സ്വന്തം തറവാട് : ഭാഗം 26

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്റെ നിരപരാധിത്വം അവരെ അറിയിക്കാനായിരിക്കുമല്ലേ പോകുന്നത്... കഷ്ടം... നിനക്ക് നാണമുണ്ടോ... അവരെ വിശ്വസിപ്പിക്കാൻ പോകുന്നു... മറ്റൊരാൾ പറഞ്ഞിട്ടു വേണമായിരിക്കും അവർക്ക് എന്നെവിശ്വാസത്തിലെടുക്കാൻ... ശരി ഞാൻ എതിരുനിൽക്കുന്നില്ല... വൈകീട്ട് ആൽത്തറയിൽ വച്ച് കാണാം... " നന്ദൻ തന്റെ ബൈക്ക് സ്റ്റാർട്ടുചെയ്തു അവിടെനിന്നും പോയി... കുറച്ചുനേരം ആലോചിച്ചതിനുശേഷം വിശാഖ് പുതുശ്ശേരിയിലേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം ശിൽപ്പ തന്റെ മുറിയിൽ ഓരോന്നാലോചിച്ച് ഇരിക്കുകയായിരുന്നു... "എന്താണ് തനിക്കുപറ്റിയത്... താൻ വിചാരിക്കുന്നതൊന്നുമല്ല മറ്റുള്ളവരോട് പറയുന്നത്... താൻ ഈ വീട്ടിൽ വന്നുകയറിയത് കിരണേട്ടന്റെ ഭാര്യയായിട്ടാണ്.... പക്ഷേ കിരണേട്ടനെ നഷ്ടമാകാതിരിക്കാൻ അച്ഛൻ പറഞ്ഞത് അനുസരിക്കാമെന്ന് വാക്ക് നൽകി...

എന്നാൽ അതിന് വിപരീതമായാണ് തന്റെ നാവിൽനിന്നും ഓരോ കാര്യങ്ങൾ വരുന്നത്... അവൾ ആ പാർവ്വതി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് എന്നിലെ മാറ്റങ്ങൾ വന്നുതുടങ്ങിയത്... ഇനി അവൾ പറഞ്ഞതുപോലെ അവളുടെ മായാവലയത്തിലാണോ ഞാൻ... ഇനി ഇതിൽനിന്ന് എനിക്ക് മോചനമുണ്ടാവില്ലേ... അച്ഛനും ഏട്ടനും കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് കഴിയില്ലേ... ഈ വീട്ടിൽ എത്ര ആളുകളുണ്ട്... എന്നിട്ടുമവൾ എന്തിനാണ് എന്റെ കൂടെ കൂടിയത്... തിരുമേനി പറഞ്ഞതുപോലെ വേദികയും നന്ദേട്ടനും ഒന്നിക്കുന്നത് ഞാൻ മൂലമാകുമോ... അങ്ങനെ സംഭവിക്കുമോ... ഇത്രയും കഷ്ടപ്പെട്ടത് വെറുതേയാകുമോ... എന്നോടു മാത്രം എന്താണ് അവൾക്കിത്ര താല്പര്യം... കഴിഞ്ഞ ജന്മത്തിൽ ഞാൻ കാരണമാണ് അവർ ഒന്നിക്കാതെ പോയതെന്ന്.... എങ്ങനെ... എന്തൊക്കെയാണിത്... ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ... " "എന്താണ് ഇത്രക്കും ആലോചിച്ചുകൂട്ടാൻ.. എന്താണ് നിനക്ക് പറ്റിയതെന്നോ... ഞാൻ പറഞ്ഞുതരാം... "

പെട്ടന്ന് ആ ചോദ്യം കേട്ട് ശിൽപ്പ ഞെട്ടലോടെ അവിടേക്ക് നോക്കി... ഒരു പുഞ്ചിരിയോടെ നിൽക്കുന്ന വേദികയുടെ രൂപത്തിൽ വന്ന പാർവ്വതിയെ കണ്ട് അവൾ ചാടിയെഴുന്നേറ്റു... " "നീയെന്തിനാണ് പേടിക്കുന്നത്... ഞാനെന്തെങ്കിലും ചെയ്യുമോ എന്നാലോചിച്ചാണോ... അങ്ങനെ നിന്നെ ഉപദ്രവിക്കാൻ എനിക്ക് താൽപര്യമുണ്ടെങ്കിൽ നീയെന്നെ സ്വതന്ത്രമാക്കിയ സമയത്തുതന്നെ അതു ചെയ്യാമായിരുന്നില്ലേ... ഇത്രയും കാലം തെക്കിനിയും പരിസരത്തും ആരുടേയും ശ്രദ്ധയിൽ പെടാതെ മോചനത്തിനു വേണ്ടി ആഗ്രഹിച്ചു കഴിയുകയായിരുന്നു ഞാൻ.. ആ എന്നെ സ്വതന്ത്രയാക്കിയത് നീയാണ്... ആ നീതന്നെയാണ് വർഷങ്ങളായി കാത്തിരുന്ന എന്റെ സ്വപ്നം നിറവേറ്റാൻ പുനർജനിച്ചവൾ... കഴിഞ്ഞ ജന്മത്തിൽ നീ എന്നിൽനിന്ന് അനന്തേട്ടനെ അകറ്റി... എന്നാൽ ഈ ജന്മത്തിൽ നീ ഞങ്ങളെ ഒന്നിപ്പിക്കും...

അതിനുവേണ്ടിയാണ് ആരുമറിയാതെ നിന്റെ മനസ്സിൽ കിരണേട്ടനെ പ്രതിഷ്ഠിച്ചത്... വിധി അതാണ്... " "എന്തിനാണ് നീ എന്നെ ശല്യം ചെയ്യുന്നത്... നിന്നെ സഹായിക്കാനല്ല ഞാൻ ഇവിടെവന്നുകയറിയത്... എനിക്കൊരു ലക്ഷ്യമുണ്ട്... അത് നിറവേറ്റുക എന്നതാണ് എന്റെ ലക്ഷ്യം... അത് ആര് തടഞ്ഞാലും അതേ നടക്കൂ... " "ഇല്ല ശിൽപ്പാ... അതിന് നിനക്കാവില്ല... കാരണം നിന്റെ മനസ്സ് അത് എന്റെ കയ്യിലാണ്... നീയെന്തു ചെയ്യണം ചെയ്യേണ്ട എന്നുതിരുമാനിക്കുന്നത് ഞാനാണ്... " "എന്തിന് അതിനു മാത്രം കഴിഞ്ഞ ജന്മത്തിൽ എന്തു തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്... " "അത് നിനക്കറിയണോ... അറിയണം നീ... അത്രയേറെ സ്നേഹിച്ച നീ അന്നെന്നെ ചതിച്ചത് എങ്ങനെയാണെന്ന് നീയറിയണം... അന്ന് ആദ്യമായി കണ്ട നിമിഷത്തിൽ തന്നെ എന്തോ അനന്തേട്ടനോട് എനിക്ക് ഒരു താല്പര്യം തോന്നി... അത് പതിയെ ഇഷ്ടമായിമാറി...

അമ്മയുടെ തറവാടുവീടായ കണിമംഗലത്തേക്ക് എന്റെ കൂടെ വരാൻ അനന്തേട്ടനോട് അച്ഛൻ പറഞ്ഞപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്... അനന്തേട്ടനുമൊന്നിച്ച് നടക്കാലോ... അനന്തേട്ടനോട് ആദ്യമായി ഒന്ന് സംസാരിക്കാലോ... എന്റെ ഇഷ്ടം അനന്ദേട്ടനോട് പറയാലോ... അങ്ങനെ ഒരുപാട് മോഹങ്ങളുമായി അനന്തേട്ടന്റെ കൂടെ കണിമംഗലത്തേക്ക് ഞാൻ പുറപ്പെട്ടു... " ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ "ഇയാളെന്താ മുഖം വീർപ്പിച്ചു നടക്കുന്നത്... എന്തെങ്കിലുമൊക്കെ സംസാരിച്ചൂടേ... " പോകുന്ന വഴിയിൽ പാർവ്വതി അനന്തനോട് ചോദിച്ചു... എന്നാൽ അത് കേട്ടതായി അനന്തൻ ഭാവിച്ചില്ല... "ഇയാൾ ചെയ്തു പോരുന്ന കാര്യങ്ങൾ നല്ലതാണ് ട്ടോ... പാപങ്ങൾക്കു വേണ്ടി ചെയ്യുന്ന ഈ പ്രവർത്തി വിജയിക്കും... ഞാനും അനന്തേട്ടന്റെ പക്ഷക്കാരിയാണ്... എന്തിനാണ് ഇവിടെയൊരു വേർതിരിവ്... എല്ലാവരും മനുഷ്യരല്ലേ... എല്ലാവരേയും ശ്രിഷ്ടിച്ചത് ഈശ്വരനല്ലേ... ആ ഈശ്വരനെ പ്രാർത്ഥിക്കാൻ എന്തിനാണ് വിലക്ക്... അതാണ് എനിക്ക് മനസ്സിലാവാത്തത്... "

"അത് പോയി നിന്റെ അച്ഛനോട് ചോദിക്ക്... അയാളാണല്ലോ ഈ നാട്ടിലെ കാരണവർ... " "അത് ശരിതന്നെ... പക്ഷേ ഈ പ്രശ്നം ഇവിടെ മാത്രമല്ലല്ലോ എല്ലായിടത്തുമുണ്ടല്ലോ... " "ഉണ്ട്... ഓരോ നാട്ടിലും നിന്റെ അച്ഛനെപ്പോലെ ഓരോ പ്രമാണിമാരുണ്ടല്ലോ... ഒന്നിനും കൊള്ളാത്ത പ്രകൃതക്കാർ... പാവപ്പെട്ടവരുടെ വിയർപ്പിന്റെ അംശം ഊറ്റിയെടുക്കുന്നവർ... ഇവരുടെയൊക്കെ പിൻതലമുറക്കാരും ഇതെല്ലാം കണ്ടാണ് പഠിക്കുന്നത്... അവരും ഇതൊക്കെത്തന്നെ ചെയ്യും... " എന്നെ ആ കൂട്ടത്തിൽ കൂട്ടേണ്ട... ഞാൻ പറഞ്ഞല്ലോ അനന്തേട്ടന്റെ പക്ഷക്കാരിയാണ് ഞാൻ... " "എന്നാൽ നിനക്ക് നിന്റെ അച്ഛനെ ദിക്കരിച്ച് എന്റെ കൂടെ നിൽക്കാൻ പറ്റുമോ... " "അയ്യോ... എന്നെ ഒറ്റവെട്ടിന് തീർത്ത് കുഴിച്ചു മൂടും അച്ഛൻ... " "എന്നാൽ വല്ലാതെ സംസാരിക്കേണ്ട... എനിക്കറിയാം എന്തുവേണമെന്ന്... അധികനാളൊന്നുമില്ല നിന്റെ അച്ഛനെപ്പോലെയുള്ളവരുടെ നെഗളിപ്പ്... ഇവിടുത്തെ പാവം ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്നതേയുള്ളൂ എല്ലാം... എന്നാൽ അതിനുള്ള ധൈര്യം ഇവിടെയുള്ളവർക്കില്ല...

അതാണ് സങ്കടം... അവരെ പറഞ്ഞ് മനസ്സിലാക്കണം... ഇനി അതിനുള്ള നീക്കമാണ് നടത്താൻ പോകുന്നത്... ഇവിടെ മാത്രമല്ല എല്ലായിടത്തും ഇതുപോലെ എല്ലാവരേയും ഒന്നിപ്പിക്കണം.. " "അതൊക്കെ നടക്കുമോ... " "നടക്കും നടത്തും... എന്നെപ്പോലെ ഒരുപാടുപേർ ഇതിനായി ഇറങ്ങിതിരിച്ചിട്ടുണ്ട്... അവരൊക്കെ ഒത്തുകൂടുന്ന സമയം വിദൂരമല്ല... " "എന്നാൽ ആ കൂട്ടത്തിൽ പുതുശ്ശേരി തറവാട്ടിലെ ഇളമുറക്കാരിയുമുണ്ടാകും... പക്ഷേ എന്തൊക്കെ സംഭവിച്ചാലും എന്നെ കൈവിടില്ലെന്ന് ഉറപ്പുതരണം... എന്താ പറ്റുമോ ഇയാൾക്ക്... " "മനസ്സിലായില്ല... " അനന്തൻ സംശയത്തോടെ അവളെ നോക്കി... " "എന്നെ ഏത് പ്രതിസന്ധിയിലും കൂടെനിർത്തുമെന്ന് വാക്കുതരണം... അതായത് ഇയാളുടെ സ്വന്തമായി എന്നെ കാണണമെന്ന്... " അതുകേട്ട് അനന്തൻ നിന്നു... " "നീയെന്താണ് പറഞ്ഞതെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ... എന്റെ പട്ടട കാണാൻ നിനക്ക് താല്പര്യമുണ്ടോ... " "അങ്ങനെയല്ല... ഇയാളുടെ കൂടെ ഇനിയുള്ള കാലം ജീവിക്കണം എന്ന മോഹം...

അത് സുഖമായാലും ദുഃഖമായാലും അതെല്ലാം ഒന്നിച്ചു നിന്ന് തരണം ചെയ്ത് ജീവിക്കണം... " "എന്ത് നല്ല നടക്കാത്ത മോഹം... പെണ്ണേ നിന്റെ കുട്ടിക്കളി അത് എന്നോട് വേണ്ട... മനസ്സിലായല്ലോ... നമ്മളെപ്പോലെയുള്ളവർ എങ്ങനെയെങ്കിലും ജീവിച്ചുപോന്നോട്ടെ... ശല്യം ചെയ്യാതിരുന്നാൽ മതി... " "ശല്യമോ.. അതെന്താ അങ്ങനെ പറഞ്ഞത്... ഞാൻ പറഞ്ഞത് സത്യമാണ്... എനിക്ക് ഇയാളെ അത്രക്ക് ഇഷ്ടമാണ്..." "പിന്നേ ഇന്നലെ കണ്ട എന്നെ ഇഷ്ടമാണെന്ന്... അത് ഞാനങ്ങനെ വിശ്വസിക്കണമല്ലേ... എന്താ പുതിയ തന്ത്രം പറഞ്ഞ് എന്നെ എന്റെ തീരുമാനത്തിൽ നിന്ന് മാറ്റിയെടുക്കാൻ അച്ഛൻ പറഞ്ഞയച്ഛതാവും നിന്നെ അല്ലേ... അതിനു വച്ച വെള്ളം മോള് വാങ്ങിവച്ചേക്ക്... ഞാനെടുത്ത തീരുമാനത്തിൽ നിന്ന് പിൻമാറണമെങ്കിൽ ഞാൻ ഇല്ലാതാവണം... അതിനുള്ള വഴി പെട്ടന്ന് നോക്ക്... അന്നേരം നീയും നിന്റെ അച്ഛനും വിചാരിക്കുന്നതു പോലെ നടക്കുമായിരിക്കും... "എന്തൊക്കെയാണ് പറയുന്നത്... എന്നെ അങ്ങനെയാണ് കണ്ടിരിക്കുന്നത്... ഞാൻ പറഞ്ഞത് എന്റെ മനസ്സാണ്...

അത് വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം... അതല്ല.. എന്നെ ഒഴിവാക്കാനാണ് ഇതൊക്കെ മെനയുന്നതെങ്കിൽ അങ്ങനെ സ്വസ്ഥമായി ജീവിക്കാമെന്ന് കരുതേണ്ട... ഈ പുതുശ്ശേരി തറവാട്ടിലെ രാമഭദ്രന്റെ മകൾ പാർവ്വതിയുടെ കഴുത്തിൽ ആരെങ്കിലും മിന്നുകെട്ടുന്നുണ്ടെങ്കിൽ അത് ഈ അനന്തനായിരിക്കും... " "അപ്പോൾ നീ ഒന്നിനായിട്ട് ഇറങ്ങിയതാണോ... ദേ പെണ്ണേ പുതുശ്ശേരി തറവാട്ടിലെ ഏഴയലത്തുപോലും എത്തില്ല ഞാനും എന്റെ കുടുംബവും... ആ എന്നെ ഇഷ്ടമാണെന്നത് നിന്റെ വീട്ടുകാർ അറിഞ്ഞാൽ എന്റെ കൂടുംബംവരെ കത്തിക്കും അവർ... മരിക്കാൻ എനിക്ക് ഭയമില്ല...

പക്ഷേ എന്റെ അച്ഛനേയും അമ്മയേയും ഞാൻ കാരണം ഒരു ദുരത്തിലേക്ക് തള്ളിയിടാൻ എനിക്ക് താൽപ്പര്യമില്ല... അതുകൊണ്ട് നിന്റെ മനസ്സിലുള്ളത് ഇവിടെവച്ച് മറന്നേക്കണം... ഒരു കുടുംബമോ ജീവിതമോ അല്ല ഇപ്പോൾ എന്റെ ലക്ഷ്യം... ഇവിടുത്തെ പട്ടിണിപ്പാവങ്ങൾക്ക് അവർ ആഗ്രഹിക്കുന്നത് നേടി കൊടുക്കുക... അതേയുള്ളൂ എനിക്ക്... അതിനിടയിൽ പ്രണയം മണ്ണാംകട്ട എന്നുപറഞ്ഞ് എന്റെ വഴിയേ വന്നേക്കരുത്... അതെനിക്ക് ഇഷ്ടമല്ല... നിന്റെ അച്ഛൻ എനിക്കു തന്ന ആദ്യ ജോലിയാണ് നിന്റെ കൂടെ കണിമംഗലത്തേക്ക് കൂടെ വരുക എന്നത്... എന്നാൽ ഇതുപോലുള്ള ഓരോ കാര്യങ്ങൾ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാനാണ് ശ്രമമെങ്കിൽ ഈ വഴി ഇട്ടേച്ച് ഞാനെന്റെ പാട്ടിനുപോകും... പറഞ്ഞേക്കാം... ".......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story