സ്വന്തം തറവാട് : ഭാഗം 32

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ചിലക്കല്ലെടാ... നിന്റെ അച്ഛനാരാണ്... കുന്നത്തെ സുധാകരനല്ലേ... അയാൾ വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല.... കാരണം എന്താണെന്ന് നിനക്ക് നല്ലപോലെ അറിയില്ലേ... " അതുകേട്ട് പ്രദീപ് ഞെട്ടി... "എടാ ഇത് പെണ്ണുകേസാണ്... ഞാനൊന്ന് നല്ലപോലെ ആഞ്ഞുപിടിച്ചാൽ ജീവിതകാലം എന്റെ മോന് അകത്തുകിടക്കാനുള്ള വഴിയുണ്ട്... അത് നിന്റെ അച്ഛനുമറിയാം... അതുകൊണ്ട് ഏതെങ്കിലും നല്ല വക്കീലിനെ കണ്ട് നിനക്ക് ജാമ്യം വാങ്ങിച്ചുതരിക എന്നതല്ലാതെ ഇതിൽ വല്ലാതെ റിസ്ക് എടുക്കില്ല... അത് അയാൾക്കുതന്നെ കേഷീണമുണ്ടാക്കും... ഇപ്പോൾ എന്റെ മോൻ വന്നേ... ഇനി എല്ലാം നടക്കേണ്ടതുപോലെ നടന്നിട്ടേ നീ പുറം ലോകം കാണൂ... കൊണ്ടുപോ ഇവനേയും ഇവന്റെ പ്രിയ കൂട്ടുകാരനേയും... സ്റ്റേഷനിലേക്ക്... ബാക്കി അവിടെ വച്ച്..." അവരേയുംകൊണ്ട് പോലീസ്ജീപ്പ് സ്റ്റേഷനിലേക്ക് കുതിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് സുധാകരൻ മയക്കത്തിൽനിന്ന് ഉണർന്നത്... അയാൾ ചെന്ന് കോളെടുത്തു... കിരണായിരുന്നു മറുവശത്ത്... അയാളുടെ മുഖത്തൊരു ചിരി തെളിഞ്ഞു... "എന്താ കിരണേ പ്രത്യേകിച്ച്... എല്ലാവർക്കും സുഖമല്ലേ..." "സുഖത്തിന് ഇപ്പോൾ കുറവൊന്നുമില്ല... മാത്രമല്ല കുറച്ചുമുന്നേ ചില ഭാഗ്യങ്ങൾകൂടി വന്നെന്നുകൂട്ടിക്കോ..." "അതെന്താ കിരണേ നീ അർത്ഥംവച്ചൊരു സംസാരം..." "ആ അതങ്ങനെയാണ്... ചില കുരുട്ടുബുദ്ധിയുള്ളവരുടെ കയ്യിൽനിന്ന് രക്ഷപ്പെടുമ്പോഴത് ഭാഗ്യമല്ലേ... അല്ലേ എന്റെ അമ്മായച്ഛാ... ഒരിക്കലും ഒന്നും അറിയില്ലെന്ന് കരുതിയല്ലേ... പണ്ടത്തെ പകയുംവച്ച് അച്ഛനും മകനും ഞങ്ങളുടെ കുടുംബം കുളംതോണ്ടാൻ നടക്കുകയായിരുന്നല്ലേ...ഇത്രയും കാലം വെറും അന്ധവിശ്വാസവുമായി നടന്ന എനിക്ക് ഒരുകാര്യം മനസ്സിലായി...

എന്റെ അച്ഛനും അമ്മയും അനിയത്തിയും എപ്പോഴും പ്രാർത്ഥിക്കുന്ന നാഗത്താന്മാരുണ്ടെന്ന് ഇപ്പോൾ ഉറപ്പായി... ആ ശക്തിയാണ് ഞങ്ങളെ രക്ഷിച്ചത്... എന്റെ അനിയത്തി വലിയൊരു ആപത്തിൽനിന്നാണ് രക്ഷപ്പെട്ടത്... നിങ്ങളുടെ മകൻ അതായത് എന്റെ പുന്നാര അളിയൻ കാണിച്ചുകൂട്ടിയ തെമ്മാടിത്തരത്തിന് ആ പാവം നന്ദനെ ഞങ്ങൾ അവിശ്വസിച്ചു..... മകനുവേണ്ടി ഒത്താശ ചെയ്യാൻ പറ്റിയൊരു അച്ഛനും..." "നീയെന്താ പറഞ്ഞു വരുന്നത്... ഞാനും പ്രദീപനും എന്തു ചെയ്തെന്നാണ്..." "അയ്യോ ഒന്നുമറയാത്തപോലെ.... അത് പറയാൻ എനിക്ക് അറക്കുന്നുണ്ട്... പരസ്ത്രീ ബന്ധമുള്ള അവനെ എന്റെ അനിയത്തിയുടെ തലയിൽ കെട്ടിവക്കാൻ നോക്കുകയായിരുന്നില്ലേ നിങ്ങൾ... അറിയാതെയാണെങ്കിലും അതിന് മാർഗ്ഗതടസമായിനിന്ന നന്ദനെ അതേ പേരുംപറഞ്ഞ് നിങ്ങൾ ചതിച്ചു... ദൈവം എന്നുപറയുന്ന ഒരാൾ മുകളിലുണ്ട്... അത് മറക്കേണ്ട..." "എടാ... എന്റെ മകളുടെ ഭർത്താവാണെന്ന് നോക്കില്ല... നോന്നിവാസം പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും..."

"അതിന് നിങ്ങൾ ഒന്നുകുടി ജനിക്കണം... പിന്നെ എന്തിനാണ് നിങ്ങളുടെ മകനെ പോലീസ് പൊക്കിയത്... വിശ്വാസമില്ലെങ്കിൽ സ്റ്റേഷനിലേക്കൊന്ന് വിളിച്ചുനോക്ക്... പിന്നെ മരുമകനെന്ന പരിഗണന... ഇതറിഞ്ഞ ആ നിമിഷം ആ ബന്ധം ഞാൻതന്നെ വേണ്ടെന്നുവച്ചു... ഞാൻ മാത്രമല്ല നിങ്ങളുടെ മകളും... അവൾ നിങ്ങളുടെ രക്തത്തിൽ ജനിച്ചുപോയി എന്നതൊഴിച്ചാൽ നല്ലവളും സ്നേഹമുള്ളവളുമാണ്... അതാണല്ലോ എന്റെ കുടുംബം തകർക്കാൻ മകളെ പറഞ്ഞയച്ചിട്ടും അവളത് ചെയ്യാതിരുന്നത്... അല്ലെങ്കിൽ അവളുടെ നിയോഗമാണ് ഇവിടെ എത്താനും നിങ്ങൾക്കെതിരായി പ്രവർത്തിക്കാൻ അവൾ തയ്യാറായതും... ഇനി രക്ഷയില്ല നിങ്ങൾക്ക്... ആറ്റുനോറ്റ് വളർത്തിയ മകൻ ഇനി പുറംലോകം കാണണമെങ്കിൽ കുറച്ചുകാലംപിടിക്കും... ഇത് വെറുമൊരു കേസല്ല... അതോർത്തോളൂ...പിന്നെ ഇനിയും ഇതുപോലെ വല്ല കുരുട്ടുബുദ്ധിയുമായി വന്നാൽ ഇപ്പോൾ കാണിച്ച സന്മനസ്സ് ഉണ്ടാകുമെന്ന് കരുതേണ്ട..." അതുംപറഞ്ഞ് കിരൺ കോൾ കട്ടുചെയ്തു...

താൻ കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു സുധാകരൻ... അയാൾ എന്തുചെയ്യണമെന്നറിയാതെ സോഫയിലിരുന്നു... "എന്തുപറ്റീ...എന്താ ഒരു തളർച്ചപോലെ..." അവിടേക്ക് വന്ന സുധാകരന്റെ ഭാര്യ ജലജ ചോദിച്ചു... "ഇനിയെന്തുപറ്റാൻ... ഞാൻ ഇത്രയുംകാലം ഉണ്ടാക്കിയ സൽപ്പേര് നിന്റെ മോൻ കളഞ്ഞുകുടിച്ചില്ലേ.. അവനിപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്ന്... അതും പെണ്ണുകേസിൽ... ജാമ്യംപോലും കിട്ടാൻ സാധ്യത കുറവാണെന്ന്..." "എന്താ നിങ്ങൾ പറഞ്ഞത്... " "ആ നന്ദനെ കുടുക്കിയത് ഇവനാണ്... ഇവന്റെമേൽ വരേണ്ട കേസ് ബുദ്ധിപൂർവ്വമവൻ നന്ദന്റെ തലയിൽ വച്ചുകൊടുത്തു... ഇങ്ങനെയൊരുത്തനെയാണല്ലോ തീറ്റിപോറ്റി വളർത്തിയത്... ഇപ്പോൽ ശിൽപ്പയും നമുക്കെതിരെയാണ്... എല്ലാ സത്യവും പുതുശ്ശേരിക്കാർ അറിഞ്ഞു... " "നിങ്ങൾ ഏതെങ്കിലും നല്ല വക്കീലിനെ കണ്ട് നാലാളറിയുന്നതിനുമുന്നേ അവനെ പുറത്തിറക്കാൻ നോക്ക്... ഇല്ലെങ്കിൽ നാണക്കേടുകൊണ്ട് പുറത്തിറങ്ങാൻ പറ്റില്ല... " "നാണക്കേട്... അതെന്തായാലുമുണ്ടായി..

ഈ സമയത്തിനകം നാടുമുഴുവൻ പാട്ടായിക്കാണും.... ഇതിന്റെ പേരിൽ ഞാൻ ആരേയും കാണാൻ പോകില്ല...എനിക്ക് വലുത് എന്റെ അഭിമാനമാണ്..." "ഓ അതുശരി... നിങ്ങൾക്കിപ്പോൽ നിങ്ങളുടെ അഭിമാനമാണ് പ്രശ്നം... അല്ലാതെ എന്റെ മോനെ രക്ഷിക്കലല്ല... അതെങ്ങനെയാണ്... സ്വന്തം മക്കളെക്കാളും വലുത് നിങ്ങളുടെ നിലനിൽപ്പാണല്ലോ... അവിടെ മക്കളില്ല ഭാര്യയില്ല..." "നീ എഴുതാപ്പുറം വായിക്കേണ്ട... അവൻ എന്റെ മകനായി ജനിച്ചതാണ് എന്റെ ഏറ്റവും വലിയ പരാചയം... അവൻ ചെയ്യുന്നതൊന്നും കണ്ടില്ല എന്ന് നടിച്ചത് എന്നെങ്കിലുമവന് കാര്യവിവരം ഉണ്ടാകുമെന്ന് തോന്നിയതുകൊണ്ടാണ്...അത് നിനക്കും അവനും അറിയാം... എന്നിട്ടും സ്വന്തം മകനായിട്ടല്ല ഒരു കൂട്ടുകാരനായിട്ടാണ് ഞാനവനെ വളർത്തിയത്... എന്നിട്ടുമവൻ എന്നോടും നിന്നോടും ഈ ചതി ചെയ്തപ്പോൾ അവനുവേണ്ടി ഞാൻ നാണം കെടണമെന്നാണോ നീ പറയുന്നത്... അവിടെ എന്റെ ഇത്രയും കാലമുണ്ടായിരുന്ന സല്പേരാണ് ഇല്ലാതാകുന്നത്..." "അതെനിക്കറിയാം...

പക്ഷേ ഇപ്പോൾ അതല്ലല്ലോ പ്രശ്നം... പ്രദീപിനെ എങ്ങനെ പുറത്തിറക്കാമെന്ന് നോക്കണം... നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറഞ്ഞോ... ഞാൻ നോക്കിക്കോളാം..." "വേണ്ട... ഞാൻ വക്കീലിനെ കാണാം... ഇത്രയുംകാലം തീറ്റിപോറ്റിയില്ലേ ... പക്ഷേ അവൻ കാരണം എന്റെ ലക്ഷ്യമാണ് തകർന്നത്... അത് എനിക്ക് വീണ്ടെടുക്കണം... അതെനിക്ക് സഹിക്കാൻ കഴിയില്ല...ഇനി എന്തുവേണമെന്ന് എനിക്കറിയാം... അതിന് അവനെ വരുത്തിയേ മതിയാകൂ... ഇത്രയുംകാലം എന്റെ ആജ്ഞക്കുമുന്നിൽ അടിങ്ങിയൊതുങ്ങി ഈ നാട്ടിലേക്കുതന്നെ വരാതെനിന്ന രാജശേഖരനെ... നിന്റെ അനിയനെ... സ്വന്തം സഹോദരിയുടെ മരണത്തിന് കാരണക്കാരനായവരെ വെറുതെ വിടില്ല അവൻ...." ഇത്രയൊക്കെയായിട്ടും ഇനിയും നിങ്ങൾ പഠിച്ചില്ലേ... അവൻൻ വന്നാലുണ്ടാകുന്നത് എന്തൊക്കെയാണെന്ന് വല്ല നിശ്ചയവുമുണ്ടോ..." "എന്താ നിനക്കിപ്പോൾ ഒരു മനഃമാറ്റം.. എന്താ നിനക്ക് നിന്റെ ചേച്ചിയുടെ മരണത്തിന് കാരക്കാരനായവനോട് പ്രതികാരമില്ലേ... ഇല്ലെങ്കിൽ പറഞ്ഞോ... എന്നാൽ എനിക്ക് പ്രതികാരമുണ്ട്..."

"എനിക്കും പ്രതികാരമുണ്ട്... എന്റെ ചേച്ചിയുടെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആ കുടുംബം തകരണം...അതിന് എന്തിനും ഞാനൊരുക്കമാണ്... പക്ഷേ ഇപ്പോൾ നമ്മുടെ മകൻ അവനെ രക്ഷിക്കുകയാണ് വേണ്ടത്..." "അതത്ര എളുപ്പമല്ല എന്നാലും ഞാൻ ശ്രമിക്കാം..." അതുംപറഞ്ഞ് സുധാകരൻ പുറത്തേക്കിറങ്ങി തന്റെ കാറിൽ കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️ തന്റെ മുറിയിലെ ജനൽവഴി പുറത്തേക്കുംനോക്കി എന്തോ ആലോചിച്ച് നിൽക്കുകയായിരുന്നു വേദിക... "മോളെ..." വേദിക തിരിഞ്ഞുനോക്കി... വാതിൽകടന്ന് അകത്തേക്ക് വരുന്ന കിരണിനേയും ശിൽപ്പയേയും അവൾ കണ്ടു..." "നീയെന്താ പുറത്തേക്കും നോക്കി ആലോചിക്കുന്നത്..." "എന്താലോചിക്കാൻ... എനിക്ക് എന്താണ് ആലോചിക്കാനുള്ളത്... എല്ലാം നഷ്ടപ്പെട്ടവളല്ലേ ഞാൻ... ഇനിയുള്ള കാലം ആർക്കും ബുദ്ധിമുട്ടില്ലാതെ നിങ്ങളൊക്കെ പറയുന്നതുപോലെ ജീവിക്കണം അത്രതന്നെ... "

"മോളെ.. നിനക്ക് ഞങ്ങളോടൊക്കെ ദേഷ്യമുണ്ടോ..." "എന്തിന്... എന്റെ നന്മയല്ലേ ഏട്ടന്മാരും അച്ഛനുമൊക്കെ ആലോചിച്ചിട്ടുള്ളൂ... അതിന് ഞാനെന്തിന് ദേഷ്യം കാണിക്കണം... എനിക്കറിയാം... ഞാനൊരു അപകടത്തിലേക്ക് പോവാതിരിക്കാനാണ് നിങ്ങളൊക്കെ കഷ്ടപ്പെടുന്നത് എന്നറിയാം..." "നീ പറഞ്ഞത് ശരിയാണ്... നിന്റെ നന്മ അതേ ഞങ്ങൾക്കുള്ളൂ... പക്ഷേ ഇതിനിടയിൽ ഞങ്ങൾക്കും തെറ്റു പറ്റിയോ എന്നൊരു സംശയമുണ്ട്..." "എന്താ ചെറിയേട്ടാ പറയുന്നത്..." വേദിക കിരണിനേയും ശിൽപ്പയേയും മാറിമാറി നോക്കി... "അത് നിന്നോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല... എന്നാൽ പറയാതിരിക്കാനും വയ്യ... അത് കേൾക്കുമ്പോൾ നീ ഇവിടെയുള്ളവരെ വെറുക്കരുത്... ഞങ്ങളെ ശപിക്കരുത്..." "അതിനുമാത്രം ഇപ്പോൾ എന്താണ് ഉണ്ടായത്..." "അത്... നമ്മൾ കേട്ടതും അറിഞ്ഞതുമൊന്നും സത്യമല്ലായിരുന്നു മോളേ... നന്ദൻ തെറ്റുകാരനല്ല... അവൻ ചതിക്കപ്പെട്ടതാണ്..." "കൊള്ളാം... ഈ പറയുന്നത് എന്റെ ചെറിയേട്ടൻ തന്നെയാണോ... " "നീ ഞങ്ങൾ പറയുന്നത് വിശ്വസിക്ക്...

നന്ദനെ ചതിച്ചത് എന്റെ ചേട്ടനാണ്.. നീ വിശ്വസിക്കണം... നിന്റെ കൂട്ടുകാരി ശ്രീഷ്മയെ ചതിക്കാൻവേണ്ടി ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് അവളെ ആ ഗസ്റ്റൗസിൽ വിളിച്ചുവരുത്തിയതാണ്... അതും സോജയെ ഭീഷണിപ്പെടുത്തി..." ശിൽപ്പ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു... "ഇല്ല.... ഇത് സത്യമല്ല... അപ്പോൾ എല്ലാവരുംകൂടി എന്നേയും നന്ദേട്ടനേയും അകറ്റാൻ നോക്കിയതായിന്നല്ലേ..." "അല്ല മോളേ... നിങ്ങളെ ചതിച്ചതിൽ ഞങ്ങൾക്ക് പങ്കില്ല... പക്ഷേ നിങ്ങളെതമ്മിൽ അകറ്റണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു... അത് ഇവളെ എനിക്ക് കിട്ടാൻവേണ്ടി... പക്ഷേ അതിനുവേണ്ടി ഇതുപോലൊരു നെറികേട് ഞങ്ങൾ കാണിക്കില്ല...

ഇവളുടെ അച്ഛൻ ഇവളെ എനിക്ക് വിവാഹം ചെയ്തുതരാൻ ആവിശ്യപ്പെട്ടത് നിന്നെ പ്രദീപന് വിവാഹം ചെയ്തു കൊടുക്കുക എന്നതായിരുന്നു... എന്നാൽ എന്റെ മനസ്സ് വേദനിക്കരുതെന്ന് കരുതിയും നന്ദന് നല്ലൊരു ജോലിയും കൂലിയും ഇല്ലാത്തതിനാലും അച്ഛൻ അതിന് സമ്മതിച്ചു... അതിനിടയിലാണ് ആ ഫോട്ടോ കണ്ടത്... വിശ്വസിച്ചുപോയി... പക്ഷേ ഇതെല്ലാം പ്രദീപിന്റെ ചതിയാണെന്ന് അറിഞ്ഞില്ല..." "എന്തിനായിരുന്നു ഏട്ടാ ഇതെല്ലാം... ഇതിലും നല്ലത് എന്നെയങ്ങ് ഇല്ലാതാക്കുന്നതായിരുന്നില്ലേ... ഇനിയെങ്ങനെ പാവം നന്ദേട്ടന്റെ മുഖത്തുനോക്കും ഞാൻ..." വേദിക മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നിലത്തിരിന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story