സ്വന്തം തറവാട് : ഭാഗം 3

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"പ്രദീപൻ നാരായണനെ ചവിട്ടി താഴെയിട്ടു... അവിടെനിന്നെഴുന്നേറ്റ് നാരായണൻ പിന്നേയും പ്രദീപനോട് അപേക്ഷിച്ചുകൊണ്ടിരുന്നു... സഹികെട്ട് പ്രദീപൻ നാരായണന്റെ കഴുത്തിന് പിടിച്ച് ശക്തിയായി തള്ളി... പുറകോട്ട് മലർന്നടിച്ചു വീഴാൻ പോയ നാരായണനെ രണ്ടു കൈകൾ താങ്ങിനിർത്തി... പ്രദീപനതു കണ്ടു... അവൻ നാരായണനെ താങ്ങിനിർത്തി ആളെ നോക്കി... "ദേവാനന്ദ്... നന്ദൻ..." "എന്താ പ്രദീപാ ഇത്... ഒന്നുമില്ലെങ്കിലും തന്റെ അച്ഛന്റെ പ്രായമില്ലേ ഇയാൾക്ക്..... പ്രായത്തെ ബഹുമാനിച്ചുകൂടെ നിനക്ക്... " "ഓ വലിയ ബഹുമാനക്കാരൻ വന്നിരിക്കുന്നു... അത്ര വേദനയുണ്ടെങ്കിൽ നീ താ എന്റെ പണം... " "പ്രദീപാ പണം ഇന്നു വരും നാളെ പോകും... എന്നാൽ മനുഷ്യപ്പറ്റ് എന്നൊന്നുണ്ട്... നീ വലിയ കോൺട്രാക്ടർ സുധാകരന്റെ മകനായിരിക്കും... ആ വലുപ്പം പാവങ്ങളുടെ മേൽ കാണിക്കരുത്... നിനക്ക് ഇദ്ദേഹം പണം തരാനുണ്ടെങ്കിൽ ഇങ്ങനെയല്ല ചോദിക്കേണ്ടത്... അതെങ്ങനെയാണ്... പാവങ്ങളടക്കം പലരേയും പറ്റിച്ച് വലിയവനായ ആ സുധാകരന്റെ മകനല്ലേ...

നീയും അതിൽ മോശമല്ലല്ലോ... അപ്പോൾ ഇതുപോലെയൊക്കെ പ്രതീക്ഷിച്ചാൽ മതി... " "നന്ദാ നീ നിന്റെ കാര്യം നോക്കിയാൽ മതി മറ്റുള്ളവർ എങ്ങനെയെന്ന് നീ നോക്കേണ്ട... " "ഞാൻ നോക്കുന്നില്ല.. പക്ഷേ ഒരു പ്രായമായ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് പറ്റില്ല.. " "ഓ നീയാരാ പാവങ്ങളുടെ രക്ഷകനോ... എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ നീ താ എന്റെ പണം... അതിന് നിനക്ക് പറ്റുമോ... " "എത്രയാണ് ഇദ്ദേഹം നിനക്ക് തരാനുള്ളത്... " "അയ്യായിരം രൂപ... " "അയ്യായിരം രൂപയോ... നിനക്ക് നാണമുണ്ടോ അയ്യായിരം രൂപക്ക് വേണ്ടി ഒരാളെ ഇങ്ങനെ ദ്രോഹിക്കാൻ... നീ ഒരുദിവസം ദൂർത്തടിച്ച് കളയുന്ന പണത്തിന്റെ അത്ര വരുമോ ഈ അയ്യായിരം ഉലുവ... നാളെ നീ ഒരു പതിനൊന്നു മണിക്ക് ഇവിടെ വാ... നിനക്ക് ഇദ്ദേഹം തരാനുള്ളത് പണം ഞാൻ തരാം... " "ഉറപ്പാണല്ലോ... ഇനി വാക്ക് മാറ്റി പറയില്ലല്ലോ... " "അതിന് എന്റെ തന്ത കുന്നത്തെ സുധാകരല്ല... പറമ്പത്ത് ശിവദാസനാണ്... എനിക്ക് വാക്ക് ഒന്നേയുള്ളൂ... അത് പാലിക്കുന്നവനാണ് ഈ ദേവാനന്ദ്... "

"ഏതവനായാലും എനിക്ക് കുഴപ്പമില്ല... പറഞ്ഞ സമത്തിൽനിന്ന് മാറ്റം വന്നാൽ ഞാൻ പിന്നെ വരുന്നത് പറമ്പത്ത് വീട്ടിലേക്കായിരിക്കും... " അതും പറഞ്ഞ് പ്രദീപൻ തന്റെ ബൈക്കിനടുത്തേക്ക് നടന്നു... " "ഹലോ പ്രദീപാ... അങ്ങനെയങ്ങ് പോയാലോ... നീ ബലമായി പിടിച്ച് വാങ്ങിയ ആ പണം തിരികെ കൊടുക്ക്... " പ്രദീപൻ കീശയിൽ നിന്ന് നാരായണന്റെ കയ്യിൽനിന്നു വാങ്ങിച്ച പണമെടുത്ത് നാരായണന്റെ മുന്നിലേക്കിട്ടുകൊടുത്തു... അപ്പോഴേക്കും നന്ദൻ അവന്റെയടുത്തേക്ക് വന്നു... "പിന്നെ ഈ കണ്ട ആളുടെ മുന്നിൽ വച്ച് നീ ഇദ്ദേഹത്തെ തല്ലിയില്ലേ... ആ കടം എങ്ങനെയാണ് വീട്ടുക.. നിനക്കേതായാലും ഞാൻ പണം തരാമെന്ന് പറഞ്ഞു... അപ്പോൾ ഈ കടവും ഞാൻ തന്നെ വീട്ടാം... " പറഞ്ഞുനിർത്തിയതും നന്ദൻ പ്രദീപന്റെ മുഖമടക്കി ഒന്നു കൊടുത്തു... പ്രദീപൻ പുറകോട്ട് വേച്ചുപോയി... അവൻ മുഖം പൊത്തി ഒരു നിമിഷം നിന്നു... "എടാ നീ... " പ്രദീപൻ നന്ദനെ തല്ലാനായി വന്നു... പെട്ടന്ന് നന്ദൻ കൈനീട്ടി തടഞ്ഞു... "പ്രദീപാ ഇപ്പോൾ എല്ലാ കണക്കുകളും തീർന്നു...

ഇനി ഇതിന്റെ പേരിൽ വല്ല പോക്കിരിത്തരത്തിനും വന്നാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും... തരാമെന്നേറ്റ പണവും പിന്നെ കിട്ടില്ല... മനസ്സിലായല്ലോ... " "നന്ദാ നിന്നെ ഞാൻ പിന്നെ എടുത്തോളാം... നീ ആരെയാണ് വേദനിപ്പിച്ചെന്ന് അറിയാമല്ലോ... ഇതിന് നിനക്കിട്ട് ഞാൻ പണി തരുന്നുണ്ട്... " പ്രദീപൻ തന്റെ ബൈക്കിൽ കയറി അവിടെനിന്നും പോയി... " "മോനേ ഒന്നും വേണ്ടായിരുന്നു... ഇനി എന്തൊക്കെയാണ് അവൻ ചെയ്തുകൂട്ടുക എന്നത് നമുക്കൂഹിക്കാൻ പറ്റില്ല... എന്തിനും ഏതിനും കൂട്ടായിട്ട് അവന്റെ അച്ഛനുമുണ്ട്... സുധാകരന് പണ്ടുമുതലേ നിന്റെ വീട്ടുകാരോടും പുതുശ്ശേരി തറവാട്ടുകാരോടും പകയുള്ളതാണ്... ഇനി അതിലേക്ക് ഒന്നുകൂടിയായി... " "അങ്ങനെ പേടിച്ചു നിന്നാൽ അവർ നമ്മുടെ തലയിൽ കയറും... ഇപ്പോൾ അത് നാരായണേട്ടനും അനുഭവിച്ചില്ലേ... ആരുടെ മുന്നിലും നിൽക്കേണ്ട രീതിയിൽ നിൽക്കണം... മറ്റുള്ളവരെ പറ്റിച്ച് വലിയ പണക്കാരനായ അയാളെയും പ്രദീപനേയും പേടിച്ചു കഴിയുന്നതിലും നല്ലത് സ്വയം ജീവനെടുക്കുന്നതാണ്... ആരുമിവിടെ വലിയവനില്ല...

എല്ലാവരും ഒരുപോലെയാണ്... ഏതായാലും നാരായണേട്ടൻ ചെല്ല്... പത്മിനിചേച്ചിക്കുള്ള മരുന്ന് വാങ്ങിക്കാൻ ഇറങ്ങിയതല്ലേ... അത് വാങ്ങിച്ച് വീട്ടിലേക്ക് ചെല്ല്... പ്രദീപ് ഇനി നാരായണേട്ടന്റെ അടുത്തേക്ക് പണത്തിന്റെ കാര്യം പറഞ്ഞ് വരില്ല... " നന്ദൻ നേരെ അവിടെയുള്ള ചായക്കടയിലേക്ക് കയറി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടാ നീയൊക്കെ എന്റെ രക്തത്തിൽ തന്നെയാണോ ജനിച്ചത്... ഒരു പീറ ചെറുക്കന്റെ കയ്യിൽനിന്ന് തല്ലും വാങ്ങിച്ച് വന്നിരിക്കുന്നു... ഉളുപ്പുണ്ടോ നിനക്ക് ഈ വീർത്ത മുഖവുമായി എന്റെ മുന്നിൽ വരാൻ... " സുധാകരൻ പ്രദീപനുനേരെ പൊട്ടിതെറിച്ചു... "എനിക്ക് അവന്റെ കഥ കഴിക്കാൻ അറിയാഞ്ഞിട്ടല്ല... അന്നേരം ഞാൻ എന്തെങ്കിലും ചെയ്താൽ എനിക്ക് കിട്ടാനുള്ള പണം കിട്ടാതാകും... അതുകൊണ്ട് ക്ഷമിച്ചതാണ് ഞാൻ... " "അല്ലെങ്കിൽ നീ ഞൊട്ടും... എന്റെ മുന്നിൽ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത്... ഇല്ലെങ്കിൽ ഞാനെന്തെങ്കിലും പറഞ്ഞുപോകും... ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം...

അവൻ ആ ശിവദാസന്റെ മകൻ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് അവന് കൊടുക്കേണ്ടത്... അതിനുള്ള വഴി എനിക്കറിയാം... " "അച്ഛനെന്താണ് ഉദ്ദേശിക്കുന്നത്... " പ്രദീപൻ ചോദിച്ചു... "അത് നീ അറിയേണ്ട... കാണാൻ പോകുന്നത് കണ്ടു നിന്നാൽ മതി നീ... സുധാകരൻ അകത്തേക്ക് നടന്നു... രണ്ട് ദിവസത്തിനു ശേഷം................. ബ്രഹ്മദത്തൻ തിരുമേനിയുടെ അടുത്തുനിന്നും മന്ത്രോച്ചാരണത്തോടെ ജപിച്ച് ചുരുട്ടിയ തകിട് നാല് മൺകുടത്തിലാക്കി ത്രിസന്ധ്യ സമയത്ത് പുതുശ്ശേരി തറവാടിന്റെ നാല് മൂലയിലും തിരുമേനി പറഞ്ഞുകൊടുത്ത മന്ത്രം ജപിച്ചതിനുശേഷം ശ്രീധരമേനോൻ കുഴിച്ചിട്ടു... " "ഈശ്വരാ രക്ഷഃ... ഇനിയെങ്കിലും ആപത്തൊന്നും ഇല്ലാതെ മുന്നോട്ടു പോണേ... ശ്രീധരമേനോൻ പ്രാർത്ഥിച്ചു... ആ സമയത്താണ് വേദികയും പ്രസന്നയും കാവിൽ നിന്ന് വരുന്നത് കണ്ടത്... "കാവിൽ വിളക്ക് തെളിയിച്ചില്ലേ മോളേ... " ശ്രീധരമേനോൻ ചോദിച്ചു... "തെളിയിച്ചു അച്ഛാ... പക്ഷേ ദീപനാളത്തിന് തീരേ ശോഭയില്ല ഇപ്പോൾ... " വേദിക പറഞ്ഞു... "തിരുമേനി പറഞ്ഞതുപോലെ എത്രയും പെട്ടന്ന് നാഗപ്പാട്ട് നടത്തണം...

എന്നാലേ കാവിലെ നാഗദൈവങ്ങൾക്ക് തൃപ്തി വരൂ... " "അച്ഛാ എനിക്ക് കുറച്ചുദിവസം ഇവിടെനിന്ന് മാറിനിൽക്കണമെന്ന് തോന്നുന്നു... എന്തോ ഈ വീട്ടിൽ കഴിയുമ്പോൾ മനസ്സിനൊരു പേടി... ഇന്നലെയും ഞാൻ സ്വപ്നം കണ്ടു... പക്ഷേ എന്നും കാണുന്നതല്ല... അനന്തേട്ടനും പാർവതിയും ആദ്യമായി കണ്ടുമുട്ടുന്നതാണ് കണ്ടത്... " "എല്ലാം ശരിയാകും മോളേ... തിരുമേനി പറഞ്ഞതിൽ പ്രകാരം തകിട് നാലു മൂലയിലും കുഴിച്ചിട്ടുണ്ട്... ഇനി ഒന്നും പേടിക്കേണ്ടതില്ല... പിന്നെയെന്തിനാണ് മോള് ഇവിടെനിന്ന് മാറിനിൽക്കുന്നത്... " "എന്റെ മനസ്സെന്തോ അങ്ങനെ പറയുന്നതുപോലെ... " "അത് ഇതെല്ലാം മനസ്സിൽ വച്ച് നടക്കുന്നതുകൊണ്ടാണ്... ആദ്യം മനസ്സിലെ എല്ലാ ചിന്തകളും മാറ്റി നല്ലതു മാത്രം ചിന്തിക്ക് അന്നേരം എല്ലാം താനേ ശരിയാകും... " "ശരിയാവട്ടെ... " അതും പറഞ്ഞ് വേദിക അകത്തേക്ക് കയറിപ്പോയി... " പെട്ടന്ന് ഒരു തേങ്ങൽ കേട്ട് ശ്രീധരമേനോൻ പ്രസന്നയെ നോക്കി...

അവർ തലതാഴ്ത്തി കരയുന്നത് അയാൾ കണ്ടു... "എന്റെ മോൾ എന്തു തെറ്റ് ചെയ്തിട്ടാണ് അവൾക്കിങ്ങനെയൊരു വിധി ഈശ്വൻ കൊടുക്കുന്നത്... " പ്രസന്ന കരഞ്ഞുകൊണ്ട് പറഞ്ഞു... "എന്താണ് പ്രസന്നേ ഇത്... നീയും കൂടി ഇങ്ങനെ തളർന്നാലോ... എല്ലാം ശരിയാകുമെന്ന് തിരുമേനി പറഞ്ഞത് നീയും കേട്ടതല്ലേ... " പക്ഷേ തിരുമേനി ഒരൂട്ടംകൂടി പറഞ്ഞു... പല അനിഷ്ടങ്ങളും ഈ തറവാട്ടിൽ സംഭവിക്കുമെന്ന്... ഇനി എന്താണ് അടുത്തതായി വരുന്നത്.... " "ഒന്നുമുണ്ടാവില്ല... ഇനിയഥവാ ഉണ്ടാവുമ്പോഴല്ലേ അന്നേരം നമ്മൾ കരുതിയിരുന്നാൽ പോരേ... " "എനിക്കൊന്നുമറിയില്ല... എന്റെ നാഗദൈവങ്ങളുടെ എന്റെ മോളെ കാത്തുരക്ഷിക്കണേ... " "ഈ സമയം ഹോസ്പിറ്റലിൽ നിന്നും ശ്രീധരമേനോന്റെ രണ്ടാമത്തെ മകൻ കിരൺ വീട്ടിലേക്ക് തന്റെ കാറിൽ വരുകയായിരുന്നു... പെട്ടന്ന് ഒരു പോക്കറ്റ് റോഡിൽ നിന്ന് ഒരു സ്കൂട്ടി മെയിൻ റോഡിലേക്ക് കയറി... കിരൺ കാർ വെട്ടിച്ച് ചവിട്ടിനിർത്തിയതുകൊണ്ട് വലിയൊരപകടം സംഭവിച്ചില്ല...

കിരൺ ദേഷ്യത്തോടെ സ്കൂട്ടിയിൽ വന്ന പെൺകുട്ടിയെ നോക്കി... അവളും വണ്ടി നിർത്തിയിരുന്നു... " "ഏതവനെ പട്ടട പുതപ്പിക്കാനാണ് പോകുന്നത് പെണ്ണേ... അതോ സ്വന്തം ശരീരത്തിൽ പട്ട് പുതപ്പിക്കാൻ വേണ്ടിയാണോ..." കിരൺ ദേഷ്യത്തോടെ കാറിൽനിന്നിങ്ങിക്കൊണ്ട് ചോദിച്ചു.... "ഏതായാലും ഇയാളെ പുതപ്പിക്കാനല്ല... അതിന് സമയമാകുമ്പോൾ വേണ്ടപ്പെട്ടവർ പുതപ്പിച്ചോളും... " ആ പെൺകുട്ടിയും വിട്ടുകൊടുത്തില്ല "ഛീ.. തോന്നിവാസം കാട്ടിയിട്ട് ദിക്കാരം പറയുന്നോ... ഞാൻ കാർ വെട്ടിച്ച് ചവിട്ടിനിർത്തിയില്ലായിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് ബോധനയമുണ്ടോ... അതെങ്ങനെ... വീട്ടുകാർ നല്ലപോലെ വളർത്താത്തതിന്റെ ഗുണമാണല്ലോ കാണിക്കുന്നത്... " "ദേ എന്നെ പറയുന്നത് ഞാൻ സഹിക്കും... തെറ്റ് എന്റെ ഭാഗത്തായിപ്പോയി... പക്ഷേ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ... എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും... " "പിന്നെ അത് കേട്ട് വെറുകയ്യോടെ ഞാനങ്ങനെ പോകും... നിനക്കു തന്നെ മനസ്സിലായി നിന്റെയടുത്താണ് തെറ്റെന്ന്...

എന്നിട്ടും പെണ്ണിന് യാതൊരു കുലുക്കവുമില്ലല്ലോ... " "എന്റെയടുത്ത് തെറ്റു പറ്റി... മെയിൻ റോഡിലേക്ക് ഇറങ്ങുമ്പോൾ നിങ്ങളുടെ കാർ വരുന്നത് ശ്രദ്ധിച്ചില്ല... അതിന് ക്ഷമ പറയാനും എനിക്കറിയാം... എന്നു കരുതി ലൈസൻസില്ലാതെ നിങ്ങളുടെ നാവിൽ നിന്ന് വരുന്നത് കേൾക്കാൻ വേറെയാളെ നോക്കണം... ഞാനേ കുന്നത്തെ സുധാകരന്റെ മകളാണ്... അച്ഛന്റെ സ്വഭാവം കുറച്ചൊക്കെ എനിക്കുമുണ്ട്... " "ഓ ആ ശകുനിയുടെ മോളാണല്ലേ... വെറുതെയല്ല ഒരെല്ല് കൂടുതൽ... " "ശകുനി നിങ്ങളുടെ... എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട... എന്റെ ഡോക്ടറെ അറിയാതെ പറ്റിപ്പോയതാണ്..... നേരം വൈകിയപ്പോൾ പെട്ടന്ന് വീട് പിടിക്കാൻ നോക്കിയതാണ്... അത് ഇതുപോലെയാകുമെന്ന് കരുതിയില്ല... " "ഇങ്ങനെ പോയാൽ പെട്ടന്ന് വീട്ടിലല്ല എത്തുക... നാളെ മുറ്റത്ത് പന്തലുകെട്ടി അതിനടിയിൽ ഒരു ഒരു വാഴയിലയിൽ വെള്ള പുതച്ച് കിടക്കേണ്ടി വരുമായിരുന്നു... "

"അത് ഞാനും എന്റെ വീട്ടുകാരും സഹിച്ചോളും... ഇയാളെ ആരും വിളിക്കില്ല... " "എടീ നീനക്കൊക്കെ ഇവിടെ എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം എന്റെ അടുത്തുതന്നെയാണ് വരുക... അത് നീ മറക്കേണ്ട... നിന്ന് വാചക മടിക്കാതെ പോകാൻ നോക്കി... മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വന്നോളും... " കിരൺ തന്റെ കാറിനടുത്തേക്ക് നടന്നു... " "ഏയ് കിരൺ ഡോക്ടറേ... ഇനി ഇതൊന്നും ആരോടും പറയാൻ നിൽക്കേണ്ട... ഇപ്പോൾ ഇതുപോലെ ഈ വണ്ടിയുമെടുത്ത് പോകുന്നതുപോലെ പോകുവാനുള്ള സ്വാതന്ത്യം ഇല്ലാതാക്കരുത്...... " അതു കേട്ട് കിരണൊന്ന് ചിരിച്ചു... "

"ഹാവൂ..അപ്പോൾ ഇയാൾക്ക് എന്നോട് ദേഷ്യമൊന്നുമില്ല അല്ലേ... സമാധാനമായി... " "ഇനി നിന്നോട് ദേഷ്യപ്പെട്ടിട്ട് എന്താണ് കാര്യം... തലനാരിഴക്കാണ് നീ രക്ഷപ്പെട്ടത്... അത് ഇതുമായി പോകുമ്പോൾ എപ്പോഴും ഓർത്താൽ നന്ന്... " "അപ്പോൾ നേരത്തെ ദേഷ്യപ്പെട്ടതോ... " "അത് ആ സമയത്ത് നിനക്കും ദേഷ്യം വരില്ലേ... അതുപോട്ടെ എന്താണ് മഹതിയുടെ പേര്... " "ശിൽപ്പ സുധാകരൻ... " "എന്നാൽ ശരി... പെട്ടന്ന് വീട് പിടിക്കാൻ നോക്ക്.. നേരം വൈകിയതിന് ചിത്ത കേൾക്കേണ്ട.... " അതുകേട്ട് ശിൽപ്പ ചിരിച്ചു... കിരൺ കാറിൽ കയറി ആ കാർ പോകുന്നതും നോക്കി ശിൽപ്പ നിന്നു... പിന്നെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story