സ്വന്തം തറവാട് : ഭാഗം 40

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ആരുവന്നാലും അവരെ കയ്യഴിഞ്ഞ് സഹായിച്ച ചരിത്രമേയുള്ളൂ പുതുശ്ശേരിക്കാർക്ക്... അതുകൊണ്ട് മാത്രം... ഇവിടെയുള്ളവരോട് പറഞ്ഞോ നീ... താൽപര്യമുള്ളവർ വന്നോളും... പക്ഷേ എന്നെ കാക്കേണ്ട... ഞാൻ വരില്ല..." നന്ദൻ വീണ്ടും ചിരിച്ചു... "ആര് വന്നില്ലെങ്കിലും അമ്മാവൻ വരും... അതെനിക്കുറപ്പുണ്ട്... എന്നിൽ വാശികയറ്റി ഞാൻ നല്ലനിലയിൽ എത്തണമെന്ന് ആഗ്രഹം ഈ മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അമ്മാവൻവരും... അമ്മാവൻതന്നെ അത് ഉദ്ഘാടനവും നടത്തും... പിന്നെ മറ്റുള്ളവരോട് പറഞ്ഞോളാൻ പറഞ്ഞില്ലേ... അതും എന്നെ പേടിച്ചിട്ടല്ല മറിച്ച് വാത്സല്യംകൊണ്ടാണെന്നും എനിക്കറിയാം... പേടിക്കാൻ ഞാനാരാണ്... പിന്നെ വാത്സല്യം... അതുള്ളതുകൊണ്ടാണ് അമ്മാവന്റെ മുന്നിൽ ഞാനിപ്പോഴും നിൽക്കുന്നത്... ഇല്ലെങ്കിൽ എപ്പോഴേ എന്നെ ആട്ടിയിറക്കില്ലേ...

അമ്മാവൻ എന്റെ മനസ്സിന് തന്ന ധൈര്യംകൊണ്ടാണ് ഞാൻ അറിയാൻപാടില്ലാത്ത ഈ ബിസിനസ്സുമായി മുന്നിട്ടിറങ്ങിയത്... അവിടെ അമ്മാവൻ എത്തുമെന്ന് തന്നെയാണ് എന്റെ വിശ്വാസം... അഥവാ എത്തിയില്ലെങ്കിൽ ആ ബിസിനസ് അവിടെവച്ച് ഞാൻ അവസാനിപ്പിക്കും... അതിനുവേണ്ടി ചിലവായ പണം പോട്ടെയെന്ന് കരുതും.. " "അത്രക്ക് ധൈര്യമോ നിനക്ക്..." "വാശിയുടെ കാര്യത്തിൽ പറമ്പത്ത് വീട്ടുകാരും ഒട്ടും പുറകോട്ടല്ലെന്ന് അറിയാമല്ലോ... എനിക്കുമുണ്ട് നിങ്ങളുടെ അതേ വാശി..." "കൊള്ളാം... നിന്റെ വാശിയുടെമേൽ കോടികളാണ് നഷ്ടമാകുന്നത്... ഈ ജന്മം നിനക്കത് വീട്ടാൻ കഴിയുമോ..." "കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ മുമ്പിൽ കൈനീട്ടാൻ വരില്ല പോരേ... നിങ്ങളോട് സമാധാനം പറയുകയും വേണ്ട..." "പിന്നെ ആരോടാണ് സമാധാനം പറയേണ്ടത്... നിന്റെ അച്ഛൻ ഒറ്റക്ക് കൂട്ടിയാൽ കൂടുമോ ഇത്രവലിയ തുക... ഞാനില്ലായിരുന്നെങ്കിൽ കാണാമായിരുന്നു..."

നന്ദൻ അയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി... പിന്നെ ആമുഖത്ത് ചിരി തെളിഞ്ഞു... "പുതുശ്ശേരി തറവാട്ടിലെ കാരണവരായ ശ്രീധരമേനോനേ... ഈ നാവിൽനിന്ന് ഇത് കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ടത്... അച്ഛനോട് എത്രതവണ ചോദിച്ചിട്ടും തികയാത്ത പണം തന്നത് ആരാണെന്ന് വിട്ടുപറഞ്ഞില്ല... അന്നേരമേ എനിക്ക് സംശയമുണ്ടായിരുന്നു... അത് അറിയാൻ വേണ്ടിയാണ് ഞാനീ പെടാപ്പാടുമുഴുവൻ ചെയ്തത്... എത്ര വലിയവനും വിശ്വസ്ഥനുമാണെങ്കിലും ഇത്രയും വലിയ പണം നൽകാൻ ആരും കൂട്ടാക്കില്ല... അത് ചെയ്തെങ്കിൽ ഈ നിങ്ങളായിരിക്കുമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു... നിങ്ങൾക്ക് എന്നെ വെറുക്കാൻ കഴിയില്ല... ഇവിടെ എന്നെ സ്നേഹിച്ചവളും എന്നെ പ്രസവിച്ച അമ്മയും അവിസ്വസിച്ചാലും നിങ്ങൾ അവിശ്വസിക്കില്ല എന്ന് എനിക്കറിയാമായിരുന്നു...

അതാണ് എനിക്ക് ആത്മവിശ്വാസം തന്നതും... ഒരു കാര്യം ചോദിച്ചോട്ടെ... എന്തിനാണ് ആരുമറിയാതെ ഇങ്ങനെയൊരു നാടകം കളിച്ചത്... അതുകൊണ്ട് എന്ത് നേട്ടമാണ് നിങ്ങൾക്കുണ്ടാവുന്നത്... ഇതിനുത്തരം നിങ്ങൾ തന്നേ പറ്റൂ..." "എന്റ മകൾ വിവാഹം കഴിക്കുന്നവൻ ആരുടെമുന്നിലും കൈനീട്ടുന്നത് എനിക്കിഷ്ടമല്ല... അവൻ ആരും ബഹുമാനിക്കുന്ന ഒരുവനാകണമെന്ന് എനിക്കുതോന്നി... അതിന് നീ പറഞ്ഞില്ലേ നിന്നിൽ വാശിയുണ്ടാക്കുക എന്നത്.... അതിന് കിട്ടിയ ഏറ്റവും വലിയ തുറുപ്പുചീട്ടായിരുന്നു സുധാകരൻ എന്നോട് ആവിശ്യപ്പെട്ട വാക്കും നിനക്ക് പറ്റിയ ചതിയും... സുധാകരനോട് ഞാൻ വാക്കുകൊടുക്കുമ്പോൾ പറഞ്ഞത് എന്താണെന്നറിയോ... വേദികയുടെ വിവാഹത്തിന് സമയം വേണമെന്ന്... അതറിഞ്ഞാൻ നിന്നിൽ അവളെ നഷ്ടപ്പെടാതിരിക്കാൻ എന്തിനുമുള്ള വാശിയുണ്ടാകുമെന്ന് മനസ്സിലാക്കി... അവിടെ ഒന്നാമത്തെ കടമ്പ ഞാൻ വിജയിച്ചു... അന്നേരമാണ് നീ ചതിയിൽ പെട്ടത്... എല്ലാവരും നിന്നെ അവിശ്വസിച്ചപ്പോഴും എനിക്കറിയാമായിരുന്നു നീ തെറ്റുകാരനല്ല എന്ന്...

പക്ഷേ അവിടെ ഞാൻ മറ്റുള്ളവരുടെ പക്ഷത്ത് നിന്നു... മറിച്ച് ഞാൻ നിന്റെ പക്ഷം ചേർന്നെങ്കിൽ... അതുവരെയുണ്ടായിരുന്ന നിന്റെ വാശി ഇല്ലാതാകുമായിരുന്നു അത് പാടില്ലായിരുന്നു... പിന്നെ നീ പറഞ്ഞല്ലോ എല്ലാവരുടേയും വാക്കുകേട്ട് വേദികയും നിന്നെ തള്ളിപ്പറഞ്ഞെന്ന്... നിനക്ക് തോന്നുന്നുണ്ടോ അവൾ നിന്നെ തള്ളിപ്പറയുമെന്ന്... പക്ഷേ നീ വിശ്വസിച്ചു...അല്ല നിന്നെ വിശ്വസിപ്പിച്ചു അവൾതന്നെ... അതും എന്റെ വാക്കുകേട്ട്... ഓരോ നിമിഷവും അവൾ നിന്നെ തള്ളിപ്പറയുമ്പോഴും അതുകഴിഞ്ഞ് എന്റെ കുട്ടി എന്റെ അടുത്തുവന്ന് ചെയ്ത തെറ്റോർത്ത് പൊട്ടക്കരയുമായിരുന്നു... നിന്റെ മുന്നിൽ മാത്രമല്ല ഇവിടെയുള്ളവരുടെ മുന്നിലും അവൾ അഭിനയിച്ചു... സുധാകരന്റെ മകനുമായുള്ള വിവാഹത്തിന് സമ്മതമാണെന്നുവരെ പറഞ്ഞു... അന്നേരവും നിന്നെ നഷ്ടമാവില്ല എന്ന ഉറപ്പ് എന്നിൽനിന്ന് അവൾക്കുണ്ടായിരുന്നു... അത് മേപ്പല്ലൂർ തിരുമേനി എനിക്കുതന്ന വാക്കായിരുന്നു.... ഇപ്പോൾ അതിൽ എനിക്കുതന്നെയാണ് വിജയമുണ്ടായത്... എന്താ സത്യമല്ലേ..."

"കൊള്ളാം... നിങ്ങൾ ഇതുപോലൊരു നീചനാണെന്ന് എനിക്ക് അറിയില്ലായിരുന്നു..." പ്രസന്നയുടെ ശബ്ദംകേട്ട് അവർ അവിടേക്ക് നോക്കി... പ്രസന്ന മാത്രമല്ല കിരണും വരുണും ശിൽപ്പയും ദീപികയുമുണ്ടായിരുന്നു അവിടെ എന്നാൽ നന്ദൻ വേദികയെ നോക്കി അവളെ അവിടെ കണ്ടില്ല... നിങ്ങളൊരു മനുഷ്യനാണോ.... എന്നെ ഇത്രക്ക് വേദനിപ്പിക്കേണ്ടായിരുന്നു... അതിന് നിങ്ങളുടെ മോളും കൂട്ടിന്... വിശ്വസിച്ചുപോയി ഞാൻ... ഇത് അച്ഛനും മകളും തമ്മിലുള്ള നാടകമാണെന്ന് മനസ്സിലാക്കിയില്ല ഞാൻ... കൊടുക്കുന്നുണ്ട് അവൾക്ക് ഞാൻ... "ഇപ്പോൾ മനസ്സിലായില്ലേ എല്ലാം... ഇനി ഇതിന്റെ പേരിൽ അവളെ ശകാരിക്കേണ്ട... അല്ലെങ്കിൽത്തന്നെ മനസ്സ് വിഷമിച്ചാണ് എന്റെ മോള് നിൽക്കുന്നത്... ഇവൻ വന്നത് അവളറിഞ്ഞിട്ടും ഇവന്റെ മുന്നിലേക്ക് വരാത്തത് അതിനുള്ള വിമ്മിഷ്ടംകൊണ്ടാണ്... " "അമ്മാവന്റെ എല്ലാ കളിയും എന്തിനാണെന്ന് എനിക്കറിയാമായിരുന്നു പക്ഷേ അവൾ... അവളെ ഞാൻ മനസ്സിലാക്കിയില്ല... അതാണ് സത്യം... ഇത്രയും നാൾ തിരിച്ചായിരുന്നു എന്റെ മനസ്സിൽ...

എനിക്കവളെ കാണണം... അവളെ അവിശ്വസിച്ചതിന് സോറി പറയണം..." "സോറി പറയുകയോ... എന്തിന് ഈ അഭിനയത്തിന് ഇവർക്ക് വല്ല ഓസ്കാറും കൊടുക്കണം... അത്രക്ക് എല്ലാവരേയും വിശ്വസിപ്പിച്ചല്ലോ... വെറുതേയല്ല കുറച്ചുമുന്നേ അച്ഛൻ ഞങ്ങളോട് വീരവാദം മുഴക്കിയതും ചിരിച്ചതും... ആ ചിരിയുടെ അർത്ഥം ഇപ്പോഴല്ലേ മനസ്സിലാക്കിയത്.... നീയേതായാലും അവളെ കണ്ടിട്ടു വാ... " കിരൺ പറഞ്ഞു... നന്ദൻ വേദികയുടെ മുറിയിലേക്ക് നടന്നു.... അവൻ ചെല്ലുമ്പോൾ ജനൽ വഴി പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു വേദിക...നന്ദൻ ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് കയറി അവളുടെ പുറകിലായി നിന്നു... എന്നാൽ എന്തോ ആലോചിച്ച് നിൽക്കുകയായിരുന്ന വേദിക നന്ദൻ തന്റെ പുറകിൽ വന്നുനിൽക്കുന്നത് അറിഞ്ഞിരുന്നില്ല... കുറച്ചുനേരം നന്ദൻ അവളെ നോക്കിനിന്നു... പിന്നെ പതുക്കെ അവളുടെ ചുമലിൽ കൈവച്ചു... ഞെട്ടിയെന്നോണം വേദിക തിരിഞ്ഞുനോക്കി... തന്റെ മുന്നിൽ നിൽക്കുന്ന നന്ദനെ കണ്ട് അവളവന്റെ കണ്ണുകളിലേക്ക് നോക്കി...

പതുക്കെ അവളുടെ കണ്ണ് നിറയുന്നത് നന്ദൻ കണ്ടു... "നന്ദേട്ടാ ഞാൻ... എന്നോട് ക്ഷമിക്കണം... ഒരുപാട് വേദനിപ്പിച്ചു എന്നറിയാം... പക്ഷേ ഞാൻ..." പറഞ്ഞുതീരുംമുന്നേ അവന്റെ കൈ വേദികയുടെ കവിളത്ത് പതിഞ്ഞു... ഞെട്ടിത്തരിച്ചുനിന്നു വേദിക... "എന്തിനായിരുന്നു ഇതെല്ലാം... എല്ലാവരുടേയും മുന്നിൽ ഒരു കോമാളിയായി കാണാനോ... അതോ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താനോ... ഇതൊക്കെ ചെയ്തുകൂട്ടുന്നതിനുമുമ്പ് എന്റെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് നീയോർത്തോ... നീയന്ന് അമ്പലത്തിൽ വച്ച് പറഞ്ഞില്ലേ ചില കാര്യങ്ങൾ... അന്നേ നിനക്കിട്ട് വച്ചതായിരുന്നു ഇത്... നിനക്ക് ഞാനൊരു പോരായ്മ തോന്നിയതുകൊണ്ടാണോ ഈ നാടകമെല്ലാം കളിച്ചത്... " "നന്ദേട്ടാ അരുതാത്തത് പറയരുത്... എനിക്ക് എന്റെ നന്ദേട്ടൻ കഴിഞ്ഞേയുള്ളൂ എന്തും... അതന്നും ഇന്നും... മറ്റുള്ളവർ ജോലിയില്ലാത്തവനും വീട്ടുകാരുടെ ചിലവിന് ജീവിക്കുന്നവനാണ് തന്റെ പ്രിയ്യപ്പെട്ടവൻ എന്ന് കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ അച്ഛൻ പറഞ്ഞപ്പോൾ എല്ലാത്തിനും കൂട്ടുനിന്നത്...

അതെനിക്ക് സഹിക്കാൻ കഴിയില്ല... എന്നെ വേണമെങ്കിൽ മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ... പക്ഷേ എന്റെ നന്ദേട്ടനെ പറയുന്നത് എനിക്ക് സഹിക്കില്ല... അത്രമാത്രം നന്ദേട്ടനെ ഇഷ്ടപ്പെടുന്നുണ്ട് ഞാൻ... എല്ലാവരും നന്ദേട്ടനെപ്പറ്റി പറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നു നന്ദേട്ടൻ തെറ്റുകാരനല്ല എന്ന്... എന്നെ ഒരിക്കലും ചതിക്കില്ല എന്നും... ശ്രീഷ്മ എന്റെ ബെസ്റ്റ് കൂട്ടുകാരിയാണ്... സ്കൂളിൽ പഠിക്കുന്ന കാലംതൊട്ടേ അതങ്ങനെയാണ്... മറ്റാരേക്കാളും നമ്മൾതമ്മിലുള്ള ബന്ധം അവൾക്കറിയാം... അതുപോലെ നന്ദേട്ടൻ അവളെ സ്വന്തം സഹോദരിയായിട്ടാണ് കാണുന്നതെന്നും അവൾക്കുമതേ വികാരമാണെന്നും എനിക്കറിയാം... അങ്ങനെയുള്ള അവൾ ഇതുപോലൊരു കാര്യത്തിന് കൂട്ടുനിൽക്കില്ലെന്ന് എനിക്കറിയാം... എന്നെങ്കിലുമൊരിക്കൽ സത്യം പുറത്തുവരുകയും നന്ദേട്ടനെ തള്ളിപ്പറഞ്ഞവർ നന്ദേട്ടനോട് മാപ്പ് പറയുകയും ചെയ്യുമെന്നും അറിയാമായിരുന്നു... എന്നിട്ടും ഞാനിതിന് കൂട്ടുനിന്നത് നന്ദേട്ടൻ എല്ലാവരുടേയും മുന്നിൽ തലയുയർത്തി വലിയവനായി നിൽക്കണമെന്ന ആഗ്രഹംകൊണ്ടാണ്... " "ഇത് ഒരുതരം ഈഗോ ആണ്... "....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story