സ്വന്തം തറവാട് : ഭാഗം 36

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"പ്രദീപ് പുറത്തിറങ്ങിയാൽ ഉടനേ അവന്റെ വിവാഹവും നടക്കും... അതും പറഞ്ഞുറപ്പിച്ചതുപോലെ പുതുശ്ശേരി ശ്രീധരമേനോന്റെ മകളുമായിട്ട്..." "നിങ്ങളെന്തൊക്കെയാണ് പറയുന്നത്... എല്ലാം അവരും അറിഞ്ഞതല്ലേ... ഇനിയവന് ആ പെണ്ണിനെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് തോന്നുന്നുണ്ടോ..." "അതിന് അവരുടെ സമ്മതം ആർക്കുവേണം... അവരുടെ മാത്രമല്ല ആ പെണ്ണിന്റെ സമ്മതംപോലും ആവിശ്യമില്ല..." "നിങ്ങളുടെ മനസ്സിൽ എന്താണ്..." അതുകേട്ട് സുധാകരൻ ചിരിച്ചു... ആ ചിരിയിൽ ഇത്രയുംകാലം തന്റെ മനസ്സിൽ ഒരു കരടായി നിലകൊണ്ട പക ആളികത്തുന്നുണ്ടായിരുന്നു... "ഹും എന്തിനാണ് കാണാൻപോകുന്ന പൂരം പറഞ്ഞറിയിക്കുന്നത്... കണ്ടുതന്നെ അറിയുന്നതല്ലേ നല്ലത്..." അതുംപറഞ്ഞ് സുധാകരൻ മുറിയിലേക്ക് നടന്നു... ഒന്നും മനസ്സിലാവാതെ ജലജ അയാൾ പോകുന്നതും നോക്കിനിന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

അന്ന് വൈകീട്ട് സ്റ്റേഷനിൽനിന്നും വീട്ടിലേക്ക് വരുകയായിരുന്നു വിശാഖ്...അന്നേരമാണ് മുന്നിൽ ഒരു പെൺകുട്ടി നടന്നുപോകുന്നത് കണ്ടത്... ഒന്നുകൂടി നോക്കിയപ്പോൾ അത് ശ്രീഷ്മയാണെന്ന് മനസ്സിലായി...അവൻ അവളുടെ അടുത്ത് ബൈക്ക് നിർത്തി... അവനെ കണ്ട് അവളൊന്ന് ചിരിച്ചു... "എന്താടോ കോടതിയിൽനിന്ന് പോരുമ്പോൾ പറയാതിരുന്നത്... ഞാൻ അവിടെയൊക്കെ നോക്കി...വിശാഖ് ചോദിച്ചു "ഞാൻ നോക്കുമ്പോൾ നന്ദേട്ടനുമായി എന്തോ കാര്യമായിട്ട് സംസാരിക്കുന്നത് കണ്ടു... നിങ്ങളെ ശല്യം ചെയ്യേണ്ട എന്നുകരുതി... അമ്മക്ക് കഞ്ഞിയും മരുന്നും കൊടുക്കാനുണ്ടായിരുന്നു... അതാണ് നേരത്തേ പോന്നത്..." "ഞാൻ വെറുതേ ചോദിച്ചെന്നേയുള്ളൂ... പിന്നെ എവിടുന്നാണ് വരുന്നത്..." "ഞാൻ ഷിഫാനയുടെ വീടുവരെ പോയതാണ്... ഒന്നുമില്ലെങ്കിലും എന്റെ നിരപരാധിത്വം തെളിയിക്കാൻ അവളും കുറച്ച് കഷ്ടപ്പെട്ടതല്ലേ..." "അത് ശരിയാണ്... പിന്നെ പ്രദീപിനെതിരെ കഴിയാവുന്ന എല്ലാ തെളിവുകളും കണ്ടെത്തണം... അവൻ ഇത്രയുംകാലം ചെയ്തത് എന്തൊക്കെയാണ്...

പശിശക്ക് പണം കൊടുക്കുന്നതിന്റെ മറവിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നും അവൻമൂലം എത്ര പെൺകുട്ടികൾ ദുരിതം അനുഭവിച്ചു എന്നും കണ്ടെത്തണം... അവന്റെ അച്ഛൻ ചിലപ്പോൾ ഭീഷണിയുമായി നിന്റെയടുത്ത് വന്നേക്കാം... ചിലപ്പോഴത് നേരിട്ടായിരിക്കില്ല... എന്തുവന്നാലും ആ ഭീഷണിക്ക് വഴങ്ങരുത്..." "എനിക്ക് എന്റെ ജീവിതമാണ് തിരിച്ചുകിട്ടിയത്... അതുപോലെ ഞങ്ങളുടെ ദൈവമായ നന്ദേട്ടന്റെ ജീവിതവും... ഇനി എനിക്ക് എന്തു ഭീഷണിയുണ്ടായാലും ആ പ്രദീപന് ശിക്ഷ കിട്ടുന്നതുവരെ നിങ്ങളുടെ കൂടെയുണ്ടാകും ഞാൻ..." "അതുമതി... പക്ഷേ നന്ദന്റെ ജീവിതം അതിപ്പോഴും പ്രശ്നത്തിൽ തന്നെയാണ്... വേദിക എല്ലാം മനസ്സിലാക്കി അവനെ സ്വീകരിക്കാൻ തയ്യാറായാലും ഇപ്പോൾ വിലങ്ങുതടിയായി നിൽക്കുന്നത് നന്ദനാണ്... അവനെ പറഞ്ഞു മനസ്സിലാക്കാനാണ് പ്രയാസം...

എന്നാലും എന്തോ അവൻ മനസ്സിൽ കരുതിയിട്ടുണ്ട്... അവൻ പുതിയ ബിസിനസ്സ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്... നീയും നന്ദനും ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് ചെന്ന് ചതിയിൽ പെട്ടില്ലേ ഒരു ഗസ്റ്റൗസിൽ.... അതിന്റെ മുതലാളിമാരുടെ പഴയ ബിസിനസ് സാമ്രാജ്യം... ജി.കെ ഗ്രൂപ്പ്... അത് നന്ദൻ വാങ്ങിക്കാൻ പോവുകയാണ്... ഭാഗ്യമുണ്ടെങ്കിൽ അതിൽ അവൻ വിജയിക്കും... അല്ല ഉറപ്പായും വിജയിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... കാരണം അതിനുള്ള സാമർത്ഥ്യം അവനുണ്ട്... അതിൽ അവൻ വിജയിക്കും..." "കൊള്ളാമല്ലോ അത്... വിശാഖേട്ടൻ പറഞ്ഞതുപോലെ നന്ദേട്ടൻ ഇതിൽ വിജയിക്കും അതുറപ്പാണ്... മനസ്സ് നല്ലതാണെങ്കിൽ എവിടേയും വിജയം നേടും... അത് നന്ദേട്ടനുണ്ട്...എന്നാൽ ഞാൻ നടക്കട്ടെ സന്ധ്യയാവാറായി... " "എന്നാൽ ശരി... എല്ലാം കഴിഞ്ഞിട്ട് നിന്നോട് ഒരൂട്ടം പറയാനുണ്ട്... അത് അനുകൂലമാകുമെന്ന് കരുതുന്നു..." "എന്താണ്... ആ പ്രദീപിനെതിരെ വല്ലതുമാണോ..." "അത് ഞാൻ അന്നേരം പറയാം... ഇപ്പോൾ നടന്നോ നീ... അല്ലെങ്കിൽ കയറിക്കോ ഞാൻ വീടിനുമുന്നിൽ ഇറക്കാം... "

"വേണ്ട... ഇതിലെ എളുപ്പവഴിയുണ്ട്... അതിലെ പോയാൽ പെട്ടന്ന് വീട്ടിലെത്താലോ..." "എന്നാൽ ശരി നടന്നോ..." ശ്രീഷ്മ അവനെനോക്കി ചിരിച്ചുകൊണ്ട് നടന്നു... എന്നാൽ അവനവളും പോകുന്നത് ഒരു ചെറുപുഞ്ചിരിയോടെ നോക്കിനിന്നു.... പെട്ടന്നാണ് വിശാഖിന്റെ ഫോൺ റിങ് ചെയ്തത്... ഫോണെടുത്തുനോക്കിയപ്പോൾ നന്ദനാണ് വിളിക്കുന്നതെന്ന് മനസ്സിലായി... അവൻ കോളെടുത്തു... "എന്താടോ നന്ദാ... നീ പോയ കാര്യമെന്തായി..." "അതുപറയാം... നീയെവിടെയാണ്... ഇന്നെന്താ എത്താനൊരു താമസം... വേറൊന്നുംകൊണ്ടല്ല ആ സുധാകരൻ പ്രാന്തുപിടിച്ച് നടക്കുകയാണ്... നീ അയാളുടെ മുന്നിലൊന്നും ചെന്നുപെട്ടേക്കല്ലേ... " "അതോർത്ത് ടെൻഷനടിച്ച് വിളിച്ചതാണോ... എടാ മോനേ ഈ എന്നെ നോക്കാൻ എനിക്കറിയാം... അത് സുധാകരനല്ല അയാളുടെ തലതൊട്ടപ്പന്മാർ വന്നാലും എന്നെ ഒരുചുക്കും ചെയ്യില്ല... ഞാൻ വന്നുകൊണ്ടിരിക്കുകയാണ്... ഒരഞ്ച് മിനിറ്റിനുള്ളിൽ ഞാനവിടെയെത്തും... വരുന്നവഴി വേണ്ടപ്പെട്ട ഒരാളെ കണ്ടു... കുറച്ചുനേരം സംസാരിച്ചു... അതാണ് വൈകിയത്... നീയവിടെ നിൽക്ക് ഞാനിപ്പോഴെത്താം..."

വിശാഖ് കോൾ കട്ടുചെയ്ത് തന്റെ ബൈക്ക് സ്റ്റാർട്ട്ചെയ്തു... വിശാഖ് ആൽത്തറയുടെ അടുത്തെത്തുമ്പോൾ നന്ദൻ ഫോണിൽ ആരുമായോ സംസാരിച്ചിരിക്കുകയായിരുന്നു... വിശാഖ് ബൈക്കിൽനിന്നിറങ്ങി ആൽത്തറയിലിരുന്നു... നന്ദൻ കുറച്ചുനേരംകൂടി ഫോണിൽ സംസാരിച്ച് കോൾ കട്ടുചെയ്തു... "അരോടാണ് ഇത്ര ജാഗ്രതയോടെ സംസാരിച്ചത്..." വിശാഖ് ചോദിച്ചു... "അത് കൃഷ്ണദാസേട്ടനാണ്... നമ്മുടെ തേവള്ളിയിലെ..." "ഓ നിന്റെ പുതിയ ബിസിനസ് സാമ്രാജ്യത്തിലെ മാനേജർ... എന്നിട്ട് എന്താണയാൾ പറയുന്നത്... നിങ്ങൾ പോയതെന്തായി... " "ആഹ്.. ഞാൻ കുറച്ച് റിസ്കെടുക്കാൻ തീരുമാനിച്ചു മോനേ... എത്രയൊക്കെ പണവും പേരും ഉണ്ടായിട്ടെന്താ കാര്യം... എല്ലാവർക്കും ഞാൻ വേലയും കൂലിയുമില്ലാത്തവൻ... ഇനി അങ്ങനെയാവാൻ പറ്റില്ല... കാരണം ചിലരുടെ മുമ്പിൽ എനിക്കൊന്ന് തലയുയർത്തി നടക്കണം... അതിന് എനിക്ക് ഇവിടെ ജയിക്കണം... എനിക്ക് ആ ഓഫീസും കാര്യങ്ങളും കമ്പനികളുമെല്ലാം ഇഷ്ടമായി... പക്ഷേ ഇപ്പോൾ ആ കമ്പിനിയിൽ ജോലിക്കാർ കുറവാണ്...

കുറച്ച് ജോലിക്കാരെ സംഘടിപ്പിക്കണം... പണ്ട് അവിടെ ജോലി ചെയ്ത പലരും ഇപ്പോൾ പല ജോലിക്കും പോവുകയാണ്... അതിൽ വീണ്ടും തിരിച്ചുവരാൻ പറ്റുന്നവരെ വിളിക്കണം... വരാൻ കഴിയാത്തവർക്ക് പകരമായി പുതിയ ആളുകളെ തേടണം... പിന്നെയുള്ളത് കുറച്ച് സ്റ്റാഫിനെയാണ്... അതും ശരിയാക്കണം... ഓഡറുകളെല്ലാം കൃഷ്ണദാസേട്ടൻ പിടിക്കാമെന്ന് പറഞ്ഞിട്ടുണ്ട്... അത് പറയാനാണ് അദ്ദേഹം വിളിച്ചത്..." "നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട... എല്ലാം ശരിയാകും... പിന്നെ നിന്റെ കൂട്ടുകാരനാണ് എന്ന് പറയുന്നതിൽ എന്താണ് അർത്ഥം... ഞാനുണ്ടെടാ കൂടെ... നിന്റെ വിജയം എന്റെ വിജയംകൂടിയല്ലേ..." "അതെനിക്കറിയാം... അതുപോട്ടെ ആ സുധാകരൻ നിന്നെ വിളിക്കുകയോ കാണുകയോ ചെയ്തോ..." "ഇതുവരെ ഉണ്ടായിട്ടില്ല.. അയാൾ നേരിട്ടൊരു ഏറ്റുമുട്ടലിന് വരുമെന്ന് എനിക്ക് തോന്നുന്നില്ല... ഉണ്ടെങ്കിൽ കോടതിയിൽനിന്നിറങ്ങുമ്പോൾ തന്നെ വരുമായിരുന്നു... അയാളുടെ മനസ്സിൽ മറ്റെന്തോ ഉണ്ട്... അത് എന്താണെന്ന് കണ്ടെത്തണം... അയാൾക്കുവേണ്ടി മറ്റാരെങ്കിലും ഇറങ്ങാനാണ് സാധ്യത...

ആ സോജയെ ശ്രദ്ധിക്കണം... അവളാണല്ലോ സാക്ഷി പറഞ്ഞത്... അന്നേരം അവൾക്കുനേരെയാകും അയാളുടെ ആദ്യത്തെ നീക്കം..." "അതറിയാം... ഞാനൊരു കാര്യം പറയട്ടെ... നമുക്ക് അവളേയും അമ്മയേയും അവരിപ്പോൾ താമസിക്കുന്ന വീട്ടിൽനിന്ന് മാറ്റി താമസിപ്പിച്ചാലോ... അത്രപെട്ടന്ന് സുധാകരന്റെ കണ്ണിൽ പെടാത്ത ഒരു സ്ഥലത്ത്... " നന്ദൻ ചോദിച്ചു... "ഞാനത് വിചാരിക്കായ്കയില്ല... പക്ഷേ എവിടേക്ക്... എവിടെ പോയാലും അയാൾ കണ്ടുപിടിക്കും... അതിലും നല്ലത് വിശ്വസ്ഥരായ രണ്ട് പോലീസുകാരെ അവിടെ നിർത്തുന്നതാണ്... നോക്കട്ടെ എന്താ ചെയ്യാൻ പറ്റുക എന്ന്....എന്നാൽ ഞാൻ വീട്ടിൽ പോയി ഒന്ന് ഫ്രഷായി വരാം... രാവിലെമുതൽ അലച്ചിലല്ലേ.... ഒന്നു കുളിച്ചാൽ ഉഷാറാകും... " "എന്നാൽ ശരി... പിന്നെ നീ വരുന്ന വഴി ആരോടാണ് സംസാരിച്ചെന്ന് പറഞ്ഞത്..." "അത് ശ്രീഷ്മയെയായിരുന്നു...

അന്ന് നമ്മളെ സഹായിച്ച ലത്തീഫ്ക്കായുടെ മകളില്ലേ അവളെ കാണാൻ പോയി വരുകയാണെന്ന് പറഞ്ഞു... എടാ ഞാനൊരു കാര്യം പറഞ്ഞാൽ അത് തമാശയായി തള്ളരുത്... നിന്റെ അഭിപ്രായം എന്തായാലും തുറന്നുപറയണം..." "പൊന്നുമോനേ നിന്റെ പോക്ക് എവിടേക്കാണെന്ന് എനിക്ക് മനസ്സിലായി... നീ അവളോടാണ് സംസാരിച്ചത് എന്നു പറഞ്ഞപ്പോൾതന്നെ നിന്റെ മനസ്സ് ഞാൻ വായിച്ചു.... അവൾ നിനക്ക് യോജിച്ചവൾ തന്നെയാണ്... കുറച്ച് പണത്തിന്റെ കുറവുണ്ടെന്നേയുള്ളൂ... നല്ലവളാണ്... "സത്യം പറഞ്ഞാൽ ഈ പ്രശ്നം ഉണ്ടായ അന്ന് നമ്മൾ വഴിയിൽ വച്ച് കണ്ടില്ലേ... നീ അവളുടെ കൂടെ പോയ അന്ന്...

ആ കണ്ടുമുട്ടലിൽതന്നെ എന്തോ ഒരിഷ്ടം എനിക്കവളോട് തോന്നി... പക്ഷേ അവളുടെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലോ..." "അതും ശരിയാണ്... എന്നാലും അവളുടെ മനസ്സിൽ മറ്റാരും ഉണ്ടാവാൻ സാധ്യതയില്ല... അവരുടെ പരിതസ്ഥിതിയോർത്ത് അവൾ ചിലപ്പോൾ എതിരു പറഞ്ഞേക്കാം... അത് നമുക്ക് പറഞ്ഞ് ശരിയാക്കാം... നിനക്കായി ജനിച്ചവളാണെങ്കിൽ അവളെ നിനക്കുതന്നെ കിട്ടും... ബാക്കി ഈശ്വരന്റെ കയ്യിലല്ലേ... എന്നാൽ നീ പോയിട്ടുവാ... അപ്പോഴേക്കും ഞാൻ കവലയിലൊന്ന് പോയി വരാം..." വിശാഖ് വീട്ടിലേക്കും നന്ദൻ കവലയിലേക്കും പുറപ്പെട്ടു... ഈ സമയം സുധാകരൻ മധുരയിലേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story