സ്വന്തം തറവാട് : ഭാഗം 2

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്റെ നാഗദൈവങ്ങളേ നിങ്ങൾക്ക് എന്നും വിളക്കു വച്ച് പൂജിക്കുന്നവളല്ലേ എന്റെ മോള്... അവളെ നിങ്ങൾതന്നെ ഒരു ദോഷവുമില്ലാതെ കാത്തുരക്ഷിക്കണേ... " പ്രസന്ന മനമുരുകി പ്രാർത്ഥിച്ചു... അടുത്തദിവസം രാവിലെ ശ്രീധരമേനോനും പ്രസന്ന യും വേദികയുമൊന്നിച്ച് ആ പ്രദേശത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിൽ എത്തി... തൊഴുത് വഴിപാടുകൾ കഴിച്ചതിനുശേഷം അമ്പലത്തിലെ തിരുമേനിയോട് കാര്യങ്ങൾ പറഞ്ഞു... "മകീര്യം നക്ഷത്രം അല്ലേ... ഞാനൊരു ചരട് പൂജിച്ച് തരാം... രാത്രി ഉറങ്ങുന്നതിനുമുമ്പ് ആ ചരട് കയ്യിൽ കെട്ടണം... അശുദ്ധി സമയമാകുമ്പോൾ അതഴിച്ചുവച്ച് പൂജാമുറിയിൽ വക്കണം... കുറച്ചൊക്കെ ഈ പ്രശ്നത്തിന് ശമനമുണ്ടാകും... പക്ഷേ നിങ്ങൾ പറയുന്ന പ്രശ്നം പൂർണ്ണമായും ഭേദപ്പെടണമെന്നില്ല... എന്നാലും ഞെട്ടിയുണരുന്നത് ഇല്ലാതാവാം... ഏതായാലും നിങ്ങൾ മേപ്പല്ലൂർ ബ്രഹ്മദത്തൻ തിരുമേനിയുടെ അടുത്ത് എത്രയും പെട്ടന്ന് പോകുന്നത് നല്ലതാണ്... ഇതിന് അദ്ദേഹത്തിനേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ... " "ശരി തിരുമേനീ... ഇപ്പോൾ തന്നെ പോയേക്കാം... " ശ്രീധരമേനോൻ പറഞ്ഞു...

"എന്നലങ്ങനെയാവട്ടെ... ഞാൻ ചരട് പൂജിച്ച് തരാം... അല്ലെങ്കിൽ വേണ്ട... മേപ്പല്ലൂർ തിരുമേനിതന്നെ പൂജിച്ച് തരുന്നതാണ് നല്ലത്... എന്നാൽ നിങ്ങൾ പോയിവരൂ... " അവർ അപ്പോൾത്തന്നെ മേപ്പല്ലൂർ തിരുമേനിയുടെ അടുത്തേക്ക് പോയി.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ശങ്കുണ്ണി... ആരോ കുറച്ചുപേര് നമ്മേ കാണാൻ വരുന്നുണ്ടെന്നു മനസ്സ് പറയുന്നു... നീ കുറച്ച് വെള്ളം ഉമ്മറത്ത് കൊണ്ടുവച്ചേക്കുക... " ബ്രഹ്മദത്തൻ തിരുമേനി സഹായി ശങ്കുണ്ണിയോട് പറഞ്ഞു... "ശരി തിരുമേനീ... " ശങ്കുണ്ണി ഉമ്മറത്ത് വെള്ളം കൊണ്ടുവന്ന് വച്ചു... അതേസമയത്ത് പടിപ്പുരയുടെ മുന്നിൽ ഒരു കാർ വന്നുനിന്നു... അതിൽനിന്ന് ശ്രീധരമേനോനും പ്രസന്നയും വേദികയുമിറങ്ങി... " "നിങ്ങളെത്തിയോ... തിരുമേനിയറിഞ്ഞു നിങ്ങൾ വരുന്ന കാര്യം.... കാലും മുഖവും കഴുകി അകത്തേക്ക് ചെന്നോളൂ അതുകേട്ട് പ്രസന്ന ശ്രീധരമേനോനെ നോക്കി... അവർ കയ്യും കാലും മുഖവും കഴുകി അകത്തേക്ക് കയറി... അവർ നേരേ പൂജാമുറിയുടെ അടുത്തേക്ക് നടന്നു... " "വന്നോളൂ... ഇവിടെ ഇരിക്കാം... " അവർ നിലത്ത് വിരിച്ച പുൽപ്പായയിൽ ഇരുന്നു...

"എന്താ ശ്രീധരാ... പ്രശ്നം... " ശ്രീധരമേനോൻ എല്ലാകാര്യവും തിരുമേനിയോട് പറഞ്ഞു... "കുട്ടീടെ ജാതകം കയ്യിലുണ്ടോ... " ശ്രീധരമേനോൻ വേദികയുടെ ജാതകം തിരുമേനിക്ക് കൊടുത്തു... തിരുമേനിയത് നോക്കി... പിന്നെ കുറച്ചുനേരം കണ്ണടച്ച് പ്രാർത്ഥിച്ചു... അതിനുശേഷം എന്തോ കണ്ട പോലെ ഞെട്ടി കണ്ണുതുറന്നു... അദ്ദേഹം വേദികയെ തറപ്പിച്ച് നോക്കി... "എന്താ തിരുമേനീ... " ശ്രീധരമേനോൻ ഭയത്തോടെ ചോദിച്ചു... "കുട്ടി എല്ലാ ദിവസവും ഒരേ സ്വപ്നം തന്നെയാണ് കാണുന്നതെന്നല്ലേ പറയുന്നത്... അത് ഒരു മൃത്യുവായിരിക്കുമല്ലോ കാണുന്നത് അല്ലേ... " "അതെ... പക്ഷേ അതിൽ കാണുന്ന രൂപങ്ങൾ എന്റേയും അച്ഛന്റെയും ചേട്ടന്മാരുടേയും പിന്നെ നന്ദേട്ടന്റേയും മുഖമാണ്... " വേദിക പറഞ്ഞു... "ഉം... ആരാണ് നന്ദൻ... " "എന്റെ ചേട്ടന്റെ മകനാണ് നന്ദൻ... ദേവാനന്ദ് എന്നാണ് യഥാർത്ഥ പേര്... പ്രസന്ന പറഞ്ഞു... "ദേവാനന്ദ്... നക്ഷത്രം..." "അനിഴം... " അതുകേട്ട് തിരുമേനി വീണ്ടും ഞെട്ടി "അയാളുടെ ജന്മസമയവും കൊല്ലവർഷവും അറിയാമോ... " പ്രസന്ന അതും പറഞ്ഞു കൊടുത്തു...

"ഉം... അപ്പോൾ കുട്ടി കാണുന്ന സ്വപ്നം വെറുമൊരു സ്വപ്നമല്ല... ഒന്നിച്ചു ജീവിക്കാൻ കഴിയാതെ മരണപ്പെട്ട രണ്ടുപേരുടെ ജീവിതമാണ് കുട്ടി കാണുന്നത്... ഒരു സത്യം ഞാൻ പറയാം... തങ്ങളുടെ ആഗ്രഹം നിറവേറാതെ മരണപ്പെട്ട ആ രണ്ടുപേൾ വീണ്ടും പുനർജനിച്ചിരിക്കുന്നു... അത് നിങ്ങളുടെ മകൾ ഈ കുട്ടിയും നേരത്തെ പറഞ്ഞ അനിഴം നക്ഷത്രക്കാരനുമാണ്... അവർ ഈ ജീവിതത്തിൽ ഒന്നിക്കേണ്ടത് ദൈവ നിശ്ചയമാണ്... പക്ഷേ അത് അത്രയെളുപ്പം നടക്കില്ല... ഒരുപാട് കടമ്പകൾ കടുന്നുപോകേണ്ടിവരും അതിനിടയിൽ... അതെല്ലാം തരണം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടും... ഇത്രയും കാലം നാഗത്താന്മാരുടെ പ്രീതി നിങ്ങളിലുണ്ടായതുകൊണ്ടാണ് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോയത് പക്ഷേ... കഴിഞ്ഞ തലമുറയിലെ പാപം അത് ഈ ജന്മത്തിലെ നിങ്ങളിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്... ഇനിയുള്ള ജീവിതത്തിൽ പലതും സംഭവിക്കാൻ കാരണമായിട്ടുണ്ട്... ശത്രു അത് നിങ്ങളുടെ കൂടെത്തന്നെയുണ്ട്... അവർ നിങ്ങളെ മുച്ചൂടും മുടിക്കാൻ തക്കം പാർത്തിരിക്കുകയാണ്... " "തിരുമേനീ... ഇതിനെല്ലാം പരിഹാരം... "

"ഇല്ല... ഒരു പരിഹാരവുമില്ല... വരുന്നത് അനുഭവിക്കുക എന്നേയുള്ളൂ... ഏതായാലും രണ്ടുദിവസം കഴിഞ്ഞ് ശ്രീധരൻ ഇവിടെ വരുക... ഞാൻ മന്ത്രിച്ച് പൂജിച്ച് നാല് തകിടുകൾ തരാം... അത് തറവാടിന്റെ നാല് മൂലയിലും ഒരു കുപ്പിയിലോ കുടത്തിലോ കുഴിച്ചിടുക... വലിയ ദോഷങ്ങൾ അതുവഴി മാറി പോയേക്കാം... " "ശരി തിരുമേനീ... എന്നാൽ ഞങ്ങൾ... " "അങ്ങനെയാവട്ടെ... പിന്നെ വൈകാതെ, കാവിലൊരു നാഗപ്പാട്ട് കഴിപ്പിക്കുക... നാഗങ്ങളുടെ പ്രീതി നേടുക... ബാക്കി അവർ നോക്കിക്കോളും... " "ശ്രീധരമേനോനും പ്രസന്നയും വേദികയും അവിടെ നിന്നിറങ്ങി... പോരുന്ന വഴിക്ക് കാറിലിരുന്ന് വേദിക എന്തോ ആലോചിക്കുകയായിരുന്നു... "മോളേ പേടിക്കാതിരിക്ക്... തിരുമേനി പറഞ്ഞല്ലോ തകിട് ജപിച്ച് തരാമെന്ന്... അത് വീടിന് നാലു മൂലയിലും കുഴിച്ചിട്ടാൽ എല്ലാ ദോഷവും മാറും... " പോരുന്ന വഴി ശ്രീധരമേനോൻ പറഞ്ഞു... "അതല്ല അച്ഛാ ഞാനാലോചിച്ചത്... എന്റെ മുൻജന്മത്തെക്കുറിച്ചാണ്...

ആരായിരുന്നു ഞാൻ... പാർവതി എന്നാണ് ഞാൻ കാണുന്ന സ്വപ്നത്തിൽ പേര് പറയുന്നത്... എനിക്ക് എന്റെ മുൻജന്മത്തെക്കുറിച്ചുള്ള കഥ അറിയണമെന്നുണ്ട്... പക്ഷേ എങ്ങനെയറിയും... പുതുശ്ശേരി തറവാട്ടിലെ രാമഭദ്രന്റെ മകൾ പാർവതിയുടേയും കാര്യസ്ഥന്റെ മകൻ അനന്തന്റേയും കഥ അറിയുന്ന ആരാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്... " "എന്തിനാണ് എന്റെ കുട്ടി ആവിശ്യമില്ലാത്തത് അറിയാൻ നിൽക്കുന്നത്... ഇപ്പോൾ തന്നെ കാണുന്ന സ്വപ്നംമൂലം എന്റെ കുട്ടി വല്ലാതെ അശ്വസ്ഥയാകുന്നുണ്ട്... ഇനി ഇതുംകൂടി അറിഞ്ഞാൽ ഉള്ള മനഃസമാധാനം ഇല്ലാതാവുകയേയുള്ളൂ... മാത്രമല്ല മോള് പറഞ്ഞതുപോലെ അതൊക്കെ അറിയുന്ന ആരാണ് ഇന്നുള്ളത്... അതിനെ കുറിച്ച് എന്റെ കുട്ടി ആലോചിക്കേണ്ട... " "എനിക്കെന്തോ പേടി... അതിലെ അനന്തേട്ടന് സംഭവിച്ചതുപോലെ നന്ദേട്ടന് വല്ലതും സംഭവിക്കുമോ എന്നാണ്... " "ഒന്നുമുണ്ടാവില്ല... നിന്റേയും അവന്റെയും കാര്യം ചെറുപ്പത്തിൽ തന്നെ പറഞ്ഞുറപ്പിച്ചതല്ലേ... പിന്നെയെന്താണ് പ്രശ്നം... " "അതേ... എന്നാലും എന്തോ... മനസ്സിനെ വല്ലാതെ പേടിപ്പെടുത്തുന്നു... "മോള് ശിവ നാമം ഉരുവിട്ട് കുറച്ചുനേരം കണ്ണടച്ച് കിടന്നോ... എല്ലാ പേടിയും മാറിക്കിട്ടും... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"ശങ്കുണ്ണീ... ഇപ്പോൾ വന്നുപോയവരുടെ ഇനിയുള്ള ജീവിതം വല്ലാത്ത കഷ്ടതയായിരിക്കും... സ്വന്തം ചോരയെ വരെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് കാണുന്നത്... ഇന്ന് സ്നേഹിക്കുന്നവർ നാളെ ശത്രുക്കളായി മാറും... ഇതൊക്കെ അവരോട് മനപ്പൂർവ്വം പറയാതിരുന്നതാണ്... എല്ലാം മുൻജന്മ പാപത്തിന്റെ ഫലമാണ്... " "തിരുമേനി അപ്പോൾ അത് തടയാൻ ഒരു ഒരു മാർഗ്ഗവുമില്ലേ... " ശങ്കുണ്ണി ചോദിച്ചു... "ഇല്ല... എല്ലാം അനുഭവിച്ചേ മതിയാകൂ... ചിലപ്പോൾ ഒരു മൃത്യു വരെ കണ്ടേക്കാം... അവളുടെ ജാതകത്തിൽ കാണിക്കുന്നത് അതാണ്... ദൈവനിശ്ചയം അത് തടയാൻ ആരെക്കൊണ്ടാണ് പറ്റുക... ഇതൊന്നും താൻ ആരോടു പറയാതിരിക്കുക ... കേട്ടല്ലോ..." "തിരുമേനീ എനിക്കൊരു സംശയം... ഈ മുൻജന്മവും ഇപ്പോഴത്തെ ജന്മവും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ലെന്നല്ലേ പറയുന്നത്... പിന്നെ എങ്ങനെയാണ് ഇത്... " "തന്റെ സംശയം ശരിയാണ്... മുൻജന്മവും പിന്നീടുള്ള ജന്മവും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ലെന്നത് സത്യമാണ്... പക്ഷേ ലക്ഷത്തിൽ ഒരാൾക്കും അവരുടെ കുടുംബത്തിനും അതുമായി ബന്ധമുണ്ടാകും...

അതും ഈശ്വരനിശ്ചയമാണ്... ഈ സമയം മറ്റൊരിടത്ത്............. "നാരായണാ നീ അവധി പറയാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി...എന്റെ പണം എനിക്ക് ഇപ്പോൾ കിട്ടണം... കിട്ടിയേ പറ്റൂ... " "പ്രദീപാ ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല... കുട്ടികളുടെ അമ്മക്ക് മരുന്ന് വാങ്ങിക്കാനുള്ള ആയിരം രൂപ മാത്രമേയുള്ളൂ... ഒരാഴ്ചകൂടി ക്ഷമിക്കണം... എങ്ങനെയെങ്കിലും പണം ഞാൻ തരാം... " "എങ്ങനെ തരും... അപ്പോഴും തനിക്ക് എന്തെങ്കിലും ആവശ്യം കാണും... എപ്പോൾ ചോദിക്കുമ്പോഴും ഇതുപോലെ ഓരോ ആഴ്ച ചോദിക്കുന്നതല്ലേ... ഇനി എന്തായാലും എനിക്ക് കാത്തിരിക്കാൻ പറ്റില്ല... ഏതായാലും തന്റെ കയ്യിൽ ആയിരം രൂപയുണ്ടെന്നല്ലേ പറഞ്ഞത്... അത് ഇങ്ങെടുക്ക്... ബാക്കി നാളെ വൈകുന്നേരത്തിനുള്ളിൽ തന്നാൽ മതി... " "പ്രദീപാ ഞാൻ പറഞ്ഞല്ലോ... കുട്ടികളുടെ അമ്മക്ക് മരുന്ന് വാങ്ങിക്കാനുള്ള പണമാണ്... ഒരു ദിവസം പോലും മുടക്കാൻ പറ്റില്ല... "

"പിന്നേ... ഇന്നോ നാളെയോ എന്നു പറഞ്ഞ് കിടക്കുന്ന ആ തള്ളക്ക് ഇനി മരുന്ന് കൊടുത്തിട്ടാണ്... ചാവുന്നെങ്കിൽ ചാവെട്ടെടോ... അത്രയും ബുദ്ധിമുട്ട് തനിക്ക് മാറികിട്ടുമല്ലോ... താൻ പണം തരുന്നുണ്ടോ അതോ ഞാൻ പിടിച്ച് വാങ്ങിക്കണോ... " "പ്രദീപാ ഇത്തവണത്തേക്ക്കൂടി ക്ഷമിക്ക്... ഇനിയൊരിക്കലും ഞാൻ അവധി പറയില്ല സത്യം... " "തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ... " പ്രദീപ് നാരായണന്റെ പോറ്റിൽനിന്ന് ബലമായി പണമെടുത്തു... "അയ്യോ പ്രദീപാ അത് കൊണ്ടുപോകല്ലേ... ഞാൻ നിന്റെ കാലു പിടിക്കാം... " നാരായണൻ പ്രദീപന്റെ കാൽക്കൽ വീണു... എന്നാൽ പ്രദീപൻ നാരായണനെ ചവിട്ടി താഴെയിട്ടു... അവിടെനിന്നെഴുന്നേറ്റ് നാരായണൻ പിന്നേയും പ്രദീപനോട് അപേക്ഷിച്ചുകൊണ്ടിരുന്നു... സഹികെട്ട് പ്രദീപൻ നാരായണന്റെ കഴുത്തിന് പിടിച്ച് ശക്തിയായി തള്ളി... പുറകോട്ട് മലർന്നടിച്ചു വീഴാൻ പോയ നാരായണനെ രണ്ടു കൈകൾ താങ്ങിനിർത്തി... പ്രദീപനതു കണ്ടു... അവൻ നാരായണനെ താങ്ങിനിർത്തിയ ആളെ നോക്കി... "ദേവാനന്ദ്... നന്ദൻ..."....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story