സ്വന്തം തറവാട് : ഭാഗം 4

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്നാൽ ശരി... പെട്ടന്ന് വീട് പിടിക്കാൻ നോക്ക്.. നേരം വൈകിയതിന് ചിത്ത കേൾക്കേണ്ട.... " അതുകേട്ട് ശിൽപ്പ ചിരിച്ചു... കിരൺ കാറിൽ കയറി ആ കാർ പോകുന്നതും നോക്കി ശിൽപ്പ നിന്നു... പിന്നെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി... "പൊന്നു ഡോക്ടർ മോനേ.. അറിയാതെ നിന്റെ കാറിനുമുന്നിൽ ചെന്നു ചാടിയതല്ല ഞാൻ.... അറിഞ്ഞുകൊണ്ടുതന്നെയാണ്... നിന്നേയുംകൊണ്ടേ ഞാൻ പോകൂ... നിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് കുന്നത്ത് സുധാകരന്റെ മകൾ ഈ ശിൽപ്പയായിരിക്കും... " ശിൽപ്പയൊരു ചിരിയോടെ തന്റെ സ്കൂട്ടിയുമെടുത്ത് പോയി... "എന്നാൽ കിരണിലും ആ സമയത്ത് ശിൽപ്പയുടെ മുഖമായിരുന്നു മനസ്സിൽ... ഇവൾ സുധാകരന്റെ മകൾ തന്നെയാണോ... അയാളുടെ ഒരു സ്വഭാവ ഗുണവും അവൾക്ക് കിട്ടിയില്ലല്ലോ... ആകെയുള്ളത് വായിലെ നാവാണ്...

അതുള്ളത് ഒരു കണക്കിന് നല്ലതുമാണ്... എന്തായാലും അവളെ കാണാൻ ഒരു ചന്തമൊക്കെയുണ്ട്... പറഞ്ഞിട്ടെന്താ... ഞങ്ങളോട് പകയുമായി നടക്കുന്ന സുധാകരന്റെ മകളായിപ്പോയില്ലേ..." കിരൺ ചിരിച്ചുപോയി... വീട്ടിലെത്തിയ കിരണിന്റെ ചുണ്ടിലപ്പോഴും ചിരിയുണ്ടായിരുന്നു... "എന്താടാ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ എന്താ കാര്യം... " വരുൺ കിരണിന്റെ കണ്ട് ചോദിച്ചു... "ഒന്നുമില്ല ഏട്ടാ വരുന്ന വഴി ഒരു തമാശയുണ്ടായി... നമ്മുടെ കവല എത്തുന്നതിന് മുമ്പേ ഒരു ജംഗ്ഷനില്ലേ അവിടെ വച്ചാണ് സംഭവം ഞാൻ കാറുമായി വരുന്ന സമയത്ത് ആ പോക്കറ്റ് റോഡിൽ നിന്ന് ഒരു പെൺകുട്ടി പെട്ടന്ന് സ്കൂട്ടിയിൽ മെയിൻ റോഡിലേക്ക് കയറി ഞാൻ വെട്ടിച്ച് ചവിട്ടി നിർത്തിയതു കൊണ്ട് അവളുടെ വണ്ടിയിൽ തട്ടിയില്ല... " "ഇതാണോ തമാശ... കാറെങ്ങാനും തട്ടിയിരുന്നെങ്കിലോ.. അല്ലെങ്കിലും നിനക്ക് കുറച്ച് സ്പീഡ് കൂടുതലാണ്... എപ്പോഴും പറയുന്നതാണ് നിന്നോട്... നീ കേൾക്കില്ലല്ലോ..." "അതിന് ഞാൻ സ്പീഡിലൊന്നുമല്ല വന്നത്...

ആപെൺകുട്ടിയാണ് പെട്ടന്ന് റോഡിലേക്ക് കയറിയത്... അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു... അവളും എന്നോട് തിരിച്ച് പറഞ്ഞു... " "ആ അതേതായാലും നന്നായി... അവൾ മിടുക്കിയാണ്... അവളുടെ മുന്നിൽ നീ മുട്ടുകുത്തി കാണും... ആ എന്നിട്ട്... " "ഞാൻ മുട്ടുകുത്തിയിട്ടൊന്നുമില്ല... അവൾ പറഞ്ഞപ്പോൾ ഞാനും വിട്ടു കൊടുത്തില്ല... അവസാനം അവൾ തെറ്റ് സമ്മതിച്ചു... " "അതേതാണാവോ അങ്ങനെയൊരു പെൺകുട്ടി... നമ്മളറിയുന്ന ആരെങ്കിലുമാണോ... " "അത് നമ്മുടെ കുന്നത്തെ സുധാകരന്റെ മകളാണ്... പക്ഷേ അയാളെപ്പോലെയല്ല കുറച്ച് നാവ് കൂടുതലുണ്ടെന്നേയുള്ളൂ... ആള് ഡീസന്റാണ്... " "ഓ അയാളുടെ മകളാണോ... വെറുതെയല്ല നിന്നെ പൊളിച്ചത്... എന്താ അവളെ ഓർത്താണോ നിന്റെ മുഖത്ത് കാണുന്ന ഈ ചിരി... " "എന്നു ചോദിച്ചാൽ അല്ലെന്നു പറഞ്ഞാൽ അത് കളവായിപ്പോകും... പക്ഷേ ഏട്ടൻ കരുതുന്നതുപോലെയൊന്നുമില്ല... പണ്ടുമുതലേ നമ്മളോട് സത്രുവിനെപ്പോലെ പെരുമാറുന്നവരാണ് അവളുടെ അച്ഛൻ സുധാകരനും ഏട്ടൻ പ്രദീപനും...

നമ്മുടെ കുടുംബത്തിലേക്കൊന്നും അവളെ അവരയക്കില്ല... മാത്രമല്ല അച്ഛൻ അതിന് സമ്മതിക്കുകയുമില്ല... " "അതുശരിയാണ്... അച്ഛൻ മാത്രമല്ല ഞാനും സമ്മതിക്കില്ല... ആദ്യമേ പറയാം അങ്ങനെയൊരു മോഹവുമായി എന്റെ അനിയൻ നിൽക്കേണ്ട... ഇനിയഥവാ അച്ഛൻ സമ്മതിച്ചാൽ അന്നേരം നിന്റെ കൂടെ ഞാൻ നിൽക്കാം... പക്ഷേ അവളുടെ വീട്ടുകാരുടെ പൂർണ്ണ സമ്മതം വേണമെന്നുമാത്രം... " "ഏട്ടനെന്തറിഞ്ഞിട്ടാണ്... അച്ഛനെ ദിക്കരിച്ച് ഞാൻ നടക്കുമോ... മാത്രമല്ല... എനിക്ക് അങ്ങനെയൊരു മോഹവുമില്ല... അവളുമായി നടന്ന സംഭവങ്ങൾ ഓർത്ത് ചിരിച്ചു പോയതാണ്... അതിന് അങ്ങനെയൊരർത്ഥം കാണേണ്ട... " "അപ്പോൾ ഞാൻ ചോദിച്ചപ്പോൾ നീ പറഞ്ഞതോ... " "എന്തു പറഞ്ഞു... അവളെ ഓർത്തു എന്നുപറഞ്ഞത്... "അത് സത്യമാണ് പക്ഷേ അത് ആ അർത്ഥത്തിലല്ല... ഇനിയിത് അച്ഛനോടും അമ്മയോടും പറഞ്ഞ് എന്നെ നാറ്റിക്കല്ലേ... " "ഞാൻ പറയിന്നില്ല.. പക്ഷേ ഇതുപോലെയൊക്കെയാണ് ഒരടുപ്പമുണ്ടാകുന്നത്... അത് വേണ്ടെന്നേ പറഞ്ഞുള്ളു... നീയേതായാലും പോയി ഫ്രഷായി വാ...

വേദികയാകെ ടെൻഷനടിച്ച് നിൽക്കുകയാണ്... തിരുമേനി തന്നു വിട്ട തകിട് അച്ഛൻ നാലു മൂലയിലും കുഴിച്ചിട്ടുണ്ട് എന്നാലും അവളിലെ പേടി ഇതുവരെ മാറിയിട്ടില്ല... " "തകിട് മണ്ണാംകട്ട... നിങ്ങൾക്കൊന്നും ഇപ്പോഴും നേരം വെളുത്തില്ലേ... ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്... ഇപ്പോഴും അന്ധവിശ്വാസവുമായി നടക്കുന്നു... ഒരു പുനർജന്മവും പൂജയും വഴിപാടും... പണം തട്ടാൻ ഓരോ പേരും പറഞ്ഞ് ഓരോരുത്തരുണ്ടാകും... അതിനായി തുള്ളാൻ ഇവിടെയുള്ളവരും... നിങ്ങൾക്കൊക്കെ വേറെ പണിയില്ലേ.. അച്ഛനോട് എതിരു പറയാൻ കഴിയാഞ്ഞിട്ടാണ്... ദേ ഒരു കാര്യം ഞാൻ പറയാം ഇതുപോലെ വല്ല അന്ധവിശ്വാസവുമായി ഈ തറവാട്ടിൽ പൂജയെന്നോ മന്ത്രമെന്നോ പറഞ്ഞ് വല്ലതും നടത്താനാണ് മോഹമെങ്കിൽ സത്യമായിട്ടും ഞാനെതിർക്കും... ആദ്യം നശിപ്പിച്ച് കളയേണ്ടത് ആ കാവും പരിസരവുമാണ്... നല്ല വിലയുള്ള മണ്ണാണ് അത്... ഇതു പോലത്തെ അന്ധവിശ്വാസവുമായി ആ ഭൂമി വെറുതേ കളയാൻ ഞാൻ സമ്മതിക്കില്ല... " കിരൺ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു...

"നീ എന്തിനാണ് എന്നോട് ചാടിക്കളിക്കുന്നത്... നിന്റെ അതേ അഭിപ്രായമാണ് എന്റേതും... അച്ഛനുമമ്മയും ഓരോന്ന് ചെയ്തുകൂട്ടി ദേവികക്ക് എന്തെങ്കിലും വരുത്തുമോ എന്നാണ് എന്റെ പേടി... അല്ലെങ്കിലും അവളും അച്ഛനുമമ്മയും തുള്ളുന്നതിനനുസരിച്ച് തുള്ളുകയാണല്ലോ... മുമ്പെപ്പോഴോ എന്തോ സ്വപ്നം കണ്ടത് ഏതുനേരവും ഓർത്ത് കിടക്കും... അത് മനസ്സിലുള്ളതുകൊണ്ടാണ് എപ്പോഴും അതുതന്നെ കാണുന്നത്... അല്ലാതെ പുനർജന്മവും തേങ്ങാക്കുലയുമൊന്നുമല്ല... അങ്ങനെയൊന്നില്ല... അവൾ കാണുന്നു എന്നു പറഞ്ഞ സ്വപ്നത്തിൽ നമ്മളും ഉണ്ടെന്നല്ലേ പറയുന്നത്... എന്നിട്ടെന്താ നമ്മളാരും ഇതൊന്നും കാണാത്തത്... വെറുതേ ഓരോന്നുണ്ടാക്കി കൂട്ടുകയാണ്... ആദ്യമവളെ വല്ല സൈക്കാട്രിസ്റ്റിനെയാണ് കാട്ടേണ്ടത്... അല്ലാതെ പൂജയും മന്ത്രവുമായി നടക്കുന്നവരെയല്ല... അതുപോലെ സർപ്പക്കാവ്... പാമ്പുകളേയും നമ്മുടെ ദൈവമായി കാണുന്നു... അങ്ങനെയാണെങ്കിൽ ഈ പാമ്പുകളെല്ലാം എന്താണ് കാവിൽ മാത്രം താമസിക്കുന്നത്...

എന്റെ ജീവിതത്തിൽ ഇതുവരെ ഒരു പാമ്പിനെ പോയിട്ട് ഒരു മണ്ണിരയെവരെ ആ കാവിൽ കണ്ടിട്ടില്ല... ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവുന്നവരോട് പറഞ്ഞിട്ടില്ലേ കാര്യം... " "ഒരു ദിവസം എനിക്ക് തലപ്രാന്തിളകും അന്ന് എല്ലാംകൂടി ഞാൻ നശിപ്പിക്കും... പിന്നെ ഞാനത് ചെയ്തു ഇതു ചെയ്തു എന്നു പറഞ്ഞ് വന്നേക്കരുത്... " അതും പറഞ്ഞ് കിരൺ തന്റെ മുറിയിലേക്ക് നടന്നു... ഈ സമയം തന്റെ മുറിയിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു വേദിക... "മോളേ എന്താണെപ്പോഴും ഇങ്ങനെ ആലോചിച്ചിരിക്കുന്നത്... വെറുതേയിരിക്കുമ്പോൾ വല്ല പുസ്തകവും വായിച്ചൂടേ നിനക്ക്... അന്നേരം ഇതുപോലെ ഓരോന്ന് മനസ്സിൽ കടന്നു വരുമോ... ഒരുപാട് പുസ്തകങ്ങൾ ഇവിടെ ഷെൽഫിൽ ഇരിക്കുന്നില്ലേ... " അവിടേക്ക് വന്ന പ്രസന്ന ചോദിച്ചു..... "ഞാൻ വായിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല... പക്ഷേ അതിലേക്ക് ശ്രദ്ധ തിരിക്കാൻ പറ്റുന്നില്ല... ആ സമയത്ത് മനസ്സിൽ ഇതുപോലെ ഓരോന്ന് വരും... കുറച്ചു ദിവസമായി അതാണ് എന്റെ പ്രശ്നം... " "നിന്റെ പ്രശ്നം അതൊന്നുമല്ല... ഓരോന്ന് ആലോചിച്ച് തലക്ക് പ്രാന്ത് പിടിപ്പിക്കുകയാണ്...

ഇതിന് നിങ്ങൾ കരുതുന്നതുപോലെ പൂജയും കർമ്മമൊന്നുമല്ല വേണ്ടത്... ഇവളെ ഏതെങ്കിലും സൈക്കാട്രിസ്റ്റിനെയാണ് കാണിക്ക്... അവർ മാറ്റിത്തരും എല്ലാം... " വേദികയും പ്രസന്നയും സംസാരിക്കുന്നത് കേട്ടുകൊണ്ട് വന്ന വരുൺ പറഞ്ഞു... "വരുണേ... നീയെന്താണ് പറയുന്നത്... നീയൊക്കെ ഇവളെ പ്രാന്തിയാക്കുകയാണോ... ഇനി അതിന്റെ കുറവേയുള്ളൂ... " "അല്ലാതെ പിന്നെ... നിങ്ങൾ കാണിക്കുന്ന തോന്നിവാസങ്ങൾ കുറച്ചു ദിവസമായി കാണുന്നു... ഇനി അതുപോലെ ചെയ്യാൻ ഞങ്ങൾ സമ്മതിക്കില്ല... കിരണിന്റെ ഹോസ്പിറ്റലിൽ നല്ലൊരു ഡോക്ടറുണ്ട് അവൻ പറ്റിയൊരു ദിവസം ബുക്ക് ചെയ്തോളും നിങ്ങൾ ഇവളേയുംകൊണ്ട് അവിടെവരെയൊന്ന് പോയാൽ മതി..." "എടാ നീയെന്തൊക്കെയാണ് പറയുന്നതെന്ന് നിനക്ക് ബോധമുണ്ടോ... " "എനിക്ക് നല്ല ബോധമുണ്ട്... എന്റെ അനിയത്തിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ ഞാൻ സമ്മതിക്കില്ല... എനിക്ക് എന്റെ ആ പഴയ അനിയത്തിയെ വേണം... നിങ്ങളെല്ലാവരും കൂടി അവളുടെ ജീവനുതന്നെ ആപത്തുണ്ടാക്കരുത്... പറഞ്ഞേക്കാം..."

വരുൺ ദേഷ്യത്തോടെ പുറത്തേക്ക് പോയി... "അമ്മേ... സത്യത്തിൽ എനിക്ക് പ്രാന്തുണ്ടോ... അല്ലാതെ ഇങ്ങനെയൊക്കെ എനിക്ക് തോന്നുമോ... " "എന്താ മോളേ ഇത്... അവൻ നിന്റെ അവസ്ഥ കണ്ട് പറഞ്ഞതാണ്... എന്റെ കുട്ടിക്ക് ഒന്നുമില്ല... എല്ലാം ശരിയാകും മോള് കിടന്നോ... ഈശ്വരനെ നല്ലതുപോലെ മനസ്സിരുത്തി പ്രാർത്ഥിച്ചോളൂ... നാഗദൈവങ്ങൾ ഒന്നും വരുത്തില്ല... " വേദിക കിടക്കുന്നതുകണ്ട് പ്രസന്ന പുറത്തേക്കിറങ്ങി... "എന്താടോ മോള് കിടന്നോ... അവളെന്താണ് പറയുന്നത്... " ശ്രീധരമേനോൻ ചോദിച്ചു... "എന്തുപറയാൻ... അവളോരോന്ന് ആലോചിച്ച് കൂട്ടുകയാണ്...അതിനിടയിൽ വരുൺ വന്ന് ചില കാര്യങ്ങൾ പറഞ്ഞു... അവളെ ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ കാണിക്കണമെന്ന്... അതുകൂടി കേട്ടപ്പോൾ എന്റെ കുട്ടിക്ക് വീണ്ടും പ്രയാസമാണ് തോന്നിയത്... "

"അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... നമ്മളൊക്കെ പയഞ്ചന്മാരല്ലേ... ഇന്നത്തെ തലമുറ ഇതൊക്കെ വിശ്വസിക്കുമോ... അവർക്ക് അവരുടെ കുഞ്ഞുപെങ്ങളുടെ ജീവിതമാണ് മുഖ്യം... അവർ പറഞ്ഞോട്ടെ നമ്മൾ ഒന്നും കേട്ടതായി നടുക്കേണ്ട... " പെട്ടന്ന് വേദികയുടെ കരച്ചിൽ കേട്ട് അവർ അവളുടെ മുറിയിലേക്കോടി... അപ്പോഴവൾ കട്ടിലിൽ കൂനിക്കുടിയിരുന്ന് വിറക്കുന്നതാണ് കണ്ടത്... " "എന്താ... എന്താ മോളേ... " ശ്രീധരമേനോൻ ചോദിച്ചു... അപ്പോഴേക്കും വരുണും കിരണും അവിടേക്ക് വന്നു "പാമ്പ്... പാമ്പ്... " വേദിക മുഖം പൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story