സ്വന്തം തറവാട് : ഭാഗം 49

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

 "ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും നന്ദനും വേദികയും പിരിയാതിരുന്നെങ്കിൽ ഈ ജന്മം അവർ ഒന്നിക്കാൻ മാത്രമായി ജനിച്ചവരാണ്... അതിനിടയിൽ ഇനിയെന്ത് പ്രശ്നമുണ്ടായാലും അതെല്ലാം താനേ തിരിഞ്ഞു പൊയ്ക്കോളും ഇല്ലെങ്കിൽ നിന്റെ ആത്മമിത്രമായ പാർവ്വതിയുടെ ആത്മാവ് അവരെ രക്ഷിക്കും.... തീർച്ച... " "എനിക്കും അതിൽ വിശ്വാസമുണ്ട്.. പക്ഷേ അദ്ദേഹം മറ്റു പലതും പറഞ്ഞിരുന്നു... ഇവർ ഒന്നിക്കുമെങ്കിലും അതിനായി പല കടമ്പകളും കടക്കണമെന്ന കാര്യം... ആ വാക്ക് ശരിവക്കുന്നതല്ലേ ഇതിനിടയിൽ നടന്നതെല്ലാം... ഇനിയും എന്തൊക്കെയുണ്ടാകുമെന്ന് പറയാനും വയ്യ...മറ്റാരേക്കാളും എനിക്കറിയില്ലേ എന്റെ വീട്ടുകാരെ... സ്വന്തം ജയത്തിനുവേണ്ടി ഏതറ്റംവരെ പോകാനും മടിക്കില്ല എന്റെ അച്ഛൻ... അത്രക്കില്ലെങ്കിലും ഏറെക്കുറെ അതേ സ്വഭാവമാണ് പ്രദീപേട്ടനും... ഇപ്പോൾ അമ്മാവനുംകൂടി അവരുടെ കൂടെയുണ്ട്... എപ്പോൾ എന്തൊക്കെ അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പറയാൻ പറ്റില്ല.. "

"അതുണ്ടാകുമ്പോഴല്ലേ... അപ്പോൾ അതിനെ എതിരിടാൻ മറ്റുവഴികളും ഉണ്ടാകും.. നീ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കേണ്ട... ഞാനൊന്ന് കുളിച്ചുവരാം അപ്പോഴേക്കും നല്ല ചൂടോടെ ഒരു കപ്പ് ചായ എടുത്തുകൊണ്ടു വാ..." കിരണൻ ശിൽപ്പയുടെ താടി പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞതിനുശേഷം തോർത്തുമെടുത്ത് ബാത്രൂമിലേക്ക് നടന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️ മുറ്റത്ത് ശ്യാമിന്റെ കാർ വന്നുനിന്ന ശബ്ദം കേട്ട് ദേവകി ഉമ്മറത്തേക്ക് വന്നു...അവരെ അവിടെ കണ്ടപ്പോൾ ശ്യാം അന്ധാളിച്ചു... "ഇതെന്താ ദേവകിയാന്റീ നിങ്ങൾ പോയിരുന്നില്ലേ... സമയം ഒരുപാടായല്ലോ..." "ഞാൻ പൊയി വന്നതാണ്... ഒരു സന്തോഷകരമായ കാര്യം നടക്കുമ്പോൾ അവിടെ ആ സന്തോഷത്തിൽ ഞാനുംകൂടി പങ്കുചേരാമെന്ന് കരുതി... "സന്തോഷകരമായ കാര്യമോ... എന്താണത്..." ശ്യാം സംശയത്തോടെ ചോദിച്ചു... "അതൊക്കെയുണ്ട്... എല്ലാം വഴിയേ നിനക്ക് മനസ്സിലാവും...ഞാൻ കുടിക്കാൻ ചായയെടുക്കാം..." ദേവകി പറഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നു...." "ആന്റീ എവിടെ അച്ഛൻ... സാധാരണ ഞാൻ വരുമ്പോൾ ഉമ്മറത്തെ ഈ ചാരുകസേരയിൽ ആളുണ്ടാകുന്നതാണല്ലോ...

ഇന്നെന്താ നേരത്തേ പോയി കിടന്നോ..." "കിടന്നിട്ടൊന്നുമില്ല ഇവിടെയുണ്ടെങ്കിലല്ലേ കിടക്കാൻ കഴിയൂ... ഇന്നൊരു മഹാത്ഭുതം നടന്നു... വർഷങ്ങൾക്കുശേഷം നിന്റെയച്ഛൻ ഈ വീടുവിട്ട് പുറത്തിറങ്ങി... " "എന്ത് അച്ഛൻ പുറത്തേക്കിറങ്ങിയെന്നോ... എന്നിട്ട് ആളെവിടെ..." ശ്യാമിന് സന്തോഷമടക്കാൻ കഴിഞ്ഞില്ല... "അച്ഛനിപ്പോൾ ആ പഴയ വീട്ടിലുണ്ട്... വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ട ഒരു നിധി ആ വീട്ടിലുണ്ട്... അത് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആൾ..." "നിധിയോ... എന്ത് നിധി...എനിക്കൊന്നും മനസ്സിലാകുന്നില്ല..." നീ ചായ കുടിച്ചതിനുശേഷം അവിടേക്ക് ചെല്ല് അപ്പോൾ കാര്യങ്ങൾ മനസ്സിലാകും..." "അങ്ങനെയൊന്നുണ്ടെങ്കിൽ എനിക്കുമതൊന്നറിയണമല്ലോ... ചായ വന്നിട്ട് കുടിച്ചോളാം... ഇപ്പോൾ കാര്യമെന്താണെന്ന് അറിയട്ടേ..." ശ്യാം അവരുടെ തറവാട്ടിലേക്ക് നടന്നു.. ആ വീടിന്റെ മുന്നിലെത്തിയ അവൻ ബെല്ലടിച്ചു... സോജ വന്ന് ഡോർ തുറന്നു... ശ്യാമിനെ കണ്ട് അവൾ ചിരിച്ചു... "അച്ഛൻ എവിടെ... ഇവിടേക്ക് വന്നെന്ന് ദേവകിയാന്റി പറഞ്ഞു..." "അകത്തുണ്ട്... അമ്മയുമായി സംസാരിക്കുകയാണ്.... വരൂ..."

ശ്യാം അകത്തേക്ക് നടന്നു... പുറകെ സോജയും... അകത്തെത്തിയ ശ്യാം കണ്ടത് അവനെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു... അമ്മ മരിച്ചിട്ട് ഇന്നുവരെ ആ മുഖത്ത് കാണാതിരുന്ന ചിരിയും സന്തോഷവും അവനവിടെ കണ്ടു... എന്ത് മറിമായമാണ് നടന്നതെന്ന് അവന് മനസ്സിലായില്ല..." "അച്ഛാ..." ശ്യാമിന്റെ വിളികേട്ട് വിശ്വനാഥൻ ചിരിയോടെ തിരിഞ്ഞുനോക്കി.. "ആ നീ വന്നോ... ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു..." "എന്താണച്ഛാ കാര്യം.... അച്ഛനിന്ന് വലിയ സന്തോഷത്തിലാണല്ലോ... എത്രവർഷമായി ഇങ്ങനെ അച്ഛനെ കണ്ടിട്ട്..." "ഇന്നെനിക്ക് സന്തോഷമുള്ള ദിവസമാടാ... അതെന്താണെന്നല്ലേ... ഇവർ തന്നെ... ഇവരാണ് എന്റെ സന്തോഷത്തിന് കാരണക്കാർ..." ശ്യാം ഒന്നും മനസ്സിലാവാതെ സോജയേയും വിലാസിനിയേയും നോക്കി... "നിനക്ക് ഒന്നും മനസ്സിലായില്ല അല്ലേ... ഇവർ ആരാണെന്ന് നിനക്കറിയോ... വർഷങ്ങൾക്കുമുന്നേ എനിക്ക് നഷ്ടപ്പെട്ട എന്റെ രക്തം... " ശ്യാം വിലാസിനിയെ നോക്കി... പിന്നെ അവന്റെ കണ്ണുകൾ വിടർന്നു... മുഖത്തൊരു ചിരി തെളിഞ്ഞു... "അപ്പച്ചി... വിലാസിനി അപ്പച്ചി..."?

"അതെ അവൾ തന്നെ... ഞാൻ പറഞ്ഞില്ലേ നിന്നെ കണ്ടിട്ടില്ലെങ്കിലും നിന്നെ മുഴുവനുമായി ഇവനറിയാം... " വിശ്വനാഥൻ വിലാസിനിയെ നോക്കി പറഞ്ഞു... " ശരിയാണ്... ഓർമ്മവച്ച നാൾതൊട്ട് അച്ഛന്റ വായിൽനിന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് അപ്പച്ചിയുടേതാണ്... പിന്നെയെങ്ങനെ അറിയാതിരിക്കും... എന്നാലും ഇന്നലെ മുതൽ കണ്ടിട്ടും എനിക്കെന്റെ അപ്പച്ചിയെ മനസ്സിലായില്ലല്ലോ... " "എനിക്കും എന്റെ അനിയത്തിയാണ് ഇവിടെ താമസിക്കാൻ വരുന്നതെന്ന്. മനസ്സിലായില്ലല്ലോ... ഇപ്പോൾ എനിക്ക് തോന്നുവാണ് ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്തവൾ ഞാനാണെന്ന്... ഇല്ലെങ്കിൽ ഈ ജന്മത്തിൽ എനിക്ക് നിങ്ങളെയൊക്കെ കാണാൻ സാധിക്കുമോ... എന്തായാലും നിങ്ങളുടെ സാധനങ്ങൾ എടുത്തോ... ഇനി ഞങ്ങളുടെകൂടെ താമസിച്ചാൽ മതി... " "അതെ ഇനി നിങ്ങളെ ആരും ദ്രോഹിക്കില്ല... അതിന് ഞങ്ങൾ അനുവദിക്കില്ല... " അതും പറഞ്ഞ് ശ്യാം സോജയുടെ അടുത്തേക്ക് ചെന്നു... "എല്ലാം സോജക്ക് മനസ്സിലായല്ലോ... നീണ്ട വർഷങ്ങൾക്കുശേഷമാണ് എന്റെ അച്ഛന്റെ മുഖത്ത് ഇതുപോലൊരു സന്തോഷം കാണുന്നത്... അതിന് ഞാനിന്ന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു... നിങ്ങളോടുമാത്രമല്ല... നന്ദനോടും... അവരാണല്ലോ നിങ്ങളെ ഞങ്ങളുടെ മുന്നിൽ എത്തിച്ചത്...

പഠിക്കുന്ന കാലത്ത് എന്റെ ഏറ്റവും ബെസ്റ്റ് കൂട്ടുകാരനായി അവൻ... ഞങ്ങൾതമ്മിൽ അറിയാത്ത ഒരു രഹസ്യവും ഉണ്ടായിരുന്നില്ല... ഇപ്പോൾ ഈ സന്തോഷവാർത്ത അറിഞ്ഞാൽ അവനും സന്തോഷമാകും... " "ഞാൻ കാരണം ചെയ്യാത്ത കുറ്റത്തിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് നന്ദേട്ടൻ... എന്നിട്ടും ആ വലിയ മനസ്സിനുടമായ നന്ദേട്ടൻ ഞങ്ങളെ സഹായിക്കുകമാത്രമേ ചെയ്തുള്ള... അദ്ദേഹമില്ലെങ്കിൽ ചിലപ്പോൾ ഇന്നലത്തന്നെ ആ പ്രദീപെന്നെ... എങ്ങനെ നന്ദേട്ടനോട് നന്ദിപറയണമെന്ന് അറിയില്ല... ഇപ്പോ എനിക്കും അമ്മക്കും നഷ്ടപ്പെട്ടുപോയവരെ തിരിച്ചുകിട്ടിയപ്പോൾ ഞങ്ങൾക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ്... ഇനി ആരേയും പേടിക്കാതെ കഴിയാമല്ലോ എന്ന സമാധാനമാണുള്ളത്... " "നിങ്ങൾക്ക് ഇനി ഒരു പേടിയും ഇല്ലാതെ ജീവിക്കാം... ഇവിടെ വന്ന് ഒരുത്തനും നിങ്ങളെ ഒന്നും ചെയ്യില്ല... ആ ഉറപ്പ് ഞാൻ തരാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️

അടുത്തദിവസം നന്ദന്റെ ഓഫീസിന്റെ ഉദ്ഘാടനം ഭംഗിയായി നടന്നു... ക്ഷണിച്ചവർ എല്ലാവരും അവിടെയെത്തിയിരുന്നു... ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു... പുതുശ്ശേരിക്കാരും പറമ്പത്തുകാരും വിശാഖും ശ്യാമും നാരായണനും ശ്രീഷ്മയും കൃഷ്ണദാസും. മറ്റു ജോലിക്കാരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ... "അങ്ങനെ അതങ്ങോട്ട് കഴിഞ്ഞു... ഇനി നിന്റെ കയ്യിലാണ് എല്ലാം... ആ കുന്നത്തെ സുധാകരനും മകനും ഇതിനിടയിൽ പല കളികളും കളിക്കും... നിന്നെ എങ്ങനെ തകർക്കാം എന്നാവും ചിന്ത... അതുകൊണ്ട് സൂക്ഷിക്കണം.... ഏതുവഴിയാണ് പണിവരുന്നതെന്ന് പറയാൻ പറ്റില്ല..." ശ്രീധരമേനോൻ പറഞ്ഞു... "അങ്ങനെ അയാൾ വരട്ടെ... അതോടെ അയാളുടെ കാര്യത്തിലൊരു തീരുമാനമാകും... നിങ്ങളൊക്കെ എന്തിനാണ് അയാളെ പേടിക്കുന്നത്... അയാളാരാണ്... ഇങ്ങനെ പേടിക്കുന്നതുകൊണ്ടാണ് അയാൾ കൂടുതൽ നെഗളിക്കുന്നത്... തിരിച്ച് അതേ നാണയത്തിൽ മറുപടി കൊടുക്കണം... അന്നേരം അയാൾ താനേ അടങ്ങും...

നമ്മൾ പതുങ്ങുന്നതിനനുസരിച്ച് അയാൾ കൂടുതൽ പ്രശ്നങ്ങളുമായി വരുകയേയുള്ളൂ... " വിശാഖ് പറഞ്ഞു... "നീ കരുതുന്നതുപോലെയല്ല വിശാഖേ സുധാകരൻ... അയാൾക്ക് ഒന്നിനും ഒരു മടിയുമില്ല... തനിക്കെതിരെ നീങ്ങുന്നവരെ എന്തും ചെയ്യും അയാൾ... അതാണ് അയാളുടെ രീതി... " ശിവദാസമേനോൻ പറഞ്ഞു... "ഇതിനൊക്കെ വളംവച്ചുകൊടുക്കുന്നത് ഈ നാട്ടുകാർ തന്നെയാണ്... അയാൾക്കുവേണ്ടി എന്തും ചെയ്യാൻ ആളുകളെ കിട്ടും... അതാണ് അയാളുടെ ശക്തിയും... അതില്ലാതെയാക്കണം... എല്ലാവരുടേയും മുന്നിൽ അയാളെ ഒറ്റപ്പെടുത്തണം... അതോടെ അയാൾ താനേ അടങ്ങും... " "പറയാൻ എളുപ്പമാണ്... അതൊക്കെ നടക്കുന്ന കാര്യമല്ല... പണംകൊണ്ട് നേടുന്ന എന്തും അയാൾ വാങ്ങും... അല്ലെങ്കിൽ അതില്ലാതാക്കണം... അതിന് കഴിയുമോ ആർക്കെങ്കിലും... "

"കഴിയും... അതിന് ആദ്യം കിരൺ വിചാരിച്ചാൽ നടക്കും... അതും ശിൽപയിലൂടെ... അവൾക്കവകാശപ്പെട്ട സ്വത്ത് വാങ്ങിച്ചെടുക്കാൻ നമുക്ക് പറ്റില്ല... കാരണം അയാൾ ഉണ്ടാക്കിയതാണ് ആ കാണുന്നതെല്ലാം... അത് അയാൾക്ക് എന്തും ചെയ്യാൻ പറ്റും... ഇവിടെ കളിക്കേണ്ടത് നാടകമാണ്... ഇന്ന് അയാൾ അനുഭവിക്കുന്ന അത്രയും സ്വത്ത് രേഖാമൂലമുള്ളതാണോ എന്ന് നമ്മൾ കണ്ടെത്തണം... അതിന് ശിൽപ അവരുമായി കൂടുതൽ അടുക്കണം... അവിടെ സ്വന്തം അച്ഛനാണെന്ന പരിഗണന ഉണ്ടാകരുത്... അയാൾ ഇത്രയുംകാലം ചെയ്ത ഓരോ വർക്കുകളിലും എത്രമാത്രം അഴിമതി നടത്തി എന്ന് കണ്ടുപിടിക്കണം... ഇവളുടെ വീട്ടിൽ നമുക്കുവേണ്ട എന്തെങ്കിലും തെളിവ് ഉണ്ടാവാതിരിക്കില്ല... അത് കിട്ടിയാൽ പിന്നെ വേണ്ടത് എന്താണെന്ന് എനിക്കറിയാം... " അതുകേട്ട് കിരൺ ശിൽപയെ നോക്കി... അപ്പോഴും വിശാഖിനെ ഫെയ്സ് ചെയ്യാനാവാതെ നിൽക്കുകയായിരുന്നു ശിൽപ........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story