സ്വന്തം തറവാട് : ഭാഗം 27

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നിന്റെ അച്ഛൻ എനിക്കു തന്ന ആദ്യ ജോലിയാണ് നിന്റെ കൂടെ കണിമംഗലത്തേക്ക് കൂടെ വരുക എന്നത്... എന്നാൽ ഇതുപോലുള്ള ഓരോ കാര്യങ്ങൾ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാനാണ് ശ്രമമെങ്കിൽ ഈ വഴി ഇട്ടേച്ച് ഞാനെന്റെ പാട്ടിനുപോകും... പറഞ്ഞേക്കാം... അതിൽ എന്റെ ജോലി പോയാലും എനിക്ക് പ്രശ്നമല്ല..." "അതിന് നിങ്ങൾക്ക് ധൈര്യമുണ്ടോ... വെറുതേ വിടുവായിത്തം പറയാതെ... അങ്ങനെ എന്നെ ഇവിടെയിട്ടു പോവാനായിരുന്നെങ്കിൽ നമ്മൾ സംസാരിച്ചു തുടങ്ങിയപ്പോഴേ പോകാമായിരുന്നു... " "അത് പിന്നെ പറ്റാത്തതുകൊണ്ടല്ല... നിന്നെപ്പോലെ ഒരു പെൺകുട്ടിയെ ഇവിടെ തനിച്ചാക്കി പോകുവാനുള്ള മനസ്സനുവദിച്ചില്ല... അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാരോട് ഇവിടുത്തെ നാട്ടുകാർക്ക് തീർത്താൽതീരാത്ത പകയുണ്ട്... അത് ചിലപ്പോൾ നിന്നിൽ തീർത്തെന്നിരിക്കും... നിന്റെ മുത്തശ്ശനുള്ള കാലത്ത് പുതുശ്ശേരി തറവാട് എന്നു പറഞ്ഞാൽ ദൈവത്തിന്റെ വീടായിരുന്നു... എന്നാലിപ്പോഴത് ചെകുത്താന്റെ കോട്ടയാണ്... എന്നാണ് എല്ലാവരും ഒത്തുകൂടി ആ തറവാട് തീവെക്കുന്നതെന്നറിയില്ല... "

"അതിൽ ഇയാളും മുൻപന്തിയിലുണ്ടാകുമായിരിക്കുമല്ലേ... " "എന്താ സംശയം... ഇതുപോലെയാണെങ്കിൽ ഞാനുമുണ്ടാകും മുൻപന്തിയിൽ.. പക്ഷേ നിരപരാധികളായ നിങ്ങളൊക്കെ അതിൽ പെടുമല്ലോ എന്നോർക്കുമ്പോഴാണ്... " "അതിനെന്താ പുതുശ്ശേരി രാമഭദ്രന്റെ ബാക്കിയല്ലേ ഞാനും മറ്റുള്ളവരും... " "അതതേ... എന്നാലും... " "എന്റെ അനന്തേട്ടാ അങ്ങനെ വേർതിരിവ് കാണിക്കരുത്... ആ തറവട്ടിലൊരു പുതുതലമുറയുണ്ടാത്ത രീതിയിൽ എല്ലാം ഭസ്മമാക്കണം... " "അതെന്താ നീയിത്ര നിസാരമായി പറയുന്നത്... അതിൽ നീയും പെടില്ലേ... " "പെട്ടോട്ടെ... ആർക്കാണ് നഷ്ടം... ഇതുപോലെ പുറകെ വന്ന് ശല്യം ചെയ്യാൻ ആരുമുണ്ടാവില്ലല്ലോ... അത് സന്തോഷമല്ലേ ഉണ്ടാക്കുക... " "അങ്ങനെയൊരു സന്തോഷം എനിക്ക് വേണ്ടെങ്കിലോ... അങ്ങനെ ഭസ്മമാക്കാനല്ല ചെറുപ്പംമുതൽ ഇയാളെ മനസ്സിൽ കൊണ്ടുനടന്നത്... "

"എന്താ... എന്താ പറഞ്ഞത്... " പാർവ്വതി വിശ്വസിക്കാനാവാതെ അനന്തനെ നോക്കി... " "സത്യമാണെടോ... നീയറിയാതെ നീ കാണാതെ നിന്നെ ഞാൻ കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതാണ്... അത് ഒരിക്കലും നിന്നെ എനിക്ക് കിട്ടില്ലെന്ന് അറിഞ്ഞിട്ടുതന്നെ... എന്റെ ഇഷ്ടം എന്റെ മനസ്സിൽതന്നെ കിടന്നിട്ടോ എന്നു കരുതി... " "അങ്ങനെയൊരിഷ്ടം ഉണ്ടെങ്കിൽ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല... എന്തുകൊണ്ട് ഇത്രയും കാലം എന്റെ മുന്നിൽ വന്നില്ല... " "ആശിക്കാൻ പാടില്ലാത്തതാണ് എന്നറിയുന്നത് കൊണ്ട്... " "എന്നിട്ടിപ്പോൾ പറഞ്ഞതോ... " "നിനക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞതുകൊണ്ട്... ഇനി എന്തൊക്കെ വന്നാലും ആര് എതിർത്താലും നീ എന്റേതാണ്... മൃത്യുവിനല്ലാതെ ഇനി നമ്മളെ പിരിക്കാൻ കഴിയില്ല... " അതുകേട്ട് പാർവ്വതി അവന്റെ നെഞ്ചിലേക്ക് വീണു... " ✨✨✨✨✨✨✨✨✨✨✨

ഞങ്ങളുടെ ആ ഇഷ്ടം ആരുമറിയാതെ ആരും കാണാതെ മുന്നോട്ടുപോയി... എന്നാൽ ഞങ്ങളുടെ പ്രണയം ഈശ്വരന് പിടിച്ചില്ല... അതാണ് സത്യം... വീട്ടിലെ പണിക്കാരിയായിരുന്ന നാരാണിയമ്മയുടെ മകൾ രുഗ്മിണിക്ക് എന്തോ അനന്തേട്ടനോട് ഒരിഷ്ടം ഉണ്ടായിരുന്നു... പലതവണ അവളത് അനന്തേട്ടനോട് പറയാൻ തുനിഞ്ഞു... പക്ഷേ അപ്പോഴൊക്കെ അത് നടന്നില്ല... എന്നാൽ ഒരു ദിവസം ഞാൻ അനന്തേട്ടനോടൊപ്പം തറവാട്ടിലെ കുളക്കടവിൽ ഇരിക്കുന്നതും സംസാരിക്കുന്നതും അവൾ കണ്ടു... അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അവൾക്ക് ഞങ്ങളോട് ദേഷ്യമായി... പിന്നെ ഞങ്ങളെ എങ്ങനെ അകറ്റാം എന്നായിരുന്നു അവളുടെ മനസ്സിൽ അതിന് അവൾ നാണുമാമയുടെ മകൾ ലക്ഷ്മിയെ കൂട്ടു പിടിച്ചു.... പക്ഷേ അവരുടെ ഒരു തന്ത്രത്തിനും ഞങ്ങളെ പിരിക്കാൻ കഴിഞ്ഞില്ല... രുഗ്മിണി അവസാനം ഈ കാര്യം നാണുവമ്മാവനോട് പറഞ്ഞു... അദ്ദേഹം അച്ഛനോട് ചില സൂചന കൊടുത്തു... എന്നാൽ അച്ഛനും ഏട്ടന്മാരും അത് വിശ്വസിച്ചില്ല... പക്ഷേ വിധി മറ്റൊന്നായിരുന്നു...

അന്ന് അനന്തേട്ടൻ കുളക്കടവിന്റെ അടുത്തേക്ക് പോകുന്നത് കണ്ട് ഞാനും അവിടേക്ക് നടന്നു... ഞാനെത്തുമ്പോൾ അനന്തേട്ടൻ കുളക്കടവിന്റെ പടികളിൽ ഇരിക്കുകയായിരുന്നു... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ "എന്താ അവിടെയിരുന്ന് സ്വപ്നം കാണുകയാണോ..." പാർവ്വതി ചോദിച്ചതുകേട്ട് അനന്തൻ തിരിഞ്ഞു നോക്കി... "എന്താ എനിക്ക് സ്വപ്നം കാണാനും നിന്റെ സമ്മതം വേണോ... " "വേണമല്ലോ... ആ മനസ്സിൽ ഞാനല്ലാതെ മറ്റൊന്നും ഉണ്ടാകരുതെന്നും എനിക്ക് നിർബന്ധമുണ്ട്... " "ആണോ അപ്പോൾ മുമ്പ് പറഞ്ഞതൊക്കെ എന്റെ ഇഷ്ടം നേടാനായിരുന്നോ... " "എന്ത് പറഞ്ഞെന്നാണ്... " "ഓ വലിയ വീട്ടിലെ കുട്ടിയായതിനാലാവും പറഞ്ഞത് ഓർമ്മയിൽ നിൽക്കാത്തത്... ഈ നാട്ടിലെ പാവങ്ങളുടെ സങ്കടം തീർക്കാൻ നീയെന്റെ കൂടെ നിൽക്കുമെന്ന് പറഞ്ഞിരുന്നോ.. അതോ കാര്യം കാണാൻ വേണ്ടി വിടുവായിത്തം പറഞ്ഞതോ... " "ഓ അതോ... ഈ പാർവ്വതിക്ക് വാക്ക് ഒന്നേയുള്ളൂ... അനന്തേട്ടന്റെ ആഗ്രഹം എന്താണോ അതിന് എന്റെ ജീവൻ കളയാനും ഞാനൊരുക്കമാണ്... എന്താ പോരേ... "

"അതൊന്നും വേണ്ട... നീയെന്റെ കൂടെ നിന്നാൽ മതി... " "എന്റെ ഈ ജന്മം തന്നെ ഞാൻ അനന്തേട്ടനായി സമർപ്പിച്ചിരിക്കുകയാണ്... പിന്നെ അനന്തേട്ടാ നമ്മുടെ ഇഷ്ടം എന്നും ഇതുപോലെതന്നെ ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന... " "അതെന്താ ഇപ്പോൾ നിനക്ക് ഇങ്ങനെയൊന്ന് തോന്നാൻ കാരണം... ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നീ എന്റേത് മാത്രമായിരിക്കും.. പക്ഷേ ഇപ്പോഴും എനിക്കെന്തോ പേടി മാറിയിട്ടില്ല... പുതുശ്ശേരി തറവാട്ടിലെ ഏക പെൺതരിയാണ് നീ... ഇവിടുത്തെ വേലക്കാരനായ ദാമോദരന്റെ മകനാണ് ഞാൻ ആ ഞാനും ഇവിടുത്തെ പ്രമാണിമാരായ പുതുശ്ശേരി തറവാട്ടിലെ നീയും തമ്മിൽ ഇഷ്ടമാണെന്ന് നിന്റെ വീട്ടുകാർ അറിഞ്ഞാൽ... അവർ എന്നെ വെട്ടിനുറുക്കും... " "ഇല്ല... അങ്ങനെ വല്ലതും ഉണ്ടായാൽ ആ മരണത്തിലും ഞാനുണ്ടാകും അനന്തേട്ടന്റെ കൂടെ... " "അത്രക്ക് എന്നെ ജീവനാണോ നിനക്കെന്നെ... " "എന്നെക്കാളും എത്രയോ പതിന്മടങ്ങ് ഇഷ്ടമാണ് അനന്തേട്ടനെഎനിക്ക്... " അതു കേട്ടതും അനന്തൻ പാർവ്വതിയെ ചേർത്തു പിടിച്ചു... "പാറൂ... "

പെട്ടന്നൊരലർച്ച കേട്ട് അവർ ഞെട്ടി വേർപിരിഞ്ഞു... "അസത്തെ... നിനക്ക് പ്രേമിക്കാനും കൊഞ്ചികുഴയാനും കിട്ടിയത് ഈ എരണം കെട്ടവനെയാണോ... കാര്യസ്ഥൻ നാണു പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല... വീടിന്റെ ഏഴകലത്തിൽ നിർത്തേണ്ട ഇവനെ ചേർത്തു പിടിച്ചു നിൽക്കുന്നു... തറവാടിന് പേരുദോഷം വരുത്തിവച്ച ഈ കഴിവേറിമോളെ പിടിച്ചുകൊണ്ടുപോയി ഏതെങ്കിലും മുറിയിലിട്ട് പൂട്ടെടാ... രാമഭദ്രൻ ശിവഭദ്രനോടും ദേവഭദ്രനോടും ആക്രോശിച്ചു... അവർ പാർവതിയെ പിടിച്ചുവലിച്ച് തറവാട്ടിലേക്ക് കൊണ്ടുപോയി... രാമഭദ്രൻ പിന്നെ അനന്തനെ രൂക്ഷമായി നോക്കി... "നീ പുതുശ്ശേരി തറവാട്ടിലെ പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടു അല്ലേ.. ഇല്ല... ഇതിന് നീ ശിക്ഷ അനുഭവിച്ചേ മതിയാകൂ... അനന്താ ഇത്രയും കാലം ഒരുമകനായിട്ടേ നിന്നെ ഞാൻ കണ്ടിരുന്നുള്ളൂ... നീ ചെയ്യുന്നതൊക്കെ അറിവുകേടുകൊണ്ടാണെന്ന് കരുതി ഞാൻ ക്ഷമിച്ചു...എന്നാലിപ്പോൾ പുതുശ്ശേരി തറവാട്ടിലെ പെൺകുട്ടിയെ പലതും പറഞ്ഞ് മയക്കിയെടുത്തല്ലേ...ഇല്ല ഇത് ഞാൻ ക്ഷമിക്കില്ല... നാണൂ..."

"രാമഭദ്രൻ തിരിഞ്ഞ് നാണുവിനെ വിളിച്ചു... എന്തിനുംപോന്ന ശരീരപ്രകൃതിയുള്ള നാണു അനന്തന്റെ അടുത്തേക്ക് വന്നു...കഴുത്തിലിട്ട തോർത്ത് ചുരുട്ടി അത് അനന്തന്റെ കഴുത്തിൽ ചുറ്റി... പിന്നെ ആ തോർത്ത് പിടിച്ചുവലിച്ച് കുളത്തിലേക്ക് തള്ളിയിട്ടു... കൂടെ നാണുവും കുളത്തിലേക്ക് ചാടി... എന്നാൽ പെട്ടെന്നായിരുന്നു അനന്തന്റെ പ്രതികരണം... വെള്ളത്തിലേക്ക് ചാടിയ നാണുവിന്റെ മുടിൽപിടിച്ച് മറുകൈകൊണ്ട് അയാളുടെ മൂക്കുനോക്കി ഇടിച്ചു അവൻ... എന്നാൽ പെട്ടന്നായിരുന്നു പടവിലെ ഇളകിയ ഒരു കല്ലെടുത്തു രാമഭദ്രൻ അനന്തന്റെ തലയിലേക്കിട്ടത്... അനന്തന്റെ തലപൊട്ടി രക്തം ഒഴുകി... നാണുവിന്റെ മൂടിയിലെ പിടി വിട്ടവൻ...അനന്തന് കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി.... "നാണൂ ഇനിയവൻ ജീവിക്കരുത്... കേട്ടല്ലോ... " രാമഭദ്രൻ തിരിഞ്ഞ് പടികൾ കയറി തറവാട്ടിലേക്ക് നടന്നു...

എന്നാൽ നാണു വിജയചിരിയോടെ അനന്തന്റെ മുടിയിലും കഴുത്തിലും പിടിച്ച് വെള്ളത്തിൽ മുക്കി.... പെട്ടന്ന് എവിടുന്നോ കിട്ടിയ ശക്തിയിൽ അനന്തൻ നാണുവിനേയുംകൊണ്ട് വെള്ളത്തിലേക്ക് മുങ്ങി...അനന്തന് സ്വാസംകിട്ടാതെ വെള്ളത്തിനടിൽപിടഞ്ഞുകൊണ്ടിരുന്നിട്ടും നാണുവിലെ പിടിവിട്ടില്ല.....അവസാനം ജീവനില്ലാത്ത അനന്തന്റേയും നാണുവിന്റേയും ശരീരം പൊങ്ങിവന്നു... ഈ സമയം രാമഭദ്രൻ നേരെ പോയത് ദേവഭദ്രനും ശിവഭദ്രനും കുളക്കടവിൽനിന്ന് പിടിച്ചുവലിച്ചുകൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ട പാർവ്വതിയുടെ അടുത്തേക്കായിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story