സ്വന്തം തറവാട് : ഭാഗം 37

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"അമ്മേ എനിക്ക് നന്ദേട്ടനെ കിട്ടില്ലേ... എന്തൊരു വിധിയാണ് എന്റേത്..." മുറിയിലേക്ക് വന്ന പ്രസന്നയോട് വേദിക ചോദിച്ചു "വിധി... മിണ്ടരുത് നീ... അനുഭവിച്ചോ... എത്രതവണ പറഞ്ഞു ഞാൻ അവൻ തെറ്റുകാരനായിരിക്കില്ല എന്ന്... നീയത് കേട്ടോ ഇല്ലല്ലോ... നിനക്ക് നിന്റെ അച്ഛനും ഏട്ടന്മാരും പറയുന്നതല്ലേ വിശ്വാസം... നന്ദൻ രക്ഷപ്പെട്ടെന്ന് കരുതിയാൽമതി... നിന്നെപ്പോലെ ഒരു സംശയരോഗിയെ കെട്ടിക്കഴിഞ്ഞാൽ അവന്റെ അവസ്ഥ എന്താകുമായിരുന്നു... നീയന്ന് അമ്പലത്തിൽവച്ച് അവനെപറ്റി പറഞ്ഞതൊന്നും അവനും ഞാനും മറക്കില്ല... അന്നവന്റെ നെഞ്ച് പിടയുന്നത് ഞാൻ കണ്ടതാണ്... എന്നിട്ടിപ്പോൾ അവനെ നഷ്ടമാവുമോ എന്ന്... അവനെവിടെപ്പോയെങ്കിലും രക്ഷപ്പെടട്ടെ... നിനക്കും അച്ഛനുമെല്ലാം അത് നോക്കേണ്ട കാര്യമുണ്ടോ..."

പ്രസന്ന വേദികയോട് ദേഷ്യത്തോടെ പറഞ്ഞു... "ശരിയാണ്... ഞാൻ തെറ്റുകാരിയാണ്... അച്ഛനും ഏട്ടന്മാരും പറഞ്ഞപ്പോഴും ആ ഫോട്ടോ കണ്ടപ്പോഴും വിശ്വസിച്ചുപോയി... അതിന്റെ പേരിൽ നന്ദേട്ടന് പറയാനുള്ളതുകൂടി കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല... തെറ്റ് എന്റെ ഭാഗത്തുതന്നെയാണ്... " "നിന്നെ വിഷമിക്കാൻ പറഞ്ഞതല്ല ഞാൻ... എന്റെ സങ്കടം പറഞ്ഞെന്നേയുള്ളൂ... നീ വിഷമിക്കേണ്ട... അത്ര വലിയ ക്രൂരനൊന്നുമല്ല അവൻ... അവന് നിന്നെ മനസ്സിലാക്കാൻ പറ്റും... ഒരു നിമിഷമെങ്കിലും ഒരുനിമിഷം നിന്റെ ഒരു നല്ലവാക്ക് അവൻ അഗ്രഹിക്കുന്നുണ്ടാകും... നിന്റെ ഒരു വിളി അവൻ അന്നുമുതൽ ഇന്നുവരേയും പ്രതീക്ഷിച്ചുകാണും... നീയൊന്ന് അവനെ വിളിക്ക്... നീ ചെയ്ത എല്ലാ തെറ്റുകളും അവൻ പൊറുക്കും എനിക്കുറപ്പുണ്ട്... " വേദിക പ്രസന്നയെ ഒന്ന് നോക്കിയതിനുശേഷം തന്റെ മുറിയിലേക്ക് പോയി...

മുറിയിലെത്തിയ അവൾ തന്റെ ഫോണെടുത്ത് നന്ദനെ വിളിക്കാൻ ശ്രമിച്ചു... എന്നാൽ ഒരു നിമിഷം അവൾ അത് വേണ്ടെന്നുവച്ചു... ഞാൻ വിളിച്ചാൽ നന്ദേട്ടൻ എടുക്കുമോ... അത്രയേറെ ആ മനസ്സിനെ വേദനിപ്പിച്ചവളാണ് ഞാൻ... ഇല്ല നന്ദേട്ടനെടുക്കില്ല... അത്രക്കെന്നെ വെറുത്തിട്ടുണ്ടാകും.. വേദിക ഫോണിലേക്കും നോക്കിനിന്നു... പിന്നെ രണ്ടുംകല്പിച്ച് അവനെ വിളിച്ചു... എന്നാൽ അവൾ കരുതിയതുപോലെ നന്ദൻ ഫോണെടുത്തില്ല ▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾക്കുശേഷം.... ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് നന്ദൻ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നത്... വിശാഖാണെന്ന് മനസ്സിലായ അവൻ കോളെടുത്തു... "എന്താടാ ഇത്ര രാവിലെ... നിനക്ക് ഉറക്കമൊന്നുമില്ലേ..." "എടാ പ്രശ്നമുണ്ട്... ആ സോജയേയും അവളുടെ അമ്മയേയും ആരോ കടത്തിക്കൊണ്ട്പോയി..."

"നീയെന്താ പറഞ്ഞത്... നീയല്ലേ രണ്ട് പോലീസുകാരെ അവിടെ പ്രതിഷ്ഠിച്ചത്... എന്നിട്ടും അവളെ തട്ടിക്കൊണ്ട് പോയെന്നോ..." "അവരെ തല്ലി അവശരാക്കിയിട്ടാണ് അവളെ കൊണ്ടുപോയത്... ഇന്ന് കോടതിയിൽ പ്രദീപിനെതിരെ സാക്ഷി പറയേണ്ടതാണ്... അതിനിടയിലാണ് ഇത്..." "ഇത് അയാൾ ചെയ്തതാവാനാണ് സാധ്യത... ആ സുധാകരൻ..." "ഇതിനുപിന്നിൽ അയാളാണെന്നറിയാം... പക്ഷേ അവളെ അവിടെനിന്നും കടത്തിയത് അയാളല്ല... മറ്റൊരാളാണെന്നാണ് ആ പോലീസുകാർ പറയുന്നത്... അയാൾ ഏർപ്പാടുചെയ്ത ആരെങ്കിലുമാവും... അവളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലല്ലോ... അതറിഞ്ഞാൽ അവളെ രക്ഷിക്കുകയും അയാളെ പൊക്കുകയും ചെയ്യാമായിരുന്നു..." "ഇത് അവൾ കോടതിയിൽ എത്താതിരിക്കാനുള്ള കളിയാണ് നടത്തിയത്...

അവൾ സാക്ഷി പറഞ്ഞില്ലെങ്കിൽ പ്രദീപിന് ജാമ്യം കിട്ടുകയും ചെയ്യും കേസുതന്നെ ഇല്ലാതാവുകയും ചെയ്യും... ഏതായാലും നീ അവിടെ നിൽക്ക് ഞാനിപ്പോഴെത്താം... " നന്ദൻ കോൾ കട്ടുചെയ്ത് പെട്ടന്നുതന്നെ ഡ്രസ് മാറ്റി വിശാഖിന്റെയടുത്തേക്ക് പുറപ്പെട്ടു... സുധാകരന് ബന്ധമുള്ള പല സ്ഥലത്തും അവർ സോജയെ തിരഞ്ഞു... എന്നാൽ എവിടേയും അവളെ കണ്ടെത്താൻ സാധിച്ചില്ല... അതോടെ പ്രധീപിനെതിരെ തെളിവുകൾ നിരത്താൻ സാധിക്കാത്തതിനാൽ അവനെ കോടതി വെറുതേ വിട്ടു... കോടതിയിൽനിന്നും ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന പ്രദീപിനെ വിശാഖും നന്ദനും കണ്ടു... അവരെ പ്രദീപും കണ്ടു... അവൻ വിജയച്ചിരിയോടെ അവരുടെയടുത്തേക്ക് വന്നു..." "എന്തൊക്കെയുണ്ട് എസ്ഐസാറെ...ഞാൻ പറഞ്ഞതുപോലെ ആയില്ലേ... കണ്ടില്ലേ പുഷ്പംപോലെ ഞാൻ പുറത്തിറങ്ങിയിരിക്കുന്നു...

എന്നെ പൂട്ടി അകത്തിടാനുള്ള കഴിവൊന്നും തനിക്കില്ല... അത് നീ മനസ്സിലാക്കിയില്ല..." "എടാ ചതിയിയിലൂടെ വിജയം നേടുന്നത് അത്രവലിയ കാര്യമല്ല... അത് ആണുങ്ങൾക്ക് പറഞ്ഞതുമല്ല...ഇപ്പോൾ നീ ജയിച്ചെന്നുകരുതി എന്നും ഭാഗ്യം നിന്റെ കൂടെ ഉണ്ടാവില്ല...അത് നീ മനസ്സിൽവച്ചോ..." "ചതി... വിജയം മുന്നിൽകണ്ട് മുന്നോട്ടുനീങ്ങുമ്പോൾ അവിടെ ചതി എന്നൊരു വാക്കില്ല... വിജയം അതുമാത്രമേ ലക്ഷ്യമുള്ളൂ... ലക്ഷ്യം നേടാൻ എന്തു വേലത്തരവും ചെയ്യാം... മഹാഭാരതത്തിൽതന്നെ ചതിയിലൂടെയല്ലേ പാണ്ഡവർ വിജയം നേടിയത്... അതിലും വലുതല്ലല്ലോ ഈ പാവം ഞാൻ..." "ഓ നീ പുരാണങ്ങളുമായി സാമ്യം കാണിച്ചതാണോ... അവിടെ ധർമ്മമാണ് ജയിച്ചത്... ഇവിടെ നിന്നെപ്പോലൊരു പക്കാ ക്രിമിനലും... ഇപ്പോൾ നീ രക്ഷപ്പെട്ടെന്ന് കരുതേണ്ട... എല്ലാ വഴിയും അടച്ചതിനുശേഷം നിന്നെ ഞാൻ പൊക്കിയിരിക്കും...

അതുവരെ നിനക്ക് ആയുസ്സുണ്ടെങ്കിൽ മാത്രം..." "എടാ നീയല്ല നിന്റെ ഈ സർവ്വീസിലുള്ള മുഴുവൻ ഏമാന്മാർ ഒന്നിച്ചിറങ്ങിയാലും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല... പിന്നെ ഇത്രയും ദിവസം എന്നെ കസ്റ്റഡിയിൽവച്ചതിന് എന്റെ മോന് നല്ലൊരു സമ്മാനം വച്ചിട്ടുണ്ട്... വൈകാതെ അത് ഞാൻ തന്നിരിക്കും... അതിനുമുമ്പ് എനിക്ക് ചിലത് ചെയ്തുതീർക്കാനുണ്ട്..." പ്രദീപ് നന്ദനുനേരെ തിരിഞ്ഞു... "അന്നുഞാൻ വെച്ച കെണിയിയിൽനിന്നും നീ രക്ഷപ്പെട്ടു... എന്നുകരുതി എനിക്ക് വെറുതെയിരിക്കാൻ കഴിയുമോ... നിന്റെ പെണ്ണ് അവളെ എനിക്ക് സ്വന്തമാക്കണം... ഇപ്പോൾ പുതുശ്ശേരിക്കാർ മുഴുവനും അറിഞ്ഞുകാണും നീ എന്നിലൂടെ ചതിക്കപ്പെട്ടതാണെന്ന് എന്നാലും അവളെവിട്ടുകളയാൻ എനിക്ക് പറ്റുമോ... ആരൊക്കെ തടസംനിന്നാലും അവൾ എന്റെകൂടെ മാത്രമേ ജീവിക്കൂ... " "മോഹം കൊള്ളാം പ്രദീപേ...

പക്ഷേ അത് നടക്കുമോ... നീ കളിക്ക്... അത് ഏതുവിധത്തിലുമുള്ള നെറികെട്ട കളിയും കളിക്ക്... ഞാനും കളിക്കാം... അവിടെ ആരാണ് ജയിക്കുന്നതെന്ന് നമുക്ക് കാണാം... എന്താ അങ്ങനെയല്ലേ..." നന്ദൻ ചോദിച്ചു... "കാണാമെടാ... ഈ പ്രദീപ് ഒന്ന് നിനച്ചാൽ അത് നടത്തിയ ചരിത്രമേയുള്ളൂ... അല്ലെങ്കിൽ എനിക്കുവേണ്ടി പട്ടട തീർക്കണം... അതില്ലാത്തിടത്തോളം കാലം വിജയം ഈ പ്രദീപിന് മാത്രമായിരിക്കും..." "അങ്ങനെയെങ്കിൽ അങ്ങനെ... എന്നാലും വേദിക ഒരിക്കലും നിനക്ക് കീഴ്പ്പെടില്ല... അത് നീ ഓർത്തുവച്ചോ... വാടാ വിശാഖേ... ഇപ്പോൾ പുറത്തിറങ്ങി എന്ന നെഗളിപ്പാണ് ഇവന്... ഇവനെപ്പോലെയൊരുത്തനോട് സംസാരിക്കുന്നതിലും നല്ലത് വേറെന്തെങ്കിലും പണിക്ക് പോകുന്നതാണ്... " പ്രദീപ് നന്ദനേയും വിശാഖിനേയും രൂക്ഷമായി നോക്കി... പിന്നെ അവനെ കാത്തുനിന്ന സുധാകരന്റെ കാറിൽ കയറി...

എന്നാൽ ആ കാറിൽ മറ്റൊരാളുമുണ്ടായിരുന്നു... രാജശേഖരൻ... "ഇവനെ സൂക്ഷിക്കണം... ഇവൻ പറഞ്ഞതിൽ എന്തോ ദുരൂഹതയുണ്ട്... അവന്റെ കണ്ണിലെ ആ പ്രതികാരം കണ്ടില്ലേ... എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ്... അവൻ പറഞ്ഞതിന്റെ അർത്ഥമെന്താണ്... " വിശാഖ് പറഞ്ഞു... "നിന്നോട് ഞാനപ്പോഴേ പറഞ്ഞിരുന്നതല്ലേ സോജയെ അവിടെനിന്ന് മാറ്റണമെന്ന്... അന്നേരം നീ കേട്ടില്ല... ഇനി ഒരു വഴിയേയുള്ളൂ.. അവന്റെ ഓരോ നീക്കവും നിരീക്ഷിക്കുക... അതേ നിവർത്തിയുള്ളൂ..." "അവർ ആ പോലീസുകാരെ മറികടന്ന് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല... എന്തായാലും നടന്നത് നടന്നു... ഇനി ഒരു കാര്യമേ ചിന്തിക്കാനുള്ളൂ... എത്രയും പെട്ടന്ന് നിന്റേയും വേദികയുടേയും വിവാഹം നടത്തുക.... " " നീയെന്താണ് ഉദ്ദേശിക്കുന്നത്... മറ്റന്നാൾ എന്റെ ഓഫീസ് തുറക്കാൻ പോവുകയാണ്... അതുമാത്രമല്ല ഇപ്പോഴും ശ്രീധരനമ്മാവൻ ഇതിനെതിരാണ്... അത് മറികടന്ന് എങ്ങനെയാണ് ഇത് നടത്തുന്നത്... എന്റെ വിവാഹം നല്ലതുപോലെ നടത്തണമെന്നത് എന്റെ വീട്ടുകാരുടെ ഏറ്റവും വലിയ ആഗ്രഹമാണ്...

അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുമോ..." "അതിന് നിന്റെ വിവാഹം ആർഭാടമാക്കേണ്ട എന്നാരെങ്കിലും പറഞ്ഞോ... നിന്റെ അച്ഛന്റേയും അമ്മയുടേയും ആഗ്രഹംപോലെ ഉഷാറായിത്തന്നെ നടത്താം... അവളുടെ ഏട്ടന്മാരും അമ്മയും ഇതിന് സപ്പോർട്ടല്ലേ... പിന്നെ അമ്മാവൻ... ഇത്രയുംകാലം നീ വേലയും കൂലിയുമില്ലാത്തവൻ ആയിരുന്നു... എന്നാൽ മറ്റന്നാൾ മുതൽ നീ ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം നടത്തുന്ന വലിയ മുതലാളിയാണ്... നീ ധൈര്യമായി മുന്നോട്ടുപൊയ്ക്കോ... നിന്റെ അമ്മാവൻതന്നെ അവളെ നിന്റെ കയ്യിൽ പിടിച്ചുതരും... നീ ഇന്നുതന്നെ അവിടെ പോകണം... എന്നിട്ട് മറ്റന്നാൾ നടക്കുന്ന നിന്റെ ഓഫീസ് ഉദ്ഘാടനത്തിന് അവരെ ക്ഷണിക്കണം... എല്ലാം ഭംഗിയായി നടക്കും നീ നോക്കിക്കോ..." "പക്ഷേ അപ്പോഴും പ്രശ്നം കിടക്കുകയല്ലേ...

എല്ലാം ഭംഗിയായി നടന്നു എന്ന് കരുതിക്കോ... അപ്പോഴും പ്രദീപ് വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ... " "അതെനിക്ക് വിട്ടേക്ക്... അവന്റെ കാര്യം ഞാൻ നോക്കിക്കോളാം... അന്നത്തെ ദിവസം അവൻ പുറത്തുണ്ടെങ്കിലല്ലേ... " "അവൻ പുറത്തുവേണ്ട... അവനുണ്ടായിട്ടാണോ ആ സോജയെ കടത്തിക്കൊണ്ട് പോയത്... ഇതിനിടയിൽ ആരോ ഒരാൾ അവരുടെ കൂടെ നിൽക്കുന്നുണ്ട്... അയാളെയാണ് ആദ്യം പൂട്ടേണ്ടത്..." "അത് ശരിയാണ്... അവനെ കണ്ടുപിടിക്കണം... അവർ പുതുശ്ശേരിക്കാരുടെ ശത്രുവാണെങ്കിൽ തീർച്ചയായും അവൻ പുതുശ്ശേരിയിലെത്തും... അന്നേരമറിയാമല്ലോ അതാരാണെന്ന്... നീയേതായാലും പറഞ്ഞ കാര്യം ചെയ്യ്... വൈകീട്ടാവുമ്പോൾ അവിടെ എല്ലാവരുമുണ്ടാകും... അന്നേരം പോകുന്നതാണ് നല്ലത്.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story