൊന്നും അവൻ ശ്രദ്ധിച്ചിരുന്നില്ല...

സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വിശാഖ് നന്ദനെ കണ്ട് അവന്റടുത്ത് ബൈക്ക് നിർത്തി... "എന്താ നന്ദാ നീ ഒറ്റക്ക് ഇവിടെയിരിക്കുന്നത്... ഇന്നലത്തെ കാര്യം നീ വിട്ടില്ലേ... " "അങ്ങനെ വിട്ടുകളയാൻ മാത്രമുള്ള പ്രശ്നമല്ലലോ ഉണ്ടായത്... അതിലൂടെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതമാണ്... ഇത്രയുംകാലം ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് ഇല്ലാതാവുകയാണ്... " "നന്ദാ നീയെന്താണ് പറയുന്നത്... കാര്യമെന്താണെന്നുവച്ചാൽ തെളിച്ചുപറ... " നന്ദൻ ഇന്നലെ നടന്ന സംഭവം കിരണിന്റെ ഫോണിൽ വന്നതും... വേദികയും വീട്ടുകാരും ഈ കാര്യം അറിഞ്ഞതും വേദിക തന്നെ തള്ളിപ്പറഞ്ഞതുമെല്ലാം വിശാഖിനോട് പറഞ്ഞു... " "ഓ അതുശരി... അപ്പോൾ നിന്നേയും പുതുശ്ശേരിക്കാരേയും തെറ്റിൻവേണ്ടിയുമുള്ള ഗൂഡാലോചനയാകുമല്ലേ ഇതെല്ലാം... നീ പേടിക്കേണ്ട നന്ദാ... ഇതിന്റെ പിന്നിൽ ആരാണെന്നത് ഞാൻ നിനക്ക് കാണിച്ചുതരും... നീ വിഷമിക്കാതിരിക്ക്... ഇനിയുള്ള കളി ഇത് ചെയ്തവന്റെ നാശത്തിലേക്കുള്ള വഴിയാണ്... ഇന്ന് വൈകീട്ട് നീ സ്റ്റേഷനിലേക്ക് വാ നമുക്ക് ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്...

എന്നാൽ പറഞ്ഞതുപോലെ വിശാഖ് സ്റ്റേഷനിലേക്ക് പോയി... നന്ദൻ വീട്ടിലേക്ക് നടന്നു... കവലയിലേക്കിറങ്ങാൻ അവന് മനസ്സനുവദിച്ചില്ല... വീട്ടിലെത്തിയ നന്ദൻ നേരെ തന്റെ മുറിയിലേക്ക് നടന്നു... മുറിയിലെത്തിയ അവൻ കട്ടിലിൽ കിടന്നു... "മോനേ... നീയെന്താ കിടക്കുന്നത് സുഖമില്ലേ... അതോ ഓരോന്നാലോചിച്ച് മനസ്സ് വേദനിപ്പിക്കാനാണോ തീരുമാനം... " സുലോചന ചോദിച്ചു... "അമ്മക്കറിയോ ഞാൻ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നെന്ന്... അത് അവൾ മനസ്സിലാക്കാതെ പോയല്ലോ... എനിക്ക് പറയാനുള്ളതുപോലും കേൾക്കാൻ അവൾ തയ്യാറായില്ല... അത്രക്ക് അവളെ പറഞ്ഞ് മനസ്സ് മാറ്റിയിരിക്കുന്നു... " "അവളെ കുറ്റം പറയാൻ പറ്റുമോ... നിന്നെ പത്തുമാസം ചുമന്ന് പ്രസവിച്ച ഞാൻ പോലും ഒരു നിമിഷം അവിശ്വസിച്ചില്ലേ... ഒരിക്കൽ എല്ലാ സത്യവും അവളറിയും... അപ്പോൽ ആരെതിർത്താലും അവൾ നിന്റെയടുത്തുവരും അതെനിക്കുറപ്പുണ്ട്... എല്ലാം കാലദോഷമാണ്.. തിരുമേനി പറഞ്ഞതല്ലേ പല കടമ്പകളും കടക്കണമെന്ന്... അതിലൊന്നാണ് ഇതെന്ന് കരുതി സമാധാനിക്ക്...

നിങ്ങളെ പിരിക്കാൻ ഒരു ശക്തിക്കും കഴിയില്ല... നിനക്കായി ജനിച്ചതാണവൾ... മുൻ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതെ പോയ രണ്ടുപേരുടെ പുനർജന്മമാണ് നിങ്ങളുടേത്... ഈ ജന്മത്തിൽ ഒന്നിക്കാൻ ജനിച്ചവരാണ് നിങ്ങൾ അത് ഒന്നിക്കുകതന്നെ ചെയ്യും... അത് എന്തൊക്കെ തടസങ്ങളുണ്ടായാലും... " "ഇല്ലമ്മേ... എനിക്ക് തോന്നുന്നില്ല... കാരണം ആര് എന്തൊക്കെ പറഞ്ഞാലും എന്നെ അവിശ്വസിക്കാൻ അവൾ ഒരിക്കലും തയ്യാറാകില്ലായിരുന്നു... പക്ഷേ ഇത് അവളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്... അത് അത്രപെട്ടൊന്നും അവളിൽ നിന്ന് മാഞ്ഞുപോകില്ല... ഇതിനിടയിൽ ചിലപ്പോൾ അവളെ മറ്റൊരു വിവാഹത്തിന് അവർ നിർബന്ധിക്കില്ലെന്നാരു കണ്ടു... " "അങ്ങനെയൊന്നുമുണ്ടാകില്ല... നീ വെറുതേ ഓരോന്നാലോചിച്ച് ടെൻഷനടിക്കേണ്ട... തിരുമേനി പുല കഴിഞ്ഞ് വന്നാൽ നീ അദ്ദേഹത്തെ പോയി കാണണമെന്ന് പറഞ്ഞിട്ട് പോയില്ലല്ലോ... നീയൊന്ന് പോയി അദ്ദേഹത്തെ കാണ്... "

"പോകണമെന്നുണ്ട് പക്ഷേ... എന്തായാലും നാളെ പോകാം... രാവിലെ അമ്പലത്തിലുമൊന്ന് പോകണമെന്നുണ്ട്... ആ വഴി തിരുമേനിയേയും കാണാം... " "നിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ ഞാൻ എതിരു പറയുന്നില്ല... ഇപ്പോൾ നിനക്ക് ചായ വല്ലതും വേണോ..." "വേണ്ട... ഞാനൊന്ന് കുറച്ചുനേരം കിടക്കട്ടെ... " സുലോചന അവന്റെ മുടിയിലൊന്ന് തഴുകി.. പിന്നെ പുറത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വേദികയെ കൂടുതൽ തന്റെ ഏട്ടനോട് അടുപ്പിക്കാനുള്ള പുതിയ തന്ത്രവുമാലോചിച്ച് മുകളിലെ നിലയിൽ ഇരിക്കുകയായിരുന്നു ശിൽപ്പ... അവൾ എഴുന്നേറ്റ് തെക്കിനിയുടെ ഭാഗത്തേക്ക് നടന്നു... "ഇപ്പോൾ കൂടുതൽ അവളിൽ നന്ദേട്ടനെ വെറുപ്പുണ്ടാക്കിയാൽ എല്ലാം തനിക്കനുകൂലമായി വരും... അതിന് അവളെ ഒറ്റക്ക് കിട്ടണം..." പെട്ടന്ന് ഒരു കറുത്ത പൂച്ച ശിൽപ്പയുടെ കുറുകെ ഓടി... ശിൽപ്പ ഞെട്ടി പിന്നോക്കം നിന്നു... ആ പൂച്ച തെക്കിനിയിൽ രൂട്ടികിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് നിൽക്കുന്നതവൾ കണ്ടു... ഇതെവിടെനിന്നു വന്നു എന്നറിയാതെ അവൾ അതിനെ ഓടിക്കാൻ അവിടേക്ക് നടന്നു... എന്നാൽ അവളവിടെയെത്തിയപ്പോൾ ആ പൂച്ചയെ അവിടെ കണ്ടില്ല... ശിൽപ്പ വീണ്ടും ഞെട്ടി... അവൾപൂച്ചയെ അവിടെയൊക്കെ തിരിഞ്ഞു...

എന്നാൽ അതിനെ അവിടെയൊന്നും കണ്ടില്ല... പെട്ടന്നാണ് അവളുടെ കണ്ണ് വർഷങ്ങളായി പൂട്ടിയിട്ട മുറിയുടെ വാതിൽക്കലേക്ക് കണ്ണുകൾ ചലിച്ചത്... അവൾ ആ മുറിയുടെ മുന്നിലെത്തി... വന്നദിവസം ഈ മുറിയുടെ വാതിൽ തുറക്കരുതെന്നും ഈ ഭാഗത്തേക്ക് വരരുതെന്നും കിരണേട്ടന്റെ അച്ഛനുമമ്മയും പറഞ്ഞിരുന്നു... എന്തായിരിക്കും അതിനു കാരണം... ഇനി ഈ മുറിയിൽ കാര്യമായിട്ട് എന്തെങ്കിലുമുണ്ടോ... അവളിൽ പേടി മാറി കൌശലബുദ്ധി ഉണർന്നു... പഴയ പേരുകേട്ട തറവാടല്ലേ... ഇനി ഇതിനുള്ളിൽ പണ്ടത്തെ ആളുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന വല്ല നിധിയുമായിരിക്കുമോ... അവൾ ചുറ്റുമൊന്ന് നോക്കി ആരും താനിവിടെ നിൽക്കുന്നത് കണ്ടില്ല എന്നുറപ്പുവരുത്തി ആ വാതിലിലേക്ക് സൂക്ഷിച്ചു നോക്കി... അതിന്റെ പൂട്ട് പട്ടുകൊണ്ട് പൊതിഞ്ഞുകെട്ടിയിരുന്നതും അതിനുചുറ്റും ഏലസ്സുകൾ തൂക്കിയിട്ടതും കണ്ടു... ആരും ഇവിടേക്ക് വരുകയോ വാതിൽതുറക്കുകയോ ചെയ്യരുതെന്ന് കരുതി പണ്ടുള്ളവർ ചെയ്തതാകുമെന്ന് കരുതി അവൾ ആ വാതിലൊന്ന് തള്ളി നോക്കി... "ഇതിന്റെ ചാവി എവിടെയായിരിക്കും..." പെട്ടന്നാണ് അവളുടെ മനസ്സിൽ പൂജാമുറിയിൽ സൂക്ഷിച്ച ഒരുകൂട്ടം ചാവി ഓർമ്മയിൽ വന്നത്...

പക്ഷേ രാവിലേയും സന്ധ്യാനേരത്തുമല്ലാതെ പൂജാമുറി തുറക്കാറുമില്ല... അവൾ തന്റെ തലയിൽനിന്ന് ഹെയർപിന്നെടുത്തു.. കഥകളിലും സിനിമകളിലും പലരും ചെതുവിജയിച്ച പ്രവർത്തി അവളിലുമുണ്ടായി അവൾ ആ ഹെയർപിന്നുകൊണ്ട് ലോക്ക് തുറക്കുവാൻ പറ്റുമോ എന്ന് ശ്രമിച്ചുനോക്കി... "എന്താ ഏടത്തീ ഇവിടെ... " പെട്ടന്ന് ആരുടേയോ ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി... വേദിക ദേഷ്യത്തോടെ തന്റെയടുത്തേക്ക് വരുന്നതവൾ കണ്ടു... "എന്താണ് ഏടത്തി ചെയ്യുന്നത്... ഈ മുറി തുറക്കാനുള്ള തന്ത്രപ്പാടിലാകുമല്ലേ... അത് നിങ്ങൾക്കെന്നല്ല ആർക്കും തുറക്കാൻ കഴിയില്ല... ഒരു പിന്നുകൊണ്ട് തുറക്കാനിത് സാധാരണ പൂട്ടല്ല... പിന്നെ ഈ ഭാഗത്തേക്ക് വരരുതെന്ന് ഏട്ടത്തിയോട് പറഞ്ഞിരുന്നില്ലേ.. പിന്നെ എന്തിന് വന്നു... അച്ഛനറിഞ്ഞാൽ എന്താണുണ്ടാവുക എന്നറിയോ... " "പിന്നേ... അതിനു മാത്രം എന്താണ് ഇതിനുള്ളിൽ... നീയുൾപ്പടെ ഇവിടെയുള്ളവർക്ക് പ്രാന്താണ്... അല്ലാതെ ഈ വിട്ടിൽ ഇതുപോലൊരു മുറി ഉണ്ടായിട്ടും അതിനുള്ളിൽ എന്താണെന്ന് തോക്കാതിരിക്കുമോ...

എടീ ചിലപ്പോൾ ഇതിനകത്ത് പണ്ടത്തെ ആളുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന വല്ല നിധിയുമായിരിക്കും... അതാരുമെടുക്കരുതെന്ന് കരുതി പൂജിച്ച് കെട്ടിയതുപോലെ പൂട്ടിയിട്ടതായിരിക്കും... അല്ലാതെ ഇന്നത്തെ കാലത്ത് ഇതുപോലെ അന്ധവിശ്വാസവുമായി ആരെങ്കിലും നടക്കുമോ... " അതുകേട്ട് വേദിക ചിരിച്ചു... "അത്രക്ക് വിശ്വാസമാണോ ഏടത്തിക്ക്... ഈ മുറി തുറക്കാൻ അത്രക്ക് ദൈര്യമാണോ ഏടത്തിക്ക്... " "പിന്നല്ലാതെ... നിങ്ങളെപ്പോലെ അന്ധവിശ്വാസവും കൊണ്ടുനടക്കുന്നവളല്ല ഞാൻ... ഇതിന്റെ ചാവി പൂജാമുറിയിലായിപ്പോയി... ഇല്ലെങ്കിൽ അതെടുത്ത് ഞാൻ തുറന്നേനേ... " "ആഹാ... ആരും പറഞ്ഞു ചാവി പൂജാമുറിയിലാണെന്ന്... അത്രക്ക് വിവരമില്ലാത്തവരാണോ പഴമക്കാർ... അവർ ചാവി ആരുമറിയാത്ത സ്ഥലത്തായിരുക്കും വച്ചിട്ടുണ്ടാവുക... അതാരും എടുക്കരുതെന്നു അവർക്കറിയാം... " "അത് ശരിയാണല്ലോ... അപ്പോൾ ഇതിന്റെ ചാവി എവിടെയായിരിക്കും... " പെട്ടന്ന് വേദിക ഒരുകൂട്ടം ചാവി ശിൽപ്പയുടെ നേരെ നീട്ടി... "ഇതാണ് ചാവി...

അത്രവലിയ ദൈര്യശാലിയാണെങ്കിൽ ഇതിന്നു തുറന്നേ... " ആ ചാവി കണ്ടതും ശിൽപ്പയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അവൾ ആ ചാവി വാങ്ങിച്ചു... എന്നാൽ പെട്ടന്ന് അവളുടെ മുഖത്ത് നിരാശ വന്നു... ഇത് തുറക്കുന്നത് ആരെങ്കിലും കണ്ടാൽ അതോടെ എന്റെ ഇവിടുത്തെ പൊറുതി തീരും... " "ആരും കാണില്ല... ആരും ഇവിടേക്ക് വരില്ല... ഏടത്തിക്ക് ദൈര്യമായി തുറന്നോ... " വേദിക പറഞ്ഞ ദൈര്യത്തിൽ ശിൽപ്പ ചാവികൊണ്ട് വാതിൽ തുറന്നു... അവൾ സന്തോഷത്തോടെ വേദികയെ നോക്കി... എന്നാൽ വേദിക നിന്നിടത്തു അവളെ കാണാനില്ലായിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അമ്മേ ദേവീ... " അതേ സമയം ചാരുകസേരയിൽ ഇരുന്ന് മയക്കത്തിലായിരുന്ന മേപ്പല്ലൂർ തിരുമേനി ഞെട്ടിയെഴുന്നേറ്റു... അത് കേട്ട് ശങ്കുണ്ണി അവിടേക്ക് ഓടിവന്നു... "എന്തു പറ്റി തിരുമേനി... " "ശങ്കുണ്ണീ... ചതി... എന്തോ ചതി നടന്നിരിക്കുന്നു... പാടില്ലാത്തത് എന്താണോ അത് സംഭവിച്ചിരിക്കുന്നു... " ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story