സ്വന്തം തറവാട് : ഭാഗം 39

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ആരാണ്... എന്താ വേണ്ടത്..." ചോദ്യം കേട്ട് അയാൾ തിരിഞ്ഞു... അയാളുടെ മുഖത്തേക്ക് ശ്രീധരമേനോൻ സൂക്ഷിച്ചുനോക്കി... പെട്ടന്നയാൾ ഞെട്ടി... "രാജശേഖരൻ.... രാജശേഖരാ നീ..." "അപ്പോഴന്നെ മറന്നിട്ടില്ല അല്ലേ... ഞാൻകരുതി നിങ്ങളെന്നെ മറന്നുകാണുമെന്ന്... പക്ഷേ എനിക്കങ്ങനെ നിങ്ങളെ മറക്കാൻ പറ്റില്ലല്ലോ... കാരണം നിങ്ങളുടെ നാശം അതെന്റെ ആവിശ്യമല്ലേ... ഒന്നും മറന്നിട്ടില്ലല്ലോ... എന്റെ അളിയന്റെ വാക്കിന്മേലാണ് അന്ന് നിങ്ങളെ ഞാൻ വെറുതെ വിട്ടത്... പക്ഷേ ഒന്നിനുംകൊള്ളാത്തവനാണ് എന്റെ അളിയൻ എന്നെനിക്ക് മനസ്സിലായി... അതുകൊണ്ടാണല്ലോ കഴിഞ്ഞ പത്തുമുപ്പത് വർഷമായിട്ടും എനിക്കുതന്ന വാക്ക് പാലിക്കാൻ അയാൾക്ക് കഴിയാതെ പോയത്... ഞാനിവിടെയില്ലെങ്കിലും ഇവിടെ നടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... " "രാജശേഖരാ നീ കാര്യമറിയാതെയാണ് കളിക്കുന്നത്...

നിന്റെ ചേച്ചി ആത്മഹത്യചെയ്തത് ഞാൻ കാരണമല്ല... അവളെന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നെനിക്കറിയാം... പക്ഷേ ഞാൻ അവളെ ഇഷ്ടപ്പെട്ടിട്ടില്ല... എനിക്കങ്ങനെ കാണാൻ കഴിയില്ലായിരുന്നു... കാരണം നിന്റ ചേച്ചി എന്നെ ഇഷ്ടപ്പെടുന്നതിനുമുന്നേ ഞാൻ എന്റെ ഭാര്യ പ്രസന്നയെ ഇഷ്ടപ്പെട്ടിരുന്നു... അവളെ മറന്ന് നിന്റെ ചേച്ചിയെ എനിക്ക് സ്വീകരിക്കാൻ കഴിയില്ലായിരുന്നു... " "എന്തുകൊണ്ട്... നിന്റെ പവറോ പ്രതാപമോ കണ്ടല്ല അവർ നിന്നെ ഇഷ്ടപ്പെട്ടത്... ഒരിക്കൽ ആരുടേയോ കയ്യിൽനിന്ന് രക്ഷിച്ചപ്പോൾ തോന്നിയ ബഹുമാനമായിരുന്നു പിന്നീട് നിങ്ങളെ സ്നേഹിക്കാൻ കാരണമായത്... എത്രതവണ നിങ്ങളുടെ മുന്നിൽ കെഞ്ചിയവർ...എന്നാൽ നിങ്ങളവരെ അവഗണിക്കുകയായിരുന്നില്ലേ... അതിന്റെ വിഷമത്തിലല്ലേ അവർ ജീവനില്ലാതാക്കിയത്...

അന്നുനിങ്ങൾ ഒന്ന് മയത്തിൽ അവരെ പറഞ്ഞുമനസ്സിലാക്കിയിരുന്നെങ്കിൽ എന്റെ ചേച്ചി ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു..." "രാജശേഖരാ ഇതെല്ലാം നിന്റെ തെറ്റിദ്ധാരണയാണ്... അവളെന്നെ സ്നേഹിച്ചു... അത് സത്യമാണ്... പക്ഷേ എന്റെയവസ്ഥ അവൾക്കറിയാമായിരുന്നു... അവളോട് എല്ലാ കാര്യവും ഞാൻ പറഞ്ഞ് മനസ്സിലാക്കിയതുമാണ്... തനിക്ക് വിഷമമൊന്നുമില്ലെന്നും എന്നെ മറക്കാൻ അവൾ ശ്രമിക്കാമെന്നും പറഞ്ഞാണ് അന്നവൾ പോയത്... പക്ഷേ എന്നിട്ടും അവളെന്തിന് അങ്ങനെയൊരു ചതി ചെയ്തെന്ന് എനിക്കറിയില്ല... ഇതിന്റെ പേരിൽ അവൾ ആത്മഹത്യ ചെയ്തതാകില്ല... " "പിന്നെ എന്തിന്... നീ പറയുന്നതെല്ലാം ഞാൻ വിശ്വസിക്കണമായിരിക്കുമല്ലേ... എടോ മേനോനെ നീയെത്ര കളവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചാലും അതൊന്നും വിലപ്പോകില്ല... എല്ലാ സത്യവും എനിക്കറിയാം... നീയൊരുങ്ങിനിന്നോ നിന്റെ നാശം അതുകണ്ടേ ഞാനിവിടെനിന്ന് പോകൂ... "കുറച്ചുനേരമായല്ലോ നിങ്ങൾ ഭീഷണി മുഴക്കുന്നു...

എന്താണ് നിങ്ങളുടെ പ്രശ്നം... കാര്യങ്ങൾ അച്ഛൻ പറഞ്ഞില്ലേ... പിന്നെയെന്താ നിങ്ങൾക്ക് വേണ്ടത്... പത്തുമുപ്പത് വർഷം മുന്നേ നടന്ന സംഭവിത്തിനാണോ നിങ്ങൾ ഭീഷണി മുഴക്കുന്നത്..." അവിടേക്ക് വന്ന വരുൺ ചോദിച്ചു... "മുപ്പതല്ല മുന്നൂറ് വർഷം കഴിഞ്ഞാലും എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പാണ്... അത് വെറുതേ തള്ളിക്കളയാൻ എനിക്ക് കഴിയില്ല... മോനേ നീ ചെറുപ്പമാണ്... നിന്നേക്കാൾ ഒരുപാട് ലോകപരിചയം എനിക്കുണ്ട്... നീയൊക്കെ ജനിക്കുന്നതിനുമുമ്പ് നിന്റെ അച്ഛൻ ചെയ്ത നെറികേടാണ് ഇത്... ഇപ്പോൾ എനിക്ക് സംശയം എന്റെ ചേച്ചിയെ ഒഴിവാക്കാൻ ഇയാൾതന്നെ അവരെ..." "എടാ തോന്നിവാസം പറയുന്നോ... ഇറങ്ങെടാ പുറത്ത്... ഇനി ഇതുപോലെ വല്ല തോന്നിവാസവും പറഞ്ഞാൽ അന്ന് നിന്റെ നാവ് ഞാൻ പിഴുതെടുക്കും..." ശ്രീധരമേനോൻ രാജശേഖരന്റെ കോളറിൽപിടിച്ചുകൊണ്ട് അലറി...രാജശേഖരൻ ചിരിച്ചു...

പിന്നെ ശക്തിയായി ആ പിടി വിടുവിച്ചു "സത്യം പറയുമ്പോൾ ഇങ്ങനെ ദേഷ്യം കാണിച്ചിട്ട് കാര്യമില്ല മേനോനേ... എന്താ ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്... ഇന്നുമുതൽ നിങ്ങൾ എണ്ണിക്കോ നിങ്ങളുടെ നാശം അത് എങ്ങനെ എപ്പോൾ ആണെന്ന് മനസ്സിൽ കണക്കുകൂട്ടി നിന്നോ... ഇത് എന്റെ അളിയൻ പറഞ്ഞതുപോലെ വെറുംവാക്കാകില്ല... രാജശേഖരൻ പ്രവർത്തിക്കുന്നതേ പറയൂ... അതും പറഞ്ഞ് അയാൾ തിരിഞ്ഞു... പെട്ടന്നാണ് അയാൾ ശിൽപ്പയെ കണ്ടത്... അയാൾ അവളെ സൂക്ഷിച്ചുനോക്കി... "ഓ നീയാണല്ലേ എന്റെ അനന്തിരവൾ... എന്നെ നിനക്ക് മനസ്സിലായിക്കാണില്ല... കാരണം നീയെന്നെ കണ്ടിട്ടില്ലല്ലോ... ഞാൻ രാജശേഖരൻ നിന്റെ അമ്മാവാനായി വരും... അതായത് നിന്റെ അമ്മയുടെ സഹോദരൻ..." അതുകേട്ട് ശ്രീധരമേനോനൊഴികേ എല്ലാവരും ഞെട്ടി...

"കൊള്ളാം മോളേ... സ്വന്തം വല്ല്യമ്മയോട് ക്രൂരതചെയ്ത ഇവരോടൊപ്പംതന്നെ നീ കൂട്ടുകൂടണം... ഇത് നിന്റേയും നാശത്തിനാണെന്ന് കരുതിക്കോ..." "ആ സമയത്താണ് നന്ദന്റെ ബൈക്ക് അവിടെ വന്നുനിന്നത്... അതിൽനിന്നും അവനിറങ്ങി... രാജശേഖരൻ തിരിഞ്ഞ് അവനെ നോക്കി... പിന്നെ തിരിഞ്ഞ് തന്റെ കാറിൽകയറി അവിടെനിന്നും പോയി... "നന്ദനെ കണ്ടതും ശ്രീധരമേനോൻ അകത്തേക്ക് നടന്നു... എന്നാൽ മറ്റുള്ളവർ ചിരിച്ചുകൊണ്ട് അവന്റെയടുത്തേക്ക് വന്നു... "നന്ദാ ഞങ്ങൾകരുതി ഇപ്പോഴും നിനക്ക് ഞങ്ങളോട് പകയായിരിക്കുമെന്ന്... എല്ലാം ഒരു തെറ്റിദ്ധാരണയായിരുന്നു... ഇങ്ങനെയൊരു ചതി ആ പ്രദീപ് ചെയ്യുമെന്ന് കരുതിയില്ല... നീ ഞങ്ങളോട് ക്ഷമിക്കണം..." കിരൺ അവനെ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു... "അതൊക്കെ കഴിഞ്ഞില്ലേ... അങ്ങനെയൊരു പേരുദോഷം എനിക്ക് കേൾക്കണമെന്നായിരിക്കും ദൈവനിശ്ചയം...

അതുപോട്ടെ ആരാണ് ആ പോയത്... മുമ്പെവിടേയും കണ്ട ഓർമ്മയിലില്ല..." "അത് ശിൽപ്പയുടെ അമ്മാവനാണ്... അച്ഛനെ വെല്ലുവിളിക്കാൻ വന്നതാണ്... ഇവിടെയില്ലായിരുന്നു കുറേകാലം... ഇപ്പോൾ എങ്ങനെ പൊട്ടിമുളച്ചെന്ന് അറിയില്ല... പണ്ട് അയാളുടെ മൂത്ത സഹോദരി അതായത് ശിൽപ്പയുടെ വല്ല്യമ്മ ആത്മഹത്യ ചെയ്തിരുന്നു... അതിന്റെ കാരണക്കാരൻ അച്ഛനാണെന്നാണ് പറയുന്നത്... അച്ഛന്റെ നാശം കാണാനാണ് അയാൾ വന്നത്..." "ഓ അപ്പോൾ പുതിയ ശത്രുകൂടി ഇറങ്ങിയല്ലേ... ഇപ്പോൾ മനസ്സിലായി ആ സോജയെ കടത്തിക്കൊണ്ടുപ്പോയത്ആരാണെന്ന്... അത് പോട്ടെ ഞാൻ വന്നത് മറ്റന്നാൾ എന്റെ ഓഫീസിന്റെ ഉദ്ഘാടനമാണ്... അതിന് ക്ഷണിക്കാൻ വന്നതാണ്... " "അറിയാം... ഏതായാലും നീ ഇവിടേക്ക് വന്നല്ലോ... വേദിക നിന്നെ കണ്ടാൽ എത്ര സന്തോഷിക്കുമെന്ന് അറിയോ...

നീ നിരപരാധിയാണെന്ന് അറിഞ്ഞതുമുതൽ അവൾ ചെയ്തുപോയതും പറഞ്ഞുപോയതുമായ കാര്യങ്ങളോർത്ത് വിഷമിച്ചിരിക്കുകയാണ്... എന്തുമാത്രം സന്തോഷത്തോടെ ഇവിടെയൊക്കെ ഓടിനടന്നവളാണ് അവൾ... ഇപ്പോൾ സ്വന്തം മുറിയിൽനിന്ന് പുറത്തേക്കുപോലും ഇറങ്ങാറില്ല... നീ വന്നെന്നറിഞ്ഞാൽ അവൾ ഓടിയെത്തും ഞാൻ വിളിക്കാം അവളെ..." "വേണ്ട... അവളുടെയടുത്തേക്ക് ഞാൻ പോകാം... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അവളോട്... അതുപോട്ടെ അമ്മാവനെവിടെ..." "നീ വരുന്നത് കണ്ടപ്പോൾ അകത്തേക്ക് പോയതാണ്..." "എന്നെ കാണുന്നത് അമ്മാവന് ഇഷ്ടമില്ലായിരിക്കും പക്ഷേ എനിക്ക് അമ്മാവനെ കണ്ടല്ലേ പറ്റൂ..." നന്ദൻ അകത്തേക്ക് കയറി... അവൻ നേരെ പോയത് ശ്രീധരമേനോന്റെ മുറിയിലേക്കായിരുന്നു... നന്ദൻ ചെല്ലുമ്പോൾ ശ്രീധരമേനോൻ കട്ടിലിൽ കണ്ണുമടച്ച് കിടക്കുകയായിരുന്നു...

അതുകണ്ട് നന്ദന് ചിരിവന്നു... "എന്താണ് അമ്മാവാ ഇത്... ആരോടാണ് അമ്മാവന് ഈ വാശി... എന്നോടോ.. അതോ ചെയ്തുപോയ തെറ്റുകളോർത്ത് നിങ്ങളോട് തന്നേയോ... ചെറുപ്പത്തിൽ അമ്മാവൻ പറയുമായിരുന്നല്ലോ നമ്മൾ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വയം സമ്മതിക്കണമെന്നും അത് തിരുത്താൻ നോക്കണമെന്നും... എന്നിട്ടിപ്പോൾ അമ്മാവൻതന്നെ ഇങ്ങനെയായാലോ... " "എന്നെയാരും തെറ്റും ശരിയും പഠിപ്പിക്കേണ്ട... എനിക്കറിയാം എങ്ങനെ വേണമെന്ന്... "അതല്ലെന്ന് ഞാൻ പറയുന്നില്ല... ആരെ കാണിക്കാനാണ് ഈ കാണിച്ചുകൂട്ടുന്നത്... അമ്മാവന്റെ മനസ്സ് എനിക്കറിയാം... അത് ആരെക്കാളും കൂടുതൽ... എന്തിന് കിരണും വരുണും വേദികയും അപ്പച്ചിയും എന്റെയത്ര മനസ്സിലാക്കിയിട്ടുണ്ടാവില്ല... പണ്ട് കുട്ടിക്കാലത്ത് എന്ത് കുരുത്തക്കേട് കാട്ടിയാലും എന്റെ കൂടെ നിന്ന് എന്നെ സപ്പോർട്ട് ചെയ്യുന്ന ആളായിരുന്നു അമ്മാവൻ... ഇപ്പോഴത്തെ ഈ കാട്ടികൂട്ടലുകൾ എന്തിനാണെന്നും എനിക്കറിയാം... എന്നിൽ വാശിയുണ്ടാക്കുക...

അതിലൂടെ അമ്മാവനാഗ്രഹിച്ചവനാക്കിയെടുക്കുക... അതിനുവേണ്ടിയല്ലേ അമ്മാവൻ കിരണിന്റേയും വരുണിന്റേയും കൂടെ നിന്നത്.. അതുകൊണ്ടല്ലേ അവർ പറഞ്ഞതുപോലെ പ്രദീപുമായി വേദികയുടെ വിവാഹംതടത്താനെന്ന പേരിൽ കളിച്ചത്... അമ്മാവോ ഈ ജാട കളഞ്ഞ് എണീറ്റേ എനിക്ക് ഒരൂട്ടം പറയാനുണ്ട്... " എനിക്കൊന്നും കേൾക്കേണ്ട... നീ നിന്റെ പണിനോക്കി പോകാൻ നോക്ക്... നീ നിന്റെ ഓഫീസിന്റെ ഉദ്ഘാടനം പറയാൻ വന്നതല്ലേ... പറയേണ്ടവരോട് പറയാൻ നോക്ക്..." അങ്ങനെ പറയാനാണെങ്കിൽ എനിക്ക് ഇവിടേക്ക് വരണമായിരുന്നോ... ഒന്ന് ഫോൺ ചെയ്താൽ പോരേ... എനിക്ക് പറയേണത് അമ്മാവനോടാണ്... അതുകഴിഞ്ഞേ മറ്റാരുമുള്ളൂ..." "എന്നെ ഒന്നിനും കാക്കേണ്ട... നീ പുതിയ ബിസിനസ് തുടങ്ങുകയോ വേണ്ടെന്നു വക്കുകയോ ചെയ്യ്... എനിക്കെന്താ നഷ്ടം... " ഒരു നഷ്ടവുമില്ലല്ലോ... എന്നാൽ ശരി... ഞാൻ പോകുന്നു...

അമ്മാവനോട് പറയേണ്ടെങ്കിൽ എനിക്ക് ആരോടും പറയേണ്ട... എന്റെ അച്ഛനെ സ്നേഹിച്ചതിക്കാളും കൂടുതൽ ഞാൻ അമ്മാവനെ സ്നേഹിച്ചിരുന്നു... അമ്മാവൻ എന്നേയും... ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിലും തിരിച്ചുകിട്ടിയത് വെറുമൊരു കപടസ്നേഹമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല... ഇപ്പോൾ മനസ്സിലായി... എന്നാൽ ശരി... നന്ദൻ തിരിഞ്ഞുനടന്നു... "നിൽക്ക്..." ശ്രീധരമേനോൻ പറഞ്ഞതുകേട്ട് ചിരിയോടെ നന്ദൻ നിന്നു... "എന്താ നിന്റെ ഉദ്ദേശം... നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്റെ മനസ്സ് മാറുമെന്നോ... അതിന് ഞാൻ ഒന്നുകൂടി ജനിക്കണം... പിന്നെ നീയിപ്പോൾ നല്ലൊരു കാര്യത്തിന് ഇറങ്ങുകയല്ലേ... അതുകൊണ്ട് ഞാൻ എതിര് പറയുന്നില്ല... അത് നിന്നെ പേടിച്ചിട്ടോ നിന്നോടുള്ള വാത്സല്യംകൊണ്ടോ അല്ല... ആരു വന്നാലും അവരെ കയ്യഴിഞ്ഞ് സഹായിച്ച ചരിത്രമേയുള്ളൂ പുതുശ്ശേരിക്കാർക്ക്... അതുകൊണ്ട് മാത്രം... ഇവിടെയുള്ളവരോട് പറഞ്ഞോ നീ... താൽപര്യമുള്ളവർ വന്നോളും... പക്ഷേ എന്നെ കാക്കേണ്ട... ഞാൻ വരില്ല..." ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story