സ്വന്തം തറവാട് : ഭാഗം 35

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഇപ്പോഴുള്ള പ്രശ്നം നിന്റെ അമ്മാവനാണ്... സ്വന്തം അനന്തിരവനാണെങ്കിലും ജോലിയും കൂലിയുമില്ലാത്ത നിനക്ക് അവളെ തരില്ലെന്നാണ് പറയുന്നത്... അത് ഇപ്പോൾ വലിയ പ്രശ്നമാണ്... "അതുതന്നെയാണ് ഞാൻ പറഞ്ഞത് ആ ബന്ധം നമുക്ക് വേണ്ട എന്ന് പറഞ്ഞത്.... " "അതുശരി... അപ്പോൾ നീ ഇത്രയുംകാലം അവളെ ഇഷ്ടപ്പെട്ടത് ഒരു നേരംപോക്കിനായിരുന്നോ... സത്യം പറയണം... നിന്റെ മനസ്സിലിപ്പോൾ ഒരുതരിപോലും അവളോട് സ്നേഹമില്ല എന്നുണ്ടോ... അതോ അവളോടും പുതുശ്ശേരിക്കാരോടുമുള്ള വാശിയോ... അവളോട് നിനക്ക് ഇഷ്ടമില്ല എന്നാണെങ്കിൽ നിന്നെ ഞാൻ നിർബന്ധിക്കില്ല... അങ്ങനെയുള്ള ജീവിതം ഒരിക്കലും മുന്നോട്ടുപോകില്ല... നമുക്ക് വേറെ നല്ലൊരു ആലോചനയുമായി മുന്നോട്ടുപോകാം... ഇനിയും നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ഞാൻ സമ്മതിക്കില്ല...അവളെ വേണ്ടെങ്കിൽ വേണ്ട...

ചതിയായിരുന്നെങ്കിലും നീ കാരണം മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട ഒരു പെൺകുട്ടിയുണ്ട്... നാരായണന്റെ മകൾ... അവളുമായുള്ള ബന്ധം ഞാൻ ഉറപ്പിക്കാൻ പോവുകയാണ്... ഇതിന് നീ തടസം നിൽക്കരുത്... നിന്നാൽ ഈ ശിവദാസന് ഇങ്ങനെയൊരു മകൻ ഇല്ല എന്നുകരുതും ഞാൻ..." അതും പറഞ്ഞ് ശിവദാസൻ തിരിഞ്ഞു നടന്നു... "അച്ഛാ... അച്ഛനെന്താണ് പറയുന്നതെന്ന് വല്ല നിശ്ചയവുമുണ്ടോ... ശ്രീഷ്മയെ ഞാൻ എന്റെ സഹോദരിയായിട്ടേ കണ്ടിട്ടുള്ളൂ... എന്റെ ജീവിതത്തിൽ ഞാൻ ഒരു പെൺകുട്ടിയെ മാത്രമേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ... എനിക്കൊരു വിവാഹമുണ്ടെങ്കിൽ അവളുമായിട്ടേ നടക്കൂ... പക്ഷേ ഇപ്പോൽ എല്ലാമറന്ന് അവളെ ഞാൻ സ്വീകരിക്കാൻ നിന്നാൽ ഞാനൊരു പെൺകോന്തനും നട്ടെല്ലുമില്ലാത്തവനുമാകും... എനിക്കും വാശിയുണ്ട്... ഇത്രയുംനാൾ എന്നെ വേദനിപ്പിച്ച അവൾക്ക് ചെറിയൊരു വേദനയെങ്കിലും ഞാൻ കൊടുക്കേണ്ടേ... അതിന്റെകൂടെ ഒരു നല്ല ജോലി സംഘടിപ്പിക്കണം... അതാണെന്റെ ലക്ഷ്യം..

അതുവരെ... വേദനയെന്താണെന്ന് അവളുമൊന്ന് അറിയട്ടെ..." "അതുശരി... അപ്പോൾ അതായിരുന്നു അല്ലേ നിന്റെ മനസ്സിൽ... എടാ അവൾ പാവമാണെടാ... ഇത്രയും കാലമായിട്ടും അവളെ നീ മനസ്സിലാക്കിയില്ലേ... അവളൊരു മണ്ടിപ്പെണ്ണാണ്... ആരെങ്കിലും വല്ലതും പറഞ്ഞാൽ അതപ്പടി വിശ്വസിക്കും... അത് ചെറുപ്പത്തിലേയുള്ള ശീലമാണ്... മനസ്സിൽ കളങ്കമില്ലാത്തതുകൊണ്ടാണ് അതെല്ലാം... " "അറിയാം അച്ഛാ... എന്നാൽ അത് മാറ്റിയെടുക്കണം... അതിനുള്ള മരുന്നാണ് ഇത്.... " "എന്നാൽ ഞാൻ നിന്നെ നിരാശപ്പെടുത്തുന്നില്ല... പക്ഷേ ഇതുമൂലം അവൾ വല്ല കടുത്തതീരുമാനമെടുക്കാതിരുന്നാൽ മതി... പിന്നെ എന്റെ അളിയന് നല്ല ജോലിയുള്ള ഒരു മരുമകനെയല്ലേ വേണ്ടത്... അതുകൊണ്ട് ഞാനൊരു തീരുമാനമെടുത്തു... കുറച്ചായി ഇതിന്റെ വഴിയേ ഞാൻ നടക്കുന്നു...

ഈ പറമ്പത്തെ ശിവദാസന് പണത്തിന്റേയോ സ്വത്തിന്റേയോ കുറവൊന്നുമില്ല... അത് പുതുശ്ശേരിക്കാരെ അത്രതന്നെയുണ്ട്... ഇല്ലാത്തത് നിനക്കൊരു ജോലി മാത്രമാണ്... നിനക്ക് എന്റെ കൂടെ നിൽക്കാൻ താൽപര്യമില്ലല്ലോ... അതുകൊണ്ട് ഞാനൊരു തീരുമാനമെടുത്തു... ഒരുകാലത്ത് ടൗണിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായിരുന്നു ജി.കെ ഗ്രൂപ്പ്... സഹോദരന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതിനാൽ അത് ബിസിനസ്സിനെ ബാധിച്ചു... നഷ്ടത്തിലായ ജികെ ഗ്രൂപ്പ് അവർ മറ്റൊരു കമ്പിനിക്ക് വിറ്റു... എന്നാൽ അവർക്ക് ഇവിടെ ലാഭം പിടിക്കാൻ കഴിയുന്നില്ല... അതുകൊണ്ട് അവരും വിൽക്കാൻ തീരുമാനിച്ചു... ഞാനതിന് അഡ്വാൻസ് കൊടുത്തു... " "അച്ഛനെന്താ പറഞ്ഞത്... അതിനുള്ള പണം എവിടുന്നാണ്..." "ഇത്രയും കാലം ഞാൻ സമ്പാതിച്ചതത്രയും നിനക്കുവേണ്ടിയാണ്...

അത് ഇതിനെടുത്തു... പിന്നെ എനിക്ക് വേണ്ടപ്പെട്ട ഒരാൾ സഹായിക്കാമെന്നേറ്റിട്ടുണ്ട്... വെറുതെയല്ല... പലിശക്ക്... നിന്റ അമ്മയുടെ പേരിലുള്ള ആ സ്ഥലം ഈടുവച്ചിട്ട്... നല്ലരീതിയിൽ പോവുകയാണെങ്കിൽ ഒന്നുരണ്ട് വർഷംകൊണ്ട് നിനക്ക് നല്ലൊരു ബിസിനസ്മാനാകാം... എന്തുപറയുന്നു..." "അച്ഛന്റെ ആഗ്രഹം കൊള്ളാം... ബിസനസ് എന്താണെന്ന് അറിയാത്ത ഞാൻ ബിസിനസ് നടത്തിയാൽ നല്ല ബിസിനസ്മാനല്ല ആവുക പിച്ചചട്ടിയെടുക്കുകയാവും ഉണ്ടാവുന്നത്... അറിയാത്ത പണിചെയ്ത് തലമുറകളായി നിലകൊണ്ട ഈ നമ്മുടെ മുഴുവൻ സമ്പാദ്യവും അച്ഛന്റെ നിലയും വിലയുമാണ് പോവുക... അച്ഛൻ ഇതിന് ഇറങ്ങിത്തിരിക്കുംമുമ്പ് എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ... പോട്ടെ സാരമില്ല... ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല... കൊടുത്ത അഡ്വാൻസല്ലേ പോവുക...

അത് പോയെന്ന് കരുതിയാൽ മതി അതുപോട്ടെ എത്ര കൊടുത്തു അഡ്വാൻസ്..." "പത്തുലക്ഷം രൂപ... എഗ്രിമെന്റും എഴുതിവാങ്ങിച്ചു...." "പത്തുലക്ഷം രൂപയോ... അച്ഛന് വേറെ പണിയൊന്നുമില്ലായിരുന്നോ... എന്തുറപ്പിലാണ് ഇത്ര വലിയ സംഖ്യ കൊടുത്ത്..." "നിന്നിലുള്ള വിശ്വാസത്തിൽ... എടാ എനിക്ക് മുൻപരിചയമുണ്ടായിട്ടാണോ ഞാൻ ആ കട തുടങ്ങിയത്... ഇന്നത് ടൗണിലെ ഏറ്റവും വലിയ കടയാണ്... എടാ അതിന് കുറച്ച് ആത്മവിശ്വാസം വേണം.... ആരും മുൻപരിചയത്തിന്റെ പേരിലല്ല വലിയവരായത്... അവരവരുടെ കഷ്ടപ്പാടിന്റെ ഫലമാണ്... അതുണ്ടാവണമെങ്കിൽ ജീവിതത്തിൽ ചില ലക്ഷ്യങ്ങൾ വേണം... നിനക്ക് അങ്ങനെയൊരു ലക്ഷ്യം നിനക്കുമില്ലേ... നീ ഇഷ്ടപ്പെടുന്ന പെണ്ണിനെ സ്വന്തമാക്കണമെന്ന് നിനക്കും ആഗ്രഹമില്ലേ... അതിന് കുറച്ച് ബുദ്ധിമുട്ടേണ്ടിവരും... ഇതിൽ പരിചയക്കുറവ് നിനക്കുണ്ടെന്ന് എനിക്കറിയാം... അതിന് പറ്റിയ ഒരാളെ ഞാൻ നിനക്ക് തരാം ജി.കെ ഗ്രൂപ്പിൽ മുമ്പ് മേനേജരായിരുന്ന ആളാണ്...

അതിന്റെ പഴയ മുതലാളിമാർതമ്മിലുണ്ടായിരുന്ന പ്രശ്നം തുടങ്ങിയപ്പോൾത്തന്നെ അയാൾക്ക് മനസ്സിലായി ആ ഗ്രൂപ്പ് ഇനിയും മുന്നോട്ട് പോകില്ല എന്ന്... അതോടെ അവിടുത്തെ ജോലി വേണ്ടെന്നുവച്ചു... ഇപ്പോൾ മറ്റു പല സ്ഥാപനത്തിലും ജോലിചെയ്തുനോക്കി... പക്ഷേ ഒന്നും അവനങ്ങട്ട് ശരിയാവുന്നില്ല... ഞാനുമായിട്ട് നല്ല പരിചയമാണ്... അതുകൊണ്ട് ഞാൻ വിളിച്ചാൽ അയാൾ വരും..." "അതാരാണ്... അച്ഛൻ അയാൾ എന്നുപറഞ്ഞല്ലോ... അപ്പോൾ അച്ഛനേക്കാളും മുതിർന്ന ആളാണോ..." അല്ല എന്നെക്കാളും പ്രായം കുറഞ്ഞ ആളാണ്... ചിലപ്പോൾ നീയറിയും ആളെ... തേവള്ളി കൃഷ്ണദാസ്... " "അയാളോ... അയാളൊക്കെ നമ്മൾ വിളിച്ചാൽ വരുമോ..." "വരാതെ പിന്നെ... നിന്റെ കാര്യം പറഞ്ഞപ്പോൾ അയാൾതന്നെയാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞത്... " "ആ ഏതായാലും ശ്രമിച്ചുനോക്കാം..

. അവസാനം ഉള്ള കിടപ്പാടംവരെ പോയാൽ എന്നെ കുറ്റം പറയരുത്... " "അങ്ങനെയാണ് യോഗമെങ്കിൽ തടയാൻ പറ്റില്ലല്ലോ... എന്നുകരുതി നമ്മൾ ചെയ്യേണ്ടത് ചെയ്യാതിരിക്കാനും പറ്റില്ല... ഏതായാലും നീ ആ കൃഷ്ണദാസിനേയും കൂട്ടി അവിടെവരെയൊന്ന് പോയിനോക്ക്... കൃഷ്ണദാസിനെ ഞാൻ വിളിച്ചുപറയാം...ഞാൻ കടയിലേക്ക് പോകട്ടെ... അവിടെ ഇന്ന് രണ്ടാള് ലീവിലാണ്... " അതുംപറഞ്ഞ് ശിവദാസമേനോൻ നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഇല്ല... എന്റെ മകനെ അകത്താക്കിയ ആ എസ്ഐയേയും ആ നന്ദനേയും ഞാൻ വെറുതെ വിടില്ല... അവന്റെയൊക്കെ നാശം കണ്ടേ ഈ സുധാകരന് ഇനി വിശ്രമമുള്ളൂ... അവൻ ഇവിടെ എത്തണം... രാജശേഖരൻ... അവനേ ഇനി എന്നെ സഹായിക്കാൻ പറ്റൂ... എന്റെ അളിയനായതുകൊണ്ട് പറയുകയല്ല... കൊണ്ടും കൊടുത്തും അവന് നല്ല ശീലമുള്ളതാണ്... പണ്ടേ അവൻ പുതുശ്ശേരിക്കാരെ കുടുംബത്തോടെ ഇല്ലാതാക്കിയേനെ... അന്ന് ഞാൻ അവനെ ഇവിടെനിന്നും നാടുകടത്തിയതുകൊണ്ടാണ് നടക്കാതെപോയത്...

എന്റെ കൈകൊണ്ട് പുതുശ്ശേരിക്കാരുടെ സർവ്വനാശം ഉണ്ടാകണമെന്നായിരുന്നു എന്റെ മനസ്സിൽ... അതിന് പല കളികളും കളിച്ചു... പക്ഷേ എല്ലാം എന്റെ നേരെത്തന്നെ തിരിച്ചുവന്നു... ഇനിയൊരു പരീക്ഷണത്തിന് ഞാൻ മുതിരില്ല... അവനേ ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റൂ... " കോടതിയിൽനിന്ന് വീട്ടിലെത്തിയ സുധാകരൻ ജലജയോട് പറഞ്ഞു... "പണ്ടേ നിങ്ങളുടെ സ്വഭാവമാണ് എല്ലാം ഒറ്റക്ക് നടത്തണമെന്നത്... ഇനി എവിടെച്ചെന്ന് രാജനെ കണ്ടുപിടിക്കും... പത്തുമുപ്പത് വർഷമായി അവനെ കണ്ടിട്ട്... അവന്റെ നമ്പർപോലും നിങ്ങളുടെ കയ്യിലില്ല... പിന്നെയെങ്ങനെ അവനെ കണ്ടുപിടിക്കും... " "എങ്ങനെയെങ്കിലും കണ്ടുപിടിക്കണം... ആവിശ്യം എന്റേതാണ്... ഞാൻ കണ്ടുപിടിക്കും... പ്രദീപിന്റെ റിമാന്റ് കഴിയുന്നതിനുമുമ്പ് എനിക്ക് അവനെ കണ്ടുപിടിച്ച് ഇവിടെ എത്തിക്കണം.... അന്ന് അവൻ പോയത് മധുരയിലേക്കായിരുന്നു... എന്റെ ഒരു പഴയ കൂട്ടുകാരൻ ഷൺമുഖനും കുടുംബവും അവിടെയുണ്ടായിരുന്നു... എന്നാൽ അവിടെയുണ്ടായ ഒരാക്സിഡന്റിൽ അവനും മകനും മരിച്ചു...

അവന്റെ ഭാര്യ എവിടെയാണെന്ന് അറിയില്ല... എന്തായാലും ഇന്ന് വൈകീട്ട് ഞാൻ മധുരവരെ പോവുകയാണ്... അവർ താമസിച്ച പഴയ അഡ്രസ് എന്റെ കയ്യിലുണ്ട്... ചിലപ്പോൾ അവിടെചെന്നാൽ അറിയാമായിരിക്കും ഷൺമുഖന്റെ ഭാര്യ എവിടെയാണെന്ന്... അതുവഴി രാജശേഖരനെ കണ്ടുപിടിക്കാം... " "നിങ്ങൾക്ക് പ്രാന്താണ്... പ്രദീപിനെ രക്ഷിച്ചെടുക്കാൻ രാജൻ വന്നിട്ടെന്താ കാര്യം..." "എടി പെണ്ണേ.. പ്രദീപനെ പറ്റി എല്ലാ രഹസ്യവും അറിയാവുന്നത് നമ്മുടെ പഴയ വേലക്കാരിയുടെ മകൾക്കാണ്... അവൾ എല്ലാസത്യവും കോടതിൽ പറഞ്ഞാൽ ഇനിയുള്ള കാലം അവൻ പുറത്തിറങ്ങില്ല... എനിക്ക് ഇതിൽ നേരിട്ട് ഇടപെടാൻ പറ്റില്ല... അതിന് അവനേ പറ്റൂ... ഇവിടെ അധികമാർക്കും അവനെ അറിയില്ല... അവൻ വേണ്ടപോലെ ചെയ്തോളും... അതുമാത്രമല്ല പ്രദീപ് പുറത്തിറങ്ങിയാൽ ഉടനേ അവന്റെ വിവാഹവും നടത്തണം... അതും പറഞ്ഞുറപ്പിച്ചതുപോലെ പുതുശ്ശേരി ശ്രീധരമേനോന്റെ മകളുമായിട്ട്..."......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story