സ്വന്തം തറവാട് : ഭാഗം 25

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഞാൻ പറയാം... ശ്രീഷ്മയെ വിളിച്ചത് ഞാനാണ്... സാറ് പറഞ്ഞതുപോലെ എന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ... "നിന്റെ അമ്മയുടെ ജീവൻ രക്ഷിക്കാനോ... " "അതെ... പല വീടുകളിലും ജോലി ചെയ്താണ് അമ്മയെന്നെ വളർത്തിയത്... എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാനും അമ്മയെ സഹായിക്കാൻ പോകുമായിരുന്നു... ഞങ്ങളുടെ അവസ്ഥ കണ്ടിട്ടായിരിക്കണം ജോലിക്കു പോയിരുന്ന വീട്ടിൽനിന്ന് ഡ്രസ്സുകളും മറ്റും തരുമായിരുന്നു... അതൊക്കെ കിട്ടുന്നത് ഞങ്ങൾക്ക് വലിയ കാര്യവുമായിരുന്നു... അതൊക്കെ ഇട്ടായിരുന്നു സ്കൂളിലും കോളേജിലുമെല്ലാം ഞാൻ പോയിരുന്നത്... നാലഞ്ചു വീടുകളിൽ രാവിലെമുതൽ അമ്മ ജോലിചെയ്യാൻ പോകുമായിരുന്നു... അതിൽ ഒരു വീടാണ് കുന്നത്തെ സുധാകരന്റെ വീട്... മറ്റുള്ളവരുടെ വീടുപോലെയല്ല.. അവരുടെ ആട്ടുംതുപ്പും ഒരുപാട് സഹിച്ചാണ് എന്റെ അമ്മ അവിടെ ജോലി ചെയ്തിരുന്നത്... അതിന്റെ പേരിൽ സുധാകരന്റെ മകൾ ശിൽപ്പ എന്നെ കോളേജിൽ വച്ച് ഒരുപാട് കളിയാക്കുമായിരുന്നു... അതൊന്നും ഞാൻ കേട്ട ഭാവം നടിക്കാറില്ലായിരുന്നു...

പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാൻ കഴിഞ്ഞ എനിക്ക് അതേ സ്കൂളിൽ പ്ലസ് വൺന് പെട്ടന്നുതന്നെ സീറ്റ് കിട്ടി... എനിക്ക് കിട്ടിയതുപോലെ വേദികക്കും ശ്രീഷ്മക്കും ഇവൾക്കും സീറ്റ് കിട്ടി... എന്നാൽ കുറച്ച് മാർക്ക് കുറവായിരുന്ന ശിൽപ്പക്ക് അത് വലിയരീതിൽ അവളെ ചൊടിപ്പിച്ചു... പണംകൊടുത്ത് അതേ സ്കൂളിൽ തന്നെ അവളും സീറ്റൊപ്പിച്ചു.. ഇതേ അനുഭവമായിരുന്നു പ്ലസ് ടു കഴിഞ്ഞപ്പോഴും.. ഞങ്ങൾ നാലുപേരും ഒരേ കോളേജിൽ ചേർന്നു... എന്തോ ഞങ്ങളോടുള്ള വാശിയെന്നോണം ശിൽപ്പയും ആ കോളേജിൽ ചേർന്നു... അതിന് മറ്റൊരു കാരണവുമുണ്ട്... തന്റെ വീട്ടിൽ ജോലിചെയ്യുന്ന ഒരാളുടെ മകൾ തന്നേക്കാളും ഉയർന്ന മാർക്കോടെ പാസായത് അവളിൽ അസൂയയുളവാക്കി... എന്നെ എങ്ങനെയൊക്കെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുക എന്നതായിരുന്നു അവൾക്ക് പ്രധാനം..

. അതാണ് ഞങ്ങൾ പഠിക്കുന്ന അതേ കോളേജിൽ തന്നെ അവളും കയറിപറ്റിയത്... പിന്നെ ഞങ്ങളെ നാലുപേരേയും തമ്മിൽ തെറ്റിക്കുക എന്ന ഉദ്ദേശവും അവൾക്കുണ്ടായിരുന്നു.. അതിന് പല കളികളുമവൾ കളിച്ചു... പക്ഷേ അതൊന്നും ഞങ്ങളുടെ ബന്ധത്തിന് വിള്ളൽ വരുത്തിയില്ല..." "ആ ദേഷ്യമാണോ അവൾ നിന്നെ ഭീഷണിപ്പെടുത്തി ഇതുപോലൊരു ചതി ചെയ്യിച്ചത്... " വിശാഖ് ചോദിച്ചു "അല്ല... എന്നെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുമായിരുന്നെങ്കിലും ഇത്തരമൊരു നീച പ്രവർത്തി അവൾ ചെയ്യില്ലായിരുന്നു... പ്ലസ് ടുവിന് പഠിക്കുന്ന സമയം മുതൽ അവളുടെ ഏട്ടൻ പ്രദീപേട്ടന് എന്നെ കാണുമ്പോൾ എന്തോ ഒരു താല്പര്യമുണ്ടായിരുന്നു... വീട്ടിലെ ജോലിക്കാരിയുടെ മകളോട് അവിടുത്തെ മുതലാളിമാർക്ക് തോന്നുന്ന ഒരു താല്പര്യം അങ്ങനെയേ ഞാനതിനെ കണ്ടിരുന്നുള്ളൂ... അമ്മക്ക് അസുഖം കൂടുതലായി ജോലിക്കു പോകുവാൻ കഴിയാതിരുന്നപ്പോൾ അമ്മ പോയിരുന്ന വീട്ടിലെല്ലാം രാവിലേയും വൈകീട്ടും ഞാൻ പോയി സഹായിച്ചു... ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ സാധാരണപോലെ രാവിലെത്തൊട്ട് ഉച്ചവരെ പോയിത്തുടങ്ങി...

അതു മുതലാണ് എന്റെ കഷ്ടകാലം തുടങ്ങിയത്... അയാൾ ആ പ്രദീപേട്ടൻ അയാളുടെ ഇംഗിതത്തിന് എന്നെ ഒരുപാട് നിർബന്ധിച്ചു... അതിന് ഞാൻ വഴങ്ങില്ലെന്ന് മനസ്സിലായ അയാൾ ഒരുപാട് ഭീഷണിപ്പെടുത്തി... അവിടുത്തെ ജോലി വരെ ഇല്ലാതാക്കുമെന്ന് പറഞ്ഞു... എന്നാൽ ഈശ്വരന്റെ കാരുണ്യംകൊണ്ടോ അല്ലെങ്കിൽ എന്റെ വിധി കൊണ്ടോ ഒരു ദിവസം അയാളെന്നെ കയറി പിടിക്കാൻ ശ്രമിച്ചത് അയാളുടെ അമ്മ കണ്ടു... അതോടെ എന്നന്നേക്കുമായി എന്റെ അവിടുത്തെ ജോലിയും പോയി... എന്നാൽ അയാളുടെ ശല്യംമാത്രം അവസാനിച്ചില്ല... അയാളുടെ ഇംഗിതത്തിന് എന്നെ കിട്ടില്ലെന്ന് മനസ്സിലായതോടെ അയാൾ ആ ശ്രമം ഉപേക്ഷിച്ചു... പക്ഷേ ഒരു ദിവസം അയാൾ എന്റെ വീട്ടിൽ വന്നു... അമ്മയെ കണ്ടു... അമ്മയുടെ സിംപതി നേടി... പോകുന്ന നേരത്ത് കുറച്ച് പണം അമ്മയുടെ കയ്യിൽ കൊടുത്തു...

പിന്നെ എന്നെ വിളിച്ച് അയാൾ ഒരു കാര്യം പറഞ്ഞു... എന്റെ കൂട്ടുകാരി ശ്രീഷ്മയെ അയാൾ പറയുന്നസ്ഥലത്ത് എത്തിച്ചു കൊടുക്കുക... അത് കേട്ട് പറ്റില്ലെന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു... എന്നാൽ അയാൾ അരയിൽ നിന്ന് ഒരു കുത്തിയെടുത്ത് എന്നെ കാണിച്ചു... അയാൾ പറഞ്ഞ കാര്യം ഞാൻ ചെയ്തുകൊടുത്തില്ലെങ്കിൽ ആ കത്തിയിൽ ചോര പുരളുമെന്നും... അത് നിന്റേതാകില്ലെല്ലും സുഖമില്ലാതായി കിടക്കുന്ന നിന്റെ അമ്മയുടെ ചോരയാകും ഇതിൽ പുരളുക എന്നും പറഞ്ഞു... അവസാനം അയാളുടെ ഭീഷണിക്കുമുന്നിൽ എനിക്ക് ആ മഹാപാപം ചെയ്യേണ്ടിവന്നു... അയാൾ അവിശ്യപ്പെട്ടതുപോലെ ശ്രീഷ്മയെ ഞാൻ വിളിച്ച് ഇന്റർവ്യൂന്റെ പേരും പറഞ്ഞ് ആ ഗസ്റ്റൌസിൽ എത്താൻ പറഞ്ഞു... അവളുടെ ഭാഗ്യം കൊണ്ടോ അല്ലെങ്കിൽ എന്റെ ഭാഗ്യത്താലോ ശ്രീഷ്മ എത്തിയത് ഈ നന്ദേട്ടന്റെ കൂടെയായിരുന്നു...

അവർ ബൈക്കിൽ പോകുന്നത് കണ്ട അയാൾ തന്റെ ആഗ്രഹം നിറവേറില്ലെന്ന് മനസ്സിലാക്കി... നന്ദേട്ടനോടുള്ള പകയുമായപ്പോൾ അവരെ കുടുക്കാൻ ശ്രമിച്ചു... ഇതാണ് ഉണ്ടായത്... അല്ലാതെ എനിക്ക് മറ്റൊരുവഴിയില്ലായിരുന്നു... " "അതു ശരി... അപ്പോൾ ഇതിലെ യഥാർത്ഥ വില്ലൻ പ്രദീപാണല്ലേ... പക്ഷേ സോജ ചെയ്ത ഈ ചതിയിൽ നഷ്ടമായത് ഇവന്റെ ജീവിതമാണ്... അതു തന്നെയാവും പ്രദീപും ആഗ്രഹിച്ചത്... ഇവനെയും വേദികയേയും തെറ്റിക്കുക... എന്നിട്ട് അവളെ സ്വന്തമാക്കുക... " "എനിക്കറിയില്ലായിരുന്നു ഇത് ഇത്ര വലുതാകുമെന്നത്... ഇത് നന്ദേട്ടനോട് പറയാൻ ഞാൻ തുനിഞ്ഞതായിരുന്നു പക്ഷേ എന്റെ അമ്മയുടെ കാര്യമോർത്തപ്പോൾ അതിന് കഴിഞ്ഞില്ല... ഞാൻ എല്ലാ സത്യവും വേദികയോട് പറയാം... അവൾ വിശ്വസിക്കും... " എന്തിന്... വേണ്ട ഞാൻ പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കാത്ത അവൾ മറ്റൊരാൾ പറഞ്ഞ് സത്യമറിയേണ്ട... " നന്ദൻ പറഞ്ഞു... "നന്ദാ ഇവൾ പറയുന്നതിലും കാര്യമുണ്ട്.... നീപറഞ്ഞാലല്ലേ അവൾ കേൾക്കാൻ കൂട്ടാക്കാത്തത്...

ഇവൾ പറഞ്ഞാൽ ചിലപ്പോൾ അവൾ കേട്ടെന്നിരിക്കും... ഇവർ അത്രക്ക് വലിയ കൂട്ടുകാരികളല്ലേ... " "കേൾക്കുമായിരിക്കും... എന്നിട്ട് എന്തിന്... ഇതുപോലെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അവൾവീണ്ടുമെന്നെ അവിശ്വസിക്കാനോ... വേണ്ട... ഇനിയൊരു പരീക്ഷണം കൂടി നേരിടാൻ എനിക്ക് വയ്യ... അവൾ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ പക്ഷേ അവന് ആ പ്രദീപിന് അവളെകിട്ടരുത്... അതു മാത്രമേ എനിക്കുള്ളു... " "എന്നാൽ അതെനിക്ക് വിട്ടേക്ക് ഞാൻ തന്നെ പോകാം... എന്നെ ചതിച്ച ഒരുവൾ അവിടെയുണ്ടല്ലോ... അവളേയും എനിക്കൊന്നു കാണണം... " "നീ എന്തു ചെയ്യാനാണ് പോകുന്നത്... " "പുതുശ്ശേരി തറവാട്ടിൽ ഞാൻ പോകും... എല്ലാ സത്യവും അവിടെയുള്ള വരെ അറിയിക്കും... വേണ്ടവർ വിശ്വസിച്ചോട്ടെ... അല്ലാത്തവർ വിശ്വസിക്കേണ്ട... അത് വേദികയായാലും അവളുടെ വീട്ടുകാരായാലും...

പക്ഷേ എനിക്ക് അറിയേണ്ടത് മറ്റൊരു കാര്യമാണ്... അതും ശിൽപ്പയിൽനിന്ന്... എന്റെ പുറകെ വന്ന് എനിക്ക് ആശതന്ന് വഞ്ചിച്ചത് എന്തിനാണെന്ന് എനിക്കറിയണം... പിന്നെ സോജ ഇവൾ ചിലപ്പോൾ നമ്മളെ സഹായിക്കേണ്ടിവരും... എന്താ അതിനു വല്ല ബുദ്ധിമുട്ടുമുണ്ടോ സോജക്ക്... " "എന്നെക്കൊണ്ട് കഴിയുന്ന എന്തു സഹായവും ഞാൻ ചെയ്യാം... അത്രമാത്രം ക്രൂരതയാണ് ഞാൻ ചെയ്തത് അതിന് എനിക്ക് പ്രത്യുപകാരം ചെയ്യണം... പക്ഷേ എന്റെ അമ്മയുടെ കാര്യമോർക്കുമ്പോഴാണ് എനിക്ക് പേടി... അയാൾ എന്തിനും മടിക്കാത്ത ദുഷ്ടനാണ്..." "അവന്റെ കാര്യമോർത്ത് നീ പേടിക്കേണ്ട... അവനെ ഒതുക്കുന്നതുവരെ നിന്റെ നാവിൽ നിന്ന് ഈ സത്യം പുറത്തു വന്ന കാര്യം അവനറിയില്ല... നീ ഞങ്ങളെ കണ്ടിട്ടുമില്ല ഒന്നും പറഞ്ഞിട്ടുമില്ല... എന്നാൽ ശരി ഞങ്ങൾ ഇറങ്ങുകയാണ്... ഇവിടെ ഇപ്പോൾ നമ്മൾതമ്മിൽ കണ്ടതും സംസാരിച്ചതും നമ്മളല്ലാതെ മറ്റാരുമറിയരുത്...

അത് നിനക്ക് മാത്രമല്ല സോജക്കുംകൂടിയാണ് ആപത്തുണ്ടാക്കുക... കേട്ടല്ലോ..." സോജയും ഷിഫാനയും തലയാട്ടി... നന്ദനും വിശാഖും അവിടെനിന്നുമിറങ്ങി... "നന്ദാ ഇപ്പോൾ മനസ്സിലായില്ലേ ഇതൊക്കെ നടന്നത് എങ്ങനെയാണെന്ന്... ഇത് എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു... കാരണം നിന്നെ കുടുക്കാനാണെങ്കിൽ അവർ ശ്രീഷ്മയെ വിളിക്കേണ്ടതിന്റെ ആവിശ്യമില്ല... അതല്ല അവളെ മുന്നിൽനിർത്തി നിന്നെ കുടുക്കാനാണ് തീരുമാനിച്ചതെങ്കിൽ അവർ നിന്നെയും വിളിക്കുമായിരുന്നു... ഏതായാലും സത്യം എന്താണെന്ന് മനസ്സിലായല്ലോ... നിന്നെ രക്ഷിച്ചതിന്റെ പേരിൽ മുകളിൽ നിന്നുള്ള പ്രഷറിന് എനിക്ക് പറഞ്ഞു നിൽക്കാൻ ഒരു കാരണമായല്ലോ... "

അപ്പോഴേക്കും അവർ നന്ദന്റെ ബൈക്ക് നിർത്തിയിട്ട സ്ഥലത്ത് എത്തി... എന്നാൽ നീ ഇറങ്ങിക്കോ... എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകാനുണ്ട്... " "എവിടേക്ക് പുതുശ്ശേരിയിലേക്കോ... " "അതെ... ഇന്നാകുമ്പോൾ എല്ലാവരും അവിടെയുണ്ടാകുമല്ലോ... ഞായറാഴ്ചയല്ലേ... " "എന്റെ നിരപരാധിത്വം അവരെ അറിയിക്കാനായിരിക്കുമല്ലേ പോകുന്നത്... കഷ്ടം... നിനക്ക് നാണമുണ്ടോ... അവരെ വിശ്വസിപ്പിക്കാൻ പോകുന്നു... മറ്റൊരാൾ പറഞ്ഞിട്ടു വേണമായിരിക്കും അവർക്ക് എന്നെ വിശ്വാസത്തിലെടുക്കാൻ... ശരി ഞാൻ എതിരുനിൽക്കുന്നില്ല... വൈകീട്ട് ആൽത്തറയിൽ വച്ച് കാണാം... " നന്ദൻ തന്റെ ബൈക്ക് സ്റ്റാർട്ടുചെയ്തു അവിടെനിന്നും പോയി... കുറച്ചുനേരം ആലോചിച്ചതിനുശേഷം വിശാഖ് പുതുശ്ശേരിയിലേക്ക് പുറപ്പെട്ടു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story