സ്വന്തം തറവാട് : ഭാഗം 34

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഏട്ടാ നന്ദൻ...അവനെ നമ്മൾ ഒരുപാട് വേദനിപ്പിച്ചു... അതിന്റെ വാശി അവനുണ്ട്... ഇപ്പോൾ ഞാൻ അവനെ വിളിച്ചിരുന്നു... ഈ പേരും പറഞ്ഞ് അവനേയോ വീട്ടുകാരേയോ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്നാണ് പറഞ്ഞത്.... അതവനെ പറഞ്ഞിട്ടും കാര്യമില്ല... നമ്മൾ അവനെ തള്ളിയാലും വേദിക അവനെ തള്ളിപ്പറഞ്ഞത് അവന്റെ നെഞ്ചിലാണ് കൊണ്ടത്... അതിന്റെ വാശി അവനുണ്ടാകും..." ഇല്ലാതിരിക്കുമോ... നമ്മളായാലും ഇതുതന്നെയല്ലേ നടക്കുക... ആ ഒരു ഫോട്ടോ കണ്ടപ്പോൾത്തന്നെ അത് സത്യമാണോ അല്ലേയെന്ന് അന്വേഷിക്കാതെ അവനെ പൂർണ്ണമായും സംശയിച്ചവരല്ലേ നമ്മൾ... ആരൊക്കെ സംശയിച്ചാലും സ്വന്തമെന്ന് കരുതിയ വേദിക തന്നെ അവിശ്വസിച്ചപ്പോൾ അവനുണ്ടായ വേധന എത്രയായിരിക്കും... എല്ലാം ശരിയാകും... മുകളിൽ ഒരു ശക്തിയുണ്ടെങ്കിൽ ഇതിനെല്ലാം പരിഹാരമുണ്ടാകും... "

അടുത്തദിവസം പ്രദീപിനെ കോടതിയിൽ ഹാജരാക്കി... സുധാകരൻ ഏർപ്പാടാക്കിയ വക്കീൽ എത്ര വാദിച്ചിട്ടും അവന് ജാമ്യം കിട്ടിയില്ല... മാത്രമല്ല അവനെ പതിനാല് ദിവസത്തേക്ക് റിമാന്റുചെയ്തു... അത് സുധാകരനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്... അയാളിൽ പക ആളിക്കത്തി... എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അയാൾ കോടതിയിൽനിന്നും തിരിച്ചുപോന്നത്... ▪️▪️▪️▪️▪️▪️▪️▪️▪️▪️ നന്ദൻ വിശാഖിനെ കെട്ടിപ്പിടിച്ചു... "എങ്ങനെയാടാ നിന്നോട് നന്ദി പറയേണ്ടത്... അത്രക്കും വലിയ ഉപകാരമാണ് നീ ചെയ്തത്... എനിക്ക് പേടിയുണ്ടായിരുന്നു... സുപ്രീംകോടതിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്രിമിനൽ വക്കീലിനെയായിരുന്നു ആ സുധാകരൻ മകനുവേണ്ടി ഹാജരാക്കിയത്... ഒരു പഴുതുപോലും അയാൾക്ക് കൊടുക്കാതെയാണല്ലോ നിങ്ങളുടെ വക്കീൽ വാധിച്ചത്... "

"അതാണ് മോനേ ഈ വിശാഖ്... എല്ലാ പഴുതുകളും അടച്ചിട്ടുതന്നെയാണ് അവനെ കോടതിൽ ഹാജരാക്കിയത്... അതുകൊണ്ടെന്താ ഇതുപോലെയുള്ള കളികൾകൊണ്ട് ഡ്യൂട്ടി ചെയ്തിരുന്ന പല സ്ഥലത്തുനിന്നും ഒരുപാട് ശത്രുക്കളേയുമുണ്ടാക്കിയെടുത്തു... പക്ഷേ സൂക്ഷിക്കണം... ആ സുധാകരൻ ജയിക്കാനായി പലതും ചെയ്യും... അവനെതിരെ സാക്ഷിപറഞ്ഞ ആ സോജയെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്നാണ് പേടി... ഒന്നുകിൽ അവളെ ഭീഷണിപ്പെടുത്തി അവരുടെ പക്ഷത്താക്കും... അല്ലെങ്കിൽ അവളേയോ അവളുടെ അമ്മയേയോ എന്തെങ്കിലും ചെയ്യും... അതുകൊണ്ട് നമ്മൾ മുൻകരുതലെടുക്കണം... ഈ റിമാന്റ് കാലാവധി കഴിയുന്നതിനുമുന്നേ അവനെതിരെ കിട്ടാവുന്ന തെളിവുകൾ ശേഖരിക്കണം... പിന്നെ നീയെന്താ പറഞ്ഞത് നന്ദിയോ... അത് നിന്റെ മറ്റവൾക്ക് കൊടുത്താൽമതി...

ഇതെന്റെ ചുമതലയാണ്... പിന്നെ ഇപ്പോൾ എല്ലാ പ്രശ്നങ്ങളും തീർന്നല്ലോ... ഇനി സമാധാനത്തോടെ ഒരു പെണ്ണുകെട്ടി ജീവിക്കാൻനോക്ക്...... പെണ്ണ്... അതിനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല... ഒരുത്തിയെ ഇഷ്ടപ്പെട്ടതുതന്നെ മതിയായി... പിന്നെ ഒരു തമാശയുണ്ടായി... ഇന്നലെ നീ പുതുശ്ശേരിയിലേക്ക് പോയില്ലേ... അതുകഴിഞ്ഞ് രാത്രിയായപ്പോൾ കിരൺ വിളിച്ചിരുന്നു... എല്ലാം തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും എല്ലാം മറക്കണമെന്നും പറഞ്ഞു..." "ആഹാ... എന്നിട്ട് നീയെന്തുപറഞ്ഞു... വിശാഖ് ചോദിച്ചു... "ഞാനെന്ത് പറയാൻ... ഇത്രയൊക്കെയായിട്ടും ഇനിയും ഞാനവളെ എന്ത് വിശ്വസിച്ചാണ് കൂടെ കൂട്ടുക... സംശയരോഗമുള്ള അവളെ എല്ലാം മറന്ന് വീണ്ടും വിവാഹം കഴിച്ചാൽ എന്റെ ജീവിതം എന്നും കയ്പ്പേറിയതാകും... എന്തിനാണ് വെറുതെ റിസ്കെടുക്കുന്നത്.... ഇപ്പോൾ ജീവിക്കുന്നതുപോലെ ജീവിച്ചാൽ ഒരു കുഴപ്പവുമില്ല..." "എടാ ഞാൻ ഒരു കാര്യം പറയട്ടെ... തെറ്റുപറ്റാത്ത മനുഷ്യർ ആരാണ്... ശ്രീഷ്മയുടെ സ്ഥാനത്ത് അവളായിരുന്നെങ്കിലോ...

നിന്റെ സ്ഥാനത്ത് മറ്റൊരാളുമെന്ന് കുട്ടിക്കോ... അവളേയും മറ്റൊരാളേയുംവച്ച് ഇതുപോലൊരു ഫോട്ടോ നിന്റെ കയ്യിൽ കിട്ടിയാൽ എന്തായിരിക്കും നിന്റെ റിയാക്ഷൻ... നീയും അവളെ സംശയിക്കില്ലേ... " "അവളുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ ചിലപ്പോൾ നീ പറഞ്ഞതുപോലെ ഞാൻ സംശയിച്ചേനെ... പക്ഷേ അവളെ ഞാൻ സംശയിക്കില്ല... കാരണം അവൾ ജനിച്ച അന്നുമുതൽ ഞാൻ കാണുന്നതാണ്... അവളങ്ങനെ തെറ്റുചെയ്യില്ലെന്ന് എനിക്കറിയാം... പക്ഷേ അവൾ അങ്ങനെയല്ല ചിന്തിച്ചത്.. ഇങ്ങനെയുള്ളവൾ നാളെ ഞാൻ ഏതെങ്കിലുമൊരു പെൺകുട്ടിയോട് സംസാരിച്ചുപോയാൽ വീണ്ടും സംശയം തുടങ്ങും...പിന്നെ എനിക്കു തോന്നുന്നത് എന്നെ ഒഴിവാക്കാൻ പുതുശ്ശേരിക്കാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ്... അവർക്ക് പറ്റിയവനല്ലല്ലോ ഞാൻ... വേലയും കൂലിയിമില്ലാത്തവൻ...

"അത് നിന്റെ തോന്നലാണ്... ഇത്രയുംകാലം നിനക്ക് ജോലിയും കൂലിയുമുണ്ടായിട്ടാണോ അവർ നിന്നോട് പെരുമാറിയത്... ഞാൻ നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടംപോലെ ചെയ്യ്... എന്നാൽ വൈകീട്ട് ആൽത്തറയിൽവച്ച് കാണാം... ഇപ്പോൾ പ്രദീപിനെ എത്തിക്കേണ്ടിടത്തേക്ക് എത്തിക്കാൻനോക്കട്ടെ..." "എന്നാൽ ശരിയെടാ... എനിക്കും വീട്ടിൽ പോയതിനുശേഷം ഒന്നുരണ്ട് വഴി പോകാനുണ്ട്... ജോലിയുടെ കാര്യത്തിനാണ്...." "നന്നായി... എന്നാൽ പോയിട്ടുവാ..." നന്ദൻ ചിരിച്ചുകൊണ്ട് തന്റെ ബൈക്കിൽ കയറി... വീട്ടിലെത്തിയ നന്ദനെ പ്രതീക്ഷിച്ച് അച്ഛൻ ശിവദാസമേനോനുണ്ടായിരുന്നു... "അച്ഛനെന്താ ഇന്ന് കടയിൽ പോയില്ലേ..." "പോവുകയാണ്... നീ വരട്ടെ എന്നുകരുതി... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ എന്തേ നിന്റെ ഫോൺ..." "കയ്യിലുണ്ട് ചിലർ വിളിച്ച് ശല്യംചെയ്യുന്നതുകൊണ്ട് സൈലന്റ് ആക്കിയിട്ടതാണ്..."

"ആരാണ് നിനക്ക് ഇത്ര ശല്യമായവർ പുതുശ്ശേരിക്കാരോ... എന്നുമുതലാണ് അവർ നിനക്ക് ശല്യമായി തുടങ്ങിയത്..." "എന്താണച്ഛൻ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്..." "അറിയാത്തതുകൊണ്ടല്ല... ഒരുകണക്കിന് അവരെ കുറ്റം പറയാൻ പറ്റുമോ... ആര് ചതിച്ചതാണെങ്കിലും അങ്ങനെയുള്ള കാര്യമല്ലേ കേട്ടത്... അവരിപ്പോൾ അതിന്റെ സത്യം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു... പക്ഷേ ഇപ്പോൾ നീയാണല്ലോ പ്രശ്നം ശ്രിഷ്ടിക്കുന്നത്... ഇന്നലെ കിരൺ വിളിച്ചിട്ട് നീയെന്തൊക്കെയാണ് പറഞ്ഞത്...അവനെന്നെ വിളിച്ചിരുന്നു... നിനക്കറിയോ എല്ലാവരും പറഞ്ഞു വിശ്വസിപ്പിച്ചതാണ് വേദികയെ... തന്റേതുമാത്രമാണെന്ന് കരുതിയ ഒരാൾക്ക് വേറെ ബന്ധമുണ്ടെന്ന് അറിഞ്ഞാൽ ഏത് പെണ്ണാണ് തളർന്നുപോകാത്തത്...അതേ ഇവിടേയും നടന്നിട്ടുള്ളൂ... അതിന് നിനക്ക് ന്യായീകരണമുണ്ടാവും...

കുഞ്ഞുനാളുമുതൽ കണ്ടും ഇഷ്ടപ്പെട്ടും നടന്നിട്ട് അവൾ തന്നെ തിരിച്ചറിയാൻ ശ്രമിച്ചില്ല എന്ന്... എന്നാൽ നീയൊന്ന് മനസ്സിലാക്കണം... തന്നെ കൂടുതൽ ഇഷ്ടപ്പെടുന്നവൻ തന്നെ ചതിച്ചു എന്ന് മറ്റൊരാളുടെ നാവിൽനിന്നറിയുമ്പോഴാണ് ഏതൊരു പെണ്ണിന്റേയും ചങ്ക് തകർന്നുപോകുന്നത്... സത്യമറിഞ്ഞപ്പോൾ അവൾ എത്രമാത്രം വേദനിച്ചെന്ന് നിനക്കറിയോ... നിന്നെ കിട്ടിയില്ലെങ്കിൽ ഉത്തരത്തിൽ തൂങ്ങി ജീവിതം അവസാനിപ്പിക്കുമെന്നാണ് അവൾ പറഞ്ഞത്... ഇത് കിരൺ പറഞ്ഞപ്പോൾ നിന്നോട് ഇത് പറയണമെന്ന് തോന്നി... അതിനാണ് നിന്നെ വിളിച്ചത്...പക്ഷേ നീയെടുക്കുന്നില്ല... അവസാനം വിശാഖിനെ വിളിച്ചു... അവനാണ് പറഞ്ഞത് നീ ഇവിടേക്ക് പോന്നിട്ടുണ്ടെന്ന്... അന്നേരം നിന്നോട് നേരിട്ട് പറയാമെന്ന് കരുതി കാത്തുനിന്നതാണ്... " "അച്ഛൻ പറഞ്ഞു വരുന്നത് അവളെ എല്ലാം മറന്ന് ഞാൻ സ്വീകരിക്കണമെന്നാണോ..."

"അതെ...എന്താ ഞാൻ പറഞ്ഞാൽ നീ കേൽക്കില്ലേ..." "ഈ ജീവിതത്തിനിടക്ക് അച്ഛൻ പറഞ്ഞത് ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ... ഞാൻ അവളെ സ്വീകരിക്കാം... പക്ഷേ അച്ഛൻ എനിക്ക് ഉറപ്പുതരണം... ഇതുപോലെ ഒരു സംശയം എന്നോട് അവളിൽ ഉണ്ടാകില്ലെന്ന് പറയാൻ അച്ഛന് ഉറപ്പ് പറയാൻ സാധിക്കുമോ..." "സാധിക്കും... കാരണം കിരൺ വിളിച്ച സമയത്ത് അവളും എന്നോട് സംസാരിച്ചിരുന്നു... നിന്നെ സംശയിച്ചുപോയതിന്റെ പേരിൽ അവൾ എത്രതവണ മാപ്പപേക്ഷിച്ചു എന്നറിയോ... നീയവളുടെ നമ്പർ ബ്ലോക്കാക്കി വച്ചതാണല്ലേ... നിന്നെ ഒരുപാട് അവൾ വിളിക്കാൻ ശ്രമിച്ചു... എന്തിനാടാ ആ പാവത്തിനോട് ഇതുപോലൊരു വാശി കാണിക്കുന്നത്... ഈ പ്രശ്നത്തിൽ നിന്നെ പത്തുമാസം ചുമന്ന് പ്രസവിച്ച അമ്മവരെ സംശയിച്ചില്ലേ... അതിലും വലുത് വേറെയുണ്ടോ..."

"അച്ഛനറിയോ അവൾ എന്നെ സംശയിച്ചതിനേക്കാളും കൂടുതൽ അവളുടെ വാക്കുകളും പ്രവർത്തികളുമാണ് എന്നെ വേദനിപ്പിച്ചത്... അത് എന്റെ നെഞ്ചിലാണ് കൊണ്ടത്... അതെല്ലാം ഈ ജന്മം എനിക്ക് മറക്കാൻ കഴിയുമോ..." "എനിക്കറിയാം നിന്റെ വിഷമം... എല്ലാം ഒരു ദുഃസ്വപ്നമായി കണ്ടാൽ മതി... മേപ്പല്ലൂർ തിരുമേനി പറഞ്ഞത് നിനക്കറിയുന്നതല്ലേ... അതിന്റെ ഭാഗമാണ് ഇതെല്ലാം... പിന്നെ നിന്നെ കാത്തുനിന്നത് മറ്റൊരു കാര്യം പറയാനാണ്... തടസ്സങ്ങൾ പലതും ഇനിയുമുണ്ട്... ഇപ്പോഴുള്ള പ്രശ്നം നിന്റെ അമ്മാവനാണ്... സ്വന്തം അനന്തിരവനാണെങ്കിലും ജോലിയും കൂലിയുമില്ലാത്ത നിനക്ക് അവളെ തരില്ലെന്നാണ് പറയുന്നത്... അത് ഇപ്പോൾ വലിയ പ്രശ്നമാണ്........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story