സ്വന്തം തറവാട് : ഭാഗം 22

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നീ പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണ് ശിൽപ്പാ... നിന്റെ മനസ്സ് അത് എന്റെ നിയന്ത്രണത്തിലാണ്... ഇനി നിനക്കൊരിക്കലും അതിൽനിന്ന് മോചനമില്ല... വേദികയും നന്ദനും ഒന്നിക്കുന്നത് നീ മുഖേനയാണ്... അതുവരെ നീയെന്ത് ചെയ്യണം പറയണം എന്നത് ഞാൻ തീരുമാനിക്കും... " ഇതും പറഞ്ഞ് പാർവ്വതി അപ്രത്യക്ഷമായി... "ഞാൻ മുഖേനയോ... നടന്നതുതന്നെ... " അവളതും പറഞ്ഞ് സ്കൂട്ടിയെടുത്ത് തന്റെ വീട്ടിലേക്ക് പോയി.... അവൾ വീട്ടിലെത്തിയതും സുധാകരന്റെ കാർ വന്നുനിന്നതും ഒന്നിച്ചായിരുന്നു... "നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ... " സുധാകരൻ ശിൽപ്പയോട് ചോദിച്ചു... " "ഒന്നുമില്ല... വെറുതേ വീട്ടിലിരിക്കുകയല്ലേ അപ്പോൾ പുറത്തേക്കിറങ്ങിയതാണ്... അന്നേരം നിങ്ങളെയൊക്കെ കാണാമെന്ന് കരുതി... " "ഉം... നീ വാ ചോദിക്കട്ടെ... എന്തായി അവിടുത്തെ സംഭവങ്ങൾ... അവൾ പ്രദീപുമായുള്ള ബന്ധത്തിന് സമ്മതിച്ചോ... " "അത്രപെട്ടന്ന് മറ്റൊരു വിവാഹത്തിന് അവൾ സമ്മതിക്കുമോ... അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവനല്ലേ നന്ദേട്ടൻ... "

"അത് സത്യം തന്നെ പക്ഷേ നമുക്കിനി അധികം സമയമില്ല... ആ നന്ദൻ പലതും പറഞ്ഞ് ചിലപ്പോൾ നമുക്കനുകൂലമായ സന്ദർഭം മാറ്റാൻ ചാൻസുണ്ട്... അതുകൊണ്ട് എത്രയും പെട്ടന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി നമുക്കനുകൂലമാക്കുക... ഇല്ലെങ്കിൽ ഞാൻ ഇത്രയും കാലം മനസ്സിൽ കണ്ടതെല്ലാം വെറുതേയാകും... " "അച്ഛനെന്താ ഇത്ര തിടുക്കം... നന്ദേട്ടന്റെ പേരിൽ ഉണ്ടായ പ്രശ്നം സത്യമാണെങ്കിൽ അവളല്ലാതെ ഏതൊരുപെണ്ണും അയാളുടെ കൂടെ ജീവിക്കില്ല... ഇനി അതല്ല അത് നന്ദേട്ടനെ കുടുക്കാൻ ചെയ്തതാണെങ്കിൽ അച്ഛൻ പറഞ്ഞതുപോലെ നമ്മൾ കണ്ടതെല്ലാം വെറുതേയാകും... എത്ര ഒളിപ്പിച്ചു വച്ചാലും സത്യം അത് ജയിക്കും... ഇനി ഇതിന്റെ പിന്നിൽ അച്ഛന് പങ്കുണ്ടോ... വഴിയിൽ വച്ച് ഏട്ടനെ കണ്ടു... ഏട്ടൻ എന്തോ ഉരുണ്ടുകളിക്കുന്നതുപോലെ തോന്നി അതാണ് ചോദിച്ചത്... " "അവരെ നേരിടാൻ എനിക്ക് ഇതുപോലൊരു കളിയുടെ ആവശ്യമില്ല... നേരിട്ടുതന്നെ ചെയ്യും... ഇത് സത്യമാകാനാണ് സാധ്യത... അഥവാ അവനെ ചതിച്ചതാണെങ്കിൽ എന്നെങ്കിലും സത്യം പുറത്തുവരും...

അതാണ് പറഞ്ഞത് എത്രയും പെട്ടന്ന് ഈ വിവാഹം നടത്തണമെന്ന്... " "അപ്പോൾ അച്ഛനും അറിയാം ഇതൊക്കെ ഒരു ചതിയായിരിക്കുമെന്നത്... എന്തിനാണച്ഛാ ഒരു പാപം തലയിൽ വക്കുന്നത്... " "നിനക്കെന്താ സംസാരത്തിൽ ഇപ്പോഴൊരു മാറ്റം... എന്താ പുതുശ്ശേരിയിലെത്തിയപ്പോൾ നിന്റെ മനസ്സ് മാറിയോ..." "എന്റെ മനസ്സ് മാറിയിട്ടല്ല... പക്ഷേ അച്ഛനും ഏട്ടനും ചെയ്യുന്നത് നേരായ മാർഗമാണോ എന്നൊരു സംശയം... സത്യമാണ്... അവളെ ഏട്ടനുവേണ്ടി മനസ്സു മാറ്റാൻ ഞാനും ശ്രമിക്കുന്നുണ്ട്... പക്ഷേ അത് നേരായ മാർഗ്ഗത്തിലൂടെ ആവണമെന്നേ ഞാൻ പറഞ്ഞുള്ളു... നന്ദേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം... അത് എന്റേയും ആഗ്രഹമാണ്... പക്ഷേ കേട്ടതൊക്കെ സത്യമാണോ എന്നറിയാതെ നമ്മൾ അതിൽ പിടിച്ച് തൂങ്ങുന്നത് ഉചിതമായ കാര്യമല്ല... " "അതിന് നിനക്ക് എന്താണുറപ്പ് അവൻ തെറ്റ് ചെയ്തിട്ടില്ലെന്ന്... നീയാണോ ഇതിന്റെ പിന്നിൽ... "

"ഞാൻ അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ നേരത്തേ ചെയ്തേനെ... പക്ഷേ ഇതുപോലൊരു നീച പ്രവൃത്തി ചെയ്യില്ലായിരുന്നു... ഇത് സത്യമല്ലെങ്കിൽ ആ ശ്രീഷ്മയുടെ അവസ്ഥ എന്താണെന്ന് അച്ഛൻ ഊഹിച്ചു നോക്കിക്കേ... ആ പാവം വല്ല കയ്യബദ്ധവും ചെയ്താൽ ആ പാപം എത്ര തലമുറ കഴിഞ്ഞാലും ഈ കുടുംബത്തിലെ ഓരോരുത്തർക്കും ബാധിക്കും... അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ... " "നീ പറഞ്ഞത് കേട്ടാൽ തോന്നും ഇതൊക്കെ ചെയ്തത് ഇവിടെയുള്ളവരാണെന്ന്... അവൻ അത്ര വലിയ സത്യസന്ധനാണെങ്കിൽ അവൻ തെളിയിക്കട്ടെ... ഏതായാലും എനിക്കിതിൽ പങ്കില്ല... പിന്നെയെങ്ങനെ അവളുടെ പാപം എന്റെ തലയിൽ വീഴും... " "അച്ഛനോ ഇവിടെയുള്ളവരോ ചെയ്തെന്നല്ല ഞാൻ പറഞ്ഞത്... ഇതിന്റെ സത്യാവസ്ഥ അത് നമ്മൾ കണ്ടെത്തണം...

നന്ദേട്ടൻ തെറ്റ് ചെയ്തു എന്ന് മനസ്സിലായാൽ പിന്നെ വേദികയും പ്രദീപേട്ടനും തമ്മിലുള്ള വിവാഹത്തിനുമുന്നിൽ ഒരു തടസവുമുണ്ടാവില്ല... പക്ഷേ മറിച്ച് നന്ദേട്ടൻ നിരപരാതിയാണെങ്കിൽ എന്നെങ്കിലും ആ സത്യം വേദികയറിഞ്ഞാൽ പിന്നെ അവരുടെ ദാമ്പത്യം എങ്ങനെയായിരുക്കുമെന്ന് അച്ഛനറിയില്ലേ... അവരുടെ ജീവിതം എന്നും കയ്പ്പേറിയതായി മാറില്ലേ..." "ഞാനൊരു സംശയം ചോദിക്കുകയാണ്... നീ പുതുശ്ശേരി തറവാട്ടിൽ കയറിക്കൂടിയത് എന്തിനാണ്... ആ കുടുംബം കുളംതോണ്ടാനോ അതോ അവിടെ സന്തോഷമുണ്ടാക്കാനോ... ഒന്നും കാണാതെയല്ല സുധാകരൻ നിന്നെ അവിടേക്ക് കെട്ടിച്ചുവിട്ടത്... അന്നേരം ഞാൻ മനസ്സിൽ കണ്ടതെന്തോ അത് നടന്നിരിക്കണം... അതല്ല എന്നെ ദിക്കരിച്ച് അവിടെ സുഖമായി വാഴാനാണ് മോഹമെങ്കിൽ പൊന്നു മോളെ ഈ സുധാകരന്റെ ഇങ്ങനെയൊന്ന് ജനിച്ചിട്ടില്ലെന്ന് ഞാൻ കരുതും... അതുകൊണ്ട് നിന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റുക... ഭാരിച്ച കാര്യമൊന്നും എന്റെ മോള് അന്വേഷിക്കേണ്ട... മനസ്സിലായല്ലോ... ആയെങ്കിൽ അകത്തു പോയി എന്തെങ്കിലും എടുത്ത് കഴിക്കാൻ നോക്ക്... " സുധാകരൻ ദേഷ്യത്തോടെ അവളെ നോക്കി അകത്തേക്ക് നടന്നു...

"അപ്പോഴും ശിൽപ്പക്ക് താൻ ഇത്രയും നേരം പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല... താൻ മനസ്സിൽ വിചാരിക്കുന്നതല്ല പറയുന്നത്... ഈശ്വരാ ഇനി പാർവതി പറഞ്ഞതുപോലെ അവളുടെ വരുതിയിലാണോ ഞാൻ... അവൾ ചുറ്റുമൊന്ന് നോക്കി... പെട്ടന്നവൾ ഞെട്ടി.. മുറ്റത്ത് ചിരിയോടെ നിൽക്കുന്ന പാർവ്വതിയെ അവൾ കണ്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്താടാ നീ എന്നോട് ഇവിടേക്ക് വരണമെന്ന് പറഞ്ഞത്... " സ്റ്റേഷനിലെത്തിയ നന്ദൻ വിശാഖിനോട് ചോദിച്ചു... "കാര്യമുണ്ട്... നമുക്ക് നിന്റെ നിരപരാധിത്വം തെളിയിക്കേണ്ടേ... അതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആളെ കണ്ടെത്തേണ്ടേ... " എന്തിന്... എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കേണ്ടിയിരുന്നത് വേദികയുടെ മുന്നിലായിരുന്നു... എന്നാൽ സത്യമെന്താണെന്ന് കേൾക്കാൻ അവൾ കൂട്ടാക്കുന്നുമില്ല... പിന്നെയെന്തിന് അത് തെളിയിക്കണം... എനിക്ക് ഇപ്പോൾ ഒരു സങ്കടമേയുള്ളൂ... ആ പാവം നാരായണേട്ടന്റെ മകൾ ഇതിൽ വലിച്ചിഴക്കപ്പെട്ടു... എന്ത് തെറ്റ് ചെയ്തിട്ടാണ് അവളെ ഈശ്വരൻ പരീക്ഷിക്കുന്നത്... " "അവൾ തെറ്റു ചെയ്യാതെ പരീക്ഷിക്കപ്പെടുവായിരിക്കും എന്നാൽ നീ തെറ്റു ചെയ്തിട്ടാണോ പരീക്ഷിക്കപ്പെടുന്നത്... അല്ലല്ലോ... അപ്പോൾ നിനക്കും അവൾക്കും ഒരുപോലെ അറിയേണ്ടതുണ്ട് ഇതിന്റെ ശരി എന്താണെന്ന്...

അതുകൊണ്ട് നമ്മളിപ്പോൾ അവളെ കാണാൻ പോകുന്നു... അവളെ ജോലിയുടെ കാര്യത്തിന് വിളിച്ച ആ കൂട്ടുകാരി അതാരാണെന്ന് നമുക്ക് അറിയണം... അതവൾ നമ്മളോട് പറഞ്ഞേ തീരൂ... " "എടാ അതുവേണോ... അവളെ ഇനിയും ഇതിലേക്ക് വലിച്ചിഴക്കണോ... " വേണം... അതിപ്പോൾ നിങ്ങളുടെ മാത്രം പ്രശ്നമല്ല... നിങ്ങളെ അവിടെനിന്ന് രക്ഷിച്ചതിന്റെ പേരിൽ എനിക്ക് മുകളിൽനിന്ന് നല്ല പ്രഷർ ഉണ്ടായിട്ടുണ്ട്... ഇതിന്റെ സത്യം തെളിയിച്ചാലേ എനിക്കിനി രക്ഷയുള്ളൂ... ഇല്ലെങ്കിൽ ചിലപ്പോൾ എന്റെ ജോലിവരെ തെറിക്കും... നമ്മൾ കുറച്ചു പേർ അറിഞ്ഞ ഈ കാര്യം എന്റെ മേലുദ്യോഗസ്ഥന്മാരുടെ ചെവിയിലെത്തണമെങ്കിൾ ഇതിന്റെ പിന്നിൽ കഴിച്ചവൻ നിസ്സാരക്കാരല്ല... അതുറപ്പാണ്... എന്നാലും എനിക്ക് എന്റെ ഭാഗം ക്ലിയർ ചെയ്യേണ്ടതുണ്ട്... "നിനക്ക് നിന്റെ ഭാഗം ക്ലിയർ ചെയ്യാം... പക്ഷേ എന്റെ ഭാഗമോ... ഇതിന് പിന്നിൽ കഴിച്ചവൻ അത് ആരു തന്നെയായാലും നീ നോക്കിക്കോ അവന്റെ അവസാനത്തെ വിജയമായിരിക്കും ഇത്... ഇനിയവൻ ഇതുപോലൊന്ന് ചെയ്യാൻ ധൈര്യപ്പെടരുത്... അതിന് എന്നന്നേക്കുമായുള്ള പണി ഞാൻ കൊടുക്കും... ഇത് എന്റെ നിരപരാധിത്വം തെളിയിക്കാനല്ല... ഒരു പാവം പെണ്ണ് മറ്റുള്ളവരുടെ മുന്നിൽ ഒരു തെറ്റുകാരിയാവരുത്... അതേ എനിക്കുള്ളൂ... "

"എന്നാൽ ഒരു പത്തു മിനിറ്റ് ഞാനിതാ വരുന്നു... " വിശാഖ് എഴുന്നേറ്റു... കുറച്ചു സമയത്തിനു ശേഷം അവർ ഇറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം രാത്രികൽത്തേക്കുള്ള കഞ്ഞിക്ക് വെള്ളം അടുപ്പത്ത് വച്ച് അതിലേക്കു നോക്കി എന്തോ ആലോചിച്ച് നിൽക്കുകയായിരുന്നു ശ്രീഷ്മ... മോളേ... നാരായണന്റെ വിളികേട്ടു ശ്രീഷ്മ ആലോചനയിൽനിന്ന് ഞെട്ടിയുണർന്നു... "മോളേ എന്താണ് ആലോചിക്കുന്നത്... കഴിഞ്ഞത് കഴിഞ്ഞു... ഇനി അതിനെപ്പറ്റി ആലോചിച്ച് മനസ്സ് വിഷമിപ്പിക്കണോ..." നാരായണൻ ചോദിച്ചു... "എനിക്ക് വിഷമമൊന്നുമില്ല അച്ഛാ... ഞാൻ വിഷമിച്ചിച്ചിട്ടെന്തിനാണ്... വന്ന മാനക്കേട് ഇല്ലാതാവില്ലല്ലോ... എനിക്ക് നന്ദേട്ടന്റെ കാര്യമോർത്താണ് സങ്കടം... വേദികവരെ അദ്ദേഹത്തെ അവിശ്വസിച്ചില്ലേ... എല്ലാം ഞാൻ കാരണമാണെന്നോർക്കുമ്പോൾ മനസ്സിന്നൊരു വേദന... ഞാൻ പറഞ്ഞ് നിർബന്ധിച്ചതുകൊണ്ടല്ലേ നന്ദേട്ടൻ എന്റെ കൂടെ വന്നത്... അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണം... "

"എങ്ങനെ തെളിയിക്കുമെന്നാണ് മോള് പറയുന്നത്... ഇതിന്റെ പിന്നിൽ കഴിച്ചവൻ ആരാണെന്ന് നമക്കറിയില്ലല്ലോ... അറിഞ്ഞാൽ തന്നെ നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും... " "നമ്മളെക്കൊണ്ട് പറ്റില്ല... പക്ഷേ നന്ദേട്ടനെക്കൊണ്ടും വിശാഖേട്ടനെക്കൊണ്ടും പറ്റും... എന്നെ വിളിച്ചത് എന്റെ കൂട്ടുകാരി സോജയാണ്... അവൾക്കറിയാം ഇതിന്റെ പിന്നിലുള്ളത് ആരാണെന്ന്... പക്ഷേ അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ല... " "ഈ കാര്യം മോള് നന്ദനോട് പറഞ്ഞിരുന്നോ... " "ഇല്ല... ഞാനേതായാലും പെട്ടു... ഇനി ഇതിന്റെ പേരിൽ അവളും കൂടി പഴി കേൾക്കേണ്ടെന്ന് കരുതി പറയാതിരുന്നതാണ്... " "അതു പറ്റില്ല... നന്ദനോട് മോള് പറയണം... അവനും വിശാഖും കൂടി ഇത് ചെയ്തവരെ കണ്ടുപിടിച്ചോളും... കണ്ടുപിടിച്ചാൽ മാത്രം പോര... അവർ ചെയ്തതിന് അനുഭവിപ്പിക്കണം... " പെട്ടന്നാണ് ഡോർബെൽ അടിക്കുന്ന ശബ്ദം കേട്ടത്... നാരായണൻ ഉമ്മറത്തേക്ക് നടന്നു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story